ആനി എർനോ

വർഗ്ഗം, ജെൻഡർ, എഴുത്ത്: ആനി എർനോയുടെ രചനകളിലെ രാഷ്ട്രീയം

Writing, in my view, is a political activity, meaning it can either contribute to unveiling and changing the world or, conversely, reinforce the existing social and moral order.

—Ernaux and Jeannet 2003

സാഹിത്യം എത്രമാത്രം ‘ശുദ്ധ’മാണ്?

‘യഥാർത്ഥ’സാഹിത്യം രാഷ്ട്രീയത്തിന് അതീതമാണെന്ന വിശ്വാസം സമകാലിക ഫ്രാൻസിൽ വ്യാപകമായിരുന്നതിനെക്കുറിച്ച് 1989-ലെഴുതിയ ഒരു ലേഖനത്തിൽ (“Littérature et politique”) ആനി എർനോ പരാമർശിച്ചിരുന്നു. നിരവധി എഴുത്തുകാരും വായനക്കാരും ചോദ്യം ചെയ്യാതെ തന്നെ സ്വീകരിച്ചിട്ടുള്ള ഒരു കാഴ്ചപ്പാട് എന്ന നിലയിൽ എഴുത്ത് രാഷ്ട്രീയാതീതമാണെന്ന ഈ ധാരണ വീണ്ടും ഒരു പരിശോധന ആവശ്യപ്പെടുന്നുണ്ടെന്നു തോന്നുന്നു (ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ആശയങ്ങൾ, ‘സ്വയം വ്യക്തം’ എന്നു ധരിക്കപ്പെടുന്ന ‘വസ്തുതകൾ’ പോലെ, നിലനിൽക്കുന്ന അധികാര രൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാർക്സ് മുതൽ ബൂർഡിയൂ വരെയുള്ളവരുടെ സാമൂഹ്യശാസ്ത്രപഠനങ്ങൾ വിശദീകരിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഇതു പറയുന്നത്). രാഷ്ട്രീയമോ സാമൂഹ്യമോ ആയ സൂചനകളുള്ള എന്തെങ്കിലും സ്പർശിക്കുകപോലും ചെയ്യേണ്ട ചുമതല സാഹിത്യത്തിനില്ല എന്ന ധാരണ സ്വാഭാവികമായും ഈ ‘ശുദ്ധസാഹിത്യ’ദർശനത്തിന്റെ ഭാഗമായി നിലനിന്നുവരുന്നു. ഇതനുസരിച്ച്, എഴുതുന്നയാളുടെ ഭാവനാലോകമാണ് സാഹിത്യത്തിൽ ഏറ്റവും പ്രധാനഘടകം; ദൈനംദിനജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ പോലെയുള്ള ബാഹ്യവിഷയങ്ങൾ അതിന്റെ ബാദ്ധ്യതയല്ല. സമൂഹത്തിൽ എഴുത്തുകാർക്കുള്ള പങ്ക് തുടങ്ങിയ ‘കാലഹരണപ്പെട്ട’ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ അസാദ്ധ്യമാക്കിത്തീർക്കുന്ന ഒരന്തരീക്ഷത്തിന് ഇതോടെ സ്വാഭാവികതയുടെ പരിവേഷം ലഭിക്കുന്നു.

Photo: uncahierrouge.wordpress.com
Photo: uncahierrouge.wordpress.com

തന്റെ രചനകൾ രാഷ്ട്രീയാതീതമല്ല എന്നു പറയുന്നതിന്റെ പ്രാരംഭമായാണ് എർനോ ഇതുന്നയിക്കുന്നത്. ചരിത്രപരവും സാമൂഹ്യവുമായ പ്രക്രിയകളിൽനിന്ന് ഛേദിക്കപ്പെട്ട്, സ്വയം പ്രതിഫലിപ്പിക്കുക എന്നതുമാത്രം ലക്ഷ്യമാക്കുന്ന ഒന്നാണ് സാഹിത്യം എന്ന കാഴ്ചപ്പാട് തനിക്ക് വേദനയുളവാക്കുന്നതാണ് എന്ന് അവർ തുടർന്നെഴുതുന്നു. വായിക്കുന്നയാളെ സ്പർശിക്കാത്ത തരത്തിൽ, അയഥാർത്ഥമോ വിദൂരമോ ആയ രീതിയിൽ ചരിത്ര-സാമൂഹ്യ പ്രക്രിയകൾ അവതരിപ്പിക്കുന്ന രചനകളും അതുപോലെതന്നെയാണ്. യുദ്ധങ്ങൾ അവസാനിപ്പിക്കുക, ദാരിദ്ര്യം ഇല്ലാതാക്കുക തുടങ്ങിയ ‘വലിയ’ കാര്യങ്ങളിൽ സാഹിത്യത്തിന് പ്രായോഗികമായൊന്നും ചെയ്യാനില്ലെങ്കിലും വായിക്കുന്നവരെക്കൊണ്ട് ചിന്തിപ്പിക്കുക എന്ന ‘എളിയ’ കാര്യം എഴുത്തുകൊണ്ടു സാദ്ധ്യമാണ് എന്ന ധാരണ ഈ നിലപാടിലുണ്ട്. അധികാരബന്ധങ്ങളെക്കുറിച്ച് എഴുതുന്നതുതന്നെ അവയിലുള്ള ഇടപെടലാണെന്നും ഒരാൾ അത് ക്രിയാത്മകമായി വായിക്കുമ്പോൾ ഒരു പരിവർത്തനം ആരംഭിക്കുന്നുവെന്നും ഇതർത്ഥമാക്കുന്നു. കൺമുന്നിലുണ്ടായിരുന്നിട്ടും വ്യക്തമാകാതിരുന്ന കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിലും, ‘സ്വഭാവികം’ എന്നു കരുതിയിരുന്ന പലതും അങ്ങനെയല്ലെന്നു കാണിച്ചുകൊടുക്കുന്നതിലും നിർണ്ണായകമായ ഒരു പങ്ക് സാഹിത്യത്തിന് വഹിക്കാൻ കഴിയും:

Over the long term, it can, by permeating the reader’s imagination, make them sensitive to realities they were unaware of, or lead them to see things differently than they always had. It enables them to express (and first and foremost, to express to themselves) what they had never said before. It is a slow and silent revolution initially, in the realm of reading, a secret one: who from the outside would know that one is “inhabited” by a book they’ve just read? (Hôtel Casanova)

നേരമ്പോക്കിനുവേണ്ടിമാത്രം, അല്ലെങ്കിൽ ആസ്വാദനത്തിനുവേണ്ടിമാത്രം വായിക്കുന്നത് അതു ശീലമുള്ളവർ ഒരു ആവശ്യമായാണ് കരുതാറുള്ളത്. അത്തരം വായനയിൽ പൊതുവെ, കഥ ഒരു പ്രധാന ഘടകമായി വരുന്നു. കഥ പറയുകയുകയും കേൾക്കുകയും ചെയ്യുകയെന്ന മനുഷ്യരുടെ പുരാതനമായ ശീലം വ്യവസ്ഥാപിതമാകുന്നത് സാഹിത്യത്തിന്റെ ആരംഭകാലത്താണെന്നു പറയാം. എപിക് എന്ന കാവ്യരൂപം വളരെയധികം ആളുകളിലെത്തിയതു തന്നെ അതിന്റെ കഥനശീലം കൊണ്ടായിരുന്നു. മനഃപാഠമാക്കിയ വായ്മൊഴിയുടെ രൂപത്തിൽ പ്രചരിച്ച ഹോമറിന്റെ കഥാകാവ്യങ്ങൾ വലിയ സദസ്സുകളെ ആകർഷിച്ചിരുന്നതായി കരുതപ്പെടുന്നു. ആധുനികകാലത്ത്, വായന ഒരു സ്വകാര്യാനുഭവമായി മാറിയതിനു ശേഷം,  സാഹിത്യത്തിൽ നോവലാണ് ദീർഘമായ കഥകൾ പറയുന്ന ജോലി പ്രധാനമായും ചെയ്തു പോരുന്നത്. ദാർശനികമായ ഭാരക്കൂടുതലുള്ള ഡോസ്റ്റോയെവ്സ്കി നോവലുകൾ പോലും വിനോദത്തിനായി വായിക്കുന്നവരെ ഉദ്ദേശിച്ച് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ്. ഇനിയെന്താണു സംഭവിക്കുക എന്നറിയാനുള്ള വായനക്കാരുടെ ആകാംക്ഷ (പരിണാമഗുപ്തി) ഇത്തരം കൃതികളിൽ ഒരു അവശ്യഘടകമായി പ്രവർത്തിക്കുന്നു.

എന്നാൽ, 1920കളിലും 30കളിലുമായി ഇതിന് മാറ്റം വരാൻ തുടങ്ങി. പ്രൂസ്റ്റ്, കാഫ്‌ക, ജോയ്സ്, മ്യൂസിൽ തുടങ്ങിയവരുടെ നോവലുകൾ ഇത്തരം വായനക്കു വഴങ്ങുന്നതായിരുന്നില്ല. കഥ പറയുന്നുണ്ടെങ്കിലും വളരെ സൂക്ഷ്മതലത്തിലുള്ള കഥപറയൽ ലക്ഷ്യമാക്കുന്ന കൃതികളാണ് അവരുടേത്; അവയിൽ പരിണാമഗുപ്തിയും ഒരു സൂക്ഷ്മതലത്തിലാണ് പ്രവർത്തിക്കുന്നത്. അതിനുശേഷം, അൻപതുകളിലെ ഫ്രെഞ്ച് പുതുനോവലിലെത്തുമ്പോഴേക്കും (nouveau roman)  നോവലിന് പരമ്പരാഗതമായുണ്ടായിരുന്ന (സംഭവബഹുലമായ കഥയും കഥാപാത്രങ്ങളുമുൾപടെ) പല സ്വഭാവങ്ങളും നഷ്ടമാകുന്നു. പുതുനോവലിന്റെ സ്വാധീനം നിലനിൽക്കുന്ന ഘട്ടത്തിലാണ് അതിൽനിന്നു ഭിന്നമായ ഒരു സാഹിത്യസമീപനവുമായി എർനോ എഴുത്താരംഭിക്കുന്നത്. പരമ്പരാഗതമായ കഥാഖ്യാനത്തിലേക്ക് തിരിച്ചുപോകുന്നില്ലെങ്കിലും പറയുന്ന കഥയിലൂടെ സമൂഹചരിത്രത്തിന്റെ ചില മേഖലകളിലേക്ക് നോട്ടമെത്തിക്കുക എന്ന പുതിയതല്ലാത്ത രീതി അവർ എഴുത്തിൽ തിരികെയെത്തിക്കുന്നുണ്ട്. പഴയ കാലത്ത് കഥ പറഞ്ഞിരുന്നവർ സ്വന്തം ജീവിതാനുഭവം കേൾവിക്കാരുമായി പങ്കുവച്ചിരുന്നതായി വാൾറ്റർ ബെൻയാമീൻ പരാമർശിച്ചിട്ടുള്ള ആശയവുമായി Pascale Sardin ഒരു പഠനത്തിൽ എർനോയുടെ എഴുത്തിനെ ബന്ധിപ്പിക്കുന്നത് ഈ അർത്ഥത്തിലാണ്: “Ernaux and Huston achieve … what Walter Benjamin thought was dwindling with modern life’s ‘atrophy of experience’: an embedding of the happening ‘in the life of the storyteller in order to pass it on as experience to those listening’”  (Sardin 311-12).

എഴുത്ത് ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്ന വീക്ഷണം ആദ്യനോവലായ Les armoires vides /Cleaned Out (1974/1990) എഴുതുന്നതിനു മുൻപു തന്നെ എർനോയുടെ ചിന്തയിൽ രൂപപ്പെട്ടിരുന്നു. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോൾ (1962) ഡയറിയിലെഴുതിയ “I will write to avenge my people”, (Ernaux, 2022) എന്ന ആശയം ഇതെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങളിലൊന്നായി കാണാം. തന്റെ ജനത അല്ലെങ്കിൽ വംശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അധീനവർഗ്ഗത്തിലുള്ളവരെയും സ്ത്രീകളെയുമാണ്. സാഹിത്യത്തിന്റെ ‘കുലീന’പരിഗണയിൽ വരാതിരുന്ന ചില വിഷയങ്ങളും മുഖ്യധാരയുടെ പാർശ്വങ്ങളിലേക്ക് നീക്കിനിർത്തിയിരുന്ന ചില ജനവിഭാഗങ്ങളും അവർ തുടർന്നെഴുതിയ കൃതികളിൽ കേന്ദ്രസ്ഥാനത്ത് ഇടം കണ്ടെത്തുകയുണ്ടായി. തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന ഒരു സ്ത്രീ എന്ന നിലയിലുള്ള അവരുടെ അനുഭവലോകമാണ് എഴുത്തിൽ എർനോ എടുത്ത തീരുമാനങ്ങൾക്ക് പ്രേരകമായത്. നോർമൻഡിയിലുള്ള ഒരു ചെറുപട്ടണത്തിലെ വരുമാനം കുറഞ്ഞ മനുഷ്യരുടെ ജീവിതം മുതൽ സ്ത്രീയുടെ രതി അനുഭവവും, വൈദ്യസഹായമില്ലാതെ രഹസ്യമായി നടത്തിയ അബോർഷന്റെ ക്ലേശങ്ങളും വരെ അവർ വിഷയമാക്കിയിട്ടുണ്ട്. ഓരോ കൃതിയും എഴുതുന്നതിനു പിന്നിൽ, വ്യക്തിപരമായ ഘടകങ്ങളോടൊപ്പം പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള പ്രതിബദ്ധതയും പ്രവർത്തിക്കുന്നതു കാണാൻ വിഷമമില്ല. സഹനത്തിനും അപമാനത്തിനും ഇരയാകുന്ന മനുഷ്യരോടുള്ള ഉത്തരവാദിത്വങ്ങളിലൊന്ന് അവരുടെ അനുഭവം വെളിച്ചത്തു കൊണ്ടുവരുന്നതിൽ ആരംഭിക്കുന്നു. കൃത്യവും കർക്കശവുമായ രേഖപ്പെടുത്തൽ ഇതിനാവശ്യമായി വരും. എർനോയുടെ രചനാസംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇത്തരം രേഖകൾ അല്ലെങ്കിൽ സാക്ഷ്യങ്ങൾ തയ്യാറാക്കുക എന്നതാണ്. എഴുത്തിന്റെ രാഷ്ട്രീയം പ്രവർത്തിക്കുന്ന ഒരു നിർണ്ണായകമേഖലയാണിത്. ആരുമെഴുതാതെ മറവിയിലവസാനിക്കുന്ന സഹനാനുഭവങ്ങൾ എഴുത്തിലെത്തിക്കുക എന്ന രാഷ്ട്രീയവും ചരിത്രപരവുമായ ബാദ്ധ്യത അങ്ങനെ അവരുടെ എഴുത്തിന്റെ മുഖ്യപ്രേരകമായിത്തീരുന്നു.

ആധിപത്യത്തെ പ്രതിരോധിക്കുക എന്ന രാഷ്ട്രീയം

സാഹിത്യരചന രാഷ്ട്രീയപ്രവർത്തനമാക്കുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. പ്രബലമായ അധികാരരൂപങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അല്ലെങ്കിൽ എതിർത്തുകൊണ്ട് എഴുതുകയാണ് അവയിലൊന്ന്. ആദ്യകൃതികളായ നോവലുകളിൽ എർനോ അവലംബിക്കുന്നത് ഈ രീതിയാണെന്നു പറയാം. നിലനിൽക്കുന്ന സാമൂഹ്യസാഹചര്യങ്ങളെ ബോധപൂർവ്വം ചോദ്യം ചെയ്തുകൊണ്ടാണ് അവ വികസിക്കുന്നത്. എതിർപ്പ്, പ്രതിഷേധം, രോഷം എന്നിവ ഈ കൃതികളിൽ ആഖ്യാനത്തിന്റെ മുഖ്യഘടകങ്ങളായി മാറുന്നു: 

Les Armoires Vides (Cleaned Out)  is a consciously political book. I write against. Against a form of cultural domination, against economic domination, the domination of women forced into clandestine abortion in 1972. I write against the language that I teach, the legitimate language, by choosing to write in a language that conveys popular words and Norman words, in an unstructured syntax. Les Armoires Vides is all-out “against”, in a way. (Le Vrai lieu)

രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ആധിപത്യത്തിനെതിരെ സംസാരിക്കുക, അധീനാവസ്ഥ നിലനിർത്തുന്നതിനുപയോഗിക്കുന്ന ഭാഷാരൂപങ്ങളിൽ വിള്ളലുണ്ടാക്കുക എന്നീ രചനാതന്ത്രങ്ങളാണ് എർനോ ഈ നോവലിൽ ഉപയോഗിക്കുന്നത്. അങ്ങനെയെഴുതുമ്പോൾ ആഖ്യാനഭാഷയ്ക്ക് പലപ്പോഴും ഒരു അക്രമസ്വഭാവം കൈവരുന്നു. 1977-ൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നോവലിലും (Do What They Say or Else/Ce qu’ils disent ou rien) ഇതേ എഴുത്തുരീതികളാണുള്ളത്. എന്നാൽ മൂന്നാമത്തെയും അവസാനത്തെയും നോവലിൽ, (A Frozen Woman/Femme gelee, 1981/1995) സമീപനത്തിലെ വൈകാരികതയും ഭാഷയുടെ അക്രമഭാവവും കുറഞ്ഞുവരുന്നതായി കാണാം.

തുടർന്നുള്ള രചനകളിലുള്ളത് തികച്ചും വ്യത്യസ്തമായ ജീവിതകാഴ്ചപ്പാടും രചനാസമ്പ്രദായവുമാണ്.

1983-ൽ പ്രസിദ്ധീകരിച്ച La Place/A Man’s Place മുതൽ പ്രതിഷേധവും രോഷവും അടിസ്ഥാനമാക്കി എഴുതുന്ന രീതി എർനോ പൂർണ്ണമായും ഉപേക്ഷിക്കുന്നു. വസ്തുനിഷ്ഠമായ അവതരണത്തിലൂടെ പ്രശ്നങ്ങളെ സ്വയം വെളിപെടുത്താൻ അനുവദിക്കുക എന്ന മാർഗ്ഗമാണ് അവിടം മുതൽ അവർ സ്വീകരിക്കുന്നത്. രോഷം മാത്രമല്ല, വികാരങ്ങളൊന്നും തന്നെ ആഖ്യാനത്തിന്റെ സുതാര്യതയെ ബാധിക്കരുത് എന്ന മുൻകരുതൽ പിന്നീടുള്ള കൃതികളിൽ ഉടനീളമുണ്ട് (അത് പൂർണ്ണമായി വിജയിക്കുന്നില്ല എന്നത് മറ്റൊരു വിഷയമാണ്; അതിലേക്ക് പിന്നീട് മടങ്ങിവരാം). മുൻപുദ്ധരിച്ച സംഭാഷണത്തിൽ, എഴുത്തിലെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഈ രണ്ടാമത്തെ സാദ്ധ്യതയെക്കുറിച്ചും എർനോ പറയുന്നുണ്ട്:

But there is another way of writing, just as “against,” and that is to simply show, as if reality were revealing itself on its own. This is the writing of “La place,” making sure that the writing is transparent, that one is not hindered by the narrator’s feelings, that there is no screen between the narrator and the things they represent. Perhaps it is more effective than violence. But I had to begin with the violence of Les armoires vides. (Le Vrai lieu)

നിലപാടിലുള്ള എതിർപ്പും പ്രതിരോധവും ഇവിടെയും മാറ്റമില്ലാതെ തുടരുന്നു; ആഖ്യാനം കൂടുതൽ സുതാര്യമാകുന്നതുകൊണ്ട് സംവേദനസാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. 

A Man’s Place ഒരു നോവലല്ല. സാഹിത്യം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവയുടെയെല്ലാം രചനാമാർഗ്ഗങ്ങൾ അത് ഉപയോഗിക്കുന്നു. ചില വായനക്കാർ ഈ കൃതിയെ autofiction എന്ന ഗണത്തിൽ ഉൾപെടുത്താറുണ്ടെങ്കിലും, fiction എന്ന സാഹിത്യരൂപവുമായുള്ള ബന്ധം വിച്ഛേദിക്കുവാനാണ് എർനോ ഇവിടെ ശ്രമിക്കുന്നത് എന്നു കാണാതിരിക്കുന്നത് ശരിയല്ല. അധീനാവസ്ഥയിൽ ജീവിച്ച ഒരാളെക്കുറിച്ചെഴുതുമ്പോൾ ഒരു മദ്ധ്യവർഗ്ഗ നിർമ്മിതിയായ നോവൽരൂപത്തിനുകൂടി അയാളെ അധീനപ്പെടുത്തുന്നത് അനീതിയാണെന്നുമുള്ള തിരിച്ചറിവിൽ ഒരു പുതിയ രചനാരൂപം കണ്ടെത്തുവാനുള്ള ശ്രമം ഈ കൃതിയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്. നോവൽരൂപത്തിന്റെ നിരാകരണം തന്നെ ഒരു രാഷ്ട്രീയകൃത്യമായി അവർ പരിഗണിക്കുന്നു:

Because of the different aspects of my work, my writing cannot be stripped of this political dimension: whether it is a question of the rejection of fiction and autofiction, of the vision of writing as a search for reality, a writing that is, at the risk of repeating myself, “between literature, sociology and history.” (L’écriture comme un couteau)

‘രാഷ്ട്രീയം’ എന്ന പദവും ആശയവും അവയുടെ ഉപരിപ്ലവമായ അർത്ഥങ്ങളിലല്ല ഇവിടെ ഉപയോഗിക്കുന്നത് എന്ന് എടുത്തുപറയേണ്ടതില്ല. നിലനിൽക്കുന്ന അധികാരബന്ധങ്ങളും അവ മനുഷ്യരുടെ ദൈനംദിനജീവിതം രൂപപ്പെടുത്തുന്ന മാർഗ്ഗങ്ങളും രാഷ്ട്രീയപ്രക്രിയകളാണ്. ഉപയോഗിക്കുന്ന ഭാഷയും ശരീരഭാഷയും ശരീരം തന്നെയും ഈ പ്രക്രിയകൾ നടക്കുന്ന മേഖലകളുമാണ്. സാധാരണമനുഷ്യരുടെ ദൈനംദിനജീവിതത്തിൽ സാമൂഹികാധികാരശക്തികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് എർനോയുടെ രചനകളുടെ പ്രധാന പരിഗണനയി മാറുന്നു. ശ്രദ്ധയില്ലാതിരിക്കുമ്പോൾ മറഞ്ഞിരിക്കുന്ന സ്വഭാവമുള്ളതുകൊണ്ട് ഇവിടെ ശ്രദ്ധ തന്നെയാണ് രാഷ്ട്രീയ കാഴ്ച സാദ്ധ്യമാക്കുന്ന പ്രധാന ഉപകരണം.

അധീനവർഗ്ഗത്തിൽ ജനിക്കുന്ന മനുഷ്യർ, അവരെ അധീനാവസ്ഥയിൽ തുടരുന്നതിനു സഹായിക്കുകയോ നിർബ്ബന്ധിക്കുകയോ ചെയ്യുന്ന ആശയങ്ങൾ എങ്ങനെ പുനഃസൃഷ്ടിക്കുന്നു എന്ന വിഷയം Reproduction in Education, Society and Culture (1970; 1977), Outline of a Theory of Practice (1972; 1977) തുടങ്ങിയ പഠനങ്ങളിൽ പിയർ ബൂർഡിയൂ വിശകലനം ചെയ്തിട്ടുള്ളതാണ്. തന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് എർനോ എഴുതിയ A Man’s Place, A Woman’s Story എന്നീ കൃതികൾ ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ സോഷ്യോളജിയുടെ ഗവേഷണമാർഗ്ഗങ്ങളോ രചനാരീതിയോ ഇല്ലാതെതന്നെ അവതരിപ്പിക്കുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോൾ സ്കൂൾ പഠനമവസാനിപ്പിച്ച് തൊഴിൽ ചെയ്യാൻ തുടങ്ങുകയും പിന്നീട്, ഒരു തൊഴിലാളിയായിരുന്ന ഭാര്യയോടൊപ്പം ഒരു ഗ്രോസറി-കഫേ നടത്തി ജീവിതം തുടരുകയും ചെയ്ത അൽഫോൻസ് ഡുഷെയ്ൻ (Alphonse Duchesne, എർനോയുടെ പിതാവ്) എന്നയാളെക്കുറിച്ചാണ് A Man’s Place എന്ന പുസ്തകം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പട്ടണത്തിൽ പുതിയതായി തുടങ്ങിയ സംരംഭങ്ങളോടു മൽസരിക്കാൻ കഴിയാതെ അവരുടെ ഗ്രോസറി-കഫേയുടെ നിലനില്പുതന്നെ പലപ്പോഴും ഭീഷണി നേരിടുന്നു. ഈ ലഘുചരിത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ വർഗ്ഗാവസ്ഥയിൽ നിന്നുരുത്തിരിയുന്ന അവരുടെ ഭാഷയും ശരീരഭാഷയും വിശ്വാസങ്ങളും സമീപനങ്ങളുമെല്ലാം രേഖപ്പെടുത്തുന്നതിനാണ് എർനോ ശ്രമിക്കുന്നത്. വർഗ്ഗസംഘർഷം ചിത്രീകരിക്കുന്ന എമിൽ സോലയുടെ Germinal (1885) പോലെയുള്ള നോവലുകളിൽ നിന്നു വ്യത്യസ്തമായി, അധീശാവസ്ഥയുടെ പ്രവർത്തനരീതികൾ അവയുടെ വിശദാംശങ്ങളിൽ അവതരിക്കപ്പെടുന്നു. അനുഭവിച്ചതോ, നേരിട്ടു കേട്ടറിഞ്ഞവയോ ആണ് ഈ വിശദാംശങ്ങളെല്ലാം തന്നെ.

സാഹിത്യത്തിന് ‘അനുയോജ്യമല്ല’ എന്ന് എഴുതുന്നവരുടെയും വായിക്കുന്നവരുടെ പൊതുബോധം വിധിച്ചിട്ടുള്ള വിഷയങ്ങൾ സ്വീകരിക്കുന്നത് രാഷ്ട്രീയവൽകരണത്തിനുള്ള മറ്റൊരു മാർഗ്ഗമായി എർനോ കരുതുന്നു. അബോർഷൻ, സൂപ്പർമാർക്കറ്റുകളിലെ ദൈനംദിനാനുഭവങ്ങൾ, RER (പാരീസിലെ express metro) യാത്രാനുഭവങ്ങൾ, തുടങ്ങിയ വിഷയങ്ങൾ സ്ഥാപിതവും ‘കുലീന’വുമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന രീതിയിൽ അവർ എഴുത്തിൽ കൊണ്ടുവരുന്നു. സാഹിത്യത്തിലെയും സമൂഹത്തിലെയും അധികാരശ്രേണികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രക്രിയകൂടിയാണിത്:

Or the desire to overturn literary and social hierarchies by writing in an identical manner on “objects” considered unworthy of literature, for example supermarkets, the RER, abortion, and on others, more “noble,” such as memory mechanisms, the sensation of time, etc., and by associating them. Above all, the certainty that literature, when it is knowledge, that it goes to the end of a search, is liberating. (L’écriture comme un couteau)

2014-ൽ പ്രസിദ്ധീകരിച്ച Look at the Lights, My Love/Regarde les lumières, mon amour എന്ന പുസ്തകം ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന കാലയളവിലുള്ള ഷോപ്പിങ് അനുഭവങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. നിയോലിബറൽ കാലത്ത് കൊമോഡിറ്റി ഫെറ്റിഷ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഷോപ്പിങ് കേന്ദ്രത്തിൽ സാമൂഹ്യവർഗ്ഗങ്ങളുടെ ശ്രേണീകരണം എങ്ങനെ നടക്കുന്നുവെന്നും ഈ പുസ്തകത്തിലെ കുറിപ്പുകൾ വെളിപെടുത്തുന്നു. വളരെക്കുറച്ചു കൂലി മാത്രം നൽകുന്ന, പണിയെടുക്കുന്നവർക്ക് സുരക്ഷപോലും നൽകാത്ത മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലിടങ്ങളും യൂറോപ്പിലെ വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളും തമ്മിലുള്ള പരസ്യമല്ലാത്ത ബന്ധങ്ങളും ഈ കൃതിയിൽ വിഷയമാകുന്നു. അതിനു മുൻപെഴുതിയ Journal du dehors/Exteriors (1993/1996) La vic extérieure/Things Seen (2000/2010) എന്നീ കൃതികൾ എർനോ വർഷങ്ങളായി ജീവിച്ചുവരുന്ന Cergy-Pontoise എന്നയിടത്തെ ബാഹ്യജീവിതത്തിന്റെ ചിത്രങ്ങൾ അവതരിപ്പിക്കുന്നവയാണ്. പല നാടുകളിൽ നിന്നും വംശങ്ങളിൽ നിന്നുമുള്ള മനുഷ്യർ ഒരു പ്രദേശത്തു ജീവിക്കുന്നതിന്റെ സങ്കീർണ്ണതകൾ അവയിൽ പ്രത്യക്ഷമാകുന്നു. ആഫ്രിക്കയിലെ മുൻകോളനികളിൽ നിന്നുവന്ന് ഫ്രാൻസിൽ ജീവിക്കുന്നവരാണ് ഇതിൽ വലിയൊരു പങ്കും. ലിബറൽ എന്നു സ്വയം കരുതുന്ന ഫ്രെഞ്ച് സമൂഹം ഇവരെ എങ്ങനെയാണ് സ്വീകരിച്ചിട്ടുള്ളത് എന്നും ഈ രചനകൾ അന്വേഷിക്കുന്നു.

അബോർഷൻ ചെയ്യേണ്ടിവരുന്ന ഒരു സ്ത്രീയുടെ ആഘാതാനുഭവം (trauma) എഴുത്തിനു യോജിക്കാത്തത് എന്ന നിലയിൽ സാഹിത്യലോകത്ത് പ്രവേശനം കിട്ടാത്ത വിഷയമായിരുന്നു. വിദഗ്ദ്ധരുടെ സഹായമില്ലാതെ നിയമവിരുദ്ധമായി ചെയ്യുന്ന അബോർഷൻ സാഹിത്യം എന്ന സ്ഥാപനത്തിന് ഒന്നുകൂടി അസ്വീകാര്യമാണ്. സ്വന്തം അനുഭവം അടിസ്ഥാനമാക്കി എഴുതിയ Happening/L’Événement (2001) എന്ന കൃതിയിൽ എർനോ ഇതിന്റെ അരോചകമായ വിശദാംശങ്ങൾ അവതരിപ്പിക്കുന്നു. ഫ്രാൻസിൽ 1975-ൽ അബോർഷൻ നിയമവിധേയമായി എന്നതുകൊണ്ട് അതിനു മുൻപ് സ്ത്രീകൾ അനുഭവിച്ചതൊന്നും അപ്രസക്തമാകുന്നില്ല എന്ന കാഴ്ചപ്പാടാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. സ്വന്തം അനുഭവത്തിലേക്കു തിരിച്ചുപോകുക എന്ന വ്യക്തിപരമായ ആവശ്യത്തോടൊപ്പം, സമാനമായ അനുഭവമുണ്ടായ മറ്റുള്ളവർക്കുവേണ്ടി സംസാരിക്കുക എന്ന സാമൂഹ്യമായ വികാരവും ഇതിനു പ്രേരകമായി പ്രവർത്തിച്ചു:

It was out of a profound personal need to immerse myself again, step by step, so to speak, in the experience of this clandestine abortion, but also – because that’s what writing is, for me – to attest to what was happening to women, the challenges they faced. To relate this, even at the cost of offending the readers’ sensibilities, is to keep the history of women alive. (Charlesworth 2019)

തികച്ചും വ്യക്തിപരമായ തന്റെ അനുഭവത്തിന് ഒരു സ്ത്രീവിഭാഗത്തിന്റെ രാഷ്ട്രീയസമരചരിത്രത്തിൽ തന്നെയാണ് എർനോ ഇടം കണ്ടെത്തുന്നത് എന്നർത്ഥം. ഈ ചരിത്രം, ഒന്നുകൂടി വിപുലമായ അധീശവർഗ്ഗചരിത്രത്തിന്റെ ഭാഗവുമാണ്. Happening എന്ന കൃതിയിലെ ആഖ്യാതാവ്, സ്വന്തം അനുഭവം സാക്ഷ്യപ്പെടുത്തുന്നതിന്റെ പ്രാധാന്യം എത്രയുണ്ട് എന്നതിനെപ്പറ്റി ചിന്തിക്കുന്ന ഒരു സന്ദർഭമുണ്ട്. തന്റെ അനുഭവങ്ങളെല്ലാം തന്നെ, അവയെക്കുറിച്ച് എഴുതാൻ വേണ്ടി കൂടിയാണ് സംഭവിച്ചത് എന്ന ധാരണ അവിടെ എർനോ പങ്കുവയ്ക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യം തന്നെ സ്വന്തം ശരീരവും, ഇന്ദ്രിയാനുഭവങ്ങളും, ചിന്തയും എഴുത്തിൽ കൊണ്ടുവരിക എന്നതായിരിക്കണം എന്ന് അവർ അനുമാനിക്കുന്നു:

Among all the social and psychological reasons that may account for my past, of one I am certain: these things happened to me so that I might recount them. Maybe the true purpose of my life is for my body, my sensations and my thoughts to become writing, in other words, something intelligible and universal, causing my existence to merge into the lives and heads of other people. (Happening 91-92)

തികച്ചും സ്വകാര്യമായ അനുഭവങ്ങൾ അവയുടെ ചരിത്ര-സാമൂഹ്യപശ്ചാത്തലങ്ങളിൽ വിശകലനം ചെയ്യുക എന്ന ലക്ഷ്യം എർനോയുടെ എഴുത്തിനുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

സാമൂഹ്യശാസ്ത്രത്തിന്റെ അമൂർത്തഭാഷയിലല്ല എർനോ സിംബോളിക് വയലൻസ് (ബൂർഡിയോ) പോലെയുള്ള പരികല്പനകൾ മനസ്സിലാക്കുന്നത്; സ്വന്തം ജീവിതാനുഭവങ്ങൾ വിശദീകരിക്കുന്നതിനുള്ള സാമഗ്രികൾ എന്ന നിലയിലാണ്. സിമോങ് ദ് ബുവാ(റി)ന്റെയോ ബൂർഡിയോയുടെയോ ആശയങ്ങളുടെ ‘സ്വാധീന’ത്തിൽ സംഭവിക്കുന്ന ഒന്നല്ല ഇവിടെ എഴുത്ത്. തന്റെ ജീവിതാനുഭവങ്ങൾ ഈ ചിന്തകരുടെ വിശകലങ്ങളുമായി എങ്ങനെ ചേർന്നുപോകുന്നു എന്ന തിരിച്ചറിവാണ് അവയെ പ്രസക്തമാക്കുന്നതു തന്നെ.

എഴുത്തിൽ സ്വീകാര്യമായ വിഷയത്തെക്കുറിച്ചുള്ള സ്ഥാപിതമായ വിശ്വാസങ്ങൾ എർനോ ചോദ്യം ചെയ്യുന്നത് അതുചെയ്യുന്നതിലുള്ള കൗതുകം കൊണ്ടല്ല, ചില കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നത് ഒഴിവാക്കാൻ കഴിയില്ല എന്ന ബോദ്ധ്യത്തിലാണ് എന്നർത്ഥം.

എഴുത്തുകാരുടെ ‘സാധുത’യും അവരുടെ വർഗ്ഗ-ജെൻഡർ പശ്ചാത്തലങ്ങളും

ഫ്രഞ്ച് നോവലിൽ രൂപപരമായ പരീക്ഷണങ്ങൾക്കു പ്രാമുഖ്യമുണ്ടായിരുന്ന 1960-കളിലെ അന്തരീക്ഷത്തിൽ നിന്നുള്ള ഒരു വ്യതിയാനം എർനോയുടെ എഴുത്തിന്റെ ബോധപൂർവ്വമായ രാഷ്ട്രീയസ്വഭാവത്തിൽ അടങ്ങിയിരിക്കുന്നു. വ്യതിയാനമായി മാത്രമല്ല, ഒരു മറുപടിയായിക്കൂടിയും അതിനെ കാണേണ്ടിവരും. എഴുതുന്നതിനുള്ള അവരുടെ ആദ്യശ്രമങ്ങൾ അക്കാലത്ത് ഫ്രാൻസിൽ  പ്രചാരത്തിലുണ്ടായിരുന്ന പുതുനോവൽ രീതികളുമായി ചേർന്നുപോകുന്നതായിരുന്നു; എന്നാൽ, 70കളിലെത്തുമ്പോഴേക്കും ഭൗതികജീവിതത്തിൽ ഊന്നിനിൽക്കുന്ന ഒരു സാഹിത്യസങ്കല്പത്തിലേക്ക് അവർ എത്തിച്ചേർന്നു. സ്വന്തം ജീവിതത്തിൽ നേരിടുന്ന അനുഭവങ്ങളും ചുറ്റുമുള്ള ലോകത്തു നടക്കുന്ന സംഭവങ്ങളും (അൾജീറിയയിലെ കൊളോണിയൽ-വിരുദ്ധസമരം, വിയറ്റ്നാം യുദ്ധം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ഫ്രാൻസിൽ നടന്ന പ്രക്ഷോഭങ്ങൾ) ഉളവാക്കിയ ആന്തരിക സംഘർഷങ്ങളുടെ സ്വാധീനത്തിൽ സാവധാനമുണ്ടായ ഒരു പരിവർത്തനമായിരുന്നു ഇത്. ഒരു പുതിയ സൗന്ദര്യദർശനവും രചനാരീതിയും കണ്ടെത്തുന്നതിലുമുപരിയായി, ദൈനംദിന ജീവിതത്തിലെ അധികാരഘടനകൾ അനാവരണം ചെയ്യുന്നതിനുള്ള ഇടമായി (site) എർനോയുടെ എഴുത്ത് മാറി എന്നത് ഫ്രെഞ്ച് പുതുനോവൽ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിയാനം സ്പഷ്ടമാക്കുന്നു.

കൊളോണിയൽ അതിക്രമങ്ങളും അവയുടെ തുടർച്ചകളും, വംശീയത, മറ്റുദേശങ്ങളിൽ നിന്നു വന്ന് യൂറോപ്പിൽ ജീവിക്കുന്നവരുടെ അവസ്ഥ, ഉപഭോഗസംസ്കാരത്തിന്റെ അധീശത്വം, സാമൂഹ്യമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ എർനോ ഇടപെടലുകൾ നടത്താറുണ്ട്. (കോവിഡ് വ്യാപനസമയത്ത് അവർ പ്രസിഡെന്റ് മാക്രോണിനെഴുതിയ തുറന്ന കത്ത് നിശിതമായ വിമർശനം ഉൾക്കൊണ്ടിരുന്നു.) ഇക്കാര്യത്തിൽ മുൻതലമുറയിലെ എഴുത്തുകാരായിരുന്ന കമ്യു, സാർത്ര് സിമോങ് ദ് ബുവാ(ർ) തുടങ്ങിയവരുടെ മാതൃക ചെറുപ്പത്തിൽ അവർ ശ്രദ്ധിച്ചിട്ടുണ്ടാകണം.  എന്നാൽ എർനോയുടെ രചനകളിൽ ഉരുത്തിരിയുന്ന പ്രധാന രാഷ്ട്രീയനിലപാടുകൾ കുട്ടിക്കാലം മുതൽ നേരിട്ടറിഞ്ഞ രണ്ടു വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്: സാമൂഹ്യവർഗ്ഗങ്ങൾക്കിടയിലുള്ള അസമത്വം, സ്ത്രീകൾ നേരിടുന്ന വിവേചനവും അസ്വാതന്ത്ര്യവും. ഭരണകൂടം, മതാധികാരം, സാംസ്കാരികമായ അധികാരശ്രേണികൾ, വിപണി, കുടുംബാധികാരം എന്നിവ കൂട്ടായി പ്രവർത്തിക്കുന്നതുകൊണ്ട് വർഗ്ഗവും ജെൻഡറുമായി തൊട്ടുനിൽക്കുന്നതെല്ലാം വേർതിരിക്കാൻ കഴിയാത്ത രീതിയിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അമൂർത്തമായ ആശയങ്ങൾ മുതൽ ശരീരത്തിലേൽക്കുന്ന ക്ഷതങ്ങൾ വരെ വ്യാപിച്ചുനിൽക്കുന്ന വിപുലമായ അനുഭവലോകമാണ് എർനോ Cleaned Out മുതലുള്ള രചനകൾ അവതരിപ്പിക്കുന്നത്. 

ഒരു തൊഴിലാളിവർഗ്ഗ കുടുംബത്തിൽ ജീവിതമാരംഭിച്ച സ്തീ എന്ന നിലയിൽ വ്യക്തിപരവും സാമൂഹ്യവുമായി അവർക്കുണ്ടായ അനുഭവങ്ങളും വാഞ്ഛകളും എർനോയുടെ എഴുത്തിന്റെ സുപ്രധാനഘടകങ്ങളാണ്. പാരിസ് പോലെയുള്ള നഗരങ്ങളിൽ മദ്ധ്യ-ഉപരിവർഗ്ഗ സംസ്കാരികാന്തരീക്ഷത്തിൽ ജീവിച്ചുകൊണ്ട് സ്ത്രീ-അനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതിയ കൊലാറ്റ്, അനയസ് നിൻ, മാർഗറിറ്റ് ഡ്യൂറാസ് എന്നിവരുടേതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് എർനോ ജനിച്ചുവളർന്ന ഉത്തരഫ്രാൻസിലെ നോർമൻഡിയിലുണ്ടായിരുന്നത്. മതത്തിന്റെ സ്വാധീനത്തിൽ തികച്ചും യഥാസ്ഥിതികമായ വിശ്വാസങ്ങളിൽ ജീവിക്കുന്നവരായിരുന്നു അവിടെ സാമ്പത്തികമായി ദുർബ്ബലരായിരുന്നവരിൽ മിക്കവാറും എല്ലാവരും. എർനോയുടെ മാതാപിതാക്കളുടെ മുൻതലമുറയിൽ നല്ലൊരു ശതമാനം അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു. എർനോയുടെ തലമുറയിൽ തന്നെ തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നുള്ള വളരെക്കുറച്ചുപേർക്കു മാത്രമാണ് ഉന്നതവിദ്യാഭ്യാസം സാദ്ധ്യമായിരുന്നത്.

തൊഴിലാളിവർഗ്ഗപശ്ചാത്തലത്തിൽ നിന്നു വന്ന് അംഗീകാരം നേടിയ എഴുത്തുകാർ ഫ്രാൻസിൽ വളരെക്കുറച്ചേയുള്ളു. അൽബേർ കമ്യുവാണ് അറിയപ്പെടുന്ന ഒരുദാഹരണം; കമ്യുവാകട്ടെ, ദാരിദ്ര്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ നോവലുകളിലും കഥകളിലും പ്രമേയമാക്കിയിട്ടില്ല (“Jehan Rictus, the Poet of Poverty,” “The Misery of Kabylia” തുടങ്ങിയ ലേഖനങ്ങളിലാണ് കമ്യു ദാരിദ്ര്യത്തിന്റെ ഭീകരതയും ദരിദ്രരുടെ ശബ്ദവും പ്രധാനവിഷയമാക്കുന്നത്). കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വളരെയധികം ചർച്ചചെയ്യപ്പെട്ട നാലു നോവലുകളെഴുതിയ എദ്‌വാർ ലൂയി (Édouard Louis) ഒരു സമകാലിക ഉദാഹരണമാണ്. തൊണ്ണൂറുകളിലെ ഫ്രഞ്ച് സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷം ജീവിതം ദുസ്സഹമായി മാറിയ ഉൾനാടൻ തൊഴിലാളികളുടെ ജീവിതമാണ് ലൂയിയുടെ The End of Eddy (2014), Who Killed My Father (2018), A Woman’s Battles and Transformations (2021) എന്നീ നോവലുകളിലെ ആഖ്യാനപശ്ചാത്തലം. വ്യാപകമായി അംഗീകരിക്കപ്പെടുന്നതിനോടൊപ്പം ഇവ നിശിമായ വിമർശനങ്ങളും ഏറ്റുവാങ്ങി. ഫ്രഞ്ച് സാംസ്കാരിക മേഖലയിലെ വലതുപക്ഷതാല്പര്യങ്ങൾക്ക് ദാരിദ്ര്യം, വർഗ്ഗം, പ്രക്ഷോഭം, ലൈംഗികത തുടങ്ങിയ കാര്യങ്ങൾ സാഹിത്യവിഷയമാകുന്നത് എത്രമാത്രം അരോചകമാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു വിമർശനങ്ങളിൽ പലതും.

ഇപ്പോഴും ഒരെഴുത്തുകാരനെന്ന നിലയിൽ ലൂയി ചില വൃത്തങ്ങളിൽ എന്തുകൊണ്ട് സ്വീകാര്യനല്ല എന്നതിനെക്കുറിച്ച് ഒരു സംഭാഷണത്തിൽ എർനോ പറയുന്നുണ്ട്: “As Pierre Bourdieu would have said: “Where is his entry ticket?” By writing, you appropriate this legitimacy, but it can be questioned at any moment (Cervera-Marzal, 2022). എഴുത്തുകാരുടെ വർഗ്ഗ-വംശ-ലിംഗ പശ്ചാത്തലങ്ങൾ യാഥാസ്ഥിതിക വൃത്തങ്ങളിൽ അവരുടെ സ്വീകാര്യതയെ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ലൂയിയുടെ നോവലുകളിൽ വിവരിക്കുന്നതുപോലെയുള്ള ദുരിതസാഹചര്യങ്ങിൽ ജീവിക്കുന്ന തൊഴിലാളികൾ പിക്കർഡി പ്രദേശത്തുണ്ട് എന്നത് 2014-ൽ ആദ്യകൃതി പുറത്തുവന്നപ്പോൾ പലർക്കും അവിശ്വസിനീയമായി തോന്നുകയുണ്ടായി. ഒരു വികസിത രാഷ്ട്രം എന്ന നിലയിലുള്ള ഫ്രാൻസിന്റെ പ്രതിച്ഛായതന്നെ ചോദ്യം ചെയ്യപ്പെടുന്നതിൽ അലോസരപ്പെട്ടവരുമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ, എദ്‌വാർ ലൂയി വർഗ്ഗരാഷ്ട്രീയത്തെക്കുറിച്ചും ക്വീർ രാഷ്ട്രീയത്തെക്കുറിച്ചും ഉറച്ച നിലപാടുകളെടുക്കുന്നത് കൂടുതൽ ‘അപ്രീതി’യുണ്ടാക്കി:

Some bodies are more exposed to politics than other bodies: the queer body, the working class body, the Black body. Unfortunately, the majority of people who write and read books are from privileged classes. My work is deeply political because I try to show my readers, who have maybe never really experienced the impact of politics on a body, how much is at stake for some people. (Eli 2018)

ലൂയിയുടെ പുസ്തകങ്ങൾക്ക് ധാരാളം വായനക്കാരുണ്ടെന്നതും ഒരു പ്രശ്നമായിരുന്നു; സ്വാഭാവികമായും നിശിതനിരൂപണങ്ങളോടൊപ്പം വെട്ടുകിളിസ്വഭാവമുള്ള പാപ്പരാസി ആക്രമണങ്ങളും അയാൾക്കുനേരെയുണ്ടായി. എർനോ പറയുന്നതുപോലെ, സാഹിത്യലോകത്തേക്കുള്ള അയാളുടെ പ്രവേശനാനുമതിയും എഴുത്തുകാരൻ എന്ന നിലയിലുള്ള സാധുതയും ചോദ്യം ചെയ്യപ്പെട്ടു.

അബോർഷൻ, ലൈംഗികാനുഭവം, വർഗ്ഗം എന്നീ വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോഴുണ്ടാകുന്ന യാഥാസ്ഥിതിക വിമർശനവും സാധുത ചോദ്യം ചെയ്യലും എർനോ പല പ്രാവശ്യം നേരിട്ടിട്ടുണ്ട്. Simple Passion, (1991) Happening (2000) എന്നീ കൃതികൾ പുറത്തുവന്നപ്പോൾ സാഹിത്യനിലവാരത്തിനു ‘ചേരാത്ത’തും എഴുതാൻ പാടില്ലാത്തതുമായ (taboo) വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീ എന്ന് അവരെ വിലയിരുത്തിയ വിമർശകർ നിരവധിയാണ്. ഇവരിൽ കൂടുതൽ പേരും സാംസ്കാരികമായും രാഷ്ട്രീയമായും വലതുപക്ഷത്തുള്ളവരായിരുന്നു; യാഥാസ്ഥിതിക ഇടതുപക്ഷത്തുനിന്നും സമാനമായ പ്രതികരണമുണ്ടായി.

കുട്ടിക്കാലം മുതൽ തന്നെ ചുറ്റുമുള്ള ലോകത്തെ സാമ്പത്തികവും സാംസ്കാരികവുമായ അന്തരങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെങ്കിലും എർനോയുടെ ചിന്ത വർഗ്ഗരാഷ്ട്രീയത്തിലെത്തുന്നത് അൻപതുകളുടെ അവസാനമാണ്. സിമോങ് ദ് ബുവാ(ർ), സാർത്ര്, ആന്ദ്രേ ബ്രിത്തോങ്, മാർക്സ് എന്ന ക്രമത്തിലാണ് തന്റെ വായന നീങ്ങിയത് എന്ന് എർനോ ഫ്രെഡെറിക്-ഈവ് ജെനാറ്റുമായുള്ള സംഭാഷണത്തിൽ ഓർമ്മിക്കുന്നു. പുരുഷാധിപത്യം, സ്വാതന്ത്ര്യം, വിപ്ലവം, വർഗ്ഗസംഘർഷം എന്നീ ആശയങ്ങൾ ഇക്കാലത്ത് അവരുടെ ചിന്തയിൽ മുഖ്യവിഷയങ്ങളായി. എന്നിരുന്നാലും അറുപതുകളുടെ തുടക്കത്തിൽ എഴുതുകയും ഉപേക്ഷിക്കുകയും ചെയ്ത നോവൽ, മുൻപു സൂചിപ്പിച്ചതു പോലെ, nuoveau roman രീതിയിലുള്ളതായിരുന്നു. വളരെ സാവധാനമാണ് എർനോയുടെ എഴുത്തിന്റെ രാഷ്ട്രീയം രൂപമെടുക്കുന്നത്. നിരവധി ഘടകങ്ങൾ ഇതിനു പ്രേരകമായിട്ടുണ്ട്. ഇരുപത്തിമൂന്നാം വയസ്സിൽ രഹസ്യമായി ചെയ്യേണ്ടിവന്ന അബോർഷൻ, വിവാഹം, കുട്ടികൾ, അദ്ധ്യാപനജോലി, പിതാവിന്റെ മരണം എന്നിങ്ങനെ വ്യക്തിജീവിതത്തിൽ പല സംഭവങ്ങളുമുണ്ടായ ദശകമായിരുന്നു അത്. ജോലിയും പുതിയ കുടുംബജീവിതവും മൂലമുണ്ടായ വർഗ്ഗപരിണാമം ആഴത്തിലുള്ള മാറ്റങ്ങൾ ജീവിതത്തിലും ചിന്തയിലുമുണ്ടാക്കി. എഴുപതുകളുടെ തുടക്കത്തിൽ Choosing, MLAC (Movement for Abortion and Contraception Freedom) എന്നീ സ്ത്രീവിമോചന പ്രസ്ഥാനങ്ങളോട് ചേർന്നു പ്രവർത്തിച്ചത് രാഷ്ട്രീയചിന്ത കൃത്യവും മൂർച്ചയുള്ളതുമാകുവാൻ സഹായിച്ചു. 1972ൽ ആദ്യനോവൽ എഴുതാൻ തുടങ്ങുമ്പോഴേക്കും അത് ഏറെക്കുറ വികസിതമായിരുന്നു.

ആധിപത്യത്തിന്റെ സാമൂഹ്യശാസ്തം: സിമോങ് ദ് ബുവാ(ർ), പിയർ ബൂർഡിയൂ

എർനോയുടെ രാഷ്ട്രീയനിലപാടുകൾ കൂടുതൽ വ്യക്തതയാർജ്ജിക്കുന്നത് പിയർ ബൂർഡിയൂ നടത്തിയ സാമൂഹ്യശാസ്ത്രപഠനങ്ങളുമായി പരിചയമാകുന്നതോടെയാണ്. Habitus, Symbolic Viloence എന്നീ പരികല്പനകൾ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തിൽ ‘സ്വാഭാവിക’മായി (natural) കരുതിയതെല്ലാം അങ്ങനെയല്ലെന്ന് വെളിവാകുന്നതിന്റെ ഞെട്ടലുണ്ടാക്കി എന്ന് 2002-ൽ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പിൽ അവർ എഴുതുന്നുണ്ട്. ബൂർഡിയൂ എഴുതിയ The Inheritors: French Students and Their Relations to Culture (1964; 1979) Reproduction in Education, Society and Culture (1970;1977) Distinction: A Social Critique of the Judgment of Taste (1979; 1984) എന്നീ കൃതികളുടെ വായനയുണ്ടാക്കിയത് ഒരു ontological shock ആയിരുന്നു എന്ന് അവർ തുടർന്നു പറയുന്നു. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും സാമൂഹ്യലോകത്തെത്തന്നെയും അടിസ്ഥാനമാക്കിയ കാഴ്ചപ്പാടുകൾ മാറിമറിയുമ്പോഴുണ്ടാകുന്ന ഞെട്ടലാണ് ontological shock എന്നു പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത്.

ബൂർഡിയൂവിന്റെ വിശകലനങ്ങൾ എർനോയുടെ ചിന്തയിൽ ഒരു നിർണ്ണായക സ്വാധീനമാകുന്നതിനുള്ള പ്രധാന കാരണം തന്റെയും അടുത്തറിയുന്ന മറ്റുപലരുടെയും ജീവിതത്തിൽ നിന്നുതന്നെയുള്ള നിഷേധിക്കാൻ കഴിയാത്ത തെളിവുകൾ തന്നെയായിരുന്നു. ഉദാഹരണമായി, താനും താൻ സ്നേഹിച്ചവരും അനുഭവിച്ചത് എന്ന നിലയിലാണ്  അവർ symbolic violence മനസ്സിലാക്കുന്നത്:

And for those who themselves come from dominated social classes, the intellectual agreement they give to Bourdieu’s rigorous analyses is accompanied by a sense of lived certainty, a truthfulness of the theory somehow guaranteed by experience: one cannot, for instance, deny the reality of symbolic violence when one has personally experienced it, along with one’s loved ones. (Hôtel Casanova)

ചിന്തയിൽ അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടാക്കിയ ഒരു സംഭവമായി വേണം ഈ വായനാനുഭവത്തെ കാണാൻ. 1959-ൽ The Second Sex വായിക്കുമ്പോൾ അവരുടെ ചിന്തയിൽ സംഭവിച്ച വിപ്ലവവുമായാണ് ഇതിനു സാമ്യമുള്ളത്:

I have sometimes compared the impact of my first reading of Bourdieu to that of Simone de Beauvoir’s The Second Sex, fifteen years earlier: the sudden emergence of an irreversible awareness, one about the condition of women, the other about the structure of the social world. It was a painful eruption but followed by a unique joy, a special strength, a sense of liberation, and a shattered sense of solitude. (Hôtel Casanova)

എഴുത്ത് തുടരുന്നതിനും അതിൽ സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നതിനും പ്രേരകമായ ഒരു പ്രധാനഘടകം ബൂർഡിയൂവിന്റെ രചനകളുമായുള്ള പരിചയമായിരുന്നു എന്ന് എർനോ കൂട്ടിച്ചേർക്കുന്നു. ഒരു സാമൂഹ്യശാസ്ത്രജ്ഞനോ ചരിത്രമെഴുതുന്നയാളോ ചെയ്യുന്ന കാര്യങ്ങളാണ് അവർ ചെയ്യാൻ ശ്രമിക്കുന്നത് എന്ന് ഇതിനർത്ഥമില്ല. “I owe a lot to Bourdieu’s sociology, but I don’t “do” Bourdieu” എന്ന് ഒരു സംഭാഷണത്തിൽ(Le Vrai lieu) അവർ പറയുന്നത് ഈ അർത്ഥത്തിലാണ്:

In a way, it was logical that what came from sociology should return to it, but in another way — incarnated, if I may put it like that, in the diversity and texture of a singular life, and in the form of a felt truth. My texts are not demonstrations of the accuracy of the sociology of domination, but they bring to it elements drawn from personal experience. (Cervera-Marzal, 2022)

ചിലകാര്യങ്ങൾ വിസ്മൃതിയിലാണ്ടുപോകുന്നതു തടയുന്നതിനുള്ള സാക്ഷ്യങ്ങൾ എന്ന മൂല്യമാണ് തന്റെ രചനകളിൽ അവർ കാണുന്നത്. പല കൃതികളിലും ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നതാകട്ടെ, ഉൽക്കടമായ വ്യക്ത്യനുഭവങ്ങളുമാണ്. സ്വന്തം ജീവിതത്തിൽ ഈ അനുഭവങ്ങൾക്കുള്ള പ്രത്യേക സ്ഥാനം കൊണ്ടുമാത്രമല്ല അവ വിഷയമാകുന്നത്; അനുഭവങ്ങളുടെ നിർമ്മിതിയിൽ സാമൂഹ്യസാഹചര്യങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ എന്ന അന്വേഷണം സാദ്ധ്യമാക്കുന്നതുകൊണ്ടു കൂടിയാണ്.

മകൾ സമൂഹത്തിൽ ഉയരണം എന്ന വാഞ്ഛയുണ്ടായിരുന്നതുകൊണ്ട് മദ്ധ്യവർഗ്ഗത്തിൽ നിന്നുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ഒരു കോൺവെന്റിലാണ് അമ്മ എർനോയെ ചേർത്തത്. വായനയ്ക്കും ചിന്തയ്ക്കും കർശനമായ നിയന്ത്രണങ്ങളുള്ള സ്ഥാപനമായിരുന്നു അത് എങ്കിൽക്കൂടി, ഗൗരവമായി വായിക്കുന്നതിന് അവിടത്തെ പഠനം അവരെ സഹായിച്ചു. എന്നാൽ അതിലും പ്രധാനമായത് സ്വന്തം വർഗ്ഗപശ്ചാത്തലം അവിടെയുള്ള ഭൂരിഭാഗം കുട്ടികളുടേതിൽ നിന്നും വ്യത്യസ്തമാണ് എന്ന് അനുഭവിച്ചറിയുന്നതിലുള്ള രാഷ്ട്രീയപാഠമായിരുന്നു. ഇതു സൃഷ്ടിച്ച അപകർഷതാബോധവും അമർഷവും എഴുപതുകളുടെ പകുതി വരെയെങ്കിലും എർനോയെ പിൻതുടരുകയുണ്ടായി. ആദ്യമെഴുതിയ നോവലുകളിൽ മാതാപിതാക്കളുടെ നേരെയും ഈ അമർഷം തിരിയുന്ന സന്ദർഭങ്ങളുണ്ട്. മുൻപു സൂചിപ്പിച്ചതുപോലെ, A Frozen Woman (1981), A Man’s Place (1983) എന്നീ കൃതികൾ എഴുതിയതിനിടയിലുള്ള ഘട്ടത്തിൽ എഴുത്തിനോടും സ്വന്തം ഭൂതകാലത്തോടുമുള്ള അവരുടെ സമീപനം മാറുന്നതായി കാണാം. അമർഷവും ബന്ധപ്പെട്ട വികാരങ്ങളും ചരിത്ര-സ്ഥിതികളിലേക്കുള്ള കൂടുതൽ സൂക്ഷ്മവും വസ്തുനിഷ്ഠവുമായ അന്വേഷണങ്ങൾക്ക് വഴിമാറുന്നു. ഒരു സ്ത്രീ ആയതുകൊണ്ടുമാത്രം അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ഒരു പ്രത്യേക വർഗ്ഗത്തിൽ പിറന്നതുകൊണ്ട് നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും തുടർന്നുള്ള എഴുത്തിൽ അനുഭവതലത്തിൽ നിന്നുകൊണ്ട് കൃത്യതയോടെ അവതരിപ്പിക്കുന്നതിൽ ഈ സൂക്ഷ്മത സഹായിക്കുന്നുണ്ട്.

ജെൻഡർ, വർഗ്ഗം എന്നീ യാഥാർത്ഥ്യങ്ങളിൽ നിന്ന് വേറിട്ടല്ല വ്യക്ത്യനുഭവങ്ങളുണ്ടാകുന്നത് എന്ന ബോധ്യം A Man’s Place മുതലുള്ള കൃതികളിലാണ് കൂടുതൽ തെളിഞ്ഞുവരുന്നതെങ്കിലും അതിനോടു ബന്ധപ്പെട്ട ആശയമണ്ഡലം വർഷങ്ങൾക്കു മുൻപുതന്നെ എർനോവിനു പരിചിതമായിരുന്നു. മുൻപു സൂചിപ്പിച്ചതുപോലെ, 1950-കളുടെ അവസാനം മുതൽ തന്നെ The Second Sex ഈ ആശയമണ്ഡലത്തിലുണ്ട്; എഴുപതുകളിൽ പിയർ ബൂർദിയോയുടെ സാമൂഹ്യശാസ്ത്രപഠനങ്ങൾ ഇതൊടൊപ്പം ചേരുന്നു. ബുദ്ധിപരമായ ഒരു കൗതുകമല്ല ഇവയിലുണ്ടായിരുന്നത് എന്ന് എടുത്തുപറയേണ്ടതില്ല. എർനോ 2016-ൽ പ്രസിദ്ധീകരിച്ച A Girl’s Story-യിലെ പതിനെട്ടു വയസ്സുള്ള പെൺകുട്ടി ഒരു മാനസികാഘാതത്തിൽ കൂടി കടന്നുപോകുമ്പോൾ ഒരു വെളിപാടുപോലെ സിമോങ് ദ് ബുവാ(ർ) വായിക്കുന്നത് ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ഒരാൾ സ്ത്രീയായി ജനിക്കുകയല്ല സ്ത്രീ ആയിത്തീരുകയാണു ചെയ്യുന്നത് എന്ന പ്രസിദ്ധമായ നിരീക്ഷണം അനുഭവത്തിൽ നിന്നാണ് അവൾ അറിയുന്നത്. ഏതാനും ദിവസങ്ങൾ മുൻപുവരെ ബാഹ്യമായ കാഴ്ചൾക്കുപിന്നിൽ മറഞ്ഞിരുന്ന യാഥാർത്ഥ്യം—കാലാകാലമായി പ്രയോഗത്തിലുള്ള പുരുഷന്റെ അധികാരവും അതു സൃഷ്ടിക്കുന്ന സ്ത്രീയുടെ അന്യവൽക്കരണവും—മറനീക്കി പുറത്തുവരുന്ന അനുഭവം കൂടിയാണ് ഈ വായനയുളവാക്കുന്നത്: 

Has The Second Sex cleansed me of all that, or on the other hand, completely submerged me? I choose not to come down on one side or the other. To have received the key to understanding shame does not give one the power to erase it. (A Girl’s Story 113)

സ്വന്തം അപമാനം മനസ്സിലാക്കുന്നതിനുള്ള താക്കോൽ The Second Sex എന്ന പഠനത്തിലുണ്ട് എന്ന് ‘58ലെ പെൺകുട്ടി’ അന്നു തന്നെ ഗ്രഹിച്ചിരുന്നു എന്നു നിരീക്ഷിക്കുമ്പോൾ തന്നെ, അതിൽ നിന്നു സ്വതന്ത്രയാകാൻ പ്രസ്തുത താക്കോൽ മാത്രം മതിയാവില്ലെന്ന് എർനോ എടുത്തുപറയുന്നു. നിത്യജീവിതത്തിൽ നടത്തുന്ന ഇടപെടലുകളും പ്രതിരോധങ്ങളുമില്ലാതെ നേടുവാനോ നിലനിർത്തുവാനോ കഴിയാത്ത ഒന്നാണ് ഈ സ്വാതന്ത്ര്യം; അന്യവൽകരിക്കപ്പെട്ട ഒരു സ്വത്വം എന്ന നില തരണം ചെയ്യുന്നതിൽകൂടി മാത്രമേ അത് യാഥാർത്ഥ്യമായി നിലനിൽക്കുകയുള്ളു. ഒരു സ്വാതന്ത്ര്യപ്രഖ്യാപനം കൊണ്ടു മാത്രം നിലവിൽ വരുന്ന ഒന്നല്ല അത്; നിരന്തരമായ സ്വാതന്ത്ര്യസമരം തന്നെ അതിനാവശ്യമാണ്. A Girl’s Storyയിലെ ആഖ്യാതാവ് തുടരുന്നു:

In any case, what matters in April 1959 is the future. I am certain that the philosophy student has answered Simone de Beauvoir’s summons on the last page to choose: “I believe that [woman] has the power to choose between the assertion of her transcendence and her alienation as an object.” She has received the answer to her question, the one asked by most girls of her time: How am I supposed to conduct myself? With freedom. (113)

സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ല എന്നതിനെക്കുറിച്ച് A Girl’s Storyയിലെ ആഖ്യാതാവിനും കഥാപാത്രത്തിനും മിഥ്യാധാരണകളൊന്നുമില്ല. കൃതിയുടെ കേന്ദ്രവിഷയമായ ആഘാതാനുഭവത്തിൽ നിന്ന് ശാരീരികമായി പുറത്തുവരാൻ അവൾ വർഷങ്ങളാണെടുക്കുന്നത്. തുടർന്നുണ്ടാകുന്ന Bulimia nervosa, (അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത) Amenorrhea (ആർത്തവം താൽക്കാലികമായി നിലയ്ക്കുന്ന അവസ്ഥ) “Bulimia—an obscenity, that unmentionable pleasure which manufactures fat and excrement to be eliminated, and blood that does not flow” (105) എന്നീ ശാരീരികപ്രശ്നങ്ങൾ മാനസികാഘാതത്തിന്റെ തുടർച്ചയായി വരുന്ന അനന്തരഫലങ്ങളാണ്.  ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യം ഒരു ആശയം എന്ന നിലയിൽ നിന്ന് അനുഭവയാഥാർത്ഥ്യം എന്ന നിലയിലെത്തുന്നതിന്റെ സങ്കീർണ്ണതകൾ ആശയതലത്തിലുള്ളവയിൽ നിന്ന് ഭിന്നമാണ് എന്നതും ഇവിടെ എഴുത്തിന്റെ വിഷയമാകുന്നു.

“ആധിപത്യത്തിന്റെ സാമൂഹ്യശാസ്ത്രം” എന്നു പറയുമ്പോൾ എർനോ പ്രധാനമായുമുദ്ദേശിക്കുന്നത്  സിമോങ് ദ് ബുവാ(ർ), പിയർ ബൂർദിയോ എന്നിവരുടെ വിശകലനങ്ങൾ തന്നെയാണ്. തന്റെ എഴുത്ത് ഇത്തരം ആശയങ്ങളുടെ വിശദീകരണമോ ദൃഷ്ടാന്തവൽകരണമോ അല്ല എന്ന് ഇവിടെ എടുത്തുപറയുന്നത് പ്രത്യേകശ്രദ്ധയർഹിക്കുന്നു. ഈ രണ്ടുപേരും സംബോധനചെയ്തിട്ടുള്ള പ്രശ്നങ്ങളെപ്പറ്റി എഴുതുമ്പോൾ തന്നെ വ്യത്യസ്തമായ ഒരു നിലയിൽ നിന്നുകൊണ്ടും വ്യത്യസ്തമായ ലക്ഷ്യങ്ങളോടുകൂടിയുമാണ് എർനോ അതു ചെയ്യുന്നത്. ചരിത്രസ്ഥിതിയുടെയും ജീവിതസാഹചര്യത്തിന്റെയും വ്യത്യസ്തതകൾ കൊണ്ടു സങ്കീർണ്ണമായ വ്യക്തിയുടെ അനുഭവതലമാണ് ഇവിടെ എഴുത്തിന്റെ മേഖല. വിശകലനങ്ങൾ എല്ലായ്പ്പോഴും പ്രവർത്തിക്കാത്ത ഒരു മേഖലയാണത്.

Comments