Mixed Bag- 14
സന്ധികളുടെയും പേശികളുടെയും ബലത്തിനും കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനും ബലാശ്വഗന്ധാദി എണ്ണ തേച്ചുള്ള കുളി ഉത്തമമെന്ന് ആയുർവേദം പറയുന്നു. ആയുർവേദ വിധിപ്രകാരം കുറുന്തോട്ടി, അമുക്കുരം, കോലരക്ക്, നറുനീണ്ടി, ചിറ്റരത്ത, ദേവദാരം, ചന്ദനം എന്നിങ്ങനെ ഇരുപതോളം ചേരുവകൾ എള്ളെണ്ണയിൽ ചേർത്ത് കാച്ചിയാണ് ബലാശ്വഗന്ധാദി എണ്ണ തയ്യാറാക്കുന്നത്.
പരീക്ഷയ്ക്ക് ഉറക്കമിളച്ചു പഠിച്ചു കൊണ്ടിരുന്ന ആ ബിരുദ വിദ്യാർഥിക്ക് അർധരാത്രി കഴിഞ്ഞ സമയത്ത് ബലാശ്വഗന്ധാദിയുടെ ഗന്ധം കിട്ടിയത് എവിടെ നിന്നാണ്?
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ ബി എസ് സിക്ക് പഠിക്കുന്ന ആ വിദ്യാർത്ഥി കോ ഓപ്പറേറ്റീവ് ഹോം എന്ന ഹോസ്റ്റലിലാണ് താമസം. കെമിസ്ട്രിയും സുവോളജിയും പഠിച്ചു പഠിച്ച് അവൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു. ആ മയക്കത്തിൽ അവൻ ഒരു സ്വപ്നം കണ്ടു. ഒരു വലിയ കൈ വന്ന് മിന്നൽവേഗത്തിൽ അവനെ അനന്തതയിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. അവൻ ഞെട്ടിയുണർന്നു. അവനാകെ പേടി തോന്നി. പുറത്തിറങ്ങി നോക്കുമ്പോൾ പതിനൊന്നാം നമ്പർ മുറിയിൽ വെളിച്ചമുണ്ട്. അതിൽ അവന്റെ നാട്ടുകാരൻ കൂടിയായ പങ്കൻ എന്ന വിദ്യാർത്ഥിയാണ് താമസിക്കുന്നത്. പേടിച്ചരണ്ട ചെറുപ്പക്കാരൻ നാട്ടുകാരൻ സുഹൃത്തിനോട് സ്വപ്നത്തെ കുറിച്ച് പറഞ്ഞു. ഉറക്കമിളച്ചു പഠിച്ചതു കൊണ്ടുള്ള ക്ഷീണം കാരണമാണ് ഇത്തരം സ്വപ്നമെന്ന് പറഞ്ഞ് പങ്കൻ സമാധാനിപ്പിച്ചു.
തിരികെ സ്വന്തം മുറിയിലേക്ക് പോകും മുമ്പ് അവൻ ഒന്ന് മൂത്രമൊഴിക്കാനായി പോയി. ഹോസ്റ്റൽ വാസികൾ സാധാരണ മൂത്രമൊഴിക്കുന്ന ഒരിടമുണ്ട്. അവിടെ എപ്പോഴും മൂത്രത്തിന്റെ ഗന്ധമാണ്. പക്ഷേ ആ രാത്രിയിൽ അവന് അനുഭവപ്പെട്ടത് ബലാശ്വഗന്ധാദി എണ്ണയുടെ ഗന്ധമാണ്. അത് അവന്റെ അച്ഛൻ ഉപയോഗിക്കുന്ന എണ്ണയാണ്. അച്ഛൻ കുളിക്കാനുപയോഗിക്കുന്ന തോർത്ത് മറ്റാരും എടുക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. അതുകൊണ്ട് മണത്തു നോക്കിയാണ് ആരുടെ തോർത്ത് എന്ന് ഈ പയ്യൻ തിരിച്ചറിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ബലാശ്വഗന്ധാദി എണ്ണയുടെ ഗന്ധം അവന് സുപരിചിതമാണ്. തിരികെ നടക്കുമ്പോഴും ബലാശ്വഗന്ധാദിയുടെ സുഗന്ധം അവനെ പൊതിഞ്ഞു.
