ടി. ബി. വേണുഗോപാലപ്പണിക്കർ

മാറുന്ന മലയാള സംസാരഭാഷ

മലയാളത്തിൽ ഇരട്ടമൊഴിത്തം ഉണ്ടെന്നും മലയാളത്തിന്റെ സംസാരഭാഷയ്ക്ക് നിലവാരപ്പെടുത്തൽ വന്നുകൊണ്ടിരിക്കുന്നു എന്നും ആ നിലവാരത്തിലും ചില ചാഞ്ചല്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും വിശദമാക്കുകയാണ് ടി.ബി. വേണുഗോപാലപ്പണിക്കർ. 2004-ൽ എഴുതിയ ലേഖനം.

നുഷ്യചര്യയുടെ ഏതു മേഖലയിലും എന്നും മാറ്റമുണ്ടാകും. സംഭാഷണം എന്ന നിത്യസാധാരണമായ ആശയവിനിമയോപാധിയിലും മാറ്റമുണ്ടാകാതെ വയ്യ. മാറ്റത്തിന്റെ ഗതിവേഗത്തിൽ ഏറ്റത്താഴ്ത്തുകൾ ഉണ്ടാകാം. ഇന്നു മാറ്റം വേഗം വേഗം വന്നുകയറുന്നുണ്ട് എന്ന പ്രതീതിയാണ് പലർക്കുമുണ്ടാകുന്നത്. മാറ്റത്തെപ്പറ്റി ഉണ്ടാകാവുന്ന ഒരു വ്യഥ, വേഗമേറുന്നു എന്ന തോന്നലാണ്. വേഗത്തെപ്പോലെ മാറ്റത്തിന്റെ സ്വഭാവവും ചർച്ചയെ പ്രചോദിപ്പിക്കാം. നടപ്പുശീലങ്ങളിൽ ചിലതു നന്ന്, ചിലതു ചീത്ത എന്ന തോന്നൽ ഉണ്ടാവുമ്പോൾ അതിനെപ്പറ്റിയുള്ള ചർച്ച സംഗതമായി വരുന്നു. മാറ്റം ശ്രദ്ധയിൽ വരാൻ മാറ്റത്തെപ്പറ്റിയുള്ള ഇത്തരം തോന്നൽ ഉണ്ടാകണം.

മാറ്റം നമുക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന പരിശോധനയാണ് അതിനെപ്പറ്റിയുള്ള പരിചിന്തനയിൽ ആദ്യം നടത്തേണ്ടത്.

ഇത്തരം ഒരു വിലയിരുത്തൽ നടന്നതിനു കുറച്ചു പഴക്കമുണ്ട്. പഠിപ്പു പരന്നതോടെ, പത്രപാരായണം പ്രചരിച്ചതോടെ, 'ജനകീയ'വും ഒപ്പം തിരഞ്ഞെടുപ്പും തിമിർത്ത പ്രചാരഘോഷവും പ്രസംഗധോരണിയും പ്രസരിച്ചതോടെ, വരമൊഴിയിൽനിന്നു പലതും വാമൊഴിയിലേക്കു സംക്രമിച്ചു വരുന്നതിനെപ്പറ്റി എൻ.പി. മുഹമ്മദ് പരാതിപ്പെട്ടിട്ട് പതിറ്റാണ്ടു നാലായി. അദ്ദേഹം സി.ജെ. സ്‌മാരക പ്രബന്ധസമാഹാരങ്ങളിൽ ഒന്നായ നോവൽ (1963) എന്ന പുസ്‌തകത്തിൽ ഇങ്ങനെ എഴുതുന്നു:

"ഭാഷ നമുക്കും ഒട്ടൊക്കെ പ്രശ്നമായിത്തീർന്നിരിക്കുന്നു. നാഗരികതയുടെ നടുക്ക് ഒരു കോംഗോ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഇടിയങ്കരയിൽപ്പോലും ബാർബർഷാപ്പുകളിൽ ഇരുന്ന് സാധാരണക്കാരായ നല്ലവർ, പത്രഭാഷയിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ വേദന തോന്നുന്നു. ഇതു തനതായ രസികൻ സംഭാഷണശൈലിയെ ഇല്ലാതാക്കുന്നു. സ്വതന്ത്രമായ ചിന്ത, ഈ പൊട്ടപ്പദങ്ങളുടെ ഒഴുക്കുചാലിൽ വീണുപോകുന്നു.
'ആ സംഭവവികാസത്തെക്കുറിച്ചു നിങ്ങളുടെ പ്രതികരണമെന്ത്?' എന്നൊരാൾ ചോദിച്ചാൽ വൈകാരികാംശമെവിടെ? ആ മനുഷ്യനെവിടെ?" ('ഒരു പരിവർത്തനകാലഘട്ടത്തിന്റെ സാഹിത്യം' അടിക്കുറിപ്പ് പു. 123-24).

എൻ.പി. മുഹമ്മദ്
എൻ.പി. മുഹമ്മദ്

മുഹമ്മദിന്റെ ഇത്തരം പരാതി മറ്റുപലർക്കും ഉണ്ടാകാം. “പഠിച്ച" വാക്കുകൾ അത്യാവശ്യമല്ലാത്ത അവസരത്തിൽ ഉപയോഗിക്കുന്നതിനെതിരെയാണ് വിമർശനം. പഠിച്ച വാക്കുകൾ അപ്പാടെ ഭാഷയിൽനിന്നേ നീക്കിക്കളയണം എന്ന് അവർ പറയാൻ ഇടയില്ല. മുൻകൂറായി ഒരുക്കിവച്ച പദച്ചേരുവകൾ ചിന്തയില്ലാതെ, ആവർത്തിക്കുന്നതിനെക്കുറിച്ചാണ് പരാതിയുടെ ഒരുവശം നീളുന്നത്. മറ്റേ വശത്താകട്ടെ വാമൊഴിയെ വരമൊഴിയിൽനിന്നു വേറിട്ടു നിറുത്തുന്നില്ല എന്നിടത്തേക്കു നീളുന്നു. വേണ്ട അകലം ദീക്ഷിക്കാതെ പഠിച്ച പദങ്ങൾ, വരമൊഴിയിൽ മാത്രമുള്ളവ, വാമൊഴിയിൽ പ്രയോഗിക്കുന്നതിനെപ്പറ്റിയുള്ള പരിഹാസമാണ് 'സാഹിത്യം പറഞ്ഞുകളയുന്നു' എന്നത്. മറിച്ച്, സർഗ്ഗാത്മകതയെപ്പറ്റിയും വാമൊഴിയുടെ ചൈതന്യത്തെപ്പറ്റിയും വ്യാകുലപ്പെടുന്നവർ വാമൊഴി തന്നെ ശ്രദ്ധിച്ച് ഉചിതജ്ഞതയോടെ വരമൊഴിയിൽ കലർത്തുന്നതിനെപ്പറ്റി മതിപ്പോടെ പറയും. മുഹമ്മദ് തന്നെ മേൽക്കണ്ട ലേഖനത്തിൽ ‘ഭംഗിയും ഔചിത്യവും' എന്ന് എഴുതാവുന്നിടത്ത് 'ചേലും ചെതവും' എന്ന് എഴുതുന്നു. വാമൊഴിയിൽനിന്നു വരമൊഴിയിലേക്ക് വാക്കുകൾ കടന്നുവരാം. മറിച്ച്, വരമൊഴിപ്പദങ്ങൾ വാമൊഴിയിലേക്കു വന്നുകൂടാ എന്നദ്ദേഹം കല്പിച്ചിരിക്കുന്നു.

വാക്കുകൾ ഇന്നിന്നതൊക്കെ വരമൊഴിക്ക്, ഇന്നിന്നതൊക്കെ വാമൊഴിക്ക് എന്നു തിരിക്കരുതെന്നും അവയുടെ നടുക്കുള്ള വേലി പൊളിക്കണം എന്നുമാണ് സർഗ്ഗാത്മകതാ ശാഠ്യക്കാർ പറയുന്നത്. ഈ വേലിമുറി വഴി വാമൊഴി വാക്കുകൾ ഇങ്ങോട്ടു വന്നോട്ടെ എന്ന്. എന്നാൽ സാധുക്കളായ 'ശുദ്ധാത്മാ'ക്കൾ ഈ വേലിമുറി വഴി മറുവശത്തേക്കും വാക്കുകൾ കടത്തുന്നു. അതിനെപ്പറ്റിയാണു പരാതി.

ഈ കടത്ത് ഏറെ പഠിപ്പുള്ള സർഗാത്മകതക്കാർക്ക് അരപ്പഠിപ്പിന്റെ അതിനിർവഹണമായി അനുഭവപ്പെടുന്നു. മറുവശത്ത് വാമൊഴി മുഴുവനേ കടത്തുമോ, കടത്താനാകുമോ? വാമൊഴിയിൽ പലർക്കും അത്യാവശ്യം ചില മുക്കിമൂളലൊക്കെ ഉണ്ടാകും. അതൊന്നും സംവേദനത്തെ തടസ്സപ്പെടുത്തിക്കൊള്ളണമെന്നില്ല. പറച്ചിലിനൊപ്പമുള്ള ഭാഷേതര സാഹചര്യങ്ങൾ, ആംഗ്യം ഇവയൊക്കെ സംവേദനത്തെ തുണച്ചുകൊള്ളും. വരമൊഴിയിൽ ഇതൊന്നുമില്ല. അതുകൊണ്ട് വരമൊഴിക്ക് ഇണങ്ങുമാറ് മാറ്റിയ, അരിച്ചെടുത്ത, വാമൊഴിപ്പദങ്ങളേ വരമൊഴിയിലേക്ക് കടത്താവൂ, കടത്താറുമുള്ളൂ. അങ്ങനെ കടത്തുന്ന വാമൊഴിക്ക് പല ഗുണവും ഉണ്ട് എന്നു തീർച്ച തന്നെ. അതോടൊപ്പെം 'ചേലും ചെതവും' എന്നെഴുതിയതുകൊണ്ടുമാത്രം ഒരാൾ പഠിപ്പുകുറഞ്ഞ ആൾ എന്ന് ആരും കരുതിപ്പോവുകയില്ല. 'സംഭവവികാസ'വും 'പ്രതികരണ'വും മറ്റും വെറും മേനിനടിക്കലായി അനുഭവപ്പെടുകയും ചെയ്യും. പണക്കാരന്റെ എളിമയും മിതവ്യയവും ആരും കൊണ്ടാടും. ദരിദ്രന്റെ മേനിനാട്യത്തെ പരിഹസിക്കുകയും ചെയ്യും.

വാക്കുകൾ ഇന്നിന്നതൊക്കെ വരമൊഴിക്ക്, ഇന്നിന്നതൊക്കെ വാമൊഴിക്ക് എന്നു തിരിക്കരുതെന്നും അവയുടെ നടുക്കുള്ള വേലി പൊളിക്കണം എന്നുമാണ് സർഗ്ഗാത്മകതാ ശാഠ്യക്കാർ പറയുന്നത്.

എന്താണ് നമ്മുടെ ഇത്തരം തോന്നലുകളുടെ അടിവേര്? വാമൊഴി- വരമൊഴി ദ്വന്ദ്വത്തെ കലരാതെ നിറുത്തുന്ന ഇരട്ടമൊഴിത്തം (diglossia) മലയാളത്തിലും ഉണ്ടെന്നതുതന്നെയാകണം. ഉയിർമൊഴി- കീഴ്മൊഴി വ്യാവർത്തനം. കീഴ്മൊഴി വേണ്ടിടത്ത് ഉയിർമൊഴി അരുതെന്ന ശാഠ്യം. ഔപചാരിക ഭാഷണരീതിയും അനൗപചാരിക ഭാഷണരീതിയും വെവ്വേറെ നിറുത്തണമെന്ന തോന്നൽ.

ഇരട്ടമൊഴിത്തം വളരെ സ്‌ഫുടമായി നിലനിർത്തുന്ന ഭാഷകളുണ്ട്. തമിഴും അറബിയും ഉദാഹരണം. വേലിപൊളിക്കാനേ വയ്യ. എന്നാൽ, മലയാളം പോലുള്ളവയിൽ അതിത്ര സ്‌ഫുടമല്ല പലർക്കും എന്നാണ് അനുഭവം. അതിരില്ലെന്നുമില്ല. പ്രശ്‌നങ്ങളുടെ വേര് തേടേണ്ടതിവിടെയാണ്. വരമൊഴിയിൽ വാമൊഴി കലർത്തുന്നതുവഴി നിർവ്വഹിക്കാനുള്ള ചില ധർമ്മങ്ങളുണ്ട്. മറിച്ച്, വാമൊഴിയിൽ വരമൊഴി കലർത്തുന്നതിന്റെ പ്രയോജനം എന്ത്?

സവിശേഷമായ 'സാഹിത്യ'വാക്കുകൾ ഒന്നും ഉപയോഗിക്കാതെയായാലും അച്ചുവടിവിൽ സംസാരിക്കുന്ന പുള്ളികളെ കേരളത്തിൽ മിക്ക ഇടങ്ങളിലും ആദരവോടെയല്ല കാണാറുള്ളത്. ജലപ്പിശാചു പിടിച്ച അതിശുദ്ധക്കാരനെ കാണുംപോലെയാകും അത്തരം ഒരാളെ ആളുകൾ കാണുക. എന്നാൽ അച്ചുവടിവും 'സാഹിത്യ' വാക്കുകളും അറിയാതെ ചില ധർമ്മങ്ങൾ ഉപയോഗിക്കുന്നതിനും ഉദാഹരണങ്ങൾ ഉണ്ട്.

ഒരു സംഭവം ഓർമ വരുന്നു.
പഴയ കുപ്പിയും കടലാസ്സും മറ്റും ശേഖരിച്ചു വില്ക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചാണ് ഓർമ. ആകെ മുഷിഞ്ഞ ആ മനുഷ്യനിൽ നിന്ന് നാം അച്ചുവടിവു പ്രതീക്ഷിക്കയില്ല. കൊച്ചിക്കാരാനാണ്. മിമിക്രിക്കാർ കൊച്ചി ഭാഷയെ ചിരിക്കോപ്പാക്കിയതാകും പലർക്കും പരിചയം. ആ മനുഷ്യന്റെ പെരുമാറ്റത്തിൽ ചിലർ ബുദ്ധിവികല്പം സംശയിക്കയും ഉണ്ടായി. കുറച്ചൊക്കെ പഠിപ്പുള്ള ഒരാൾ പഴയ സാമാനങ്ങൾ പെറുക്കിവിറ്റു ജീവിക്കുന്നതു കണ്ടാൽ അത്തരമൊരു സംശയം ഉണ്ടാകുകയും ചെയ്യും. എന്താണ് ഇങ്ങനെയൊരു പണി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനു നൽകിയ മറുപടി; “ഓ, എന്റെ ജീവസന്ധാരണത്തിന് ഇതൊക്കെ ധാരാളം മതി."
ആ ഒരൊറ്റ വാക്യം, അതിലെ 'ജീവസന്ധാരണം' വിശേഷിച്ചും, അയാളെപ്പറ്റിയുള്ള വിലയിരുത്തൽ വല്ലാതെ മാറ്റിക്കളഞ്ഞു. അയാളോടുള്ള സഹതാപം വർദ്ധിപ്പിച്ചു.

എന്താണ് ഈ സംഭവത്തിനു പിറകിലുള്ള യുക്തി? വാമൊഴിയിൽ സാധാരണമല്ലാത്ത ഈ പദങ്ങളുടെ മേലുള്ള കയ്യടക്കത്തെ നാമിന്നും ആദരിക്കുന്നു എന്നുതന്നെ. വാമൊഴിയെ പിടിച്ച് ആണയിടുന്നവർക്കും ഇത്തരം വിശേഷ വ്യവഹാരപദങ്ങളെ ഒരാദരവു തന്നെയാണ്. ഏതു ഭാഷയിലും പലതരം വൈവിധ്യ-വൈചിത്ര്യ സാധ്യതകളുണ്ട്. അവയിലുള്ള കയ്യടക്കം നമുക്കൊക്കെ ആദരണീയമാണ്. എന്നാൽ, ഈ സാധ്യതകൾ എപ്പോഴും എടുത്തുപയോഗിക്കരുത്. പ്രയോഗമേഖലാപരമായ നിയന്ത്രണം ആവശ്യമാണ്. പലതും അത്യന്തം ആവശ്യമുള്ളപ്പോൾ മാത്രം എടുത്തുപയോഗിക്കാൻ തക്കവണ്ണം ഉള്ളറയിൽ പൂട്ടിത്തന്നെ വച്ചേക്കയും വേണം.

വാമൊഴി- വരമൊഴി ദ്വന്ദ്വത്തിന്റെ സ്വഭാവവ്യത്യാസത്തെയും അവ തമ്മിൽ ദീക്ഷിക്കേണ്ടുന്ന അകലത്തിന്റെയും അളവിന്റെയും തോതിനെയും പറ്റിയുള്ള സങ്കല്പങ്ങൾക്ക് പ്രാദേശിക ഭേദങ്ങളുണ്ട്. 'ഈണം' എന്ന പച്ചമലയാള വാക്ക് താൻ എഴുത്തിൽ ഉപയോഗിച്ചാലും സംസാരത്തിൽ “ട്യൂൺ” എന്ന ഇംഗ്ലീഷ് വാക്കാണ് ഉപയോഗിക്കാൻ ഇടയുള്ളത് എന്നു പറഞ്ഞത് ഒരു പട്ടാമ്പിക്കാരനാണ്. ഈ മനോഭാവമാവില്ല മറ്റു ദിക്കുകളിലുള്ളവർക്ക്. എന്നാലും ഡാൻസ്, ആട്ടം, നൃത്തം ഇവയിൽ ഏതാണ് നിത്യസംഭാഷണത്തിൽ നാം ഉപയോഗിക്കുക എന്നാലോചിച്ചുനോക്കൂ.

പഠിപ്പു പരന്നതോടെ, പത്രപാരായണം പ്രചരിച്ചതോടെ, 'ജനകീയ'വും ഒപ്പം തിരഞ്ഞെടുപ്പും തിമിർത്ത പ്രചാരഘോഷവും പ്രസംഗധോരണിയും പ്രസരിച്ചതോടെ, വരമൊഴിയിൽനിന്നു പലതും വാമൊഴിയിലേക്കു സംക്രമിച്ചു വരുന്നതിനെപ്പറ്റി എൻ.പി. മുഹമ്മദ് പരാതിപ്പെട്ടിട്ട് പതിറ്റാണ്ടു നാലായി.

വാക്കുകൾ നേരിട്ട് അന്യഭാഷകളിൽനിന്നെടുക്കാതെ പുതുവാക്കുകൾ സൃഷ്ട്‌ടിക്കുക പല ഭാഷക്കാർക്കും പതിവുള്ള ഏർപ്പാടാണ്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന പഴമ സൂക്ഷിക്കുന്ന തനിപ്പെട്ട പുതുവാക്കുകൾ പക്ഷേ, എത്രത്തോളം പ്രയോഗത്തിൽ വരുന്നു എന്നത് ആലോചിക്കേണ്ട കാര്യമാണ്. മിക്കവാറും ഇവ വാമൊഴിയിൽ നടപ്പാകാറില്ല. ശാല (വേദപാഠശാല), ആല (കൊല്ലന്റെ ആല) ഇവയുടെ മാതൃകയിൽ ചിലർ വർക്ക്ഷാപ്പിന് മലയാളം ഉണ്ടാക്കി. പണിശാല, പണിയാല എന്നൊക്കെ. ഇവ സംസാരഭാഷയിൽ നടപ്പായില്ല. വർക്ക്ഷാപ്പ് നടപ്പാകയും ചെയ്‌തു. തമിഴിൽ പോലും ഇതാണ് സ്ഥിതി. ഉയർത്തമിഴിന്ന് ഇണങ്ങുംപടി ബസ് സ്റ്റാന്റിന് 'പേരുന്തു നിലയം' സൃഷ്ടിച്ചു. ഹൈസ്‌കൂളിനു പകരം 'ഉയർനിലൈപ്പള്ളി' എന്നാക്കി. ഇവയൊക്കെ തമിഴർ സാഭിമാനം എഴുതും. പക്ഷേ, എത്ര ഇംഗ്ലീഷ് പഠിപ്പു കുറഞ്ഞ തമിഴനും സംസാരിക്കുമ്പോൾ ഇവയല്ല ബസ്സ് സ്റ്റാന്റും ഹൈസ്കൂളും തന്നെ ഉപയോഗിക്കും. തനിത്തമിഴാക്കിയ മേത്തരം വാക്കുകൾ വല്ല തമിഴ് വാദ്ധ്യാന്മാരും ഉപയോഗിച്ചെങ്കിലായി. അത്തരക്കാരെ തമിഴ് സിനിമ പോലും പരിഹാസപാത്രങ്ങളായി ചിത്രീകരിക്കുകയും ചെയ്യും. പഴമ തന്നെ തനിമ എന്ന ഭാവനയിൽ പഴയ വേഷം അണിഞ്ഞ ഇത്തരം പുത്തൻ വാക്കുകളെ കൈക്കൊള്ളാൻ, അഥവാ വായ്ക്കൊള്ളാൻ, ഭാഷാപ്രേമം നിറഞ്ഞുകവിയുന്ന തമിഴ് മക്കൾക്കു കൂടി സമ്മതമല്ലെങ്കിൽ ഈ മട്ടുള്ള നവീന സൃഷ്‌ടികളെ മലയാള മക്കൾ എങ്ങനെ സ്വീകരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വായിന്നു വഴങ്ങിയാലും പാരമ്പര്യത്തിന് ഇണങ്ങിയാലും വിശേഷ വ്യവഹാരപദങ്ങൾ സാമാന്യ വ്യവഹാരത്തിൽ നടപ്പായിക്കൊള്ളണമെന്നില്ല.

നടപ്പുസംഭാഷണഭാഷയുടെ പ്രശ്‌നങ്ങളെ പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന മറ്റൊന്ന്, പ്രാദേശികത്തനിമകളാകെ കൈവിട്ടുപോകുന്നു എന്ന വ്യഥയാണ്. എഴുത്തുഭാഷ വന്നുകയറിയിട്ട്, ഇംഗ്ലീഷ് കടന്നുകയറിയിട്ട് നമ്മുടെ നാട്ടുതനിമകൾ കയ്യൊഴിഞ്ഞുപോകുന്നു എന്നാണ് പരാതി. ജാതിയുടെ മുദ്രകൾ ഭാഷണത്തിൽനിന്ന് ഇല്ലാതാകുന്നുണ്ട്. ആചാരം പറയുന്ന ഏർപ്പാട് കാലഹരണപ്പെട്ടുവരുന്നുണ്ട്. ഇവയെപ്പറ്റിയുള്ള പരാതി പുറത്തുപറയാൻ ആരും അത്രയൊന്നും തയ്യാറായിക്കണ്ടിട്ടില്ല. ഇവയുമായി പിണഞ്ഞുകിടക്കുന്നതാണ് പ്രാദേശികത്തനിമകൾ എന്ന വസ്‌തുതയും ഓർക്കേണ്ടതാണ്. സമ്പർക്കത്തിനുവേണ്ടി നാം അറിഞ്ഞും അറിയാതെയും പ്രാദേശികമുദ്രകൾ ഒഴിവാക്കും. അറിയാതെ ഒഴിവായിപ്പോകുകയും പതിവുണ്ട്. ഈ മാറ്റം തടഞ്ഞുനിറുത്താൻ വയ്യാത്ത ഒന്നാണ്. ജീവിതരീതിയിൽ, ശീലത്തിൽ, തീനിലും കുടിയിലും ഒക്കെ മാറ്റം വരുന്നുണ്ട്. വരാതെ വയ്യ. എന്നതുപോലെയാണ് ഭാഷണരീതിയിലും. വാമൊഴിയിൽ കട്ടനികന്നു നിരപ്പാകൽ നടന്നുകൊണ്ടിരിക്കും. സമ്പർക്കത്തിന് ഇതാവശ്യമാണ്. സമ്പർക്കം ഇതിനു പ്രേരകമാകുകയും ചെയ്യും.

മലയാളത്തെ സംബന്ധിച്ചിടത്തോളം നിലവാരപ്പെടുത്തലിന് മാതൃകയായിരുന്നത് കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട മധ്യതിരുവിതാംകൂർ ഭാഗത്തെ ഭാഷയായിരുന്നു ഒരുകാലത്ത് എന്നു തോന്നുന്നു. ക്രമേണ ഇതിന്റെ ആയം വടക്കോട്ടായി. പഴയ മലബാർ ജില്ലയുടെ തെക്കൻഭാഗം എന്ന് ഏകദേശം പറയാവുന്ന ഭാഗമായി നിലവാരപ്പെട്ട വാമൊഴിയുടെ മാതൃകയുള്ള പ്രദേശം. വളരെ സ്‌ഫുടമായ അതിരുകുറിക്കാൻ വയ്യെങ്കിലും പാലക്കാട്- മലപ്പുറം ജില്ലകളുടെ സംഗമസ്ഥാനമെന്നു പറഞ്ഞാൽ തെറ്റില്ല. സൗകര്യത്തിനുവേണ്ടി ചിലർ അടുത്തകാലത്ത് ഇതിനെ വള്ളുവനാട് എന്നു കുറിക്കുന്നു. പഴയ വള്ളുവനാട് എന്ന നാടാണോ മലയാം ജില്ലയിലെ വള്ളുവനാടു താലൂക്കാണോ എന്താണിത് എന്നു വ്യക്തമല്ല. എന്നു മാത്രമല്ല ആവശ്യമെന്നു തോന്നിയാൽ തങ്ങൾക്കിഷ്‌ടമുള്ള ഭാഗത്തേക്കൊക്കെ വലിച്ചുനീട്ടാൻ വിരോധമില്ലാത്ത അതിർവരയാണ് ഈ 'ദേശ'ത്തിനുള്ളതും. ചിലരുടെ കണക്കനുസരിച്ച് ഇതിൽ എം.ടിയുടെയും ഇടശ്ശേരിയുടെയും കോവിലന്റെയും നന്തനാരുടെയും ചെറുകാടിന്റെയും വി.കെ.എൻ-ന്റെയും മാധവിക്കുട്ടിയുടെയുമൊക്കെ തട്ടകങ്ങളെ സൗകര്യമനുസരിച്ചു പെടുത്താം. വെട്ടവും വന്നേരിയും പരപ്പനാടും തെക്കൻ ഏറനാടും ഒക്കെ ഇതിനകത്തു വരാം.

വള്ളുവനാടിന്റേതായി കരുതാവുന്ന ഭാഷാപരവും സാംസ്കാരികവുമായ ലക്ഷണങ്ങൾ, അന്യദേശങ്ങളിൽ ഇല്ലാത്ത വ്യാവർത്തക ലക്ഷണങ്ങൾ, ഏതൊക്കെ എന്ന് ഇനിയും ആരും തൊട്ടു കുറിച്ചു കാണിച്ചുതന്നിട്ടില്ല.

ഇപ്പറഞ്ഞ ഭാഗങ്ങൾക്കൊക്കെ സാംസ്‌കാരികവും ഭാഷാപരവുമായ തനിമയും ഔന്നത്യവുമുണ്ടെന്ന നാട്യം ശുദ്ധ ഭോഷ്‌കാണ്. മദിരാശി പ്രവിശ്യയുടെ മലയാം ജില്ലയ്ക്കാകെ (മലബാർ ദേശം!) ഇവ്വിധം എന്തൊക്കെയോ പൊതുസ്വഭാവമുണ്ടെന്ന ധാരണയാകട്ടെ തെളിയിക്കാൻ പ്രയാസമായ പരികല്പ‌നയാണ്. വള്ളുവനാടിന്റേതായി കരുതാവുന്ന ഭാഷാപരവും സാംസ്കാരികവുമായ ലക്ഷണങ്ങൾ, അന്യദേശങ്ങളിൽ ഇല്ലാത്ത വ്യാവർത്തക ലക്ഷണങ്ങൾ, ഏതൊക്കെ എന്ന് ഇനിയും ആരും തൊട്ടു കുറിച്ചു കാണിച്ചുതന്നിട്ടില്ല. അവ്യക്തമായ എന്തോ ഭാഷാസ്വഭാവം സങ്കല്‌പിച്ച്, അത് ഉത്കൃഷ്ടമാണെന്നു ഭാവന ചെയ്‌ത്‌, അതിനോടടുക്കാൻ ശ്രമം ചെയ്‌തുകൊണ്ട്, സ്വന്തം നാട്ടുവഴക്കം മറയ്ക്കാൻ ശ്രമിക്കുന്ന പലരെയും നമുക്കു കാണാൻ കഴിയും. മലയാള വാമൊഴിയുടെ നിലവാരപ്പെടുത്തൽ ഈ കല്‌പിത മാതൃകയിൽ സംഭവിച്ചു എന്നുവരാവുന്നതുമാണ്. കൽപ്പിതമായാലും പരക്കെ സ്വീകരിച്ചാൽ നടപ്പാകും. എന്നാലും ഈ അഭ്യാസത്തിനു നടുവിൽ തന്റെതന്നെ വാമൊഴിയോടു ചിലർ കാണിക്കുന്ന വിശ്വസ്‌തത കാണുമ്പോഴത്തെ ആശ്വാസമാണ് 'വാചാം അഗോചരം'.

ഇടശ്ശേരി
ഇടശ്ശേരി

പ്രാദേശികങ്ങളുടെ വ്യത്യാസം നിരപ്പാകാൻ തുടങ്ങുന്ന പ്രവണതയ്‌ക്കൊപ്പം അവയിൽ ചിലതു പിൻതുടരുന്നവരെ സ്വാഭാവികതയുടെ പേരിൽ കൊണ്ടാടുമ്പോഴും ചില കുഴപ്പങ്ങൾ ഉടലെടുക്കാം. നിലവാരപ്പെടൽ എന്തോ അപകടമാണെന്ന പ്രതീതിയാണത്. എല്ലാത്തരം നിരപ്പാക്കലും എന്തോ ആക്രമണസ്വഭാവം ഉള്ളടങ്ങിയതാണെന്ന തോന്നലാണത്. ഈ തോന്നലുള്ള ചിലർ, നിലവാരപ്പെടലിനെതിരായ പ്രാദേശികവും സാമുദായികവുമായ സ്വത്വസ്ഥാപനത്തിന്റെ മുന്നണിപ്പടയാളിയായി ബഷീറിനെ കാണുന്നു. ബഷീറിന്റെ വ്യക്തിസ്വരൂപം അവർ കണ്ടെടുക്കുന്നത്, “കുളിച്ചല്ലേന്നു പറഞ്ഞാലെന്താ" എന്നു ചോദിക്കുന്ന കുഞ്ഞിപ്പാത്തുമ്മയിലാണ്. അവളെ “കുളിക്കല്ലേ" എന്നു തിരുത്തുന്നത് ആയിഷയാണ്. “ലാത്തിരി'യല്ല, “രാത്രി" എന്നും "ബയി” അല്ല, “വഴി” എന്നും തിരുത്തും. ആയിഷയല്ലേ ബഷീർ? നിഷ്‌കളങ്കതയെ പ്രണയിക്കുന്ന പരിഷ്‌കാരിയായ നിസ്സാർ അഹമ്മദ് ബഷീറിന്റെ സ്വത്വം തന്നെയല്ലേ? ഈ പരിഷ്‌കാരത്തിൽ ഭാഷാപരിഷ്കാരം, നിലവാരപ്പെടുത്തൽ, ഇല്ലേ?

കോവിലൻ
കോവിലൻ

സർവ്വസമത്വത്തിന്റെ പ്രാദേശികത്തനിമയാണ് വടക്കൻ ദിക്കിലാകെ എന്നു ഭാവിക്കുന്നത് അസത്യമാണ്. കേരളത്തിൽ മറ്റു ദിക്കുകളിലും ഉള്ളതുപോലെ അകൽച്ചയുടെ, ആദരവിന്റെ പടിപടിയായ പോക്കു കാണിക്കാൻ രൂപങ്ങൾ വടക്കൻ ദിക്കിലുമുണ്ട്.

അടുത്തകാലത്ത് ലേഖകന്മാർക്ക് പ്രിയനായ ഒരു കഥാപാത്രമാണ് തനി വടക്കൻ കേരളവാമൊഴി ശാഠ്യത്തോടെ പിൻതുടർന്നുവന്നു എന്ന് അവർ കൊണ്ടാടുന്ന സ. ഇ. കെ.നായനാർ. നായനാർ എത്രമാത്രം പ്രാദേശിക ഭാഷാസംരക്ഷണം നടത്തിയിരുന്നു എന്ന ചോദ്യം ഇരിക്കട്ടെ. ഈ കൊണ്ടാട്ടക്കാർ എന്താണ് തന്റെതന്നെ ചെറുചെറു പ്രാദേശിക മൊഴിഭേദം ശാഠ്യത്തോടെ സംരക്ഷിക്കാതെ വിട്ടത് എന്ന ചോദ്യത്തിനു സാംഗത്യമുണ്ട്. നായനാർ ആരേയും ഓനെന്നും ഓളെന്നും പറയും എന്നും മറ്റുമുള്ള പ്രസ്താവം കണ്ടാൽ തോന്നുക, അദ്ദേഹത്തിന്റെ പ്രദേശത്തുകാർക്ക് അടുപ്പവും അധികാരവും കാണിക്കുന്ന സംബോധനാ- പരമാർശക പദങ്ങളേ ഉള്ളൂ എന്നാണ്. മറിച്ച് അകലവും ആദരവും അവരുടെ പ്രാദേശിക വാമൊഴിക്ക് അന്യമാണെന്നും. സർവ്വസമത്വത്തിന്റെ പ്രാദേശികത്തനിമയാണ് വടക്കൻ ദിക്കിലാകെ എന്നു ഭാവിക്കുന്നത് അസത്യമാണ്. കേരളത്തിൽ മറ്റു ദിക്കുകളിലും ഉള്ളതുപോലെ അകൽച്ചയുടെ, ആദരവിന്റെ പടിപടിയായ പോക്കു കാണിക്കാൻ രൂപങ്ങൾ വടക്കൻ ദിക്കിലുമുണ്ട്. നായനായരുടെ പ്രദേശത്ത് ഓൻ മാത്രമല്ല, അയാളും ഓറും ഉണ്ട്. ആദരിക്കൽ അടിമപ്പെടലാണ് എന്നു ധരിക്കുന്ന ചിലർ ഇതു മറന്നുകളയുന്നു. മര്യാദയുടെ ഇത്തരം അതിരുകൾ ലംഘിക്കാം- അത്രയ്ക്കു സ്നേഹാധികാരമോ മേലധികാരമോ ഉണ്ടെങ്കിൽ. സ്നേഹാധികാരമില്ലെങ്കിൽ മര്യാദാലംഘനം എന്താകുമെന്നോ? അടിമ - ഉടമ ബന്ധത്തിന്റെ തിരിച്ചുവരലാകും. ഇതുകൂടി മനസ്സിൽ വച്ചാൽ നന്ന്- മര്യാദാലംഘനപ്രകീർത്തകന്മാർക്കും ഭാഷയ്ക്കും.

ചെറുകാട്
ചെറുകാട്

ഒരാളെ ‘നീ’ എന്നു വിളിക്കാൻ (നീ, നീയ്യ്, ഇയ്യ്, ജ്ജ്, ഞ്ഞി...) വിളിക്കുന്ന ആൾക്ക് അധികാരശക്തി വേണം. സ്നേഹാധികാരത്തിന്റെയോ മേലധികാരത്തിന്റെയോ ശക്തി. സർവ്വനാമങ്ങളിൽ ഒന്ന് സർവ്വമനുഷ്യർക്കും ഒന്നായി ഉപയോഗിക്കാം എന്ന നിലവന്നുകൂടെന്നില്ല. അപ്പോഴും ആദരവു കൂടുതലുള്ളതിനേ സാമാന്യസ്വീകാരം വരൂ. അതാണ് ഇംഗ്ലീഷിൽ സംഭവിച്ചത്. Thou പോയി you നിലനിന്നു. ഹിന്ദിയിൽ മിക്കവാറും “ആപ്” സാമാന്യമായിത്തീർന്നുകൊണ്ടിരിക്കുന്നു. “ഭവാൻ" എന്നതിനു തുല്യമാണ് ആ പദം.

മാധവിക്കുട്ടി
മാധവിക്കുട്ടി

മലയാളത്തിൽ ഇരട്ടമൊഴിത്തം ഉണ്ടെന്നും മലയാളത്തിന്റെ സംസാരഭാഷയ്ക്ക് നിലവാരപ്പെടുത്തൽ വന്നുകൊണ്ടിരിക്കുന്നു എന്നും ആ നിലവാരത്തിലും ചില ചാഞ്ചല്യങ്ങൾ സംഭവിക്കുന്നുണ്ടെന്നുമാണ് ഇവിടെ പറയാൻ ശ്രമിച്ചത്.


Summary: Dr T B Venugopala Panicker writes about Changes in Malayalam spoken language. An article written on 2004.


ടി. ബി. വേണുഗോപാലപ്പണിക്കർ

അധ്യാപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, വൈയാകരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി. നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സര്‍വകലാശാലകളുടെ പരീക്ഷാബോര്‍ഡുകളില്‍ അംഗമായിരുന്നു. തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റി അംഗമായിരുന്നു. സ്വനമണ്ഡലം, ഭാഷാര്‍ത്ഥം, വാക്കിന്റെ വഴികള്‍, ലീലാതിലകം: സാമൂഹികഭാഷാശാസ്ത്ര ദൃഷ്ടിയില്‍, വ്യാകരണ പാഠം തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍. 2025 ഏപ്രില്‍ രണ്ടിന് അന്തരിച്ചു.

Comments