കബനി ഇങ്ങനെയാണ്​ ഉണ്ടായത്​

തടവറയിൽ പോയവരെല്ലാം കവികളായി വിലസി നടക്കുന്നു എന്ന്​‘തടവറക്കവിത’കൾക്ക് നേരെയുണ്ടായ പരിഹാസത്തെ മികച്ച കവിതകളെഴുതിത്തന്നെ നേരിടേണ്ടതുണ്ടായിരുന്നു- എഴുപതുകളിലെ പ്രശസ്​ത കവിതയായ ‘കബനി’ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ്​ സിവിക്​ ചന്ദ്രൻ

‘‘ഇവരുടെ നാൽവരുടേയും നിഗമനങ്ങൾ കൂട്ടി വായിക്കുമ്പോൾ
എനിക്കും തോന്നുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ് -
കബനി എന്നുമെന്നും സർവം സഹയൊന്നുമായിരിക്കില്ലെന്ന്.
പരിമിതമായ സാമൂഹ്യ വിജ്ഞാനം കൊണ്ടു തന്നെ എനിക്കു തോന്നുന്നു. സുഹൃത്തിനേയോ സതീർത്ഥ്യയേയോ പത്രപ്രവർത്തകനേയോ നിയമസഭാ സാമാജികനേയോ അവിശ്വസിക്കേണ്ട യാതൊരു കാരണവും എനിക്ക് കാണാനാവുന്നില്ല. അവർ സാക്ഷികളായി അവതരിപ്പിക്കുന്ന പാണ്ഡുരങ്കന് ഒളിച്ചോടാനും തേമയ്ക്ക് നാടുവാഴിയെ ശിരച്ഛേദം ചെയ്യാനും മരച്ചാത്തന് പെരുമന്റെ വഴി പിന്തുടരാനും പേമ്പിയുടെ കുഞ്ഞിന് ആർത്തട്ടഹസിക്കാനും അവകാശാധികാരങ്ങളുണ്ടെന്നു തന്നെ ഞാൻ കരുതുന്നു.’’
എന്നവസാനിക്കുന്ന എഴുപതുകളുടെ ആ കവിത, കബനി അക്കാലത്ത് കവിയരങ്ങുകളിൽ ധാരാളം അവതരിപ്പിക്കപ്പെട്ടവയിലൊന്നാണ്.

തിരുവനന്തപുരത്തു നിന്ന്​ പ്രസിദ്ധീകരിച്ചിരുന്ന പൃഥ്വി എന്ന ചെറു മാസികയിലാണ് ഇക്കവിത പ്രസിദ്ധീകരിച്ചു വന്നത്. നിങ്ങളോടെനിക്ക് രാഷ്ടീയമായൊട്ടും യോജിപ്പില്ല, എന്നിട്ടും കവിത മികച്ചതായതിനാൽ പ്രസിദ്ധീകരിക്കുന്നു എന്ന് മാസികയുടെ പേരോർമയിലില്ലാത്ത പത്രാധിപർ.

ഇക്കവിതയുടെ ഓർമയിലുള്ള ഒരവതരണം ആറ്റിങ്ങലിലേതാണ്.
ജനകീയ സാംസ്‌കാരിക വേദിയുടെ നേതൃത്യത്തിൽ ഏതാനും കവികൾ കാവ്യ യാത്രയിലായിരുന്നു. കടമ്മനിട്ട, സച്ചിദാനന്ദൻ, കെ.ജി ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരും ഞാനും. ബി. രാജീവനായിരുന്നു യാത്രയുടെ കോ-ഓഡിനേറ്റർ.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാരംഭിച്ച് ആറ്റിങ്ങലിൽ പുതുതായി തുടങ്ങുന്ന സുബ്ബറാവു പാണിഗ്രാഹി ബുക്ക്​​ സ്​റ്റാളിന്റെ ഉദ്ഘാടനച്ചടങ്ങിലവസാനിച്ച ഈ യാത്രയിലെ അവതരണമാണ് ഓർമയിലുള്ളത്. അഞ്ചു ഖണ്ഡങ്ങളുള്ള കവിത ഞങ്ങൾ അഞ്ചു പേരായിട്ടാണ് അവതരിപ്പിച്ചത്.

ചുരത്തിനു മുകളിലൊരാപ്പീസിൽ ഗുമസ്തപ്പണി ചെയ്യുന്ന എന്റെ സുഹൃത്ത് രഘുരാമൻ ഇങ്ങനെ പറയുന്നു എന്നാരംഭിക്കുന്ന ആദ്യ ഖണ്ഡം സച്ചിദാനന്ദൻ, കബനിയുടെ തീരത്തെ ഗ്രാമത്തിൽ നിന്നുവന്ന് കോളേജിൽ പഠിക്കുന്ന എന്റെ സതീർത്ഥ്യ വിജയലക്ഷ്മി ഇങ്ങനെ പറയുന്നു എന്നു തുടങ്ങുന്ന ഖണ്ഡം ബാലചന്ദ്രൻ ചുള്ളിക്കാട്, ബ്രഹ്‌മഗിരിയും നിരനിരങ്ങി മലയും കയറിയിറങ്ങി തിരിച്ചുവന്ന രാധാകൃഷ്ണൻ എന്ന പത്രപ്രവർത്തകൻ ഇങ്ങനെ പറയുന്നു എന്നു തുടങ്ങുന്ന ഖണ്ഡം കടമ്മനിട്ട, പട്ടിണി മരണങ്ങളെക്കുറിച്ചുള്ള പത്രവാർത്തകളിലേക്ക് ശ്രദ്ധ ക്ഷണിച്ച്​ നിയമസഭാ സാമാജികനായ മാധവനുണ്ണിത്താൻ ഇങ്ങനെ പറയുന്നു എന്നു തുടങ്ങുന്ന ഖണ്ഡം വിനയചന്ദ്രൻ. ഇവരുടെ നാൽവരുടേയും നിഗമനങ്ങൾ കൂട്ടി വായിക്കുമ്പോൾ എനിക്കും തോന്നുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ് എന്ന ഒടുവിലത്തെ ഖണ്ഡം സദസിൽ നിന്നു കയറിവന്നു ഞാനും... ഇങ്ങനെ ഒരു പോയട്രി തിയ്യറ്ററായിട്ടായിരുന്നു കവിതയുടെ അവതരണം.

സുമന്താ ബാനർജി എഡിറ്റ് ചെയ്ത വിപ്ലവ കവിതകളുടെ സമാഹാരത്തിലടക്കം വിവർത്തനം ചെയ്ത് ചേർത്തിട്ടുള്ള ഇക്കവിത ഏതാനും സർവകലാശാലകളിൽ സാഹിത്യ വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നുമുണ്ട്. എന്റെ രാഷ്ടീയ ജീവിതത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റേയും അതിർവരമ്പായി കൂടി നില്ക്കുന്ന കവിതയാണിത്.

അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിനെ തുടർന്ന് ജയിൽ മോചിതനാവുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഒന്നിതായിരുന്നു -രാഷ്ടീയമുണ്ട്, എന്നാൽ നേരിട്ടുള്ള പാർട്ടി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇല്ലേ ഇല്ല. അങ്ങനെയാണ് എന്റെ തന്നെ പ്രധാന മുൻകയ്യിൽ ജനകീയ സാംസ്‌കാരിക വേദി രൂപികരിക്കപ്പെടുന്നത്. തെലുങ്കിൽ അന്ന് ശ്രീശ്രീയുടേയും ഗദ്ദറിന്റെയും രമണ റെഡ്ഡിയുടേയും വരവരറാവുവിന്റെയും മറ്റും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിപ്ലവരചയിതലു സംഘത്തിൽ നിന്ന് വ്യത്യസ്തമായി നേരിട്ടുള്ള രാഷ്ടീയ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്രമായ സാംസ്‌കാരിക പ്രസ്ഥാനം കെട്ടിപ്പടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. അതിന് പ്രാരംഭമായി എന്റെ തന്നെ സംഘടനാ ബന്ധം ആദ്യം ഉപേക്ഷിക്കേണ്ടതുണ്ടല്ലോ.

അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടിട്ടും കെ. വേണു അടക്കമുള്ള പ്രധാന സഖാക്കളൊന്നും ജയിൽ മോചിതരായിട്ടില്ലാത്തതിനാൽ എ. വാസുവേട്ടന്റെ നേതൃത്വത്തിൽ പുറത്ത് പാർട്ടിയുടെ പുനഃസംഘടനാ ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ബന്ധം വിച്ഛേദിക്കല്ലേ എന്ന് നിർബന്ധിക്കപ്പെട്ടതിനെ തുടർന്ന് ചില രഹസ്യ യോഗങ്ങളിൽ ഇതിനിടെ പങ്കെടുക്കുണ്ടി വന്നു. ഇനിയത് വയ്യ, രാഷ്ടീയ പ്രവർത്തനവും സാംസ്‌കാരിക പ്രവർത്തനവും രണ്ടാണ്, തമ്മിൽ കൂട്ടിക്കുഴക്കരുത് എന്ന് ഞാൻ ഉറച്ച നിലപാടെടുത്തു.

അങ്ങനെ ഒരു വിടപറയൽ യോഗം തീരുമാനിക്കപ്പെട്ടു.

സിവിക് ചന്ദ്രൻ, പഴയ കാല ചിത്രം
സിവിക് ചന്ദ്രൻ, പഴയ കാല ചിത്രം

വള്ളിയൂർക്കാവിനടുത്തുള്ള പഴയൊരു സഖാവിന്റെ വീടായിരുന്നു യോഗ സ്ഥലം. രാത്രി എട്ടിന്​ വീട് കണ്ടെത്തിപ്പിടിച്ച് കോഡ് വാക്ക് പറഞ്ഞ് മറ്റുള്ള സഖാക്കളോടൊപ്പം ചേരണം. മാനന്തവാടിയിൽ ബസ്സിറങ്ങി വള്ളിയൂർക്കാവിലേക്ക് നടക്കുകയായിരുന്നു. നല്ല ഇരുട്ട്. ചന്നംപിന്നം മഴ പെയ്യുന്നുണ്ട്. ചീറിയടിക്കുന്ന കാറ്റുമുണ്ട്. കുടിലിന്റെ ഉമ്മറത്ത് മുനിഞ്ഞു കത്തുന്ന രണ്ട് മണ്ണെണ്ണ വിളക്കുകളാണ് അടയാളം പറഞ്ഞിരുന്നത്. പല തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടും എനിക്കാ വീട് കണ്ടുപിടിക്കാനായില്ല. ഒട്ടും പരിചയമില്ലാത്തൊരു സ്ഥലത്ത് ഇതുപോലൊരു രാത്രിയിൽ സംശയം തോന്നുന്ന വിധം തേരാപാരാ നടക്കുന്നത് അപകടമാണുതാനും.

ആർക്കെങ്കിലും സംശയം തോന്നിയാൽ ഞാൻ മാത്രമല്ല ആ യോഗത്തിൽ പങ്കെടുക്കുന്ന മറ്റു സഖാക്കളും അപകടത്തിലായേക്കും. അതുകൊണ്ട് ഭാഗ്യപരീക്ഷണം നടത്താതെ തിരിച്ചുപോരാൻ തീരുമാനിക്കുകയാണുണ്ടായത്. മാനന്തവാടിയിൽ തിരിച്ചെത്തിയപ്പോൾ പക്ഷേ, സ്റ്റാൻറിൽ ബസ്സുകളൊന്നുമില്ല. സ്റ്റാൻറിനു പുറത്ത് ജീപ്പുകളും കാണാനില്ല. ഏതേലും ലോഡ്ജ് കണ്ടെത്തി രാത്രി അവിടെക്കൂടി രാവിലെ സ്ഥലം വിടുകയേ വഴിയുള്ളു.

പക്ഷെ കയറിയിറങ്ങിയ രണ്ട് മൂന്ന് ലോഡ്ജുകാർ നിരാശപ്പെടുത്തി. ഒടുവിലൊരു ലോഡ്ജുകാർ അവരുടെ അടുക്കളക്കു മുകളിലുള്ളൊരു ചെറുമുറിയിൽ കിടന്നോളാനനുവദിച്ചു. സാധാരണ വാടകക്ക് കൊടുക്കാറില്ലാത്ത മുറിയാണ്. പുക പിടിച്ച ആ ഇരുണ്ട മുറിയിൽ മൂട്ടക്കും കൊതുകിനുമിടയിൽ എങ്ങനെ ഉറങ്ങാനാണ്? അങ്ങനെ ആ രാത്രി ആ കുടുസ്സുമുറിയിൽ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ ഇക്കവിതയുടെ ആദ്യ വരികൾ തേടിയെത്തി: എനിക്കും തോന്നുന്നത് കബനി എക്കാലവും സർവം സഹയൊന്നുമായിരിക്കില്ലെന്നാണ്.
കബനി വീണ്ടും ചുവക്കാതിരിക്കാൻ കാരണമൊന്നുമില്ലല്ലോ ...

വെളുക്കുന്നതിനു മുമ്പുതന്നെ കവിത ഏതാണ്ട് പൂർത്തിയായി.
പിറ്റേന്ന് പകർത്തിയെഴുതി പൃഥ്വി മാസികക്കയക്കുകയും അക്കവിത എന്റെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ കവിതയാവുകയും ചെയ്തു.

ഇരിഞ്ഞാലക്കുടക്കാരെല്ലാം ചന്ദ്രിക സോപ്പ് തേച്ചുകുളിച്ച് ചൊറിയും ചിരങ്ങുമില്ലാത്തവരായി നടിക്കുന്നതു പോലെ തടവറയിൽ പോയവരെല്ലാം കവികളായി വിലസി നടക്കുന്നു എന്ന്​ തടവറക്കവിതകൾക്ക് നേരെയുണ്ടായ പരിഹാസത്തെ മികച്ച കവിതകളെഴുതിത്തന്നെ നേരിടേണ്ടതുണ്ടായിരുന്നു. പിന്നീട് വെളിച്ചത്തെക്കുറിച്ചൊരു ഗീതം, മയിൽപ്പീലി, ഗൃഹപ്രവേശം തുടങ്ങിയ കവിതകൾ കൂടെ എഴുതിയതോടെ ചിലരെങ്കിലും കവി എന്ന് എന്നേയും വിളിക്കാൻ തുടങ്ങി.


Summary: തടവറയിൽ പോയവരെല്ലാം കവികളായി വിലസി നടക്കുന്നു എന്ന്​‘തടവറക്കവിത’കൾക്ക് നേരെയുണ്ടായ പരിഹാസത്തെ മികച്ച കവിതകളെഴുതിത്തന്നെ നേരിടേണ്ടതുണ്ടായിരുന്നു- എഴുപതുകളിലെ പ്രശസ്​ത കവിതയായ ‘കബനി’ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ്​ സിവിക്​ ചന്ദ്രൻ


സിവിക് ചന്ദ്രൻ

കവി, നാടകകൃത്ത്​, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്. പാഠഭേദം മാസികയുടെ പത്രാധിപർ. ജനകീയ സംസ്‌കാരിക വേദിയുടെ സെക്രട്ടിയും അതി​ന്റെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരും ആയിരുന്നു. തടവറക്കവിതകൾ, നിങ്ങളാ​​രെ കമ്യൂണിസ്​റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്,​ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments