അന്തിക്കൂട്ടും സോൾമേറ്റും

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

ബുക്ക് ഓഫ് സെൽഫ് ടോക് - 7

​വീട്ടിൽ, കുടുംബത്തിൽ തന്നെ ഒരിടം തേടി അലഞ്ഞാൽ നിങ്ങൾ ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ പോലെയാകും എന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. വീടിനു പുറത്താണ് ആകാശം, വീടിനുപുറത്താണ് വിശാലമായ കടലോരം. വീടിനു വെളിയിലാണ് നീണ്ട വഴിയോരങ്ങൾ, കലുങ്കുകൾ, മരച്ചോടുകൾ, വായനശാലകൾ, ആൽത്തറകൾ, മൈതാനങ്ങൾ, സിമന്റു ബെഞ്ചുകൾ.

ലീല സോളമൻ

തിവുപോലെ ചായയും പത്രവുമായി ഞാൻ ഇരുന്നു, അന്നൊരു ഞായറാഴ്ച ആയിരുന്നു. മാട്രിമോണിയൽ പരസ്യങ്ങൾക്കായി ഉഴിഞ്ഞുവച്ച പേജ്. വർഷങ്ങൾക്കുശേഷം ചുമ്മാതെ ആ പരസ്യങ്ങളിലൂടെ ഞാൻ ഒന്ന് കണ്ണോടിച്ചു. പ്രകടമായ വ്യത്യാസം കണ്ടത്, പുനർവിവാഹങ്ങളുടെ എണ്ണംകൂടി എന്നതാണ്. വിവാഹ പ്രായപരിധി കൂടിയിട്ടുണ്ട്. 68 വയസ്സുള്ള ഒരാൾ ‘സോൾമേറ്റി'നെ അന്വേഷിക്കുന്നു.

വിവാഹപരസ്യങ്ങളിൽ ‘സോൾമേറ്റ്’ എന്ന പദം ഞാനിതിനു മുമ്പും ശ്രദ്ധിച്ചിട്ടുണ്ട്. എവിടെയൊക്കെയോ മറഞ്ഞിരിക്കുന്ന ഒറ്റപ്പെടലിന്റെ ധ്വനി ഓർമിപ്പിക്കുന്ന ഒരു പദം. വിവാഹിതനാണെങ്കിലും അവിവാഹിതയാണെങ്കിലും ഏതു പ്രായത്തിലും നമ്മളെ ഗ്രസിക്കുന്ന ഒരു ഇരുട്ടാണ് ഈ ഒറ്റപ്പെടൽ. ഈ പദം ഒരു ഇരുണ്ട ഇടനാഴി പോലെയാണ്. വെളിച്ചം അതിന്റെ ഒരറ്റത്തുണ്ടാവും എന്ന ധാരണയിൽ നമ്മൾ അങ്ങ് തപ്പിത്തടഞ്ഞു മുന്നോട്ടു പോകുകയല്ലാതെ പിന്തിരിഞ്ഞുനടക്കാനാവില്ല. വാസ്തവത്തിൽ നമ്മൾ ഒറ്റയ്ക്ക് ജനിച്ചു, ഒറ്റയ്ക്ക് മരിക്കുന്നതിനിടയിൽ എപ്പോഴൊക്കെയോ ഒറ്റക്കായാൽ ഇത്ര പരിഭ്രമിക്കേണ്ട കാര്യമുണ്ടോ? ജനിച്ചപ്പോൾ മുതൽ ‘കൂട്ടിന്റെ' മാധുര്യം നുണഞ്ഞവർക്ക്​ ഒറ്റപ്പെടലിൽ മാനസികനില തന്നെ തെറ്റിപ്പോവാനിടയുണ്ട്.

വൈവാഹിക ജീവിതം ഒരു സ്വകാര്യ ഉടമ്പടിയാണ്. പക്ഷെ, വിവാഹം വെറും രണ്ടു വ്യക്തികളിൽ ഒതുങ്ങിക്കൂടില്ല, രണ്ടു കുടുംബങ്ങൾ തമ്മിലൊരു ധാരണാപത്രം മാനസികമായി ഇരുകൂട്ടരും സ്വീകരിക്കുന്നുണ്ട്. അതിൽ നിഗൂഢമായ പല കണ്ടീഷൻസുമുണ്ട്. ഒരു നെയ്ത്തുശാലയെ ഓർമിപ്പിക്കുന്ന ഒന്ന്. നെയ്ത്തുകാർ ഒത്തൊരുമിച്ചു തറിയിൽ വസ്ത്രം നെയ്തെടുക്കുന്ന പോലെയാണ് ഈ കുടുംബം.

ഇടക്കെപ്പോഴോ ആരൊക്കെയോ ഉണ്ടായിരുന്നു, പെട്ടെന്ന് ഒറ്റക്കായിപ്പോയി എന്ന തോന്നലുണ്ടായാൽ നമ്മൾ ചുറ്റുപാടുകളിൽ ഒന്ന് കണ്ണോടിക്കുന്നതു നല്ലതാണ്. ഒരുപക്ഷെ അന്നുവരെ, നമ്മുടെ വീടിനു പുറത്ത്​ മറ്റൊരു ലോകം ഉണ്ടെന്നുതന്നെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മാതാപിതാക്കൾ നമ്മളെ അവരുടേതായ പ്രത്യേകതരം മാനസികാവസ്ഥയിലാണ് വളർത്തിയെടുക്കുന്നത്, അനുകൂല ഊഷ്മാവിൽ ഒരു ഇൻക്യൂബേറ്ററിൽ വളർത്തിയെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ. നമ്മൾ വളർന്ന ആ അന്തരീക്ഷത്തിനുള്ളിൽ മാത്രം നമ്മൾ ഒരു സുരക്ഷാവലയം കാണുന്നു. ചുറ്റുപാടുകളിലെ പ്രതികൂലസാഹചര്യങ്ങൾ നമ്മളിൽ സ്വാധീനമുണ്ടാക്കും എന്ന പേടി കാരണം അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ജീവിക്കാനാണ് ഓരോ കുടുംബനാഥനും നാഥയും ശ്രമിക്കുന്നത്.

വൈവാഹിക ജീവിതം ഒരു സ്വകാര്യ ഉടമ്പടിയാണ്. പക്ഷെ, വിവാഹം വെറും രണ്ടു വ്യക്തികളിൽ ഒതുങ്ങിക്കൂടില്ല, രണ്ടു കുടുംബങ്ങൾ തമ്മിലൊരു ധാരണാപത്രം മാനസികമായി ഇരുകൂട്ടരും സ്വീകരിക്കുന്നുണ്ട്. അതിൽ നിഗൂഢമായ പല കണ്ടീഷൻസുമുണ്ട്. ഒരു നെയ്ത്തുശാലയെ ഓർമിപ്പിക്കുന്ന ഒന്ന്. നെയ്ത്തുകാർ ഒത്തൊരുമിച്ചു തറിയിൽ വസ്ത്രം നെയ്തെടുക്കുന്ന പോലെയാണ് ഈ കുടുംബം. ഊടും പാവും ബലമുള്ളതാവണം, വസ്ത്രത്തിന്റെ ഈട് നിലനിൽക്കണം, മനോഹരമായിരിക്കണം. എല്ലാവരുടെയും ശ്രദ്ധ തറിയിലാണ്, നെയ്ത്തുശാലക്കപ്പുറത്തേക്കുള്ള ഒന്നിലും ശ്രദ്ധിക്കാനാവില്ല. ആരെങ്കിലുമൊരാളുടെ ശ്രദ്ധക്കുറവ്, അല്ലെങ്കിൽ വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങൾ മതി, നെയ്യുന്ന വസ്ത്രത്തിൽ അസ്വാരസ്യങ്ങളുടെ ചായം പടർന്ന്​ വസ്ത്രം വികൃതമാവാൻ. ചുറ്റും മതിലുകൾ ഉയർത്തിക്കെട്ടിയ നെയ്ത്തുശാല. അങ്ങനെ നമ്മളിൽത്തന്നെ നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ചുവരുമ്പോൾ, പെട്ടെന്നൊരു ദിവസം നമ്മുടെ എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞ്​ ഒറ്റക്കാവുമ്പോൾ, തീർച്ചയായും ഒറ്റപ്പെടലിന്റെ വ്യാപ്തി കൂടും.

കുടുംബങ്ങളുടെ സ്വകാര്യതയുടെ നൂലിഴകൾ വേർപ്പെടുത്തി പരുത്തിമരത്തിന്റെ കായുടെ തോടുപൊട്ടിച്ച്​ കാറ്റിൽ പാറിനടക്കുന്ന പഞ്ഞിക്കൂട്ടങ്ങളെപ്പോലെ ഈ ലോകത്ത്​ എത്രയോ ആളുകൾ ഒറ്റപ്പെട്ട്​ നമുക്കുചുറ്റും ജീവിക്കുന്നു. ഒറ്റപ്പെടൽ സ്വീകരിച്ച്​ മുന്നോട്ടുപോകുന്നവർ. അവർക്കും ആവാം, ഒരു സോൾമേറ്റ്. നിയമാനുസൃതമായ വൈവാഹികജീവിതം തന്നെയാവണമെന്നില്ല, നിബന്ധനകളുണ്ടാവണമെന്നില്ല, പുരുഷനാകണമെന്നില്ല, സ്ത്രീ ആയിക്കൂടെ സോൾമേറ്റ്? ഒരുമിച്ചു താമസിക്കണമെന്നു പോലുമില്ല. നമ്മളെ മനസ്സിലാക്കുന്ന, നമ്മളെ വിശ്വസിക്കുന്ന, നമ്മളെ സ്‌നേഹിക്കുന്ന, യാരോ ഒരാൾ നമുക്കുണ്ട് എന്നൊരൊറ്റ ഉറപ്പുമതി, ജീവിതം സുന്ദരമായിത്തോന്നാൻ. അപ്പോൾ ഈ വിവാഹപരസ്യങ്ങൾക്ക് പൈസ കൊടുത്ത്​ സോൾമേറ്റിനെ എന്തിനാ അന്വേഷിക്കുന്നെ? രണ്ടാമതൊരു ജീവിതപങ്കാളിയെ വൈവാഹിക ഉടമ്പടികളില്ലാതെ സ്വീകരിച്ചു കൂടെ? പക്ഷെ, ആവില്ലല്ലോ. രണ്ടുപേർ ഒരുമിച്ചു ജീവിതം പങ്കിടുമ്പോൾ സമൂഹത്തിന്​ ആ ബന്ധം സ്വീകാര്യമായിരിക്കണം, നിയമപരമായി കെട്ടുറപ്പ് വേണം, കടമ്പകൾ പലതാണ്.

