​ആനകളെ പീഡിപ്പിക്കുന്നതിനെതിരെ എം.ടി. അന്നെഴുതി, ഭ്രാന്തൻ സ്വപ്നങ്ങൾ

മനുഷ്യർ തങ്ങളുടെ വിനോദത്തിന് ആനകൾ അടക്കമുള്ള മൃഗങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതകളെക്കുറിച്ച് എം.ടി. വാസുദേവൻ നായർ വർഷങ്ങൾക്കുമുമ്പ് എഴുതിയ ലേഖനം.

നകൾക്ക് വഴിക്ക് അവകാശമുണ്ട് (Elephants have right of way)- സോസെലക്സിന്റെ മുദ്രാവാക്യമാണിത്. SOCELEX എന്ന സംഘ ടനയുടെ പേര് Society Against Elephant Exploitation എന്ന വാക്കിന്റെ ചുരുക്കമാണ്. ചെറുപ്പക്കാരിയായ മിസ്സിസ് മറിയ ഹെന്നസ്സി എന്ന ഇംഗ്ലീഷുകാരിയാണ് ഈ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്നത്. നാം ‘വെറും ഭ്രാന്ത്' എന്നു കൈവീശി പറഞ്ഞുതള്ളുന്ന പലതും ചെയ്യാൻ ഇക്കൂട്ടർ, മറിയ ഹെന്നെസ്സിയെപ്പോലുള്ളവർ, തയ്യാറാവുന്നു. പ്രസിദ്ധിക്കുവേണ്ടിയുള്ള പ്രചരണമല്ല, ഒരാത്മാർപ്പണം കൂടിയുണ്ട് അവരുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ. മിനക്കെട്ട് പണവും സമയവും മുടക്കി കത്തുകളും ലഘുലേഖകളും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കയക്കുന്നു. അറിയാത്ത ഒരു സമുദ്രം ചങ്ങാടത്തിൽ കടക്കാനും ആരും കയറാത്ത ഒരു കൊടുമുടി കീഴടക്കാനും ധ്രുവങ്ങളിലെത്താനുമൊക്കെ ഇവരെ പ്രേരിപ്പിക്കുന്ന ശക്തി എന്ത്? ആനകളെയും നരികളെയും മുതലകളെയുമൊക്കെ സംരക്ഷിക്കാ നുള്ള പദ്ധതികൾക്ക് ഇവരിൽ ചിലർ മുൻകൈ എടുക്കുന്നു.

കൊളമ്പിയക്കാരൻ വാണിഗസ് എന്ന ചിത്രകാരൻ കോഴിക്കോട്ടെ അങ്ങാടിത്തിണ്ണയിൽ തോളത്തുതൂക്കിയിട്ട് ആകെ ലഗേജ് ആയ ക്യാൻവാസ് സഞ്ചി തലയിൽ വെച്ചുറങ്ങുന്നതു കണ്ടു. അടുക്കള പുക വരുന്ന ഒരു മൂലയിലെ മേശയ്ക്കിരുവശവും ഇരുന്ന് ചോറും മത്തിയും തിന്നുകൊണ്ട് പൗരസ്ത്യതത്ത്വശാസ്ത്രങ്ങളെയും ചിത്ര കലയെയും പറ്റി ഞങ്ങൾ സംസാരിച്ചു. യാത്ര ഒരു ഭാരമല്ല. ട്രാവലേഴ്സ് ചെക്കുകളുടെ അഭാവത്തിൽ ഭീതിയില്ല. അടുത്തതങ്ങോട്ടാണ്?

‘‘സഞ്ചരിക്കുന്നു. വീണ്ടും സഞ്ചരിക്കുന്നു’’.

വയനാടൻ മലകളിലെ ചുരത്തിനരികെ സ്വന്തമായുണ്ടാക്കിയ കുടിലിൽ ഭക്ഷണം പാകം ചെയ്തു ചിത്രം വരച്ച് ബെൽജിയൻ ചിത്രകാരനും ഭാര്യയും വർഷങ്ങളായി കഴിയുന്നു. അതിസമ്പത്തിന്റെ ഭാരംകൊണ്ട് ഞരമ്പുകൾ തളർന്ന സമൂഹത്തിൽനിന്നു രക്ഷപ്പെടാൻ ഏഴിമലയിലും കല്ലാംഗൂട്ട് കടൽക്കരയിലും വരു ന്നവർ അറിഞ്ഞ ലഹരികൾ മടുത്ത് അറിയാത്ത ലഹരികൾ അന്വേഷിച്ചിറങ്ങിയവരാണ്. അവർ വരുന്നു, പോകുന്നു.

പക്ഷേ, ആനകൾക്കുവേണ്ടി വാദിക്കുന്ന, മെറ്റാഫിസിക്സ് പഠിപ്പിക്കുന്ന മറിയ ഹെന്നസ്സിയും ലാറ്റിനമേരിക്കൻ കാടുകളിൽ പറക്കുന്ന ചുണ്ടെലികളെ തേടുന്ന ജെറാൾഡ് ഡ്യൂറലും പുതിയ അണക്കെട്ടു കൊണ്ട് ജലാശയത്തിൽ താഴുന്ന വനത്തിലെ വിഷജീവികളെക്കൂടി ജീവപ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സ്വന്തം ജീവനെ പണയപ്പെടുത്തി രക്ഷപ്പെടുത്തി മാറ്റിത്താമസിപ്പിക്കുന്ന ജോൺ വാൾഷും എല്ലാം കർത്തവ്യനിരതരാവുന്നത് അഗാധമായ സഹാനുഭൂതികൊണ്ടും പ്രകൃതിയോടുള്ള ആരാധനകൊണ്ടും തന്നെ. മറിയ അയച്ച സ്വന്തം ഫോട്ടോ സർക്കസ്സാനയുടെ കൂടെ മന്ദഹസിച്ച് നിൽക്കുന്നതാണ്. അത് കാര്യങ്ങൾ മനസ്സിലാവുന്നതിനു മുമ്പ് പോസ്റ്റ് ചെയ്ത ഒരു ദുർബലനിമിഷമെന്ന് അവർ ദുഃഖത്തോടെ സമ്മതിക്കുന്നു.

'76-'77 ഇംഗ്ലണ്ടിൽ മൃഗക്ഷേമവാരമായി ആഘോഷിക്കുന്നു. 1977 എലിസബത്ത് റാണിയുടെ കിരീടധാരണത്തിന്റെ രജതജൂബിലി കൂടിയാണ്. “ജൂബിലിയാഘോഷത്തിന് ദശലക്ഷങ്ങൾ ചെലവഴിക്കപ്പെടും. ഉപയോഗശൂന്യമായ കടലാസ്സു കൊടികൾക്കും തോരണങ്ങൾക്കും വെള്ളിയലങ്കാരങ്ങൾക്കും വേണ്ടിയായിരിക്കും അതിലധികവും. യാഥാർത്ഥ്യ മൂല്യങ്ങളുള്ള വസ്തുക്കൾക്ക് നമ്മുടെ ആത്മാവ്, നമ്മുടെ പാരമ്പര്യം തുടങ്ങിയവയ്ക്ക് കൂടുതൽ വില കൽപിക്കുന്ന ഒരു ദിവസം വരും” എന്ന് മറിയ ഹെസ്സി എനിക്കെഴുതുന്നു.

മറിയ അയച്ച സ്വന്തം ഫോട്ടോ സർക്കസ്സാനയുടെ കൂടെ മന്ദഹസിച്ച് നിൽക്കുന്നതാണ്. അത് കാര്യങ്ങൾ മനസ്സിലാവുന്ന തിനു മുമ്പ് പോസ്റ്റ് ചെയ്ത ഒരു ദുർബലനിമിഷമെന്ന് അവർ ദുഃഖത്തോടെ സമ്മതിക്കുന്നു.
മറിയ അയച്ച സ്വന്തം ഫോട്ടോ സർക്കസ്സാനയുടെ കൂടെ മന്ദഹസിച്ച് നിൽക്കുന്നതാണ്. അത് കാര്യങ്ങൾ മനസ്സിലാവുന്ന തിനു മുമ്പ് പോസ്റ്റ് ചെയ്ത ഒരു ദുർബലനിമിഷമെന്ന് അവർ ദുഃഖത്തോടെ സമ്മതിക്കുന്നു.

