ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻപിള്ള

കവിതയിലും ജീവിതത്തിലും ചങ്ങമ്പുഴയ്ക്ക്​
ഒരു ശത്രു ഉണ്ടായിരുന്നു; ഇടപ്പള്ളി

‘കവിതയെഴുത്തിൽ എന്നെക്കാൾ സാമർഥ്യം തനിക്കുണ്ടെന്ന രാഘവൻപിള്ളയുടെ നാട്യം, അതു സത്യമായിരുന്നാൽപ്പോലും എനിക്കു സഹിക്കാൻ സാധിച്ചിരുന്നില്ല. ഈ കാരണത്തിന്മേൽ പലപ്പോഴും ഞങ്ങൾ തമ്മിൽ കലഹിച്ചിട്ടുണ്ട്.’- സഹപാഠിയായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയെക്കുറിച്ച്​ ചങ്ങമ്പുഴ എഴുതിയ ഈ കുറിപ്പുകളിൽ, ഇരുവരും തമ്മിലുണ്ടായിരുന്ന ശത്രുതയെക്കുറിച്ച്​ അമ്പരപ്പോടെ വായിക്കാം.

‘ഇടപ്പള്ളി രാഘവൻപിള്ളയെക്കുറിച്ചുള്ള സ്മരണകൾ അടുത്ത ലക്കം മുതൽ (കർക്കടകം 20) ‘പ്രസന്ന കേരള’ത്തിൽ വായിക്കുക. ലേഖകൻ: ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ.'

1946 ആഗസ്ത് 4 ലക്കം പ്രസന്ന കേരളം ദേശീയ വാരികയുടെ ആറാം പേജിൽ ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടു. കോട്ടയം പൗരദ്ധ്വനി പ്രസിൽ നിന്ന് 1939 മുതൽ പ്രസിദ്ധീകരിച്ചുവന്നിരുന്ന വാരികയായിരുന്നു പ്രസന്ന കേരളം. ആഞ്ഞിലിപ്പറമ്പിൽ കുമാരൻ പ്രസാധകനായിരുന്ന ആ വാരികയുടെ പത്രാധിപച്ചുമതലയിൽ സി.ജെ. തോമസ് കുറച്ചുകാലം ഉണ്ടായിരുന്നു.

ചങ്ങമ്പുഴയുടെ ലേഖനത്തെക്കുറിച്ച്​ ‘പ്രസന്ന കേരളം’ വാരികയിൽ വന്ന പരസ്യം / Archive Images: shijualex.in

ഇടപ്പള്ളിയെക്കുറിച്ച് ഒരു ലേഖനം, എഴുതുന്നത് ചങ്ങമ്പുഴ- വായനക്കാരെ ഹരം പിടിപ്പിക്കുന്നതായിരുന്നു ആ പരസ്യം. ‘കരയുവാനായ് പിറന്നോരു കാമുക'ന്റെ തനിരൂപം വാക്കുകളിൽ കൊത്താൻ ബാല്യകാല സഖാവായ ചങ്ങമ്പുഴയോളം മറ്റാർക്കാവും? പരസ്യപ്പെടുത്തിയതുപോലെത്തന്നെ അടുത്ത ലക്കത്തിൽ, അതായത് 15ാം ലക്കത്തിൽ ലേഖനം ആരംഭിച്ചു: ‘ആ നീലക്കുയിൽ!'

‘നീ മറഞ്ഞാലും തിരയടിക്കും നിൻ ഗാനം’ എന്ന്​ രമണിലെഴുതിയ ചരമോപചാരവാക്യത്തിൽ നിന്ന് കൊളുത്തിയെടുത്തതായിരുന്നു ആ ശീർഷകം. ലക്കം 17, 18, 21, 24 എന്നിങ്ങനെ ക്രമരഹിതമായി ലേഖനം തുടർന്നു. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ബാല്യകാലം അവസാനിച്ച് കൗമാരം തുടങ്ങുന്നിടത്താണ് ഇവിടെ ചേർത്തിരിക്കുന്ന ലേഖനം അവസാനിക്കുന്നത്; 24-ാം ലക്കത്തിൽ. ഷിജു അലക്‌സിന്റെ ശ്രമഫലമായി ഡിജിറ്റൈസ് ചെയ്ത് ഇന്റർനെറ്റ് ആർക്കൈവ്‌സിൽ പ്രസിദ്ധപ്പെടുത്തിയ പ്രസന്ന കേരളത്തിന്റെ ലക്കങ്ങളിൽ നിന്നാണ് ഈ ലേഖനം അപൂർണരൂപത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നത്. ഇത് മുമ്പ് മറ്റേതെങ്കിലും പുസ്തകങ്ങളിൽ വന്നിട്ടുണ്ടോ എന്നറിയില്ല. അറിഞ്ഞിടത്തോളം അതിനു സാധ്യതയില്ല. ചങ്ങമ്പുഴയുടെ സമ്പൂർണ കൃതികളിൽ ഈ ലേഖനമില്ല. ഇതിനെക്കുറിച്ച് ഇതുവരെ ആരും എവിടെയും പരാമർശിച്ചുകണ്ടിട്ടുമില്ല. അതിനാൽത്തന്നെ ഗവേഷകരെ സംബന്ധിച്ച് ഈ പുനഃപ്രസിദ്ധീകരണം ഉപകാരപ്രദമാകും.

1946 ഒക്ടോബർ 20 വരെയുള്ള ലക്കങ്ങളിലായി അഞ്ച് അധ്യായങ്ങൾ പ്രസിദ്ധീകരിച്ചു വന്നത് ഇന്റർനെറ്റ് ആർക്കൈവ്‌സിൽ ലഭ്യമാണ്. അതിനു ശേഷമുള്ള പ്രസന്ന കേരളത്തിന്റെ ലക്കങ്ങൾ ലഭ്യമല്ല. അവ ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ ചരിത്രമൂല്യമുള്ള ഈ ലേഖനം പൂർണമായും പ്രസിദ്ധീകരിക്കാനാവും. പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നു.

ആ നീലക്കുയിൽഇടപ്പള്ളി രാഘവൻപിള്ളയെക്കുറിച്ചുള്ള സ്മരണകൾ
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

നീലക്കിളി!
അന്നാദ്യമായി അതിനെ കണ്ടപ്പോൾ അതൊരു കുയിലാണെന്നോ, സംഗീതമാണ് അതിന്റെ ഹൃദയമെന്നോ, അത്​ പാടുമെന്നോ, അങ്ങനെ പാടിപ്പാടി മരിക്കുമെന്നോ ഞാൻ അറിഞ്ഞിരുന്നില്ല!
പുളകം കൊള്ളിക്കുന്ന ഈ പരമാർഥങ്ങൾ പടിപടിയായി മനസ്സിലാക്കുവാൻ പോലും മനുഷ്യായുസ്സിന്റെ പത്തിലൊരംശമേ വേണ്ടിവന്നുള്ളൂ എന്ന ദയനീയമായ പരമാർഥം അനുസ്മരിക്കുമ്പോൾ, മഴവില്ലൊളി വിതറി ഒരു നീർപ്പോളപോലെ താനേ തകർന്നുപോയ ആ ജീവിതസ്വപ്നം ഇന്നെന്റെ കൺപീലികളെ ജലാർദ്രമാക്കുന്നു.
മനോഹരമായ ഒരു ശിശിരപ്രഭാതം. പക്ഷേ ഉഷസ്സിലെ പ്രകൃതിസൗന്ദര്യത്തിന്റെ വിശാലതയിൽ വിഹരിക്കുന്നതിനേക്കാൾ ഉറക്കത്തിന്റെ മടിത്തട്ടിൽ മൂടിപ്പുതച്ചുകിടക്കുന്നതായിരുന്നു എന്റെ കൗമാരത്തിനധികമിഷ്ടം. വളർന്ന ജീവിതത്തിന്റെ പരുപരുത്ത ആവശ്യങ്ങൾക്കും മുരടിച്ച നിയമങ്ങൾക്കും അനുവദനീയമായിരുന്നു എന്റെ സ്വപ്നം. അക്കാരണത്താൽ മനോവേദനയോടുകൂടിയാണ്‌ സമരത്തിൽ സ്ഥാനഭ്രഷ്ടനായിരുന്ന ഒരു രാജാവിനേക്കാൾ അക്കാലങ്ങളിൽ ഞാനെന്റെ നിദ്രാസാമ്രാജ്യത്തോടു യാത്രപറഞ്ഞിരുന്നത്. എന്റെ വീട്ടിൽനിന്ന്​ രണ്ടര ഫർലോംഗ് അകലത്തുള്ള ഒരു വീട്ടിൽ പോയി രാവിലെ ചായക്കാവശ്യമുള്ള പാൽ വാങ്ങിക്കൊണ്ടുവരികയായിരുന്നു എന്റെ ആദ്യത്തെ ‘ഡ്യൂട്ടി'. ആ കർത്തവ്യനിർവഹണത്തിനായി നിരത്തിൽക്കൂടി മടിച്ചുമടിച്ചിഴയുമ്പോഴാണ് ആ രണ്ടു കുമാരന്മാരെ ഞാൻ ആദ്യമായി കണ്ടത്. രണ്ടുപേരും അതിരാവിലെ ഉണർന്നു കുളിച്ചിട്ടുണ്ടെന്ന് അവരുടെ ലലാടമധ്യത്തിൽ മന്ദഹസിക്കുന്ന ചന്ദനപ്പൊട്ടുകൾ വിളംബരം ചെയ്യുന്നുണ്ട്. രണ്ടുപേരും ശുഭ്രവസ്ത്രാലംകൃതരുമാണ്. പിന്നിൽ നടക്കുന്ന കുമാരന്റെ കൈയിൽ മാത്രമേ സ്ലേറ്റുള്ളൂ. അവരെക്കണ്ടാലാർക്കും തോന്നും, മുൻപിൽ പുസ്തകങ്ങളും കൈയിൽ തൂക്കിക്കൊണ്ടുനടക്കുന്ന ആൾ ജ്യേഷ്ഠനും, പുറകേ സ്ലേറ്റും പുസ്തകങ്ങളും പിടിച്ചു നടക്കുന്ന ആൾ അനുജനുമാണെന്ന്. അതെ: വാസ്തവത്തിൽ അത്​ ഇടപ്പള്ളി രാഘവൻ പിള്ളയും അദ്ദേഹത്തിന്റെ അനുജനും (അദ്ദേഹത്തിന്റെ പേര് ഇന്നും എനിക്കു നിശ്ചയമില്ല) ആയിരുന്നു.

