2021-ൽ അജയ് പി. മങ്ങാട്ട് വായിച്ച മികച്ച പുസ്തകം- 'ദ് കോപ്പൻഹേഗൻ ട്രിലോജി'

ആത്മകഥാപരമാണ് "ദ് കോപ്പൻഹേഗൻ ട്രിലോജി.' ദാരിദ്ര്യത്തിനും വിഷാദരോഗത്തിനും ലഹരിക്കും ഇടയിലൂടെ എഴുത്തുകാരിയുടെ യാത്രയാണിത്.

പോയ വർഷ വായനയിൽ നിന്ന് ഏറ്റവും ഇഷ്ടമായ പുസ്തകങ്ങളിലൊന്നു തിരഞ്ഞെടുക്കുമെങ്കിൽ അത് ഡാനിഷ് കവിയും നോവലിസ്റ്റുമായ ടോവ ഡിറ്റിൽവ്സെന്നിന്റെ (1917-1976) ആത്മകഥാപരമായ "ദ് കോപ്പൻഹേഗൻ ട്രിലോജി'യാണ്. ചൈൽഡ്ഹുഡ് (1967), യൂത്ത് (1967), ഡിപൻഡൻസി (1971) എന്നിങ്ങനെ മൂന്നു പുസ്തകങ്ങളായാണ്​ ഇതു പുറത്തിറങ്ങിയത്. ഡാനിഷ് സാഹിത്യലോകത്തു വായനക്കാർക്ക് ഇന്ന് ഏറ്റവും പ്രിയങ്കരിയാണെങ്കിലും സമീപകാലത്ത് ഇംഗ്ലിഷ് പരിഭാഷ വരും വരെ അവർ ഡെൻമാർക്കിനു പുറത്തു പ്രശസ്തയായിരുന്നില്ല.

ആത്മകഥാപരമാണ് "ദ് കോപ്പൻഹേഗൻ ട്രിലോജി.' ദാരിദ്ര്യത്തിനും വിഷാദരോഗത്തിനും ലഹരിക്കും ഇടയിലൂടെ എഴുത്തുകാരിയുടെ യാത്രയാണിത്.

മൂപ്പതുകളിൽ യൂറോപ്പിനെ ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യകാലം. കോപ്പൻഹേഗനിലെ ചുവന്ന തെരുവ് എന്നു കുപ്രസിദ്ധമായ വെസ്റ്റർബ്രോ പട്ടണത്തിൽ തൊഴിലാളികൾ താമസിക്കുന്ന തെരുവിലെ ചെറിയ വാടകവീട്ടിലായിരുന്നു ടോവയുടെ കുട്ടിക്കാലം.

അഞ്ചാം വയസ്സിൽ ടോവയ്ക്ക്, ഫാക്ടറിത്തൊഴിലാളിയായ അച്ഛൻ ഗ്രിംസ് സ്റ്റോറീസ് പിറന്നാൾ സമ്മാനമായി നൽകുന്നുണ്ട്. അച്ഛന്റെ കൈവശമുള്ള പുസ്തകങ്ങളാണ്​ടോവ ആദ്യം വായിച്ചത്. എന്നാൽ താൻ കവിതയെഴുതി ജീവിക്കുമെന്ന് അച്ഛനോടു പറഞ്ഞപ്പോൾ അച്ഛന്റെ മറുപടി, പെണ്ണുങ്ങൾ കവിതയെഴുതാറില്ല എന്നായിരുന്നു. അതോടെ ടോവ കവിതയെഴുത്ത്​ രഹസ്യപ്രവൃത്തിയാക്കി. മറ്റാരെങ്കിലും തന്റെ കവിത കണ്ടാൽ നാണംകെടുത്തുമോ എന്ന പേടി അവളെ കുട്ടിക്കാലമത്രയും പിന്തുടർന്നു. ഒരിക്കൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നപ്പോൾ അവളെ ഏറ്റവും അലട്ടിയത് കവിത എഴുതുന്ന ബുക്ക്​ആശുപത്രിയിലേക്കു കൊണ്ടുപോകാനാകുമോ എന്നതായിരുന്നു.

നിങ്ങൾക്ക് ഒരിക്കലും കുട്ടിക്കാലത്തുനിന്ന്​ പുറത്തുകടക്കാനാവില്ല, ഒരു ദുർഗന്ധം പോലെ അതു നിങ്ങളിൽ പറ്റിപ്പടിച്ചിരിക്കും, ബാല്യകാല സ്മരണകളിൽ, ടോവ പറയുന്നു. നിങ്ങൾ അടുത്തേക്കു ചെല്ലുമ്പോൾ അത്​ മറ്റു കുട്ടികൾക്കു കിട്ടും. കരിയുടെയും പുകയുടെയും ആ മണമടിക്കുന്നതോടെ അവർ പിന്നാക്കം മാറും.

ഫാക്ടറിത്തൊഴിലാളിയായ ടോവയുടെ സഹോദരൻ ഒരുദിവസം ആ കവിതകൾ കണ്ടിട്ട് അവളെ വല്ലാതെ പരിഹസിച്ചു. എങ്കിലും പിന്നീട് അത്​പ്രസിദ്ധീകരിക്കാനായി മുന്നിട്ടിറങ്ങുന്നത് അവനാണ്.

ഒരു ദിവസം കോപ്പൻഹേഗനിലെ സാഹിത്യവാരികയിൽ തന്റെ കവിതയുമായി പതിനാലുകാരിയായ ടോവ പോകുന്നു. ആ കവിത വായിച്ചു നോക്കിയ എഡിറ്റർ അതിനെ പ്രശംസിച്ചുവെങ്കിലും താൻ കുട്ടികളുടെ വിഭാഗമാണ്​നോക്കുന്നതെന്നും രണ്ടു വർഷം കഴിഞ്ഞു വരൂ എന്നും പറഞ്ഞു മടക്കിയയക്കുന്നു. തന്റെ കവിതകൾ ആരും പ്രസിദ്ധീകരിക്കാൻ പോകുന്നില്ല, താനൊരു ഫാക്ടറിത്തൊഴിലാളിയുടെ ഭാര്യയായി അവസാനിച്ചുപോകുമെന്ന സങ്കടത്തോടെയാണു ആ വാരികയുടെ ഓഫിസിൽനിന്ന് അവൾ ഇറങ്ങുന്നത്.

സദാസമയം വഴക്കിടുന്ന, നൈരാശ്യത്തിന്റെ മൂർത്ത രൂപമായിരുന്നു ടോവയുടെ അമ്മ. എപ്പോഴും ടോവയെ അടിക്കും. ഭയങ്കരമായി ചീത്തവിളിക്കും. അമ്മയെ സന്തോഷിപ്പിക്കാനും അമ്മയുടെ സ്‌നേഹം പിടിച്ചുപറ്റാനാണുമാണ് ടോവ ചെറുപ്പത്തിൽ ഏറ്റവും ആഗ്രഹിച്ചത്. എന്നിട്ടും ആ ബന്ധം എന്നും കലുഷിതമായിരുന്നു. അച്ഛൻ ടോവയെ ഒരിക്കലും തല്ലിയില്ല. പകരം ഒരുപാടു സ്‌നേഹിക്കുകയും ചെയ്തു. എന്നിട്ടും ടോവയ്ക്ക് അച്ഛനോട് വിശേഷിച്ചു സ്‌നേഹമോ മമതയോ തോന്നിയില്ല.

ദാരിദ്ര്യത്തിനു നടുവിൽ പതിനാലാം വയസ്സിൽ പഠനം നിർത്തി ടോവ കൂലിവേലയ്ക്കു പോകാൻ തുടങ്ങി. നിന്റെ ശമ്പളം കൊണ്ടു തനിക്കൊരു റേഡിയോ വാങ്ങണമെന്ന് അമ്മ പറയുമ്പോൾ അവൾ പൊട്ടിത്തെറിക്കുന്നു, എന്റെ കാശു കൊണ്ട് എന്തായാലും അതു നടക്കാൻ പോകുന്നില്ല, അവർ അമ്മയോടു പറയുന്നു.

വലിയ പുസ്തക ശേഖരമുള്ള, പെൺകുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന മധ്യവയസ്സു പിന്നിട്ട മിസ്റ്റർ ക്രോഗാണ്​ ടോവയുടെ കൗമാര ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്ന്. അയാൾ ഒരു കോഴിയാണ്, സൂക്ഷിക്കണം എന്നുപറഞ്ഞാണ്​ കൂട്ടുകാരി അവളെ ക്രോഗിന്റെ അടുത്തു കൊണ്ടുപോയത്. എന്നാൽ ടോവയിലെ കവിയെ ആദ്യമായി മതിപ്പോടെ സമീപിക്കുന്നതു ക്രോഗ് ആണ്. അയാൾക്കൊപ്പം ചെലവഴിച്ച സമയം അവൾക്ക് ആഹ്‌ളാദവും സമാധാനവും പകർന്നു. അയാൾ പെട്ടെന്നു കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താലും കുഴപ്പമില്ലെന്ന് അവൾ വിചാരിക്കുന്നുണ്ട്. ഒരു ദിവസം ക്രോഗിന്റെ വസതിയിലേക്ക് ചെല്ലുമ്പോൾ ആ കെട്ടിടം പൊളിക്കുന്നതാണു കണ്ടത്. ക്രോഗിനെ പിന്നീടൊരിക്കലും അവൾ കണ്ടിട്ടില്ല.

ടോവ ഡിറ്റിൽവ്സെൻ

പതിനാറാം വയസ്സിൽ ആദ്യം അടുക്കള ജോലിക്കാണ് അവൾ പോകുന്നത്. പിന്നീട് ഒരു സ്ഥാപനത്തിൽ ക്ലർക്കായി ചേർന്നു. അവിടെ വച്ചാണ്​ സ്റ്റെനോഗ്രഫി പഠിക്കുന്നത്. ഹിറ്റ്‌ലർ ഓസ്ട്രിയ ആക്രമിക്കുന്ന ദിവസമാണ് അവൾ വീടു വിട്ടിറങ്ങി സ്വന്തമായി ഒരിടത്തു താമസമാരംഭിക്കുന്നത്. ഡാനിഷ് നാത്സി പാർട്ടിയിലെ അംഗമായ ഒരു സ്ത്രീയുടെ വീടിന്റെ മുകളിലെ നിലയിലായിരുന്നു അത്. പഴയ ടൈപ് റൈറ്റർ വാങ്ങി അവിടെയിരുന്ന് എഴുതാൻ ശ്രമിച്ചെങ്കിലും ടൈപ്പിങ് ഒച്ച കേട്ട് ആ സ്ത്രീ ഭ്രാന്തു പിടിച്ചപോലെ വന്നു തടഞ്ഞു. നാത്സി പാർട്ടിയിൽ ചേരാൻ അവൾ വിസ്സമ്മതിച്ചതോടെ ആ സ്ത്രീ അവളെ അവിടെനിന്ന് ഇറക്കി വിട്ടു.

യൂത്ത് എന്ന രണ്ടാം പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം ലോകയുദ്ധവും നാത്സിസവും സ്പാനിഷ് ആഭ്യന്തര യുദ്ധവും ഉണ്ട്. എല്ലാ പെൺകുട്ടികളും വരുമാനമുള്ള ചെറുപ്പക്കാരെ തിരയുമ്പോൾ അവളുടെ ആദ്യത്തെ ബോയ് ഫ്രണ്ട് പരമ ദരിദ്രനായിരുന്നു. ഒരു നിശാവിരുന്നിലാണ് അവർ കണ്ടുമുട്ടുന്നത്. പിറ്റേന്നു താൻ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഫാസിസ്റ്റ് വിരുദ്ധരുടെ സേനയിൽ ചേരാൻ പോകുന്നുവെന്ന് അവൻ അവളോടു പറയുന്നു. രാത്രി അവൻ വീട്ടുവാതിൽക്കൽ വരെ അവൾക്കു കൂട്ടുവരുന്നു. പിരിയുന്നതിനു മുൻപ് അവർ ഉമ്മ വയ്ക്കുന്നു. പിന്തിരിഞ്ഞു നോക്കാതെയാണ് അവൻ അവിടെനിന്ന്​ പോകുന്നത്.

മൂന്നാം പുസ്തകമായ ഡിപൻഡൻസി, ടോവ പ്രശസ്തയായ എഴുത്തുകാരിയായ ശേഷമുള്ള കാലമാണ്. നാലുവട്ടം വിവാഹം ചെയ്ത ടോവയുടെ വൈവാഹിക ജീവിതവും ലഹരിമരുന്നിനും മദ്യത്തിനും അടിമയായി ചെലവഴിച്ച വർഷങ്ങളുമാണ് ഇതിലുള്ളത്.

ടോവയുടെ ആദ്യ വിവാഹം തന്റെ കവിത പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്ററുമായി ആയിരുന്നു. പിന്നീട്​ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ അവൾ തിരഞ്ഞു. അങ്ങനെയാണ്​ യുവ ഡോക്ടറായ കാളുമായി അടുക്കുന്നത്.

മൂന്നാം ഭർത്താവ് കാൾ ഒരു ഡോക്ടറായിരുന്നു. ഗർഭഛിദ്രത്തിനിടെ കാൾ നൽകുന്ന ഡെമറോൾ (പെത്തഡിൻ) എന്ന മരുന്ന് അവൾക്ക് അപാരമായ ആനന്ദവും അനുഭൂതിയും പകർന്നു. സിറിഞ്ചിലെ ആ ദ്രാവകത്തെയാണ്​ താൻ സ്‌നേഹിച്ചത്, സിറിഞ്ചുമായി വന്ന ആളെയല്ല എന്ന് ടോവ കാളിനെപ്പറ്റി പറയുന്നുണ്ട്. ഇഷ്ടം പോലെ ലഹരിമരുന്നു ലഭിക്കാനാണ് അവൾ കല്യാണം കഴിക്കുന്നത്. ലഹരിമരുന്നിന്റെ പിടിയിലുള്ള വർഷങ്ങൾ ഭയാനകവും ഭീതിദവുമായിരുന്നു. ഒരു ഫാർമസിയുടെ ബോർഡോ വെറുമൊരു സിറിഞ്ചോ കണ്ടാൽ പോലും ലഹരി ഉപയോഗിക്കാനുള്ള ത്വര തന്നിലേക്കു വരുമായിരുന്നുവെന്നു ടോവ എഴുതുന്നുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിലും ഡീ അഡിക്ഷൻ സെന്ററിലും വർഷങ്ങളോളം ചെലവഴിച്ചശേഷം എഴുത്തു ജീവിതത്തിലേക്കു മടങ്ങിയെത്തിയ ശേഷമാണ്​ടോവ "കോപ്പൻഹേഗൻ ട്രിലോജി' എഴുതിയത്. മരണമാണ് യഥാർഥത്തിൽ നിങ്ങളെ സ്വതന്ത്രയാക്കുക, അതാണ് മരണത്തെപ്പറ്റി ഒരുപാടു ചിന്തിക്കുന്നത്, വെള്ളയുടുപ്പിട്ട ഒരു മാലാഖയാണ്​ മരണമെന്നും അത് നിങ്ങളുടെ ഉറങ്ങുന്ന കണ്ണുകൾക്കു മീതേ ഉമ്മ വയ്ക്കുമെന്നും ടോവ എഴുതുന്നുണ്ട്. പിന്നീടൊരിക്കലും ആ കണ്ണുകൾ തുറക്കുകയില്ല. 1976 ൽ, 58ാം വയസ്സിൽ ആ എഴുത്തുകാരി ജീവനൊടുക്കി.

Comments