ദേവദാസ് വി.എം.

ഏറിനെയല്ല, അതിന്റെ കാരണത്തെയാണ് നാം എപ്പോഴും ഭയപ്പെടുന്നത്

നമുക്ക് ചുറ്റിലും അസ്വസ്ഥത പടർത്തിയ ഏറ് ആരിൽ നിന്നാണെന്നതിനും ഉത്തരമില്ല. അജ്ഞാതനായ ആ ഏറുകാരനെയാണ് നാമിപ്പോൾ ഭയപ്പെടുന്നതും- വി.എം. ദേവദാസിന്റെ ‘ഏറ്’ എന്ന നോവലിന്റെ വായന

"നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഇരുപത്തിരണ്ടാം പേജിലെ ഒരു വാചകം ഇവിടെ കമന്റ് ചെയ്യുക' എന്നായിരുന്നു ഒരു ദിവസം രാവിലെ സോഷ്യൽ മീഡിയയിൽ എന്നെ വരവേറ്റ വെല്ലുവിളി. വി. എം. ദേവദാസിന്റെ ഏറ് വായിക്കാനെടുത്തതും അന്ന് രാവിലെയായിരുന്നു. വെറുതെ ഒരു കൗതുകത്തിന് ഇരുപത്തിരണ്ടാം പേജിലേക്ക് ചാടിക്കയറി: "ആ ഭ്രാന്തൻ വേറൊന്നുങ്കൂടി ചെയ്യാറുണ്ട്. വെറുതെയിരിക്കുമ്പോൾ കട്ടുറുമ്പുകളെ തേടിച്ചെന്ന് എണ്ണമെടുക്കും. അതുപോലെ നീയും ഓർമ്മേലുള്ള ഉറുമ്പുകളെയൊക്കെ മെല്ലെ ഇറക്കിവിട്ട് കണക്കെടുക്കാൻ തുടങ്ങിക്കോ ശ്രീധരാ...' എന്ന വാചകമായിരുന്നു ഞാൻ അവിടെ കണ്ടത്.

കഥാസന്ദർഭം മനസ്സിലായില്ലെങ്കിലും ആ വാചകം തന്നെ കമന്റായി ഇടുകയും ചെയ്തു. പിന്നീട് നോവൽ വായിച്ച് ആ ഭാഗത്ത് എത്തിയപ്പോഴാണ് ഇത് നോവലിന്റെ ഇനിയുള്ള പുരോഗതിയെക്കുറിച്ചുള്ള ഒരു സൂചന കൂടിയാണെന്ന് മനസ്സിലാകുന്നത്. ഈ വാചകം സൂചിപ്പിക്കും പോലെ ശ്രീധരൻ എന്ന റിട്ടയേർഡ് പൊലീസുകാരൻ തന്റെ ഓർമ്മകളിലൂടെയും ജീവിതത്തിലൂടെയും നടത്തുന്ന കണക്കെടുപ്പാണ് "ഏറ്'. അതോടൊപ്പം വിശ്വാസം ആൾക്കൂട്ടത്തെ എത്രമാത്രം പരിഹാസ്യരാക്കിത്തീർക്കുന്നുവെന്ന് ആക്ഷേപഹാസ്യത്തിലൂടെ ഈ നോവൽ ചിത്രീകരിക്കുന്നു. അതേസമയം ഗൗരവകരമായ വിഷയങ്ങൾ ഗൗരവകരമായ വാക്കുകളിൽ അവതരിപ്പിക്കുന്ന ദേവദാസ് തന്റെ പതിവുശൈലി കൈവിട്ടിട്ടുമില്ല. ഇത് ഈ സമൂഹത്തിന് നേരെയുണ്ടായ ഒരു ഏറ് ആയിരുന്നെന്ന് നോവലിന്റെ അവസാനത്തിൽ വായനക്കാർക്ക് മനസ്സിലാകുന്നു.

ഡിൽഡോ- ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പുസ്തകം എന്ന ആദ്യ നോവൽ മുതൽ ദേവദാസിന്റെ പ്രധാനപ്പെട്ട പ്രമേയമാണ് കുറ്റവും ശിക്ഷയും. അതേസമയം ഇത് ഈ എഴുത്തുകാരന്റെ മാത്രം പ്രത്യേകതയുമല്ല. ആരാണ് കുറ്റത്തെയും ശിക്ഷയെയും നിർവ്വചിക്കുന്നതെന്ന് എഴുതപ്പെടുന്ന പല നോവലുകളും പരിശോധിക്കാറുണ്ട്. അതുകൊണ്ടാണ് ഏറ് എന്ന നോവലിന് അവസാനം പി. എൻ. ഗോപീകൃഷ്ണൻ ‘എറിയലും കൊള്ളലും’ എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിൽ ഇന്ത്യൻ പീനൽ കോഡ് മാത്രമല്ല നോവലുകളും കുറ്റത്തെയും ശിക്ഷയെയും തലനാരിഴ കീറി പരിശോധിക്കുന്നുവെന്ന് പറയുന്നത്. ഈ കുറ്റവും ശിക്ഷയുടെയും തലം 2018ൽ ഏറെ നിരൂപക ശ്രദ്ധ നേടിയ ദേവദാസിന്റെ തന്നെ പന്തിരുകുലം എന്ന കഥയിലും കാണാം. അതേസമയം രൂപകൽപ്പനയിൽ ദേവദാസിന്റെ മറ്റ് കൃതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ നോവൽ.

ഒരു ഉച്ചയുറക്കത്തിൽ കിടക്കുന്നതിന്റെ നേരെ മീതെ മേൽക്കൂരയിൽ ഒരു തുളവീഴുന്നതായി ഇയാൾ കണ്ട സ്വപ്നമാണ് ഈ നോവലിലേക്കെത്തിച്ചത്.

അവനവനിലേക്ക്​ തിരിച്ചെത്തുന്ന ഏറ്​

പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യന്റെ ആദിമ യുദ്ധമുറയായ ഏറ് തന്നെയാണ് നോവലിന്റെ അടിത്തറ. മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ഉപകരണമായിരുന്നു കല്ല്. മൃഗങ്ങളെ വേട്ടയാടാനും തീയുണ്ടാക്കാനുമെല്ലാം സ്വയം സംരക്ഷണമൊരുക്കാനുമെല്ലാം അവൻ കല്ലിനെ ഉപയോഗിച്ചു. എറിയുമ്പോൾ ആ കല്ല് ആയുധമായി മാറുകയും ചെയ്തു. പ്രസവം കഴിഞ്ഞു കിടക്കുന്ന മകളെ പരിചരിക്കാൻ ഭാര്യ വിദേശത്തേക്ക് പോയതോടെ വീട്ടിൽ ഒറ്റയ്ക്കായി പോയ ശ്രീധരന്റെ മനസ്സിനെ അസ്വസ്ഥമാക്കി അത്തരത്തിൽ ഒരു ഏറ് കൊള്ളുന്നു. ഏറ് തുടരുന്നതോടെ പഴയ ആ വീടിന്റെ ഓരോ ഭാഗങ്ങളിലെയും ഓടുകൾ പൊട്ടുന്നു. ഒടുവിൽ കിടപ്പുമുറിയിലെ ഓടും പൊട്ടുന്നതോടെ ആകാശത്തിന്റെ ഒരു കീറും അയാളുടെ അസ്വസ്ഥതകൾക്ക് കൂട്ടാകുന്നു. എറിയുന്നവനെ അന്വേഷിച്ചുള്ള അയാളുടെ യാത്രയാണ് ഈ നോവൽ. തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും താനെയ്ത ഏതോ ഒരായുധം ബൂമറാംഗ് പോലെ തിരികെയെത്താനിടയുള്ള എല്ലാ സാഹചര്യങ്ങളിലൂടെയും അയാളുടെ ഓർമകൾ കടന്നുപോകുന്നു. അയാൾ തന്റെ ഓർമയിലുള്ള ഉറമ്പുകളെയെല്ലാം എണ്ണാൻ തുടങ്ങുന്നു. മനുഷ്യർ മാത്രമല്ല, അമാനുഷിക ശക്തികളും ഇവിടെ സംശയിക്കപ്പെടുകയാണ്. ഏറിന് പിന്നിലെ അമാനുഷിക ശക്തികളുടെ സാന്നിധ്യം ഒളിഞ്ഞിരുന്ന അന്ധവിശ്വാസങ്ങളെ വെളിച്ചത്തെത്തിക്കുന്നു. പരിഹാരമായി ക്ഷേത്രനിർമാണം നിർദ്ദേശിക്കപ്പെടുന്നതോടെ വിഷയം നാട്ടുകാർ ഏറ്റെടുക്കുകയും അവർ മൂന്ന് തട്ടിലാകുകയും ചെയ്യുകയാണ്. അത് ഒരു കൂട്ടയേറിൽ കലാശിക്കുകയും നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെടുകയും ശ്രീധരൻ സുഖമായി ഉറങ്ങുകയും ചെയ്യുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.

നാടകത്തിലെ അരങ്ങിൽ സംവിധായകൻ ഒരു തോക്ക് തൂക്കിയിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും രംഗത്ത് പൊട്ടാനുള്ളതാണ്. ഏറെന്ന് പേരുള്ള ഈ നോവലിൽ എഴുത്തുകാരൻ അതിനായി കരുതി വച്ചിരിക്കുന്നത് ഒരു ചല്ലിക്കൂനയാണ്. ആ ചല്ലിക്കൂനയിൽ നിന്ന് കല്ലുകൾ പെറുക്കിയെടുത്ത് ആൾക്കൂട്ടം നോവലിലെ ഒടുക്കത്തെ ഏറ് എറിയുന്നു. അതും പരസ്പരം. ഓരോ ഏറും അവനവനിലേക്ക് തന്നെ തിരിച്ചെത്തുന്നു. ബൂമറാംഗിനെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. തിരികെയെത്തുമ്പോൾ വിദഗ്ധമായി പിടിച്ചെടുക്കാനായില്ലെങ്കിൽ സ്വന്തം തല പിളർക്കുകയാകും അത് ചെയ്യുക. നാട്ടുകാർ പരസ്പരം എറിയുന്ന ഏറുകൾ അവനവനിലേക്ക് തന്നെ പതിക്കുന്നതിന് കാരണമായ തോക്കായി ആ ചല്ലിക്കൂനയ്ക്കൊപ്പം ഇവിടെ ബൂമറാംഗും മാറുകയാണ്.

സ്വപ്നങ്ങൾ കാണുന്നതിനിടെ ഞെട്ടിയെഴുന്നേൽക്കുമ്പോഴാണ് പലപ്പോഴും തനിക്ക് കഥകളുടെ ആശയങ്ങൾ വീണുകിട്ടാറുള്ളതെന്ന് നോവലിന്റെ ആമുഖത്തിൽ ദേവദാസ് സമ്മതിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിൽ ഭാര്യയ്ക്കും കുഞ്ഞുമക്കൾക്കുമൊപ്പം വാതിലടച്ച് വീട്ടിനകത്തിരിക്കുമ്പോഴുണ്ടായ ഭയവും മാനസികസംഘർഷവും മറികടക്കാൻ തനിക്ക് സാധിച്ചത് ഈ നോവലിന്റെ എഴുത്താണെന്നും എഴുത്തുകാരൻ പറയുന്നു. ഒരു ഉച്ചയുറക്കത്തിൽ കിടക്കുന്നതിന്റെ നേരെ മീതെ മേൽക്കൂരയിൽ ഒരു തുളവീഴുന്നതായി ഇയാൾ കണ്ട സ്വപ്നമാണ് ഈ നോവലിലേക്കെത്തിച്ചത്. ഉണർന്നപ്പോൾ താഴെ കിടക്കുന്ന ഒരു കളിപ്പാട്ടത്തിന്റെ തിളക്കം മേൽക്കൂരയിൽ പതിക്കുന്നു. കണ്ടത് സ്വപ്നം തന്നെയോ അല്ലയോയെന്ന് ആർക്കും തോന്നാവുന്ന സാഹചര്യം. ഉണർവ്വിനും ഉറക്കത്തിനുമിടയിലെ ചുരുക്കം നിമിഷങ്ങളെ എവിടെയെങ്കിലും കോറിയിടാൻ സാധിച്ചാൽ അത് ദൃശ്യഭംഗിയുള്ള നോവൽ ആയി തീരും. പക്ഷെ പലപ്പോഴും റിയലിസ്റ്റിക് ആയിരിക്കില്ലെന്ന ഒരു പ്രശ്നം സ്വപ്നത്തിനുണ്ട്. റിയലിസ്റ്റിക് അല്ലാത്ത സ്വപ്നങ്ങൾ മറ്റുള്ളവർക്ക് യാതൊരു വിധത്തിലും മനസ്സിലാകണമെന്നുമില്ല. സ്വപ്നങ്ങളെ വ്യാഖ്യാനിച്ച സിഗ്മണ്ട് ഫ്രോയിഡിനെ തന്നെ ദേവദാസ് നോവലിന്റെ തുടക്കത്തിൽ കൂട്ടുപിടിക്കുന്നതും അതിനാലാകും.

എല്ലാം വളരെ സ്വസ്ഥമായി പോകുമ്പോഴായിരിക്കും ചില ഏറുകൾ ആ സ്വസ്ഥതയ്ക്കുമേൽ ഒരു തുള വീഴ്ത്തുക. ഏതൊരു ഏറിനും ഒരു ഉന്നമുണ്ടാകും. ദേവദാസിന്റെ ഏറിന് കൃത്യമായ ഒരു ഉന്നമുണ്ട്.

കല്ലിന് പകരം അപമാനത്തെ ചുഴറ്റിയെറിഞ്ഞവനായിരിക്കും ഒരു സംസ്‌കാരത്തിന്റെ സ്ഥാപകൻ എന്ന ഫ്രോയിഡിന്റെ വാക്കുകളാണ് ദേവദാസ് നോവലിന്റെ ആമുഖത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ശ്രീധരന് തന്റെ വീടിന് നേരെയുണ്ടാകുന്ന കല്ലേറ് തന്റെ വ്യക്തിത്വത്തിന് നേരെയുള്ള ഏറായും അപമാനമായും പലപ്പോഴും തോന്നുന്നുണ്ട്. ചിലപ്പോഴെങ്കിലും ഇയാൾ കാണുന്ന സ്വപ്നം മാത്രമാണോ അതെന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യുന്നു. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുമ്പോഴാണ് പലപ്പോഴും മറ്റുള്ളവർക്ക് കൂടി ഉൾക്കൊള്ളാനാകുന്ന വിധത്തിൽ അതിനെയൊരു സാഹിത്യകൃതിയോ ദൃശ്യകൃതിയോ ആക്കിമാറ്റാൻ സാധിക്കുക. അങ്ങനെ നോക്കിയാൽ ദേവദാസിന്റെ ഏറ് അത്തരത്തിൽ വിജയിച്ച ഒരു സ്വപ്നമാണ്.

ചിത്രീകരണം: ബോണി തോമസ്

എല്ലാം വളരെ സ്വസ്ഥമായി പോകുമ്പോഴായിരിക്കും ചില ഏറുകൾ ആ സ്വസ്ഥതയ്ക്കുമേൽ ഒരു തുള വീഴ്ത്തുക. ഏതൊരു ഏറിനും ഒരു ഉന്നമുണ്ടാകും. ദേവദാസിന്റെ ഏറിന് കൃത്യമായ ഒരു ഉന്നമുണ്ട്. അത് സമൂഹത്തിന് നേരെയാണ്. ലക്ഷ്യമിട്ടതുപോലെ അത് വായനക്കാരുടെയുള്ളിൽ ഒരു തുള വീഴ്ത്തുന്നുമുണ്ട്. സമൂഹമെന്നത് തങ്ങളുടെ താൽപര്യങ്ങൾക്കടിസ്ഥിതമായി വിശ്വാസത്തെ നിർവ്വചിക്കുന്ന ഒരു കൂട്ടമാണെന്നാണ് ദേവദാസിന്റെ സാങ്കൽപ്പിക കല്ല് പതിയുമ്പോൾ തെളിയുന്നത്. നോവലിലെ അജ്ഞാതനായ ആ ഏറുകാരനും ഒരു ഉന്നമുണ്ട്. ആ ഉന്നം എത്തിച്ചേരുന്നത് നോവൽ ഇടത്തിലെ സമൂഹത്തിലേക്കാണ്. അത് ആ സമൂഹത്തിൽ ഒരു തുള വീഴ്ത്തുന്നു. നാട്ടുകാരെല്ലാം അസ്വസ്ഥരായി ഉറങ്ങാതിരിക്കുന്ന നോവലിലെ അവസാന രാത്രിയിൽ ശ്രീധരൻ മാത്രം സ്വസ്ഥമായി ഉറങ്ങുന്നു. ശ്രീധരൻ ആരെ അന്വേഷിച്ചാണോ നോവലിലുടനീളം ഓടി നടക്കുന്നത് അത് ഒരാളല്ല ആൾക്കൂട്ടമാണെന്ന് മനസ്സിലാക്കിയാണ് അയാളുടെ ഉറക്കം. എന്നാൽ ഇനി സ്വസ്ഥതയില്ലാത്തത് സമൂഹത്തിനാണെന്നതിനാൽ ശ്രീധരൻ തന്നെയായിരുന്നോ ആ അജ്ഞാത ഏറുകാരനെന്ന സംശയവും ബാക്കിയാകുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സമൂഹമാകെ അത്തരമൊരു അസ്വസ്ഥതയിലാണ്. വീടുകളിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ അവർ അസ്വസ്ഥരാകുന്നു. അതും സ്വസ്ഥമായ ജീവിതം നയിച്ചുകൊണ്ടിരിക്കെ 2019 ഡിസംബറിൽ പെട്ടെന്നുണ്ടായ ഒരു ഏറിന്റെ തുടർച്ച അനുഭവിക്കുകയാണ് നാമെല്ലാവരും ഇപ്പോൾ. നോവലിൽ പ്രത്യക്ഷമായി എറിയപ്പെടുന്ന കല്ലും പരോക്ഷമായി ശ്രീധരനും ആരുടെ ഉപകരണമാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല. അതുപോലെ നമുക്ക് ചുറ്റിലും അസ്വസ്ഥത പടർത്തിയ ഏറ് ആരിൽ നിന്നാണെന്നതിനും ഉത്തരമില്ല. അജ്ഞാതനായ ആ ഏറുകാരനെയാണ് നാമിപ്പോൾ ഭയപ്പെടുന്നതും. ▮

Comments