Photo: DOLCEVITALUX, Flickr

സമൂഹം അംഗീകരിക്കണമെങ്കിൽ സമൂഹം നമുക്കുചുറ്റും സൃഷ്ടിച്ചു വച്ചേക്കുന്ന പല പല നിബന്ധനകളുടെയും ചട്ടക്കൂട്ടിൽ ഭാര്യാഭർത്താക്കന്മാർ ഒതുങ്ങിക്കൂടിക്കൊള്ളണം. സമൂഹത്തിന്റെ പരിധിയിലല്ല നിങ്ങൾ ജീവിക്കുന്നതെങ്കിൽ, ജീവിതപങ്കാളികളാണെങ്കിലും സമൂഹം നിങ്ങളെ അംഗീകരിക്കില്ല. വൈവാഹിക ജീവിതത്തിൽ സമൂഹത്തിന്റെ വെല്ലുവിളികൾ മാത്രമല്ല ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്. വിവാഹം കഴിഞ്ഞ്​, കുടുംബമായി, മുന്നോട്ടു പോകണമെങ്കിൽ, പുരുഷാധിഷ്ഠിത സാമൂഹികവ്യവസ്ഥയിൽ അവൾ അവനെക്കാളേറെ വിട്ടുവീഴ്ചകൾക്ക് തയ്യാറായേ പറ്റൂ എന്ന നിലപാടാണ് നമുക്കുചുറ്റും കൂടുതലായി ദൃശ്യമായിട്ടുള്ളത്.

അങ്ങനെ ചായക്കൊപ്പം മനോരമ പത്രവും ഊറ്റിക്കുടിച്ച്​ ഞാനിരുന്നപ്പോൾ രാവിലെ ഒരു മരണവാർത്തയുമായിട്ടാണ് മേരി വന്നത്. പണ്ട് അയൽവാസിയായിരുന്ന അച്ചായൻ മരിച്ചു. ഏറെനാൾ കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിച്ചേച്ചി അമ്മയുടെ സ്റ്റുഡൻറാണ്​. പണ്ടേ വളരെ സ്‌നേഹത്തോടെ അടുത്തുപെരുമാറിയ കുടുംബം. ഞാൻ പറഞ്ഞു, ‘പാവം രക്ഷപ്പെട്ടു. എത്ര നാളായി കിടപ്പിലായിരുന്നു.’
പക്ഷെ മേരിയുടെ പ്രതികരണം മറ്റൊന്നായിരുന്നു, ‘കാര്യം ശരിയാ കുഞ്ഞേ, പക്ഷെ അമ്മാമ്മ ഒറ്റക്കായില്ലേ? ഉണ്ടായിരുന്നൊരു അന്തിക്കൂട്ടല്ലേ പോയത്?'

പകലൊക്കെ അധ്വാനിച്ച്​ മൂവന്തിക്ക് അല്പം കള്ളും മോന്തി ഭാര്യമാരെ തല്ലിയാലും അവരത്​ ഏറ്റുവാങ്ങി, ഒരു അന്തിക്കൂട്ടുണ്ടല്ലോ എന്നാശ്വസിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു.

അന്തിക്കൂട്ട്! എത്ര സുന്ദരമായ പദം.
എനിക്ക് ആ പദം ഇഷ്ടമായി. നാടൻ പ്രയോഗം.
പക്ഷെ പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന പദം പോലെ തോന്നിച്ചു.

വാർദ്ധക്യത്തിന്റെ അസ്തമയവേളയിൽ, ജീവിതത്തിന്റെ ഏതാണ്ടൊരു അറ്റത്തെത്തി എന്ന് സ്വയം തോന്നുന്നവർക്ക്, അല്ലെങ്കിൽ മൂടൽമഞ്ഞുപോലെ സദാസമയവും ഏകാന്തതയാൽ ചുറ്റപ്പെട്ടവർക്ക്, കണ്ണിന്​ കാഴ്ച മങ്ങി നിറപ്പകിട്ടാർന്ന ജീവിതം ബ്ലാക്ക്​ ആൻഡ് വൈറ്റ് ആയിത്തീർന്നവർക്ക്, തിരശ്ശീലയിൽ ‘fin' എന്നെഴുതിക്കാണിക്കുംമുമ്പ്, ഒരുപക്ഷെ, ഒരു സന്ധ്യക്ക് സ്‌നേഹമുള്ള ആരോ ഒരാളിന്റെ കൈപിടിച്ച് കടൽതീരത്തിരുന്ന്​ അസ്തമയസൂര്യനെ നോക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നൊരാൾക്ക്​, യെസ്, അന്തിക്കൂട്ട് നല്ലൊരു കാര്യമാണ്.