ആ സുഹൃത്തിന്റെ ജോലി എന്റെ നോട്ടുപുസ്തകം സൂത്രത്തിലെടുത്ത്​ കവിതകളിലെ തെറ്റുതിരുത്തുകയായിരുന്നു. എനിക്കിതു തീരെ രസിച്ചില്ല. എത്ര വികൃതമാണെങ്കിലും എനിക്ക് എന്റെ തൂവലുകൾ തന്നെയായിരുന്നു ആ ഇളംപ്രായത്തിലും ഇഷ്ടം.

ആദ്യം കണ്ട ദിവസം തന്നെ ഞങ്ങൾ- ഞാനും രാഘവൻ പിള്ളയും- മുഖത്തോടുമുഖം ഒന്നു സൂക്ഷിച്ചുനോക്കി. ഒന്നും സംസാരിച്ചില്ല. മിണ്ടാതങ്ങനെ കടന്നുപോയി. ആ രംഗം അതിനുശേഷം പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവർ ആരെന്ന്​, കുമാരനായ എനിക്കറിഞ്ഞുകൂടായിരുന്നു...
അടുത്തകാലത്ത് ആ സംഭവങ്ങളുടെ പിന്നിൽ കിടക്കുന്ന നഗ്‌നമായ പരമാർഥം എനിക്കറിയാൻ കഴിഞ്ഞു. ഇടപ്പള്ളിയിൽനിന്ന്​ ഏതാണ്ട് രണ്ടര മൈൽ അകലെ ‘മുട്ടാർ' എന്ന ഒരു സ്ഥലമുണ്ട്. അവിടത്തെ എക്സൈസ് ശിപായിയായിരുന്നു അവരുടെ പിതാവ്- പാണ്ടറത്തു നീലകണ്ഠപ്പിള്ള. അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുനിന്നും ഏതാണ്ട്​ മൂന്ന്​ ഫർലോംഗ് അകലെ ഒരു മലയാളം പ്രൈമറി സ്‌കൂളുണ്ട്. എന്നുവെച്ചാൽ അതിന്നും നിലനിൽക്കുന്നുണ്ട്. രാഘവൻ പിള്ള അന്ന് നാലാംക്ലാസിൽ പഠിച്ചിരുന്നുവത്രേ. അനുജൻ മൂന്നാം ക്ലാസിലും. ഞാൻ അന്ന് ഇടപ്പള്ളി വി. എം. സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിയാണ്.

ഞങ്ങളുടെ സന്ദർശനം അങ്ങനെ നിരത്തിൽവെച്ച്​ നിത്യവും ഉണ്ടാകാറുണ്ട്. ഞാൻ ആരെന്നോ അവർ ആരെന്നോ അന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും ഞങ്ങൾക്കു തമ്മിൽ പരസ്പരം ഒരു മതിപ്പുണ്ടായിരുന്നു. ഒരു നേരിയ ചിരി; അന്യോന്യം കാണുന്ന അവസരത്തിൽ കൈമാറ്റം ചെയ്തിരുന്നതിനാലാണ് ആ വിലപിടിച്ച മതിപ്പ് ഞങ്ങൾ പ്രകടിപ്പിച്ചിരുന്നത്. എനിക്കു വിശേഷിച്ചും ആ കുമാരനെ ഒരു മതിപ്പുണ്ടായി. കാരണം, അയാളുടെ ചന്ദനപ്പൊട്ടാണ്. അത് അതിരാവിലെ നിർവഹിച്ച ആരോഗ്യപ്രദമായ ഒരു സ്നാനത്തെ വിളംബരം ചെയ്യുന്നു. ഞാനാകട്ടെ പല്ലുകൂടി തേച്ചില്ല. ഞാൻ ഏറ്റവും ശപിച്ചിട്ടുള്ളത് ‘നവരാത്രി'ക്കാലമാണ്. എന്തെന്നാൽ അന്നു രാവിലെ കുളിക്കാതെ ആഹാരം തരികയില്ല. ഇതിപ്പോൾ മത്തങ്ങാക്കറി കൂട്ടുന്നതിനേക്കാൾ എനിക്കു സങ്കടകരമായിരുന്നു അന്നത്തെ പ്രഭാതസ്നാനം. എനിക്ക്​ അസഹ്യവും ദുസ്സാധ്യവുമായ ഒരു കാര്യം അവർ സസന്തോഷം പരപ്രേരണ കൂടാതെ നിർവഹിച്ചിരുന്നതിനാലാണോ എനിക്കവരോടു സന്തോഷം തോന്നിയതെന്നു തീർച്ച പറയാൻ പഠിപ്പും വളർച്ചയും പണവും ​പ്രശസ്​തിയും സിദ്ധിച്ച ഇന്നത്തെ എനിക്കു സാധ്യമല്ല. അതായിരിക്കാം കാരണം എന്നു ഇന്നത്തെ എന്റെ ബുദ്ധി ശഠിക്കുന്നു. ഞാൻ എതിർക്കുന്നില്ല. പക്ഷേ, അന്ന് എന്നെ ആകർഷിച്ചതു വേറൊന്നുമല്ല. അവരുടെ വെളുവെളുത്ത വസ്ത്രങ്ങളും കറുകറുത്ത നെറ്റിയിൽ നക്ഷത്രങ്ങൾ പോലെ മിന്നുകയും മന്ദഹസിക്കുകയും ചെയ്യുന്ന ചെറിയ ചന്ദനപ്പൊട്ടുകളും മാത്രമായിരുന്നു.

അനേകസംവത്സരങ്ങൾ ഇപ്പോൾ കഴിഞ്ഞു, പക്ഷേ, ആ പ്രഭാതരംഗങ്ങളും അവയുടെ ജീവൻകൊടുത്ത ആ കുമാരന്മാരും അവരുടെ ശുഭ്രവസ്ത്രങ്ങളും ആ കൊച്ചു ചന്ദനപ്പൊട്ടുകളും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. അവർ എന്നെ മൂകമായി അടിമപ്പെടുത്തിയിരുന്നു. എന്നെയല്ല, അകൈതവവും ഒരു കാട്ടുപൂവിനെപ്പോലെ പരിശുദ്ധവുമായ എന്റെ ഹൃദയത്തെ!(പ്രസന്നകേരളം, 1946 ആഗസ്ത് 11. പുസ്തകം 18, ലക്കം 15. പു. 1)

രണ്ട്

സംവത്സരം നാലോ അഞ്ചോ കഴിഞ്ഞുകാണും.
ഞാൻ ഇടപ്പള്ളി കൃഷ്ണവിലാസം ഇംഗ്ലീഷ് മിഡിൽ സ്‌കൂളിൽ പ്രിപ്പാരറ്ററി ക്ലാസിലും രാഘവൻ പിള്ള അതിനുമുകളിലുള്ള ക്ലാസിലും പഠിക്കുകയാണ്. അക്കാലത്തായിരുന്നു എനിക്കു നേരിട്ട ആദ്യത്തെ അത്യാഹിതം- അച്ഛന്റെ ആകസ്മികമായ മരണം. സാമാന്യം നല്ല ധനസ്ഥിതിയുണ്ടായിരുന്ന പിതാവിന്റെ വാത്സല്യമധുരമായ സംരക്ഷണത്തിൽ ഒരു രാജകുമാരനെപ്പോലെ സുഖസമൃദ്ധികളിൽ മുഴുകി ജീവിച്ചിരുന്ന ഞാൻ ഒരൊറ്റ രാത്രികൊണ്ട് ഒരർധപട്ടിണിക്കാരനായി മാറി. ചരിത്രപ്രധാനവും പുരാതനവും സമ്പൽസമൃദ്ധവുമായിരുന്ന ചങ്ങമ്പുഴത്തറവാട് പിന്നെപ്പിന്നെ വന്ന കാരണവന്മാരുടെ പിടിപ്പില്ലായ്കയാൽ ക്രമേണ ക്ഷയിച്ചുക്ഷയിച്ച്​ ഒടുവിൽ സർവസ്വവും നശിച്ചൊടുങ്ങിയ ഒരാപൽസന്ധിയിലായിരുന്നു, ധൂമകേതുവിനെപ്പോലെയുള്ള എന്റെ ഉദയം.

‘‘നിന്റെ തലകണ്ടതിനുശേഷമാ സർവോം കുട്ടിച്ചോറായേ!'' എന്ന്​ദേഷ്യം വരുമ്പോൾ പലപ്പോഴും മുത്തശ്ശി എന്നോടു കയർത്തിട്ടുണ്ട്. അക്കാലത്ത്​എന്റെ മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തിലെ ഒരു വേലക്കാരിയായിരുന്നു. രാജവംശഭരദേവതയായ ഗണപതിയുടെ ക്ഷേത്രത്തിൽ അടിച്ചുതളി, പാത്രംതേപ്പ്, നിത്യനിവേദ്യമായ നെയ്യപ്പത്തിനുവേണ്ട അരിയിടിച്ചുകൊടുക്കൽ ഇവയായിരുന്നു മുത്തശ്ശിയുടെ പ്രധാന ജോലി. ഇവയിൽ പാത്രം തേയ്ക്കുന്ന ജോലിയിൽ മുത്തശ്ശിയെ സഹായിക്കുകയായിരുന്നു എന്റെ അന്നത്തെ ഡ്യുട്ടി. ഇന്നെന്നെ അത്യന്തം പശ്ചാത്തപിപ്പിക്കുമാറ്, വിധിയെയും വാത്സല്യനിധിയായ മുത്തശ്ശിയെയും പഴിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെയാണ് അക്കാലങ്ങളിൽ ഞാൻ ആ ജോലി നിർവഹിച്ചിട്ടുള്ളത്. ഒരു ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർഥിയായ എനിക്കു മാനക്കേടുണ്ടാക്കുന്ന ആ കൂലിപ്പണി- അതിനെ ഞാൻ കഠിനമായി വെറുത്തു. പക്ഷേ, നിത്യവും കിട്ടുന്ന ആ നാലുപട ഉണക്കച്ചോറ്! പരിഷ്‌കാരം എന്നിൽ പത്തിവിടർത്തിച്ചീറ്റിയെങ്കിലും പട്ടിണിയുടെ പാദപാതത്തിൽ അതു ചൂളിച്ചതഞ്ഞ് അതിന്റെ അജ്ഞാതമായ മാളത്തിലേക്കുതന്നെ പകയോടെ ചുരുണ്ടുകൂടി. ജീവിതക്ലേശങ്ങൾ ഒട്ടധികം അനുഭവിക്കേണ്ടിവന്നു എങ്കിലും, അച്ഛന്റെ മരണം യഥാർഥത്തിൽ എന്നെ ആനന്ദിപ്പിക്കുകയാണ്‌ ചെയ്തത്.അച്ഛൻ മരിച്ചു എന്ന വിവരത്തിന് എഴുത്തുവന്നപ്പോൾ വീട്ടിലുള്ളവരെല്ലാം വാവിട്ടുനിലവിളിച്ചു. ഞാനാകട്ടെ ചിരിക്കുകയാണ് ചെയ്തത്. എന്റെ ഹൃദയം യഥാർഥത്തിൽ അന്ന് ആനന്ദനൃത്തം ചെയ്തു. അതുവരെ ഒരു തടവുകാരനായിരുന്ന എനിക്ക്​ചിരകാലപ്രാർഥിതമായ സ്വാതന്ത്ര്യം ഇന്നിതാ അവിചാരിതമായ ഒരു മുഹൂർത്തത്തിൽ കരഗതമായിരിക്കുന്നു. ഞാൻ പിന്നെ എങ്ങനെ സന്തോഷിക്കാതിരിക്കും.

ചട്ടമ്പികളെ സ്വാധീനത്തിലാക്കി അവരോടൊത്തുചേർന്നു രാഘവൻ പിള്ള എന്നെ മർമഭേദകമാംവണ്ണം പരിഹസിക്കാൻതുടങ്ങി. എന്റെ മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തിലെ ഒരു വേലക്കാരിയായിരുന്നു. ‘എച്ചിൽതീനി' എന്നു വിളിച്ച് അവർ എന്നെ എത്രദിവസം കരയിച്ചിരിക്കുന്നു!

എനിക്കു ലഭിച്ച പരിപൂർണ സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ പ്രകടനമാണ് ഞാൻ ഗൂഢമായി മതിച്ചിരുന്ന ആ ചന്ദനപ്പൊട്ടുകാരനെ- രാഘവൻ പിള്ളയെ- എന്നോടു ഘടിപ്പിച്ചത്. ഞങ്ങളുടെ സ്‌കൂൾവളപ്പിന്റെ തൊട്ടുതെക്കേപ്പറമ്പിൽ പടർന്നുപന്തലിച്ചുനില്ക്കുന്ന ഒരൂക്കൻ പറങ്കിമാവും അതിനരികെ കൃശാംഗിയായ നവോഢയെപ്പോലെ നാണംകുണുങ്ങിനിൽക്കുന്ന ഒരു ‘അരണ'മരവും ഉണ്ടായിരുന്നു. ആ മരത്തിനു വണ്ണം വളരെ കുറവാണ്. നാലഞ്ചാൾ ഉയരമുണ്ട്. രാവിലെ സ്‌കൂളിൽ മണിയടിക്കുന്നതിനുമുമ്പും ഉച്ചയ്ക്ക് വിശ്രമാവസരത്തിലും വിദ്യാർഥികൾ അവിടെ തടിച്ചുകൂടും. ചിലർ പറങ്കിമാവിന്റെ നിലംപറ്റിക്കിടക്കുന്ന ശിഖരങ്ങളിലും മറ്റുചിലർ താഴെയുള്ള വെള്ളമണലിലും ഇരിപ്പുറപ്പിക്കും. വീരന്മാരായ എട്ടും പത്തും ബാലന്മാർ ഒത്തുചേർന്ന്​ അരണമരത്തെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരിക്കും. തറ്റുടുത്തു തയ്യാറെടുത്ത്​ സംഘത്തലവൻ- അയാളുടെ പേർ കൊച്ചുണ്ണി എന്നാണ്- ആദ്യം അരണമരത്തിന്മേൽ തൂങ്ങിപ്പിടിച്ചു കയറിത്തുടങ്ങും.അയാളുടെ പുറകേ സർക്കാരുമൊട്ട, പിന്നെ അമ്പലം വിഴുങ്ങി, അയാൾക്കുപിന്നിൽ കാള ഇസ്മായിൽ, പുറകെ ചലംതൂറി വർക്കി അങ്ങനെ ആ കൊച്ചു ഗ്വറില്ലാസംഘത്തിലെ അനവധി പരാക്രമികൾ ഒന്നിനുപുറകെ ഒന്നായി മരത്തിന്മേൽ പിടിച്ചുകയറുന്നു. മുകളിലേക്കു പോകുന്തോറും നേർത്തുനേർത്തു നാരാചം പോലെ കൂർത്തുനില്ക്കുന്ന ആ പാവപ്പെട്ട വൃക്ഷം ഈ പൊരുത്തപ്പെടാത്ത മല്ലന്മാരുടെ ഭാരം താങ്ങുവാനാതെ ‘ഞാൻ തോറ്റു' എന്നമട്ടിൽ കുനിഞ്ഞുകുനിഞ്ഞു ഒടുവിൽ ശിരസ്സ് നിലത്തുമുട്ടിക്കുന്നു. പരാക്രമികൾ അങ്ങനെ നിർബാധം ഒന്നിച്ച് ഇറങ്ങിപ്പോരുന്നു. ഒറ്റ ഞൊടിയിൽ ആ വൃക്ഷം ‘വിട്ടാൽ പൂർവസ്ഥിതിയെ പ്രാപിക്കുന്നതായ’ ഒരു സാധനമാണെന്നു വെളിപ്പെടുത്തുന്നു.

ചുറ്റും കൂടിയ വിദ്യാർഥികൾ അത്യത്സാഹത്തോടെ ആർത്തുവിളിച്ച് ആ പരാക്രമികളുടെ പേരിൽ അഭിനന്ദനം രേഖപ്പെടുത്തുന്നു. കൊച്ചുണ്ണി, സർക്കാരുമൊട്ട തുടങ്ങിയയ തലവന്മാർ അങ്ങകലെ സ്‌കൂളിൽ ജനൽവാതുക്കൽ തിങ്ങിക്കൂടിനിൽക്കുന്ന ‘ഗേൾസിന്റെ' നേരെ അഭിമാനഭരിതമായ ഒരു പുഞ്ചിരിയോടെ കണ്ണെറിയുന്നു. പിന്നെ മലയാളം സ്‌കൂളുകാരുടെ മുറയായി. ‘ഉണ്ടവേലു', ‘കൊരട്ടി', ‘ചെട്ടിബിക്കാരി', ‘പല്ലൻചങ്കരൻ', ‘കടുവാത്തൊമ്മൻ', ‘ഓന്തുളുക്കി ഗോപാലൻ' തുടങ്ങിയ ചിറ്റുചട്ടമ്പിമാരാണ് ആ സംഘത്തിലെ നേതാക്കൾ. ഇങ്ങനെ ഓരോ സംഘവും മാറിമാറി പ്രദർശിപ്പിക്കുന്ന പരാക്രമം കൊതിയോടുകൂടി നോക്കിരസിച്ചുകൊണ്ട് ഞാൻ ആ പറങ്കിമാങ്കൊമ്പിൽ ഇരിക്കും.

എനിക്ക് ആ സംഘത്തിൽ ഉൾപ്പെട്ട്​ ഒന്നാ വൃക്ഷത്തിന്മേൽ കയറിയാൽക്കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്തുചെയ്യാം? തലവന്മാർ ‘പിള്ളാരെയൊന്നും കൂട്ടുകയില്ല.'
അമ്പേ! എന്തൊരു ധിക്കാരം! വിപ്ലവബുദ്ധി പലപ്പോഴും എന്നിൽ ഒരു ഭൂകമ്പം തന്നെ നടത്തിയിട്ടുണ്ട്. എങ്കിലും ഞാൻ അടങ്ങി. ആ വൃക്ഷത്തിന്മേൽ കയറുന്നതിന് ഒന്നെന്നെക്കൂടി അനുവദിക്കുവാൻ, ഒരിക്കൽ ഞാൻ വീട്ടിൽനിന്നു സാമാനങ്ങൾ വാങ്ങുവാൻ തന്ന പണത്തിൽനിന്ന്​ കാലണ കട്ടെടുത്തു മുട്ടായി വാങ്ങി രഹസ്യമായി കൊച്ചുണ്ണിക്കു കൈക്കൂലി കൊടുത്തിട്ടുണ്ട്. ആണയിട്ടു ശപഥം ചെയ്തതിനുശേഷമേ ഞാൻ മുട്ടായി ഇഷ്ടന്റെ കൈയിൽക്കൊടുത്തുള്ളൂ. പക്ഷേ, സമയം വന്നപ്പോൾ ആ നയശാലി കാലുമാറിക്കളഞ്ഞു. എനിക്കു സഹിച്ചില്ല. അടങ്ങാത്ത കോപത്തോടെ ഞാൻ അവരുടെ അനുമതിക്കുവേണ്ടി കാക്കാതെ, കൊച്ചുണ്ണിക്കു പുറകേ അരണമരത്തിൽ പിടികൂടി. അപ്പോഴേക്കും ആ സ്ഥാനത്തേക്ക്​ യഥാർഥ അവകാശിയായ സർക്കാരുമൊട്ട എന്നെ പിടിച്ചുവലിച്ചു താഴേക്കിട്ടു. തലയ്ക്കിട്ട് ഒരു നല്ല കിഴുക്കും തന്നു. നിമിഷത്തിനുള്ളിൽ കൊടുത്തു ഞാനവന്റെ പള്ളയ്ക്കൊരിടി. വഴക്കുമൂത്തു. ബഹളമായി. പക്ഷേ, ഉണ്ടവേലുവിന്റെ മധ്യസ്ഥതയിൽ കൂടുതൽ ലഹളകൂടാതെ എല്ലാം ഒതുക്കിത്തീർന്നു. എന്നെ മരത്തിന്മേൽ കയറ്റിക്കൊള്ളാമെന്നു ഉണ്ടവേലു ഭാരമേറ്റു. അങ്ങനെ സാറിനോടു പറയാതെ സമാധാനക്കോലിന്മേൽത്തന്നെ ഇരുകൂട്ടരും പൊരുത്തപ്പെട്ടു.

അപ്പോഴേക്കും സെക്കൻഡ് ബെൽ മുഴങ്ങി. എല്ലാവരും ഓടിപ്പോയി.
എന്നാൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കാര്യം കൂടുതൽ കുഴപ്പത്തിലായി. ഏതോ കൂട്ടത്തിൽക്കുത്തി വീട്ടിൽച്ചെന്നു പറഞ്ഞുകൊടുത്തു. ഞാൻ സർക്കാരുമൊട്ടയുമായി വഴക്കുകൂടി, ഒരുപാടിടികൊണ്ടു എന്നെല്ലാം- ഉള്ളതും ഇല്ലാത്തതും! അച്ഛൻ വന്നപ്പോൾ അമ്മ കേസ് ഫയൽചെയ്തു. രൂക്ഷമായ കണ്ണുകളോടെ അച്ഛൻ എന്നെ ക്രോസുചെയ്യാൻ തുടങ്ങി. കിടുകിടെ വിറയ്ക്കുന്ന എന്റെ പേടിപുരണ്ട കൗപീനത്തിന്റെ മടക്കിന്​ പെട്ടെന്നൊരു നനവുതട്ടി. നടന്നതെല്ലാം ഞാൻ അച്ഛനോടു തുറന്നു സമ്മതിച്ചു. എന്നിട്ടും എനിക്കു പുളിവടികൊണ്ട് ചുട്ട രണ്ടടി തന്നു.അതു സഹിക്കാമായിരുന്നു. നാളെമുതൽ ഫസ്റ്റ് ബെൽ അടിക്കുന്നതു കേട്ടിട്ടേ സ്‌കൂളിലേക്കുപോകാവൂ എന്നു കർശനമായ ആജ്ഞ കേട്ടപ്പോഴാണ് എന്റെ ഹൃദയം പൊട്ടിപ്പോയത്. അതേ, അച്ഛന്റെ മരണവാർത്ത അറിയുന്നതുവരെ ഞാൻ ഫസ്റ്റ് ബെൽ കേട്ടിട്ടേ സ്‌കൂളിലേക്കു പുറപ്പെട്ടിട്ടുള്ളൂ. അത്യാശയോടെ ആ അരണമരത്തിന്റെ നേർക്ക് നോക്കി എത്രപ്രാവശ്യം ഞാൻ നെടുവീർപ്പിട്ടിരിക്കുന്നു!(പ്രസന്നകേരളം, 1946. പുസ്തകം 18, ലക്കം 17. 1946 ആഗസ്ത് 25. പു. 4-5.)

മൂന്ന്

ഞാൻ സ്വതന്ത്രനായി. ആ ബോധം എന്നെ ലഹരിപിടിപ്പിച്ചു. ഭർത്തൃവിയോഗത്തിൽ തപ്തചിത്തയായ എന്റെ പ്രിയപ്പെട്ട മാതാവ് അകത്തുകിടന്ന് ഏങ്ങലടിച്ചു കരയുകയാണ്. ഞാൻ നേരത്തെ സ്‌കൂളിലേക്കു പോകാൻ ഒരുക്കം കൂട്ടി. പക്ഷേ കഞ്ഞിക്കാലമായിരുന്നില്ല. ഒരുവിധത്തിൽ ചിറ്റമ്മയെക്കൊണ്ട് കഞ്ഞി വേവിപ്പിച്ച് കുടിച്ച് സ്‌കൂളിൽ ഓടിയെത്തിയപ്പോഴേക്കും അതാ സെക്കൻഡ് ബെല്ലും അടിക്കുന്നു. എനിക്കു വലിയ നിരാശയായി. നേരത്തെ അരണമരത്തിന്മേൽ കയറണമെന്നായിരുന്നു എന്റെ ഉദ്ദേശ്യം. ആദ്യത്തെ പിരീഡ് ഡ്രോയിങ് ആണ്. എല്ലാ വിദ്യാർഥികളും ഒരുപോലെ കാട്ടുകുരങ്ങു കളിപ്പിച്ചിരുന്ന അയ്യങ്കാർ സ്വാമിയായിരുന്നു ഡ്രോയിങ്ങുമാസ്റ്റർ. ഞാൻ ക്ലാസിലെ മോണിട്ടറാണ്. ഡ്രോയിങ് സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാൻ അദ്ദേഹത്തെ കളിപ്പിച്ചിട്ടില്ല. മാത്രമല്ല അങ്ങാടിയിൽനിന്ന്​ സാമാനങ്ങൾ ചുമന്നുകൊണ്ടുവരുന്ന കാര്യത്തിൽ പലപ്പോഴും അദ്ദേഹത്തെ സഹായിക്കാറുമുണ്ട്.

വീഞ്ഞപ്പെട്ടി തുറന്ന്​ ഡ്രോയിങ് ബുക്കുകൾ എടുത്ത് ഓരോന്നിന്റെയും ഉടമസ്ഥന് അവ വിതരണം ചെയ്യുകയെന്ന അഭിമാനകരവും അസൂയാർഹവും ചുതലയേറിയതുമായ ‘മോണിട്ടർ ജോലി' യഥാവിധി നിർവഹിച്ചശേഷം ഞാൻ സാറിന്റെ അടുത്തു പറ്റിക്കൂടി ‘ഒന്നു പുറത്തുപോകണം സാർ' എന്നു പറഞ്ഞു. ക്ലാസ് സമയത്ത് ആ സാർ ആരെയും പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല. പക്ഷേ, എന്നോടുള്ള പ്രത്യേക പ്രതിപത്തികൊണ്ട് ‘എളുപ്പം പോയിട്ടു ബാഡോ' എന്നദ്ദേഹം സദയം സമ്മതം തന്നു. ആനന്ദംകൊണ്ടു പുളച്ചുമറിയുന്ന ഹൃദയത്തോടെ ഞാൻ നേരെ ഓടിപ്പോയത്​ അരണമരത്തിന്റെ ചുവട്ടിലേക്കാണ്. മുൻപും പിൻപും നോക്കാതെ, വികാരം മാത്രമായി മാറിയിരുന്ന ഞാൻ അതിന്മേൽ ചാടിപ്പിടിച്ചുകയറി. ഏതാണ്ട് അഗ്രഭാഗത്തെത്തിയപ്പോൾ ആ വൃക്ഷം കുറച്ചൊന്നു തലകുനിച്ചു. രണ്ടുകൈകൊണ്ടും അതിന്റെ അഗ്രശിഖരങ്ങളിലൊന്നിൽ ഉറപ്പിച്ചു പിടിച്ചുകൊണ്ടു ഞാൻ പതുക്കെ കാൽവിട്ടു. വൃക്ഷം കുറെക്കൂടി ചാഞ്ഞു. പക്ഷേ, നിലത്തു മുട്ടിയില്ല. ഏതാണ്ട്​ മൂന്നാൾപ്പൊക്കത്തിൽ ഞാനങ്ങനെ തൂങ്ങിക്കിടക്കുകയാണ്- അന്തരീക്ഷത്തിൽ! വേണ്ടിടത്തോളം ഭാരമുണ്ടെങ്കിലേ അതിന്റെ ശിരസ്സു നിലത്തു വന്നു മുട്ടൂ എന്ന പരമാർഥം മനസ്സിലാക്കി വകതിരിവോടെ പെരുമാറുവാൻ തിളച്ചുപൊന്തുന്ന എന്റെ വികാരം അനുവദിച്ചില്ല. വസ്തുസ്ഥിതിയുടെ യഥാർഥ സ്വഭാവം എന്നിൽ ഒരു നടുക്കമുണ്ടാക്കി. കൈവിട്ടാൽ ഞാൻ നിലത്ത് പള്ളയടിച്ചു വീഴും- കാലോ കൈയോ ഒടിയും. തൂങ്ങിക്കിടക്കുന്ന കാലുകൾ ഉയർത്തി വളയുന്ന ആ വൃക്ഷത്തടിയിൽ വീണ്ടും ഉറപ്പിക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. അതിനായുദ്യമിക്കുന്തോറും വൃക്ഷം അധികമധികം വളയുകയും ഉലയുകയും ചെയ്യുന്നു. ഈ പ്രാണപരാക്രമത്തിൽ ഞാൻ ഉടുത്തിരുന്ന വസ്ത്രം അഴിഞ്ഞു നിലംപതിച്ചു. കരിപോലിരുന്ന കൗപീനത്തിന്റെ അഗ്രബന്ധം വിശ്ലഥമായി. അങ്ങനെ വാലും തലയും പൃഷ്ഠഭാഗത്ത്​തൂങ്ങിക്കിടന്നാടിക്കൊണ്ടിരുന്നു.

പനിനീർപ്പൂപോലെ മൃദുലമായ എന്റെ ഹൃദയത്തെ അക്കാലത്ത് ഏറ്റവും വേദനിപ്പിച്ചിട്ടുള്ള വ്യക്തി അനശ്വരനാമധേയനായ ആ അനുഗ്രഹീത കവിവര്യനാണ്. ഒരുപക്ഷേ, അക്കാരണത്താലായിരിക്കാം പിന്നീടു ഞങ്ങളുടെ ആത്മാക്കൾ അഭേദ്യമായ രീതിയിലങ്ങനെ ഒട്ടിപ്പിടിക്കുവാൻ ഇടയായത്.

ലജ്ജ, ഭയം, വ്യസനം എന്നിങ്ങനെ മിശ്രവിചാരങ്ങൾ കെട്ടുപിണഞ്ഞു. കെണിയിൽപ്പെട്ട ചുണ്ടെലിയെപ്പോലെ കിടുകിടെ വിറച്ചുകൊണ്ട്​ തൂങ്ങിക്കിടക്കുന്ന എനിക്ക്​ ‘അയ്യോ!' എന്നുറക്കെ നിലവിളിക്കാതെ തരമില്ലെന്നായി. ഞാൻ അതു ചെയ്തു. കഥകളിയിൽ കാട്ടുതീയിൽപ്പെട്ട കാർക്കോടകന്റേതുപോലുള്ള എന്റെ ദയനീയമായ വിലാപം ക്ലാസ്സിലിരിക്കുന്ന നളവീരന്മാരുടെ ചെവിട്ടിൽ പതിച്ചു. ഒന്നുരണ്ടു ക്ലാസ്സുകലിലെ കുട്ടികളും സാറന്മാരും ഉടൻ വൃക്ഷച്ചുവട്ടിൽ ഓടിയെത്തി. സാറിന്റെ അനുമതിയോടുകൂടി, ആഹ്ലാദഭരിതന്മാരായ ബാലന്മാർ വൃക്ഷത്തിന്മേൽ കയറിത്തുടങ്ങി. ആദ്യം കയറിയ ആൾ ഞാൻ ഗൂഢമായി മാനിച്ചിരുന്ന ആ ചന്ദനപ്പൊട്ടുകാരനായിരുന്നു. അഞ്ചാറുപേർ കയറിയപ്പോഴേക്കും വൃക്ഷശീർഷം നിലത്തുമുട്ടുകയും ഞാനും എന്നെ രക്ഷിച്ച വീരന്മാരും ഒരുപദ്രവവും കൂടാതെ ഇറങ്ങിപ്പോരികയും ചെയ്തു. ചന്ദനപ്പൊട്ടുകാരനാണ് എന്റെ വസ്ത്രം എടുത്തുതന്നത്. വെളുത്തമുണ്ട് ഗോപനം ചെയ്തിരുന്ന ആ കറുത്ത കൗപീനം അവിചാരിതമായി എന്നെ പരിഹാസപാത്രമാക്കിത്തീർത്തു. കൊച്ചുണ്ണി, സർക്കാരു മൊട്ട മുതലായവരുടെ ക്ലാസ്​ വിടാതിരുന്നതിനാൽ അവർക്ക് ഈ പരാക്രമത്തിൽ പങ്കെടുക്കുവാൻ ഭാഗ്യമുണ്ടായില്ല. ഹെഡ്മാസ്റ്റർ എനിക്ക് മൂന്നടി തന്നു. മാത്രമല്ല മേലിൽ ആരുംതന്നെ അരണമരത്തിന്മേൽ കയറിക്കൂടെന്നും അങ്ങനെ ചെയ്താൽ കഠിനമായി ശിക്ഷിക്കുന്നതാണെന്നും ഹെഡ്മാസ്റ്റർ ഓരോ ക്ലാസിലും ചെന്ന് താക്കീത് നൽകുകയുമുണ്ടായി. ഇക്കാരണത്താൽ കുറച്ചുകാലത്തേക്കു ഞാൻ വിദ്യാർഥികളുടെ ഇടയിൽ ഒരു പൊതുശത്രുവായി പരിഗണിക്കപ്പെട്ടു. പക്ഷേ ഞാനും ആ ചന്ദനപ്പൊട്ടുകാരനും കൂടുതൽ അടുക്കുകയാണുണ്ടായത്.

നാലഞ്ചുദിവസം കഴിഞ്ഞു, മരിച്ചുപോയ അച്ഛന്റെ ഭാഗിനേയൻ കുട്ടികൃഷ്ണൻ-ഇന്നദ്ദേഹം ബോംബെയിൽ വലിയ ഉദ്യോഗസ്ഥനാണ്- എന്റെ വീട്ടിൽവന്നു. പിറ്റേദിവസം അയാൾ പുറപ്പെട്ടപ്പോൾ ‘ഇതമ്മയ്ക്ക് കൊടുത്തേക്കു' എന്നു പറഞ്ഞു എന്റെ കൈയിൽ ഒരു വെള്ളിരൂപാ തന്നു. ഞാനതു വീട്ടിൽ അറിയിച്ചില്ല. ആ രൂപാ ഞാൻ സ്വന്തമാക്കി. എന്റെ സ്വന്തമായി വെളുവെളെ വിലസുന്ന ആ വെള്ളിരൂപ. കൈനഖംകൊണ്ട് വക്കിൽ തട്ടി ഞാനത് മുകലിലേയ്ക്കെറ്റി. ‘ഘിണിം' എന്ന ആ ശബ്ദം എന്തു സുഖമാണു കേൾക്കാൻ! ഒരൊറ്റ മുഴുരൂപാ! ഈശ്വരാ, അതെന്റെ സ്വന്തം മുഴുരൂപയാണ്. ജീവിതത്തിൽ ആദ്യമായി എനിക്കു കിട്ടുന്ന ഒരു നിധി. അച്ഛന്റെ മരണം എന്നെ ഒരു ദിവസത്തേക്കങ്ങനെ ധനവാനാക്കി. ഞാൻ മതിമറന്നുപോയി. നേരെ സ്‌കൂളിൽച്ചെന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെയെല്ലാം വിളിച്ച് സ്‌കൂളിന്റെ സമീപമുള്ള ‘ബബ്ബിലൻ മുതലാളി'യുടെ ചായപ്പീടികയിൽ കൊണ്ടുപോയി ഒന്നാന്തരം ഒരു പാർട്ടി നടത്തി. ആ സുഹൃദ്സമ്മേളനത്തിനു ക്ഷണിക്കപ്പെട്ടിരുന്നവരിൽ എന്റെ ക്ലാസിലേതല്ലാത്ത ഒരു കുട്ടി ആ ചന്ദനപ്പൊട്ടുകാരൻ മാത്രമായിരുന്നു. അതെ, എന്റെ പിതാവിന്റെ ചരമത്തിൽ എന്റെ ശൈശവത്തിന്റെ കഥയില്ലായ്മ നടത്തിയ ഒരുദ്യാനവിരുന്നായിരുന്നു അത്.
ഇന്നതിനെക്കുറിച്ചോർക്കുമ്പോൾ, ഇതാ ഇതെഴുതുമ്പോൾ എന്റെ കണ്ണുകളിൽ ജലം നിറയുന്നു. പ്രിയപ്പെട്ട അച്ഛാ, എനിക്കു ജീവൻ തന്ന മഹാഭാഗ, വാത്സല്യമസൃണനായ അങ്ങയുടെ ഹൃദയം ഇന്നു ഞാൻ കാണുന്നു. അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന അങ്ങയുടെ അവസാനസ്പന്ദനങ്ങൾ. ‘കൊച്ചുകുട്ടാ കൊച്ചുകുട്ടാ' എന്ന്​ ദയനീയമായി വിളിച്ചിരുന്നു. ആ കണ്ണുകളിലെ ഒടുവിലത്തെ പ്രകാശം ചുറ്റുപാടും അങ്ങനെ വെമ്പലോടെ തിരഞ്ഞിരുന്നു. ആ വിളി ഞാൻ കേട്ടില്ല; ഞാൻ അങ്ങയുടെ സമീപം വന്നില്ല. എന്നെ കാണാതെതന്നെ ആ കണ്ണുകൾ എന്നെന്നേയ്ക്കുമായി അടഞ്ഞു. എന്നിട്ടും അങ്ങയുടെ അന്ത്യസ്പന്ദനങ്ങളുടെ ആശപ്തമായ ബലിപിണ്ഡംകൊണ്ടു ഞാൻ വിരുന്നു നടത്തി. അച്ഛാ, എനിക്കു മാപ്പുതരണേ.(പ്രസന്നകേരളം, 1946. പുസ്തകം 18. ലക്കം 18. 1946 സപ്തംബർ 1. പു. 1-2.)

നാല്

ണ്ടുവർഷം കഴിഞ്ഞു. രണ്ടാം ഫോറത്തിൽവെച്ച് സ്നേഹിതന്മാരായ ഞങ്ങൾ സഹപാഠികൾ കൂടിയായി. പക്ഷേ, അതോടെ പരിശുദ്ധവും ഗാഢവുമായിരുന്ന ഞങ്ങളുടെ സൗഹാർദത്തിന്​ കാര്യമായ ഉടവുതട്ടി. മുതിർന്ന വിദ്യാർഥികളുടെ സംഘത്തിൽപ്പെട്ട ഒരാളായിരുന്നു രാഘവൻ പിള്ള; ഞാനാകട്ടെ ‘മൈനർ സംഘ'ത്തിൽ ഉൾപ്പെട്ടവനും. ഇക്കാരണത്താൽ അല്പം മയപ്പെട്ടതായിരുന്നുവെങ്കിലും എനിക്ക് അത്യന്തം അസഹ്യമായിരുന്ന ഒരധികാരഭാവം രാഘവൻ പിള്ള എന്നോടു കാണിച്ചുകൊണ്ടിരുന്നു.

കവിതയെഴുത്തിൽ എന്നെക്കാൾ സാമർഥ്യം തനിക്കുണ്ടെന്ന അദ്ദേഹത്തിന്റെ നാട്യം, അതു സത്യമായിരുന്നാൽപ്പോലും എനിക്കു സഹിക്കാൻ സാധിച്ചിരുന്നില്ല. ഈ കാരണത്തിന്മേൽ പലപ്പോഴും ഞങ്ങൾ തമ്മിൽ കലഹിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ഭക്ഷണത്തിനായി വിടുന്ന അവസരത്തിൽ എന്റെ പുസ്തകങ്ങൾ ഒന്നുംതന്നെ ഞാൻ വീട്ടിലേക്കു കൊണ്ടുപോകാറില്ല. ആ പുസ്തകങ്ങളുടെ കൂട്ടത്തിൽ അക്കാലങ്ങളിൽ ഞാൻ എഴുതിക്കൊണ്ടിരുന്ന കവിതകൾ അടങ്ങിയ നോട്ടുപുസ്തകവും ഉണ്ടായിരിക്കും. മധ്യാഹ്നഭക്ഷണം ആകാശകുസുമമായിരുന്ന ആ സുഹൃത്തിന്റെ ജോലി എന്റെ നോട്ടുപുസ്തകം സൂത്രത്തിലെടുത്ത്​ കവിതകളിലെ തെറ്റുതിരുത്തുകയായിരുന്നു. എനിക്കിതു തീരെ രസിച്ചില്ല. എത്ര വികൃതമാണെങ്കിലും എനിക്ക് എന്റെ തൂവലുകൾ തന്നെയായിരുന്നു ആ ഇളംപ്രായത്തിലും ഇഷ്ടം. ‘നിങ്ങൾക്ക് എന്റെ പുസ്തകമെടുത്തിട്ടാവശ്യമില്ല. എന്റെ കവിതകളിലെ തെറ്റുകൾ അവിടെയിരുന്നുകൊള്ളട്ടെ; നിങ്ങളുടെ സഹായമൊന്നും എനിക്കാവശ്യമില്ല' എന്ന്​ തികഞ്ഞ ധാർഷ്ട്യത്തോടെ ഞാൻ പലപ്പോഴും അദ്ദേഹത്തെ താക്കീതുചെയ്യുകയുണ്ടായി. പക്ഷേ, അദ്ദേഹം അതൊന്നും കേട്ടഭാവം പോലും നടിക്കുകയില്ല. തരംകിട്ടുമ്പോഴെല്ലാം തന്റെ ജോലി നിർബാധം നിർവഹിച്ചുകൊണ്ടിരിക്കും. ഒടുവിൽ ഞാൻ കവിതയെഴുത്തുപുസ്തകം ക്ലാസിൽ കൊണ്ടുവരാതായി.

എന്റെ ഈ അനുവർത്തനം അദ്ദേഹത്തെ അരിശംകൊള്ളിച്ചു. പ്രതികാരവാഞ്ഛ അദ്ദേഹത്തെ അന്ധനാക്കി. സ്‌കൂളിലെ ചട്ടമ്പികളായ വിദ്യാർഥികളുടെ സഹായത്തോടുകൂടി എന്നെ ഉപദ്രവിക്കുവാൻ തുടങ്ങി. അക്കാലത്ത്​ ആ ചന്ദനപ്പൊട്ടുകാരന് എന്നോടുള്ള വിരോധം ഒന്നുകൂടി ആളിക്കത്തുവാൻ ചില സംഭവങ്ങൾ നേരിട്ടു. ‘കണ്ണട നമ്പ്യാർ' എന്നു വിളിച്ചുവന്ന വയോധികനായ ഒരാളായിരുന്നു ഞങ്ങളുടെ ക്ലാസിലെ ഗുരുനാഥൻ. അദ്ദേഹത്തിനു തുള്ളൽക്കഥകൾ വളരെ പഥ്യമാണ്. അക്കാലത്തു ഞാൻ വളരെ ഭംഗിയായി പദ്യങ്ങൾ ചൊല്ലുമായിരുന്നു. രാഘവൻ പിള്ളയും കഥനത്തിനു മിടുക്കനായിരുന്നുവെങ്കിലും എന്നോളം മധുരമായി ചൊല്ലാൻ സാധിച്ചിരുന്നില്ല. അതിനാൽ സാർ എന്നെക്കൊണ്ടാണ് മിക്കപ്പോഴും വായിപ്പിക്കുക പതിവ്. ഇക്കാര്യത്തിലും രാഘവൻ പിള്ള അസൂയാലുവായി. ഞാൻ അഹങ്കാരിയും. അങ്ങനെ അസൂയയും അഹങ്കാരവും തമ്മിലുള്ള ഭയങ്കരമായ ഒരു പോരാട്ടം ഞങ്ങളുടെ കുരുന്നുജീവിതങ്ങളെ പ്രക്ഷുബ്ധമാക്കുവാൻ തുടങ്ങി. അത് ഉച്ചാവസ്ഥയിലെത്തിയത് ആദ്യത്തെ പരീക്ഷയ്ക്കുശേഷമാണ്.

അദ്ദേഹത്തിന്റെ പരിഹാസകവനങ്ങൾ കേട്ട്​ ഹൃദയംപൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട്. ആ രംഗങ്ങൾ ഇന്നനുസ്മരിക്കുമ്പോൾ അന്നത്തെ വേദന എനിക്കു മധുരമായി തോന്നുന്നു. ഹാ! അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന ഒരിക്കലും ആവർത്തിക്കപ്പെടാത്ത ആ വികാരങ്ങൾ!

മലയാളത്തിന് എനിക്ക്​ അൻപതിൽ മുപ്പത്തിരണ്ടും രാഘവൻ പിള്ളയ്ക്ക് ഇരുപത്തിയേഴും മാർക്കുവീതമാണ് കിട്ടിയത്. പുറമേ ഇംഗ്ലീഷിനും ഞാൻ ക്ലാസിൽ ഒന്നാമനായി. എല്ലാ ക്ലാസിലും അതുവരെ മലയാളത്തിൽ ഏറ്റവും മാർക്കു കിട്ടിയിരുന്നത് രാഘവൻ പിള്ളയ്ക്കായിരുന്നു. ഈ വിധിവൈപരീത്യം ആ സാധുവിനെ ഭ്രാന്തുപിടിപ്പിച്ചു. ചട്ടമ്പികളെ സ്വാധീനത്തിലാക്കി അവരോടൊത്തുചേർന്നു രാഘവൻ പിള്ള എന്നെ മർമഭേദകമാംവണ്ണം പരിഹസിക്കാൻതുടങ്ങി. എന്റെ മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തിലെ ഒരു വേലക്കാരിയായിരുന്നുവെന്നു ഞാൻ മുൻപൊരിടത്തു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അക്കാരണത്താൽ അക്കാലത്തു കണക്കിലേറെ പരിഹാസശരങ്ങൾ എന്റെ ഹൃദയമർമങ്ങളെ പിളർന്നിട്ടുണ്ട്. ‘എച്ചിൽതീനി' എന്നു വിളിച്ച് അവർ- വിശേഷിച്ചും നമ്മുടെ ചന്ദനപ്പൊട്ടുകാരൻ- എന്നെ എത്രദിവസം കരയിച്ചിരിക്കുന്നു! എന്റെ മുത്തശ്ശി അടിച്ചുതളിക്കാരി ആയിരുന്നു എങ്കിലും, എന്റെ വീട്ടിലെ സ്ത്രീകൾ ഉച്ചിഷ്ടം ഭുജിച്ചിട്ടുണ്ടെങ്കിലും, ‘ആണായ' എനിക്ക് അവർ ഒരിക്കലും ‘എച്ചിൽ' തന്നിട്ടില്ല.

പക്ഷേ, അക്കാലത്ത് എന്റെ പ്രതിയോഗികളോട് ആ പരമാർഥം തുറന്നുപറഞ്ഞതുകൊണ്ട് എന്തു പ്രയോജനം? ഞാൻ പലരോടും ആവലാതി പറഞ്ഞു. ഞാൻ എച്ചിൽ തിന്നാറുണ്ടോ എന്ന് എന്റെ വീട്ടിൽച്ചെന്നന്വേഷിച്ചതിനുശേഷം വേണം നിങ്ങളെന്നെ പരിഹസിക്കുവാനെന്ന് ഞാൻ അവരോടു താണുവീണു യാചിച്ചു.
കഷ്ടം! എന്തൊരു കഥയില്ലായ്മ; എന്തൊരു ദുരഭിമാനം! എന്നാലും അന്നു ഞാനതുചെയ്തു. അവരുടെ കാലുപിടിച്ചർഥിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. മാത്രമല്ല, അവരുടെ പരിഹാസവർഷം ഒന്നുകൂടി വർധിക്കുകയാണുണ്ടായത്. ആവക പരിഹാസങ്ങൾക്കു കനവും മൂർച്ചയും കൂട്ടാൻ നമ്മുടെ ചന്ദനപ്പൊട്ടുകാരൻ നിത്യവും ഓരോ കവിതകൾ എഴുതിക്കൊണ്ടുവരും. എല്ലാം എന്നെ പരിഹസിച്ചുകൊണ്ടുള്ളവയാണ്. ചട്ടമ്പികൾ അവ മനഃപാഠമാക്കി പാടിക്കൊണ്ടുനടക്കും. ചട്ടമ്പികളല്ലാത്ത ശാന്തന്മാരായ വിദ്യാർഥികൾപോലും അവ പഠിക്കുകയുണ്ടായിട്ടുണ്ട്. ഞാൻ സ്‌കൂളിൽ ചെന്നാൽ ചട്ടമ്പികൾ എന്റെ സമീപംവന്ന്​ തുള്ളിച്ചാടിക്കൊണ്ട് ആ പരിഹാസപ്പാട്ടുകൾ പാടിത്തുടങ്ങും. എനിക്കു ഭ്രാന്തുപിടിക്കും.

ഒരിക്കൽ ഒരു വഴക്കുതന്നെയുണ്ടായി. രാഘവൻ പിള്ള എന്നെ ഒന്നുരണ്ടിടിച്ചു; ഞാൻ കടന്നുപിടിച്ചു ഒന്നാന്തരം ഒരു കടിയും വെച്ചുകൊടുത്തു. ഞാൻ ഹെഡ്മാസ്റ്ററോട്​ പരാതി പറഞ്ഞു. അദ്ദേഹം കുറ്റവാളികളെ കണക്കിനു ശിക്ഷിച്ചുവെങ്കിലും ശമനമുണ്ടായില്ല. രാഘവൻപിള്ള രചിച്ചിട്ടുള്ള ആ പരിഹാസപ്പാട്ടുകൾ ഇന്നെനിക്കോർമയില്ല. അങ്ങിങ്ങു ചില വരികൾ ഓർമയിൽ വരുന്നതു ചുവടെ ചേർക്കാം:

നന്നായവിലങ്ങെടുത്തു- അതിൽ ‘മന്നങ്ങ' കൊത്തിയങ്ങിട്ടു ശർക്കരക്കൂട്ടിത്തിരുമ്മി- ത്തിന്നും സർക്കസ്സുകാരൻ കുടിയൻ

ഇതിൽ പരിഹാസം പതിയിരിക്കുന്നത്​ ‘മന്നങ്ങ', ‘സർക്കസ്സുകാരൻ', ‘കുടിയൻ' എന്നീ പദങ്ങളിലാണ്.
ചങ്ങമ്പുഴപ്പറമ്പ് രണ്ടായി ഭാഗിക്കപ്പെട്ടിരുന്നു. അതിൽ പടിഞ്ഞാറെ ചങ്ങമ്പുഴയിൽ താമസിച്ചിരുന്നത്​ ‘ബപ്പി' എന്നു പേരുള്ള ഒരു ചെട്ടിയാണ്-കുടുമ്മി വർഗത്തിൽ പെട്ടവൻ. അക്കാലത്ത് ചങ്ങമ്പുഴബപ്പി എന്നാണ്​ സ്‌കൂൾ കുട്ടികൾ എന്നെ പരിഹാസമായി വിളിക്കാറ്. ഞങ്ങളുടെ നാട്ടിൽ കുടുമ്മി വർഗത്തിന്റെ - ചെട്ടികളുടെ- പ്രധാന തൊഴിൽ തെങ്ങുകയറ്റമായിരുന്നു. അവർക്ക്​ ഏറ്റവും പ്രിയമുള്ള ഒരാഹാരപദാർഥമാണത്രേ മന്നങ്ങ (മൂപ്പെത്താത്ത നാളികേരം). അവരെ പരിഹാസമായി മന്നങ്ങാതീനി, കുടിയൻ എന്നെല്ലാം വിളിക്കാറുണ്ട്. കുടിയൻ എന്നോ മന്നങ്ങാതീനി എന്നോ വിളിച്ചാൽ കലികയറാത്ത ഒരു ചെട്ടി ഇന്നും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു സംശയമാണ്. ഞാൻ ഒരു ചെട്ടിയല്ലെങ്കിലും അന്ന് ഈ ഗാനശകലം എന്നെയും കലികൊള്ളിച്ചിരുന്നു. സർക്കസ്സുകാരൻ എന്ന ഉചിതപ്രയോഗം അരണമരത്തിന്മേൽ എനിക്കു കാണിക്കേണ്ടിവന്ന അഭ്യാസത്തെയാണ് സൂചിപ്പിക്കുന്നതെന്നുകൂടി പ്രത്യേകം എടുത്തുപറയേണ്ടതായിട്ടുണ്ട്.

രാഘവൻ പിള്ള ഇങ്ങനെ ഒട്ടേറെ പദ്യങ്ങൾ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ബാക്കിയൊന്നും എനിക്കിന്ന്​ ഓർമ വരുന്നില്ല. അന്നങ്ങനെ എഴുതിയെന്നല്ലാതെ അദ്ദേഹം അതു സൂക്ഷിക്കയോ ഓർമ വെയ്ക്കയോ ചെയ്തിരുന്നില്ല.

പച്ചക്കടലയ്ക്ക തിന്നാൽ- ആർക്കും പദ്യമെഴുതുവാനൊക്കും മെച്ചത്തിലുള്ളതായ് തീരും- കുറ- ച്ചെച്ചിലുകൂടിക്കഴിച്ചാൽ

അടിച്ചുതളിക്കാരിയായ എന്റെ മുത്തശ്ശിയുടെ വലത്തേ തോളിൽ, ഒത്ത മധ്യത്തിലായി, ഒരു കടലയ്ക്കമണിയുടെ മുഴുപ്പും ആകൃതിയും ഒത്തുചേർന്ന ഒരു അരിമ്പാറ ഉണ്ടായിരുന്നു. അക്കാരണത്താൽ അവരെ ‘കടലയ്ക്ക' എന്നു പരിഹാസമായി വിളിച്ചിരുന്നുവത്രേ. പിന്നീട് ഈ പരിഹാസനാമം, അരിമ്പാറ ഇല്ലാഞ്ഞിട്ടുപോലും, വീട്ടിലെ മറ്റംഗങ്ങളിലേക്കും പകരപ്പെട്ടു. ‘പച്ചക്കടലയ്ക്ക' എന്ന കവിപ്രയോഗത്തിന്റെ പരിഹാസാത്മകമായ സാരസ്യം ഇതിൽനിന്നു വെളിപ്പെടുന്നുണ്ടല്ലോ. അനേകസംവത്സരങ്ങൾ കഴിഞ്ഞു. എന്റെ ബാഷ്പാഞ്ജലി എന്ന കാവ്യസമുച്ചയ ഗ്രന്ഥം പ്രസിദ്ധീകൃതമായപ്പോൾ അതിലെ പ്രഥമപദ്യമായ ആ പൂമാലയിലെആരുവാങ്ങുമിന്നാരുവാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം
എന്ന ആദ്യത്തെ ഈരടി പരിഹാസലോലുപനായ ഏതോ ഒരജ്ഞാതകവിആരുവാങ്ങുമിന്നാരുവാങ്ങുമീ- യാറുകാശിന്റെ കടലയ്ക്ക
എന്നു രൂപാന്തരപ്പെടുത്തുകയും അതിനു അസൂയയുടെ അണിയറയായ എന്റെ ദേശത്തിൽ അദ്ഭുതാവഹമായ പ്രചാരം സിദ്ധിക്കുകയുമുണ്ടായി. ചില കുസൃതിക്കുടുക്കകൾ എന്റെ ഭവനത്തിനുമുൻപിലെത്തുമ്പോൾ മേൽപ്രസ്താവിച്ച പാരഡി ഉറച്ചുചൊല്ലിയിട്ട് കുറ്റവാളികളെപ്പോലെ ഓടിപ്പോകുന്നത് പലപ്പോഴും എന്റെ ദൃഷ്ടിയിൽപ്പെട്ടിട്ടുണ്ട്.

രാഘവൻ പിള്ള ഇങ്ങനെ ഒട്ടേറെ പദ്യങ്ങൾ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ബാക്കിയൊന്നുംതന്നെ എനിക്കിന്ന്​ ഓർമ വരുന്നില്ല. പില്ക്കാലങ്ങളിൽ ഞാൻ രാഘവൻപിള്ളയോടുതന്നെ ചോദിക്കയുണ്ടായി. പക്ഷേ അന്നങ്ങനെ എഴുതിയെന്നല്ലാതെ അദ്ദേഹം അതു സൂക്ഷിക്കയോ ഓർമ വെയ്ക്കയോ ചെയ്തിരുന്നില്ല. അങ്ങനെ അവ നഷ്ടപ്പെട്ടു. പനിനീർപ്പൂപോലെ മൃദുലമായ എന്റെ ഹൃദയത്തെ അക്കാലത്ത് ഏറ്റവും വേദനിപ്പിച്ചിട്ടുള്ള വ്യക്തി അനശ്വരനാമധേയനായ ആ അനുഗ്രഹീത കവിവര്യനാണ്. ഒരുപക്ഷേ, അക്കാരണത്താലായിരിക്കാം പിന്നീടു ഞങ്ങളുടെ ആത്മാക്കൾ അഭേദ്യമായ രീതിയിലങ്ങനെ ഒട്ടിപ്പിടിക്കുവാൻ ഇടയായത്. അദ്ദേഹത്തിന്റെ പരിഹാസകവനങ്ങൾ കേട്ട്​ ഹൃദയംപൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട്. ആ രംഗങ്ങൾ ഇന്നനുസ്മരിക്കുമ്പോൾ അന്നത്തെ വേദന എനിക്കു മധുരമായി തോന്നുന്നു. ഹാ! അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന ഒരിക്കലും ആവർത്തിക്കപ്പെടാത്ത ആ വികാരങ്ങൾ!(പ്രസന്നകേരളം, 1946. സെപ്തംബർ 22, പുസ്തകം 18, ലക്കം 21, പു. 5-6.)

ഇടപ്പള്ളിയെക്കുറിച്ചുള്ള ചങ്ങമ്പുഴയുടെ ലേഖനം

അഞ്ച്

രിഭവത്തിന്റെ പുകയും മൗനത്തിന്റെ തണുപ്പും കൊണ്ട്​ കനത്ത ദിവസങ്ങൾ ഞങ്ങളുടെ സാതീർത്ഥ്യത്തിന്റെ പടിവാതിൽക്കൽ കടന്നുപോയി. എന്റെ ഹൃദയത്തിന്​ മായാത്ത എന്തെങ്കിലും ചില നിഴലാട്ടങ്ങൾ സംഭാവന ചെയ്യാനുള്ള സൗമനസ്യം അവയ്ക്കൊന്നിനെങ്കിലുമുണ്ടായിട്ടില്ല. അങ്ങനെ ഏതാണ്ട് ഒന്നൊന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് ഇടപ്പള്ളിയുടെ മറക്കാൻ സാധിക്കാത്ത ഒരു ചിത്രവുമായി സംഭവസ്പന്ദിതയായ ഒരു സായാഹ്നസന്ധ്യ സമാഗതയായത്. അന്നത്തെ ആ അന്തരീക്ഷംപോലും എന്റെ ആത്മാവിന്നനുഭവിക്കാൻ കഴിയും.
പന്തലിച്ചു വിടർന്നുനില്ക്കുന്ന അരയാൽ മരങ്ങൾ സദാ ‘അമരസല്ലാപം' നടത്തിക്കൊണ്ടിരിക്കുന്ന വിസ്തൃതമായ ഒരു മൈതാനം. വെളുവെളുത്ത കുഴമണൽ നിറഞ്ഞുപരന്ന അതിന്റെ ഒത്ത മദ്ധ്യത്തിൽ ഭംഗിയുള്ള ഒരു കൊച്ചു ഭഗവതിക്ഷേത്രം. അതിനരികെ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഒരു പച്ചക്കാടും, മുമ്പിൽ കലാമണ്ഡപമായ ഒരു കളിത്തട്ടും. മൈതാനമണ്ഡലത്തിനു തെക്കും പടിഞ്ഞാറും തവിട്ടുനാടപോലെ ഇടുങ്ങിനീണ്ട രാജപാതകൾ. പടിഞ്ഞാറെ പാതവക്കിൽ ഒന്നുരണ്ടു ചില്ലറക്കടകളും ബബ്ബലൻ മുതലാളിയുടെ ചായക്കടയും ഒരു തണ്ണീർപ്പന്തലും.

‘തേവൻകുളങ്ങര' എന്ന ആ ഭാഗമാണ് ഇടപ്പള്ളിനാടിന്റെ ഹൃദയം. എന്റെ വീട്ടിൽനിന്ന്​ കഷ്ടിച്ച് ഒരു ഫർല്ലോങ്ങ് മാത്രമേ അങ്ങോട്ടകലമുള്ളൂ. ഞാൻ രണ്ടോ മൂന്നോ പൈസയ്ക്ക് മണ്ണെണ്ണ വാങ്ങി വീട്ടിലേക്കു മടങ്ങുകയാണ്. ഞങ്ങളുടെ സ്‌കൂളിന്റെ മുൻഭാഗത്തുള്ള മുഖപ്പിന്റെ മുൻവശത്തെ മുറ്റത്ത് നാട്ടിലെ പ്രമാണികളായ നാലഞ്ചുപേർ അങ്ങനെ കൂടിനിൽക്കുന്നു. അവരിൽ ഒരാൾ ഒരു സൈക്കിളും പിടിച്ചുകൊണ്ടാണ് നില്പ്; ചുരുണ്ട തലമുടിയും കണ്ണടയും അസുന്ദരമായ ആ മുഖത്തിന് ഒരു ചന്തം കൊടുക്കുന്നുണ്ട്. ആളുകളുടെ നടുവിലുണ്ട് നമ്മുടെ രാഘവൻപിള്ള ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് രൂപമെടുത്ത വ്യസനംപോലെ അങ്ങനെ നിൽക്കുന്നു.

ഈശ്വരാ! ആ കാഴ്ച എന്നെ എങ്ങനെ വേദനിപ്പിച്ചു! ഞാൻ അവരുടെ അടുത്തേക്കുചെന്നു. എന്നെ കണ്ടമാത്രയിൽ രാഘവൻപിള്ള കൂടുതൽ ശക്തിയായി ഏങ്ങിയേങ്ങി കരയാൻ തുടങ്ങി. എല്ലാവരും ഓരോന്നുപറഞ്ഞു സാന്ത്വനിപ്പിക്കുന്നുണ്ട്. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. പൊടിപുരണ്ട് പാറിപ്പറന്ന തലമുടി, മുഷിഞ്ഞ മുണ്ടും ഷർട്ടും, ആ മുഖത്തു രക്തമില്ല; കൺപോളകൾ കരഞ്ഞുകരഞ്ഞു ചുവന്നുവീർത്തിട്ടുണ്ട്. ഏങ്ങൽ പോലും വ്യക്തമാകുന്നില്ല. അസഹ്യമായ ഏതോ സങ്കടം എന്റെ സതീർഥ്യനെ അലട്ടുന്നുണ്ട്. എനിക്കൊന്നും ചോദിക്കാൻ ധൈര്യമില്ല.

സംഭവം നടന്ന ദിവസം അർദ്ധരാത്രി അയാൾ വീട്ടിൽവന്ന്​ രാഘവൻപിള്ളയെ വിളിച്ചുണർത്തി എന്തൊക്കെയോ പറയുകയുണ്ടായത്രെ. ആ വാർത്ത കിട്ടേണ്ട താമസം, പൊലീസിന്റെ ആദ്യത്തെ ആക്രമണം രാഘവൻപിള്ളയുടെ നേർക്കായി. പക്ഷേ, പൊലീസിന്​രാഘവൻപിള്ളയിൽനിന്നും ഒരു വിവരവും പിഴിഞ്ഞെടുക്കുവാൻ കഴിഞ്ഞില്ല.

അല്പനേരം കഴിഞ്ഞ്​ അടുത്തുനിന്ന മൊറ്റൊരു ചെക്കനോട് ഞാൻ ചോദിച്ചു.
ഇത്രമാത്രം എനിക്കറിയാൻ കഴിഞ്ഞു, രാഘവൻപിള്ളയെ പൊലീസ്​ സ്​റ്റേഷനിൽ പിടിച്ചുകൊണ്ടുപോയി പൊതിരെ തല്ലിയിരിക്കുന്നു. ദൈവമേ, പൊലീസ്​ സ്​റ്റേഷനിലോ? പതിനഞ്ചുവയസ്സു പ്രായമുള്ള ഒരു ബാലനെയോ? എന്തിന്? ആവോ. കണ്ണടവെച്ച സൈക്കിൾക്കാരൻ ഒടുവിൽ രാഘവൻപിള്ളയെ കൂട്ടിക്കൊണ്ടുപോയി. അന്നുരാത്രി ഞാൻ ഉറങ്ങിയിട്ടില്ല.

പിറ്റേദിവസം രാഘവൻപിള്ള സ്‌കൂളിൽ വന്നില്ല. വിദ്യാർഥികളുടെ ഇടയിൽ ഒരൊറ്റ സംസാരമേ അന്നുണ്ടായിരുന്നുള്ളൂ. രാഘവൻപിള്ള... രാഘവൻപിള്ള...
ഞാൻ സോൽക്കണ്ഠം കൂട്ടുകാരോടു തിരക്കി. എനിക്കെല്ലാം ഗ്രഹിക്കാൻ കഴിഞ്ഞു. രാഘവൻപിള്ളയുടെ അച്ഛൻ പാണ്ടവത്തു നീലകണ്ഠൻപിള്ളയ്ക്കു വരാപ്പുഴ ചൗക്കയിലായിരുന്നു അന്ന് ജോലി. പറവൂർ ഖജനാവിൽ അടയ്ക്കുവാനായി ചൗക്കയിൽനിന്ന്​ കൊടുത്തയച്ച ഗവൺമെൻറ്​ വക ഏഴായിരത്തിൽപ്പരം ഉറുപ്പികയും കൊണ്ട് ആ മനുഷ്യൻ എങ്ങോ കടന്നുകളഞ്ഞു. പൊലീസന്വേഷണം മുറയ്ക്കു നടക്കുന്നു. ഒരെത്തുംപിടിയുമില്ല. സംഭവം നടന്ന ദിവസം അർദ്ധരാത്രി അയാൾ വീട്ടിൽവന്ന്​ രാഘവൻപിള്ളയെ വിളിച്ചുണർത്തി എന്തൊക്കെയോ പറയുകയുണ്ടായത്രെ. ആ വാർത്ത കിട്ടേണ്ട താമസം, പൊലീസിന്റെ ആദ്യത്തെ ആക്രമണം രാഘവൻപിള്ളയുടെ നേർക്കായി. പക്ഷേ, പൊലീസിന്​രാഘവൻപിള്ളയിൽനിന്നും ഒരു വിവരവും പിഴിഞ്ഞെടുക്കുവാൻ കഴിഞ്ഞില്ല. അവർ ആ സാധുബാലനെ ചതച്ചുവിട്ടു. അത്രമാത്രം.

എന്നാൽ രണ്ടുകൊല്ലത്തിനുമുമ്പ് എനിക്കറിയാൻ സാധിച്ച ഒരു പരമാർഥം ഇന്നും എന്നെ അമ്പരപ്പിക്കുന്നു. അതിനെക്കുറിച്ചു വഴിയേ പറഞ്ഞുകൊള്ളാം.

(പ്രസന്നകേരളം, 1946 ഒക്ടോബർ 20. പുസ്തകം 18. ലക്കം 24. പു. 8). ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


രാജേന്ദ്രൻ എടത്തുംകര

കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യനിരൂപകൻ. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ്​ പ്രൊഫസർ. നിഗൂഢഭാഷയുടെ ഒന്നാം ദിവസം (കഥ), ആഖ്യാനങ്ങളുടെ പുസ്തകം (നിരൂപണം), ഞാനും ബുദ്ധനും (നോവൽ), കിളിമഞ്ജാരോ ബുക്‌സ്റ്റാൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments