സൂക്ഷ്മജീവികളുടെ സ്‌ഫോടന പരമ്പര അവസാനിക്കുമ്പോൾ

2019 ഡിംസംബറിൽ ഒരു ഏകകോശ ജീവിയുടെ സൂക്ഷ്മ നിരീക്ഷണത്തിൻ കീഴിൽ വന്നുപെടുന്നതുവരെ വൻകരകളുടെയല്ല, ഈ സൂക്ഷ്മജീവികളുടെ സ്‌ഫോടന പരമ്പര അവസാനിക്കുമ്പോൾ എന്താണുണ്ടാകുക?

കഴിഞ്ഞ മൂന്നുനാല് മാസങ്ങളിൽ മനുഷ്യരുടെ വീക്ഷണത്തിന്റെ ഫോക്കസ്സാകെ മാറിമറിഞ്ഞു.

മനുഷ്യാവസാനത്തെക്കുറിച്ചുള്ള വിവരങ്ങളും ആശങ്കകളുമാണ് എവിടേയും. ചരിത്രത്തിൽ ആവർത്തിച്ചുവരുന്ന ഒരു വിഷയം.

മിത്തുകളുടേയും വെളിപാടുകളുടേയും തലത്തിൽ നിന്ന് ചിന്തയും അറിവുകളും വേർപ്പെട്ട് തുടങ്ങിയപ്പോൾ കൂടുതൽ ലോജിക്കലായ വിവരങ്ങളുണ്ടായി.

ആന്ത്രോപോസിൻ യുഗത്തിൽ മനുഷ്യൻ സ്വയം, അവർ നിർമ്മിച്ച ഭീകരായുധങ്ങൾ വഴിയോ, പ്രകൃതിയിലെ ഇടപെടലുകൾ വഴിയോ ആണ് അത് നിർവഹിക്കുക എന്നാണ് ഒരു വിചാരം.

അല്ല, ആദിമ ജീവികളായ മൈക്രോബുകൾ തിരിഞ്ഞുകൊത്തിയിട്ടാണ് അത് സംഭവവിക്കുക എന്നതാണ് വേറൊരു പാഠം.

സ്പീഷീസുകൾ എല്ലാം പരിണാമത്തിന്റെ വഴിയിൽ അവയ്ക്ക് ലഭ്യമായിട്ടുള്ള ഒരു പങ്ക് അഭിനയിച്ച് അരങ്ങ് ഒഴിയുമെന്നും മനുഷ്യർ ഇതിന് ഒരു അപവാദമല്ലെന്നും വേറെ ചിലർ.

അങ്ങനെയാണല്ലോ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വർഗങ്ങളിൽ തൊണ്ണൂറിലധികം ശതമാനവും അപ്രത്യക്ഷമായതെന്നും.

അത് എന്റെ മനസ്സിനെ ഒരു ഭൂവിഭാഗത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളേയും ഒന്നിച്ച് തുടച്ചുനീക്കുന്ന മുമ്പുണ്ടായിട്ടുള്ള ഭൗമികമായ കൂട്ടവംശനാശങ്ങളിലേയ്ക്ക് കൊണ്ടുപോയി.

വിശേഷിച്ചും നമ്മുടെ ഭൂവിഭാഗത്തിൽ (മനുഷ്യരല്ല, അന്ന് മനുഷ്യരില്ല) ദിനോസറുകളടക്കം അന്നുണ്ടായിരുന്ന ജീവജാലങ്ങളെയെല്ലാം തുടച്ചുനീക്കിയ ഡെക്കാൻ സ്‌ഫോടനങ്ങളിലേയ്ക്ക്.

പ്രണയ് ലാലിന്റെ ഇൻഡിക്കയിലെ ഡെക്കാന്റെ നകരമെന്ന അധ്യായത്തെ ഞാൻ ഒരിക്കൽകൂടി സന്ദർശിച്ചു.

60-70 ദശലക്ഷം കൊല്ലങ്ങൾക്ക് മുമ്പിൽ, ഗോണ്ട് വാനാ എന്ന് ശാസ്ത്രജ്ഞന്മാർ പേരിട്ടിട്ടുള്ള ഇന്ത്യൻ വൻകര ഇന്ത്യൻ സമുദ്രത്തിലൂടെ വടക്കോട്ട് യാത്ര ചെയ്ത്, യൂറേഷ്യയിൽ (എല്ലാം ഇന്നുള്ളവർ നൽകിയ പേരുകൾ, അന്ന് പേരിടാൻ ആരുമില്ലല്ലോ) ചെന്നുമുട്ടിയപ്പോൾ വൻ പ്രകമ്പനങ്ങൾ തുറന്നുവിട്ട അഗ്നിപർവ്വത സ്‌ഫോടന പരമ്പരകളുടെ കഥ.

നാല് ദശലക്ഷം വർഷങ്ങൾ നീണ്ടുനിന്ന ലാവാപ്രവാഹം ഡെക്കാനിനെ മിക്കവാറും ജീവി രഹിതമാക്കി. പിന്നീട് ഇന്ത്യൻ വൻകര യൂറേഷ്യയുടെ ഒരു അനുബന്ധമാക്കുകയും, ഹിമാലയമെന്ന പർവ്വതനിര കടലിൽ നിന്നുയർന്നുവന്ന് ഭൂമിയുടെ താഴികക്കുടങ്ങളാകുകയും, ഡെക്കാൻ തണുത്ത് പാറകൾ ഉണ്ടാകുകയും, പാറകൾ പൊടിഞ്ഞ് മണ്ണുണ്ടായി, മഴപെയ്ത് വീണ്ടും സസ്യങ്ങളും ജീവജാലങ്ങളും അവസാനം മനുഷ്യജീവികളും പ്രത്യക്ഷപ്പെടുകയും ചെയ്തു.

മനുഷ്യർ നടന്ന് നടന്ന്, പരസ്പരം സഹകരിച്ചും സഹായിച്ചും സ്‌നേഹിച്ചും പ്രവർത്തിച്ചും ആനന്ദിക്കുവാനും ആഹ്ലാദിക്കുവാനും വഴികൾ കണ്ടുപിടിച്ചും പാറയിൽ നിന്നും മണ്ണിൽ നിന്നും കലാസൃഷ്ടികൾ ഉണ്ടാക്കി മനസ്സ് വികസിപ്പിച്ചു.

60-70 ദശലക്ഷം വർഷങ്ങൾ മുമ്പത്തെ ശൂന്യതയിൽ നിന്ന് ഇന്നത്തെ കോലാഹലത്തിലേയ്ക്ക് വാതിൽ തുറക്കുമ്പോൾ ഏത് ചിത്രമാണ് ദിവസത്തിന്റെ അവസാനം നിലനിൽക്കുന്നത്?

60-70 ദശലക്ഷം വർഷങ്ങൾ മുമ്പത്തെ ശൂന്യതയിൽ നിന്ന് ഇന്നത്തെ കോലാഹലത്തിലേയ്ക്ക് വാതിൽ തുറക്കുമ്പോൾ ഏത് ചിത്രമാണ് ദിവസത്തിന്റെ അവസാനം നിലനിൽക്കുന്നത്? പകരം കലഹിച്ചും വെറുത്തും ആക്രമിച്ചും കൊന്നും കൊള്ളയടിച്ചും ആധിപത്യം സ്ഥാപിച്ചും സ്വന്തം വഴിമാത്രം ശരിയായി ഘോഷിച്ചും ചുരുങ്ങിക്കൂടി വേറെ ചിലർ.

പ്രണയ് ലാലിൽ നിന്ന് എന്റെ കണ്ണുകൾ India in the Persianate Age: 1000-1765 എന്ന പുസ്തകത്തിലേയ്ക്ക് തിരിഞ്ഞു. Richard Eaton എഴുതിയത്.

