‘എന്റെ കഥ’യിലെ കമലയും വായനക്കാരിയായ ഒരു ​പെൺകുട്ടിയും

‘‘സ്ഥാപനബദ്ധമായ, ശൈലീകൃതമായ സ്ത്രീജീവിതത്തെ നിരാകരിക്കുന്ന ആത്മാംശമുള്ള രചനയെന്ന് എൻ്റെ കഥയെ ഇപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നു. അത് മാധവിക്കുട്ടിയുടെ യഥാർത്ഥ ജീവിതകഥയാണോ ഭ്രമ കല്പനകളാണോ എന്ന സന്ദേഹത്തിനു പ്രസക്തിയില്ല’’- 50 വർഷം പൂർത്തിയാക്കുന്ന മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യുടെ വായനാനുഭവം എഴുതുന്നു ജിസ ജോസ്.

1980 കളുടെ പാതിയിലാണ്, നിറയെ പുസ്തകങ്ങളുള്ള ഒരു വീട്ടിലെ സന്ദർശകയാവുന്നത്. മലയാളത്തിലെ അതിപ്രശസ്തനായ ഒരെഴുത്തുകാരൻ്റെ സഹോദരിയുടെ രണ്ടുനില വീട്. ചിത്രകാരിയും എഴുത്തുകാരിയും അധ്യാപികയുമായ ശാന്തടീച്ചറുടെ വീട്ടിലെ അംഗങ്ങളെല്ലാവരും നല്ല വായനക്കാരുമായിരുന്നു. അവിടത്തെ ഉച്ചനേരങ്ങളിലെപ്പോഴോ ആണ്, രണ്ടാം നിലയുടെ മുകളിലെ മച്ചിലേക്കുള്ള ചെറിയ കോണിമുറിയും വീതി കുറഞ്ഞ കോണിപ്പടികളും കണ്ടത്. കേറിച്ചെന്നത് ആനന്ദത്തിൻ്റെയും അത്ഭുതങ്ങളുടെയും വലിയ ലോകത്തിലേക്ക്. ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ ചിതറിക്കിടക്കുന്ന അവിടെ പഴയ ആഴ്ചപ്പതിപ്പുകൾ കെട്ടിവെച്ചിരിക്കുന്നു; മലയാളനാട്, മാതൃഭൂമി, കലാകൗമുദി ...

ആവേശത്തോടെ കെട്ടുകളഴിച്ചു വായിച്ചു.  പുസ്തകത്തിൻ്റെ വലുപ്പത്തിലുള്ള മലയാളനാട്ടിലാണ് മാധവിക്കുട്ടിയുടെ എൻ്റെ കഥ വായിക്കാൻ തുടങ്ങിയത്.

ജിസ ജോസ്

ചെറിയ കിളിവാതിലിനപ്പുറം ഉച്ചവെയിലിൽ മയങ്ങി നിൽക്കുന്ന നിരത്ത്, നിരനിരയായുള്ള വീടുകൾ, വായിക്കാനത്രയും കൊതിയുള്ള പന്ത്രണ്ടുകാരിക്ക് ദിവസങ്ങളോളം വായിക്കാനുള്ളത്രയും ആഴ്ചപ്പതിപ്പുകൾ, കൊതിപ്പിക്കുന്ന പഴമയുടെ സുഗന്ധം ... എല്ലാം അതേപടി ഓർമയിലുണ്ട്. മാധവിക്കുട്ടിയുടെ നുണകൾ എന്ന കഥ മുമ്പു വായിച്ചിട്ടുണ്ട്. കുറച്ചുനേരം മുന്നേ താഴെ നടന്ന  സല്ലാപ സദസ്സിൽ മാധവിക്കുട്ടിയുടെ വന്യമായ സൗന്ദര്യത്തെക്കുറിച്ച്, എൻ്റെ കഥയിൽ എല്ലാം തുറന്നെഴുതിയിട്ട് കുറെ കഴിഞ്ഞപ്പോൾ അതൊക്കെ സങ്കല്പങ്ങളായിരുന്നു, സത്യമല്ല എന്നു പറയേണ്ടി വന്നതിനെപ്പറ്റി ഒക്കെ മുതിർന്നവർ ചർച്ച ചെയ്തതു കേട്ടിരുന്നു. മക്കൾ മുതിർന്നപ്പോൾ തുറന്നെഴുത്തുകൾ അവർക്കു നാണക്കേടുണ്ടാക്കുമെന്നതിനാലാണ്  അങ്ങനെ പറഞ്ഞതെന്ന ലളിതമായ ഒരു കാരണവും ആരോ കണ്ടെത്തിയിരുന്നു.

പൊക്കം കുറഞ്ഞ ആ മേൽത്തട്ടിൽ പൊടിപടലങ്ങൾക്കിടയിലിരുന്നു രണ്ടോ മൂന്നോ ലക്കം വായിച്ചിട്ടുണ്ടാവും. പിറന്നാളിന് പുത്തനുടുപ്പില്ലാതെ അപമാനിതയാവുന്ന പത്തു വയസ്സുകാരി കുട്ടി ഞാൻ തന്നെയാണെന്നെനിക്കു തോന്നി.

 ആവേശത്തോടെയുള്ള വായനയ്ക്കിടയിൽ താഴെ നിന്ന്, തിരിച്ചുപോവാനുള്ള വിളി വന്നു. കൈയ്യിലൊതുങ്ങുന്നത്രയും മലയാളനാടുമെടുത്താണ് താഴെയിറങ്ങിയത്. മലയാളനാട് കുട്ടികൾക്കു വായിക്കാനുള്ളതല്ല, ഇതൊന്നും ഇപ്പോൾ വായിക്കണ്ട എന്നു പറഞ്ഞ് എല്ലാം പിടിച്ചുവാങ്ങപ്പെട്ടു. സങ്കടപ്പെട്ടിട്ടു കാര്യമില്ലായിരുന്നു. കുട്ടിക്കാലം അത്തരം നഷ്ടങ്ങളുടെയും വിലക്കുകളുടേതും കൂടിയാണ്. പിന്നീട് വളരെ വർഷങ്ങൾക്കുശേഷം പി ജി പഠനകാലത്താണ് എൻ്റെ കഥ പുസ്തകരൂപത്തിൽ മുഴുവനായി വായിക്കുന്നത്. ഉച്ചച്ചൂടിൽ വിങ്ങുന്ന ഒരു മച്ചും വെയിൽ മയങ്ങിനിൽക്കുന്ന അഗ്രഹാരനിരത്തും പഴകിയ മാസികകളുടെ സുഗന്ധവും ആ വായനയ്ക്കു കൂട്ടു വന്നതെങ്ങനെയെന്നറിയില്ല. ഇപ്പോഴും എൻ്റെ കഥ വായിക്കാനെടുക്കുമ്പോഴൊക്കെ അതേ ഗൃഹാതുര സ്മൃതികളും കൂടെയെത്തുന്നു.

Sreejith S, Printerest

1971- ലെ ഓണക്കാലം മുതൽക്കാണ് മലയാളനാട്ടിഎൻ്റെ കഥ തുടർച്ചയായി പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. 1973- ൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ചു. വായനയിലും സാഹിത്യത്തിലുമൊക്കെ താല്പര്യമുള്ളവർ മാത്രമായിരിക്കില്ല എൻ്റെ കഥ അക്കാലത്തു വായിച്ചിട്ടുണ്ടാവുക എന്നു തോന്നുന്നു. 1970 കളിൽ ഒരു സ്ത്രീ, ജീവിതവും പ്രണയവും കാമവും ഇങ്ങനെ തുറന്നു പറയുന്നത് ആരെയൊക്കെ അതിശയപ്പെടുത്തിയിട്ടുണ്ടാകാം.

മാധവിക്കുട്ടിയെക്കുറിച്ചു പറയുമ്പോൾ പലരുടെയും മുഖത്ത് നിഗൂഢമായൊരു  ചിരി പരന്നേക്കും. എഴുതാനും വായിക്കാനുമൊക്കെ താല്പര്യമുള്ള പെൺകുട്ടികളോട് യാഥാസ്ഥിതികരായ രക്ഷിതാക്കൾ നീയെന്താ മാധവിക്കുട്ടിയാവാൻ ശ്രമിക്കുകയാണോ, വലിയ മാധവിക്കുട്ടി കളിക്കണ്ട തുടങ്ങിയ ശാസനകൾ തരം പോലെ പറഞ്ഞു. ഇന്നും അതേ ശാസനകൾ ആവർത്തിക്കുന്നതിനെപ്പറ്റി അപൂർവ്വമായാണെങ്കിലും പെൺകുട്ടികൾ പറഞ്ഞു കേട്ടിട്ടുണ്ട്. 50 വർഷം പഴയ ഒരു പുസ്തകം ഇന്നും   മലയാളി പുരുഷൻ്റെ  ധാർഷ്ട്യങ്ങളെ, അധികാരവാഞ്ഛകളെ അലോസരപ്പെടുത്തുന്നുവെന്നത് രസകരമാണ്.

മലയാളത്തിലുണ്ടായ ആദ്യകാല സ്ത്രീ ആത്മകഥകളേറെയും ജീവചരിത്രസ്വഭാവം പിന്തുടരുന്നവയായിരുന്നു. അവർ പറയാനാഗ്രഹിച്ചത് ‘ഞാൻ’ എന്ന സ്വത്വത്തെക്കുറിച്ചായിരുന്നില്ല. ആത്മകഥ എന്ന സാഹിത്യ ജനുസ്സിൽ ഉൾപ്പെടുന്ന രചന നടത്തുമ്പോഴും ആരുടെ 'ആത്മം’ ആണ് അവർ അനാവരണം ചെയ്യാൻ ശ്രമിച്ചത് എന്നു സംശയം തോന്നാം. ആദർശവൽക്കരിക്കപ്പെട്ട സ്വത്വത്തിലേക്ക് സ്വയം ഒതുങ്ങാനും അങ്ങനെ ആൺകോയ്മയുടെ അധികാരഘടനകളെ സംരക്ഷിക്കാനും അവർ താല്പര്യം കാണിച്ചു. പുരുഷാധിപത്യപരമായ സംസ്കാരവും വ്യവസ്ഥകളും ജീവിത ശൈലി തന്നെയായി മാറിക്കഴിഞ്ഞ സാമൂഹിക സാഹചര്യങ്ങളിലാണ് അവർ ജീവിക്കുകയും എഴുതുകയും ചെയ്തിരുന്നത്. കുടുംബം, മതം, രാഷ്ട്രീയം തുടങ്ങി ഓരോ സാമൂഹികഘടനയിലും സ്ത്രീകളുടെ രണ്ടാം കിട സ്ഥാനം ഭദ്രമായി നിലനിർത്താൻ ആൺകോയ്മാ സംസ്കാരം എക്കാലത്തും സവിശേഷം ശ്രദ്ധിക്കുന്നുമുണ്ട്. പൊതുമനസ്സിൽ രൂഢമായ മൂല്യവ്യവസ്ഥ പൂർണമായും പുരുഷാധികാരത്തിലൂന്നിയതാണ്. അടിസ്ഥാന രഹിതമായ ആദർശ സംഹിതകളുടെ ,പ്രത്യയശാസ്ത്രങ്ങളുടെ, വിശ്വാസപ്രമാണങ്ങളുടെ പിൻബലത്തോടെ സ്ത്രീകളുടെ വിധേയത്വം എന്ന അവസ്ഥ സദാ പരിപോഷിപ്പിക്കപ്പെട്ടു.

മാധവിക്കുട്ടി/ photo:telenganatoday.com

സ്വാഭാവികമായും തന്നെക്കുറിച്ചല്ല, പകരം ഭർത്താവ്, അച്ഛൻ, മകൻ തുടങ്ങി സ്ത്രീജീവിതത്തെ മൂല്യവത്തായി  നിലനിർത്തിക്കൊണ്ടിരിക്കുന്ന പുരുഷന്മാരെക്കുറിച്ചാണ്  ആത്മരചനകളിലൂടെ അക്കാലത്ത് സ്ത്രീകൾ പറയാനാഗ്രഹിച്ചത്. സ്ത്രീകളുടെ ആത്മകഥകളെക്കുറിച്ചു പറയാൻ ഓട്ടോബയോഗ്രഫി എന്ന പദത്തെക്കാളും അന്വർത്ഥമായത് ഓട്ടോ ഗൈനോഗ്രഫി (Autogynography) എന്ന വാക്കാണെന്ന ചിന്തയും അതുമായ ബന്ധപ്പെട്ട സൈദ്ധാന്തിക ദർശനങ്ങളും 1980- കളോടെയാണ് പ്രചാരത്തിലാവുന്നത്. അത്തരം ചിന്തകളും പഠനങ്ങളും വ്യാപകമാവാനുള്ള പ്രധാനകാരണം അക്കാലത്താവണം സ്ത്രീകൾ ധാരാളമായി അവളെക്കുറിച്ചെഴുതാൻ തുടങ്ങിയത് എന്നതാണ്. അതുവരെയുണ്ടായിരുന്ന സ്ത്രീ ആത്മകഥകളിലെ യാഥാസ്ഥിതികവും ആൺകോയ്മയെ ഭദ്രമായി നിലനിർത്തുന്നതുമായ പൊതുതാല്പര്യങ്ങളെ നിരസിച്ചു കൊണ്ടുള്ള തുറന്നുപറച്ചിലുകൾ ഉണ്ടായിത്തുടങ്ങിയതും അക്കാലത്താണ്. പുതിയതോ വ്യത്യസ്തമോ ആയ സ്ത്രൈണതയെ / സ്വത്വബോധത്തെ നിർമ്മിക്കൽ, സാംസ്കാരികമായ അതിരുകളെ, വിലക്കുകളെ തകർക്കൽ, സ്വയം പ്രതിരോധം, സ്ത്രൈണതയ്ക്കു മേൽ അടിച്ചേല്പിക്കപ്പെട്ട ആണധികാരമൂല്യങ്ങളെ കുടഞ്ഞുകളയൽ, സ്ഥാപിതമായതും ആഘോഷിക്കപ്പെടുന്നതുമായ  സ്ത്രീവിരുദ്ധതയെ  നിഷേധിക്കുന്ന വിധത്തിൽ സ്വയം പ്രകാശനം നടത്തൽ എന്നീ അർത്ഥങ്ങളിൽ ഓട്ടോ ഗൈനോഗ്രഫി എന്ന പദം സ്ത്രീ ആത്മകഥകൾക്കുള്ള സവിശേഷമായ ആമുഖം കൂടിയാവുന്നുണ്ട്. സ്വയം പ്രസിദ്ധീകരിക്കുന്ന സ്ത്രീ- (self published Woman ) എന്ന പദത്തിന്  താൻ എന്താണോ അത് അതായിത്തന്നെ പ്രദർശിപ്പിക്കുക , തന്നെക്കുറിച്ചുള്ള വെളിപ്പെടുത്തൽ എന്നിങ്ങനെ നിരവധി അർത്ഥസൂചനകളുണ്ട്. സ്ത്രീ അവളെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നു, അവളെത്തന്നെ പ്രസിദ്ധീകരിക്കുന്നു.
ഇത്തരം ചിന്തകൾ വ്യാപകമാവുന്നതിനു മുന്നേത്തന്നെ മാധവിക്കുട്ടിയുടെ എൻ്റെ കഥ പെൺ ആത്മകഥകളുടെ സാമ്പ്രദായിക ചരിത്രത്തിൽ വിച്ഛേദം വരുത്തി. ആത്മകഥ എന്ന സാഹിത്യജനുസ്സിൻ്റെ   രൂപപരവും പ്രമേയപരവുമായ അംഗീകൃത സ്വഭാവസവിശേഷതകളെ തള്ളിക്കളഞ്ഞ് സ്വന്തം ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസൃതമായ വിധത്തിൽ അതിനെ ഉപയോഗപ്പെടുത്തി. 

40 വയസ്സു തികയുന്നതിനു മുന്നേ ഒരു സ്ത്രീ ആത്മകഥയെഴുതുന്നത് അക്കാലത്ത് ബാലിശമായിരുന്നു. പക്ഷേ ഒരു മനുഷ്യൻ 60 വയസ്സുവരെ ജീവിച്ചാലും 30 വയസ്സുവരെ ജീവിച്ചാലും അയാളുടെ ജീവിതം ഒരു മനുഷ്യ ജന്മമെന്ന നിലയിൽ പൂർണമായിരിക്കുമെന്നും അതിനു ആദിമധ്യാന്തങ്ങളുണ്ടാകുമെന്നും അതിൽ സുഖവും ദുഃഖവും സൗന്ദര്യവും വൈരൂപ്യവും വിധിച്ച പാകത്തിൽ വിലയിതമായിരിക്കുമെന്നും മാധവിക്കുട്ടി പ്രഖ്യാപിക്കുന്നു. താനെന്താണ് ഈ ആത്മകഥാ കുറിപ്പുകളിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവർക്കു കൃത്യമായ ധാരണയുണ്ട്. 
"സത്യസന്ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ഇങ്ങനെ ഒരാത്മകഥയെഴുതുന്നത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാണ്, എൻ്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഞാനാദ്യമായി അഴിച്ചുവെക്കും. അതിനുശേഷം ഇളംതവിട്ടു നിറമുള്ള ഈ തൊലി ഊരുകയും എല്ലുകൾ തകർക്കുകയും ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു. ഒടുവിൽ എല്ലിനുമ കത്ത്, മജ്ജയ്ക്കും കീഴിൽ ആഴത്തിൽ നാലാമതൊരു ഡൈമൻഷനിൽ പ്രത്യേകമിരിപ്പിടമില്ലാത്തതും അനാഥവും അതിസുന്ദരവുമായ ആത്മാവിനെ നിങ്ങൾക്കു കാണുവാൻ സാധിക്കുമെന്നു ഞാൻ ആശിക്കുന്നു. നിറവും മിനുസവും കാന്തിയും ചൂടുമുള്ള ഈ പാഴ്ത്തോടായ ശരീരത്തെ പ്രദർശിപ്പിക്കാനല്ല ഞാനാഗ്രഹിക്കുന്നത്. "

എഴുതുന്നത് സ്വന്തം കഥയാണെന്നു പ്രഖ്യാപിക്കുക മാത്രമല്ല, എന്താണതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. പക്ഷേ  എല്ലായ്പ്പോഴും വേഷഭൂഷകൾ, തടിച്ച മുലകൾ, നിബിഡമായ മുടി, നന്മണമുള്ള രഹസ്യരോമം... അവിടെ മാത്രം വായനക്കാർ ചുറ്റിക്കറങ്ങിയെന്നു എഴുത്തുകാരി ഖേദിക്കുന്നു. എങ്കിലും  കാട്ടിലകപ്പെട്ട വഴിപോക്കൻ ദാഹിച്ചും തളർന്നും ഒടുവിൽ കാടിനുള്ളിൽ ഒരുപർണശാലകണ്ടെത്തുന്നതു പോലെ വിശുദ്ധമായ ഒരു കൂടിക്കാഴ്ച - വായനക്കാരും ആത്മാവും തമ്മിലുള്ള സമാഗമത്തെ അവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. സ്വയം പ്രസിദ്ധീകരിക്കുന്ന, ഞാനിതൊക്കെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു സ്ത്രീയെ ഉൾക്കൊള്ളാൻ യാഥാസ്ഥിതിക ആൺകേന്ദ്രിത ഭാവുകത്വം അന്ന് (കുറെയൊക്കെ  ഇന്നും) വളർന്നിരുന്നില്ല. എഴുത്തുകാരിയുടെ സത്ത തിരിച്ചറിയാനാവും വിധം അവരുടെ എഴുത്തുകൾക്കുള്ളിലേക്കു ചുഴിഞ്ഞിറങ്ങാൻ പരിശീലിക്കപ്പെട്ടിരുന്നുമില്ല.

സ്ഥാപനബദ്ധമായ, ശൈലീകൃതമായ സ്ത്രീജീവിതത്തെ നിരാകരിക്കുന്ന ആത്മാംശമുള്ള രചനയെന്ന് എൻ്റെ കഥയെ ഇപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നു. അത് മാധവിക്കുട്ടിയുടെ യഥാർത്ഥ ജീവിതകഥയാണോ ഭ്രമ കല്പനകളാണോ എന്ന സന്ദേഹത്തിനു പ്രസക്തിയില്ല. യഥാർത്ഥലോകത്തിനു സമാന്തരമായി എഴുത്തുകാരി സൃഷ്ടിച്ച സങ്കല്പലോകമാണത്. സമാന്തരമായി പോകുന്നതിനിടയിൽത്തന്നെ ചില കവിഞ്ഞൊഴുകലുകൾ, അതിരുകൾ മായ്ക്കലുകൾ ഒക്കെ നടന്ന് രണ്ടു ലോകങ്ങളും വേർതിരിച്ചറിയാൻ കഴിയാത്ത വിധം കൂടിക്കലങ്ങുകയും ചെയ്യുന്നു. മാധവിക്കുട്ടി തന്നെ പറയുന്നതുപോലെ 'യഥാർത്ഥത്തിൽ കാണാൻ  കഴിയാത്ത പുതുവർണങ്ങൾ ,കേൾക്കാൻ കഴിയാത്ത രാഗങ്ങൾ , താളങ്ങൾ, പല്ലവികൾ... എല്ലാറ്റിൻ്റെയും മിശ്രണമായ സങ്കല്പ ലോകം.

ലിംഗവിവേചനത്തിൻ്റെ അശ്ലീലങ്ങളെ പരിഹസിച്ചും മനസ്സിൻ്റെ നിഗൂഢമായ വാഞ്ഛകളെ തുറന്നു വിട്ടും ലൈംഗികതൃഷ്ണകളെ, ശരീരത്തിൻ്റെ കാമമോഹങ്ങളെ, ശരീരവും മനസ്സും ഒരുപോലെ  പങ്കുചേരുന്ന രതിവേഴ്ചകളെ, അസംതൃപ്തമായ സ്ത്രൈണകാമനകളെ കാവ്യാത്മകമായി പകർത്തിയും തുറന്നുപറച്ചിലിൻ്റെ പുതിയൊരു മാതൃക സൃഷ്ടിച്ചു മാധവിക്കുട്ടി. സ്ത്രീകൾ പറയരുതെന്നു വിലക്കിയതൊക്കെയും അതിൽ പതഞ്ഞു തുളുമ്പി. എണ്ണമറ്റ പ്രണയങ്ങൾ, സ്വവർഗ്ഗാനുരാഗങ്ങൾ, രതികാമനകൾ, വേഴ്ചകൾ ...

ശരീരത്തിന്മേലും ലൈംഗികതയിന്മേലുള്ള സ്വയംനിർണയനാവകാശം സ്ത്രീ തിരിച്ചുപിടിക്കുന്നതും അവയെക്കുറിച്ചു സംസാരിക്കുന്നതും അവിടെക്കാണാം. ധീരവും ആർജ്ജവം നിറഞ്ഞതുമായ തീരുമാനം. ആ വേഴ്ചകളൊക്കെ യഥാർത്ഥത്തിൽ സംഭവിച്ചതാണോ, ആ കാമുകന്മാർ ശരിക്കുമുള്ളതാണോ എന്നു മാത്രമന്വേഷിച്ചവർ  മാധവിക്കുട്ടി ആഗ്രഹിച്ച വായനക്കാരും എഴുത്തുകാരിയുടെ ആത്മാവും തമ്മിലുള്ള വിശുദ്ധമായ സമാഗമം അപ്രാപ്യമാക്കി. ശരീരത്തെക്കുറിച്ചും അതിൻ്റെ കാമനകളെക്കുറിച്ചും പറഞ്ഞുപറഞ്ഞ്  അതിനപ്പുറത്തെ അലൗകികമായൊരു തലത്തിലേക്കു വായനക്കാരെ കൊണ്ടുപോവാനുള്ള തന്ത്രമായിരുന്നു മാധവിക്കുട്ടിയുടേതെങ്കിലും കാലം തെറ്റി പിറന്ന ആ രചനയ്ക്ക് ആണധികാരത്തെ ചോദ്യം ചെയ്യാനല്ലാതെ അതിനെ ഉന്മൂലനം ചെയ്ത് ശരീരത്തിനപ്പുറത്തേക്ക് വായനക്കാരെ കൊണ്ടുപോകാനായില്ല. പക്ഷേ അതൊരു പരാജയമായിരുന്നില്ല പെൺതുറന്നു പറച്ചിലുകൾക്ക് ആരോഗ്യകരമായ പുതിയൊരു വഴി തുറന്നു, എൻ്റെ കഥ.

കുട്ടി നുണ പറയരുതെന്നു അമ്മ വിലക്കുമ്പോൾ കുതിരകളെപ്പറ്റിയും പറഞ്ഞുകൂടേ അമ്മേ എന്നു ചോദിക്കുന്ന (നുണകൾ എന്ന കഥ) നിഷ്കളങ്കത എൻ്റെ കഥയ്ക്കുണ്ടെന്നു തോന്നും. അതു ജീവിതമായിരുന്നത്രയും തന്നെ ഭ്രമ കല്പനകളുമായിരുന്നു. പറയരുതെന്നു വിലക്കപ്പെട്ടതിനെ മറികടക്കാൻ യഥാർത്ഥത്തിൽ കണ്ട  അതിനെപ്പറ്റി പറയുന്നില്ല, പക്ഷേ സ്വപ്നത്തിൽക്കണ്ട കുതിരകളെപ്പറ്റി പറഞ്ഞു കൂടേ എന്നു ചോദിക്കുന്ന തന്ത്രപരമായ രചനാകൗശലമായിരുന്നു അതിലുള്ളത്. 

ഇപ്പോഴും എൻ്റെ കഥ വായിക്കാനെടുക്കുമ്പോഴൊക്കെ അഗ്രഹാരനിരത്തിലെ വലിയൊരു വീട്ടിലെ മച്ചും മയങ്ങിക്കിടക്കുന്ന ഉച്ചനേരവും ഓർമ്മയിൽ വരുന്നു. കൽക്കത്തയിലേക്കും പുന്നയൂർക്കുളത്തേക്കും തൃശ്ശൂരെ ബോർഡിങ്ങിലേക്കുമൊക്കെ പറിച്ചുനടപ്പെട്ടുകൊണ്ടിരുന്ന പെൺകുട്ടിയെ മുന്നിൽക്കാണും. അവളും സഹോദരനും മുകളിലെ വരാന്തയിലിരുന്നു കളിപ്പാട്ടങ്ങൾ ചരടിൽ തൂക്കി താഴേക്കിറക്കുന്ന കുസൃതി ചുണ്ടിൽ ചിരിപരത്തും. പുസ്തകത്തിലെ കമലയ്ക്ക് ഏതാണ്ടു സമപ്രായക്കാരിയായിരുന്ന പെൺകുട്ടി അന്നവിടെ വെച്ചു വായിച്ചെത്തിച്ചത് അതൊക്കെയായിരുന്നു. 


ജിസ ജോസ്​

കഥാകാരി, അധ്യാപിക. സ്വന്തം ഇടങ്ങൾ, മുദ്രിത, ഇരുപതാം നിലയിൽ ഒരു പുഴ, സർവ മനുഷ്യരുടെയും രക്ഷക്കുവേണ്ടിയുള്ള കൃപ, ഡാർക്ക്​ ഫാൻറസി, മുക്തി ബാഹിനി തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments