തന്റെ തലമുറയുടെ എഴുത്തിനെക്കുറിച്ച് സ്വയംവിമർശനപരമായി ബെന്യാമിൻ

ഇപ്പോൾ ഓരോ എഴുത്തുകാർക്കും കിട്ടിയിരിക്കുന്ന ഒരു വായനാസമൂഹമുണ്ട്. എഴുത്തുകാരുടെ ഭാവനാരാഹിത്യത്തിലും പരിമിതമായ അഭിരുചികളിലും തളച്ചിടപ്പെട്ടവരാണ് അവർ. നിരന്തരം ഒരേ വിഷയങ്ങൾ പല രൂപത്തിൽ ആവർത്തിച്ച് അവരുടെ സാഹിത്യാഭിരുചിയെ തളച്ചിടുകയാണ് എഴുത്തുകാർ ചെയ്യുന്നത്- ബെന്യാമിനും വി. മുസഫർ അഹമ്മദും തമ്മിലുള്ള സംഭാഷണം ട്രൂ കോപ്പി വെബ്​സീനിൽ.

Truecopy Webzine

‘‘മലയാള നോവലിന് പുതിയ സ്ഥാനങ്ങൾ കൊണ്ടുകൊടുക്കാനും മങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കാനും വളരെയധികം യത്നിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത എഴുത്തുകാർ എന്നാണ് ഞാനുൾപ്പെടെ, തൊണ്ണൂറുകളുടെ മദ്ധ്യത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി എഴുതിത്തുടങ്ങിയ ഞങ്ങളുടെ തലമുറയെ ഞാൻ കാണുന്നത്. അതിലെനിക്ക് അഭിമാനവുമുണ്ട്. എന്നാൽ കാൽനൂറ്റാണ്ടുകൾക്കുശേഷം ഞങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നോവലിൽ പരീക്ഷണങ്ങൾ നടക്കുന്നില്ല എന്ന വിമർശനത്തിൽ കഴമ്പുണ്ട് എന്നാണ് വിചാരിക്കുന്നത്.

‘‘ഇപ്പോൾ ഓരോ എഴുത്തുകാർക്കും കിട്ടിയിരിക്കുന്ന ഒരു വായനാസമൂഹമുണ്ട്. എഴുത്തുകാരുടെ ഭാവനാരാഹിത്യത്തിലും പരിമിതമായ അഭിരുചികളിലും തളച്ചിടപ്പെട്ടവരാണ് അവർ. നിരന്തരം ഒരേ വിഷയങ്ങൾ പല രൂപത്തിൽ ആവർത്തിച്ച് അവരുടെ സാഹിത്യാഭിരുചിയെ തളച്ചിടുകയാണ് എഴുത്തുകാർ ചെയ്യുന്നത്. ഇതൊരു പരാജയമായി ഭാവിയിലെ സാഹിത്യ നിരൂപണം വിലയിരുത്തും എന്നെനിക്ക് തോന്നുന്നു.

‘‘നോവൽ ഏതാണ്ട് അസ്തമിച്ചെന്നും നൂറു പേജിൽ കൂടുതലുള്ള നോവലുകൾ ഇനി ആരും വായിക്കില്ല എന്നും പ്രസാധകന്മാർ നിർണയിച്ചകാലത്താണ് ഞങ്ങളുടെ തലമുറ വരുന്നത്. ഇട്ടിക്കോരയും ആരാച്ചാരും മനുഷ്യന് ഒരാമുഖവും അന്ധകാരനഴിയും മഞ്ഞവെയിൽ മരണങ്ങളും ഒക്കെ ആ പ്രസാധകവിചാരത്തെ അട്ടിമറിച്ച് വായന നേടിയെടുത്ത നോവലുകളാണ്. പ്രസാധകരുടെ വാക്കുകേട്ട് ഞങ്ങളും ചെറിയ നോവലുകൾ മാത്രം എഴുതിയിരുന്നു എങ്കിൽ മലയാള നോവൽ ഇന്നും ചെറിയ രൂപം പ്രാപിച്ചുകഴിയുമായിരുന്നു.

