ബിപുൽ റേഗൻ; മലയാള കവിതയുടെ ആസാമീസ് കോമ്രേഡ്

കഴിഞ്ഞ ദിവസം അന്തരിച്ച, മലയാളത്തിൽ കവിതകളെഴുതിയിരുന്ന ആസാമിലെ കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബിപുൽ റേഗനെക്കുറിച്ച് ഒരോർമക്കുറിപ്പ്, അദ്ദേഹത്തിന്റെ മലയാള കവിതകളും.

ഴിഞ്ഞ ദിവസം അന്തരിച്ച ആസാമിലെ കവിയും സാംസ്കാരിക പ്രവർത്തകനുമായ ബിപുൽ റേഗന്റെ വിയോഗം കോഴിക്കോട് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്ക്കൂളിന് നടുക്കുന്ന ഓർമയാണ്. മലയാളത്തിൽ കവിതകളെഴുതുന്ന ബിപുൽ ഒമ്പത് വർഷം മുമ്പ്, 2014 ഡിസംബറിലാണ് ഈ സ്കൂളിലെത്തുന്നത്.

ചില പരിപാടികളിൽ പങ്കെടുക്കാനായി കോഴിക്കോട് വന്നപ്പോഴാണ് അദ്ദേഹം ഞങ്ങളുടെ സ്കൂളിൽ വന്നത്. അന്ന് സ്കൂളിലെ അധ്യാപകനായിരുന്ന ശരത്താണ് ബിപുൻ റേഗനെ കൊണ്ടുവരുന്നത്.

കോഴിക്കോട് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂളി​ലെത്തിയ ബിപുൽ റേഗൻ അധ്യാപകർക്കൊപ്പം.

മലയാള കവിതയെഴുതുന്ന ആസാം കവിയായ ബിപുൽ റേഗനെ നമ്മുടെ സ്കൂളിലേക്ക് ക്ഷണിക്കട്ടേ എന്ന് ശരത്ത് മാഷ് വിളിച്ചു ചോദിപ്പോൾ എനിക്കും വലിയ സന്തോഷമായിരുന്നു. കാരണം കുറേ മാസങ്ങൾക്കുമുമ്പ് ബിപുലിനെക്കുറിച്ചുള്ള ദീർഘമായ കവർസ്റ്റോറിയും അദ്ദേഹത്തിന്റെ കുറച്ച് കവിതകളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് വായിച്ച ഒരോർമ്മ എന്നിലുണ്ടായിരുന്നു.

മലയാള കവിതകളെഴുതുന്ന ആസമിലെ യുവകവിയെ കാണാനും കേൾക്കാനും അവസരം കിട്ടിയത് സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. മണിക്കൂറുകളോളം സ്കൂളിലുണ്ടായിരുന്ന ബിപുൽ റേഗൻ കുട്ടികളുമായി ഏറെ നേരം സംവദിച്ചു. കവിതകൾ ചൊല്ലിത്തുടങ്ങിയ സംവാദത്തിൽ സംസ്കാരവും ഭാഷയുമെല്ലാം വിഷയമായി.

സമ്പന്നമായ കേരള സംസ്ക്കാരത്തോടും കേരളീയ ഭക്ഷണവിഭവങ്ങളോടുമെല്ലാം തനിക്കുള്ള താല്പര്യവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ലളിതവും സുന്ദരമായ ആ സംസാരരീതി കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെട്ടു.

തുടർന്ന് അധ്യാപകരോടൊത്തും ഏറെ നേരം ചെലവഴിച്ചു. പരിചിതനായ ഒരു സുഹൃത്തിനെ പോലെ കളി ചിരിതമാശകളുമായി ഏറെ സമയം ഞങ്ങളോടൊപ്പം ചേർന്നു നിന്ന ബിപുൽ റേഗൺ യാത്ര ചോദിച്ച് പിരിയുമ്പോൾ കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ മൂന്ന് മലയാള കവിതകൾ അന്ന് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന എന്നെ ഏല്പിച്ചിരുന്നു.

കോഴിക്കോട് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കൊപ്പം ബിപുൽ റേഗൻ.

ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്ന ആ കവിതകൾ- കോമ്രേഡ്; വരൂ, നശിപ്പിക്ക്; അഗ്നിയുഗത്തിൽ സൂര്യന്റെ പ്രാർത്ഥന- അദ്ദേഹത്തെക്കുറിച്ചുള്ള ഓർമയെ കൂടുതൽ ദീപ്തമാക്കുന്നു.

വരൂ, നശിപ്പിക്ക്

ഒന്ന്

എന്റെ മൈക്കണ്ണിൽ
വിസ്തീർണ്ണമായ രമണീയത
ഊർധശ്വസിക്കാൻ വേണ്ടി തരാം
ജീവനയുടെ അനന്തസുഖം

നിന്റെ നിശ്ശബ്ദ മരുഭൂമിയെ
ജാഗ്രത് രൗദ്രകാമനേ...
എന്റെ മൈക്കണ്ണിലേക്ക്
നോക്കി, നശിപ്പിക്കാൻ മഴയാന്ന്...

രണ്ട്

കാമസഖൻ വന്നപ്പോൾ
പൂമുഖത്തെ പൂരക്കാഴ്ച
കുയിൽ സ്വരമാധുര്യത്തിന്നു
അസംഖ്യം ഓർമകളെ ജനിക്കുന്നു.

കോഴിക്കോട് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ​ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന സതീഷ് ബാബു പൊയിലിന് ബിപുൽ​ റേഗൻ എഴുതി നൽകിയ കവിതകൾ.

കോമ്രേഡ്

കോമ്രേഡ്
എന്റെ അസ്ഥിയെ
കൃഷിക്കാരുടെ പൊലിയുന്ന സ്വപ്‌നവും
ജീവിതവെയിലേറ്റ്
സ്വർണമായിത്തീർന്ന തൊഴിലാളിയുടെ
ദുഃഖപൂർണമായ ജീവിതവും
പൊള്ളിക്കുന്നു.

കൂറ്റൻ തിരമാലകൾ നഷ്ടപ്പെടുന്നു, കോമ്രേഡ്
പൂങ്കാവനമായ ഹൃദയം
സൂര്യകാന്തിപ്പൂവേറ്റ് സ്വപ്‌നം കണ്ടത്

ഓ, കവാടമേ,
സായന്തനത്തിൽ
മേഘമൽഹാർ രാഗം
പ്രതീക്ഷിക്കുന്നുണ്ട് അളകനന്ദ.

കോമ്രേഡ്
ഉറക്കം വരുന്നുവോ
വരൂ,
കൂറ്റൻ തിരമാലകളായി
നമുക്ക് പ്രഹരിക്കാം.

അഗ്‌നിയുഗത്തിൽ
സൂര്യന്റെ പ്രാർഥന

ഗ്രാമത്തൽ പ്രതിദിനം
വിഷാദരാഗങ്ങളുടെ മഴമേഘം.

ഉദരം വിശപ്പുള്ള
കണ്ണായ ദുഃസ്വപ്‌നവും
മറന്നുപോയി.

രാത്രിമഴയിൽ
നനവുള്ള സംഭാഷണം.

ഇനിയെത്ര ദൂരം
മതി വരും വിധം പോഷകം ആഹരിക്കുമ്പോൾ

ആകാശത്ത് നിശ്ശബ്ദനായി ധ്രുവനക്ഷത്രം
മായാമേഘങ്ങളൊത്ത് പ്രകാശമില്ലാത്തത്.

ആസ്സാം മുതൽ കാശ്മീർ വരെ
മരണരാഗം.

കുഞ്ഞുങ്ങളുടെ അമ്മ മരിച്ചുപോയി
അമ്മമാരുടെ അരുമക്കുഞ്ഞുങ്ങളും മരിച്ചു
വീട് നഷ്ടപ്പെടുന്നു
പ്രണയികൾ വിരഹികളാകുന്നു.
ആശ്രയകേന്ദ്രത്തിൽ ജീവിക്കുന്ന പച്ചമനുഷ്യർ.

അഹങ്കാരമേഘങ്ങൾക്ക് വീണ്ടും ഗർജ്ജനം.
ഈ നഷ്ടത്തിൽനിന്ന് എങ്ങനെ കരകേറും?

രാജാവ് പരിഭ്രമിച്ചുവന്നപ്പോൾ
ഗ്രാമങ്ങളിൽ പ്രതിമനുഷ്യന്റെ
കണ്ണായി സൂര്യോദയം.

Comments