ചാരാൻ വലിയ ചുവരുകളില്ല, ഉറപ്പുള്ള മണ്ണില്ല

നാം എവിടേയ്ക്കാണ് ഇത്രയേറെ തിടുക്കത്തിൽ പോകുന്നതെന്ന് ചോദിക്കുന്നത് അത്രയുമധികം അപരാധമാണോ? വലിയ പദ്ധതികൾ കൊണ്ട് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതം നമുക്ക് ചുറ്റുമുണ്ട്. ബലിയപാലിലേക്കും നർമദയിലേക്കും ഒന്ന് നോക്കിയാൽ മതി. ഇതൊരു കുഞ്ഞൻ നാടല്ലേ? ഒന്നുറക്കെ കൂവിയാൽ അപ്പുറം കേൾക്കുന്നത്ര അരികിലല്ലേ നമ്മുടെ അയൽപക്കങ്ങൾ? എല്ലാം വാശിയോടെ ചെയ്തു തീർക്കും മുമ്പ് ഒന്ന് ആലോചിച്ചു കൂടെ എന്ന വിനീതമായ വാക്കുകളോട് ഇങ്ങനെ എന്തിന് അസ്വസ്ഥപ്പെടണം?

ബെന്യാമിനുമായി വ്യക്തിപരമായ വാക്കുതർക്കത്തിലേക്ക് കാര്യങ്ങളെ ചുരുക്കുകയെന്നാൽ അത് തുറന്നുള്ള ഒരു സംഭാഷണത്തിന്റെ സാദ്ധ്യതയെ പൂർണമായും അപകടപ്പെടുത്തും. കെ-റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളിതുവരെ പല ബുദ്ധിജീവികളും എഴുത്തുകാരും നിശ്ശബ്ദരായിരുന്നു. ഈ മൗനത്തിലേക്കാണ് റഫീക്ക് അഹമ്മദ് ചില ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള മറുപടികൾ ജനാധിപത്യവിരുദ്ധമായി തീരുകയും ചെയ്തത്. ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഒരാളുടെ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം. മറ്റൊന്ന് കേരളത്തിന്റെ പാരിസ്ഥിതിക സമരത്തെ ഓർമപ്പെടുത്തൽ.

ഭൂപടം ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കേരളത്തിന്റെ ചെരിവുള്ള പാവം കിടപ്പ് നമുക്ക് കാണാം. ഇതിൽ കാടും പുഴകളും പക്ഷിമൃഗാദികളും അസംഖ്യം ചെറുസസ്യങ്ങളും തണ്ണീർത്തടങ്ങളുമുണ്ട്. പാവം മനുഷ്യരുണ്ട്. പ്രളയത്തെ അതിജീവിച്ചതിന്റെ സങ്കടങ്ങളും മുറിവുകളുമുണ്ട്. മഹാമാരിയുടെ ശ്വാസം നിലപ്പിക്കുന്ന ഭീഷണിയുണ്ട്. അങ്ങനെയുള്ളപ്പോൾ നാം എവിടേയ്ക്കാണ് ഇത്രയേറെ തിടുക്കത്തിൽ പോകുന്നതെന്ന് ചോദിക്കുന്നത് അത്രയുമധികം അപരാധമാണോ? വലിയ പദ്ധതികൾ കൊണ്ട് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതം നമുക്ക് ചുറ്റുമുണ്ട്. ബലിയപാലിലേക്കും നർമദയിലേക്കും ഒന്ന് നോക്കിയാൽ മതി. ഇതൊരു കുഞ്ഞൻ നാടല്ലേ? ഒന്നുറക്കെ കൂവിയാൽ അപ്പുറം കേൾക്കുന്നത്ര അരികിലല്ലേ നമ്മുടെ അയൽപക്കങ്ങൾ? എല്ലാം വാശിയോടെ ചെയ്തു തീർക്കും മുമ്പ് ഒന്ന് ആലോചിച്ചു കൂടെ എന്ന വിനീതമായ വാക്കുകളോട് ഇങ്ങനെ എന്തിന് അസ്വസ്ഥപ്പെടണം?

ഇനി സേഫ് സോണിനെക്കുറിച്ചാണങ്കിൽ ഒട്ടും സുരക്ഷിതമല്ലാത്ത ഒരിടത്ത് നിന്ന്, ചാരാൻ ഒരു പാർട്ടിയുടേയും ചുവരില്ലാതെ, ഇവിടുത്തെ വലതുപക്ഷത്തിനെതിരായി എഴുതിയതിന്റെ ക്രൂരമായ തിരിച്ചടികൾ ഞാനും എന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾ ശ്വസിക്കുവാൻ പോലും അനുവദിക്കാത്ത വിധം വളരുമ്പോൾ അതിൽ അസ്വസ്ഥനായിട്ടല്ലേ സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ ഇറക്കുന്നതിലേക്കുള്ള ആശയം ഞാൻ പറയുന്നതും നമ്മൾ തന്നെ പണിയെടുത്ത് അത് ഇറക്കുകയും ചെയ്തത്? അപ്പോൾ അങ്ങനെയൊരു വിശേഷണത്തിനുള്ളിൽ എന്നെക്കൂടി ഉൾപ്പെടുത്തണമെങ്കിൽ, ഉൾപ്പെടുത്താം വിരോധമില്ല.

ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് എ.കെ.ജിയുടെ ജീവിത കഥയിലെ ഒരു ഭാഗം ഓർമിപ്പിക്കാം. അദ്ദേഹം ഒരു ദയയുമില്ലാതെ ചില ദിവസങ്ങളിൽ ക്ലാസിൽ കുട്ടികളെ അടിച്ചിരുന്നു. ആ ദിവസങ്ങളിൽ എ.കെ.ജി. കുട്ടികളോടൊപ്പം പന്ത് കളിക്കാൻ പ്രത്യേകിച്ചും ശ്രദ്ധിച്ചിരുന്നു. ഏത് കുട്ടിയെയാണോ കൂടുതൽ അടിച്ചത്, അവനെതിരായുള്ള ടീമിൽ അദ്ദേഹം കളിക്കും. ആ കുട്ടി അദ്ദേഹത്തിന്റെ കാലിലേക്ക് പന്തടിക്കും. അങ്ങനെ പന്തടിക്കുന്ന കുട്ടിയെക്കുറിച്ച് ‘ആ പാവം കുട്ടി അങ്ങനെ സ്വയം തൃപ്തിപ്പെടും’ എന്നാണ് എ.കെ.ജി. എഴുതിയിരിക്കുന്നത്. ഇതിൽ ചോർന്നു പോവാത്ത മനുഷ്യത്വമുണ്ട്. കരുണയുണ്ട്. ഹിംസയോടുള്ള എതിർപ്പുണ്ട്. അധികാരത്തോടുള്ള ചുവയുണ്ട്.

എ.കെ.ജിയുടെ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിൽ നിന്ന്​ അൽപ്പം ജനാധിപത്യം പ്രതീക്ഷിക്കുന്നത് തെറ്റല്ല എന്ന് കരുതുന്നു. ചാരാൻ വലിയ ചുവരുകളോ നിൽക്കാൻ ഉറപ്പുള്ള ഭൂമിയോ ഇല്ലാത്ത മനുഷ്യരുടേതു കൂടിയാണ് കേരളം. അവർക്ക് ഭാവിയെന്നത് വേഗത്തിലോടുന്ന റെയിൽ മാത്രമാവില്ല. അത് കേൾക്കാൻ തയ്യാറാവും വരെ ഒറ്റപ്പെട്ട മനുഷ്യർ ചില സംഭാഷണങ്ങൾക്ക് ശ്രമിച്ചേക്കാം.


Summary: നാം എവിടേയ്ക്കാണ് ഇത്രയേറെ തിടുക്കത്തിൽ പോകുന്നതെന്ന് ചോദിക്കുന്നത് അത്രയുമധികം അപരാധമാണോ? വലിയ പദ്ധതികൾ കൊണ്ട് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതം നമുക്ക് ചുറ്റുമുണ്ട്. ബലിയപാലിലേക്കും നർമദയിലേക്കും ഒന്ന് നോക്കിയാൽ മതി. ഇതൊരു കുഞ്ഞൻ നാടല്ലേ? ഒന്നുറക്കെ കൂവിയാൽ അപ്പുറം കേൾക്കുന്നത്ര അരികിലല്ലേ നമ്മുടെ അയൽപക്കങ്ങൾ? എല്ലാം വാശിയോടെ ചെയ്തു തീർക്കും മുമ്പ് ഒന്ന് ആലോചിച്ചു കൂടെ എന്ന വിനീതമായ വാക്കുകളോട് ഇങ്ങനെ എന്തിന് അസ്വസ്ഥപ്പെടണം?


Comments