സോസലെക്സിനെപ്പറ്റി ചെറിയൊരു കുറിപ്പ് ‘വായനക്കാർ എഴുതുന്നു’ എന്ന കോളത്തിൽ വന്നു. ചിലർ മറിയ ഹെന്നസ്സിക്ക് കത്തുകളയച്ചു (വായനക്കാരുടെ കോളം ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. എഴുതുന്ന വായനക്കാരും എഴുതാത്ത വായനക്കാരും. പൊള്ളയായ കുറെ ‘പൂച്ചെണ്ടുകളർപ്പിക്ക’ലുകളിൽ ഒതുങ്ങിനിൽക്കാത്ത ഇവർ നല്ല നിരീക്ഷകരാണ്, നിരൂപകരാണ്) ആ വായനക്കാർക്കും എനിക്കും നന്ദി പറഞ്ഞുകൊണ്ട് മറിയ എഴുതിയ കത്തിലെ വാചകമാണിത്. നാം വീണ്ടും പറയുമായിരിക്കും, “ഈ ഇംഗ്ലീഷുകാരുടെ ഭ്രാന്ത്’’.

നിർഗുണമായ സമചിത്തതയെക്കാൾ പലപ്പോഴും ഫലം ചെയ്യുന്നു ഈ സ്വകാര്യ ഭ്രാന്തുകൾ. ഈ ഭ്രാന്തുണ്ടായിരുന്നില്ലെങ്കിൽ മറിയ തെറീസ എന്ന മഹതിയെ ഈ യുഗം കാണില്ല. ഇന്ത്യൻ സംഗീതം കേട്ട് ആവേശംകൊണ്ട് ആ നാടു കാണാൻ വാർദ്ധക്യത്തിൽ കാലിഫോർണിയയിലെ റൊഡണ്‍ഡോ ബീച്ചിലെ മനോഹരമായ വീടും ചിത്രകാരിയായ ഭാര്യയുടെയും മുതിർന്ന മക്കളുടേയും പരിചരണമുള്ള സുഖകരമായ അന്തരീക്ഷവും വിട്ട് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചൂടും വിയർപ്പും സഹിക്കാൻ ഹെർബ് എഗേഡ് എന്ന മനുഷ്യൻ രണ്ടു ക്യാമറകളടങ്ങുന്ന പെട്ടിയും തോളിൽ തൂക്കി മദ്രാസിലും കൊച്ചിയിലും തിരുവനന്തപുരത്തും വരില്ല. (ഇതെഴുതുമ്പോൾ അദ്ദേഹത്തിന്റെ കത്തും കമ്പിയും എന്റെ മേശപ്പുറത്തുണ്ട്.) മറിയ ഹെന്നസ്സി ഉദ്ധരിക്കണമെന്നാവശ്യപ്പെട്ട് അടയാളപ്പെടുത്തിയ കത്തിന്റെ ഭാഗമാണ് താഴെ:

“കഴിഞ്ഞ കാലത്ത് ബ്രീട്ടീഷ് ജനത മൃഗങ്ങളോടുള്ള സഹാനുഭൂതിക്ക് പ്രസിദ്ധരായിരുന്നു. അവർക്കിതിൽ മാറ്റംവരാൻ എന്തു സംഭവിച്ചു?’’

കുറ്റവാളികൾ!

വേദനയും ദുരിതവുമേൽപ്പിക്കുന്നതിൽ നാം കുറ്റവാളികളാണ്. ചോരയുടെ കറ പുരളാത്ത ഒരു കൈയും നമ്മുടെ ഇടയിൽ കാണില്ല. അവരുടെ രക്തം നമ്മുടെ കൈകളിൽ.

ഈയിടെ ഒരു ദിവസം ചില ഇന്ത്യൻ ആനകളെ കാണാൻ പോയി. ഇന്ത്യയിലല്ല, ഇംഗ്ലണ്ടിലെ തിരക്കുപിടിച്ച ലണ്ടനിൽ, അവയെ ഇടുങ്ങിയ സ്ഥലത്ത് ബന്ധിച്ചിട്ടിരിക്കുന്നു. അവയെ പ്രദർശിപ്പിക്കുന്ന സർക്കസ്സുകൾ കാണാൻ ആയിരക്കണക്കിനാളുകൾ വന്നു കൂടുന്നു. ക്രൂരതയുടെ ഫലങ്ങൾ കാണാൻ പവൻ കോരിച്ചൊരിയുന്നു.

മറ്റൊരു വിഡ്ഢിത്തം.

നാം വിഡ്ഢികളല്ല. എന്നിട്ടും പഞ്ചസാരക്കെട്ടുകൾക്കുവേണ്ടി ആനകൾ തലകുത്തി നിൽക്കുമെന്നും പഞ്ചാരവാക്കുകൾകൊണ്ട് തൃപ്തിപ്പെട്ട് അനുസരിക്കുമെന്നും കരുതുന്നു.

ക്രൂരമായ ഉപകരണങ്ങൾ - വിദ്യുച്ഛക്തി പായുന്ന കമ്പികൾ, ചാട്ടകൾ, കത്തിയുറപ്പിച്ച തോട്ടികൾ - കൊണ്ടാണ് മൃഗങ്ങളെ പരിശീലിപ്പിച്ചു പ്രകടനങ്ങൾക്കൊരുക്കുന്നതെന്ന് നമ്മിലെത്രപേർക്ക് അറിയും? റിങ്ങിലേക്ക് കടക്കാൻ മടിക്കുന്നവരെ കുത്തി വേദനിപ്പിക്കാൻ കുന്തമുനയുറപ്പിച്ച നീണ്ട തോട്ടികൾ ചാരിവെച്ചത് നാം ശ്രദ്ധിക്കാറില്ല.

സർക്കസ്സിലെ മൃഗങ്ങളുടെ കണ്ണുകൾ ഭ്രാന്താശുപത്രിയിലെ നഷ്ടപ്പെട്ട ആത്മാക്കളായ മനുഷ്യരുടെ കണ്ണുകൾ പോലെയാണ്. അവയ്ക്ക് തിളക്കമില്ല. ഇന്ത്യൻ കാടുകളിലെ ജ്വലിക്കുന്ന കണ്ണുകളല്ല, സർക്കസ്സ് നരികളുടേത്. രാജകീയപ്രൗഢിയുടെ തിളക്കമല്ല ആനകളുടെ കണ്ണിൽ. തകർന്ന ഹൃദയങ്ങൾ പേറുന്നവരുടെ ചൈതന്യമറ്റ ചുവന്ന കണ്ണുകൾ.

സർക്കസ്സിലെ മൃഗങ്ങളുടെ കണ്ണുകൾ ഭ്രാന്താശുപത്രിയിലെ നഷ്ടപ്പെട്ട ആത്മാക്കളായ മനുഷ്യരുടെ കണ്ണുകൾ പോലെയാണ്. അവയ്ക്ക് തിളക്കമില്ല. ഇന്ത്യൻ കാടുകളിലെ ജ്വലിക്കുന്ന കണ്ണുകളല്ല, സർക്കസ്സ് നരികളുടേത്. രാജകീയപ്രൗഢിയുടെ തിളക്കമല്ല ആനകളുടെ കണ്ണിൽ. തകർന്ന ഹൃദയങ്ങൾ പേറുന്നവരുടെ ചൈതന്യമറ്റ ചുവന്ന കണ്ണുകൾ.
സർക്കസ്സിലെ മൃഗങ്ങളുടെ കണ്ണുകൾ ഭ്രാന്താശുപത്രിയിലെ നഷ്ടപ്പെട്ട ആത്മാക്കളായ മനുഷ്യരുടെ കണ്ണുകൾ പോലെയാണ്. അവയ്ക്ക് തിളക്കമില്ല. ഇന്ത്യൻ കാടുകളിലെ ജ്വലിക്കുന്ന കണ്ണുകളല്ല, സർക്കസ്സ് നരികളുടേത്. രാജകീയപ്രൗഢിയുടെ തിളക്കമല്ല ആനകളുടെ കണ്ണിൽ. തകർന്ന ഹൃദയങ്ങൾ പേറുന്നവരുടെ ചൈതന്യമറ്റ ചുവന്ന കണ്ണുകൾ.

ദൈവത്തെയോർത്ത് കരുതൂ, അവർ നമ്മുടെ മൃഗങ്ങളാണ്. അവർ നിങ്ങളുടെയാണ്, ലോകത്തിലെല്ലാവരുടേയുമാണ്. ഭൂമിയിൽ അവയെ വിട്ടത് മനുഷ്യരുടെ നേരംപോക്കിനല്ല. അവരായിരുന്നു ഇവിടെ ആദ്യമെത്തിയവർ. അവരുടെ രക്ഷിതാക്കളാവേണ്ട നമ്മൾ നിർദ്ദയരായ മർദ്ദകരാവരുത്. 

ധനികരായ സർക്കസ്സുടമകൾക്കു കാടുകളിൽനിന്ന് അവയെ പിടികൂടി കൊണ്ടുവരാൻ എന്തവകാശം? നാമിത് സമ്മതിച്ചുകൊടുക്കണോ? ഇന്ത്യൻ കാടുകളിലാകെ ആയിരത്തിലേറെ ആനകൾ ബാക്കിയില്ല. രണ്ടായിരം നരികളാണ് കഷ്ടിച്ചിപ്പോഴുള്ളത്. ചെമ്പുലികൾ നാമാവശേഷമായി. ഏഷ്യൻ സിംഹങ്ങൾ - രാജകീയ പ്രൗഢിയുള്ള ആ മൃഗരാജന്മാർ - നൂറ്റമ്പതേ ബാക്കിയുള്ളൂ. മുതലകൾ കുറ്റിയറ്റുപോവാറായി.

വംശനാശമടുത്ത മൃഗങ്ങളുടെ പട്ടികയിൽ ഇരുപത്തിയഞ്ചോളം ഇനങ്ങളുണ്ട് പുതുതായി. പഴയ മുപ്പത്തഞ്ചിന്റെ പുറമെ, എന്നിട്ടും സർക്കസ്സുകാർ വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നു.

ഒന്നിനെ കെണിയിൽ കിട്ടുമ്പോൾ, ആ പ്രവർത്തനത്തിന്നിടയിൽ മൂന്നെണ്ണമെങ്കിലും ചത്തുപോകുന്നുവെന്നു മറക്കരുത്. മെരുക്കലിനിടയ്ക്ക് ചാവുന്നവ വേറെ. നരിയുടെയും സിംഹത്തിന്റെയും കാര്യത്തിൽ ഒമ്പതിലൊന്നാണ് അവസാനം പ്രദർശനത്തിനെത്തുന്നത്. മൃഗങ്ങളുടെ താമസസൗകര്യങ്ങൾ ദയനീയമാണ്. ഇതേ നിലയ്ക്കു നിങ്ങളോ ഞാനോ ഒരു നായയെ വളർത്തിയാൽ ശിക്ഷിക്കാൻ നിയമമുണ്ട്. നിയമം പലർക്കും പലതരത്തിലാണ്. സർക്കസ്സുടമയ്ക്ക് വേറെ.

വൃത്തികെട്ട, ആവശ്യത്തിനു തികയാത്ത ആഹാരം, കൂലിയില്ലാത്ത അദ്ധ്വാനം. ഒഴിവുദിവസമില്ല. രോഗം കൊണ്ട് പണിചെയ്യാതിരിക്കാൻ വയ്യ. അവർ പണമുണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കണം.

ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ സർക്കസ്സു മൃഗങ്ങളുടെ പ്രകടനം കാണാൻ പോവുക. നിങ്ങൾക്ക് ഇതിലൊന്നും കാര്യമില്ലെന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ നഗരത്തിൽ സർക്കസ്സ് പ്രകടനങ്ങൾ അനുവദിച്ചുകൊള്ളുക. നിങ്ങൾ എന്നെ പ്പോലെ ചിന്തിക്കുന്നുവെങ്കിൽ പ്രൗഢിയുള്ള ഈ ആനകളും സിംഹങ്ങളും നരികളും മൃതപ്രായരായി വിനോദിപ്പിക്കാൻ പ്രയാസപ്പെട്ട് നിൽക്കുന്ന കാഴ്ച നിങ്ങളുടെ ഹൃദയം തകർക്കും.

കബനിപ്പുഴക്കടുത്ത കാട്ടിലൂടെ ആനക്കൂട്ടങ്ങൾ ഖെദ്ദയിൽ കയറുന്നത് ഞാൻ കണ്ടിട്ടുണ്ട്. പറ്റാനകൾ ഞെരുക്കിനിർത്തി കഴുത്തിൽ വടമിട്ട് പുറത്തേക്ക് അവയെ കൊണ്ടുപോകുന്നതും. വാരിക്കുഴിയിൽനിന്ന് കരകയറാനുള്ള വെമ്പലിൽകൂടെ വീണ കുഞ്ഞിനെ ചവിട്ടിയരച്ച അമ്മയെ കണ്ടിട്ടുണ്ട്. കുഞ്ഞിന്റെ കൊച്ചു തുമ്പിക്കൈ, പുതഞ്ഞ മണ്ണിൽനിന്ന് വെളിയിൽ അൽപം മാത്രം കാണുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. മെരുക്കാൻ പ്രയാസമായവയുടെ കാൽനഖത്തിൽ ഇരുമ്പാണി അടിച്ചുകയറ്റും. അത് പഴുക്കും. ഊരിയെടുക്കില്ല. പിന്നെ വലിയ ശരീരാദ്ധ്വാനം വേണ്ട, മെരുക്കുന്നവന്. ചെറിയ കാരക്കോലുകൊണ്ട് ആണിയിലൊന്ന് പതുക്കെ കൊട്ടിയാൽ ആ പർവ്വതശരീരം വേദനകൊണ്ട് പുളയും. ആന ക്യാമ്പുകൾ ഞാൻ പലപ്പോഴും സന്ദർശിച്ചിട്ടുണ്ട്. പഴയ ആനക്കാരിലൊരാൾ പറഞ്ഞതാണ് നഖത്തിൽ അടിച്ചുകയറ്റുന്ന ഈ ആണിയുടെ രഹസ്യം. മറിയാ ഹെന്നസ്സിയോട് ഈയവസരത്തിൽ ഞാൻ മാപ്പു പറയുന്നു. കൂടെ ഒരു വിശദീകരണവും.

നിങ്ങൾ എന്നെ പ്പോലെ ചിന്തിക്കുന്നുവെങ്കിൽ പ്രൗഢിയുള്ള ഈ ആനകളും സിംഹങ്ങളും നരികളും മൃതപ്രായരായി വിനോദിപ്പിക്കാൻ പ്രയാസപ്പെട്ട് നിൽക്കുന്ന കാഴ്ച നിങ്ങളുടെ ഹൃദയം തകർക്കും.
നിങ്ങൾ എന്നെ പ്പോലെ ചിന്തിക്കുന്നുവെങ്കിൽ പ്രൗഢിയുള്ള ഈ ആനകളും സിംഹങ്ങളും നരികളും മൃതപ്രായരായി വിനോദിപ്പിക്കാൻ പ്രയാസപ്പെട്ട് നിൽക്കുന്ന കാഴ്ച നിങ്ങളുടെ ഹൃദയം തകർക്കും.

സർക്കസ്സ് എനിക്കെന്നും ഒരു പ്രിയപ്പെട്ട വിഷയമാണ്. സർക്കസ്സിനെപ്പറ്റി പണ്ടൊരു കഥ എഴുതിയതുകൊണ്ട് മാത്രമല്ല. സർക്കസ്സുകാരുടെ കൂടെ സൗകര്യം കിട്ടുമ്പോഴെല്ലാം ഞാൻ മണിക്കൂറുകൾ, ദിവസങ്ങൾ ചെലവഴിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ട്. മറിയയ്ക്ക് ചോദിക്കാം, എന്തുകൊണ്ട് ക്രൂരതയനുഭവിക്കുന്ന വന്യമൃഗങ്ങളെപ്പറ്റി എഴുതിയില്ല? ഞാൻ കൂടാരത്തിനകത്തും പരിസരത്തിലും കഴിയുമ്പോൾ, എ ക്ലാസ്സ് മെസ്സുകളുടെയും ബി ക്ലാസ്സ് മെസ്സുകളുടെയും (പന്തിതിരിവ് വരുമാനാടിസ്ഥാനത്തിൽ) മുമ്പിലൂടെ കടന്നുപോകുമ്പോൾ, ഉടമയുടെ ഫ്രിജ്ജും മിനിബാറും ആതിഥേയകളായി അഭ്യാസിനികളുമുള്ള എയർകണ്ടീഷൻഡ് കാരവനിൽ നിന്നിറങ്ങി നാലഞ്ചു ജീവിതങ്ങൾ ഒതുങ്ങിക്കൂടുന്ന ടാർപ്പാളിൻ തമ്പുകളുടെ മുമ്പിലൂടെ നടക്കുമ്പോൾ, കസവുടുപ്പുകളും ചായം തേച്ച കവിളുകളും സദസ്യർക്കു വേണ്ടി ‘സ്വിച്ചോൺ' ചെയ്ത ചിരികളുമായി രംഗത്തുവന്ന മറ്റൊരു സംഘം വളർത്തുമൃഗങ്ങളെപ്പറ്റിയാണ് ആലോചിച്ചിരുന്നത്.

കസവുടുപ്പുകളും ചായംതേപ്പും ചിരിയുമില്ലാതെ മുഷിഞ്ഞ നിക്ക റിട്ട് ബാന്റു സംഗീതവും വർണ്ണദീപവുമില്ലാത്ത പുലർവേളകളിൽ വലിയ കൂടാരത്തിനകത്ത് ഗുരുക്കളുടെ കൈപ്പത്തിയെയും ചൂരലി നെയും ഭയന്ന് ഉയർന്ന കമ്പിയിൽ എല്ലു വളയ്ക്കുന്ന ഒരു കൊച്ചു ബാലികയുടെ മങ്ങിയ മുഖം നിങ്ങൾ കണ്ടിട്ടുണ്ടോ?

ശ്രീമതി മറിയ ഹെന്നസ്സീ, നിങ്ങൾക്കു ചെയ്യുന്നതിനെല്ലാം നന്ദി. സൗകര്യപ്പെടുമ്പോൾ ആ മുഖംകൂടി കാണുക. ലണ്ടനിൽ ഇല്ലെങ്കിൽ ഇവിടെ വരൂ. ഞങ്ങളുടെ നാട്ടിൽ.

നിങ്ങളുടെ ഭ്രാന്തൻ സ്വപ്നമായിരിക്കും തിരിഞ്ഞുനോക്കുമ്പോൾ. ഇന്ന് മനുഷ്യരാശി ഊറ്റംകൊള്ളുന്ന പലതിന്റെയും ആരംഭം ഏതോ ഒരു ഭ്രാന്തൻ സ്വപ്നമായിരുന്നു.

എന്റെ ഒരു കഥാപാത്രത്തെ തിരുത്തട്ടെ; ജീവിതത്തിന്റെ കമ്പോളത്തിൽ വാണിഭം നടത്താൻ വിറ്റ സ്വപ്നങ്ങളുടെ ബാക്കി ഇനിയും കുറച്ചില്ലേ നമ്മുടെ കൈയിൽ കുറച്ചെങ്കിലും?

(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച കണ്ണാന്തളിപ്പൂക്കളു​ടെ കാലം എന്ന പുസ്തകത്തിൽനിന്ന്).


Summary: MT Vasudevan Nair about the cruelties humans do to animals including elephants. MT's old article republished.


എം.ടി. വാസുദേവൻ നായർ

ഇന്ത്യയിലെ മുതിർന്ന എഴുത്തുകാരിൽ ഒരാൾ. കഥ, നോവൽ, തിരക്കഥ, സിനിമ സംവിധാനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയൻ. നാലുകെട്ട്​, കാലം, മഞ്ഞ്​, അസുരവിത്ത്​, രണ്ടാമൂഴം എന്നിവ പ്രധാന നോവലുകൾ. ഇരുട്ടിന്റെ ആത്​മാവ്​, ​​​​​​​കുട്ട്യേടത്തി, വാരിക്കുഴി, ബന്ധനം, നിന്റെ ഓർമക്ക്​, വാനപ്രസ്ഥം, ദാർ-എസ്‌-സലാം,ഷെർലക്ക്‌ തുടങ്ങിയവ പ്രധാന കഥാ സമാഹാരങ്ങൾ. നി​ർമാല്യം, കടവ്​, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്​തു. 1995ൽ ജ്ഞാനപീഠ പുരസ്കാരം നേടി.

Comments