വളരെ നാളുകൾക്കുശേഷം ബഷീർ എന്നെ കണ്ടപ്പോൾ ചോദിച്ചു: “നീ എവിടെയാണ്, ഏതു നാട്ടിലാണ് കാണുന്നില്ലല്ലോ?’’
ബേപ്പൂർക്ക് വരാൻ മടിയാണ് എന്ന സത്യം പറഞ്ഞു. അഭിമുഖ സംഭാഷണക്കാർ എപ്പോഴും ഉണ്ടാവുമെന്നാണ് കേൾവി. അവർ ബേപ്പൂർക്ക് പുറ പ്പെടാൻ ബസ്സ് സ്റ്റാന്റിലേക്കോ തീവണ്ടിയാപ്പീസിലേക്കോ പുറപ്പെടുന്നതു മുതൽക്കാരംഭിക്കുന്ന തുടരൻ യാത്രാ വിവരണങ്ങൾ നിരവധി കണ്ടു. എല്ലാറ്റിലും ഗുരുവന്ദനം, ഗുരുപത്നീവർണ്ണനം, കരിംചായസ്തവം, ഹിതോപദേശം എന്നിവ ചടങ്ങനുസരിച്ചുണ്ടാവും. അവരുമായി കൂട്ടിമുട്ടാതിരിക്കാൻ ഒഴിഞ്ഞുനിൽക്കുകയാണ്. പറയാൻ കുറെ നാളായി ഓങ്ങിവെച്ച ഒരു കാര്യം കൂടി അപ്പോൾ പറഞ്ഞു തീർക്കാതെ വയ്യ എന്നുതോന്നി.
ബേപ്പൂർ സുൽത്താൻ എന്ന ആ ടൈറ്റിൽ. ബേപ്പൂരിൽ രണ്ടേക്കർ സ്ഥലത്ത് താനൊരു ചെറിയ സുൽത്താനായി കഴിയുന്നു എന്ന് ആദ്യം ബഷീർ എഴുതിയതാണ് തുടക്കം. പിന്നെ ആളുകൾ എപ്പോഴെങ്കിലും അതു പറയുമ്പോൾ ഒരു രസം തോന്നിയിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പത്രക്കാർ ഉപയോഗിച്ച് ആ വാക്കിനോട് അറപ്പു തോന്നിതുടങ്ങി എന്ന് ഞാൻ പറഞ്ഞു.
ബാല്യകാലസഖി, ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു, പാത്തുമ്മായുടെ ആട് എന്നീ മൂന്നു നോവലുകളുടെ വിവർത്തനങ്ങൾ ചേർത്തുള്ള യുനെസ്കോ പുസ്തകത്തിന് പാക്കിസ്ഥാനിലെ ഒരു പത്രം നിരൂപണം കൊടുത്തപ്പോൾ ശരിയ്ക്കും ബേപ്പൂരിലെ സുൽത്താനാണ് ഗ്രന്ഥകാരൻ എന്ന മട്ടിൽത്തന്നെ എഴുതിയ ഒരു വാചകമുണ്ടായിരുന്ന കാര്യം ബഷീർ പറഞ്ഞ് ചിരിച്ചു.
ബേപ്പൂരിൽ വന്നില്ലെങ്കിലും വിവരങ്ങളൊക്കെ ഞാൻ അന്വേഷിച്ചറിയുന്നു. ആരോഗ്യകാര്യങ്ങൾ, പിന്നെ ബിരിയാണിസ്സദ്യകൾ ഇപ്പോൾ സുല ഭമാണെന്ന കേൾവി.
പഴയ ഗുസ്തിക്കാരന്റെ ശരീരഘടനയിൽ വാർദ്ധക്യം മാറ്റം വരുത്തിയിട്ടുണ്ട്. എഴുന്നുനിന്നിരുന്ന പേശികൾ ഉലഞ്ഞിരിക്കുന്നു. മുഖത്ത് വള രെയേറെ ചുളിവുകൾ, കണ്ണുകളിൽ ഉറക്കച്ചടവിന്റേതെന്ന് തോന്നുന്ന ക്ഷീണം, സംസാരിച്ചു തുടങ്ങിയപ്പോൾ വാർദ്ധക്യം ശരീരത്തിനു മാത്രമേയുള്ളൂ. ഞാൻ ആശ്വസിച്ചു. പിന്നെ എന്നും പതിവുള്ളപോലെ പലതും പറഞ്ഞ് തർക്കിച്ചു. എന്നെ പരിഹസിക്കാനും തുടങ്ങി.
ഞങ്ങൾ, മറ്റുള്ളവർ ഉള്ളപ്പോഴൊക്കെ കൊച്ചു കാര്യങ്ങൾ പറഞ്ഞ് കലഹിച്ചിട്ടേയുള്ളു. വഴക്കിടുന്നതും ആക്രമിക്കുന്നതും ഞാനാണ്. പകരം എന്നെ ക്രൂരമായി പരിഹസിക്കും. ഇത് മുമ്പ് മുതൽക്കേയുള്ള പതിവാണ്.
“എന്തിന് തെങ്ങിന്മേൽ കയറി ഫോട്ടോ എടുക്കാൻ നിന്നുകൊടുത്തു, എന്താ സർക്കസ്സുകാരനാണോ?’’
“അവമ്മാര് പറഞ്ഞു. എടേന്നു ഞാനൊന്നു കയറിയിരുന്നു കൊടുത്തു. അതിന് നീയെന്നെ കൊല്ലാൻ വരുന്നോ, നൂലാ?’’
ആവശ്യമില്ലെന്ന് തോന്നിയ ചില കത്തുകൾ അച്ചടിച്ചുവന്നത് വായിച്ചിട്ട്:
“എന്തിന് അതൊക്കെ എഴുതിവിട്ടു?”
“ഛെടാ, ഞാനൊരു കത്തെഴുതിയതല്ലേ? അവരത് കയറി അച്ചടിക്കുമെന്ന് ഞാനറിഞ്ഞോ?”
ഞാൻ രോഷം കൊള്ളുന്നു;
“ശുദ്ധകള്ളം, അവരത് വള്ളിപുള്ളി വിടാതെ പ്രസിദ്ധീകരിയ്ക്കുമെന്ന് അറിഞ്ഞിട്ടല്ലേ നീട്ടിവലിച്ച് കത്തെഴുതുന്നത്? വേഷം കള’’.
സ്നേഹം പൂഴ്ത്തിവെച്ച് രോഷം മാത്രം എടുത്തു കാട്ടി കലഹിക്കുന്നതായിരുന്നു എന്നും ഞങ്ങളുടെ കൂടിക്കാഴ്ചകൾ.
വായിലൂറുന്ന കൊഴുത്ത ദ്രാവകം ഇടയ്ക്കിടെ തുപ്പി, അല്പം ശ്വാസം മുട്ടലോടെ ക്ഷീണിതനായി എന്റെ മുമ്പിലിരിയ്ക്കുന്ന ഗുരുവിനെ നോക്കുമ്പോൾ മനസ്സിൽ വേദന ഉറഞ്ഞു. കലഹിയ്ക്കാൻ വയ്യ.
എന്നെപ്പറ്റി അതിശയോക്തി കലർന്ന കഥകളുണ്ടാക്കുന്നത് എന്നും ബഷീറിന് ഒരു വിനോദമായിരുന്നു. സൗകര്യത്തിൽ വീണുകിട്ടുന്ന കഥകളിലെല്ലാം നായകനോ പ്രതിനായകനോ ആക്കി എന്നെ കയറ്റും. ഇടയ്ക്കിടയ്ക്ക് തമാശപ്പേരുകളിട്ട് അതിന് പ്രചാരം കൊടുക്കും. അതിൽപ്പെട്ടതാണ് നൂലൻ വാസു, കഠാരി വാസു തുടങ്ങിയവ. ഈ ശകാരങ്ങൾക്കും പരിഹാസങ്ങൾക്കുമിടയ്ക്ക് വല്ലപ്പോഴും പറയുന്ന നല്ല വാക്കുകൾ പൊൻനാണയങ്ങൾ പോലെ ഞാൻ ഉള്ളിൽ ഒളിപ്പിച്ചുവെച്ചു. ഏകാന്തത്തിൽ അത് പുറത്തെടുത്ത് അഭിമാനിച്ചു.
ഈ മനുഷ്യൻ എനിയ്ക്കാരാണ്? എന്റെ സാഹിത്യജീവിതത്തിൽ എനിയ്ക്കദ്ദേഹം ഒരു താങ്ങോ തണലോ ആയിട്ടില്ല. ബഷീറിയൻ സാഹിത്യത്തിന്റെ ചുവടു പിടിച്ച് ഒന്നും ഞാൻ എഴുതാൻ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെപ്പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു. എന്തുകൊണ്ട്?
അതിനുത്തരം കാണാതെ വിഷമിക്കുമ്പോഴൊക്കെ "മനുഷ്യനെപ്പറ്റി യുള്ള ഒരു ബഷീറിയൻ സങ്കല്പം എന്റെ മനസ്സിലേയ്ക്ക് കടന്നുവരും. ഇത്തിരി പേജുകളിൽ പറഞ്ഞ ഒരു ചെറിയ വലിയ കഥ.
അതിർത്തി പ്രദേശത്തെവിടെയോ അലഞ്ഞു തിരിയുന്നതിനിടയിൽ ബഷീർ ഒരു കടയിൽ ആഹാരം കഴിയ്ക്കാൻ കയറി. പോരുമ്പോൾ കൗണ്ട റിന്നടുത്ത് നിന്ന് ബില്ലു കൊടുക്കാൻ പേഴ്സിനു വേണ്ടി കീശയിൽ കൈയി ഇപ്പോൾ പേഴ്സില്ല. ആരോ പോക്കറ്റടിച്ചിരിയ്ക്കുന്നു. ക്രൂരതയ്ക്ക് പേരു കേട്ട പത്താൻകാരുടെ പ്രദേശം.
പീടികഉടമ കോട്ടൂരാൻ പറഞ്ഞു.
ഊരി.
ഷർട്ടൂരാൻ പറഞ്ഞു.
ഊരി.
ട്രൗസറഴിക്കാൻ പറഞ്ഞു.
പൂർണ്ണനഗ്നനാക്കി കണ്ണും തുരന്ന് വിടാനാവും ഭാവമെന്ന് കരുതി നടുങ്ങിനിൽക്കുമ്പോൾ ഒരു പരുക്കൻ മനുഷ്യൻ വന്ന് ചോദിയ്ക്കുന്നു. ഇയാളുടെ ബില്ലെത്ര?
പീടികക്കാരന്റെ കാശുകൊടുത്ത് അയാൾ ബഷീറിനോട് വസ്ത്രം ധരിയ്ക്കാൻ പറഞ്ഞു. പുറത്തേയ്ക്ക് വിളിച്ചു. ആരുമില്ലാത്ത ഒരിടത്തെത്തി യപ്പോൾ മടിയിൽ നിന്ന് പല പേഴ്സുകൾ എടുത്തുകാട്ടി, ‘ഇതിലേതാണ് നിങ്ങളുടെ പേഴ്സ്? എടുത്തോളൂ' എന്ന് കല്പിച്ചു. പേഴ്സ് കിട്ടി. അയാളെ തൊഴുതുനിന്നപ്പോൾ അത് ശ്രദ്ധിയ്ക്കാതെ നടന്നകലുന്ന അപരിചിതനോട് ബഷീർ പേർ ചോദിയ്ക്കുന്നു. പേരില്ലെന്ന് മറുപടി.
“ഒരുപക്ഷെ ദയ എന്നായിരിക്കാം” ബഷീർ മനസ്സിൽ പറയുന്നു.
ഈ നടന്ന കഥയിൽ വിധിവൈപരീത്യം കൊണ്ട് ബഷീറായിരുന്നു പോക്കറ്റടിക്കാരൻ എങ്കിലും ഞാൻ അത്ഭുതപ്പെടില്ല. കാരണം ബഷീർ പുതിയ പരിവേഷങ്ങളും പഴയ ഇതിഹാസങ്ങളും Legend എന്നു പറഞ്ഞാലും ശരി, വെറും വെറും മനുഷ്യനാണ്. ബഷീർ സാഹിത്യം പോലെ ആ മനുഷ്യനും എനിയ്ക്കും പ്രിയപ്പെട്ടതാണ്.
ജീവിതത്തിന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ എന്നും വെറും മനുഷ്യനായിട്ടേ നിന്നിട്ടുള്ളു; തന്നെത്തന്നെ തിരിച്ചറിഞ്ഞിട്ടുള്ളു. അധികൃതമായും അനധികൃതമായും ആരൊക്കെയോ വെച്ചുകെട്ടിയ അല കരണങ്ങളും അണിയിച്ച മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല.
സാഹിത്യംകൊണ്ടും ജീവിതം കൊണ്ടും എനിയ്ക്കാരാധന തോന്നിയ അപൂർവ്വം എഴുത്തുകാരുടെ ഒരു പട്ടിക മനസ്സിലുണ്ടാക്കാൻ ശ്രമിച്ചു; മുമ്പ്. അതിൽ ബഷീറുണ്ടായിരുന്നു, ഒന്നാം പന്തിയിൽ തന്നെ. ആരാധനയോടെ അടുത്ത്, സൂക്ഷ്മതയോടെ സമീപവീക്ഷണം നടത്തുമ്പോൾ വിഗ്രഹങ്ങൾ കളിമൺകോലങ്ങളായിരുന്നു എന്ന് കണ്ട് പിൻവലിയേണ്ടിവരുന്നത് ജീവിതത്തിലെ മഹാദുരന്തങ്ങളിലൊന്നാണ്. ബഷീർ ഇക്കാര്യത്തിൽ എന്നെ ദുഃഖിപ്പിച്ചിട്ടില്ല. കാലുകൾ ശാപകഥകളിലെ രാജകുമാരന്മാർക്ക് സംഭവിച്ച പോലെ കളിമണ്ണായി മാറിത്തുടങ്ങുന്നുവോ എന്ന് ഞാൻ വൃഥാ സംശ യിച്ച നിമിഷങ്ങളിലൊക്കെയായിരിക്കണം ഞാൻ ബഷീറുമായി വഴക്കിട്ടത്.
ഒരു സ്നേഹബന്ധത്തിന്റെ കഥയാണ് ബഷീറിന്റെ ഈ ‘അനുരാഗകഥകളു'ടെ പൂമുഖവാതില്ക്കൽ നില്ക്കുമ്പോൾ പറയാനുള്ളത്. ഒരുപക്ഷെ എനിയ്ക്കുമാത്രം പ്രിയപ്പെട്ട കഥ. തികച്ചും വ്യക്തിപരം. ബഷീർ എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത് ഒരനർഘനിമിഷത്തിലാണ്. “അനർഘ നിമിഷം” മുമ്പിലെത്തിയ നിമിഷത്തിലും. അതിനൊരു പശ്ചാത്തലമുണ്ട്. വായനയാണ് ആവേശം. പുസ്തകങ്ങളാണ് നിധിപേടകങ്ങൾ. സാഹിത്യമാണ് സർവ്വശ്രേഷ്ഠമായ പൂജാമന്ദിരം. അങ്ങനത്തെ ഒരു കാലത്ത് ഒരു പതിമൂന്നുകാരൻ കുട്ടിയ്ക്ക് ഒരു ഭാഗ്യം വരുന്നു. ഹെഡ്മാസ്റ്ററുടെ മുറി യിലേയ്ക്ക് വിളിച്ചപ്പോൾ ഭയന്നുകൊണ്ടാണ് ഞാൻ ചെന്നത്. നോക്കുമ്പോൾ, എനിയ്ക്ക് ഒരു സ്കോളർഷിപ്പു കിട്ടിയിരിയ്ക്കുന്നു. കഴിഞ്ഞ കൊല്ലത്തെ വകയായി എൺപതുറുപ്പിക. റെവന്യൂ സ്റ്റാമ്പിൽ ഒപ്പുവെയ്ക്കുമ്പോൾ കൈവിറച്ചു. എഴുപത്തൊമ്പതുറുപ്പിക പതിനഞ്ചണയും കൊണ്ട് ഞാൻ ഓഫീമിൽ നിന്ന് പുറത്തുകടന്നു. ഇതാ, കുമരനെല്ലൂർ ഹൈസ്കൂളിൽ ഒരു പുതിയ രാജകുമാരൻ.
വൈകുന്നേരം, പുസ്തകങ്ങളിലും സാഹിത്യത്തിലും സജീവ താല്പര്യമുള്ള ജ്യേഷ്ഠനും ഞാനും കൂടി ഗൂഢാലോചന നടത്തി. ഇത് വീട്ടുകാരറിയാൻ പോകുന്നില്ല. പുസ്തകങ്ങൾ വാങ്ങാം. പിന്നീടറിഞ്ഞാലോ? അമ്പത് രൂപ കിട്ടിയെന്ന് പറയാം. ബാക്കി മുപ്പത് രൂപയ്ക്ക് പുസ്തകം. പിൽക്കാല പ്രാബല്യത്തിന്റെ കണക്കൊന്നും അമ്മയറിയാൻ പോകുന്നില്ല. കൂടുതൽ എണ്ണം പുസ്തകങ്ങൾ വേണം. അതുകൊണ്ട് കാറ്റലോഗുകൾ വെച്ച് ലിസ്റ്റുണ്ടാക്കി. ഒരു രൂപയും ഒന്നേകാൽ രൂപയും വരുന്ന പുസ്തകങ്ങൾ. രണ്ടു രൂപാ വരുന്ന പുസ്തകങ്ങൾ ചിലത് തകഴിയ്ക്കും ദേവിനുമാണ്. ബഡ്ജറ്റിൽ പെടുത്താവുന്നവ അവരുടേതായി വേറെയുമുണ്ട്. എഴുതിവരുത്തിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ബഷീറിന്റെ ജന്മദിനവും അനർഘനിമിഷവുമാണുള്ളത്. തകഴി, പൊറ്റെക്കാട്ട്, കാരൂർ, വർക്കി, നാഗവള്ളി, റാഫി, സരസ്വതിയമ്മ അങ്ങനെ സംഖ്യ വീതിയ്ക്കപ്പെട്ടു. പുസ്തകക്കെട്ട് വന്നപ്പോൾ ആവശ്യക്കാർ നിരവധി. എനിയ്ക്ക് കിട്ടിയത് ‘അനർഘനിമിഷ’ മാണ്.
വായിച്ചു. വീണ്ടും വായിച്ചു.
മറ്റു പുസ്തകങ്ങൾ എല്ലാം വായിച്ചു തീർത്ത് ദിവസങ്ങൾക്കു ശേഷം വീണ്ടും ‘അനർഘനിമിഷ' ത്തിലേയ്ക്ക് തിരിച്ചു വന്നു. അപ്പോൾ തോന്നി, ചില വാചകങ്ങൾ മനഃപാഠം പഠിയ്ക്കണം. ആരും കേൾക്കില്ല എന്നുറപ്പായപ്പോൾ കുന്നിൻചെരുവിലെ ഏകാന്തതയിൽ നിന്ന് ആ വരികൾ ഉച്ചത്തിൽ പറയുന്നത് ഒരു വിനോദമായി. ഓർമ്മയിൽ നിന്ന് ഞാനുദ്ധരിക്കട്ടെ:
“നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന് നീ മാത്രമായി അവശേഷിയ്ക്കുവാൻ പോകയാണ്. യാത്രക്കുള്ള സമയം അടുത്തുകഴിഞ്ഞു’’.
“അനന്തതയിലേയ്ക്കുള്ള യാത്രയാണ് ജീവിതം”
“യുവാക്കളെ, ധീരമോഹനമായ ഒരു നവ്യപ്രപഞ്ചത്തിലേയ്ക്കുള്ള അരു ണോദയത്തിലൂടെയാവട്ടെ നിങ്ങളുടെ ജൈത്രയാത്ര’’.
അങ്ങനെ എത്ര വരികൾ
മുതിർന്നവർ പറഞ്ഞുതന്നു. ഇത് കഥകളല്ല, ബഷീർ എഴുതിയ ഗദ്യകവിതകളാണ്.
ഗദ്യകവിത എന്നത് സാഹിത്യത്തിലെ ഒരു പുതിയ പ്രസ്ഥാനമാണ് (സ്വകാര്യമായി മനസ്സിൽ പറഞ്ഞുവെച്ചു. ഞാനും എഴുതാൻ പോകുന്നത് ഗദ്യകവിതകൾ തന്നെ. വൃത്തത്തിന്റെ ശല്യവുമില്ല.)
അന്ന്, എല്ലാ കാഥികന്മാരുമായി അപ്പോൾ കിട്ടിയ പുസ്തകങ്ങളിലൂടെ ഞാൻ അടുക്കാൻ ശ്രമിച്ചു. അന്ന് തോന്നിയ വികാരങ്ങളെന്തായിരുന്നു? വർഷങ്ങൾക്കുശേഷം ഞാനതിന്റെ മൂർത്തരൂപങ്ങൾ തേടുകയാണിപ്പോൾ. മനസ്സിലാവുന്നു, പൊറ്റെക്കാട്ടിനോട് എന്നേക്കാൾ നാല് വയസ്സു മൂത്ത അയൽക്കാരിയോടുതോന്നുന്ന തരത്തിൽ പ്രേമം. തകഴി? അകന്ന ബന്ധ ത്തിൽപ്പെട്ട ഒരു കാരണവർ, കുട്ടേട്ടനോട് തോന്നാറുള്ള സ്നേഹം. ദേവിയോട് ബഹുമാനം. ബഷീറിനോട്? ബഷീറിനെ ഒരു മാതിരി ഭയം. കാരണം ‘ബാൽ ശരീഫും' ‘അനൽഹഖു’ മൊക്കെയായിരിക്കണം. ഏകാന്തതയുടെ മഹാതീരത്തിലെ സഞ്ചാരി. ഭയമെന്നു പറഞ്ഞാൽ സന്യാസിമാരെ കാണുമ്പോൾ ഉണ്ടാകുന്ന ബഹുമാനം കലർന്ന ഭയം
പിന്നീട് അല്പം കൂടി മുതിർന്നപ്പോൾ ഇവരെപ്പറ്റിയുള്ള കഥകൾ കേട്ട് കേൾപ്പിച്ച് എന്റെ സമീപത്തിലുമെത്തി. ബഷീർ ഒരു സാഹിത്യസമ്മേള നത്തിനും പോകില്ല. ഭയങ്കരനാണ്. സദാ മദ്യപാനം. അടുക്കുന്നവരെ തെറി പറഞ്ഞോടിക്കും. ഏത് വമ്പനേയും ശകാരിച്ച് പടിയിറക്കും. ഇന്ത്യ മുഴു വനും ചുറ്റി. അതിനു മുമ്പ് ഒരു ചരക്കുകപ്പലിൽ മദ്ധ്യപൂർവ്വദേശങ്ങളിൽ സഞ്ചരിച്ചു. സ്വാതന്ത്ര്യസമരത്തിൽ പെട്ട് ജയിലിൽ പോയിട്ടുണ്ട്. സർ സി. പി. യുടെ ലിസ്റ്റിൽപ്പെട്ട പുള്ളി. ടി. വി. തോമസ്സിനേയും മറ്റും ഗുസ്തി പഠിപ്പിച്ചിട്ടുണ്ട്. എഴുത്തിന് പുറമെ വിദഗ്ദ്ധമായി ചെയ്യാനറിയുന്ന വേലകൾ: പാചകം, കൈനോട്ടം, മാജിക്ക്, മഷിമായ്ക്കൽ, ഗുസ്തി. ഇപ്പോൾ എറണാകുളത്ത് ബുക്ക് സ്റ്റാൾ നടത്തുന്നു. ഭയങ്കരൻ തന്നെ.
ഹൈസ്കൂൾ പഠിപ്പു കഴിഞ്ഞ് ഒരു കൊല്ലം വെറുതെയിരുന്നതിനിടയ്ക്ക് എറണാകുളത്തുപോകാൻ ഒരവസരം കിട്ടി. എഴുത്തുകാരെ ചിലരെ കാണാൻ പറ്റിയാൽ പുണ്യം. കത്തു മുഖേന ചെറിയ പരിചയം സ്ഥാപിച്ച ഒരെഴുത്തുകാരനുണ്ട്, ശ്രീ ടാറ്റാപുരം സുകുമാരൻ. ടാറ്റാ ഓയിൽ മിൽസിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. വൈകുന്നേരവും അദ്ദേഹത്തിന് ഞാൻ എന്റെ 'കമ്പനി' അടിച്ചേൽപിച്ചു. ഒഴിയാബാധയായ എന്നേയും കൊണ്ട് കുറച്ചുദൂരം അദ്ദേഹം നടന്നു.
“ബഷീറിന്റെ ബുക്ക് സ്റ്റാൾ എവിടെയാണ്?
“കാണിച്ചുതരാം. ആ വഴിക്കാണ് എനിക്ക് പോകേണ്ടത്’’, റോഡിന്റെ ഇപ്പുറം നിന്ന് കാണിച്ചു തന്നു, “അതാണ് ബുക്ക് സ്റ്റാൾ’’.
റോഡ് മുറിച്ചു കടന്നു, കുറച്ചുകൂടി അടുത്തു നിന്ന് കാണാൻ. തിരിയുന്ന ഒരു ടേബിൾ ഫാനിന്റെ പിന്നിലായി ബഷീർ ഇരിക്കുന്നു. വെളുത്ത ഖദർ ജുബ്ബ. ടാറ്റാപുരത്തെ കണ്ട് കൈയുയർത്തി ബഷീർ അഭിവാദ്യം ചെയ്തു.
“കയറാം, പരിചയപ്പെടുത്താം’’.
വേണ്ട, ഭയപ്പാടോടെ ഒരു രംഗം പെട്ടെന്ന് മനസ്സിൽ കണ്ടു. “ഇത് മലബാറിലെ കൂടല്ലൂരിൽ നിന്ന് വരുന്ന ഒരു പയ്യനാണ്. കുറേശ്ശെ എഴുതാൻ നോക്കുന്നുണ്ട്’’ എന്നോ മറ്റോ ഹൃദയ വിശാലതകൊണ്ട് ടാറ്റാപുരം പറയും. അപ്പോൾ സിംഹം സടകുടഞ്ഞെഴുന്നേറ്റ്, “എടാ, നിനക്കൊന്നും വേറെ പണിയില്ലേ? പോയി നാലക്ഷരം പഠിക്കാൻ നോക്ക്” എന്നെങ്ങാൻ പറഞ്ഞാലോ? അതുകൊണ്ട് ഞാൻ വെമ്പലോടെ പറഞ്ഞു: “വേണ്ട, പിന്നെ ഒരിക്കലാവാം’’.
ടാറ്റാപുരം, സ്റ്റാളിൽ കയറി രണ്ട് മൂന്ന് മിനിട്ട് കുശലം പറഞ്ഞ് ഇറങ്ങിവന്നു. അതുവരെ തലയുയർത്തി നോക്കാതെ ഞാൻ റോഡരുകിൽ നിന്നു. വർഷങ്ങൾക്കുശേഷം ഞാൻ തെണ്ടിത്തിരിഞ്ഞ് പത്രപ്രവർത്തനത്തിൽ പരിശീലനം തുടങ്ങാൻ കോഴിക്കോട്ട് ചെന്നു പറ്റിയ കാലത്താണ് ബഷീർ കോഴിക്കോട്ടു വരുന്നു എന്ന് കേട്ടത്. ബുക്ക് സ്റ്റാൾ നിർത്തി തലയോലപ്പറമ്പിൽ വീണ്ടും ചെന്നു കൂടിയതിനു ശേഷം. അതിനു തൊട്ടു മുമ്പേ ബഷീ റിന് ഭ്രാന്തുവന്നതും വല്ലപ്പുഴയുടെ നഴ്സിംഗ് ഹോമിൽ ചികിത്സിച്ചതും കേട്ടിരുന്നു. പിന്നെ രാമു കാര്യാട്ട്, ശോഭന പരമേശ്വരൻ നായർ എന്നിവരുടെ സംഘത്തിലേയ്ക്ക് പ്രവേശനം കിട്ടിയപ്പോൾ ഭ്രാന്തിനെപ്പറ്റി കൂടുതൽ അറിഞ്ഞു. ‘പാത്തുമ്മായുടെ ആടി' ന്റെ മുഖവുര പിന്നീടാണല്ലോ വന്നത്. സ്വപ്നത്തിൽ വടക്കുന്നാഥൻ ബഷീറിന്റെ അരികെ വന്ന് ചോദി ച്ചപ്പോൾ പല്ല് കറുത്തിരിക്കുന്നത് കണ്ടു. നല്ല പഴുക്കടയ്ക്ക് കിട്ടാഞ്ഞിട്ടാണെന്ന് പരാതി പറഞ്ഞു. പിറ്റേന്ന് പരമുവിനെക്കണ്ട് കാര്യമൊന്നും പറ യാതെ പഴുക്കടയ്ക്ക് വാങ്ങിച്ച് പൊതിയാക്കി വടക്കുന്നാഥന്റെ മതിൽക്കെട്ടിനകത്തേയ്ക്ക് ആരും കാണാതെ എറിഞ്ഞുകൊടുക്കാൻ ഏർപ്പാടു ചെയ്തു. പരമു വേറെയും കഥകൾ പറഞ്ഞു. ഞങ്ങൾ ചിരിച്ചു. ഒരു പാട് ചിരിച്ചു. പിന്നെ ഉള്ളിൽ നിശ്ശബ്ദം കരഞ്ഞു.
ബഷീറിന്റെ പുസ്തകങ്ങൾ ഗൗരവത്തോടെ വായിച്ചുകഴിഞ്ഞിരുന്നു. കഥാപാത്രങ്ങൾ എന്റെ സ്വകാര്യലോകത്തിൽ തൊടാവുന്ന അകലത്തിൽ നിൽക്കുന്ന അംഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. കുഞ്ഞുപാത്തുമ്മയോടും സാറാമ്മയോടും നിഗൂഢമായ പ്രേമം തോന്നി. സൈനബയോട് സ്വകാര്യമായി അല്പം കാമാവേശം. നിസാർ അഹമ്മത്, കേശവൻ നായർ, അബ്ദുൾ ഖാദർ (പൂവമ്പഴം) തുടങ്ങിയവരോട് അസൂയ. പിന്നെ ‘പാത്തു മ്മായുടെ ആട്' വന്നപ്പോൾ ചാമ്പയ്ക്ക് പെറുക്കാൻ വരുന്ന പെൺകിടാങ്ങളോട് കിന്നാരം പറയുന്ന കഷണ്ടി ബഷീറിനോട് കഠിനമായ അസൂയ. പിന്നെ ഉമ്മ എന്ന വലിയ കഥാപാത്രം. എക്കവും പക്കവും നോക്കി, ഇരു ചെവി അറിയാതെ രൂപ തന്നാൽ മതിയെന്ന് പറയുന്ന ഉമ്മ എന്തൊരൽഭുത ചൈതന്യം നിറഞ്ഞ സത്യമാണ്. എന്നും ചോറുമായി തകരവിളക്കും കത്തിച്ച് രാത്രിയിൽ ഒളിവിൽ കഴിയുന്ന മകൻ വന്നെങ്കിലോ എന്ന് കരുതി കാത്തിരിക്കുന്ന ‘അമ്മ' തന്നെയാണ് ഈ ഉമ്മയും. അവർ തന്റെ ചുണ്ടിൽ മന്ദഹാസവും അകത്ത് വിതുമ്പലും ഉയർത്തുന്നു.
ബഷീർ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികൾ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളിൽ നിന്ന് മനു ഷ്യന്റെ അഗാധസങ്കീർണ്ണതകളെ, ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ, അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന, ഈ കാഥികൻ: ഞങ്ങളിൽ പലരും കഥ എഴുതാൻ പാടുപെടുമ്പോൾ ബഷീർ അനായാസമായി കഥ പറയുന്നു. പ്രാചീനകാലത്തെ അറേബിയൻ ലോകങ്ങളിലെ നഗരങ്ങളിൽ, ചന്തകളിൽ കൂടാരങ്ങൾ കെട്ടി കഥ പറഞ്ഞിരുന്നവരെപ്പറ്റി പുസ്തകങ്ങളിൽ നാം വായിച്ചിട്ടുണ്ട്. സംഗീതവും തത്ത്വശാസ്ത്രവും ഹാസ്യവും ശോകവും ജീവിതാവബോധവും എല്ലാമുള്ള അവർ കഥ കേൾക്കാൻ വരുന്നവരെ വാമൊഴിയിലെ സൃഷ്ടികൾ കൊണ്ട് വിരുന്നൂട്ടി ചിരിപ്പിച്ചു. കരയിച്ചു. കരളിൽ പ്രേമത്തിന്റെ കിനാവുകൾ വിരിയിച്ചു. വീണ്ടും കഥയുടെ പട്ടുനൂൽക്കെട്ടിന്റെ തുമ്പഴിക്കാൻ തുടങ്ങുന്ന അടുത്ത സന്ധ്യയെ ഓർത്തുകൊണ്ട്, കേൾവിക്കാർ നെടുവീർപ്പോടെ കൂടാരങ്ങൾ വിട്ടിറങ്ങും. കഥയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പായി അവർക്ക് മുഷിഞ്ഞപകലുകൾ. ആ കാഥികന്മാരുടെ പാരമ്പര്യത്തിന്റെ ചൈതന്യധാര ബഷീർ എന്ന കാഥികനിലുണ്ട്. ബഷീർ മുകില ചക്രവർത്തിമാരിൽ തന്റെ കഷണ്ടിക്ക് ഗ്ലാമറുണ്ടാക്കാൻ പാരമ്പര്യം തേടിയത് വെറും നേരമ്പോക്കു മാത്രം. അതിനുമപ്പുറം, ബാഗ്ദാദിലേയും ബസ്രായിലേയും കൈറോവിലേയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളിൽ സുഗന്ധം പുരണ്ട് അർദ്ധവെളി ച്ചത്തിൽ കഥ പറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകൾ അന്വേഷിച്ചാൽ നാമെത്തുന്നത്.
ഉറപ്പ്, കോഴിക്കോട്ട് ബഷീർ വന്ന് താമസിക്കാൻ പോകുന്നു. പൊറ്റെക്കാടിന്റെ, ‘ചന്ദ്രകാന്ത' ത്തിലാണ്. 'ന്റുപ്പുപ്പാ' നാടകമാക്കി എഴുതുന്നു. ചന്ദ്രകാന്തത്തിൽ എൻ. പി. മുഹമ്മദിന്റെ തണൽ പറ്റിയാണ് ഞാൻ ചെല്ലുന്നത്. പഴയ ഭയപ്പാടുകളൊക്കെ എനിക്കപ്പോഴുമുണ്ട്. പോരാത്തത് ഭ്രാന്തിന്റെ ഒരു താളവട്ടം കഴിഞ്ഞാണ് ഭയങ്കരൻ എത്തുന്നത്. ആശങ്കയും ഭീതിയും പുറത്ത് കാണാതിരിക്കാൻ ശ്രമിച്ചു.
ഗുസ്തിക്കാരന്റെ ശൈലിയിൽ വയർ എത്തിപ്പിടിച്ച് ലോകത്തിനോട് ഗോദയിൽ വരാൻ പറയുന്നപോലെ നിൽക്കുന്നു ബഷീർ.
എൻ. പി. എന്നെ പരിചയപ്പെടുത്തി. “ഈ പയ്യനാണോ? അറിയാം. പക്ഷെ ആളൊരു നൂലനാണല്ലോ. ഞാൻ വിചാരിച്ചു ഏതോ ഒരു ഡണ്ടൻ ഗഡാഗഡിയൻ നായരാണെന്ന്’’.
വെറും നൂറ്റിപ്പന്ത്രണ്ടു റാത്തൽ മാത്രം എല്ലിൻ കൂടിനകത്ത് ഒതുക്കിയ ഒരശുവായിരുന്നു ഞാൻ.
“എടേയ്, നിങ്ങള് രണ്ടാളും ഇവിടെ നിൽക്ക്. കഷ്ണം മുറിയ്ക്കണം, അരയ്ക്കണം, ലൊട്ടുലൊഡുക്കു പണികളൊക്കെ ചെയ്യണം. നല്ല ആഹാരം ഫ്രീ’’.
എന്റെ കഴുത്തിനിരുവശത്തും എഴുന്നു നിൽക്കുന്ന എല്ലിൽവിരൽ കൊണ്ട് ഞേടിക്കൊണ്ട് ബഷീർ പറഞ്ഞു: “നിന്റെ തടി നന്നാക്കുന്ന കാര്യം ഞാനേറ്റു’’.
പിന്നെ കുറെനാൾ ‘ചന്ദ്രകാന്ത' ത്തിലാണ് പാതിരവരെ ഞങ്ങൾ. ബഷീറിന്റെ പോർട്രെയ്റ്റ് വരയ്ക്കാൻ എം. വി ദേവൻ ദിവസവും വരും. കലാസമിതി നേതാക്കളായ എം. അബ്ദുറഹിമാൻ, വി. അബ്ദുള്ള തുടങ്ങിയവരാണ് ബഷീറിന്റെ കുടിയിരുപ്പിന്റെ മേൽനോട്ടം. ധാരാളം സന്ദർശകർ. കൂട്ടത്തിൽ പയ്യനായ എനിക്കാണ് ജോലികൾ കൂടുതൽ. ഇടക്ക് പുറത്തേക്കോടണം. പപ്പടം വളരെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് എരിവുള്ള ഒരു ഉപദംശമുണ്ടാക്കുന്ന 'റെസിപ്പി’ ആദ്യദിവസം തന്നെ ഗുരു പഠിപ്പിച്ചു.
പിന്നീട് ഒരു വൈകുന്നേരം ചെന്നപ്പോഴാണ്, വി. കെ. എൻ. വന്നിരിക്കുന്നു. അവിടെത്തന്നെ തമ്പടിച്ചിരിക്കുന്നു.
“ഇവനിന്നലെ രാത്രി വന്നു. രാത്രി ഒരു കഥ പറഞ്ഞു. സംഗതി നല്ല തമാശ തന്നെ. പക്ഷേ മുട്ടൻ തെറി. തെറി എന്നു പറഞ്ഞാൽ.... കഥയുടെ കിരീടം ഞാനിവന്ന് കൊടുത്തു. പക്ഷേ പുറത്ത് കിടക്കണമെന്നും കൂട്ടിത്തൊടരുതെന്നുമാണ് വ്യവസ്ഥ. അത്ര വമ്പൻ തെറി” ബഷീർ പറഞ്ഞു.
അടുക്കളപ്പണിയും ഊണും നേരമ്പോക്കുകളും കഴിഞ്ഞു പാതിരയ്ക്കാവും എൻ. പിയും ഞാനും പുതിയറയിൽ നിന്ന് നടക്കുന്നത്. അകലെയുള്ള ആനിഹാൾ റോഡിൽ എന്നെ വിട്ട്, എൻ. പി. കുണ്ടുങ്ങലിലെത്താൻ പിന്നെയും ഒരു നാഴിക നടക്കണം. ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്ത സന്ധ്യകൾ, ചിരിച്ചു മദിച്ച രാവുകൾ, ആചാരോപചാരങ്ങളില്ലാത്ത ദിവസങ്ങൾ, ഉപദേശമൊന്നുമല്ലാത്ത മട്ടിൽ നിർദ്ദേശങ്ങൾ: “വാസു ജീൻ ക്രിസ്റ്റോഫ് വായിക്കണം.
സ്റ്റോറി ഓഫ് സാൻ മിഷെയ്ൽ വായിക്കണം’’.
എന്റെ നഷ്ടപ്പെട്ട നല്ല ദിനങ്ങൾ.
ബഷീറിനെ പറ്റി കേട്ട കഥകളിൽ അതിശയോക്തിയായി കുറെ ശതമാനം ഞാൻ നീക്കിവെച്ചിരുന്നു. മഷി മായ്ക്കുന്ന മരുന്നു വിൽക്കാൻ നടന്ന കാലത്ത് ലോഡ്ജിലെ സഹവാസികളായിരുന്ന ചില മദ്രാസ് മലയാളികളെ പിന്നെ കണ്ടു. തെറ്റു പറ്റിയത് അതിശയോക്തിയ്ക്ക് ശതമാനം നീക്കിവെച്ച് എന്റെ മനക്കണക്കിനു തന്നെ. ബഷീർ എന്നും കുറച്ചു പറയുന്നതിന്റെ (under statement) ആചാര്യനാണ്. സ്വാനുഭവങ്ങൾ പറയുമ്പോഴും. “ഒരു രാത്രിയിൽ ഞങ്ങൾ പത്തഞ്ഞൂറ് പട്ടാളക്കാർ വെള്ളം കുടിച്ചു. പിറ്റേന്ന് നോക്കുമ്പോൾ പാത്രത്തിലവശേഷിച്ചിരുന്നത് ചോരയായിരുന്നു’’. ബഷീറിന്റെ മിതത്വത്തിന്റെ നിരവധി മാതൃകകൾ ഞാനെന്തുകൊണ്ട് നേരത്തെ ഓർത്തില്ല?
ഒരാൾ അരനൂറ്റാണ്ടിനുശേഷം ബഷീറിനെ തിരക്കിനടന്ന സംഭവം എൻ. പി. പറഞ്ഞു. ബഷീർ എഴുത്തുകാരനാണെന്ന് അയാൾക്കറിയില്ല. താൻ ഖലാസിയായിരുന്ന കപ്പലിൽ ഒരു വൈക്കത്തുകാരൻ ബഷീറുണ്ടായിരുന്നു. തമാശക്കാരൻ. നല്ല ബിരിയാണി വെയ്ക്കും. നല്ല ചങ്ങാതിയായിരുന്നു. അയാൾ ഉണ്ടോ എന്നറിയാൻ വെറുതെ അന്വേഷണം നടത്തിയ പഴയ ഖലാസിയെ എൻ. പി. കണ്ടു, യാദൃച്ഛികമായി.
‘ചന്ദ്രകാന്ത’ത്തിൽ നിന്ന് ആരംഭിക്കുന്നു ഞങ്ങളുടെ ഗുരുശിഷ്യബന്ധം. എഴുത്തിനെപ്പറ്റി ബഷീർ ഒരിയ്ക്കലും എന്നോട് സംസാരിച്ചിട്ടില്ല. ജീവി തത്തെപ്പറ്റി- ഉവ്വ്, ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ രണ്ടു തവണ. മൗനം പൂണ്ടിരിയ്ക്കുന്ന എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ ബഷീർ ചോദിക്കാൻ തുടങ്ങി. ഞങ്ങൾ തനിച്ചായിരുന്നു. അവസാനം ഗൗരവത്തോടെ സംസാരിച്ചു. കേട്ടു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. ഞാനെന്ന കിരാതന്റെ അകത്തെ മനുഷ്യനെ ബഷീർ കണ്ടിരിക്കുന്നു. എന്റെ മനസ്സ് ശാന്തമാവുന്നു.
ബേപ്പൂരിൽ താമസം തുടങ്ങിയതിനുശേഷം മിക്കവാറും എല്ലാ ഒഴിവുദിവസങ്ങളിലും ബഷീർ ഞങ്ങൾ കുറെ പേരുടെ കൂടെയായിരുന്നു. ചില പ്പോൾ പാതിരയും കഴിഞ്ഞ് ഒഴിവു ദിവസത്തിന്റെ പകൽ നീണ്ടു പോയി.
ബഷീർ ജീവിതത്തിന്റെ ഒരുപാട് താളുകൾ പലപ്പോഴായി മുന്നിൽ നിവർത്തിവെച്ചത് ഞാൻ വായിച്ചുകഴിഞ്ഞിരുന്നു. “അനുരാഗത്തിന്റെ ദിന ങ്ങളിലെ” പ്രേമം തൊട്ട് സഞ്ചാരകാലത്തെ സാഹസികതകൾ വരെ. മനസ്സിന്റെ താളം തെറ്റിയ കാലത്തെ മാനസിക പീഡനങ്ങളടക്കം.
ഒരു രാത്രിയിൽ എനിക്കൊരു ഫോൺ കാൾ കിട്ടുന്നു. ബഷീറിനു വീണ്ടും സുഖമില്ല. ആളുകൾ വീടിനു ചുറ്റും നിൽക്കുന്നുണ്ട്. കഠാരിയെടുത്ത് അവരെ വിരട്ടിയോടിച്ച് നിൽക്കുന്ന ആളുടെ അടുത്തേക്ക് ആർക്കും അടുക്കാൻ വയ്യ.
ഞാൻ പട്ടത്തുവിള കരുണാകരനെ അറിയിച്ചു. ഞങ്ങളൊക്കെ ബാലേട്ടനെന്ന് വിളിക്കുന്ന പുതുക്കുടി ബാലകൃഷ്ണനെ വിളിച്ചു. കരുണാക രനും ഞാനും അദ്ദേഹത്തിന്റെ കാറിൽ ബേപ്പൂരെത്തിയപ്പോഴേയ്ക്കും ശാരീരികമായി ബഷീറിനെ നിയന്ത്രിക്കാൻ കരുത്തുള്ള ഒരാളെ തേടി ആദ്യം പുറപ്പെട്ട ബാലേട്ടൻ ആ കക്ഷി ഒഴിഞ്ഞു മാറിയെന്ന് അറിയിച്ചുകൊണ്ട് പിന്നിൽ വന്നിറങ്ങി. വീട്ടിൽ നിറയെ വെളിച്ചമുണ്ടായിരുന്നു. മുൻവശത്തും മുറ്റത്തും വെളിച്ചം. ഇടവഴിയിലും വേലിക്കു പുറത്തുമായി ജനം. ഗ്രാമീണ ധീരന്മാർ കൈത്തണ്ട കടിച്ച് കത്തി തെറിപ്പിച്ച് പിടിച്ച് കെട്ടേണ്ടവിധം വേലിക്കടുത്ത് നിന്ന് ആസൂത്രണം ചെയ്യുന്നു.
“അടുത്ത് പോകണ്ട. എന്തും സംഭവിക്കും’’, ആരൊക്കെയോ ഞങ്ങളെ വിലക്കി.
“ഒന്നും സംഭവിക്കാത്തപോലെ നമുക്ക് കയറാം’’, കരുണാകരൻ പറഞ്ഞു. ഞങ്ങൾ ശാരീരികമായി വളരെ ദുർബലരാണ്. മൂന്നുപേരും. പക്ഷെ ഭയമുണ്ടായിരുന്നില്ല. മഴുത്തായയും മുളവടിയും തേടുകയും തന്തങ്ങളാലോചിക്കുകയും ചെയ്യുന്ന “സ്ഥലത്തെ പ്രധാന ധീരന്മാർ” ക്ക് ഈ മനുഷ്യനെ വിട്ടുകൊടുത്താൽ എന്തും സംഭവിക്കും. ഞങ്ങൾ നെഞ്ചിടിപ്പോടെ, പക്ഷേ ഒരുതരം ധാർമ്മിക ശക്തിയുടെ പിൻതുണയോടെ, വളരെ അടുത്ത് ചെന്നു. ഞാൻ എന്നും ചെയ്യാറുള്ളതുപോലെ ശകാരസ്വരത്തിൽ ചോദിച്ചു:
“ഗുരു എന്താ ഈ കാട്ടുന്നത്? പാതിരായ്ക്ക് മനുഷ്യനെ പേടിപ്പിക്കാനാണോ കത്തിയും കഠാരിയുമായി നിൽക്കുന്നത്?”
പുനലൂർ രാജൻ മാത്രമാണ് വീട്ടിലുള്ളത്. അടുക്കാതെ നയത്തിൽ നിൽക്കുകയാണ് അസ്വസ്ഥനായ രാജൻ.
കരുണാകരനും നേരത്തെ നിശ്ചയിച്ചപോലെ സ്നേഹത്തോടെ ശകാരിച്ചു.
ഞങ്ങളെ തിരിച്ചറിഞ്ഞു. ഓരോരുത്തരെയായി പേരു വിളിച്ചു. പിന്നെ പറഞ്ഞു, “അവൻ പല രൂപത്തിലും വരും’.
താളം തെറ്റിയ മനസ്സാണ് പറയുന്നത്.
ഞങ്ങൾ തുരുതുരെ സംസാരിച്ചു. ചുറ്റുമായി ഇരുന്നു. ബഷീറും ഇരുന്നു.
“ദാഹിക്കുന്നു’’.
രാജൻ ഇളനീർ കൊണ്ടുവരാൻ ഇരുട്ടിൽ മറഞ്ഞു.
അപ്പോൾ ഞങ്ങളെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രസ്താവന: “ചിലപ്പോൾ അവൻ പുനലൂർ രാജന്റെ രൂപത്തിലും വരും’’.
എന്റെ ശ്രദ്ധമുഴുവൻ ആ വലിയ കഠാരിയിലായിരുന്നു. ഒരു നിമിഷം, അത് സൂത്രത്തിൽ തട്ടിയെടുക്കാനുള്ള മോഹത്തിൽ കൈനീട്ടിയപ്പോൾ കത്തി വായുവിൽ ഉയർന്നുതാണു. പൊടുന്നനെ കൈ പിൻവലിച്ച ഞാൻ അരിശവും ദുഃഖവും കലർന്ന് ചോദിച്ചു: “എന്താ ഈ ചെയ്തത്? ഇത് ഞാനല്ലേ വാസുവല്ലേ?”
എന്നെ നോക്കി കുറെനേരം അനങ്ങാതിരുന്നശേഷം പറഞ്ഞു: “വാസു എന്നെ തൊടരുത്. ചിലപ്പോൾ ഞാനെന്തെങ്കിലും ചെയ്തു പോകും. അവർ പല രൂപത്തിലും വരും’’.
ഞങ്ങൾ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു. “എനിക്കു വയ്യ. തലയോലപ്പറമ്പിൽ പോണം.’’.
“പോകാലോ, ഷർട്ടെടുത്തിടൂ.”
കരുണാകാരൻ ഉടനെ പോകാമെന്ന് സമ്മതിച്ചു.
രാജൻ ഇളനീർ കൊണ്ടുവന്നപ്പോൾ അകലെ വെയ്ക്കാൻ കല്പിച്ചു.
“വരൂ ഷർട്ടെടുത്തിട്ടു. പോകാം. നേരം ഒരുപാടായി’’, ഞങ്ങൾ പ്രേരിപ്പിച്ചു.
“അല്ലാഹുവിന്റെ ഖജനാവിൽ സമയത്തിന് ലോപമില്ല’’
ഞങ്ങൾ ഒന്നും സംഭവിക്കാത്തപോലെ തമാശ പറയാൻ ശ്രമിച്ചു. ആത്മവിശ്വാസം വളർത്താൻ ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പൽ കൂട്ടി. അവസാനം ബഷീർ ഷർട്ടെടുത്ത് ചുമലിലിട്ടു.
“എന്തിനാ ഈ കത്തി? അത് താഴെയിടൂ’’. സമ്മതിച്ചില്ല.
ഞങ്ങൾ സാവധാനത്തിൽ ഇടവഴിയിലേക്കിറങ്ങി. വേലിക്കടുത്തു നിന്ന് ഒരു നേർത്ത സ്ത്രീശബ്ദം എന്റെ പേർ വിളിച്ചു. ശ്രീമതി ബഷീറാണ്. കുട്ടിയേയും കൊണ്ട് പുറത്തുപോയിനിൽക്കാനാണ് നേരത്തെ പറഞ്ഞിരുന്നത്. അദൃശ്യശക്തികൾ ആക്രമിക്കാൻ വരുന്നു....
ബാലേട്ടന്റെ കാറിൽ ബഷീർ മുൻസീറ്റിൽ കയറിയിരുന്നു. ആസ്പത്രിയിൽ അസമയത്തായതുകൊണ്ട് സൗകര്യങ്ങൾ ഉണ്ടാക്കാൻ കരുണാകരനും രാജനും പുറപ്പെട്ടു. ബാലേട്ടനാണ് കാറോടിച്ചിരുന്നത്. മുൻസീറ്റിൽ തന്നെ ബഷീറിന്റെ കൂടെ ഞാനും ഞെരുങ്ങിയിരുന്നു. “കത്തി മാറ്റാൻ കഴിയുമോ എന്ന് നോക്കാൻ” ബാലേട്ടൻ സ്വകാര്യമായി നിർദ്ദേശം തന്നിരുന്നു.
വലിയ കത്തി ബാലേട്ടന്റേയും ചെറിയ കത്തി എന്റേയും വാരിയെല്ലുകളെ തൊട്ടുരുമ്മുന്നു. ഏതോ അപഭ്രംശത്തിന്റെ നിമിഷത്തിൽ ബാലേട്ടനോ ഞാനോ ഇരുട്ടിന്റെ അദൃശ്യസന്തതികളിലാരോ വേഷം മാറി വന്നതാണെന്ന് കരുതിയാൽ.....
അർത്ഥവും ബന്ധവും ഇല്ലാതെ എന്തൊക്കെയോ ഞാൻ പറയാൻ ശ്രമിച്ചു. അസാധാരണമായി ഒന്നും നടക്കുന്നില്ല എന്ന് കാണിക്കാൻ. കണ്ണുകൾ, കത്തി മുറുകെ പിടിച്ച് കൈയ്യിന്റെ ചലനം ശ്രദ്ധിച്ചുകൊണ്ടിരുന്നു. കരുത്തനായ ഗുരുവിന്റെ ശരീരശക്തിയെപ്പറ്റി എനിക്കറിയാം. ഞങ്ങൾ മുമ്പ് തമാശക്ക് പഞ്ച പിടിക്കും, ഗുസ്തി പിടിക്കും. അപ്പോഴൊക്കെ എനിക്ക് വേദനിച്ചിട്ടുണ്ട്. ബലം പ്രയോഗിക്കാതെത്തന്നെ എനിക്ക് തടയാൻ ആവില്ല. തൊണ്ടയിൽ കയറിപ്പിടിക്കാം. റിപ്ലെക്സുകൾ ശരിപ്പെടുത്തി ഇരുന്നു. മന സ്സിലെ കോണിലെവിടെയോ ചോദ്യം കേട്ടിരുന്നു, ഇതൊരു വൈൽഡ് വെസ്റ്റ് രംഗമാവുകയാണോ? വൈൽഡ് വെസ്റ്റും സയൻസ് ഫിക്ഷനും ബഷീറിന്റെ പ്രിയപ്പെട്ട വായനാവിഭവങ്ങളാണ്. എന്നെ വൈൽഡ് വെസ്റ്റിന്റെ വായനക്കാരനാക്കി മാറ്റിയത് ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങളാണ്.
കൊല്ലാനാവില്ല. പക്ഷേ, മരിക്കാൻ എനിക്കു വിഷമമില്ല. ഗുരു രക്ഷപ്പെടട്ടെ. ഞാൻ സ്വയം പറഞ്ഞ് പറഞ്ഞ് ധൈര്യം വളർത്തി. ഇല്ല, മരി ച്ചാലും എനിക്കൊന്നുമില്ല.
വെളുപ്പാൻ കാലത്ത് ആറര മണിയ്ക്കാണ് ഈ കാവൽ അവസാനിക്കുന്നത്. ഞരമ്പുകൾ വരിഞ്ഞു മുറുകിയ, ഇഴഞ്ഞുനീണ്ട് മണിക്കൂറു കൾക്കുശേഷം. തലയോലപ്പറമ്പിലേക്കെന്നപോലെ ഒഴിഞ്ഞ നഗരത്തിൽ കുറേനേരം ബാലേട്ടൻ കാറോടിച്ചു. അവസാനം അഞ്ചുമണിക്ക് ബാലേ ട്ടന്റെ വീട്ടിൽ. പിന്നെ ആസ്പത്രിയിൽ. സെഡറ്റീവ് ഇൻജെക്ഷനിൽ മയങ്ങിയപ്പോൾ വലിയ കത്തിമാറ്റി. ചെറിയ കത്തി കാണുന്നില്ല. അത് ബാലേട്ടന്റെ വീട്ടിലിരുന്ന സോഫയിൽ ഒളിപ്പിച്ചു വെച്ചത് പിന്നെ കണ്ടു.
പിറ്റേന്ന് ഞങ്ങൾ ആസ്പത്രിയിൽ ചെന്നപ്പോൾ ഗുരു ശാന്തനായിരുന്നു. ഒരു ദുഃസ്വപ്നത്തിൽ നിന്നുണർന്നപോലെ.
“എന്തൊക്കെയാണ് പറ്റിയത്?”
“ഒന്നും പറ്റിയില്ല. ഒരപകടവുമില്ല’’.
“എനിക്കും വല്ലാത്ത ഭയം തോന്നി. നിങ്ങൾ വന്നപ്പോൾ കുറച്ചു സമാധാനമായി’’.
ഇപ്പോൾ എല്ലാം തെളിയുന്നു. ഭ്രാന്താസ്പത്രിയിലെ മുറിയിലാണ്.
“ഇവിടെ ഭയങ്കരമാണ്. ദുസ്സഹം. എനിക്കുടനെ പോണം. തൃശ്ശൂർക്ക്. വല്ലപ്പുഴയുടെ അടുത്ത് കുറച്ചു നാളിരുന്നാൽ എല്ലാം ശാന്തമാവും’’.
പിന്നെ വിട്ടുകിട്ടാനുള്ള പ്രയാസമായി. ഡോക്ടർ ദുർമ്മുഖം കാണിച്ചു. “പറയുമ്പോൾ അഡ്മിറ്റ് ചെയ്യുക, തോന്നുമ്പോൾ വിടുക. ഇത് ഭ്രാന്താണ്. ഇവിടെ നിയമങ്ങളുണ്ട്’’.
ഞങ്ങൾ മനസ്സിൽ പറഞ്ഞു:
ഉണ്ട്, ശരിയാണ്. നമുക്കൊക്കെ ഉണ്ടല്ലോ അല്പം ഭ്രാന്ത്. പക്ഷേ ഈ ഭ്രാന്തൻ ഞങ്ങൾക്ക് ആവശ്യമാണ്, അഭിമാനമാണ്, ചിലപ്പോൾ അലങ്കാ രവുമാണ്.
ഡോക്ടർ വഴങ്ങി.
ബോധത്തിലും അബോധത്തിലും ശാന്തതയിലും വിഭ്രാന്തിയിലും എല്ലാം ഞാൻ ബഷീറിനെ നിരീക്ഷിച്ചിട്ടുണ്ട്. ബഷീറിന് ചുറ്റും മനുഷ്യർ വേണം. സ്നേഹം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന മനുഷ്യർ വേണം. കൊച്ചുകുട്ടികളായാലും മതി. സി. എൻ. അഹമ്മദ് മൗലവിയോട് മതതത്ത്വങ്ങൾ ചർച്ച ചെയ്യുന്ന അത്ര ഗൗരവത്തിലും ശ്രദ്ധയിലുമാണ് അഞ്ചു വയസ്സുകാരൻ കുട്ടിയുടെ ആവശ്യങ്ങളും വാശികളും കൈകാര്യം ചെയ്യുന്നത്. ഏകാകിത ബഷീറിനെ അസ്വസ്ഥനാക്കുന്നു.
വർഷങ്ങൾ കഴിഞ്ഞു, ആളുകൾ പറഞ്ഞു, ബഷീർ കൂടുതൽ മതഭക്തനായി. പലർക്കും അമ്പരപ്പു തോന്നി. ന്റുപ്പൂപ്പായും മറ്റും എഴുതിയ ബഷീർ ‘ഓർമ്മയുടെ അറകളെ’ഴുതുകയോ? അമ്പരക്കാനൊന്നുമില്ല. എന്നും ബഷീർ മതഭക്തനായിരുന്നു. ഞാൻ പരിചയപ്പെട്ട കാലം മുതൽക്കേ ബഷീർ പറയുന്നത് കേട്ടിട്ടുണ്ട് പലപ്പോഴും, നല്ല മനുഷ്യനായാലേ നല്ല എഴുത്തുകാരനാവൂ. വളരെ പഴയ, പക്ഷേ എന്നും ചിന്തിപ്പിക്കുന്ന സിദ്ധാന്തം. എല്ലാ മനുഷ്യരും നന്നാവട്ടെ എന്നാണ് മതം പഠിപ്പിക്കുന്നത് എന്നദ്ദേഹം പറയും.
എല്ലാ അഭിമുഖ സംഭാഷണങ്ങളിലും അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്: “ഞാനൊരു മുസൽമാനാണ്” മതവിശ്വാസം ബഷീറിന്റെ വിശാ ലമായ ഹൃദയത്തിനും അനന്തമായ മനുഷ്യ സ്നേഹത്തിനും അതിർവരമ്പുകൾ വരച്ചിട്ടില്ല എന്നതാണ് സത്യം. പിശുക്കിന്റെ പേരിൽ ഞാൻ പല പ്പോഴും പരിഹസിക്കാറുള്ള ബഷീർ മറുകൈ അറിയാതെ ദാനം ചെയ്ത കഥകൾ, സ്വീകരിച്ചവർ തന്നെ വന്നു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ മതക്കാരും സ്വന്തം മതവിശ്വാസങ്ങൾ മാറാതെ തന്നെ വിവാഹം കഴിച്ചു ജീവിക്കാമെന്ന തീരുമാനത്തിലാണ്, ബഷീർ അനുരാഗത്തിന്റെ ദിനങ്ങളുടെ അവസാനഘട്ടത്തിൽ എത്തിച്ചേർന്നിരുന്നത്.
‘കാമുകന്റെ ഡയറി' യുടെ പഴയ കടലാസുകെട്ട് ഞാൻ വായിച്ചപ്പോൾ (അതിന് അനുരാഗത്തിന്റെ ദിനങ്ങൾ എന്ന് പേർ മാറ്റിയത് ഞാനാണ്, സമ്മതത്തോടെ) യുവ കാമുകനും പുരോഗമനസാഹിത്യ സംഘടനയിലെ അംഗവുമൊക്കെയായ അന്നത്തെ ബഷീറും ശരിയ്ക്ക് മതഭക്തൻ തന്നെ. വിശ്വാസം വ്യക്തിനി ഷ്ഠമായ ഒരു മനോഭാവമാണെന്നും കലാസൃഷ്ടിക്ക് അതിരുകൾ വരയ്ക്കാൻ അതിനെ എടുത്തുപയോഗിക്കരുതെന്നും ധാരണയുള്ളതുകൊണ്ടുതന്നെയാണ്, കൃതികളിൽ ലോകത്തോട് മന്ദഹസിയ്ക്കാനും തന്നെത്തന്നെ പരിഹസിയ്ക്കാനുമൊക്കെ അദ്ദേഹത്തിന് കഴിഞ്ഞത്. ‘അനുരാഗത്തിന്റെ ദിനങ്ങളി’ൽ ഒരിടത്ത് ഒരു വാചകമുണ്ട്. വീട്ടുകാർ നിശ്ചയിച്ച ഒരു വിവാഹം ഒരു മതപണ്ഡിതന്റെ മകളുമായാണ്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം അദ്ദേഹം കണ്ടെത്തിയതായി കാമുകിക്ക് എഴുതുന്നു. കള്ളും പട്ടച്ചാരായവും മാത്രമേ ഇവിടെ കിട്ടൂ. “അത് രണ്ടും കുടിച്ച് അദ്ദേഹത്തെ കണ്ടു. മതഷമ്മന്തമായി അൽപം ഷംഷാരിയ്ക്കും’’.
ഈ പ്രേമകഥയിലെ നായികയെപ്പറ്റി ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്, ധാരാളം. മുഴുവൻ വായിച്ചശേഷം ഞാൻ ചോദിച്ചു: “കുന്ത്രാപ്പിബുസ്സാ ട്ടോവിലെ പെണ്ണ് ഇതല്ലേ?”
“കുറച്ചുണ്ടാവും. ശകലമുണ്ട്. ഭാർഗ്ഗവീനിലയത്തിന്റെ തിരക്കഥയിൽ. പ്രസംഗം എഴുതിച്ചുവാങ്ങാൻ വന്നത് മാത്രം’’.
നഗരത്തിലെ, ഇറവെള്ളം വീണു നനഞ്ഞ, ഇടുങ്ങിയ മൂന്നു കോണി കയറി എത്തേണ്ട, എന്റെ മാളത്തിലേയ്ക്ക് ബഷീർ വീണ്ടും കയറിവന്നു. ‘അനുരാഗത്തിന്റെ ദിനങ്ങളെ’ പറ്റി പത്രക്കാരോട് സംസാരിച്ചതിന്റെ പിറ്റേന്ന്.
“അതിലൊരു ഭാഗത്ത് അവളെനിയ്ക്ക് ഒരു മുണ്ട് തന്നത് പറയുന്നുണ്ട്. അമ്പലത്തിൽ പോകുമ്പോൾ ഉടുക്കുന്ന മുണ്ടാണ്. അതിന്റെ ഒരു രസമുണ്ടായി പിന്നെ’’.
മുണ്ട് ഭദ്രമായി പെട്ടിയിൽ വെച്ച് ബഷീർ തലയോലപ്പറമ്പിൽ പോകുന്നു. ഒരു ദിവസം നോക്കുമ്പോൾ ഉമ്മ അത് തലയിലിട്ട് നിസ്കരി ക്കുന്നു. വൃത്തിയുള്ള മുണ്ട് തിരഞ്ഞപ്പോൾ പെട്ടിയിൽ നിന്ന് കണ്ടുകിട്ടിയ സമ്മാനം മൂപ്പത്തി സ്വന്തമാക്കി.
“അത് ചേർത്താലോ?”
പണ്ടെഴുതിയത് അതേപോലെ ഒന്നും ചേർക്കാതെ ഒന്നും കുറയ്ക്കാതെ വരികയാണ് നല്ലത് എന്ന് ഞാൻ അഭിപ്രായം പറഞ്ഞു.
ബഷീർ സംസാരിച്ചിരിക്കുമ്പോൾ ആപ്പീസ് എന്നു വിളിയ്ക്കുന്ന മാളത്തിൽ പുതുതായി എന്നെ സഹായിക്കാൻ വന്ന ചെറുപ്പക്കാരൻ കടന്നുവന്നു. ബഷീറിനെ കണ്ടു ചുറ്റുവട്ടത്ത് പരുങ്ങിനിന്നു. ഞാൻ ആളെ പരിചയപ്പെടുത്തി.
“സാറിനെന്നെ ഓർമ്മയില്ലേ?”
ബഷീർ ആലോചിച്ചു.
“ഞാൻ ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട് സർ. പോകുമ്പോൾ എനിയ്ക്ക് മുപ്പത് രൂപ തന്നു’’,
ചെറുപ്പക്കാരൻ പറഞ്ഞു.
ബഷീർ കൃത്യമായി ഓർമ്മിക്കുന്നില്ല. പക്ഷേ ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ ആരാധനയും കൃതജ്ഞതയും എനിക്ക് പൂർണ്ണമായി വായിക്കാം.
ബഷീർ എന്ന മനുഷ്യൻ ഒരു പരസ്യവിഭാഗം കെട്ടിച്ചമച്ച ‘ലെജൻഡി' ലൊതുങ്ങുന്നതല്ല. വൈക്കത്തഷ്ടമിക്ക് തലയിൽ പുസ്തകക്കെട്ടുമായി വരുന്ന കച്ചവടക്കാർ സതീർത്ഥ്യനായ പോറ്റിയുടെ വീട്ടിൽ തങ്ങും. അതിൽനിന്ന് പോറ്റി കൊടുക്കുന്ന കഥാപുസ്തകങ്ങൾ എടുത്തുകൊണ്ടുപോയി വായിച്ച് രാവിലെ തിരികെ ഏൽപ്പിക്കണം. വിദ്യാഭ്യാസമൊന്നുമില്ലാത്ത രക്ഷിതാക്കൾ. പുസ്തകങ്ങളുടെ ലോകവുമായി ഒരു വിദൂരബന്ധവുമില്ലാത്ത വീട്. അവിടെ ജനിച്ചു വളർന്ന ഒരു ചെറുക്കൻ ഒമ്പതാം ക്ലാസ്സിലെ പഠിപ്പുനിർത്തി ഉപ്പു സത്യാഗ്രഹത്തിൽ ചേരാൻ കോഴിക്കോട്ടേക്ക് പുറപ്പെടുന്നു. പിന്നീട് ജീവിതത്തിലെ അകത്തളങ്ങളിലും അപാരതകളിലും എന്തിനോവേണ്ടി അന്വേഷണം നടത്തുന്നു. അലയുന്നു. അനശ്വരങ്ങളെന്ന് ഉറപ്പിച്ച് പറയാവുന്ന കുറെ കൃതികളുടെ കർത്താവാകുന്നു. ഇത് ഒരു ലെജൻഡു തന്നെ.
പരിചയപ്പെട്ടു പിരിയുന്നവരോടെല്ലാം ബഷീർ പറയും: “നന്നായി വരട്ടെ’’.
അനുഗ്രഹരൂപത്തിൽ കൈയുയർത്തി മനസ്സിൽ ഒരു മൗനപ്രാർത്ഥനയോടെ പറയുന്ന ഈ ഉപചാരം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മനപ്പൂർവ്വം വളർത്തിയെടുത്ത ഒരു മാനറിസമാണോ? അല്ല. എനിക്കു പലപ്പോഴായി ബോധ്യമായി, ഇത് അഭിനയമല്ല. മാറ്റാൻ കഴിയാത്ത വിധം സ്വഭാവത്തിന്റെ ഭാഗമായി മാറി, ഈ അനുഗ്രഹശീലം.
അവസാനമായി, വിവാഹപ്പിറ്റേന്നു കണ്ട് കാമുകിയോടും പറഞ്ഞു, “മംഗളം, ദീർഘ സുമംഗലീഭവ’’.
“നിന്നോട് ഞാനൊരു സത്യം പറയട്ടെ. അത് പകർത്തിയെഴുതിയത് വീണ്ടും വായിച്ചുകേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. അത് കണ്ടപ്പോൾ അവളും (ശ്രീമതി ബഷീർ) കരഞ്ഞു’’.
ഞാൻ അത്ഭുതപ്പെട്ടില്ല. പഴയ വിപ്ലവകാരിയും സഞ്ചാരിയും സൂഫിയും കാമുകനും ഒരു കലാകാരന്റെ ഉള്ളിൽ മരിക്കുന്നില്ല. നൂറ്റാണ്ടുകളുടെ നീളമുള്ള രാത്രികളിൽ കണ്ണും കാതും തുറന്നിട്ട് ഹൃദയത്തിന്റെ അറകളിൽ ജീവിതത്തിന്റെ സ്പന്ദനങ്ങൾ പിടിച്ചെടുക്കാൻ അവർ കുടികെട്ടി കാവലിരിക്കുന്നു. ആയിരമായിരം രാവുകളുടെ കാവലുകൾക്കിടയിൽ വലിഞ്ഞു മുറുകിയ ഞരമ്പുകൾ തളർത്തിയ മനക്കണ്ണുകൾ ചിലപ്പോൾ അദൃശ്യ ശക്തികളെക്കൂടി കാണുന്ന വേളകളിൽ നാമവരെ ഭ്രാന്തന്മാരെന്നും വിളിക്കുന്നു.
ബഷീർ പോകാനെഴുന്നേറ്റു.
“പോട്ടെ. ചിലപ്പോൾ ദേവിയുടെ കത്തുവരും. പുസ്തകത്തെപ്പറ്റി അറിയാതിരിക്കില്ല. പരസ്യം കണ്ടിരിക്കും. വന്നാൽ കൊണ്ടുവന്ന് കാണിക്കാം.”
എഴുപത്തിമൂന്നിലെത്തിയ കാമുകൻ ചിരിച്ചുകൊണ്ട് എന്നെ അനുഗഹിച്ച് ഇറങ്ങിപ്പോയി. പ്രേമത്തിന്റെ വേദന അറിഞ്ഞ കാമുകൻ. മതിലിനു പുറത്തെ സ്ത്രീയുടെ സ്വരവും ഗന്ധവും പിടിച്ചെടുക്കാൻ ജയിലറയിൽ കാത്തിരുന്ന പഴയ ഏകാന്തകാമുകൻ. മാളത്തിൽ ഞാൻ തനിയെ.
ഞാൻ നന്ദി പറയുന്നു: ഈ മനുഷ്യനോടല്ല. പിന്നിട്ട നെടുംപാതയിലെവിടെയോ ഒരു വഴിത്തിരിവിൽ, മുന്നിൽ വന്നു നിന്ന ഒരനർഘ നിമിഷത്തിന്.
എന്റെ മരുപ്പറമ്പിൽ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തിൽ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉർവ്വരതക്ക്.
(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച സ്നേഹാദരങ്ങളോടെ എന്ന പുസ്തകത്തിൽനിന്ന്).