മലയാള സാഹിത്യത്തിലേക്ക് പുതിയ വായനക്കാരെ പിച്ചവെപ്പിക്കുകയും വായനയുടെ ലോകാലോകങ്ങളിലേക്ക് അവരെ കൊണ്ടുപോവുകയും ചെയ്യുന്ന എഴുത്തുമാന്ത്രികതയുടെ ഹോഗ്വാഡ്‌സ് (Hogwarts) സർവകലാശാലയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ രചനാലോകം.
വീഡിയോ ഗെയ്മുകളുടെയും വിർച്വൽ ദൃശ്യാത്മകതയുടേയും ലഹരിയിൽ അടിപ്പെട്ടുപോയിക്കൊണ്ടിരുന്ന തലമുറകളെയാണ് വാക്കുകളുടെ മാന്ത്രിക ലോകത്തിലേക്ക് 9 3/4 എന്ന പ്ലാറ്റ്ഫോമിൽ നിന്ന് ഹാരി പോട്ടർ ഭാവനയുടെ ലോകത്തിലേക്ക് കൊണ്ടുപോയത്. ഹാരി പോട്ടറിലൂടെ ആദ്യമായാണ് ചിലർ വായനയുടെ ലോകത്തിലേക്ക് കടന്നുവന്നതെങ്കിൽ മറ്റു ചിലർ, ഒരിക്കൽ ഉപേക്ഷിച്ച വായനയിലേക്ക് മടങ്ങിവരികയായിരുന്നു. വീഡിയോ ഗെയ്മിനേക്കാൾ സാന്ദ്രമായ ഐന്ദ്രിയാനുഭവമാണ് പരിധികളില്ലാത്ത ഭാവനയുടെ ലോകം പ്രദാനം ചെയ്തത്. കുഞ്ഞുങ്ങളെ മാത്രമല്ല, മുതിർന്നവരെയും വായനയുടെ ലോകത്തിലേക്ക് ഒരു പ്രവാഹമായി തിരികെക്കൊണ്ടുവന്നു എന്നതാണ് ജെ. കെ. റൗളിങ്ങിന്റെ ഏറ്റവും മികവുകളിലൊന്ന്.
ഊഹം ശരിയാണെങ്കിൽ, മലയാള സാഹിത്യത്തിലേക്ക് കന്നിവായനക്കാരെ ഏറ്റവും ആകർഷിച്ചുകൊണ്ടുവരുന്ന എഴുത്തുകാരൻ ഇന്നും വൈക്കം മുഹമ്മദ് ബഷീറായിരിക്കും. എത്ര തലമുറകളെയാണ് ബഷീർ മലയാളത്തിലേക്ക് കൊണ്ടുവന്നത്. എത്ര തലമുറകളാണ് ബഷീറിലൂടെ പരസ്പരം സംവദിക്കുന്നത്. തലമുറകളുടെ അന്തരം എന്നത് ബഷീർ സാഹിത്യത്തിൽ റദ്ദാക്കപ്പെട്ടിരിക്കുന്നു. എത്രയോ കാലമായുള്ള പ്രവണതയാണിത്.
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ'യും ബെന്യാമിന്റെ ‘ആടുജീവിത'വും മലയാളത്തിലേക്ക് പുതിയ വായനക്കരെ കൊണ്ടുവന്നിട്ടുണ്ട്. ഒട്ടുമിക്കവാറും മുതിർന്നവരാണ് ഈ നോവലുകളുടെ വായനക്കാർ. എന്നാൽ ബഷീർ സാഹിത്യത്തിന്റെ വായനക്കാരുടെ ലോകം ഇതിലും എത്രയോ വിപുലമാണ്. പല പ്രായത്തിലുള്ളവരും പല തലങ്ങളിലുമുള്ളവരാണ് ബഷീറിന്റെ ഇന്നത്തെയും എന്നത്തേയും വായനക്കാർ. ഇത്ര വിപുലമായ വായനാസമൂഹത്തെ എക്കാലവും ആകർഷിക്കാൻ കഴിയുന്നത് ലോകസാഹിത്യത്തിൽ തന്നെ ബഷീറിയൻ സർഗാത്മകതയെ ഒരു ചിരന്തന പ്രഹേളികയായി വേറിട്ടുനിർത്തുന്നു.
വ്യക്തിപരമായ ഒരനുഭവം കൂടി പങ്കുവെയ്ക്കട്ടെ.
പ്രായമേറിയതോടെ ഒറ്റയ്ക്ക് വായിക്കാനുള്ള മടിയും മടുപ്പും കാരണമായിരിക്കാം എന്റെ അമ്മ ചില പുസ്തകങ്ങൾ വായിച്ചു കേൾക്കണമെന്നൊരു ആഗ്രഹം പ്രകടിപ്പിച്ചു. ബഷീറിന്റെയും എം.ടിയുടെയും കഥകളാണ് വായിച്ചുകേൾക്കാൻ താല്പര്യപ്പെട്ടത്. എൺപതിലെത്തിയ അമ്മയ്ക്ക് ‘പാത്തുമ്മയുടെ ആട്' വായിച്ചു കൊടുക്കുന്നതായിരുന്നു ഏറ്റവും രസകരമായ അനുഭവം. അമ്മ ‘പാത്തുമ്മയുടെ വീട്' എന്നേ പറയൂ. ബഷീർ വായിച്ചുകേൾക്കുമ്പോൾ കരണ്ടുപോയ പല്ലും മോണയും കാട്ടിയുള്ള ചിരി, വായിച്ചുകേൾപ്പിക്കുന്ന എനിക്കുപകർന്ന നിർവൃതി അസാധാരണമായിരുന്നു.
ഇതേ കഥ തന്നെ രാത്രി ഉറങ്ങാൻ നേരത്ത് അഞ്ചോ ആറോ വയസ്സുള്ള മകന് വായിച്ചുകൊടുക്കുമ്പോൾ അയാളിൽ ഇത് സൃഷ്ടിക്കുന്ന പ്രതികരണങ്ങളും ആഹ്ലാദങ്ങളും മറ്റൊരനുഭവമായിരുന്നു. ‘ബാല്യകാലസഖി' എന്നെ കൊണ്ട്പലവട്ടം വായിപ്പിച്ചു. മിസിര് കടിക്കുന്ന ഭാഗവും ഇമ്മണി വല്യ ഒന്നും അയാളിൽ സൃഷ്ടിച്ച ആനന്ദമല്ല ഇത് വായിക്കുന്ന എനിക്കുണ്ടാവുന്നത്. ‘വിശ്വവിഖ്യാതമായ മൂക്ക്' വായിച്ചുകൊടുക്കുമ്പോൾ, വായിക്കുന്ന ആളിന്റെ ആലോചനകൾ വ്യവഹരിക്കുന്നത് ഈ കഥയുടെ രാഷ്ട്രീയലാക്ഷണികതകളിലാണ്. ആറുവയസ്സുകാരൻ ‘മൂക്കന്റെ' രാഷ്ട്രീയവ്യാഖ്യാനങ്ങളെക്കുറിച്ച് അജ്ഞാതനാണ്. അയാൾ നീളൻ മൂക്കനെ ഭാവനയിൽ നേർരൂപമായി തന്നെ കണ്ടുകൊണ്ടാണ് കഥ ആസ്വദിക്കുന്നത്.
നമ്മൾ അനുഭവിക്കുന്നതും പ്രതികരിക്കുന്നതും വ്യാഖ്യാനിക്കുന്നതും പല കാലങ്ങളിലായുണ്ടായ ബഷീർ സാഹിത്യവിമർശനത്തിന്റെയും പഠനങ്ങളുടെയും ബാഹ്യസ്ഥലത്തിൽ നിന്നുകൊണ്ടാണ്. എന്നാൽ കുഞ്ഞുങ്ങൾ ബഷീർ സാഹിത്യപാഠത്തിന്റെ ആന്തരികലോകത്തെ യാഥാർഥ്യമായി തിരിച്ചറിയുന്നത് ഈ ലോകവുമായുള്ള താദാത്മ്യപ്പെടലിലൂടെയാണ്, അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് അനുഭൂതിയുളവാകുന്നത്.
സ്വതവേ, ബാലസാഹിത്യത്തെ പ്രത്യേകമായ ഗണമായി പരിചരിച്ച്, ഈ ഗണത്തിൽപ്പെടുന്ന രചനകളെ ഗൗരവപ്പെട്ടതും ഉൽകൃഷ്ടമായതുമായ സാഹിത്യരചനകളുടെ ക്രമത്തിൽ നിന്ന് മാറ്റിനിർത്തുന്ന പ്രവണതയാണ് സാഹിത്യപഠനങ്ങൾ പിന്തുടരുന്നത്.
സാഹിത്യരചനയിലെ വാക്കുകളെ, രൂപകങ്ങളെ, തദനുസൃതമായ വാചകങ്ങളെ എല്ലാം കുഞ്ഞുങ്ങൾ നോക്കിക്കാണുന്നത് പ്രതിനിധാനപരമായ സൂചകമായോ അല്ലെങ്കിൽ വ്യാഖ്യാന സാധ്യതകളെ തുറന്നുതരുന്ന ഘടകങ്ങൾ എന്ന നിലയിലോ അല്ല. എന്തിനായാണ് സാഹിത്യപാഠത്തിൽ ഇത് വ്യവഹരിക്കുന്നത്, അതേ മിഴിവോടെയാണ് അവർ ഇത് സ്വീകരിക്കുക. ‘ആലീസിന്റെ അത്ഭുത ലോക’ത്തിലെ മുയൽ കുഴി, മുയൽ കുഴി തന്നെയാണ്. ഇത് സാംസ്‌കാരിക പ്രതിനിധാനങ്ങളുടെ ആവിഷ്‌ക്കാരമായി ഈ രചനയുടെ വായനയുടെ ആദ്യാവകാശികൾ കാണുന്നുണ്ടാകില്ല. ഇങ്ങനെ വ്യാഖ്യാനത്തിനോ പ്രതിനിധാനത്തിനോ സാധ്യമല്ലാത്തതിനാൽ വായനയുടെ പ്രഖ്യാതമായ ചരിത്രവല്ക്കരണത്തെ ഭേദിച്ചാണ് ഓരോ തലമുറയിലെയും പുതുവായനക്കാർ ഈ കൃതിയിലേക്കുവരുന്നത്.
ഓരോ തലമുറകളെയും ബഷീറിന്റെ രചനകൾ ആകർഷിക്കുന്നതിൽ ഇതൊരു പ്രധാന ഘടകമാകുന്നു. ബഷീർ സാഹിത്യം ഈ നിലയിൽ പ്രതിനിധാനേതരവും അചിഹ്നാത്മകവുമാണ് (asignifying). ഡെല്യൂസ് ലൂയിസ് കാരോളിനെ വായിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. വ്യാഖ്യാന ലക്ഷ്യമല്ല- Logic of Sense- മുന്നോട്ട് വെയ്ക്കുന്നത്. ഇതിനുബദലായി, തീവ്രാനുഭവത്തിന്റെ കൈമാറ്റമാണ് (transference of intensity) കൃതിയെ പ്രചോദിപ്പിക്കുന്നത്. സമകാലിക സാഹിത്യ വ്യവഹാരങ്ങളിൽ പ്രത്യേകമായി വിവക്ഷിക്കുന്ന ‘വായന' എന്ന സങ്കൽപനത്തെ ഇത് നിർവീര്യമാക്കുകയും ചെയ്യുന്നു. ‘വായിച്ചെടുക്കൽ' എന്ന സമീപകാല അനുഷ്ടാന പ്രക്രിയയെ ഫലിതഛായ പടർന്ന നിഷേധപ്രവർത്തനമാക്കുന്നു.
വ്യാഖ്യാനങ്ങളെയും പ്രതിനിധാനങ്ങളെയും അടിസ്ഥാനപ്പെടുത്തി സാഹിത്യത്തിലെ അതിജീവനം കാംക്ഷിക്കുന്ന രചനകൾ സർഗാത്മകശേഷി അഭാവപ്പെട്ടു നിൽക്കുന്നവയാണ്. മികച്ചതെന്ന് വായനാസമൂഹങ്ങൾ അംഗീകരിച്ച വിഖ്യാതരചനകളിൽ ചിലതെങ്കിലും തീവ്രാനുഭവത്തിന്റെ കൈമാറ്റത്തെ സർഗാത്മകശേഷികൊണ്ട് പ്രവർത്തിപ്പിക്കുന്നവയല്ല. ബഷീർ കൃതികൾ ഒരേസമയം പല തലമുറയിൽപ്പെട്ടവർക്കും പ്രചോദനമാകുന്നത് ഈ അക്ഷീണമായ സർഗാത്മകശേഷിയുള്ളതിനാലാണ്.
ഈ സവിശേഷത നമ്മൾ അനുഭവിക്കുന്നതും ശിശുസഹജമായ കൗതുകത്തോടെ ഈ രചനകളെ നമ്മൾ സമീപിക്കുന്ന രീതിയിലൂടെയാണ്.
സാഹിത്യത്തെക്കുറിച്ചുള്ള ഡെല്യൂസിയൻ സമീപനത്തിൽ ഒരു സാഹിത്യ പാഠത്തിൽ നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്ന അർത്ഥമോ രഹസ്യമോ ഇല്ല. പാഠമെന്നു പറയുന്നത് ലോകവുമായയുള്ള സങ്കീർണബന്ധങ്ങളുടെ ബാഹ്യമായ തുടർച്ചയാണ്. എന്താണ് സാഹിത്യകൃതിയിൽ ഉണ്ടെന്നതല്ല- കാരണം അതിൽ ഒന്നുമില്ല- ലോകവുമായുള്ള ഇടപഴകലുകളിൽ സാഹിത്യം എങ്ങനെ പ്രവർത്തനക്ഷമമാകുന്നു എന്നതാണ് കൗതുകമുണർത്തുന്ന കാര്യം. അനുഭവവിനിമയത്തിന്റെ തീവ്രതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രത്യയശാസ്ത്രപരമായോ ചരിത്രപരമായോ ഉള്ള അർഥങ്ങൾ നിറച്ചുവെച്ചിരിക്കുന്ന ഘടനയല്ല സാഹിത്യത്തിന്റേത്. രൂപമാണ് പ്രത്യയശാസ്ത്രം.
റിയലിസം ഒരു പ്രത്യയശാസ്ത്രമാണ്. സാമൂഹികാനുഭവങ്ങളെ അകലെനിന്ന്ആഖ്യാനിക്കാനുള്ള പ്രത്യയശാസ്ത്രരൂപം. പുരോഗമന സാഹിത്യം എന്ന് വിവക്ഷിക്കപ്പെടുന്ന രചനകൾ നിർവഹിച്ച പ്രവർത്തനരീതി ഇതാണ്. എന്നാൽ പുരോഗമന സാഹിത്യത്തിന്റെ മൂശയിലല്ല ബഷീർ രചന നടത്തിയത്.
ബഷീർ സൃഷ്ടിച്ച കൗതുകകരമായ പുതിയ വാക്കുകൾ, അസംബന്ധ പ്രയോഗങ്ങൾ, വിചിത്ര തലക്കെട്ടുകൾ എന്നിവ റിയലിസത്തിന്റെ ഭാഷാ വ്യവഹാരങ്ങളെയും സാമൂഹികാനുഭവങ്ങളുടെ നേർക്കാഴ്ചയായ പ്രതിഫലനാത്മകത രീതിയിലുള്ള ഭാഷയെയും ഭാവനയെയും നിരാകരിക്കുന്നതായിരുന്നു. വിദ്യാഭ്യാസം, പുരോഗതി തുടങ്ങിയ കേരളീയ പ്രബുദ്ധതയുടെ തൂവെളിച്ചം ‘ന്റുപ്പുപ്പാക്കൊരാനണ്ടാർന്ന്' പ്രകാശിപ്പിക്കുന്നുവെന്ന യാഥാർഥ്യം ‘വായന'യിൽ അനുഭവവേദ്യമാകുന്നുണ്ടെങ്കിലും ബഷീറിന്റെ ഈ രചനയുടെ പ്രത്യേകത, റിയലിസത്തിന്റെ അനുശീലനങ്ങൾ കരസ്ഥമാക്കിയ വായനസമൂഹത്തിനപ്പുറമുള്ള, ലിംഗ പ്രായഭേദമേന്യ, വേറെയൊരു വായനസമൂഹത്തെയും വിഭാവനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ്. ഈ പുസ്തകത്തിന്റെ തലക്കെട്ട് ഒന്നുമാത്രം തന്നെ വായനയെ അപദേശവൽക്കരിക്കുന്നതിൽ (de territorial) നിർണായകമായി. ‘ഹുന്ത്രാപ്പി ബുസ്സാട്ടോ' എന്നുച്ചരിക്കുക വഴി ഭാഷയെ അതിന്റെ ദുർഭലമായ ഉപരിതലത്തിൽ നിന്ന് ഇടറിവീഴ്ത്തുകയാണ് ബഷീർ ചെയ്യുന്നത്.
മലയാള സാഹിത്യത്തിൽ ബഷീറിന് ചുറ്റുപാടുമുണ്ടായിരുന്ന റിയലിസ്റ്റ്രചനകളിൽ നിന്ന് ഒറ്റതിരിഞ്ഞുമാറുകയായിരുന്നു ബഷീർ. റിയലിസം സൃഷ്ടിച്ച വാക്ക് സമുച്ചയങ്ങളിൽനിന്ന് മാറി ഭിന്നമായ ഒരു ബിംബാവലി തന്നെ ബഷീറിന്റെ രചനകൾ വിഭാവനം ചെയ്തു. മുതിർന്നവരുടെയുള്ളിലെ കൗതുകങ്ങൾക്കായി വെമ്പൽ കൊള്ളുന്ന കുഞ്ഞുങ്ങൾക്കും ബഷീർ തന്റെ രചനകളിലൂടെയുള്ള അനുഭവപ്പകർച്ചകളിൽ സൃഷ്ട്യോന്മുഖമായൊരു പങ്കാളിത്തത്തിന്റെ ഇടം നൽകി.
വൃക്ഷങ്ങളും പൂക്കളും ഉദ്യാനവുമായി പ്രകൃതി എഴുത്തിൽ ഇഴചേർന്നിരിക്കുന്നു. പ്രകൃതിയുടെ ഈ ഭാവപ്രതീതിയെ വിസ്മയത്തിന്റെ തലങ്ങളിലേക്ക് ബഷീർ ഭാഷയിലൂടെ ഉയർത്തുന്നു. കേരളീയ പ്രബുദ്ധതക്ക് പാരിസ്ഥിതികമായ മികവിന്റെ ഒരു തലം കൂടി ബഷീർ നൽകി. ‘ന്റുപ്പുപ്പാക്കൊരാനണ്ടാർന്നി'ൽ കുഞ്ഞുപാത്തുമ്മ കാണുന്ന കാഴ്ച, നിസ്സാർ അഹമ്മദ് കൈയിൽ വലിയൊരു വനവുമായി വരുന്നതാണ്. നിസ്സാർ അഹമ്മദും അയാളുടെ ബാപ്പയും പിന്നെ അയിഷയും കൂടി ചെടികളെല്ലാം വെച്ചുപിടിപ്പിക്കുന്നത് അത്ഭുതത്തോടെ കുഞ്ഞുപാത്തുമ്മ നോക്കിക്കാണുകയാണ്. ഇത്തരത്തിലൊരു പരിസ്ഥിതികാവബോധം കേരളത്തിന്റെ പ്രബുദ്ധചിന്തയിൽ ബഷീറിലല്ലാതെ മറ്റൊരു ജീനിയസിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
ബഷീർ സർവചരാചരത്വത്തിന്റെ, സന്തുലിതക്രമത്തിന്റെ പ്രപഞ്ചബോധം സൃഷ്ടിച്ചത് നമ്മളിന്നു മനസ്സിലാക്കുംവിധമുള്ള പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ വീക്ഷണകോണിൽ നിന്നല്ല. ഐതിഹ്യങ്ങളിലും മാന്ത്രികകഥകളിലും കാണുന്ന വിധം ഒരു പ്രപഞ്ചവിസ്മയം തീർക്കാനാണ് ബഷീർ ഇത് ചെയ്തത്. തീർച്ചയായും മനുഷ്യാതീതമായ പ്രാപഞ്ചികാനുഭവത്തെ വിനിമയം ചെയ്യുക എന്നത് ബഷീർ ഉദ്ദേശിച്ചിരിക്കും. വായനയെ വിസ്മയഭരിതമാക്കാനുതകുന്നതാണ് ഈ പ്രാപഞ്ചികഘടന. കുഞ്ഞുങ്ങൾക്ക് അത്യാഹ്ലാദം പകരുന്നതാണ് ഈ വിസ്മയ ലോകം.
ഇത്രയും പറഞ്ഞുകഴിഞ്ഞിരിക്കേ, എതിർവാദങ്ങൾ ഉയരാതിരിക്കില്ല. പ്രസക്തവുമായിരിക്കും ആ ചോദ്യങ്ങൾ. ബഷീറിനെ ബാലസാഹിത്യ രചയിതാവായി കാണുകയാണോ ഇവിടെ ചെയ്യുന്നത്?. അല്ല. എഴുതാൻ ഏറെ ക്ലേശകരമായ രചനകളാണ് ബാലസാഹിത്യ രചനകൾ. ബാലസാഹിത്യം എന്ന നിലയിൽ രചിക്കപ്പെട്ട രചനകൾ വാസ്തവത്തിൽ വിപുലമായ വായനസമൂഹത്തെ ആകർഷിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തതിട്ടുള്ളതാണ്. ബഷീർ ബാലസാഹിത്യം രചിക്കുകയായിരുന്നില്ല, വിശ്വസാഹിത്യം തന്നെ ചമയ്ക്കുകയായിരുന്നു. എന്നാൽ, വായനയെ സംബന്ധിച്ച് അതിരുകൾ നിർണയിക്കാതെയാണ് ബഷീർ എഴുതിയത്. ഇത് ബഷീർ രചനകളുടെ മാത്രം പ്രത്യേകതയാണ്.
‘അനുഭവങ്ങളോടുള്ള നിശിതമായ കൂറ് കാരണമാണ് ബഷീർ രചനകൾ ഇത്ര മെലിഞ്ഞുപോകാൻ കാരണമെന്ന്' എം. എൻ. വിജയൻ നീരിക്ഷിക്കുന്നുണ്ട്. ബഷീറിനെക്കുറിച്ച് ആവർത്തിക്കുന്ന ഒരു കാര്യവുമാണ്, ആത്മാനുഭവങ്ങളെ ബഷീർ സാഹിത്യത്തിലേക്ക് പകർത്തി എന്നത്. അനുഭവവും ആത്മചരിതവും സാന്ദ്രീകരിച്ചിരിക്കുന്നതാണ് ബഷീർ സാഹിത്യമെന്ന നീരീക്ഷണം ബഷീറിന്റെ ഭാഷാസിദ്ധിയെ അനുഭവങ്ങൾക്ക് കീഴപ്പെടുത്തുകയല്ലേ ചെയ്യുന്നത്?. അനുഭവങ്ങളുടെ പകർത്തിയെഴുത്തല്ല ബഷീറിന്റേത്. മലയാള സാഹിത്യത്തിന്റെ അധീശത്വ ഭാഷാവ്യവഹാരങ്ങളെ തകിടം മറിച്ച്, അതുവരെ ഭാഷയിലൂടെ ഐന്ദ്രിയസാന്നിധ്യമാകാതിരുന്ന പുതിയൊരു അനുഭൂതിമണ്ഡലത്തെയാണ് ബഷീർ കൊണ്ടുവന്നത്. താളുകളുടെ എണ്ണമോ നീണ്ടുപോകുന്ന ആഖ്യാനമോ ആയിരുന്നില്ല ഇതിനുതകുന്നത്. പരീക്ഷണാത്മകമായൊരു തലം ബഷീറിന്റെ എഴുത്തിനുണ്ട്.
കേരളത്തിൽ സാമൂഹിക ആധുനികവൽക്കരണത്തോടെയും അച്ചടിയുടെ വിപുലീകരണത്തോടെയും പിറവിയെടുത്ത പുതിയ വായനാസമൂഹത്തെ ബഷീർ സൃഷ്ടിച്ച വിസ്മയലോകത്തിലേക്ക് കൊണ്ടുവരാനും അവരുടെ ശ്രദ്ധയത്രയും രചനയിലേക്ക് ഏകാഗ്രമാക്കാനുമുള്ള ആഖ്യാനോപാധിയാണ് ബഷീർ തിരഞ്ഞെടുത്തത്. എഡിറ്റിങ്ങിന്റെ മികവാർന്ന കലയിൽ വലിയ വിദ്യാഭ്യാസം സിദ്ധിച്ചയാളാണ് ബഷീർ. ഇന്നും ബഷീർ രചനകൾ പുതിയ വായനക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നതിന്റെയും ഒരു ഘടകമിതാണ്.