‘‘നമ്മുടെ നോവലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുന്നതു തന്നെ വലിയ കാര്യമായിട്ടാണ് നമ്മൾ കാണുന്നത്. അതിനുള്ള യോഗ്യത നമുക്കുണ്ടോ എന്ന സംശയവും ഞാൻ അത്രയൊക്കെയായി അല്ലേ എന്ന സന്തോഷവും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പരിഭാഷകരുടെ മുന്നിൽ ഇത്തിരി മുട്ടുമടക്കി നിൽക്കുന്നകയാണ്.

‘‘സ്വന്തം ഭാഷയിലേക്ക് വരുമ്പോൾ നമുക്ക് മുഷ്‌ക് കൂടുന്നു. അവിടെയാണ് എഡിറ്ററുടെ സാന്നിദ്ധ്യം എഴുത്തുകാരൻ വെറുക്കുന്നത്. ‘ഞാൻ എല്ലാം തികഞ്ഞവനാണ്, എന്റെ എഴുത്തിൽ കൈവയ്ക്കാൻ ഇവരാര്' എന്ന അഹങ്കാരമാണ് അവിടെ ഭരിക്കുന്നത്. അതോടെ എഡിറ്റിംഗ് നടത്താൻ ഉണ്ടെങ്കിലും അത് കഴിയാതെ പോകുന്നു.

‘‘കെ.റെയിൽ വരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് ഞാൻ സി. പി. എം ചായ്വുള്ള ഒരാളായതുകൊണ്ടല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് ഇത് പ്രഖ്യാപിച്ചപ്പോഴും ഞാൻ ഇതിനെ അനുകൂലിച്ചിരുന്നു. കാരണം, അത് കാലത്തിന്റെ ആവശ്യകതയാണ്.

‘‘വിദേശ നോവലുകൾ നമുക്ക് നല്ല പരിചയമാണ്. ഓൾഗ ടോകാർചുക്കിനെ നമ്മൾ വായിച്ചു കഴിഞ്ഞു, പീറ്റർ ഹാൻകെയെ നമുക്ക് കാൽനൂറ്റാണ്ട് മുൻപേ അറിയാം, അബ്ദുൾ റസാഖ് ഗുർണയെയും നമ്മൾ വായിച്ചു. എന്നാൽ നമുക്ക് ഇത്രകാലമായിട്ടും ഗീതാജ്ഞലി ശ്രീയെ അറിയില്ല, ദാമോദർ മൗജോയെ അറിയില്ല, വിവേക് ഷാൻബാഗിനെ വായിച്ചിട്ടില്ല.

‘‘ക്രിസ്ത്യാനികൾക്കിടയിലെ ദലിത് വിവേചനം എത്രയോ കാലമായി ഇവിടെ നിലനിൽക്കുന്നു എങ്കിലും പ്രിൻസ് അയ്മനത്തിന്റെ ‘പൊതിച്ചോർ നേർച്ച' പോലെ ഒരു ഉഗ്രൻ കഥ വേണ്ടി വന്നു അത് സാഹിത്യത്തിൽ ശക്തമായി അടയാളപ്പെടുത്താൻ.

‘‘ആദ്യകാലങ്ങളിൽ ദേശം വിട്ടുപോയവരിൽ ബഹുഭൂരിപക്ഷവും ടെക്‌നിക്കൽ അറിവ് നേടിയവരും ഭാഷാപരിമിതിയുള്ളവരും ആയിരുന്നു. അവർക്ക് അനുഭവങ്ങൾ പകർത്തുന്നതിൽ താത്പര്യമോ അതിനുള്ള ജ്ഞാനമോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നമ്മുടെ കുടിയേറ്റ ചരിത്രാനുഭവങ്ങൾ അത്രയും അജ്ഞാതമായിപ്പോയത്.

‘‘കേരളത്തിന്റെ ഉള്ളിലിരുന്നുകൊണ്ട് അതീവ ഗൗരവമായ ഒരു നോൺ ഫിക്ഷൻ ഇനി ആലോചിക്കുക സാധ്യമല്ല. ഇവിടുത്തെ വിഭവങ്ങൾ പരിമിതപ്പെട്ടു കഴിഞ്ഞു.

‘‘ഇസ്‌ലാം കേരളത്തിലെ ക്രിസ്ത്യാനികളുടെ ശത്രുവാണ് എന്നൊരാശയം നിശ്ശബ്ദമായി പ്രചരിപ്പിക്കുവാൻ സംഘപരിവാർ ശക്തികൾക്ക് കഴിഞ്ഞിരിക്കുന്നു. അത് നമ്മൾ പുറത്തുനിന്ന് വിചാരിക്കുന്നതിനേക്കാൾ അധികം ഡാമേജുണ്ടാക്കി കഴിഞ്ഞു. ഇതിനെതിരെ ജാഗ്രത പുലർത്താൻ ജനാധിപത്യ മതേതര വിശ്വാസികൾക്കോ ഇടതുപക്ഷത്തിനോ കഴിഞ്ഞില്ല

‘‘ഇനി കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു പ്രശ്‌നമുണ്ടായാൽ, അവർ ആക്രമിക്കപ്പെട്ടാൽ, അവരുടെ ദേവാലയങ്ങൾ പിടിച്ചെടുത്താൽ ഒരു മുസ്‌ലീമും അനങ്ങുകയില്ല എന്നും മുസ്‌ലിം ആക്രമിക്കപ്പെട്ടൽ ക്രിസ്ത്യാനി മിണ്ടാതെയിരുന്നുകൊള്ളും എന്നും അവർക്കറിയാം. ഇത് കേരളത്തിൽ വിജയിച്ചെങ്കിൽ ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ വിവിധ മതസ്ഥരെയും ജാതികളെയും എത്‌നിക് വിഭാഗങ്ങളെയും ഗോത്രങ്ങളെയും എത്ര ആഴത്തിൽ ഭിന്നിപ്പിച്ചിട്ടുണ്ടാവും എന്ന് നാം ഭയക്കേണ്ടതുണ്ട്.

‘‘ആദിയും അന്ത്യയും മധ്യവുമില്ലാത്ത ഒരു ഘടനയാണ് ‘തരകൻസ് ഗ്രന്ഥവരി' എന്ന നോവലിന്റെ പ്രത്യേകത. ഒരു ബോക്സിനുള്ളിൽ 120 കാർഡുകൾ. അതിൽ ഏതു വേണമെങ്കിലും വായിച്ചു തുടങ്ങാം. ചിലപ്പോൾ കഥയെ സംബന്ധിച്ച ഒരു സുപ്രധാന വിവരം അടങ്ങുന്ന ഒരു കാർഡ് ആവും ആദ്യം നിങ്ങൾ ആദ്യം വായിക്കുക. അപ്പോൾ അത് എന്താണെന്നറിയാൻ, അല്ലെങ്കിൽ അതെങ്ങനെ സംഭവിച്ചു എന്നറിയാൻ നിങ്ങൾ ബാക്കി കാർഡുകളിലേക്ക് പോകുന്നു. ഇനി മറ്റൊരാൾ കഥയുടെ തുടക്കഭാഗത്തുള്ള ഒരു കാർഡ് ആവാം വായിച്ചു തുടങ്ങുന്നത്. എങ്കിൽ അതിന്റെ ബാക്കി എന്തു സംഭവിച്ചു എന്നറിയാൻ തുടർന്നു വായിക്കാം. എന്നുപറഞ്ഞാൽ ഓരോ വായനക്കാർക്കും ഓരോ വിധമാകും ഇതിലെ സംഭവങ്ങൾ അറിയുക, ഈ നോവൽ ഗ്രഹിക്കുക.

വർഗീയരോഗം കേരളത്തെയും ബാധിച്ചു,
ജാഗ്രത പുലർത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല

ബെന്യാമിനുമായി വി. മുസഫർ അഹമ്മദ് സംസാരിക്കുന്നു
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 76


Summary: ഇപ്പോൾ ഓരോ എഴുത്തുകാർക്കും കിട്ടിയിരിക്കുന്ന ഒരു വായനാസമൂഹമുണ്ട്. എഴുത്തുകാരുടെ ഭാവനാരാഹിത്യത്തിലും പരിമിതമായ അഭിരുചികളിലും തളച്ചിടപ്പെട്ടവരാണ് അവർ. നിരന്തരം ഒരേ വിഷയങ്ങൾ പല രൂപത്തിൽ ആവർത്തിച്ച് അവരുടെ സാഹിത്യാഭിരുചിയെ തളച്ചിടുകയാണ് എഴുത്തുകാർ ചെയ്യുന്നത്- ബെന്യാമിനും വി. മുസഫർ അഹമ്മദും തമ്മിലുള്ള സംഭാഷണം ട്രൂ കോപ്പി വെബ്​സീനിൽ.


Comments