തിരികെ പങ്കന്റെ മുറിയിലെത്തിയ അവൻ പങ്കനോട് പറഞ്ഞു: “പങ്കാ എന്റെ അച്ഛൻ മരിച്ചുപോയി ”
പേടിസ്വപ്നം കണ്ട പയ്യൻ മലയാറ്റൂർ രാമകൃഷ്ണനാണ്. അന്നേരം മലയാറ്റൂർ വാച്ചിൽ നോക്കിയപ്പോൾ സമയം രാത്രി ഒന്ന് പത്ത്. എന്തുകൊണ്ട് തനിക്ക് അങ്ങനെ പറയാൻ തോന്നിയെന്ന് ഇന്നും അറിയില്ലെന്നാണ് എന്റെ ഐ എ എസ് ദിനങ്ങൾ എന്ന സർവീസ് സ്റ്റോറിയിൽ മലയാറ്റൂർ എഴുതിയിട്ടുള്ളത്.
അടുത്ത ദിവസം ഉച്ചയോടെ മലയാറ്റൂരിന്റെ ബന്ധു രാമയ്യർ നാട്ടിൽ നിന്ന് എത്തി. തലേദിവസം രാത്രി ഒന്ന് പത്തിന് അച്ഛൻ മരിച്ച വിവരം മലയാറ്റൂരിനെ അറിയിച്ചു.
“ അച്ഛന്റെ അവസാന നിമിഷങ്ങളിൽ അദ്ദേഹം എന്നെ കുറിച്ചോർത്തിരിക്കാം. എന്നെ അനന്തതയിലേക്ക് വലിച്ചിഴച്ച ആ വലിയ കൈ അച്ഛന്റെ ആത്മാവായിരുന്നോ? അച്ഛന്റെ ചിന്തകൾ നൂറ്റമ്പത് മൈൽ ദൂരം സഞ്ചരിച്ച് ബലാശ്വഗന്ധാദി എണ്ണയുടെ മണമായി തീർന്നതെങ്ങനെ? ”
മരണംവരെ ഈ അനുഭവം മലയാറ്റൂരിന് ഒരു പ്രഹേളികയായി തുടർന്നു. തനിക്കുണ്ടായ ഈ അനുഭവം മലയാറ്റൂർ എഴുതും മുമ്പ് ചിലരോട് പങ്ക് വച്ചിരുന്നു. അതിലൊരാൾ തോപ്പിൽ ഭാസിയാണ്.
സമാനമായ ഒരു അനുഭവം തോപ്പിൽ ഭാസിക്കുമുണ്ടായിട്ടുണ്ട്. വയലാർ, കാമ്പിശ്ശേരി, മലയാള നാട് എഡിറ്റർ എസ്.കെ. നായർ, പിന്നെ മലയാറ്റൂരും അടങ്ങുന്ന ഒരു സൗഹൃദസദസിൽ വച്ച് വയലാറാണ് തോപ്പിലാന്റെ അനുഭവം സുഹൃത്തുക്കളോട് പറയുന്നത്. അപ്പോഴാണ് മലയാറ്റൂർ തന്റെ അനുഭവവും പങ്കുവച്ചത്.
കായംകുളത്ത് നിന്ന്
മദിരാശിയിലേക്ക് പടർന്ന
അസ്വസ്ഥത
ഒരു സിനിമയുടെ തിരക്കഥാരചനയുമായി ബന്ധപ്പെട്ട് തോപ്പിൽ ഭാസി മദിരാശിയിലേക്ക് തിരിക്കുകയാണ്. പതിവില്ലാതെ കുടുംബവീട്ടിൽ ചെന്ന് അച്ഛനെ കണ്ട് യാത്ര ചോദിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. ഇതെന്താ പതിവില്ലാത്ത ഒരു ഗുരുഭക്തിയെന്ന് ഭാര്യ ഭാസിയോട് ചോദിക്കുകയും ചെയ്തു. തോപ്പിലാൻ അച്ഛനെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം തെങ്ങിന് തടം എടുക്കുകയാണ്. കുശലം ചോദിച്ചു, യാത്ര ചോദിച്ചു ഭാസി മദിരാശിയിലേക്ക് തിരിച്ചു.
അവിടെ അജന്താ ഹോട്ടലിലാണ് തോപ്പിൽ ഭാസിയുടെ താമസം. തിരക്കഥയിൽ കുറച്ചുകൂടി പണി ബാക്കിയുണ്ടായിരുന്നതിനാൽ സുഹൃത്തുക്കളായ വയലാറും എ.കെ.ജിയും ഒന്ന് കൂടാൻ ക്ഷണിച്ചിട്ടും ഭാസി പോയില്ല. പക്ഷേ എഴുതാനിരുന്നപ്പോൾ എന്തോ ഒരു അസ്വസ്ഥത. എഴുത്ത് വരുന്നില്ല. ക്ഷീണം തോന്നിയതിനാൽ കിടന്നു, എന്നാൽ കിടന്നിട്ടും ആകെ ഒരു പരിഭ്രാന്തി. എ.കെ.ജിയെയും വയലാറിനെയും വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവർ അത് തമാശയാക്കി. ഗ്യാസിന്റെ ശല്യമായിരിക്കും, രണ്ട് പെഗ് വിട്ട് കിടക്കാനാണ് വയലാർ ഉപദേശിച്ചത്. പക്ഷേ തോപ്പിലാന് ഒന്നും കഴിക്കാൻ തോന്നിയില്ല. വീട്ടിൽ പോകാനാണ് തോന്നിയത്. സിനിമാക്കാര്യങ്ങൾക്കായി മദിരാശിയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ഭാസിക്ക് ഇങ്ങനെ വീട്ടിൽ പോകണമെന്ന ചിന്ത മുമ്പ് ഉണ്ടായിട്ടുമില്ല.
അപ്പോൾ റൂമിൽ ഫോൺ ബെൽ അടിച്ചു. അത് കേട്ട് ഭാസി ഒന്ന് ഞെട്ടി. അതും അസാധാരണമായിരുന്നു. എഴുതാനിരിക്കുമ്പോൾ ആരെങ്കിലുമൊക്കെ ഇത് പോലെ വിളിക്കുന്നത് പതിവാണ്. എന്നിട്ടും താൻ ഞെട്ടിയത് എന്തിനാണ് എന്നാണ് അദ്ദേഹം ആലോചിച്ചത്.
“കായംകുളത്ത് നിന്ന് ഒരു ട്രങ്ക് കാൾ ഉണ്ട്”, ഇതായിരുന്നു റിസപ്ഷനിൽ നിന്ന് അറിയിച്ചത്. പിന്നെ കേശവൻ പോറ്റിയാണ് സംസാരിച്ചത്. അച്ഛന് അസുഖം കൂടുതലാണെന്നും ഭാസി ഉടനെ മടങ്ങിച്ചെല്ലണമെന്നുമാണ് പോറ്റി സാർ അറിയിച്ചത്. “അച്ഛൻ മരിച്ചോ” എന്നായിരുന്നു ഉടനെ ഭാസി തിരികെ ചോദിച്ചത്.
തലേദിവസം കാണുമ്പോൾ അച്ഛൻ പൂർണ ആരോഗ്യവാനായിരുന്നു. പറമ്പിൽ ഒരു കൈയിൽ തൂമ്പയും മറുകൈ കൊണ്ട് നെറ്റിയിലെ വിയർപ്പും തുടച്ച് തന്നോട് സംസാരിച്ച അച്ഛനോട് യാത്ര പറഞ്ഞിട്ടാണ് ഇറങ്ങിയതെങ്കിലും “അച്ഛൻ മരിച്ചോ” എന്ന് ചോദിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്താണ്?
താൻ എന്തുകൊണ്ട് അങ്ങനെ ചോദിച്ചുവെന്ന് ഇന്നും അറിയില്ലെന്നാണ് തന്റെ ഒളിവിലെ ഓർമ്മകൾക്കുശേഷം എന്ന ഓർമക്കുറിപ്പിൽ അദ്ദേഹം എഴുതിയിട്ടുള്ളത്.
മദിരാശിയിലെ അജന്താ ഹോട്ടലിലെ മുറിയിൽ താൻ എന്തെന്നറിയാത്ത ഒരു അസ്വസ്ഥത അനുഭവിക്കുമ്പോൾ അച്ഛൻ ജീവൻ വെടിയുകയായിരുന്നു എന്ന് ഭാസി വിശ്വസിച്ചു. പറമ്പിലെ പണിയും കഴിഞ്ഞ് കുളിച്ച് ഭക്ഷണവും കഴിച്ച് ഭാസിയുടെ അമ്മ കൈയിലേക്ക് ഒഴിച്ച വെള്ളത്തിൽ കൈ കഴുകിയ ശേഷമാണ് ഭാസിയുടെ അച്ഛൻ മരിക്കുന്നത്. ആ നേരത്ത് അച്ഛൻ തന്നെ കുറിച്ച് ഓർക്കാൻ യാതൊരു സാധ്യതയുമില്ല. പിന്നെയെങ്ങനെ അദൃശ്യമായ ഒരു മരണസന്ദേശം അസ്വസ്ഥതയുടെ രൂപത്തിൽ തന്നെ തേടിയെത്തി എന്ന് ഭാസി വിസ്മയിച്ചു.
തനി ഭൗതികവാദിയായിരുന്ന ഭാസി ഇതിന്റെ കാണാപ്പുറങ്ങൾ തേടിപ്പോയില്ല. ഉത്തരമില്ലാത്തതിനാൽ തനിക്ക് അറിയില്ല എന്ന് മാത്രം പറഞ്ഞു വച്ചു. എന്നാൽ യുക്തിവാദിയായ ഭാസി യുക്തിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ അച്ഛന്റെ മരണശേഷം നടന്നു.
മരിച്ചവർ മടങ്ങിയെത്തുമ്പോൾ
അതൊരു പകൽ സമയമായിരുന്നു. തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അടുക്കളയോട് ചേർന്നുള്ള തളത്തിൽ ഇരുന്ന് ഉച്ചയൂണിനുള്ള വകയൊരുക്കുന്നു. ആ ഉച്ചനേരത്ത് മുൻവശത്തെ വാതിൽ കടന്ന് തോപ്പിൽ ഭാസിയുടെ അച്ഛൻ തോപ്പിൽ പരമേശ്വരൻ പിള്ള കടന്നുവരുന്നു!
അമ്മിണിയമ്മ ചാടിപ്പിടഞ്ഞെഴുന്നേറ്റു. പരമേശ്വരൻ പിള്ള തോപ്പിൽ ഭാസിയുടെ കുട്ടികളുടെയും മറ്റും കാര്യം തിരക്കി. ഭാസിയുടെ എഴുത്തൊക്കെ വരുന്നുണ്ടോ എന്നും ചോദിച്ചു. അടിമുടി കൃഷിക്കാരനായിരുന്ന അദ്ദേഹം പുഞ്ചയിൽ ഒരു വളം കൂടി ചെയ്യണമെന്ന് പോലും പറഞ്ഞുവത്രേ.
അമ്മിണിയമ്മ ആരോടോ ഭവ്യതയോടെ നിന്ന് സംസാരിക്കുന്നത് കണ്ടാണ് വീട്ടിൽ സഹായത്തിന് നിൽക്കുന്ന സ്ത്രീ അങ്ങോട്ട് വന്നത്. ചേച്ചിയിത് ആരോടാ സംസാരിക്കുന്നത് എന്ന ചോദ്യത്തിന് അമ്മിണിയമ്മ നൽകിയ മറുപടി അവരെ ഞെട്ടിച്ചു.
“ അച്ഛൻ വന്നു നിൽക്കുന്നത് കണ്ടില്ലേ, നീ വേഗം ചായയിട്.”
അയ്യോ ചേച്ചി അതിന് അച്ഛൻ മരിച്ചു പോയല്ലോ എന്ന് പറഞ്ഞപ്പോഴാണ് അമ്മിണിയമ്മ യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വന്നത്. അവർ തിരിഞ്ഞു നോക്കുമ്പോൾ ആരുമില്ല. ഉച്ചവെയിൽ വീണുകിടക്കുന്ന പടിപ്പുരം ശൂന്യം!
ഇതിന് വളരെ യുക്തിപരമായ ന്യായം തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട്. അച്ഛൻ തന്റെ ഭാര്യയോട് മുമ്പ് പറഞ്ഞ കാര്യങ്ങൾ ആ ഉച്ചനേരത്ത് അമ്മിണിയമ്മയുടെ തലച്ചോറ് പുനരുജ്ജീവിപ്പിച്ചു. അപ്പോൾ ഇല്ലാത്തത് ഉണ്ടെന്ന് തോന്നിക്കും. കേൾക്കാത്തത് ഒക്കെ കേൾക്കുന്നതായി തോന്നും. ഈ വിശദീകരണം കുങ്കുമം വാരികയിൽ പ്രേതങ്ങളെ കുറിച്ചുള്ള ഒരു വായനക്കാരന്റെ ചോദ്യത്തിന് മറുപടിയായി സംഭവത്തിന്റെ വിവരണം സഹിതം ഭാസി എഴുതിയിരുന്നു.
ഈ വിശദീകരണം കുങ്കുമത്തിൽ വായിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ തോപ്പിൽ ഭാസിക്ക് ഒരു കത്തെഴുതി:
“ പ്രിയപ്പെട്ട ഭാസി,
മാപ്പു പറയുന്ന സ്വരത്തിൽ പ്രേതങ്ങളെപ്പറ്റി എഴുതിയിരുന്നത് ഞാൻ വായിച്ചു. താങ്കളുടെ വിശദീകരണത്തിൽ നിന്ന് ഞാൻ മനസിലാക്കുന്നത് താങ്കളുടെ അച്ഛന്റെ ആത്മാവ് 'അസ്ട്രൽ' രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ്. യുക്തിവാദക്കാർക്ക് ഇഷ്ടമാവുകയില്ലെങ്കിലും ഞാൻ ഉറപ്പിച്ചു പറയുന്നു, ശാസ്ത്രസത്യത്തിൽ നിന്ന് ഓടിയൊളിക്കാതെ, യാഥാർത്ഥ്യങ്ങളെ അംഗീകരിക്കണം. എനിക്ക് ഇതേപ്പറ്റി കൂടുതൽ പറയുവാനുണ്ട്. ഇത് അതിനവസരമല്ല. മരണത്തിനപ്പുറമുള്ള ജീവിതമേഖലയിലേക്ക് വളർന്നുകയറിയ ശാസ്ത്രത്തെ യുക്തിവാദത്തിന്റെ വസ്ത്രം അണിഞ്ഞ പല അന്ധവിശ്വാസികളും മനസിലാക്കിയിട്ടില്ല. ”
ഈ കത്തെഴുതിയ കൃഷ്ണയ്യരുടെ 'മരണാനന്തര ജീവിതം' എന്ന പുസ്തകത്തിൽ മരിച്ചു പോയ തന്റെ ഭാര്യയുടെ ആത്മാവുമായി നടത്തിയ സംഭാഷണങ്ങളെ കുറിച്ചാണ് പറയുന്നത്. പരേതാത്മക്കളോട് സംസാരിക്കുന്നവരെ മീഡിയം എന്നാണ് പറയുക. ശ്രീലങ്കൻ സ്വദേശിനിയായ ടൈനി ത്യാഗരാജൻ എന്ന മീഡിയം വഴിയാണ് കൃഷ്ണയ്യർ അമേരിക്കയിൽ വച്ച് അന്തരിച്ച തന്റെ ഭാര്യ ശാരദാ കൃഷ്ണയ്യരുമായി ആശയവിനിമയം നടത്തിയത്. കൃഷ്ണയ്യരുടെ പരേതനായ സഹോദരീഭർത്താവ് വെങ്കിടാചലത്തിന്റെ ആത്മാവുമായും ടൈനി ത്യാഗരാജൻ സംസാരിച്ചു എന്നാണ് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നത്.
മലയാറ്റൂരിനുണ്ടായതു പോലെ ഒരു സ്വപ്നദർശനം നാലപ്പാട്ട് ബാലാമണിയമ്മയ്ക്കും ഉണ്ടായിട്ടുണ്ട്. വി. എം. നായരെ വിവാഹം കഴിച്ച് അന്ന് കൽക്കത്തയിലായിരുന്നു ബാലാമണിയമ്മ താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി ബാലാമണിയമ്മ ഒരു സ്വപ്നം കണ്ടു. ഈറൻ തോർത്തുടുത്ത് ബാലാമണിയമ്മയുടെ അച്ഛൻ വന്നിട്ട് ‘ഞാൻ മരിച്ചുപോയി’ എന്ന് ബാലാമണിയമ്മയോട് പറയുന്നു. അടുത്ത ദിവസം രാവിലെ ബാലാമണിയമ്മ ഈ സ്വപ്നത്തെ കുറിച്ച് ഓർത്തു. ചിറ്റൂർ കോവിലകത്തെ കുഞ്ഞുണ്ണിരാജയാണ് അവരുടെ അച്ഛൻ. അന്ന് അദ്ദേഹം അരോഗദൃഢഗാത്രനാണ്. കൽക്കത്തയിലേക്ക് തിരിക്കും മുമ്പും അച്ഛനെ ബാലാമണിയമ്മ കണ്ടിരുന്നു. അതു കൊണ്ടു തന്നെ അത് വെറുമൊരു സ്വപ്നമായി അവർ തള്ളിക്കളഞ്ഞു. പക്ഷേ അന്ന് തന്നെ നാട്ടിൽ നിന്നും വിവരം കിട്ടി കുഞ്ഞുണ്ണിരാജ മരിച്ചു പോയി എന്ന്. ഏകദേശം തലേന്ന് രാത്രി സ്വപ്നം കണ്ട അതേ സമയം തന്നെ!
തന്റെ അച്ഛൻ മരിക്കുന്നതിന് കൃത്യം പതിനാറ് മണിക്കൂർ മുമ്പ് അച്ഛൻ മരിക്കുന്നതായി സ്വപ്നം കണ്ടുവെന്ന് ശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്. അച്ഛൻ വേർപിരിയുന്നതിന്റെ വേദന യഥാർത്ഥമെന്നോണം ആ സ്വപ്നത്തിൽ അനുഭവിച്ചു തീർത്തുവെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.
തോപ്പിൽ ഭാസിയുടെ വിശദീകരണവും ചങ്ങമ്പുഴയും
ചങ്ങമ്പുഴ കൃഷ്ണപിള്ള അന്തരിച്ച ശേഷമുള്ള ഒരു ദിവസം. രാത്രി രണ്ട് മണിയായിട്ടുണ്ടാവണം. പുറത്ത് ചങ്ങമ്പുഴ വിളിക്കുന്നത് കേട്ടാണ് ശ്രീദേവി ചങ്ങമ്പുഴ ഉണർന്നത്. വാതിലിൽ മുട്ടുന്നുണ്ട്. വാതിൽ തുറന്നപ്പോൾ കവി അകത്തുകടന്ന് തന്റെ മകൻ ശ്രീകുമാർ കിടക്കുന്ന മുറിയിലേക്ക് പോയി. മകനെ വിളിച്ചുണർത്തി ഗുണനപ്പട്ടിക ചൊല്ലാൻ പറഞ്ഞു. ശ്രീ എഴുന്നേറ്റ് ഗുണനപ്പട്ടിക ചൊല്ലാൻ തുടങ്ങി!
ഈ അനുഭവം ശ്രീദേവി ചങ്ങമ്പുഴ പലരോടും പങ്കു വച്ചിട്ടുണ്ട്. താൻ അച്ഛനെ കണ്ടതും പാതിരാ കഴിഞ്ഞ നേരത്ത് എഴുന്നേറ്റ് ഗുണനപ്പട്ടിക ചൊല്ലിയതും ശ്രീക്കും ഓർമയുണ്ട്. മരിച്ചയാളുമൊത്തുള്ള സംഭാഷണവും മറ്റും തലച്ചോർ പുനരുജ്ജീവിപ്പിക്കുമ്പോഴാണല്ലോ ഇല്ലാത്തത് ഉള്ളതായി തോന്നുമെന്ന് തോപ്പിൽ ഭാസി വിശദീകരിച്ചത്. ശ്രീദേവി ചങ്ങമ്പുഴയുടെയും മകൻ ശ്രീകുമാറിന്റെയും തലച്ചോർ ഒരേ സമയത്ത് പരേതനെ കുറിച്ചുള്ള ചിന്തകൾ പുനരുജ്ജീവിപ്പിച്ചോ?
ബാല്യകാലസഖിയുടെ
നീലവെളിച്ചം
തന്റെ അനുഭവം മലയാറ്റൂർ ആത്മകഥാംശമുള്ള 'വേരുകൾ' എന്ന നോവലിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ ഐ എ എസ് ഉദ്യോഗസ്ഥനായ രഘു തന്റെ അച്ഛൻ വിശ്വനാഥന്റെ മരണം സ്വപ്നത്തിലൂടെ അറിയുന്നുണ്ട്.
ഇത്തരം അതിന്ദ്രീയാനുഭവങ്ങളുടെ വെളിച്ചത്തിൽ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച കൃതി ബഷീറിന്റെ നീലവെളിച്ചം തന്നെയാണ്. ഇതിലെ ഭാർഗവിനിലയവും ഭാർഗവിക്കുട്ടിയും ഏറെ പ്രസിദ്ധമാണല്ലോ. ബഷീറിനുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇത് എഴുതപ്പെട്ടതെന്ന് ബഷീർ തന്നെ പറഞ്ഞിട്ടുമുണ്ട്. എഴുത്തുകാരുടെയും സർഗശേഷി ഉയർന്നുനിൽക്കുന്നവരുടെയും ഭ്രമകൽപ്പനകൾ സാധാരണ മനുഷ്യരുടേതിനെക്കാൾ ഉയർന്ന തലത്തിലായിരിക്കുമെന്നും അതു കൊണ്ട് അവരുടെ തലച്ചോർ ചില ദൃശ്യങ്ങളും ശബ്ദങ്ങളും സൃഷ്ടിക്കുമെന്നുമാണ് ഇതിന് മനശാസ്ത്രജ്ഞരും മറ്റും നൽകുന്ന യുക്തിപരമായ വിശദീകരണം.
നീലവെളിച്ചം ഇത്തരം അനുഭവത്തിൽ നിന്നാണ് ഉരുവായതെന്ന് പൊതുവെ അറിയപ്പെടുന്നുവെങ്കിലും ബഷീറിന്റെ തന്നെ മറ്റൊരു കൃതി മരണത്തെ കുറിച്ചുള്ള സ്വപ്നദർശനത്തിൽ നിന്നും ഉണ്ടായതാണെന്ന് പലർക്കും അറിയില്ല.
വർഷം 1936.
ബഷീർ അന്ന് കൽക്കട്ടയിലാണ്. അല്ലറ ചില്ലറ പണിയുമായി അലഞ്ഞു തിരിയുന്ന ജീവിതം. ഒരു ചൂടുകാലത്ത് കെട്ടിടത്തിന്റെ ടെറസിലാണ് ബഷീർ ഉറങ്ങാൻ കിടന്നത്. ആ രാത്രി ബഷീർ ഒരു സ്വപ്നം കണ്ടു. കറുത്തു തടിച്ച ഒരു ഭീകര രൂപം തന്നെ ആക്രമിക്കാൻ വരുന്നു. ബഷീറും അയാളും തമ്മിൽ പൊരിഞ്ഞ അടിയായി. ബഷീർ അയാളെ തൂക്കിയെടുത്ത് എറിഞ്ഞു. പെട്ടെന്ന് ഉണർന്ന ബഷീർ ഞെട്ടിപ്പോയി. കാരണം താൻ ഇരിക്കുന്നത് പാരപ്പറ്റിന്റെ വക്കിലാണ്. ഒന്ന് തെറ്റിയാൽ ആറ് നിലയുടെ മുകളിൽ നിന്നും താഴേക്ക് പതിക്കും!
ഈ സ്വപ്നത്തിന് ശേഷവും ബഷീർ ഉറങ്ങി. പിന്നീട് കണ്ട സ്വപ്നത്തിൽ ബഷീറിന്റെ ബാല്യകാല സഖി സുഹ്റ സ്വപ്നത്തിൽ വന്നു. അവൾ ബഷീറിനോട് സംസാരിച്ചു.
“ഞാൻ എവിടെയെല്ലാം തിരക്കി എന്നറിയാമോ?”
“കാര്യം എന്താണ്?”
“ഞാൻ മരിച്ചുപോയി. പള്ളിയുടെ വടക്കുവശത്തുള്ള പ്ലാവിന്റെ ചുവട്ടിലാണ് എന്നെ അടക്കിയിരിക്കുന്നത്.”
ഇതു പറഞ്ഞ് അവൾ അപ്രത്യക്ഷയായി. ബഷീർ കണ്ണു തുറന്നു.
കുറച്ചു ദിവസം കഴിഞ്ഞ് ബഷീറിന് ഉമ്മയുടെ കത്ത് കിട്ടി. സുഹ്റ മരിച്ചുവെന്ന് ഉമ്മ അറിയിച്ചിരിക്കുന്നു. ബഷീർ കണക്കുകൂട്ടി നോക്കിയപ്പോൾ ഏതാണ്ട് താൻ അവളെ സ്വപ്നം കണ്ട സമയത്ത് തന്നെ. അവളെ അടക്കിയത് അടുത്ത പള്ളിപ്പറമ്പിലെ പ്ലാവിന്റെ ചുവട്ടിലും!
സുഹ്റയുടെയും മജീദിന്റെയും കഥയാണ് വിഖ്യാതമായ ബാല്യകാലസഖിയിൽ ബഷീർ പകർത്തിയത്. യഥാർത്ഥ ജീവിതത്തിൽ സുഹ്റ ബഷീറിന്റെ അയൽക്കാരി ആയിരുന്നു. ബഷീർ തന്നെയാണ് ബാല്യകാലസഖിയിലെ മജീദ്.
പുനർജന്മ അനുഭവങ്ങൾ ഏറെയുണ്ടായിരുന്ന എഴുത്തുകാരനായിരുന്നു ആർ. കെ. നാരായണൻ. മരണാനന്തര ജീവിതത്തെ കുറിച്ചും അദ്ദേഹം പഠിച്ചു. തന്റെ ഇത്തരം അനുഭവങ്ങൾ ആത്മകഥയിൽ നാരായണൻ എഴുതിയിട്ടുണ്ട്. 'ദ ഇംഗ്ലീഷ് ടീച്ചർ' എന്ന കൃതി എഴുതിയതും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് നാരായണൻവ്യക്തമാക്കിയിട്ടുണ്ട്.
‘കാളിഗണ്ഡകി’ എന്ന
യാദൃച്ഛികത
ഇത്തരമൊരു വിഷയമാണ് ഇത്തവണ ‘മികസ്ഡ് ബാഗി’ൽ എഴുതുന്നതെന്ന് പറഞ്ഞപ്പോൾ ഫോട്ടോഗ്രാഫറായ ബി. ജയചന്ദ്രൻ ചേട്ടൻ കുറെ കഥകൾ പറഞ്ഞു തന്നു. ഇങ്ങനെയുള്ള അനുഭവകഥകൾ അടുപ്പമുള്ള ചിലരോടും ചേട്ടൻ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കോട്ടയ്ക്കകത്ത് എത്രയോ ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ ഭജനപ്പുര കൊട്ടാരത്തിലിരുന്ന് മാടമ്പ് കുഞ്ഞുകുട്ടനോടും എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപനോടും അത്തരമൊരു കഥ അദ്ദേഹം പറഞ്ഞു. ആ കഥയാണ് ഇന്ദുഗോപന്റെ കാളിഗണ്ഡകി എന്ന നോവലിന്റെ സ്പാർക്ക്. കാളിഗണ്ഡകി എന്തായാലും വായിക്കണമെന്ന് ജയചന്ദ്രൻ ചേട്ടൻ എന്നോട് നിർദേശിച്ചു. ലേഖനം എഴുതും മുമ്പ് അത് വായിക്കണമെന്ന് കരുതിയെങ്കിലും നടന്നില്ല.
അതിനു ശേഷം മഴ തോർന്നു നിന്ന ഒരു ഞായറാഴ്ച രാത്രി എന്റെ അടുത്ത സുഹൃത്തിനോട് ജയചന്ദ്രൻ ചേട്ടനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സംസാരിച്ചു. അപ്പോൾ ആ സുഹൃത്തും കാളിഗണ്ഡകി വായിക്കണമെന്ന് പറഞ്ഞു. നോവലിനെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ഏറെ നേരം ഞങ്ങൾ അവന്റെ വീടിന്റെ പൂമുഖത്തിരുന്ന് ആ രാത്രി സംസാരിച്ചു. ആ രാത്രിയിൽ അതിൽ പങ്കു ചേരാൻ മറ്റാരുമുണ്ടായിരുന്നില്ല. അവന്റെ കൈവശം അന്നേരം കാളിഗണ്ഡകി ഉണ്ടായിരുന്നുവെങ്കിൽ അവൻ തന്നു വിടുമായിരുന്നു. കാളിഗണ്ഡകിയെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തതിന്റെ അടുത്ത ദിവസം, അതായത് ഇക്കഴിഞ്ഞ നവംബർ 20ന് എന്റെ ജന്മദിനമായിരുന്നു. അന്ന് എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ കവറിനുള്ളിൽ എന്തോ ഒന്ന് ജന്മദിന സമ്മാനമായി നൽകി.
കവർ തുറന്നു നോക്കിയപ്പോൾ കാളിഗണ്ഡകി!
എന്റെയും സുഹൃത്തിന്റെയും കാളിഗണ്ഡകി ചർച്ച ആ രാത്രിയിൽ ആരോ മറഞ്ഞിരുന്നു കേട്ടതു പോലെയാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ അതൊരു അതിശയകരമായ യാദൃച്ഛികതയാവാം.