ഡെക്കാൻ സ്‌ഫോടനങ്ങൾ തരിശ് നിരപ്പാക്കിയ ഭൂതലത്തിൽ വെറും രണ്ടുലക്ഷം വർഷം മുമ്പ് മാത്രം പ്രത്യക്ഷപ്പെട്ട മനുഷ്യജീവി രൂപം കൊടുത്ത ജീവിത വ്യവസ്ഥയുടെ ക്രിസ്തുവർഷം 1000 മുതൽ 1765 വരെയുള്ള കാലയളവിലെ ചിത്രമാണ് ഈ പുസ്തകം.

ഇതിനിടയ്ക്ക് തീർച്ചയായും ഒരു വലിയ വിടവുണ്ട്.

ഭൂമിശാസ്ത്രപരവും പരിണാമപരവുമായ നീണ്ട ദൂരമിരിക്കട്ടെ, ഏതാണ്ടൊരു ചുരുങ്ങിയ കാലയളവിൽ തുടങ്ങിയ മാനവസംസ്‌കാരമെന്ന പ്രതിഭാസത്തിന്റെ നാലായിരം കൊല്ലത്തെ വിടവുകൂടി.

ആ കാലത്ത് പുഷ്‌കലമായ എന്തെല്ലാം നാമ്പുകളാണ് Eaton ന്റെ Age പിന്നിലുപേക്ഷിച്ചത്.

പടയോട്ടങ്ങളും കൂട്ടക്കൊലകളും കൊള്ളകളും പരന്നുകിടക്കുന്നു Eaton ന്റെ കാലത്ത്.

അധികാരത്തിനുവേണ്ടി പിതാക്കളേയും ഭ്രാതാക്കളേയും പുത്രന്മാരേയുമടക്കം ആരേയും കൊല്ലാൻ മടിയില്ലാത്ത രാജാക്കന്മാരും സുൽത്താൻമാരും.

മനുഷ്യരേക്കാൾ കൂടുതലായി കുതിരകളും വാളുകളും പീരങ്കികളും ഭരിക്കുന്ന ലോകം.

ഒരു സംഖ്യവും ഒരു തത്വവും വിലയുള്ളതല്ല. എന്തും വിലപേശപ്പെടാം, ഏത് ഒത്തുതീർപ്പുമാകാം.

കോൺട്രാക്ടർമാർ അയയ്ക്കുന്ന സൈനികരാണ് രാജാക്കന്മാരുടെ വിജയവും പരാജയവും തീരുമാനിക്കുന്നത്.

എന്നിട്ടും ആർക്കുവേണ്ടിയെന്നറിയാതെ സൈനികർ വീറോടുകൂടി പൊരുതുകയും കൊല്ലുകയും ചാവുകയും ചെയ്തു! സാഹബ് തേം സേവക് ബഡൊ / രാം ബാംധി ഉതരെ ഉദധി ലാംഘി ഗയെ ഹനുമാൻ, സംതുകൾ വരെ ഘോഷിച്ചു.

Eaton ൽ നിന്ന് അരനൂറ്റാണ്ടുകൂടി മുമ്പോട്ടുപോകുക. കൊളോണിയലിസം നിസ്‌തേജരാക്കിയ സുൽത്താൻമാരും രാജാക്കന്മാരും സിന്ധ്യകളും ഹോൾക്കർമാരും അളിഞ്ഞ സമൂഹത്തിൽ നിന്ന് ഉയിർകൊണ്ട കീടങ്ങളും കൃമികളും ആയ പിണ്ടാരികളുടേയും ഠഗ്ഗുകളുടേയും വീതംപറ്റി കഴിയുന്നവരായി.

കൊളോണിയലിസം പിൻവാങ്ങുകയും ജനാധിപത്യത്തിൽ നിന്ന് ആദർശ രാഷ്ട്രീയം നിസ്‌തേജമാകുകയും ചെയ്ത ഇന്ന് നാം എവിടെയാണ്?

വീതം പറ്റുവാൻ ഇന്നത്തെ അളിഞ്ഞ സമൂഹത്തിൽ, ലോകത്തിൽ, ധാരാളം കേന്ദ്രങ്ങളുണ്ട്. ആധുനികകാല പിണ്ടാരികൾ, ഠഗ്ഗുകൾ എല്ലാ വേഷത്തിലുമുള്ള ജിഹാദികൾ...

ഇന്നത്തെ യുദ്ധങ്ങളും ആരോടാണ് എന്തിനോടാണ് എന്ന് മനസ്സിലാവില്ല. ആയുധങ്ങൾപോലെ തന്നെ അവ ഉപയോഗിക്കുന്ന സൈനികരും തഥൈവ.

എ.ബി.സി (atomic, biological, chemical) ആയുധങ്ങൾ തൊട്ട് തീയും കല്ലും വാളും തടവറയും ഭയവും വെറുപ്പും ദേശഭക്തിയും വരെ, ലക്ഷ്യങ്ങൾതേടി അലഞ്ഞു നടക്കുന്നു.

നാം നമ്മുടെ സമൂഹം, രാജ്യം, ലോകം എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്.

ബോംബ് വർഷങ്ങൾ, ഭീകരാക്രമണങ്ങൾ, ഹോളോകാസ്റ്റുകൾ, തുടച്ചുനീക്കലുകൾ, കലാപങ്ങൾ, ബഹിഷ്‌കരണങ്ങൾ...

ആനന്ദ് / ഫോട്ടോകൾ , ഉണ്ണി ആർ.

2019 ഡിംസംബറിൽ ഒരു ഏകകോശ ജീവിയുടെ സൂക്ഷ്മ നിരീക്ഷണത്തിൻ കീഴിൽ വന്നുപെടുന്നതുവരെ വൻകരകളുടെയല്ല, ഈ സൂക്ഷ്മജീവികളുടെ സ്‌ഫോടന പരമ്പര അവസാനിക്കുമ്പോൾ എന്താണുണ്ടാകുക? Eaton ന്റെ കാലം വീണ്ടും?

പിന്നേയും കുരുവികൾ, പിന്നേയും കൂടുകൾ, പിന്നേയും കുഞ്ഞുങ്ങൾ. അമ്പതിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ആ കൂട് ഇന്നും ഒരിഴപോലും പൊട്ടാതെ നിൽക്കുന്നു. എന്തിന്റെ സിംബലെന്നറിയില്ല, എന്തിന്റെയായാലും ആശ്വാസമേകുന്നു അത്.

ഏറെക്കാലം മുമ്പ് അസമിലെ ഒരു ഉൾപ്രദേശത്തെ ക്യാമ്പിന്റെ മുമ്പിലെ മരത്തിൽ നിന്ന് വീണുകിട്ടിയ ഒരു ബായാപക്ഷി (ആറ്റക്കുരുവി ) യുടെ കൂട് എന്റെ ചുമരിൽ തൂങ്ങിക്കിടക്കുന്നു.

ആൺകുരുവി പുല്ലിന്റെ ഇഴകൾ കൊണ്ട് നെയ്‌തെടുത്ത കൂട് കാണുവാൻ പെൺകുരുവിയെ ക്ഷണിക്കുന്നു.

അവൾക്കിഷ്ടമായാൽ ഇരുവരും കൂടി അത് സജ്ജമാക്കി മുട്ടവിരിയിച്ച് കുഞ്ഞുങ്ങളെ ആകാശത്തേയ്ക്ക് തുറന്നുവിടുന്നു.

പിന്നേയും കുരുവികൾ, പിന്നേയും കൂടുകൾ, പിന്നേയും കുഞ്ഞുങ്ങൾ.

അമ്പതിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ആ കൂട് ഇന്നും ഒരിഴപോലും പൊട്ടാതെ നിൽക്കുന്നു.

എന്തിന്റെ സിംബലെന്നറിയില്ല, എന്തിന്റെയായാലും ആശ്വാസമേകുന്നു അത്.

Comments