അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ ബാനു മുഷ്താഖിന് അഭിനന്ദങ്ങൾ. കന്നഡ ഭാഷയിലെഴുതിയ ‘ഹാർട്ട് ലാംപ്’ (Heart Lamp) എന്ന അവരുടെ തെരഞ്ഞെടുത്ത ചെറുകഥകളുടെ സമാഹാരത്തിൻെറ ഇംഗ്ലീഷ് വിവർത്തനത്തിനാണ് 2025-ലെ ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
മതത്തിനുള്ളിലെ യാഥാസ്ഥിതികതയ്ക്കും പാരമ്പര്യവാദത്തിനുമെതിരെ പോരാടുന്ന ഏതൊരു സ്ത്രീയ്ക്കും പ്രചോദനമാണ് ബാനു മുഷ്താഖിൻെറ എഴുത്തും ജീവിതവും. കർണാടകയിലെ ഹാസനിലുള്ള ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് അവർ ജനിച്ചുവളർന്നത്. സ്കൂളിൽ ഉർദുവാണ് പഠിച്ചിരുന്നത്. എന്നാൽ, എട്ട് വയസ്സിന് ശേഷം മകൾക്ക് മതേതര വിദ്യാഭ്യാസം നൽകാനാണ് ബാനു മുഷ്താഖിൻെറ പിതാവ് തീരുമാനിച്ചത്. സുഹൃത്തുക്കളിൽ പലരും കുടുംബജീവിതത്തിൻെറ തിരക്കുകളിലേക്ക് എത്തിപ്പെട്ട കാലത്ത് അവർ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് മാധ്യമപ്രവർത്തകയും അഭിഭാഷകയുമായി ജോലിനോക്കി.
“എനിക്ക് എപ്പോഴും എഴുതണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒന്നിനെക്കുറിച്ചും എഴുതാൻ സാധിച്ചില്ല. കാരണം, പ്രണയവിവാഹത്തിന് ശേഷം പെട്ടെന്നാണ് എന്നോട് നിർബന്ധമായി ബുർഖ ധരിക്കാൻ ആവശ്യപ്പെടുകയും, ഇനി ജീവിതകാലം മുഴുവൻ വീട്ടുജോലികൾ ചെയ്ത് കാലം കഴിക്കണമെന്ന് പറയുകയും ചെയ്തത്. 29ാം വയസ്സിൽ ഞാൻ അമ്മയാവുകയും ഒപ്പം പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നെ വല്ലാതെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തു,” ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ അവർ പറയുന്നുണ്ട്. സ്ത്രീകൾക്ക് പള്ളികളിൽ പോയി പ്രാർത്ഥിക്കുന്നതിന് അവസരം വേണമെന്ന് വാദിച്ചതിൻെറ പേരിൽ നിരവധി വധഭീഷണികളാണ് അവർക്ക് നേരിടേണ്ടി വന്നത്. അവർക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. കത്തി കൊണ്ടുള്ള ഒരു അക്രമിയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിൻെറ സഹായം കൊണ്ടാണ് അവർ കഷ്ടിച്ച് രക്ഷപ്പെട്ടത്.

“പുരുഷ കേന്ദ്രീകൃതമായ മതചട്ടക്കൂടുകൾക്കെതിരെ ഞാൻ എന്നും ഇടപെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എൻെറ എഴുത്തിലെ ഒരു പ്രധാനവിഷയം എപ്പോഴും ഇത് തന്നെയാണ്. സമൂഹത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, നമ്മുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. സാഹചര്യങ്ങൾ മാറുന്നുണ്ടെങ്കിലും സ്ത്രീകളുടെയും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ദുരിതം അതേപടി തന്നെ തുടരുകയാണ്,” ദ വീക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ ബാനു മുഷ്താഖ് പറഞ്ഞു.
Heart Lamp, എന്ന പുസ്തകത്തിലെ സ്ത്രീകഥാപാത്രങ്ങൾ, ഈ പ്രതിരോധത്തിൻെറയും പോരാട്ടത്തിൻെറയും പ്രതീകങ്ങളാണ്. ബാനു മുഷ്താഖിൻെറ പ്രതിരോധവും ഇടപെടലുകളും ഇന്ത്യൻ സ്ത്രീകളുടെ മുന്നോട്ടുള്ള പോരാട്ടത്തിന് കൂടുതൽ ഊർജ്ജം പകരുകയാണ് ചെയ്യുന്നത്.