Rotating about the earth in their spacecraft they are so together, and so alone, that even their thoughts, their internal mythologies, at times convene. - Orbital
ബ്രിട്ടീഷ് എഴുത്തുകാരി സമാന്ത ഹാർവേയുടെ ബുക്കർ പുരസ്കാരത്തിന് അർഹമായ നോവൽ, ഓർബിറ്റൽ തുടങ്ങുന്നത് ഇങ്ങനെയാണ് - ‘അവർ ഒരുമിച്ചായിരുന്നു. അവിടെ, അവർ ഒറ്റയ്ക്കുമായിരുന്നു’.
മനുഷ്യാസ്തിത്വത്തിന്റെ സംഘർഷലോകങ്ങൾ ആകാശത്തനുഭവിക്കുന്ന ഭൂമിയിലെ ആറുപേർ. അവർ സഞ്ചരിക്കുന്ന ബഹിരാകാശ പേടകം. കിലോമീറ്ററുകൾക്കു മുകളിൽ, അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആ ആറ് സഞ്ചാരികള്‍ ഭൂമിയെ കടന്നുപോകുന്നു. ഭൂമിയിലെ ഏഴു ഭൂഖണ്ഡങ്ങളും, അഞ്ചു സമുദ്രങ്ങളും കടന്ന് അവർ പോകുന്നു. അവർ ഒരുമിച്ചാണ്. പക്ഷേ അവിടെ, അവർ ഒറ്റയ്ക്കുമാണ്. പല ഭൂഖണ്ഡങ്ങളിലൂടെയും പല കാലങ്ങളിലൂടെയും പ്രകൃതിയിലൂടെയുള്ള സഞ്ചാരം. ആകാശത്തിരുന്ന് അവർ ഭൂമി കാണുന്നു. 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും അവർ സാക്ഷികളാകുന്നു. അവരുടെ ചിന്തകളിലൂടെ നോവൽ വികസിക്കുന്നു.
സയൻസ് ഫിക്ഷൻ എന്നാണ് ബുക്കർ പുരസ്‌കാര ജൂറി ഓർബിറ്റലിനെ വിശേഷിപ്പിച്ചത്. ബുക്കർ പുരസ്‌കാരം നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകം, 136 പേജുകൾ മാത്രം.
ഭൂമിയെ സ്‌നേഹിക്കുന്നവര്‍ക്കും ഭൂമിക്കായി നിലകൊള്ളുന്നവര്‍ക്കും മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും സമാധാനകാംക്ഷികള്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി സമാന്ത പറഞ്ഞു.
കോവിഡ് കാലത്തെ ലോക്ക്ഡൗണിലിരുന്നാണ് സമാന്ത ഈ നോവല്‍ എഴുതിത്തുടങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വീഡിയോകൾ കാണുന്നതാണ് ഇങ്ങനെയൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്നായിരുന്നു സമാന്ത കഴിഞ്ഞ വർഷം പറഞ്ഞത്. ബ്രിട്ടനില്‍ വന്‍തോതില്‍ വിറ്റഴിഞ്ഞ നോവലാണിത്.
1975-ൽ യു.കെയിലെ കെന്റ് പട്ടണത്തിൽ ജനിച്ച സമാന്ത ഹാർവേ ചെറുപ്രായത്തിൽ എഴുതിത്തുടങ്ങി. അച്ഛനമ്മമാർ വേർപിരിയും വരെ കെന്റിൽ തന്നെ തുടർന്ന സമാന്ത, പിന്നീടാണ് യോർക്കിലേക്കും ഷെഫീൽഡിലേക്കും ജപ്പാനിലേക്കും പോകുന്നത്. യോർക്കിലും ഷെഫീൽഡിലുമായി തത്വശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി 2005-ൽ ബാത്ത്‌സ്പാ സർവകലാശാലയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. ഗൗരവമായി എഴുതിത്തുടങ്ങുന്നത് ഈ കാലത്താണ്.
ആദ്യനോവൽ ദ വൈൽഡർനെസ് 2009-ൽ പ്രസിദ്ധീകരിച്ചു. 2012-ൽ രണ്ടാമത്തെ പുസ്തകം ഓൾ ഈസ് സോങ്ങും. ആദ്യ നോവൽ, ദ വൈൽഡർനെസ് ആ വർഷം തന്നെ ബുക്കർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ, ഗാർഡിയൻ ഫസ്റ്റ് ബുക്ക് അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കും പുസ്തകം നാമനിർദേശം ചെയ്യപ്പെട്ടു. ആ വർഷം തന്നെ, പുസ്തകം ബെറ്റി ടാസ്‌ക് പ്രൈസ് ആൻഡ് അവാർഡും നേടി. ഡിയർ തീഫ്, ദ വെസ്റ്റേൺ വൈൽഡ് എന്നിവയാണ് സമന്തയുടെ മറ്റ് പ്രധാന കൃതികൾ. എഴുതിയ എല്ലാ പുസ്തകങ്ങളും പുരസ്‌കാരങ്ങൾ നേടുകയോ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.
ബുക്കർ പ്രൈസ് നേടിയ ഓർബിറ്റൽ, ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോണ്‍ഡെന്‍പുരസ്‌കാരവും നേടിയിരുന്നു. പൊളിറ്റിക്കല്‍ ഫിക്ഷനുള്ള ഓര്‍വെല്‍ പുരസ്‌കാരത്തിന്റെയും ഉല്‍സുല കെ ലെ ഗ്വിന്‍ പുരസ്‌കാരത്തിന്റെയും ചുരുക്കപ്പട്ടികയിലും ഇടം പിടിച്ചു. 2010-ൽ, ആദ്യ നോവൽ പുറത്തിറങ്ങി ഒരു വർഷം കഴിയുമ്പോഴേക്കും മികച്ച 12 ബ്രിട്ടീഷ് നോവലിസ്റ്റുകളുടെ ലിസ്റ്റിൽ ദ കൾച്ചർ ഷോ സമാന്തയെ അടയാളപ്പെടുത്തിയിരുന്നു. ഷേപ്പ്‌ലെസ് അൺ ഈസ് എന്ന, സ്വകാര്യാനുഭവങ്ങൾ ഏറെയുള്ള ഏക നോൺ ഫിക്ഷനും നിറയെ വായനക്കാരുണ്ടായിരുന്നു.
2019-നുശേഷം ബുക്കര്‍ ലഭിക്കുന്ന ആദ്യ സ്ത്രീ കൂടിയാണ് സമാന്ത. 50,000 പൗണ്ടാണ് (ഏകദേശം 53.7 ലക്ഷം രൂപ) സമ്മാനതുക.
ആന്‍ മൈക്കല്‍സിന്റെ ഹെല്‍ഡ്, റേച്ചല്‍ കുഷ്‌നറുടെ ക്രിയേഷന്‍ ലെയ്ക്ക്, യേല്‍ വാന്‍ ഡെല്‍ വൂഡന്റെ ദ സെയ്ഫ് കീപ്പ്, ഷാര്‍ലറ്റ് വുഡിന്റെ യാര്‍ഡ് ഡിവോഷണല്‍, പേഴ്‌സിവല്‍ എവെറെറ്റിന്റെ ജയിംസ് എന്നീ രചനകളാണ് ഇത്തവണ ബുക്കർ പുരസ്കാരത്തിന്റെ അവസാന പട്ടികയിലുണ്ടായിരുന്നത്.