Photo: unsplash.com

വൈവാഹിക ചട്ടക്കൂടിൽ നിന്നാരംഭിച്ച ഭാര്യാഭർത്തൃബന്ധമാണെങ്കിലും, വാർദ്ധക്യത്തിന്റെ സായംസന്ധ്യകളിൽ, അവിഹിതത്തിന്റെ പേരുപറഞ്ഞ്​സദാസമയം ഭർത്താവുമായി വഴക്കുകൂടുന്ന ഭാര്യ, സന്ധ്യകളിൽ ‘ഒന്ന് മിണ്ടീം പറഞ്ഞും' ‘ഒരേ പോണിയിൽ മുറുക്കാൻ തുപ്പീം' ഇരിക്കുന്ന കാഴ്ച മനസ്സിൽ കോറിയിട്ടത്, ചെല്ലമ്മയാണ്. ചെല്ലമ്മ എന്റെ ആൻറി ആനിമ്മാമയുടെ വീട്ടിൽ ജോലിക്ക്​, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടു താലൂക്കിന്റെ പ്രാന്തപ്രദേശത്തുനിന്ന് വന്ന സ്ത്രീയാണ്. ഭർത്താവിന്റെ അവിഹിതമെല്ലാം മറന്ന്​സന്ധ്യ കഴിഞ്ഞാൽ ഒരേ പോണിയിൽ (മുറുക്കാൻ തുപ്പുന്ന പാത്രം) മുറുക്കാൻ തുപ്പി മിണ്ടിയും പറഞ്ഞും ഇരിക്കുന്ന ആ ഭാര്യക്ക് ഭർത്താവ് എന്തായാലും ഒരു അന്തിക്കൂട്ടു തന്നെയാവണം. പകലൊക്കെ അധ്വാനിച്ച്​ മൂവന്തിക്ക് അല്പം കള്ളും മോന്തി ഭാര്യമാരെ തല്ലിയാലും അവരത്​ ഏറ്റുവാങ്ങി, ഒരു അന്തിക്കൂട്ടുണ്ടല്ലോ എന്നാശ്വസിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. മേരി ഇപ്പോഴും ആ കാലഘട്ടത്തിന്റെ വക്താവാണ്. ‘ആണുങ്ങളല്ലേ, അവരെന്തെങ്കിലും ഒക്കെ പറഞ്ഞോട്ടെ, നമ്മളൊന്നും തിരിച്ചുപറയണ്ട' എന്ന മനോഭാവത്തിന്റെ പേരിൽ ഞാനും മേരിയും തർക്കിച്ചിട്ടുണ്ട്. മേരിയെ എനിക്കറിയാവുന്ന ഫെമിനിസ്റ്റ് ചിന്താഗതികൾ കൊണ്ടൊക്കെ ബോധവൽക്കരിക്കാൻ ശ്രമിച്ചിട്ടും ഞാൻ പരാജയപ്പെട്ടിട്ടേയുള്ളൂ.

പക്ഷെ സത്യത്തിൽ അന്തിക്കൂട്ട് എത്രമാത്രം യാഥാർഥ്യമാണ്? അതൊരു സമാധാനമാണോ? അതോ പേടിസ്വപ്നമോ? ഒരുപക്ഷെ പീഢനമേറ്റുവാങ്ങി നിശ്ശബ്ദരായിരുന്ന ഭാര്യമാർ ഇന്നധികമുണ്ടാവില്ല. മുംബൈയിലെ എന്റെ വീട്ടിൽ മുറി തൂക്കാനും തുടക്കാനും വന്നിരുന്ന സ്ത്രീക്ക് ഭർത്താവ് മരിച്ചപ്പോൾ ആശ്വാസമായിരുന്നു. എന്നും കള്ളുകുടിച്ചെത്തുന്ന ഭർത്താവിന്റെ മർദ്ദനങ്ങളിൽ നിന്ന്​ അവരെയും അങ്കണവാടിയിലെ ടീച്ചറായ മകളെയും എന്നന്നേക്കുമായി രക്ഷപ്പെടുത്തിയത് അയാളുടെ മരണമാണ്. സമൂഹത്തെ പേടിച്ചിട്ടാവണം അവർ ഒരു ഡിവോഴ്സിനെ പറ്റി ചിന്തിക്കാതിരുന്നത്. അരിപ്പാത്രത്തിലും സാരിക്കുള്ളിലും അവർ ഒളിച്ചുവച്ചിരുന്ന പൈസ മോഷ്ടിച്ച് കുടിച്ചിട്ട് വന്നിട്ടായിരുന്നു അയാളുടെ പീഢനങ്ങൾ. അയാളുടെ മരണശേഷം അവർ അവരുടെ വരുമാനം അവരുടേതായ തീരുമാനമനുസരിച്ച്​ ചെലവഴിക്കാൻ തുടങ്ങി. അതിനുശേഷമാണ് അവർക്ക്​ രാത്രികളിൽ ശാന്തമായി ഉറങ്ങാൻ കഴിഞ്ഞിരുന്നത്.

അംബികച്ചേച്ചിയുടെ മകൻ കള്ളുകുടിച്ചുവന്ന്​ അവരെ തല്ലുമ്പോൾ തിരിച്ചു രണ്ടെണ്ണം കൊടുക്കാൻ ഈ സമൂഹം തയ്യാറല്ല. അപ്പോൾ അത് അംബിക ചേച്ചീടെ മാത്രം കുടുംബക്കാര്യമാവും. മകൾ കള്ളുകുടിച്ച്​ അച്ഛനെ തല്ലിയാൽ പ്രശ്‌നം സാമൂഹികപ്രശ്‌നമാവും, കുടുംബത്തിൽ ഒതുങ്ങില്ല.

എന്റെ മനസ്സിൽ ഓടിയെത്തുന്ന മറ്റൊരു ചിത്രം അംബികചേച്ചിയുടേതാണ്.
ഈ അടുത്തകാലത്ത് ഇന്ത്യൻ ബാങ്കിൽ വച്ച് പരിചയപ്പെട്ടൊരു സ്ത്രീ. പ്രായം എഴുപതിനോടടുത്തുണ്ടാവണം. നെറ്റി നിറച്ച്​ ചന്ദനക്കുറി വരച്ചിട്ടുണ്ട്, മഞ്ഞയും തവിട്ടും കലർന്നൊരു ചെക്ക് സാരി, ഇളം പച്ച ബ്ലൗസ്, എണ്ണമയമില്ലാഞ്ഞിട്ടാവും നരച്ച മുടി പാറി കിടക്കുന്നു, ചീകിയൊതുക്കാൻ സമയം കിട്ടിക്കാണില്ല. ഉച്ച സമയത്ത്​ പാതി തുറന്ന ഒരു ഷോൾഡർ ബാഗുമായി ധിറുതി പിടിച്ചാണ് ബാങ്കിലേക്ക് കയറിവന്നത്. വന്നപാടെ പൈസ എടുക്കാനുള്ള സ്ലിപ്പുമായി എന്റടുത്തുവന്ന്​ പൂരിപ്പിച്ചുതരുമോന്നു ചോദിച്ചു. 4000 രൂപ എടുക്കണം. ഞാൻ പൂരിപ്പിച്ചുകൊടുത്തു. അതിനിടയിൽ അക്കൗണ്ട് നമ്പർ എഴുതാൻ പാസ്സ്ബുക്ക് തപ്പി കുറച്ചുസമയം പോയി. ബാഗിൽ ഒരു കുഞ്ഞു സ്റ്റീൽ ഗ്ലാസ്സും കുറെ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ പേപ്പറുകളും ഗ്യാസിന്റെ ബുക്കും എല്ലാം കൂടി കുത്തി നിറച്ചിരിക്കയാണ്.

ഓരോന്നായി എടുത്ത്​ എന്റെ കൈയ്യിൽ തന്നിട്ട്​, പാവം പാസ്​ബുക്ക്​ തപ്പുകയാണ്. ഇടയ്ക്കു പറഞ്ഞു; മൂത്ത മകനെ പേടിച്ചിട്ട്​ ഒന്നും വീട്ടിൽ വയ്ക്കാൻ വയ്യ, കള്ളുകുടിയനാണ്, തല്ലുന്നൊരു മകൻ. ഭർത്താവ്​ മരിച്ചു. മകൻ തലേദിവസം കൂടി മുടിക്ക് കുത്തിപ്പിടിച്ച്​ ഭിത്തിയിൽ തല്ലിയെന്നാണ് പറഞ്ഞത്. എനിക്കാകെ വിഷമമായി. അമ്മ സ്വരൂപിച്ചുവച്ച കാശ് മുഴുവൻ മകനെ ഡീ- അഡിക്ഷൻ സെന്ററിലാക്കാൻ ബാങ്കിൽ നിന്നെടുക്കുകയാണ്. തല്ലിൽ നിന്ന് തല്ക്കാലം രക്ഷപെടാൻ, അമ്മയോട് ഞാൻ പറഞ്ഞു, അമ്മക്കൊരു പരാതി പൊലീസ് സ്റ്റേഷനിൽ കൊടുക്കാമായിരുന്നില്ലേ? അമ്മയുടെ മറുപടി, ‘എന്റെ മോനല്ലേ മോളേ, അവരെങ്ങാനും തല്ലിച്ചതച്ചിട്ട്​ ചത്തുപോയാലോ?' ഇതാണ് നമ്മുടെ കുലപരമായ അമ്മ മനോഭാവം. മരണം വരെ സഹിക്കുക. പൈസ എടുത്തുകൊടുത്തപ്പോൾ അവർ നന്ദിയോടെ പറഞ്ഞു, ഭാഗ്യമുണ്ടെങ്കിൽ ഇനിയും നമുക്ക് കാണാം. എനിക്ക് വേദന തോന്നി. ഇനി കാണുമെന്ന പ്രതീക്ഷ പോലും എനിക്കില്ല.

പക്ഷെ സത്യത്തിൽ അന്തിക്കൂട്ട് എത്രമാത്രം യാഥാർഥ്യമാണ്? അതൊരു സമാധാനമാണോ? അതോ പേടിസ്വപ്നമോ? / Photo: unsplash.com

‘അമ്മ എന്ന സാമൂഹിക നിർമിതിയും കാലപ്പകർച്ചകൾ ആവശ്യപ്പെടുന്ന പൊളിച്ചെഴുത്തും' എന്നൊരു ലേഖനം ഐറിസ് എന്ന കവിസുഹൃത്ത് എഴുതിയിരുന്നു. സമൂഹസംവിധാനങ്ങൾക്ക് അനുയോജ്യമായി ഇളംതലമുറകളെ വാർത്തെടുക്കുന്നതിൽ കുടുംബങ്ങളുടെ പങ്കിനെ കുറിച്ച്​ അതിൽ പറയുന്നുണ്ട്. വിവാഹം, കുടുംബം, സ്ത്രീപുരുഷ സമത്വം എന്നിവയിൽ ഇനിയും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഒരു വീട് അല്ലെങ്കിൽ കുടുംബം മാനേജ് ചെയ്യണ്ട ചുമതല സ്ത്രീ ചുമക്കുമ്പോഴും, വിവാഹം, സ്വത്ത്​, ധനവിനിയോഗം എന്നീ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് പലപ്പോഴും പുരുഷന്മാരാണ്. പുരുഷന്മാരുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് പല സ്ത്രീകളും മൗനാനുവാദം നല്കിയിട്ടാണ്. അയാൾ പറയുന്നതിനപ്പുറം ശരിയുണ്ടോ തെറ്റുണ്ടോ എന്നുപോലും ചിന്തിക്കാൻ മെനക്കെടാത്തവർ. സ്ത്രീ കുടുംബത്തിലെ സുപ്രധാന തീരുമാനമെടുത്താൽ ചിലപ്പോൾ അബദ്ധമയേക്കാം എന്ന മുൻധാരണയാവും ഒരുപക്ഷെ അവളെയും തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. അവൾക്കു കുടുംബത്തിലെ കാരണവന്മാരുടെ അനുവാദം വേണ്ടിവരും, തീരുമാനമെടുക്കാൻ. അഥവാ, ആരുടേയും ഉപദേശം കേൾക്കാതെ സ്വയം അവൾ തീരുമാനമെടുത്താൽ, അവൾ തന്നിഷ്ടക്കാരിയാകും. ആ തീരുമാനം ഒന്ന് പാളിപ്പോയാൽ, പിന്നെ പറയണ്ട, അത് കൊണ്ടാടാൻ നൂറുപേര് കാണും, പെണ്ണുങ്ങളും ആണുങ്ങളും ചേർന്ന്.

അന്തിക്കൂട്ടും സോൾമേറ്റുമൊന്നുമല്ല സ്ത്രീക്കുവേണ്ടത്, സമാധാനത്തോടെ ഒന്നിരിക്കാൻ, അവളെക്കുറിച്ചു അവൾക്കു തന്നെ തിരിച്ചറിയാൻ അല്പം സമയവും ഇടവുമാണ് ഒന്നാമതായി വേണ്ടത്.

അങ്ങനെ സ്ത്രീകളെ ദുർബല, മൃദുഭാഷിണി, സഹനശീല, സുശീല, തലങ്ങളിൽ തുടരാനും ഭർത്താവിന്റെ പാദാരവിന്ദങ്ങളെ പിന്തുടരുന്ന ഭാര്യമാരെ പാടിപ്പുകഴ്ത്താനും നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാമുദായിക തലങ്ങളിൽ മതാധിപന്മാരുടെ ഒത്താശയോടെ ഒരുവശത്തൂടെ ശ്രമം നടക്കുന്നുണ്ട്. അംബികച്ചേച്ചിയുടെ മകൻ കള്ളുകുടിച്ചുവന്ന്​ അവരെ തല്ലുമ്പോൾ തിരിച്ചു രണ്ടെണ്ണം കൊടുക്കാൻ ഈ സമൂഹം തയ്യാറല്ല. അപ്പോൾ അത് അംബിക ചേച്ചീടെ മാത്രം കുടുംബക്കാര്യമാവും, മറ്റൊരാളുടെ കുടുംബക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന നിലപാടെടുക്കും. പക്ഷെ അംബിക ചേച്ചി ജനിച്ചപ്പോൾ മുതൽ എങ്ങനെ വളരുന്നു, എങ്ങനെ ജീവിക്കുന്നു, ആരെ വിവാഹം കഴിക്കുന്നു, എന്തുജോലിക്കു പോകുന്നു, എന്തുടുക്കുന്നു, എങ്ങനെ ഭർത്താവിനെ സേവിക്കുന്നു, എന്ത് ആഹാരം വയ്ക്കുന്നു, എങ്ങനെ ഭർത്താവിനെയും കുട്ടികളെയും ഊട്ടുന്നു എന്നതിലെല്ലാം സമൂഹം സൂക്ഷ്മാവലോകനം നടത്തുകയും അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ട് നേരിട്ടും, പരോക്ഷമായും. പക്ഷെ കള്ളുകുടിയനായ മകൻ അമ്മയെ തല്ലുമ്പോൾ മിണ്ടാതെയിരുന്ന്​, വീട്ടിലെ ജനാലവരികളുടെ മറവിൽനിന്ന് ഒളിച്ചുനോക്കും. അംബിക ചേച്ചിയുടെ മകൾ കള്ളുകുടിച്ച്​ അച്ഛനെ തല്ലിയാൽ പ്രശ്‌നം സാമൂഹികപ്രശ്‌നമാവും, കുടുംബത്തിൽ ഒതുങ്ങില്ല.

അമ്മയെ സംബന്ധിച്ച്, വീട്ടിൽപ്പോലും അവൾക്കായി ഒരിടം അനാവശ്യമാണെന്ന ചിന്ത, സ്വന്തം ഇഷ്ടാനിഷ്ടങ്ങളും തെരഞ്ഞെടുപ്പുകളും തന്റേടമാണെന്ന നെറ്റി ചുളിക്കൽ, യാത്രകൾ വീടിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന വിലയിരുത്തൽ, സ്വന്തം പേരിൽ സ്ഥാവരജംഗമങ്ങൾ ഉണ്ടാകുന്നതുതന്നെ അപകടകരമാണെന്ന ഓർമിപ്പിക്കൽ, വാർദ്ധക്യത്തിലെ വിശ്രമകാലം മൂന്നാം തലമുറയുടെ പാകപ്പെടലിന് മാറ്റിവയ്ക്കപ്പെടേണ്ടത് എന്ന നിഗമനം ... ഇതൊക്കെക്കൂടിയാകുമ്പോൾ സ്‌നേഹപാശങ്ങളുടെ വേലിയേറ്റത്തിൽ ദിശാബോധവും സ്വയംബോധവും നഷ്ടപ്പെട്ട ഇരുകാലിയുടെ സഹനചിത്രം പൂർത്തിയാകുന്നു. (ഐറിസിന്റെ വരികൾ).

അപൂർവമായി കൂരക്കുള്ളിലെ ഏതെങ്കിലും കോണുകളിലോ കസേരകളിലോ, വിറകടുപ്പ് കത്തിയെരിഞ്ഞുകൊണ്ടിരുന്ന അടുക്കളമൂലയിലോ അറിയാതെ ഇടങ്ങൾ വീണുകിട്ടിയിരുന്നു. / Photo: unsplashcom

എന്റെ ഒരു പഴയ ഫേസ്ബുക് പോസ്റ്റ് ഓർമ വരുന്നു. പതിവിലധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പോസ്റ്റ്. ഇന്നും അത് വായിക്കാനിടയായാൽ ലൈക്ക്​ കിട്ടാറുണ്ട്. സ്ത്രീകളാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. ആ പോസ്റ്റിലെ ചില വരികൾ ഇവിടെ ഒന്നടയാളപ്പെടുത്തുന്നു, കാരണം ഇതെന്റെമാത്രം തോന്നലല്ല, വീടിന്റെ ഉത്തരവാദിത്വം മുഴുവൻ വഹിക്കുന്ന വിവാഹിതയും അവിവാഹിതയും ആയ ഒരുകൂട്ടം സ്ത്രീകളുടെ അവസ്ഥയാണ്, ആവശ്യമാണ്, സ്വപ്നമാണ്, അവൾക്കായി, അടുക്കളയിൽ അല്ലാതെ, ഒരിടം വേണമെന്ന്.

‘വീട്' എന്ന വാക്കിന്​ കൂര എന്നൊരർഥത്തിൽ മാത്രം എടുക്കുകയാണെങ്കിൽ, എന്റെ തലയ്ക്കുമീതെ എന്നും കൂരയുണ്ടായിരുന്നു. മറ്റുള്ളവർ അനുവദിച്ചുതന്ന കുടുംബ കൂരകൾ, ഞാനായി കണ്ടെത്തിയ വാടക കൂരകൾ. പക്ഷെ ആ കൂരകളിൽ എനിക്കൊരു ‘ഇടം' ഉണ്ടായിരുന്നില്ല. അപൂർവമായി കൂരക്കുള്ളിലെ ഏതെങ്കിലും കോണുകളിലോ മുറ്റത്തെ വരാന്തയിലോ, ജനലിനോട് ചേർത്തിട്ടിരുന്ന കസേരകളിലോ, വിറകടുപ്പ് കത്തിയെരിഞ്ഞുകൊണ്ടിരുന്ന അടുക്കളമൂലയിലോ അറിയാതെ ഇടങ്ങൾ വീണുകിട്ടിയിരുന്നു. ആ ഇടങ്ങളിൽ ഞാൻ എന്നെത്തന്നെ ചേർത്തുവച്ചപ്പോൾ ഞാൻ കേട്ടു, ‘അയാളുടെ അധികാരം വിട്ടു കളിയില്ല,' ‘അയാളുടെ സ്‌പേസ് ആക്കി മാറ്റിയെടുത്തു'... എന്നൊക്കെയുള്ള പറച്ചിലുകൾ.

വീട്ടുപണി അവസാനിക്കുന്നേയില്ല. കാരണം, അത് പങ്കുവയ്ക്കാൻ വീട്ടിലുള്ളവർ അധികമൊന്നും തയ്യാറാവില്ല. അഥവാ വന്നാലും അവർക്ക്​ ഗസ്​റ്റ്​ റോൾ ആവും വേണ്ടത്.

അപൂർവം കിട്ടിയ ആ ഇടങ്ങൾ നമ്മുടേതായി കരുതി, നമ്മൾ അവിടെ ഒതുങ്ങിയാൽ, നമ്മളെ ബാക്കിയുള്ളവർ ഒതുക്കും എന്ന് ഞാനറിഞ്ഞു. ആരും ഇരിക്കാതെ, മൂലക്കുതള്ളുന്ന പഴഞ്ചൻ കസേരകളിൽ ഓരോത്തരും ഊരിയിടുന്ന മുഷിഞ്ഞ വസ്ത്രക്കൂമ്പാരങ്ങൾ കുന്നുകൂടുന്നപോലെ, നമ്മുടെ തലയിലേക്ക് ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ടുകൾ താനെ വന്നുവീഴും, പിന്നെ കുമിഞ്ഞു കൂടും. അതോടെ, നിങ്ങൾ നിങ്ങൾ അല്ലാതാവും, നിങ്ങൾ ‘അമ്മ'യെ പോലെ, ‘ചേച്ചി'യെ പോലെ, ‘ഏടത്തിഅമ്മയെപോലെ' ഒരു കുടുംബവിളക്കാവും. അങ്ങനൊരു റോൾ മോഡലാവാൻ എനിക്കിഷ്ടമല്ല. വീട്ടിൽ, കുടുംബത്തിൽ തന്നെ ഒരിടം തേടി അലഞ്ഞാൽ നിങ്ങൾ ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ പോലെയാകും എന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. വീടിനു പുറത്താണ് ആകാശം, വീടിനുപുറത്താണ് വിശാലമായ കടലോരം. വീടിനു വെളിയിലാണ് നീണ്ട വഴിയോരങ്ങൾ, കലുങ്കുകൾ, മരച്ചോടുകൾ, വായനശാലകൾ, ആൽത്തറകൾ, മൈതാനങ്ങൾ, സിമന്റു ബെഞ്ചുകൾ.

പഴഞ്ചൻ കസേരകളിൽ ഓരോത്തരും ഊരിയിടുന്ന മുഷിഞ്ഞ വസ്ത്രക്കൂമ്പാരങ്ങൾ കുന്നുകൂടുന്നപോലെ, നമ്മുടെ തലയിലേക്ക് ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ടുകൾ താനെ വന്നുവീഴും / Photo: Unsplash.com

ഒരു കുടുംബത്തിൽ ചുമതലകൾ പങ്കിട്ടെടുക്കാൻ കൂടെ താമസിക്കുന്നവർ ഇല്ലാത്തിടത്തോളം കാലം, സ്ത്രീകൾ നാലു ചുമരിനുള്ളിൽ വലിഞ്ഞുവലിഞ്ഞു നടന്ന്​ അടുക്കള പിന്നെയും പിന്നെയും വെടുപ്പാക്കിക്കൊണ്ടേയിരിക്കും; കക്കൂസും കുളിമുറിയും കഴുകാനായി ഞായറാഴ്ചകൾ മാറ്റിവയ്ക്കും; ഗ്യാസ് അടുപ്പിനടിയിൽ പതഞ്ഞു പൊങ്ങി ഒഴുകിയ പാൽ അവൾക്കായി കട്ടപിടിച്ചു കിടക്കും, കഴുകാത്ത പാത്രങ്ങളും തണ്ടൊടിഞ്ഞ കുക്കറും റബ്ബറും വിസിലും പലയിടങ്ങളിലായി നിരന്നു കിടക്കും. ചിലന്തിവല അടിക്കൽ, തൂത്തുവാരൽ, തുണിയലക്കൽ എന്നിവക്കു ഓരോ ദിവസങ്ങൾ. ഈ സൈക്കിൾ തുടരും. വീട്ടുപണി അവസാനിക്കുന്നേയില്ല. കാരണം, അത് പങ്കുവയ്ക്കാൻ വീട്ടിലുള്ളവർ അധികമൊന്നും തയ്യാറാവില്ല. അഥവാ വന്നാലും അവർക്ക്​ ഗസ്​റ്റ്​ റോൾ ആവും വേണ്ടത്. ആരുടെയെങ്കിലും തോളിൽ ചുമതലയുടെ മാറാപ്പുവച്ച് അവർ മുങ്ങും; പിന്നെ പൊങ്ങുന്നത് നിങ്ങളുടെ കഴിവില്ലായ്മ ചൂണ്ടിക്കാണിക്കാനാവും, നിങ്ങളുടെ പാളിച്ചകൾ എണ്ണിപ്പറയാനാവും, ഉപദേശിക്കാനാവും. നിങ്ങളുടെ സമയവും, എനർജിയും അവർക്ക്​ പാഴ്​വസ്തുക്കളാണ്. ഒരു കുടുംബത്തിനുള്ളിലാണ് എല്ലാവരുടെയും പങ്കാളിത്തം വേണ്ടത്, ഉണ്ടാവേണ്ടത്. മറ്റൊരാളുടെ എനർജിയും ടൈമും സ്വന്തം ടൈമിനും എനർജിക്കും തുല്യമാണെന്നു മനസ്സിലാക്കിയാൽ മാത്രമേ കുടുംബം എല്ലാവരുടെയും ഇടമായി മാറൂ. അതില്ലെങ്കിൽ സ്വന്തം ഇടങ്ങൾ തേടി സ്ത്രീകൾ വീടുവിട്ടിറങ്ങേണ്ടിവരും.

അന്തിക്കൂട്ടെന്നു കരുതിയാലും, സോൾമേറ്റ് എന്നുവിളിച്ചാലും നമ്മൾ ഒറ്റക്കാണ്. ഒറ്റക്കല്ല എന്ന തോന്നൽ വെറുമൊരു തോന്നൽ മാത്രമാണ്. ഒരു ബിന്ദുവിലെത്തുമ്പോൾ നിങ്ങളോടൊപ്പം, നിങ്ങളുടെ പ്രയാണത്തിൽ അന്നുവരെ നിങ്ങൾ സ്‌നേഹിച്ച ആ ഒരാൾ ഉണ്ടാവണമെന്നില്ല. അല്ലെങ്കിൽ അന്നുവരെ നിങ്ങൾ കാണാത്ത, അറിയാത്ത ഒരു അപരിചിതൻ നിങ്ങളോടൊപ്പം അന്നപൂർണ സർക്യൂട്ട്​നടത്താൻ തയ്യാറായി വരുന്നെങ്കിലോ? ഒരുപക്ഷെ ജീവിതത്തിൽ നിങ്ങൾ ഏറ്റവും ആനന്ദിക്കുന്ന ദിനങ്ങളാവും ആ ദിനങ്ങൾ.

അന്തിക്കൂട്ടും സോൾമേറ്റുമൊന്നുമല്ല സ്ത്രീക്കുവേണ്ടത്, സമാധാനത്തോടെ ഒന്നിരിക്കാൻ, അവളെക്കുറിച്ചു അവൾക്കു തന്നെ തിരിച്ചറിയാൻ അല്പം സമയവും ഇടവുമാണ് ഒന്നാമതായി വേണ്ടത്.

ഇനിയെനിക്കു കൂട്ടിച്ചേർക്കാൻ എന്റെ ഒരു കവിതയിലെ ഈ വരികൾ മാത്രം.

പ്രയാണമാണ് ജീവിതമെന്നു തിരിച്ചറിഞ്ഞ ഘട്ടത്തിൽ രണ്ടുപേർ വഴി പിരിയുകയാണ്, അല്ലലില്ലാതെ, പരാതിയില്ലാതെ, ഒരാൾ മറ്റൊരാൾക്ക് സ്‌നേഹപൂർവ്വം ജീവിതം തിരികെ കൊടുക്കുന്നു. രണ്ടുപേർ രണ്ടു കൂരയിലേക്കു മടങ്ങുകയാണ്, പക്ഷെ, പുസ്തകങ്ങൾ ഉപേക്ഷിക്കാനാവാതെ രണ്ടുപേർ നിരത്തുവക്കിൽ കലഹിക്കയാണ്, ഇത് നിന്റെ വഴി, ഇതെന്റെ വഴി, പുസ്തകങ്ങൾ നിസ്സംഗതയോടെ നോക്കുന്നു, ആരാണുടയൻ? ആര് ആർക്കു വിട്ടു കൊടുക്കും ചുമരിലെ മൂലപ്പടിയിലിരുന്നു ഗൗതമബുദ്ധൻ ചിരിക്കുന്നു.
​▮


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments