അലീന

ഞാൻ രണ്ടാമതും കവിയായ കാലം

കൊറോണക്കാലത്തെ മന്ദതയും ആൻറി ഡിപ്രസ്സന്റുകൾ തന്ന കിക്കും കൂടി ആയപ്പോൾ എനിക്ക് വീണ്ടും എഴുത്ത് വന്നു. ദിവസം മൂന്നും നാലും കവിതകൾ വെച്ച് എഴുതാൻ തുടങ്ങി.

അലീന

മുറിയുടെ പുറത്തേക്ക് ഇറങ്ങാൻ താല്പര്യമില്ലാത്ത, മനുഷ്യരോട് മിണ്ടാനിഷ്ടമില്ലാത്ത, യാത്ര ചെയ്യാൻ മടിയുള്ള (അത്യാവശ്യം എന്തെങ്കിലും വന്നാൽ തന്നെ അവസാന നിമിഷം എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ് അതൊഴിവാക്കുന്ന) എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് ലോക്ഡൗൺ ബഹളങ്ങളില്ലാത്ത, എന്റെ വളരെ സാധാരണമായ ജീവിതം തന്നെ ആയിരുന്നു. EPUB രൂപത്തിലെ കുറച്ചു പുസ്തകങ്ങളും പ്രേതകഥകളുടെ പോഡ്കാസ്റ്റ്, യൂട്യൂബ് ചാനലുകളും ഒരു കെട്ട് ബീഡിയും ഓരോ മണിക്കൂറിലും ചായയുമുണ്ടെങ്കിൽ ഒരു ദിവസം രസകരമായി മുമ്പോട്ടു പൊയ്‌ക്കോളും. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുൻപാണ് Persistent Depressive Disorder (Dysthymia) ഉണ്ടെന്ന് ഡയഗനൈസ്​ ചെയ്യപ്പെട്ടത്. പിന്നെ മരുന്നു കഴിച്ചും ഉറക്കം ക്രമീകരിച്ചും ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും ഞാൻ പിന്നിലായപ്പോൾ ഈ ലോകം മുഴുവൻ എന്നോടൊപ്പം പിന്നോട്ടു വലിഞ്ഞതോർത്ത് ഗൂഢമായി, വളരെ സ്വാർത്ഥമായി, അല്പം കുറ്റബോധത്തോടെ ഞാൻ സന്തോഷിക്കുകയും ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴാണ് കവിതയിലേക്ക് തിരികെ നടക്കുന്നത്. അക്ഷരങ്ങൾക്ക് മനുഷ്യരെ മാറ്റി മറിക്കാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല, ഒന്നിനും കഴിവില്ല, ഞാനിങ്ങനെ ഒരു പരാജയമായിപ്പോയല്ലോ എന്ന് തലക്കുള്ളിലെ കൊച്ചു ശബ്ദം പറയുമ്പോൾ ഇരിക്കുന്ന ഇടത്തു തന്നെ ഇരുന്ന് രണ്ടോ മൂന്നോ വാക്കോ വാചകമോ ചേർത്തു വെച്ച് അർത്ഥം നിർമ്മിക്കുമ്പോൾ, ഓരോ അനുഭവങ്ങളെ വിശദീകരിക്കാൻ ഓർമ്മയിൽ നിന്നും ഓരോന്ന് കണ്ടെടുക്കുമ്പോൾ, തോന്നലുകളെ അതേപോലെ പറഞ്ഞു ഫലിപ്പിക്കാൻ പുതിയ പ്രയോഗങ്ങൾ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ആശ്വാസമായിരുന്നു എനിക്ക് കവിത. എത്ര കാലം എത്രപേർ ചേർന്നിരുന്ന് എത്ര എഴുതിയാലും തീർന്നു പോകാത്തത് ആണല്ലോ ഒരു ഭാഷയിലെ കവിതയുടെ സാധ്യതകൾ.

വീണ്ടും എഴുത്തിലേക്ക് വന്നപ്പോൾ മുമ്പെങ്ങും ഇല്ലാതിരുന്ന പുതിയ ഒരു ഭയം കൂടി തോന്നാൻ തുടങ്ങി. ഇത്രയും കാലം എഴുതാൻ പറ്റാഞ്ഞതുപോലെ ഇനിയും ചിലപ്പോൾ സംഭവിച്ചേക്കാം.

ആ കാലത്ത് കൂടുതൽ കവിത വായന നടന്നത് ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു. ഇൻസ്റ്റഗ്രാം കവിതയെപ്പോലെ ഒരു ചിത്രത്തിൽ ഒതുങ്ങാൻ സംക്ഷിപ്തത പാലിക്കേണ്ടതിന്റെ അമിതഭാരം ഫെയ്‌സ്ബുക്ക് കവിതകൾക്ക് ഇല്ലല്ലോ. അതുകൊണ്ട് എനിക്ക് ഇൻസ്റ്റഗ്രാം കവിതകളെക്കാൾ കൂടുതൽ ഫെയ്‌സ്ബുക്ക് കവിതകളോട് പ്രിയം തോന്നി. മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരത്തിൽ വന്ന കവിതയുടെ പുതുരൂപങ്ങളിൽ നമ്മൾ കണ്ടു ശീലിച്ച കവിതകളുമായി ഏറ്റവും സാമ്യം തോന്നിയതും ഫെയ്‌സ്ബുക്ക് കവിതകൾക്കായിരുന്നു. അങ്ങനെ ആദ്യം ശ്രദ്ധിക്കുന്ന കവികളിൽ ഒരാൾ ആയിരുന്നു വിദ്യമോൾ പ്രമാടം. വിദ്യയുടെ കവിതകളിൽ ഒരു പ്രത്യേകതരം കൊളുത്തുണ്ട്. വളരെ പരിചിതവും ചുരുങ്ങിയതുമായ വാക്കുകൾകൊണ്ട് നിർമ്മിക്കുന്ന അനിതരസാധാരണമായ ഒരു കൊളുത്ത്. "ദേശമില്ലാത്ത മനുഷ്യരാണ് നാം. ദേഹമില്ലാത്ത മനുഷ്യരാണ് നാം. നമ്മുടെ മരണത്തിന് തെളിവുകൾ ഉണ്ടായേക്കില്ല. ജീവിച്ചിരുന്നതിന് രേഖകളും.'
ദേശമില്ലാതെ, ദേഹമില്ലാതെ മരിച്ചു പോയ എത്രയോ മനുഷ്യരുടെ ജീവചരിത്രമാണ് വിദ്യമോൾ പ്രമാടം 2020 ഒക്ടോബർ മൂന്നിന്​ ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിലെ ഈ വരികളിലുള്ളത്. അങ്ങനെ എനിക്കും കവിത എഴുതാനുള്ള വലിയ ആഗ്രഹം തോന്നിത്തുടങ്ങി.

വിദ്യമോൾ പ്രമാടം / Photo: Soorya Gk, Fb

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, ഏത് മത്സരത്തിനും പോകുന്ന, എല്ലാ ക്ലാസിലും ഒരെണ്ണം വീതമെങ്കിലും ഉള്ള "ആ കഥയും കവിതയും എഴുതുന്ന കുട്ടി' ഞാൻ ആയിരുന്നു. എൽ.പി. സ്‌കൂളിൽ ഞങ്ങളുടെ നാട്ടുകാരനും സുഹൃത്തിന്റെ അച്ഛനുമായ ജോൺസാർ എഴുത്തിനെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നീട് യു.പി, ഹൈസ്‌കൂൾ ക്ലാസുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ എഴുതിയ സാഹിത്യ രൂപം കത്തുകളായിരുന്നു. കശ്യപന്റെ ഭാര്യമാരായ കദ്രുവും വിനതയുമായി അഭിനയിച്ച് ഞാനും ക്ലാസിലെ മറ്റൊരു പെൺകുട്ടിയും തമ്മിൽ വളരെക്കാലമായി കത്തിടപാടുകൾ ഉണ്ടായിരുന്നു. പിന്നെ കഥയുടെ പേരിൽ ക്ലാസിൽ ഇഷ്ടം തോന്നുന്ന പെൺകുട്ടികൾക്ക് ഒന്നാന്തരം ഇറോട്ടിക്ക എഴുതി കൊടുക്കാറുമുണ്ടായിരുന്നു.

പ്ലസ് വണ്ണിൽ വെച്ച് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥ, കവിത രചനകൾക്ക് എ ഗ്രേഡ് വാങ്ങിയതോടെ എഴുത്തുകാരി എന്ന ലേബൽ അങ്ങ് ഉറച്ചുപോയി. പിന്നീട് ഒരിക്കലും ഞാൻ അന്നെഴുതിയതുപോലൊന്നും എഴുതിയിട്ടേയില്ല. എന്നാൽ കൊറോണക്കാലത്തെ മന്ദതയും ആൻറി ഡിപ്രസ്സന്റുകൾ തന്ന കിക്കും കൂടി ആയപ്പോൾ എനിക്ക് വീണ്ടും എഴുത്ത് വന്നു. ദിവസം മൂന്നും നാലും കവിതകൾ വെച്ച് എഴുതാൻ തുടങ്ങി. എഴുതിയതൊക്കെയും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അപ്പോളപ്പോൾ വായനക്കാരുടെ പ്രതികരണങ്ങൾ അറിയാൻ കഴിയും എന്നത് സമൂഹമാധ്യമങ്ങളുടെ ഒരു വലിയ നേട്ടം തന്നെയാണ്. ആദ്യമൊക്കെ വന്നത് കൂടുതലും നല്ല പ്രതികരണങ്ങളായിരുന്നു. അത് കൂടുതൽ ഉത്സാഹം നൽകി. ഇന്റർനെറ്റിലൂടെ എല്ലാത്തിനും ഇൻസ്റ്റൻറ്​ ഗ്രാറ്റിഫിക്കേഷൻ കിട്ടി വളർന്ന തലമുറയിൽപെട്ടതാണ് ഞാനും. അതുകൊണ്ട് ഏതുകാര്യത്തിനും അന്നേരം തന്നെ ഫലം കണ്ടില്ലെങ്കിൽ വേഗം മടുപ്പ് തോന്നും. ക്രമേണ അത് ഉപേക്ഷിക്കപ്പെടുകയും ചെയ്യും. (ഇങ്ങനെ പ്രതീക്ഷിച്ച രീതിയിൽ നന്നാവാഞ്ഞതിനാൽ ഉപേക്ഷിച്ച കാർട്ടൂൺ രചനയെ പ്രത്യേകം ഓർക്കുന്നു). ലോക്ഡൗണിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ എല്ലാവരും വീടുകളിൽ ഇരുന്ന് മുഷിയുന്ന ആ തക്ക സമയത്താണ് മുൻകൂട്ടി നിശ്ചയിച്ചതല്ലെങ്കിലും ഞാൻ കവിതകൾ പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയത്. അത് കവിതകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായെന്ന് ഞാൻ വിശ്വസിക്കുന്നു.

വർഷങ്ങളോളം നീണ്ടു നിൽക്കുന്ന റൈറ്റേഴ്‌സ് ബ്ലോക്കാണ് എനിക്കുള്ളത്. ഇനി ഒരു തവണ കൂടി വന്നാൽ പിന്നെ ഒന്നും എഴുതാൻ പറ്റാതെ മുഴുവൻ സമയ വിഷാദത്തിലേക്ക് ഇറങ്ങിപ്പോകാൻ നല്ല സാധ്യതയുണ്ട്.

വീണ്ടും എഴുത്തിലേക്ക് വന്നപ്പോൾ മുമ്പെങ്ങും ഇല്ലാതിരുന്ന പുതിയ ഒരു ഭയം കൂടി തോന്നാൻ തുടങ്ങി. ഇത്രയും കാലം എഴുതാൻ പറ്റാഞ്ഞതുപോലെ ഇനിയും ചിലപ്പോൾ സംഭവിച്ചേക്കാം. ചിലപ്പോൾ നാളെ രാവിലെ എണീറ്റ് പേപ്പറും പേനയുമായി ഇരുന്നാൽ ഒരു വരി പോലും എഴുതാൻ പറ്റിയില്ലെന്ന് വരാം. ചിലപ്പോൾ അത് ഇന്ന് വൈകുന്നേരം മുതലാകാം. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന റൈറ്റേഴ്‌സ് ബ്ലോക്കാണ് എനിക്കുള്ളത്. ഇനി ഒരു തവണ കൂടി വന്നാൽ പിന്നെ ഒന്നും എഴുതാൻ പറ്റാതെ മുഴുവൻ സമയ വിഷാദത്തിലേക്ക് ഇറങ്ങിപ്പോകാൻ നല്ല സാധ്യതയുണ്ട്. എഴുത്തിലൂടെ കിട്ടുന്ന ഡോപ്പമിനും അഡ്രിനാലിൻ റഷും എനിക്ക് അത്ര പ്രിയപ്പെട്ടതും എന്നെ ഒരുപാട് ആശ്വസിപ്പിക്കുന്നതും ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റുന്ന തരത്തിൽ എനിക്ക് ആത്മവിശ്വാസം തരുന്നതുമായിരുന്നു. അതിനെ അത്ര വേഗത്തിൽ കൈവിട്ടു കളയാൻ എനിക്ക് തീരെ തോന്നിയില്ല. എങ്ങാനും കൈമോശം വന്നാലോ എന്നു പേടിച്ച് ഞാൻ എന്നും അമിതാവേശത്തോടെ എഴുതി. അല്ലാത്തപ്പോഴും എഴുത്തിനെക്കുറിച്ച് ആലോചിച്ചു. ഓരോ വാക്കുകളെയും വസ്തുക്കളെപ്പോലെ കയ്യിലെടുത്ത് സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചു.

കവിതയുമായി ഒരു ടോക്‌സിക് റിലേഷൻഷിപ്പാണ് എനിക്കുള്ളത്. ഒരല്പം ശ്രദ്ധ തെറ്റിയാൽ അതെന്നെ ഉപേക്ഷിച്ചു പോകും എന്ന പേടിയാണ്. പോയാലും ഇല്ലെങ്കിലും ആ ചിന്ത എന്നെ ഇങ്ങനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. കൂടുതൽ എണ്ണം എഴുതാനല്ല, കുറവാണെങ്കിലും എഴുതുന്നതിനെ കൂടുതൽ മെച്ചമാക്കാനാണ് ശ്രദ്ധിക്കേണ്ടത് എന്ന് എന്നെ പലരും സ്‌നേഹത്തോടെ ഉപദേശിച്ചു. പക്ഷേ എനിക്ക് അതിനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. എഴുതാൻ കഴിയുന്ന സമയത്ത് പറ്റാവുന്നത്ര എഴുതി നിറക്കുക എന്നതിലായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. എഡിറ്റിങ്ങൊക്കെ എപ്പോൾ വേണമെങ്കിലും ആകാമല്ലോ. എന്നെ എഴുതാൻ സഹായിച്ച ആ പാരനോയിയയെയും താഴെ വെക്കാൻ എനിക്ക് തോന്നിയില്ല. അങ്ങനെ ആ രണ്ടു മൂന്നു മാസം കൊണ്ട് നൂറിലധികം കവിതകളെഴുതി.

''കവിതയുമായി ഒരു ടോക്‌സിക് റിലേഷൻഷിപ്പാണ് എനിക്കുള്ളത്. ഒരല്പം ശ്രദ്ധ തെറ്റിയാൽ അതെന്നെ ഉപേക്ഷിച്ചു പോകും എന്ന പേടിയാണ്. പോയാലും ഇല്ലെങ്കിലും ആ ചിന്ത എന്നെ ഇങ്ങനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.'' / Photo: Aleena, Fb

ഫെയ്‌സ്ബുക്ക് പോലത്തെ സമൂഹമാധ്യമങ്ങളിൽ കവിത എഴുതുന്ന ഭൂരിഭാഗം പേരും കാവ്യലോകത്തെ അടുത്ത തരംഗം ആകാമെന്നോ അല്ലെങ്കിൽ മലയാള കവിതയുടെ ചരിത്രത്തിലെ പുതിയ ശാഖ ആകാമെന്നോ ഒക്കെ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്താണ് കവിത എഴുതുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഫെയ്‌സ്ബുക്കിൽ നമ്മുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതുപോലെ, ഒരു സ്‌കൂൾ ഓർമ പങ്കു വെക്കുന്നതുപോലെ, നല്ല ബിരിയാണി കിട്ടുന്ന ഹോട്ടൽ എവിടെയാണെന്ന് അന്വേഷിക്കുന്നതുപോലെ സ്വയത്തിന്റെ മറ്റൊരു തരത്തിലുള്ള ഒരു പ്രകാശനമായാണ് ഞാനും ആദ്യം കവിതയെ സമീപിച്ചത്. അതുകൊണ്ട് മലയാള കവിതയുടെ ചരിത്രമോ അതിന്റെ സാധ്യതകളോ അതിനെ സംബന്ധിച്ച നിയമാവലികളോ അലിഖിതമായ ചട്ടങ്ങളോ കൃത്യമായി എല്ലാവരും പങ്കാളികളാകുകയും ഉടയാതെ പാലിക്കുകയും ചെയ്യുന്ന അധികാരശ്രേണികളോ ഒന്നും തന്നെ എന്നെ ബാധിച്ചിരുന്നില്ല. ഫെയ്‌സ്ബുക്ക് കവിതകളുടെ അസ്ഥിത്വം തന്നെ ഒരു പ്രത്യേക രീതിയിലുള്ളവയായിരുന്നു. ഒരു ബാധ്യതകളുടെയും ആത്മഭാരമില്ലാതെ എഴുതാം. ഫെയ്‌സ്ബുക്കിൽ എഴുതുന്നവർ ഒരു തട്ട്, ഇൻസ്റ്റഗ്രാമിൽ എഴുതുന്നവർ ഒരു തട്ട്, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവർ, പ്രിന്റ് മാസികകളിൽ പ്രസിദ്ധീകരിച്ചവർ, മുൻനിര പ്രിന്റ് മാസികകളിൽ പ്രസിദ്ധീകരിച്ചവർ, കവിതാസമാഹാരം പ്രസിദ്ധീകരിച്ചവർ, മുൻനിര പ്രസാധകരാൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ചവർ, ഒന്നിലധികം കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചവർ, മുൻനിര പ്രസാധകരാൽ ഒന്നിലധികം കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചവർ എന്നിങ്ങനെ പല ശ്രേണികളിലാണ് കവികളെ പൊതുസമൂഹവും കവിസമൂഹവും പരിഗണിക്കുന്നത്. ഒരു ശ്രേണിയിൽ നിന്ന് അടുത്ത ശ്രേണിയിലേക്ക് എത്താനുള്ള സമ്മർദ്ദം വലുതുമാണ്. ഇതിനോട് താല്പര്യമില്ലെങ്കിൽ തല്ക്കാലം നിലനില്പുണ്ടാകുകയുമില്ല.

ഓരോ ദിവസവും ഡിപ്രഷനോടുള്ള മൽപ്പിടുത്തമാണ്. ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ സന്തോഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഈ ജീവിതം കൊണ്ട് എന്തൊക്കെ ചെയ്താലും സന്തോഷം വരികയില്ല എന്ന് അപ്പോൾ വേദനയോടെ ഓർത്തു

ഫെയ്‌സ്ബുക്കിനു പുറത്ത് ആദ്യമായി കവിത വരുന്നത് ട്രൂ കോപ്പി തിങ്കിലാണ്. കൊറോണക്കാലത്തു തന്നെയാണ് ആദ്യ സമാഹാരവും വരുന്നത്. വർഷങ്ങളായി ഓരോ ദിവസവും ഡിപ്രഷനോടുള്ള മൽപ്പിടുത്തമാണ്. ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ സന്തോഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഈ ജീവിതം കൊണ്ട് എന്തൊക്കെ ചെയ്താലും സന്തോഷം വരികയില്ല എന്ന് അപ്പോൾ വേദനയോടെ ഓർത്തു. സന്തോഷം തോന്നിയില്ല എന്ന് മാത്രമല്ല ആ ദിവസങ്ങളിൽ ഞാൻ കടുത്ത നിരാശയിലും അകാരണമായ ഭയത്തിലുമാണ് കഴിഞ്ഞത്. ആ കാലവും കടന്നുപോയി ഇപ്പോഴും ഞാൻ ജീവനോടെ ഇരിക്കുന്നത് കവിതയും അത് തരുന്ന ആനന്ദവും ഇനിയും കവിതകളെഴുതാമല്ലോ എന്ന പ്രതീക്ഷയും കാരണമാണ്. ഞാൻ എന്നെ ഈ ലോകത്തോട് ബന്ധിച്ചിരിക്കുന്നത് അത്രയും മൃദുലവും എന്നാൽ ദുർബലവുമായ ചരടുകളാലാണ്.

കവിത ഒരുപാട് സൗഹൃദങ്ങളെയും തന്നു. ഉണ്ടായിരുന്ന സൗഹൃദങ്ങളെ ഒന്നുകൂടി അടുപ്പിച്ചു. പെൺകവികൾക്കായുള്ള കൂട്ടായ്മകളുടെ അംഗമാവാനും അനുഭവങ്ങളും പുതു കവിതകളും പങ്കു വെക്കുവാനും ഏത് വിഷയത്തെപ്പറ്റിയും സംസാരിക്കുവാനും ഇടങ്ങൾ ഉണ്ടായി വന്നു.
ക്ലബ് ഹൗസിന് ഇടക്കാലത്ത് കിട്ടിയ വലിയ പ്രചാരം ഏറ്റവും അധികം ആഘോഷിച്ചത് മലയാള കവികളാണെന്നു തന്നെ പറയാം. ഏത് സമയത്ത് കയറി നോക്കിയാലും ഒരു കവിയരങ്ങ് എന്ന നിലയിൽ കവികൾ ക്ലബ് ഹൗസിനെ കീഴടക്കി. ക്ലബ് ഹൗസ് കവിയരങ്ങുകൾക്കായി സൗഹൃദക്കൂട്ടായ്മകൾ ഉണ്ടായി വന്നു. സ്വയമുള്ള കവിത വായനക്ക് അപ്പുറം കവിയുടെ ശബ്ദത്തിൽ തന്നെ ലൈവായി കവിത കേൾക്കാനുള്ള സാധ്യതകൾ പരമാവധി ഉപയോഗിക്കപ്പെട്ടു. മുതിർന്ന കവികൾ പുതു കവികളെയും തിരിച്ചും താല്പര്യത്തോടെ കേട്ടിരുന്നു. രാത്രി വൈകിയും കവിതകളും കവിതയുടെ മേലുള്ള ചർച്ചകളും അവസാനിക്കാതെ തുടർന്നു. വീട്ടിലിരുന്ന് പങ്കെടുക്കാവുന്നതിനാൽ യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത എനിക്കും ഒരോ ദിവസവും ഒന്നിലധികം ഓൺലൈൻ കവിത സദസ്സുകളുടെ ഭാഗമാകാൻ കഴിഞ്ഞു. സംഘടിപ്പിക്കാനും പങ്കെടുക്കാനുമുള്ള എളുപ്പം കാരണമാകാം ഓൺലൈൻ പരിപാടികൾക്ക് ഒട്ടും ക്ഷാമമുണ്ടായിരുന്നില്ല. കോളേജ് വിദ്യാർത്ഥികളും ധാരാളം കവിതാ പാരായണ സംവാദ സദസ്സുകൾ സംഘടിപ്പിച്ചത് വ്യക്തിപരമായി ഒരുപാട് സന്തോഷം നൽകി. അകലങ്ങളിൽ ഇരിക്കാൻ സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോഴും കവിത കൊണ്ട് മനുഷ്യർ പരസ്പരം ചേർത്തു കെട്ടി.

പഴയ ലോകത്ത് അങ്ങനെ ഒരു കവിത ഉണ്ടായിരുന്നില്ല, എന്നാൽ പുതിയ ലോകത്തുണ്ട്. കോവിഡ് കാലത്തിനു മുൻപ് എന്റെ കവിതകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉണ്ട്.

മുറ്റത്തു നിന്ന് ഒരു കല്ലെടുത്ത് മാറ്റിയാൽ അതിന്റെ കീഴിൽ നിന്ന് ഒരുപാട് ജീവികൾ പുറത്തു വരുമ്പോൾ ഇതൊക്കെ എങ്ങനെ ഈ ഇത്രയും ചെറിയ സ്ഥലത്ത്, ഇത്രയും കാലം ആരും കാണാതെ ഒളിച്ചിരുന്നു എന്ന് തോന്നുന്നതുപോലെ കവിത എഴുതി തുടങ്ങിയതു മുതൽ ഞാൻ ഇതുവരെ കാണാത്ത, അറിയാൻ ശ്രമിച്ചിട്ടില്ലാത്ത പലതും ഒരു കണ്ണാടിച്ചില്ലിന്റെ സുതാര്യതയോടെ കാണാനും അനുഭവിക്കാനും തുടങ്ങി. ഇത്രയും കാലം അതൊക്കെ എങ്ങനെ മറഞ്ഞിരുന്നു എന്ന് ഇപ്പോഴും വെറുതെ അത്ഭുതപ്പെടുന്നു. കടയിൽ പോകുമ്പോൾ വെറുതെ കേട്ട ഒരു വാചകമോ, ഒരു കുഞ്ഞിന്റെ കരച്ചിലോ, പട്ടിയുടെ കുരയോ ഒക്കെ പല വാചകങ്ങൾ ചേർത്ത് പൂരിപ്പിച്ചെടുക്കാനുള്ള കവിതകളായിത്തന്നെ തോന്നാൻ തുടങ്ങി. കവിതകൾ ലോകത്തെ മാറ്റി മറിക്കുന്നു. ഒരു പ്രത്യേക കവിത എഴുതുന്നതിന് മുൻപുള്ള ലോകമല്ലല്ലോ അത് പൂർത്തിയായതിനുശേഷമുള്ളത്. പഴയ ലോകത്ത് അങ്ങനെ ഒരു കവിത ഉണ്ടായിരുന്നില്ല, എന്നാൽ പുതിയ ലോകത്തുണ്ട്. കോവിഡ് കാലത്തിനു മുൻപ് എന്റെ കവിതകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉണ്ട്. കവിതകൾക്കു മുൻപ് ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന് നിലനിൽക്കാൻ സാധ്യതയുള്ള യാതൊരു അടയാളവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉണ്ട്. ഓരോ കവിതയും ലോകത്തെ നല്ലതിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയാണ്. വ്യക്തികളെയും. ഈ കോവിഡ് കാലത്തെ ഞാൻ രണ്ടാമതും കവിയായ കാലമെന്ന് വെറുതെ അടയാളപ്പെടുത്തുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments