സൈജുവും റുബീനയും സഹജീവനത്തിലാണ്.
എം.ടെക് അവസാനസെമ്മിൽത്തന്നെ അവർ ചിന്നക്കടയിലുള്ള ചെറിയ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. സഹപാഠികൾ പ്ലേസ് മെൻറ് ഇന്റർവ്യൂകൾക്കായി നെട്ടോട്ടമോടുമ്പോൾ, അവർ പുസ്തകം വായിച്ചും പാട്ടുകേട്ടും പാചകപരീക്ഷണങ്ങൾ നടത്തിയും പഴയകാല തമാശസിനിമകൾ വീണ്ടും വീണ്ടും കണ്ടും ജീവിതത്തെ അപ്പൂപ്പൻതാടിപോലെ ഊതിപ്പറപ്പിച്ചു.
അപ്പൂപ്പൻതാടി, സൈജുവിന്റെ ഉപമയാണ്. റുബീനയ്ക്ക് അത് സോപ്പുവെള്ളത്തിൽ കൈമുക്കിത്തൊഴുത്, നടുവിലെ വിടവിലൂടെ ഊതിവീർപ്പിച്ച വലിയ കുമിളയുടെ തിളക്കമാണ്. ഭാവിയെക്കുറിച്ച് ആശങ്കയില്ലാത്ത ലോകത്തിലെ ആദ്യത്തെ പെണ്ണ് എന്നായിരുന്നു റുബീനയ്ക്ക് സൈജു നൽകിയ ബഹുമതി. സ്ത്രീകളുടെ യഥാർത്ഥ ലൈംഗികാവയവം കണ്ണുകളാണെന്ന കണ്ടുപിടുത്തത്തിനാണ് സൈജുവിന് ക്രെഡിറ്റ്. രണ്ടു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകൾ അങ്ങനെ ഒന്നിച്ചുവാഴുംകാലം.
‘‘മണ്ണാങ്കട്ടയും കരിയിലയും തമ്മിൽ വാസ്തവത്തിൽ പ്രണയമായിരുന്നു'', ഒരിക്കൽ റുബീന തർക്കിച്ചു. ‘‘അവരെ ചുമ്മാ കാശിക്കു പറഞ്ഞയച്ചത് നമ്മുടെ സദാചാരകമ്മിറ്റിയാണ്''.
‘‘ആഹാ, അപ്പോൾ അവരുടെ സെക്ഷ്വൽ പൊസിഷനാണോ കാറ്റത്തും മഴയത്തും മാറിമാറി വന്നത്?''
‘യേസ്?', തിളങ്ങുന്ന ഒരു റുബീനച്ചിരി സമ്മാനിച്ച് അവൾ അവനെ ഇക്കിളിയാക്കി.
‘‘അപ്പോൾ കാറ്റും മഴയും വന്നപ്പോഴോ?''
‘‘അതവരുടെ വിധി. കഥകളുടെയെല്ലാം വിധി. അല്ലാതെന്ത്?, ‘അങ്ങനെ മണ്ണാങ്കട്ടയും കരിയിലയും ഏറെക്കാലം സുഖമായി ജീവിച്ചു’ എന്നവസാനിപ്പിച്ചാൽ നമുക്കെന്തോ പോരായ്മ തോന്നില്ലേ''
‘‘നമ്മുടെയും വിധി ഇങ്ങനെയാവുമോ?''
റുബീന അവന്റെ കഴുത്തിലൂടെ വലയം ചെയ്ത് രണ്ടുകണ്ണുകളിലും ചെറിയ ഓരോ ഉമ്മകൾ കൊടുത്തു. ഇതുപോലുള്ള ഉത്തരഉമ്മകൾ കിട്ടാനായി സൈജു സ്വന്തം വിധിയെടുത്ത് ഇടയ്ക്കിടെ കളിക്കാറുണ്ട്. 2- ബി.എഛ്.കെ ഫ്ലാറ്റിൽ അവരുടെ സ്വകാര്യതകൾക്കായി രണ്ടു ബെഡ്‌റൂമുകളുണ്ട്. ‘മറ്റയാൾ സ്വന്തം മുറിയിൽ എന്തുചെയ്യുന്നു എന്ന് അന്വേഷിക്കരുത്' എന്നാണ് അവർ തമ്മിലുള്ള കരാറുകളിലൊന്ന്. സെക്‌സിനായി മാത്രം ഡൈനിംഗ് സ്‌പേസിൽ ഒരു കട്ടിലിട്ടിട്ടുണ്ട്. അതിലെ കിടക്കയിൽ ചുളിവുകൾ വീഴാതെ സൂക്ഷിക്കേണ്ടത് രണ്ടുപേരുടേയും പ്രൊഡക്റ്റിവിറ്റിയുടെ ഉത്തരവാദിത്തമാണ്. ലിവിംഗ് റൂമിലെ വലിയ സ്‌ക്രീനിൽ പ്രോജക്റ്ററുപയോഗിച്ച് സിനിമകൾ കാണാനും ഹോം തീയറ്ററിൽ സംഗീതം കേൾക്കാനും കയ്യിലെ പ്ലേറ്റിലെ ഭക്ഷണവുമായി അവർ സോഫയിലെത്തും.
‘നല്ല കുടുംബജീവിതത്തിന് മിനിമം അടുക്കള' - അതാണ് അവരുടെ മുദ്രാവാക്യം.
‘നല്ല' എന്ന് ഒരു മൂച്ചിനങ്ങു പറഞ്ഞുവെന്നേയുള്ളൂ. ആർക്കുവേണം, നോക്കിനിൽക്കുന്നവരുടെ സർട്ടിഫിക്കറ്റ്? കഴിയുന്നത്ര വൈകാരിക സത്യസന്ധത പുലർത്താനായാൽത്തന്നെ ധാരാളം.
ആദ്യമൊക്കെ ഭൂലോകത്തെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ‘വേസ്റ്റ് ഡിസ്‌പോസൽ'. ഓരോ നഗരത്തിന്റെയും സമൃദ്ധിയ്ക്കു മറുപുറം ഒരു വലിയ ചേരിയുണ്ട് എന്നു പറയുംപോലെയാണ് സ്വാദിഷ്ഠമായ ഭക്ഷണത്തിനുശേഷം ഈ അവശേഷിപ്പുകളുടെ പ്രതികാരം. ഇറച്ചിയെല്ലുകളും മീൻമുള്ളുകളും മുട്ടത്തോടുകളും ഒരുദിവസത്തിൽക്കൂടുതൽ വച്ചിരിക്കാൻ പറ്റില്ല. എത്ര കടുത്ത സ്‌നേഹബന്ധത്തിലായാലും പങ്കാളിയുടെ എച്ചിൽ ഒരു അശ്ലീലം തന്നെയാണ്.
അടുത്തുള്ള പന്നിവളർത്തൽ കേന്ദ്രത്തിൽനിന്നും ദിവസവും ആളുവരാൻ തുടങ്ങിയതോടെ തികച്ചും അൺറൊമാന്റിക്കായ ആ പ്രശ്‌നത്തിൽനിന്നും കഷ്ടിച്ച് മോചനമായി. വീടുവൃത്തിയാക്കാൻ വരുന്ന ചേച്ചിക്ക് പച്ചക്കറിയവശിഷ്ടങ്ങൾതന്നെ കൈകാര്യംചെയ്യാൻ അറപ്പാണ്. പലരും അധികദിവസം നിൽക്കാത്തത് ഇക്കാര്യം കൊണ്ടാണ്. ഒടുവിൽ അതുകൂടി രണ്ടുപേരുടേയും ഉത്തരവാദിത്തമാണെന്ന് ബൈലോയിൽ എഴുതിച്ചേർത്തതോടെ ഫ്ലാറ്റിൽ വെള്ളക്കൊടി പാറി.
അവരുടെ ഒത്തുകളിക്ക് കൊറോണയുടെ ആയുസ്സാണ്. കൃത്യമായി പറഞ്ഞാൽ 2020 മാർച്ച് 22ന് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ' സംഘടിപ്പിക്കപ്പെട്ട ‘ജനതാകർഫ്യൂ'വിന്റെ അന്നാണ് അവർ കൂടെപ്പൊറുപ്പ് തുടങ്ങുന്നത്. വാർത്തകളിൽ വൈറസ് മൂലമുള്ള അജ്ഞാതപനി പടരുന്നതായി അങ്ങിങ്ങു കാണാമെന്നല്ലാതെ അവൻ നമ്മുടെ വിധിയെടുത്തു കളിക്കുമെന്ന് സങ്കല്പിക്കാനാവാത്ത കാലത്തായിരുന്നു അവർ ഒന്നിച്ചു താമസിക്കാനായി ഫ്ലാറ്റന്വേഷിച്ചത്. പക്ഷേ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്നു വൈകുന്നേരം അഞ്ചുമണിക്ക് ബാൽക്കണികളിലും ടെറസുകളിലും നിന്ന് കൈകൊട്ടിയും കിണ്ണത്തിൽ മുട്ടിയും ആളുകൾ അവർക്കായി മംഗളാശംസകൾ നേർന്നു.
വരാനിരിക്കുന്ന വലിയ വിലക്കുകൾക്കുള്ള പരിശീലനമായിരുന്നു അതെന്ന് ആരും ഓർത്തില്ല. ടി.വി. തുറന്നാൽ ഭയം വമിക്കുന്ന വാർത്തകൾ മാത്രം. റുബീനയുടെ സ്വതസിദ്ധമായ അശുഭാപ്തിവിശ്വാസം വെറുതേ അവർക്കിടയിൽ ഒരു നീരസമായി പടരുന്നുണ്ടായിരുന്നു. ഒന്നിക്കലിന്റെ ആദ്യമുഹൂർത്തങ്ങൾ ആഘോഷിക്കുന്നതിനു പകരം അവർ അന്നു പട്ടിണികിടക്കാൻ തീരുമാനിച്ചു.
അടുത്തദിവസം അവർ പുറത്തിറങ്ങിയെങ്കിലും ആളുകളെല്ലാം സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങി, സ്റ്റോക്കുചെയ്യുന്നതുകണ്ട് അവർക്ക് ചിരിവന്നു. ഭാവി ഒരിക്കലും അവർക്കൊരു ബാധ്യതയാവരുതെന്ന് അലിഖിതകരാറുണ്ടല്ലോ. പക്ഷേ ഇനി ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോയാലോ എന്നോർത്ത് രണ്ടുസുഹൃത്തുക്കൾ ഓട്ടോയിൽ കുറേ അരിയും പച്ചക്കറികളും കൊണ്ടുകൊടുത്തു.
‘‘നിങ്ങൾക്കിടയിൽ അപ‘സ്വര'ങ്ങളില്ലാതിരിക്കാൻ ഇതാ പല‘വ്യഞ്ജന'ങ്ങൾ''. അവർ പിരിഞ്ഞപ്പോൾ ‘ചില്ലു'പോലെ ചിരിച്ച് റുബീന സാധനങ്ങളെടുത്തുവച്ചു. പച്ചക്കറികൾ വലിയ പാത്രത്തിലെ വെള്ളത്തിൽ വിനീഗറൊഴിച്ച് സൈജു കുതിർത്തുവച്ചു. അപ്പോഴാണ് ‘കൂട്ടക്ഷരം'പോലെ കെട്ടിപ്പുണർന്നിരിക്കുന്ന ഒരു ക്യാരറ്റ് കണ്ണിൽപ്പെട്ടത്. ഇതു കഴിക്കാൻ ധൈര്യമുണ്ടോ എന്ന് അവളുടെ അന്ധവിശ്വാസങ്ങളുടെ കടയ്ക്കൽ കത്തിവെച്ചുകൊണ്ട് സൈജു ചോദിച്ചു. ‘ഇരട്ടപ്പഴമാണ് പ്രശ്‌ന'മെന്ന് അവൾ പകുതി സീരിയസായി പറഞ്ഞു. പുതിയ പല ശീലങ്ങളും അവർ മനസ്സില്ലാമനസ്സോടെ പാലിച്ചുതുടങ്ങി. അവരുടെ സ്വകാര്യതയിലേക്ക് സാനിറ്റൈസറിന്റെ രൂക്ഷഗന്ധം ഇടയ്ക്കിടെ കുത്തിത്തുളച്ചു കയറി.
ദിവസങ്ങൾ കഴിയുന്തോറും പുറംലോകം വലിയ ഇരുണ്ട ഒരു വിങ്ങലായി മാറുന്നത് നടുക്കത്തോടെ അവരറിഞ്ഞു. ഇതാ തീർന്നു എന്നു കരുതി കഷ്ടിച്ച് ദിവസങ്ങൾ തള്ളിനീക്കുമ്പോൾ ലോക്ക്ഡൗൺ കാലാവധി പിന്നെയും പിന്നെയും നീട്ടിക്കൊണ്ടിരുന്നു. മാർച്ച് 24 മുതൽ മെയ് അവസാനം വരെ, അങ്ങനെയങ്ങനെ ഏതാണ്ട് രണ്ടരമാസം സൈജുവിന്റെയും റുബീനയുടെയും മധുവിധുക്കാലം ലോകത്തിന്റെ ഗൂഢാലോചന തകർത്തുകളഞ്ഞു.
പക്ഷേ മുറികളിൽ അടഞ്ഞിരിക്കാൻ നിർബന്ധിക്കപ്പെട്ട അക്കാലത്താണ് അവർ സ്വന്തമായ ഒരു ‘സ്റ്റാർട്ടപ്പി'നായുള്ള ഗൗരവതരമായ ആലോചനയിലെത്തുന്നത്. പരസ്പരബന്ധമില്ലാത്ത പല പല ആശയങ്ങളും അവർ ആലോചിച്ചുതുടങ്ങി. ‘പ്രൊഡക്റ്റിവിറ്റി ആപ്പ്' എന്നൊരാശയമായിരുന്നു ആദ്യം റുബീന മുന്നോട്ടുവച്ചത്. അതായത് നമുക്ക് ഒന്നും ചെയ്യാനില്ലാത്ത ചില നിമിഷങ്ങളെ ഉപയോഗപ്രദമാക്കാനുള്ള ഒരു സാധ്യത. വാഹനമോടിക്കുമ്പോൾ, ഒരുമിനിട്ടിൽക്കൂടുതൽ സമയം നിൽക്കേണ്ടിവരുന്ന സിഗ്‌നലിൽ ആ ചുരുങ്ങിയ സമയത്തെ പ്രയോജനപ്പെടുത്താനുള്ള വഴി.
സിഗ്‌നലിലെ മിന്നൽവേളകളിൽ കച്ചവടം നടത്തുന്ന രാജസ്ഥാനിപ്പെണ്ണുങ്ങളാണ് അവൾക്ക് ആ ആശയത്തിന് പ്രചോദനമായത്. കൈക്കുഞ്ഞുമായി വന്ന് കാറിന്റെ വിൻഡ്‌സ്‌ക്രീനിലേക്ക് സോപ്പുവെള്ളം തെറിപ്പിച്ച് നിമിഷനേരംകൊണ്ടതു തുടച്ചുവൃത്തിയാക്കി ഭിക്ഷയാചിക്കുന്ന വിദ്യ അവളുടെ കണ്ണുനനയിച്ചിട്ടുണ്ട്. കാറോടിക്കുന്നയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കാൻ ഇടകൊടുക്കാതെ അവർ ചെയ്യുന്ന മാസ്മരികത!
‘വൺ മിനിറ്റ് വൊക്കാബുലറി' എന്നായിരുന്നു അവൾ തന്റെ ആശയത്തിന് ആദ്യം പേരിട്ടത്. ഒരു മിനിട്ടു നേരംകൊണ്ട് ഇംഗ്ലീഷ് പദാവലികളിൽ ചിലത് ഉച്ചാരണവും ഉദാഹരണവും സഹിതം പരിശീലിപ്പിക്കുന്ന ഒരു ആപ്പ്. ഡ്രൈവിംഗ് വേളയിൽ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോണിൽനിന്ന് ശബ്ദരൂപത്തിലാണ് ഇത് പ്രവർത്തിക്കുക. വാഹനം ഓട്ടം നിലച്ച് പത്തുസെക്കന്റിനുള്ളിൽ ആപ്പ് സ്വയം ഉണർന്ന് പ്രവർത്തിച്ചുതുടങ്ങും. അതുതന്നെ ഒന്നുകൂടി വികസിപ്പിച്ച്, മറ്റുപല സാധ്യതകളും കൂട്ടിച്ചേർത്തപ്പോൾ അത് ‘നിമിഷ പ്രൊഡക്റ്റിവിറ്റി ആപ്പാ'യി. ഇംഗ്ലീഷ് വൊക്കാബുലറി പോലെത്തന്നെ രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ, സിനിമാപ്പാട്ടിന്റെ രാഗം കണ്ടുപിടിക്കൽ, പൊതുവിജ്ഞാന പ്രശ്‌നോത്തരി, കുസൃതിച്ചോദ്യങ്ങൾ, കടംകഥ, കണക്കിലെ കളികൾ, അടുക്കള ഹാക്‌സ് അങ്ങനെയങ്ങനെ പല പല സാധ്യതകളും കൂട്ടിച്ചേർക്കപ്പെട്ടു.
‘‘പക്ഷേ സിഗ്‌നലിൽ കുടുങ്ങി നിൽക്കുന്ന എല്ലാവരും ഇംഗ്ലീഷോ പൊതുവിജ്ഞാനമോ പഠിക്കാനുള്ള മൂഡിലായിരിക്കണമെന്നില്ലല്ലോ'' സൈജു അതിന്റെ പ്രായോഗികവശം ഉന്നയിച്ചു.
‘‘വേണ്ട, നമുക്ക് ആരെയും നിർബന്ധിക്കണ്ട. ഓടിക്കുന്നയാളുടെ മൂഡ് അനുസരിച്ച് തഞ്ചത്തിൽ ഓരോന്നു സജസ്റ്റ് ചെയ്താലോ?''
‘‘അതെങ്ങനെ?''
‘‘നമുക്ക് ഇതൊരു സമഗ്രമായ ഡ്രൈവിംഗ് ആപ്പായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ മതി. നിർമിതബുദ്ധിയുപയോഗിച്ച് ഒരാളുടെ ഡ്രൈവിംഗ് ശീലങ്ങൾ ക്രമേണ ആപ്പ് പഠിച്ചു തുടങ്ങുന്നു. എപ്പോഴൊക്കെയാണ് അയാൾ അല്ലെങ്കിൽ അവൾ ഡ്രൈവ് ചെയ്യുന്നത്, ജി.പി.എസ് ഉപയോഗിച്ച് ആ യാത്രികന്റെ ഡെസ്റ്റിനേഷൻ ഏതൊക്കെയാണ്, ഓഫീസിലേക്കാണ് യാത്രയെങ്കിൽ സ്ഥിരം സമയം, വഴികൾ, ട്രാഫിക്കിന്റെ സ്വഭാവം, ദിവസവും കേൾക്കുന്ന ഓഡിയോ ബുക്കിന്റെ വിവരങ്ങൾ, അതുമടുക്കുമ്പോൾ അയാൾ കേൾക്കുന്ന പാട്ടുകളുടെ സ്വഭാവം, ട്രാഫിക്കൊഴിഞ്ഞ വഴികളിലെത്തുമ്പോൾ അയാൾ ഫോണിൽ വിളിക്കുന്ന കോൺടാക്ട് നമ്പറുകൾ, കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ അപ്പോഴത്തെ പ്രിഫറൻസസ്, അങ്ങനെയങ്ങനെ നിരന്തരം ഡീപ് ലേണിംഗ് നടത്തി ആ ഡ്രൈവിന്റെ മുഴുവൻ വിവരവും ആപ്പ് ശേഖരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റ് ചെയ്ത് വാഹനം സ്റ്റാർട്ട് ചെയ്താൽ നമ്മുടെ ആപ്പ് പ്രവർത്തനസജ്ജമാവുന്നു. ബാക്കിയെല്ലാം 'അവൾ' നോക്കിക്കൊള്ളും.''
റുബീന തന്റെ ആപ്പ് സ്വയം വളരുന്നതുകണ്ട് അന്തിച്ചുനിന്നു.
‘‘കുടുംബത്തോടൊപ്പം ഡ്രൈവ് ചെയ്യുമ്പോൾ വരുന്ന ചില രഹസ്യകോളുകൾ ബ്ലോക്കുചെയ്യാനും അതിലേക്ക് ഓട്ടോ റിപ്ലൈ അയക്കാനും ആപ്പിൽ സൗകര്യമുണ്ടാവുമല്ലോ അല്ലേ...''
സൈജുവിന്റെ കുസൃതിച്ചിരിയിൽ റുബീനയും പങ്കുചേർന്നു.
‘‘തനിമലയാളി!''
സൈജുവിനെന്തായാലും ആ ആശയം നന്നായി ബോധിച്ചു. ശരിക്കും റിസേർച്ച് ചെയ്ത് വികസിപ്പിച്ചെടുക്കുകയാണെങ്കിൽ അതൊരു ഗംഭീരവിജയമാവും എന്നുറപ്പാണ്.
‘‘ആ യാത്രയിൽ ആക്‌സിഡൻറ് സംഭവിച്ചാൽ അതിന്റെ ഇംപാക്റ്റ് അനുസരിച്ച് ഫയർഫോഴ്‌സിലേക്കും പൊലീസിലേക്കും എമർജൻസി കോൺടാക്റ്റിലേക്കും സന്ദേശം സ്വയം അയക്കാനുള്ള സൗകര്യം വരെ നമുക്കു നൽകാനാവും''.
‘‘എക്‌സലൻറ്...! ഇത് പൊളിക്കും!''.
സൈജുവിന്റെ സന്തോഷം വാസ്തവത്തിൽ റുബീനയ്ക്കുള്ള അംഗീകാരമായിരുന്നു. സഹജീവനത്തിന്റെ ഉരുക്കുചേരുവയാണ് ഈ പരസ്പര അംഗീകാരമെന്ന് അവരറിയാതെ ഉറപ്പിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ഈ ആശയത്തിന്റെ ‘കൺസെപ്റ്റ് മാപ്പിംഗ്' നടത്തിയാൽ പ്രോഗ്രാം എഴുതാനായി കൂട്ടുകാരിൽനിന്ന് ഒരു ടീമിനെ ക്ഷണിക്കാമെന്ന് അവർ തീരുമാനിച്ചു. കേൾക്കുമ്പോൾ ചെറുതായി തോന്നുമെങ്കിലും നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ അത്ര നിസ്സാരമല്ലെന്ന് രണ്ടുപേർക്കും അറിയാം. അത് അവതരിപ്പിച്ച് കുറേയേറെ ആളുകൾ ഉപയോഗിച്ചുതുടങ്ങിയാൽ മാത്രമേ അതിന്റെ പ്രശ്‌നങ്ങൾ പോലും തിരിച്ചറിയാനാവൂ. അതാണ് അത്തരം ആപ്പുകളുടെ പ്രധാനപ്രശ്‌നം. എങ്കിലും സമയബന്ധിതമായിത്തന്നെ ആ ആശയവുമായി മുന്നോട്ടുപോകാൻ അവർ തീരുമാനിച്ചു.
ദിവസങ്ങൾ പിന്നെപ്പിന്നെ കറുത്തുവന്നു.
കോവിഡ് മരണങ്ങളുടെ സംഖ്യ കുതിച്ചുയരുന്നത് അന്തരീക്ഷത്തിൽ വലിയ പേടിസ്വപ്നമായി ഉയരുന്നുണ്ടായിരുന്നു. അന്നൊക്കെ ആവർത്തിച്ചുകേട്ട ഒരു അശ്ലീലവാക്യം, ‘ഭയം വേണ്ട, ജാഗ്രത മതി' എന്നതായിരുന്നു. മരണം മഴയായി പെയ്തുകൊണ്ടിരിക്കുമ്പോഴാണ് സർക്കാരിന്റെ ജാഗ്രതത്തമാശ! പണ്ട് പരീക്ഷിത്ത് മഹാരാജാവ്, തക്ഷകന്റെ വരവ് ഏതുരൂപത്തിലായിരിക്കും എന്ന് പേടിച്ച് ഓരോ സാധനവും പരിശോധിച്ചുമാത്രം തന്റെ മാളികയിലേക്കു കയറ്റുംപോലെ, പുറത്തുനിന്നുള്ള ഓരോ സാധനത്തിലും - പാൽക്കവറിലും ബിസ്‌ക്കറ്റ് പാക്കറ്റിലും വരെ - അവന്റെ സാന്നിധ്യം അനുഭവിച്ച് സോപ്പും സാനിറ്റൈസർ സ്‌പ്രേയും സമൃദ്ധമായി പ്രയോഗിച്ചുകൊണ്ടിരുന്നു.
റുബീന തന്റെ ആശയത്തിന്റെ മാപ്പിംഗിനായി ശ്രമിച്ചുകൊണ്ടിരിക്കെ, സൈജു വായനയിലേക്കു തിരിഞ്ഞു. മാറിത്താമസത്തിനിടയ്ക്ക് ഏതുമൂഡിലും വായിക്കാവുന്ന പുസ്തകങ്ങളെന്നു കരുതി കയ്യിൽവച്ചത് എസ്.കെ.യുടെ സഞ്ചാരസാഹിത്യവും ബഷീറിന്റെ സമ്പൂർണകൃതികളുമായിരുന്നു. പിന്നെ ഒരു കൂട്ടുകാരൻ സമ്മാനിച്ച ഇ- റീഡറുമുണ്ട് (അതുണ്ടെങ്കിൽ പിന്നെ പത്തുജന്മത്തിലേക്കുള്ള വായന ഉറപ്പിക്കാമെന്ന് അവൻ ഓർമിപ്പിച്ചിരുന്നു).
ബഷീർ!
രണ്ടുവോള്യം സാഹിത്യം എവിടുന്നു വേണമെങ്കിലും പകുത്ത് എത്രനേരം വേണമെങ്കിലും വായിക്കാമല്ലോ എന്നത്ഭുതത്തോടെ സൈജു ഓർത്തു. എന്തു രസമാണത്! മറ്റേതു സാഹിത്യത്തിനാണ് ഈ ഗുണമുണ്ടാവുക! തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ബഷീർ കൂടെയുണ്ടായിരുന്നു. എല്ലാ പ്രായങ്ങളേയും എൻഗേജ് ചെയ്യുന്ന അസാമാന്യ മാന്ത്രികനാണ് ബഷീർ. ഉറപ്പിച്ചുപറയാം, മലയാളത്തിലെ ഒരേയൊരു നിത്യഹരിത എഴുത്തുകാരൻ!
അത്രയും ആലോചിച്ചപ്പോഴാണ് ഒരു സംശയം സൈജുവിനു തോന്നിയത്. എല്ലാ പ്രായക്കാരേയും തൃപ്തിപ്പെടുത്തുമെങ്കിലും ആണിനേയും പെണ്ണിനേയും ബഷീർ ഒരുപോലെ അഡ്രസ് ചെയ്യുന്നുണ്ടാവുമോ? പ്രത്യേകിച്ചും മുസ്ലിം പശ്ചാത്തലത്തിൽ വളർന്ന റുബീനയ്ക്ക് ബഷീർ എങ്ങനെയിരിക്കും? എഴുത്തിലുടനീളം തന്റെ വിശ്വാസങ്ങളും ധാരണകളും യാതൊരു സങ്കോചവുമില്ലാതെ തുറന്ന് ആവിഷ്‌ക്കരിക്കാറുള്ള ബഷീറിനെ റുബീന എങ്ങനെ കാണുന്നുവെന്നറിയാൻ വെറുതേയൊരു കൗതുകം തോന്നി.
‘‘കാഠിന്യത്തിന്റെ പര്യായമാകുന്നു സ്ത്രീ. തനി ഡുക്കുഡു ഡുക്കുഡു ആകുന്നു സ്ത്രീ...''
‘‘സ്ത്രീകളുടെ തലയ്ക്കുള്ളിൽ നിലാവെളിച്ചമാണ്.''
‘‘പെണ്ണിന്റെ ഡബിൾ ഡബിൾ ഡബിൾ ക്രൂരഹൃദയം'' - എന്നൊക്കെ ബഷീർ സ്വന്തം നിലയ്ക്കുതന്നെ - കഥാപാത്രത്തിന്റെ ചെലവിലല്ല - തട്ടിവിടുമ്പോൾ ഇതൊക്കെ ആസ്വദിക്കുന്ന സ്ത്രീകളുണ്ടാവുമോ? ഇങ്ങനെയൊക്കെ കളിയാക്കപ്പെടാനും അവഹേളിക്കപ്പെടാനും സ്ത്രീകൾക്ക് ഇഷ്ടമായിരിക്കുമോ? ആണെങ്കിൽ അതിന്റെ സൈക്കോളജി ഒന്നന്വേഷിക്കുകതന്നെ വേണം, സൈജു ആലോചിച്ചു. ബഷീറിന്റെ ജനസമ്മതി സ്ത്രീകൾക്കിടയിൽ എത്രത്തോളമാണെന്ന് ഒരു സർവ്വേ നടത്തിനോക്കണം. എന്തിന് റുബീനയോടുതന്നെ ഇക്കാര്യം സംസാരിച്ചുനോക്കാവുന്നതാണല്ലോ! സൈജു ഒരു സന്ദർഭത്തിനായി കാത്തിരുന്നു.
വൈകുന്നേരം അവർ താമസിക്കുന്ന ഫ്ലാറ്റിനു പിന്നിലുള്ള ചെറിയ പാർക്കിൽ നടക്കാനിറങ്ങിയപ്പോഴാണ് സൈജു ആ സംശയം റുബീനയോട് ഉന്നയിച്ചത്.
‘‘റുബീനയ്ക്ക് ബഷീർസാഹിത്യം ഇഷ്ടമാണോ?''
‘‘ഇഷ്ടമാണോന്നോ? ജീവനല്ലേ! എന്താ ചോദിച്ചത്?''
‘‘ഹേയ്, അല്ല, എന്റെയും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് ബഷീർ. പക്ഷേ എല്ലാ പ്രായക്കാരേയും ബഷീർ തൃപ്തിപ്പെടുത്തുംപോലെ ആണിനേയും പെണ്ണിനേയും അദ്ദേഹം ഒരുപോലെ ആകർഷിക്കുന്നുണ്ടോ എന്നാണ് എന്റെ സംശയം.''
‘‘അയ്യോ അങ്ങനെ ഞാൻ ആലോചിച്ചിട്ടില്ല. പക്ഷേ ശരിയാണ്. പലപ്പോഴും എന്റെ സ്ത്രീത്വത്തെ ബഷീർ വല്ലാതെ പ്രൊവോക്ക് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. പറഞ്ഞാൽ വിശ്വസിക്കില്ല, ബഷീർ അവസാനകാലത്തെഴുതിയ ഒരു ഭഗവദ്ഗീതയും കുറേ മുലകളും എന്നൊരു വർക്കില്ലേ? അതുവായിച്ച് ഞാൻ കുളിമുറിയിലെ കണ്ണാടിയിൽ നോക്കിനിന്നിട്ടുണ്ട്.''
സൈജുവിന് ചിരിയും ഒപ്പം ചെറിയൊരു വിഷമവും വന്നു. പാവം. ആ ഭാഗം തനിക്കും നന്നായി ഓർമ്മയുണ്ട്. മുലകളുടെ ഘോഷയാത്ര! പേട്ടുമുല, നെല്ലിക്കാമുല, സൂചിമുല, അടയ്ക്കാമുല, മരോട്ടിയ്ക്കാമുല, വഴുതനങ്ങാമുല, പമ്പരമുല, പപ്പായമുല, ചക്കമുല... വർണ്ണിച്ചു വർണ്ണിച്ചു കാടുകയറുമ്പോൾ അതിന്റെ കുറ്റബോധംകൊണ്ടാണോ എന്നറിയില്ല, സ്വന്തം അമ്മയുടെ മുലയും ബഷീർ ഓർമ്മിക്കാൻ ശ്രമിക്കും. അവിടെയെത്തുമ്പോൾ കളിമാറി! അതുപിന്നെ ജീവന്റെ ആധാരമായി! പിന്നെയൊരു കാച്ച്, ‘‘നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഭരിച്ചിരുന്ന പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓർമ്മകളാകുന്നു ഈ സുന്ദരമുലകൾ'' എന്ന്.
‘‘പക്ഷേ എനിക്കദ്ദേഹത്തോട് ദേഷ്യമൊന്നും തോന്നിയില്ല കേട്ടോ.''
‘‘അങ്ങേർക്ക് മുലകൾ ഭയങ്കര ഒബ്‌സെഷനാണ്. ഓർമയില്ലേ, ‘ഭും' എന്നു നിൽക്കുന്ന മുലകൾ!''
സഭ്യതയുടെ നേർത്ത വരമ്പിലൂടെ വളരെ സാഹസികമായാണ് സൈജു കടന്നുപോയത്. റുബീനയുടെ ആത്മാഭിമാനത്തെ നോവിക്കാതെ ബഷീർ വർണ്ണനകളെക്കുറിച്ചു ചർച്ചചെയ്യുന്നത് സാഹസമാണെന്ന് അയാൾക്കറിയാം.
‘‘ബഷീറിന്റെ ഒറിജിനൽ സ്ത്രീസങ്കല്പം തെളിഞ്ഞുകാണുക, ഒരുപക്ഷേ വേമ്പനാട്ടുകായലിൽ വലിച്ചുകീറിക്കളഞ്ഞ ‘സ്ത്രീ' എന്ന ചെറിയ നോവലിലായിരിക്കാം. അത് ബഷീറിന്റെ കരിയറിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്നു മണത്തറിഞ്ഞായിരിക്കണം നിരൂപകൻ എം. പി. പോൾ അത് നിരസിച്ചുകളഞ്ഞത്. ‘സഭ്യതയുടെയും വികാരത്തിന്റെയും അതിരുകടന്നുപോയിരിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ കമൻറ്.''
റുബീന മൂളി. അതിന്റെ അർത്ഥമെന്തെന്ന് സൈജുവിന് വായിച്ചെടുക്കാനായില്ല. അന്നുരാത്രി അവർ രണ്ടുപേരും കൂടി ബഷീറിന്റെ കൃതികൾ പലഭാഗം പകുത്തുവായിച്ചു. ബഷീറും കുറേ മുലകളും കൂടി അവർക്കിടയിൽ എന്തൊക്കെയോ തടസ്സങ്ങൾ സൃഷ്ടിച്ചതുപോലെ സൈജുവിനു തോന്നിയിരുന്നു. നളചരിതം രണ്ടാംദിവസത്തിൽ നളനും ദമയന്തിയും ഒറ്റയ്ക്കായ ആദ്യനിമിഷങ്ങൾ അയാൾക്ക് ഓർമ്മവന്നു. ‘അതിശക്തരായ എത്രയോ ശത്രുക്കളെ നിഷ്പ്രയാസം തോല്പിച്ച എനിക്ക് നിന്റെ ഈ ലജ്ജ മാത്രമാണ് ഒരേയൊരു വൈരി' എന്നൊക്കെ പറഞ്ഞൊപ്പിക്കുന്ന നളന്റെ ധർമ്മസങ്കടം! ആദ്യരാത്രിയിലെ ഭർത്താക്കന്മാരുടെ ധാർമ്മികപ്രതിസന്ധിയാണത്. മുൻകൈയെടുത്താൽ പിടിക്കപ്പെടുമോ എന്ന പേടി. മുൻകൈയെടുത്തില്ലെങ്കിൽ അവൾ മാർക്കിടുമോ എന്നും പേടി. അവിടെ അറേഞ്ച്ഡ് മാര്യേജും ലിവിംഗ് ടുഗെതറും ഒന്നും ഭേദമില്ല. ‘അനുരാഗത്തിന്റെ ദിനങ്ങ'ളുടെ അവസാനഭാഗം തപ്പിപ്പിടിച്ച് സൈജു വായിച്ചതോടെ അവർക്കിടയിലെ മഞ്ഞുരുകൽ പൂർണ്ണമായി.
സരസ്വതീദേവിയുടെ സ്‌റ്റൈലിൽ റുബീന ചോദിച്ചു,‘Do you want me to?'
ബഷീർ തന്ന ധൈര്യത്തിൽ സൈജു മറുപടി പറഞ്ഞു.‘Yes.'
‘‘ആകാശമാകുന്ന നെഞ്ചിലെ രണ്ട് അത്ഭുത പൂനിലാവുകൾ!'’ അതുകണ്ട് സൈജു ബഷീറിന് ആത്മാർത്ഥമായി നന്ദിപറഞ്ഞു.
പിറ്റേന്ന് നേരത്തേയുണർന്ന സൈജു കുറേനേരം ഇന്റർനെറ്റിലൂടെ അലഞ്ഞുതിരിഞ്ഞ് യുറേക്കാമട്ടിൽ റുബീനയെ വിളിച്ചുണർത്തി.
‘‘അതേയ്, എനിക്ക് ഒരു ഐഡിയ തോന്നുന്നു. ഇംഗ്ലീഷിലെ ‘ഗ്രാമർലി', ‘ഹെമിംഗ് വേ' ആപ്പുകൾ പോലെ മലയാളത്തിൽ ഒരു കോപ്പിഎഡിറ്റിംഗ് സോഫ്റ്റ് വെയർ! അതിന് ബഷീർ എനിക്കു കൂട്ടാവും''.
ഉറക്കപ്പിച്ചോടെ റുബീന അതു കേട്ടിരുന്നു.
‘‘നല്ല മലയാളത്തിന് ബഷീർ ആപ്പ്, എങ്ങനെയുണ്ട്?''
‘‘നല്ല മലയാളത്തിന് മാരാരല്ലേ നല്ലത്? മലയാളശൈലിയുണ്ടല്ലോ മോഡലായിട്ട്.''
‘‘അതല്ല റുബീന, ബഷീർ മലയാളിയുടെ ഒരു വീക്ക്‌നെസ്സാണ്. മാരാരെ അറിയുന്ന തലമുറയൊക്കെ തീർന്നുപോയി. മാത്രവുമല്ല, ഭാഷയ്ക്കുമേലുള്ള ഒരുതരം റാഡിക്കൽ അപ്രോച്ചുണ്ടല്ലോ ബഷീറിന്. വ്യാകരണം വേണ്ട. ശുദ്ധമലയാളം വേണ്ട. ഇംഗ്ലീഷും സംസ്‌കൃതവുമൊക്കെ യഥേഷ്ടം പ്രയോഗിക്കാം. എന്തിന് ലോകത്തെവിടെയുമില്ലാത്ത വാക്കുകളൊക്കെ ബഷീർ നിഘണ്ടുവിലില്ലേ? ഹിത്തിന ലുട്ടാപ്പി, ബഡുക്കൂസ്, ഡുങ്കുഡുത്തഞ്ചി, ഡങ്കുഡിങ്കാഹോ... അങ്ങനെ എത്രയെത്ര പദങ്ങൾ!''
‘‘അതുകൊണ്ടെന്താ...? ഇതൊക്കെ നിങ്ങടെ റൈറ്റിംഗ് ആപ്പിൽ അനുവദനീയമാണെന്നാണോ?''
‘‘അതല്ല, ഭാഷയുടെ മർമ്മമാണ് ബഷീർ തൊടുന്നത്. യാതൊരു മസിലുപിടുത്തവുമില്ലാത്ത മലയാളം''.
‘‘പക്ഷേ ഇത് വർക്ക് ഔട്ടാവാൻ ഒത്തിരി വെള്ളംകുടിക്കേണ്ടിവരും''.
‘‘അതുതീർച്ച. എന്നാലും അതിൽ വർക്ക് ചെയ്യാൻ തന്നെ നല്ല രസമായിരിക്കും. ചിലപ്പോ ആദ്യത്തെ സ്റ്റേജ് കംപ്ലീറ്റാവാൻ തന്നെ വർഷങ്ങളെടുത്തെന്നിരിക്കും. എന്തായാലും, ഒരുകൈ നോക്കാം അല്ലേ?''
റുബീനയുടെ കണ്ണടയൂരി, ബഷീർസാഹിത്യമനുസരിച്ചുതന്നെ രണ്ടു കണ്ണുകളിലും അയാൾ ഉമ്മവെച്ചു.
അന്നുതന്നെ ഇക്കാര്യത്തിൽ വ്യക്തതയ്ക്കും നിർദ്ദേശങ്ങൾക്കും വേണ്ടി സൈജു തന്റെ പലസുഹൃത്തുക്കൾക്കും സന്ദേശമയച്ചു. പലരും പല രീതിയിലാണ് പ്രതികരിച്ചത്. അവയിൽ രസകരമായ ഒരു മറുപടി, പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത ജർമ്മൻ സംഗീതജ്ഞൻ ബാഹിന്റെ സംഗീതത്തിന്റെ മാതൃകയിൽ പിൽക്കാലത്ത് നിർമ്മിതബുദ്ധിയുപയോഗിച്ച് കമ്പ്യൂട്ടർ പുനഃസൃഷ്ടിച്ചതിനെക്കുറിച്ചായിരുന്നു. 'ഡീപ് ലേണിംഗ്' ഉപയോഗിച്ച് കമ്പ്യൂട്ടർ നിർമിച്ച സംഗീതത്തിന് ‘ഡീപ് ബാഹ്' എന്നാണ് അവർ പേരിട്ടത്. യഥാർത്ഥ ‘ബാഹ്' സംഗീതവും ഇതും വിദഗ്ദ്ധരെ കേൾപ്പിച്ചപ്പോൾ കമ്പ്യൂട്ടറിന്റേത് ഒറിജിനലും യഥാർത്ഥത്തിലുള്ളത് കൃത്രിമവുമാണെന്ന് അവർ വിധിയെഴുതിയത്രേ. അത്രയ്ക്കു സ്വാഭാവികമായി കമ്പ്യൂട്ടർ പുതിയ ‘ബാഹ് സംഗീതം' നിർമിച്ചുവെന്നാണ് കൂട്ടുകാരൻ പറഞ്ഞത്.
മറ്റൊരു സുഹൃത്ത്, മലയാളഭാഷാകമ്പ്യൂട്ടിംഗിന്റെ ബുദ്ധിരാക്ഷസൻ, സന്തോഷ് തോട്ടിങ്ങൽ സൈജുവിന് കുറേയേറെ സാമഗ്രികൾ അയച്ചുകൊടുത്തു. പ്രധാനമായും ഷേക്‌സ്പിയറിന്റെ മാതൃകയിൽ കമ്പ്യൂട്ടർ കാവ്യങ്ങൾ രചിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. ഷേക്‌സ്പിയറിനു തത്തുല്യമായി ഡീപ് ലേണിംഗിൽ ഒരു ‘ഡീപ്-സ്പിയർ' നിർമിക്കപ്പട്ടു. ഷേക്‌സ്പിയറിനേക്കാൾ നാച്ചുറലായി ‘ഡീപ്-സ്പിയർ' സോണറ്റുകൾ രചിച്ചുതുടങ്ങിയ കഥ.
വളരെയധികം കുഴപ്പം പിടിച്ചതും എന്നാൽ അതിലേറെ ത്രില്ലടിപ്പിക്കുന്നതുമായ ഒരു പ്രോജക്ടിലാണ് കൈവച്ചിരിക്കുന്നതെന്ന് സൈജു തിരിച്ചറിയുന്നുണ്ടായിരുന്നു. സന്തോഷിന്റെ കുറിപ്പ് സൈജു വീണ്ടും വീണ്ടും വായിച്ചു. എങ്ങനെയെങ്കിലും തന്റെ പദ്ധതിക്ക് ഒരു രൂപമുണ്ടാക്കണമല്ലോ.
‘‘എല്ലാതരം ഡീപ് ലേണിങ്ങ് സംവിധാനങ്ങൾക്കും ആദ്യം വേണ്ടത് കൊട്ടക്കണക്കിന് ഡാറ്റയാണ്. ബഷീറിന്റെ കാര്യത്തിലാണെങ്കിൽ ബഷീറിന്റെ സമ്പൂർണകൃതികളുടെ ഉള്ളടക്കം ടെക്സ്റ്റായി (യുണിക്കോഡ്) സമാഹരിക്കും. അതാണ് ന്യൂറൽ നെറ്റ് വർക്കിന്റെ ഇൻപുട്ട്. ഇത് ‘പഠിക്കാനുള്ള' നെറ്റ് വർക്ക് സാധാരണയായി റെക്കറൻറ് ന്യൂറൽ നെറ്റ് വർക്ക് ആണ്. Recurrent Neural Network - RNN. നിരവധി ലേയറുകളുള്ള ഈ നെറ്റ് വർക്കിൽ ഓരോ ലേയറും തമ്മിൽ നിരവധി കണക്ഷനുകളുണ്ടാകും. സംഭാഷണങ്ങൾ, വാചകങ്ങൾ, ഹാൻഡ് റൈറ്റിങ്ങ് തുടങ്ങിയ പരസ്പരബന്ധമുള്ള ഡാറ്റകളുടെ ശ്രേണികളെ ‘പഠിക്കാൻ' ഉപയോഗിക്കുന്നത് RNN ന്റെ തന്നെ LSTM എന്ന തരം ന്യൂറൽ നെറ്റ് വർക്ക് ആർക്കിടെക്ചറാണ്. Long short-term memory - LSTM.’’
എന്തായാലും ഇത്തരമൊരു പ്രോജക്ടിനായി ബഷീർ സാഹിത്യത്തെ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവരുമെന്നുറപ്പ്. എത്ര നിസ്സാരമായാണ് സന്തോഷ് തോട്ടിങ്ങലിനെപ്പോലുള്ളവർ സാഹിത്യത്തേയും ഭാഷയേയും ഡിസെക്ട് ചെയ്യുന്നത്. അങ്ങനെ ചെയ്താൽമാത്രമേ അതിന്റെ മർമം പിടികിട്ടൂ. അവിടംവരെയെത്തിയാൽ രക്ഷപ്പെട്ടു. പിന്നെ ‘ബഷീറിന് എന്തൊരു ബഷീറത്തം' എന്നു കമ്പ്യൂട്ടറിന് തിരിച്ചറിയാനാവും. അവിടെനിന്ന് വീണ്ടും മുന്നേറി, ‘I am more Basheer than Basheer' എന്ന കമ്പ്യൂട്ടർ ആത്മഗതത്തിലേക്ക് എത്തിക്കാൻ കഴിയണം. അതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം, സൈജു ഓർത്തു.
ആവിപറക്കുന്ന സുലൈമാനിയും പശ്ചാത്തലത്തിൽ ഹോംതീയറ്ററിൽ നിന്നൊഴുകുന്ന സൈഗാൾ സംഗീതവുമായി റുബീനയെത്തി.
‘‘എൻ. എസ്. മാധവന്റെ ബഷീർ വിമർശനം ഓർമയുണ്ടോ?''
‘‘പിന്നേ, ബഷീർസാഹിത്യത്തിലെ ‘കറുത്ത ഗർത്ത'ങ്ങളല്ലേ? മൂപ്പര് ശരിക്കും ഞെട്ടിച്ചുകളഞ്ഞില്ലേ!''
‘‘ലോകസഞ്ചാരത്തിന്റെ ചെലവിൽ, ജീവിതാനുഭവത്തിന്റെ താങ്ങിൽ, ഉന്മാദത്തിന്റെ മറവിൽ ഒരാളും വിശ്വസാഹിത്യകാരനാവണ്ട എന്നേ എൻ. എസ്. ഉദ്ദേശിച്ചുള്ളൂ. സാഹിത്യംകൊണ്ടുമാത്രം ബഷീർ ഇനിയും രണ്ടുനൂറ്റാണ്ട് വായിക്കപ്പെടും. സൈജുവിന്റേതുപോലുള്ള ബഷീറനുബന്ധ വ്യവസായങ്ങൾ ഇനിയും ഏറെ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അല്ലേ?''
അതിൽ ചെറുതായൊരു കുത്ത് തനിക്കുണ്ടെന്ന് സൈജു മണത്തറിഞ്ഞു.
‘‘നീയതിനിടെ എനിക്കിട്ടൊന്നു താങ്ങി അല്ലേ റുബീനാ''
‘‘അയ്യോ അങ്ങനെയല്ല. ബഷീറിന്റെ പോപ്പുലാരിറ്റിയ്ക്കു കാരണം നോൺ ലിറ്റററി ആയ കാരണങ്ങളാവുന്നതിലുള്ള പ്രശ്‌നമാണ് എൻ. എസ്. ഉന്നയിച്ചത്. ഇന്നത്തെ കാലത്ത് ലിറ്റററി ടൂറിസം വ്യാപകമാവുന്നുണ്ടല്ലോ. ഖസാക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു കാണണം. അതുപോലെ ബഷീർ ടൂറിസത്തിന് നല്ല സ്‌കോപ്പുണ്ട്. സൈജുവിന്റെ വർക്കിന് ആ വഴിക്കുകൂടി സാധ്യതയുണ്ട് ട്ടോ.''
റുബീന കണ്ണടയൂരി കണ്ണുകൾ തിരുമ്മി.
‘‘കൈകളാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു. സ്വന്തം കൈകളെ അവിശ്വസിക്കുന്ന കാലം!'' റുബീന പിറുപിറുത്തു.
മദ്രസക്കാലത്തേ പഠിച്ച ‘വുളു' എന്ന ശുദ്ധീകരണവും പ്രാർത്ഥനയും അവൾക്ക് ഓർമ്മവന്നു. ഉസ്താദ് അന്ന് ശാസിച്ചും തല്ലിയും പിന്നെ ലാളിച്ചും പഠിപ്പിച്ച പാഠങ്ങളായിരുന്നു. വെള്ളം കയ്യിലെടുത്ത് വിരലുകൾക്കിടയിലൂടെ വിരലുകടത്തി മുൻകൈകൾ മൂന്നുതവണ കഴുകണം. വായിൽ വെള്ളം കൊള്ളിച്ച് ഒപ്പം മൂക്കിലും വെള്ളംകയറ്റി മൂന്നുതവണ ചീററണം. നെറ്റിയുടെ മുകളറ്റംമുതൽ പിറകോട്ട് ഇരുചെവിയുടെയും അറ്റത്തെത്തി കഴുത്തിന്റെ തുടക്കം വരെ മൂന്നതവണ കഴുകണം. രണ്ടുകൈമുട്ടുകൾവരെ നല്ലവണ്ണം വെള്ളംകൊണ്ട് ശുദ്ധമാക്കണം. കൈനനച്ച്, ചെവിയിൽ തള്ളവിരൽ വെച്ച് തലയിലൂടെ പിന്നിലേക്കും മുന്നിലേക്കും തുടച്ചെടുത്ത് ചെവിയുടെ പിൻഭാഗം തടവണം. കാൽവിരലുകളിൽ ഇടത്തേ ചെറുവിരൽ കടത്തി മടമ്പും നെരിയാണിയും വരെ കഴുകിയെടുക്കണം. ഇങ്ങനെയൊക്കെ 'വുളു'വെടുത്ത് പ്രാർത്ഥിച്ചാൽ... ഉസ്താദ് ഒന്നു നിർത്തി ആകാശത്തേക്ക് കൈകളുയർത്തി ദീർഘനിശ്വാസത്തോടെ പറയും, യാ, റബ്ബുൽ ആലമീൻ... സ്വർഗ്ഗത്തിന്റെ എട്ടുവാതിലുകളും തുറന്നുവരും. അതിൽ ഏതിലൂടെ വേണമെങ്കിലും അകത്തേക്കു പ്രവേശിക്കാം.
ഓരോ നിസ്‌കാരത്തിനുമുമ്പും യാന്ത്രികമായി ചെയ്തുപോന്ന ആ പ്രവൃത്തികൾക്ക് ഈ ഇരുണ്ടകാലത്ത് എന്തൊക്കെയോ സമാന്തരതകളുള്ളതായി റുബീനയ്ക്കു തോന്നി. ശരീരശുദ്ധിയിലെ ശ്രദ്ധയും നിഷ്ഠയുമാണ് അവൾക്ക് ആകർഷകമായി തോന്നിയത്. മലയാളിയുടെ വൃത്തിഭ്രാന്തിൽനിന്നും ഇത് അല്പമൊക്കെ വ്യത്യസ്തമാണ്. അത് ശരീരത്തെ എങ്ങനെയൊക്കെയോ അതിവർത്തിക്കുന്നതായി റുബീനയ്ക്കു തോന്നി. മനസ്സിനും ശരീരത്തിനുമിടയിലെ അടരുകളെ അത് അഭിസംബോധന ചെയ്യുന്നുണ്ടാവുമോ?
അറിഞ്ഞുകൂടാ.!
അതേസമയം, ബഷീർ അവസാനമെഴുതിയ ‘ചെവിയോർക്കുക, അന്തിമകാഹള'ത്തിലാകട്ടെ, ‘‘സുന്ദരമായ ഈ ഭൂഗോളം ബ്രഹ്മാണ്ഡ, ബ്രഹ്മാണ്ഡ, മഹാബ്രഹ്മാണ്ഡ ശവപ്പറമ്പായി നാറാൻപോകുന്നു'' എന്നൊരു വല്ലാത്ത താക്കീതാണ് നൽകിയത്. ഉള്ളിലെ അവ്യക്തമായ ഒരു വിങ്ങൽ സൈജുവിനേക്കാൾ റുബീനയ്ക്കാണ് അനുഭവപ്പെട്ടത്.
‘‘ഈ നശിച്ച ലോക്ക്ഡൗൺ എത്രയും വേഗം ഒന്നു തീർന്നുകിട്ടിയാൽ മതിയായിരുന്നു'', രണ്ടുപേരും പകുതി ആത്മഗതമായാണ് അതു പറഞ്ഞത്.
‘‘എന്തെങ്കിലുമൊക്കെ തോന്ന്യാസം ചെയ്ത് ‘ലോക്കപ്പി'ലാകുന്നതാണ് ‘ലോക്ക്ഡൗണി'നേക്കാൾ ഭേദം!'' സൈജുവിലെ സാഹസികൻ ഉണർന്നു.
‘‘അതേയ്, നേരത്തേ പറഞ്ഞ എഡിറ്റിംഗ് ആപ്പുകളിൽ ഹെമിംഗ് വേ കടന്നുകൂടിയത് യാദൃശ്ചികമായിരിക്കില്ല ട്ടോ. എനിക്കങ്ങനെയാ തോന്നുന്നത്'', റുബീന ഓർമിപ്പിച്ചു.
‘അതെന്താ?'
‘‘രണ്ടുപേരും വളരെ ആധികാരികമായാണ് ആണത്തം അസെർട്ട് ചെയ്യുന്നത്. അതാണ് അവരുടെ എഴുത്തിന്റെ പ്രധാന കരുത്ത്.''
‘‘ഹെമിംഗ് വേയേയും ബഷീറിനേയും കമ്പെയർ ചെയ്യണോ റുബീ?''
‘‘എന്താ ചെയ്താല്?''
‘‘ബഷീറുമായി തട്ടിക്കുമ്പോൾ ഹെമിംഗ് വേ ഒരു ജയന്റല്ലേ?''
‘‘അങ്ങനെയൊന്നുമില്ല. ഇംഗ്ലീഷ് ഭാഷയുടെ ബലത്തിലാണ് അങ്ങേര് ലോകസാഹിത്യകാരനായത്. ഏറ്റവും ‘വെർണാക്കുലർ' എന്നു വിചാരിക്കുന്ന ഭാഷയിലെഴുതിയ ബഷീറാണ് മലയാളത്തിനു പുറത്തേക്ക് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നറിയാമോ?''
‘‘അതുശരിയാണ്. പക്ഷേ എനിക്കെന്തോ...''
‘‘സൂപ്പർമാസ്‌ക്കുലിനിറ്റിയുടെ ഐക്കണാണ് ഏൺസ്റ്റ് ഹെമിംഗ് വേ. ഇറ്റലിയിൽ അദ്ദേഹം ഒരു ഹീറോ ആയിരുന്നു. ആഫ്രിക്കയിൽ ഒരു അത്ഭുതനായാട്ടുകാരൻ. ക്യൂബയിൽ വിദഗ്ധനായ ഒരു ആഴക്കടൽ മത്സ്യവേട്ടക്കാരൻ! എന്തൊരു ജീവിതമായിരുന്നു അത്!''
‘‘മലയാളത്തിൽ എം.ടി.യെപ്പോലെ ഹെമിംഗ് വേ ആവേശിച്ച മറ്റൊരു എഴുത്തുകാരനില്ല. എം.ടി. അദ്ദേഹത്തെ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുകയാണ് ഇക്കാലമത്രയും. എം.ടി. അദ്ദേഹത്തെക്കുറിച്ചെഴുതിയ ചെറുപുസ്തകത്തിൽ പറഞ്ഞതുപോലെ, ഹെമിംഗ് വേയുടെ ഏറ്റവും വലിയ കൃതി അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഥാപാത്രം ഹെമിംഗ് വേയും. ഇതാണ് ഞാൻ പറഞ്ഞ ബഷീർ താരതമ്യം. ഏതൊക്കെയോ തലത്തിൽ, നാം ഹെമിംഗ് വേയുടെ ജീവിതം വായിക്കുമ്പോൾ വിദൂരമായെങ്കിലും ബഷീറിനെ ഓർമ്മിപ്പിക്കും.''
‘‘ആ പടുകൂറ്റൻ ശരീരവും രാക്ഷസീയശക്തിയും എല്ലാവരും എടുത്തു പറയുന്നതാണല്ലോ.''
‘‘ബോക്‌സിംഗിലുള്ള കമ്പം അദ്ദേഹത്തെ ജീവിതം മുഴുവൻ ബാധിക്കുന്ന ഒരു വല്ലായ്മയിലേക്കു നയിച്ചതോർമ്മയില്ലേ? ബോക്‌സിംഗിനിടയിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന് സാരമായ പരിക്കേറ്റതും ആയുഷ്‌ക്കാലം മുഴുവൻ ആ കണ്ണിന് കാഴ്ച കുറവായിരുന്നതും? അദ്ദേഹത്തിന് ഏറ്റവും താല്പര്യമുള്ള യുദ്ധഭടന്റെ ജീവിതം വിലക്കപ്പെട്ടത് ഈ കാഴ്ചപ്രശ്‌നം മൂലമായിരുന്നു. എങ്കിലും അദ്ദേഹം ആംബുലൻസ് ഓടിച്ച് യുദ്ധരംഗത്തേക്ക് സാഹസികമായി ചെന്നു. അതിനിടയ്ക്കാണ് ഒന്നാംലോകമഹായുദ്ധത്തിൽ പട്ടാളക്കാരുമായി സംസാരിച്ചുനിൽക്കുമ്പോൾ തൊട്ടുമുമ്പിൽ ഒരു മോർട്ടാർ ഷെൽ ബോംബ് പൊട്ടിച്ചിതറിയത്. രണ്ടുപട്ടാളക്കാർ കൺമുന്നിൽ തൽക്ഷണം മരിച്ചു. ശരീരത്തിൽ ലോഹക്കഷണങ്ങൾ തുളച്ചുകയറിയത് വകവെക്കാതെ ഒരു പട്ടാളക്കാരനെ രക്ഷിക്കാനായി ചുമലിലെടുത്ത് അദ്ദേഹം കിലോമീറ്ററുകൾ നടന്നു. ഹെമിംഗ് വേയുടെ ശരീരത്തിൽ 237 ലോഹച്ചീളുകളാണ് തുളച്ചുകയറിയിരുന്നത്. കാൽമുട്ടിലും നെരിയാണിയിലും വെടിയുണ്ടകളും ഏറ്റിരുന്നു! മൂന്നുമാസത്തിനു ശേഷം ഒട്ടിച്ചുചേർത്ത എല്ലുകളുമായി വീണ്ടും യുദ്ധരംഗത്തേക്ക്. എന്തൊരു ജന്മം!''
‘‘എക്‌സാറ്റ്‌ലി. ഭൂഖണ്ഡങ്ങൾ അലഞ്ഞുനടന്ന രാക്ഷസീയശക്തിയായിരുന്നു അത്. കാനഡ, ഷിക്കാഗോ, പാരീസ്, സ്‌പെയിൻ, ഇറ്റലി, തുർക്കി, ജർമ്മനി, സ്വിറ്റ്‌സർലന്റ് അങ്ങനെയങ്ങനെ എത്ര ദേശങ്ങൾ! ഈ അനുഭവങ്ങൾ മുഴുവൻ അദ്ദേഹത്തിന്റെ കൃതികളുടെ അപാരവൈവിധ്യത്തിന് നിമിത്തമായി. ശരിക്കുപറഞ്ഞാൽ വെവ്വേറെ ജന്മങ്ങൾപോലെ വിചിത്രമായ ജീവിതസാഹചര്യങ്ങളായിരുന്നു. ഓരോ ജന്മത്തിൽനിന്നും ഓരോ നോവലുകൾ പിറവിയെടുത്തു. ഒടുവിൽ ഇതൊന്നും ഒരു ശരീരത്തിന് താങ്ങാനാവാത്തതുകൊണ്ടാവാം ശാരീരികമായ അസുഖങ്ങളുടെ കൂടാരമായി അദ്ദേഹം മാറി. രണ്ടുതവണ പ്ലെയിൻ ക്രാഷിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ്. പിന്നെപ്പിന്നെ മാനസികരോഗവും ഡിപ്രഷനും മൂർച്ഛിച്ചു. മദ്യപാനാസക്തി പിടികിട്ടാത്ത രീതിയിൽ വർദ്ധിച്ചു. അദ്ദേഹത്തിന്റെ മാനസികോർജ്ജത്തെ പിടിച്ചുകെട്ടാൻ ഒടുവിൽ ഷോക് ട്രീറ്റുമെന്റുവരെ വേണ്ടിവന്നു.''
‘‘ഹോ, നോവലിനെ വെല്ലുന്ന ക്ലൈമാക്‌സായി അദ്ദേഹത്തിന്റെ അന്ത്യം. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നു വിധിയെഴുതി ആശുപത്രിയിൽനിന്ന് മടക്കിയയച്ച അദ്ദേഹം ഭാര്യയോടും സുഹൃത്തിനോടും ഒപ്പം തിരിച്ചെത്തി, ശാന്തമായി വീട്ടിന്റെ മുകൾനിലയിൽ വിശ്രമിച്ച്, പിറ്റേന്ന് അതികാലത്ത് തന്റെ ഇരട്ടക്കഴൽ തോക്ക് വായിൽ ചെലുത്തി, തന്റെ തന്നെ നായാട്ടിന് സ്വയം ഇരയായി!''
‘‘ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രതാപത്തോടെ ജീവിക്കണമെന്ന് ഹെമിംഗ് വേയെപ്പോലെ ബഷീറിനും നിർബ്ബന്ധമുണ്ടായിരുന്നല്ലോ. ഇല്ലായ്മയും ശാരീരികപ്രശ്‌നങ്ങളും എഴുത്തിനെ ഒരിക്കലും ബാധിക്കാൻ അവർ അനുവദിച്ചിരുന്നില്ല. രണ്ടുപേരും എഴുത്തിൽ അതികഠിനമായ വെട്ടിച്ചുരുക്കലുകൾ നടത്തിയിരുന്നു. 1961ൽ ജോൺകെന്നഡി ഒരു കുറിപ്പെഴുതിത്തരാനാവശ്യപ്പെട്ട് അതിനാവാതെ ഹെമിംഗ് വേ ഒരാഴ്ചമുഴുവനുമെടുത്താണ് ഒരു ഖണ്ഡിക പൂർത്തിയാക്കിയത്. അതിനിടെ കരഞ്ഞുകരഞ്ഞ് രണ്ടുതവണ സ്വയം വെടിവെച്ച് ആത്മഹത്യചെയ്യാൻ വരെ ശ്രമിച്ചിരുന്നു അദ്ദേഹം. അത്രയ്ക്ക് ശ്രദ്ധയാണ് എഴുത്തിൽ. ബഷീറും അങ്ങനെതന്നെയാണല്ലോ! 'ബാല്യകാലസഖി', അഞ്ചിലൊന്നായി വെട്ടിച്ചുരുക്കിയ കഥയൊക്കെ മലയാളികളിൽ അറിയാത്തവരില്ല.''
‘‘കുറേ അനുഭവങ്ങളും ഒരു പേനയും മതി എഴുത്തുകാരനാവാൻ എന്ന് ബഷീർ ഒരുപാടുതവണ വെല്ലുവിളിച്ചിരുന്നു. ഭാഷയിലും സാഹിത്യതന്ത്രങ്ങളിലുമുള്ള ആത്മവിശ്വാസക്കുറവ് ബഷീർ പരിഹരിച്ചത് അനുഭവമെന്ന തുരുപ്പുചീട്ടുപയോഗിച്ചാണ്. അനുഭവങ്ങളുടെ ആധികാരികത എൻ. എസ്. മാധവനല്ലാതെ മറ്റാരും ചോദ്യം ചെയ്തിട്ടുമില്ല.''
‘‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക'' ലൈനിൽ അല്ലേ?.
‘‘അമേരിക്കയിലെ ‘കൻസാസ് സ്റ്റാർ' പത്രത്തിൽ ജോലിയിൽ ചേരുമ്പോൾ അവർ കൊടുത്ത ഭാഷാശൈലിയുടെ നിർദ്ദേശങ്ങളാണ് ഹെമിംഗ് വേയെ എഴുത്തിൽ ലാളിത്യത്തിന്റെ രാജാവാക്കിയത്. ‘Less is more' എന്നദ്ദേഹം എഴുത്തുകൊണ്ടുതെളിയിച്ചു. ഹെമിംഗ് വേ എന്നൊരു ഭാഷാ എഡിറ്റർ അവതരിപ്പിച്ചുകൊണ്ട് ആദം ലോംഗ്, ബെൻ ലോംഗ് എന്നീ ചെറുപ്പക്കാരായ സഹോദരങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ്. നമ്മുടെ ഭാഷാപ്രയോഗങ്ങളിലെ വക്രതകളും പരോക്ഷതകളും എങ്ങനെ ഒഴിവാക്കാമെന്നും തെളിച്ചവും ലാളിത്യവുമുള്ള എഴുത്ത് എങ്ങനെ സ്വന്തമാക്കാമെന്നും തെളിയിക്കുന്ന ഒരു ഉപകരണമാണ് ഹെമിംഗ് വേ ആപ്പ്. അവരുടെ സൈറ്റിൽ കയറി ഇംഗ്ലീഷിലുള്ള ഒരു ഖണ്ഡിക ടൈപ്പുചെയ്തുകൊടുത്താൽ ഉടനടി അതുമുഴുവൻ അപഗ്രഥിച്ച് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാൽ നമ്മുടെ എഴുത്ത് മെച്ചപ്പെടുത്തിയെടുക്കാമെന്ന് കാണിച്ചുതരുന്നു. റൂബീ, നമുക്ക് ഈ വഴിക്ക് മുന്നോട്ടുപോയാലോ....? നടക്കുമല്ലോ അല്ലേ?''
‘‘തീർച്ചയായും. പിന്നെ വേറെ ഒരു രസമുള്ളതെന്താണെന്നുവച്ചാൽ, സാക്ഷാൽ ഹെമിംഗ് വേയുടെ ഒരു ഖണ്ഡിക തന്നെ ഹെമിംഗ് വേ ആപ്പിൽ കൊടുത്ത് പരിശോധിച്ചപ്പോൾ അത് മെച്ചപ്പെടുത്താനുള്ള ധാരാളം നിർദ്ദേശങ്ങൾ ആപ്പ് നൽകിയത്രേ...''
‘‘ഹ... ഹ... ഹ... നമ്മുടെ ‘ബഷീർ ആപ്പു'ണ്ടാക്കിക്കഴിഞ്ഞിട്ടുവേണം ബഷീറിന്റെ കഥകൾ അതുവെച്ച് പരിശോധിക്കാൻ. നല്ല രസമായിരിക്കും. എഡിറ്റർ പ്രോഗ്രാം അവയിലും കുഴപ്പങ്ങൾ കണ്ടെത്തിയെന്നിരിക്കും. എന്നാലും പുതിയ എഴുത്തിന്റെ പ്രശ്‌നങ്ങൾ തീർക്കാൻ അത് ഉപകരിക്കുമല്ലോ!''
‘‘സൈജു ധൈര്യമായിട്ടിറങ്ങ്. വരുന്നേടത്തുവച്ചു കാണാം.''
പാതിവഴിയെത്തിയ ‘നിമിഷ പ്രൊഡക്ടിവിറ്റി'യിലേക്ക് റുബീനയും ‘ബഷീറെഴുത്തി'ലേക്ക് സൈജുവും മുഴുകി. രണ്ടുപേരും അവരവരുടെ ടീമുകളുമായി നിരന്തരം വീഡിയോ കോൺഫറൻസിംഗുകൾ നടത്തി ശരിക്കും തിരക്കിലായി. കണ്ടുമുട്ടുന്ന സമയങ്ങൾ കുറഞ്ഞു. ലോകം അവരുടെ ഗൂഢാലോചനകൾക്കായി നിശ്ചലമായി നിന്നുകൊടുത്തു.
ദിവസങ്ങൾ, ഇരവിഴുങ്ങിയ പെരുമ്പാമ്പുപോലെ ഞരങ്ങിക്കിടന്നു. അന്യർ നരകമായി. നരകത്തിലെ നിയമങ്ങൾ സർക്കാർ നിഷ്‌ക്കരുണം നടപ്പിലാക്കി. അനുസരിക്കാത്തവർക്ക് കടുത്ത ദണ്ഡനകൾ! ഫോൺ വിളിച്ചാൽ കുറേനേരത്തേക്ക് പേടിപ്പെടുത്തുന്ന താക്കീതുകൾ മാത്രം. മൂന്നുഭാഷകളിലെ പാരാവാരം മുഴുവൻ കഴിഞ്ഞിട്ടുവേണം ഒരാളെ ഒന്ന് അത്യാവശ്യത്തിനു വിളിച്ചുകിട്ടാൻ. മരണം വിളിപ്പുറത്ത് ഹാജരായി. ജാഗ്രതയൊക്കെ പോയി, ഭയം മാത്രം ബാക്കിയായി.
അങ്ങനെയിരിക്കെ, റുബീനക്കട്ടയും സൈജുവിലയും കാശിക്കുപോയി.
പാതിവഴിയിൽവെച്ച് പെരുമഴ വന്നു.
റുബീനക്കട്ട കരഞ്ഞലിഞ്ഞലിഞ്ഞ് ഒഴുകാൻ തുടങ്ങി.
‘‘സൈജുവിലേ, സൈജുവിലേ... ഞാനിതാ പോണേയ്... അലിഞ്ഞുപോണേയ്... നീയും ഞാനും എന്ന യാഥാർത്ഥ്യത്തിൽനിന്ന് ഒടുവിൽ നീമാത്രം അവശേഷിക്കാൻ പോകുന്നേ...''
സൈജുവില റുബീനക്കട്ടയ്ക്കുമേൽ പ്രണയക്കുടയായി പടർന്നുപടർന്നു നിന്നു.
ഇലയുടെ ഭാരംപോലും ഏല്പിക്കാതിരിക്കാൻ സൈജു ശ്രദ്ധിച്ചു.
പിന്നെയും കുറേദൂരം ചെന്നപ്പോൾ അതിശക്തമായ കാറ്റുവന്നു.
‘‘റുബീനക്കട്ടേ, റുബീനക്കട്ടേ, ഞാനിതാ കാറ്റത്ത്, കൊടുങ്കാറ്റത്ത് കാണാമറയത്തേക്ക് പറന്നുപോകുവാണേ.... എന്നെ പിടിച്ചില്ലേൽ... കാത്തില്ലേൽ... ഞാനിതാ വിട്ടുവിട്ടുവിട്ടു പോണേയ്...''
റുബീനക്കട്ട സൈജുവിലയ്ക്കുമേൽ കയറിയിരുന്നു. സൈജുവിലയുടെ അരികുകൾ കാറ്റത്ത് പറിഞ്ഞുപോകുംമട്ടിൽ പിച്ചിക്കീറി. ആ മൃൺമയസ്പർശം അവനിലെ ഉർവ്വരഗ്രന്ഥികളെ ഊഷ്മളമാക്കി.
കാറ്റുശമിച്ചപ്പോൾ അവർ യാത്ര തുടർന്നു.
പിന്നെപ്പിന്നെ കാലാവസ്ഥയ്ക്കു ഭ്രാന്തുപിടിച്ചു.
തുടരെത്തുടരെ ഭൂകമ്പങ്ങളും സുനാമികളും പ്രളയപ്പെരുമഴകളും ഉരുൾപൊട്ടലുകളും ചുഴലിക്കാറ്റുകളും കൊടുംവരൾച്ചകളും എല്ലാം മേൽക്കുമേൽ ഭൂമിയിൽ പതിച്ചു.
ആയിരങ്ങൾ, പതിനായിരങ്ങളെ കാണാതായി.
റുബീനക്കട്ട അലിഞ്ഞുംപോയി, സൈജുവില പറന്നും പോയി...
എന്നുകേൾക്കാനല്ലേ ആഗ്രഹം?
അങ്ങനെയിപ്പോൾ ആരും സുഖിയ്ക്കണ്ട.
പ്രണയം ലോലവിലോലതരളിതമായ ഒരു ദൗർബല്യമായി കരുതുന്ന കാലം അസ്തമിച്ചെന്ന് ലോകത്തോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് ആ മണ്ണാങ്കട്ടയും കരിയിലയും ഏറെക്കാലം സുഖമായി ജീവിച്ചു.
മംഗളം.
ശുഭം. ▮