""...മുറിഞ്ഞ് മുറിഞ്ഞ് ഇഴയുന്ന എന്റെ എഴുത്തുജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഒരു ചോദ്യം മുരൾച്ചയോടെ വന്ന് നെഞ്ചിൽ തറയ്ക്കാറുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം സ്വന്തം സർഗാത്മക ജീവിതം ഇങ്ങനെ കുരുതി കൊടുക്കേണ്ടിവരുന്നത്? ഞാൻ നിശ്ശബ്ദയായിരുന്നപ്പോൾ ചില വായനക്കാരെങ്കിലും ഗ്രേസി എന്ന എഴുത്തുകാരി എവിടെയാണ് മാഞ്ഞുപോയത് എന്ന് ഖേദിച്ചിട്ടുണ്ട്. എന്നാൽ എന്റെ ഭർത്താവിനെ അതൊന്നും അലട്ടിയിട്ടേയില്ല! ഒരു കൈകൊണ്ട് തൊട്ടിലാട്ടി മറുകൈ കൊണ്ട് എഴുതിയ ലളിതാംബിക അന്തർജനത്തെക്കുറിച്ച് ഓർമപ്പെടുത്തി എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച വായനക്കാരുണ്ട്. അന്തർജനത്തിന് പ്രസവിക്കാനുള്ള ചെറുപ്പം ഉണ്ടായിരുന്നു എന്ന് ഞാൻ അവരോട് ചിരിച്ചു. മകളുടെ കുഞ്ഞുങ്ങളെ വളർത്താൻ എഴുത്ത് ജീവിതം കുരുതികൊടുത്തതിൽ കൂട്ടുകാരായ ചില എഴുത്തുകാർ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന് ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന ഭാര്യയുടെ ജീവിതത്തിൽ ആഴ്ചയിലൊരിക്കൽ ഒന്ന് മിന്നിത്തെളിഞ്ഞ് മടങ്ങിപ്പോകാനല്ലേ കഴിയൂ? യുവതിയായ ഒരമ്മയേയും രണ്ട് പൊടിക്കുഞ്ഞുങ്ങളേയും ഒറ്റയ്ക്കാക്കി ഞാനെന്റെ സർഗാത്മക ജീവിതത്തിന്റെ പിറകേ അലയുന്നത് എത്ര മനുഷ്യത്വമില്ലായ്മയായിപ്പോകും?''- ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 11ലാണ് പ്രമുഖ എഴുത്തുകാരി ഗ്രേസി, സ്ത്രീകളുടെ സർഗാത്മക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങളെ സ്വന്തം ജീവിതം ആധാരമാക്കി രേഖപ്പെടുത്തുന്നത്.
""ചില പാതിരാത്രികളിൽ കുത്തിയിരുന്ന് ഞാൻ ആരാണെന്ന് ഓർക്കാൻ ശ്രമിച്ചു. ഇടയ്ക്കൊക്കെ, എനിക്ക് വേറൊരു ജന്മമുണ്ടായിരുന്നു എന്നും അക്കാലത്ത് ഞാനൊരു കഥയെഴുത്തുകാരിയായിരുന്നു എന്നും അവ്യക്തമായൊരു ഓർമ വന്ന് എന്നെ മുറിപ്പെടുത്തി. അക്ഷരങ്ങളുടെ വെളിച്ചമില്ലാതെ എന്റെ ജീവിതം ഇരുളിലാണ്ടു. ഒരിക്കൽ ആരോ ദയാപൂർവ്വം മറന്നുവെച്ച ഒരു പെൺമാസിക കണ്ണിലുടക്കിയപ്പോൾ ഞാനത് കൈയിലെടുത്തു. താളുകൾ മറിച്ചപ്പോൾ ഒരെഴുത്തുകാരിയുടെ കഥകണ്ട് മോഹിതയായി ഇതിലേയ്ക്കിറങ്ങിച്ചെന്നു. വായിക്കാൻ തുടങ്ങിയാൽ ആകാശമിടിഞ്ഞ് തലയിൽ വീണാലും അറിയാത്ത പ്രകൃതം ഒരു നിമിഷത്തേയ്ക്ക് എന്നെ ചുറ്റിപ്പിടിച്ചു. ഒന്നരവയസ്സുകാരി ആ നേരംകൊണ്ട് സെറ്റിയിൽ പിടിച്ച് കയറി സ്വിച്ചമർത്തുന്നത് കണ്ട് ഞാൻ ചാടിയെഴുന്നേറ്റപ്പോഴേയ്ക്കും തലകുത്തി തറയിൽ വീണ് കഴിഞ്ഞിരുന്നു. തലയിലെ ചെറുനാരങ്ങമുഴ എന്നെ കുറ്റബോധത്തിൽ നീറ്റി. അതിനുശേഷം അക്ഷരങ്ങൾ മുന്നിൽവന്നുപെട്ടാൽ ഞാൻ ഓടിയൊളിക്കുക പതിവായി...''
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ അതിതീവ്രമായ അനുഭവക്കുറിപ്പ് വായിക്കാം, കേൾക്കാം, വെബ്‌സീൻ പാക്കറ്റ് 11ൽ.