അൻവർ അലി. / Photo : Muhammed Hanan.

ളള്ളിലേക്കു തുറന്ന നാളുകൾ

ലോകം മുഴുവൻ തടവിലാക്കപ്പെടലാണ് മഹാമാരി. പക്ഷേ അക്ഷരാർത്ഥത്തിലുള്ള തടവറകളിലും ഇന്ന്, ഉള്ളുരുക്കിയെഴുത്തിന്റെ എമിലിത്തം, അല്ലെങ്കിൽ മഹാദേവിയക്കത്തം ശക്തമാണ്. അമേരിക്കയിലെ കറുത്തവർഗ കവിതകളിൽ മുതൽ പേർഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പെണ്ണെതിരെഴുത്തുകളിൽ വരെ.

‘Some keep the Sabbath going to Church I keep it, staying at Home'- Emily Dickinosn

ശ്ചിമഘട്ടത്തിന്റെ വടക്കേ താഴ്​വരയിലെ ഒരു ഗ്രാമത്തിൽ കൃഷി ചെയ്തും യക്ഷഗാന കലാകാരർക്കൊപ്പം കൂടിയും ജീവിക്കുന്ന ഒരെഴുത്തുകാരിച്ചങ്ങാതിയുണ്ട്. ബിലാത്തിയിലൊക്കെ പോയി പഠിച്ചയാളാണ്. പക്ഷേ, വർഷങ്ങളായി ഗ്രാമത്തിലെ യക്ഷഗാന അവതരണങ്ങൾക്കും അത്യപൂർവം സുഹൃദ് സംഗമങ്ങളിലേക്കുമല്ലാതെ തന്റെ വീടും തോട്ടവും വിട്ട് അവൾ ഒരിടത്തേക്കും പോകാറില്ല. 2018 ലെ പ്രളയകാലത്ത് ഫോണിൽ അവൾ ചിരിച്ചു: ‘ഇവിടെയും അണക്കെട്ടുകൾ തുറന്നിട്ടുണ്ട് കേട്ടോ, പക്ഷേ വെള്ളം ഞങ്ങളുടെ ഗ്രാമത്തെ ബാധിച്ചിട്ടില്ല'.
കേരളം മുക്കാലും വെള്ളത്തിലാണെന്ന് ഞാനും വിളറിയ ചിരി ചിരിച്ചു.

എമിലി ഡിക്കൻസൺ. / Photo : Wikimedia Commons.

2020 ലെ ലോക്ക്​ഡൗൺ കാലത്ത് ഷിമോഗയിൽ നിന്ന് അവളുടെ സന്ദേശം: ‘എനിക്കും ചില കൂട്ടുകാരെ നഷ്ടപ്പെട്ടു അൻവർ, ഇവിടെ കൊടും മഴയാണ്. മഴയത്ത് വല്ലാത്ത ഏകാന്തത തോന്നും'
ഞാനവളോട് മംഗലേഷ് ദബ്രാളിനെയും സുഗതകുമാരി ടീച്ചറെയും കോവിഡ് കൊണ്ടുപോയതിന്റെ സങ്കടം പറയുകയായിരുന്നു. ഒപ്പം അടച്ചിരിപ്പിന്റെ അസ്വസ്ഥതയും. അവൾ പറഞ്ഞു: ‘ജീവിതം തന്നെ ഒരു ലോക്ക്​ഡൗൺ ആയതു കൊണ്ടാവും ഞങ്ങൾക്കിവിടെ അടച്ചിരിപ്പിന്റെ ആധിയൊന്നുമില്ല.'

എനിക്ക് എമിലി ഡിക്കിൻസണെ ഓർമ വന്നു. സ്വന്തം വീട്ടിലും തോട്ടത്തിലും മാത്രമായി ജീവിക്കാൻ തീരുമാനിക്കലിൽ ഒരു ‘എമിലിത്ത'മുണ്ട്. പെണ്ണെഴുത്ത് (Écriture féminine) എന്ന് ഹെലൻ സിക്‌സുവിനെപ്പോലുള്ള ഫ്രഞ്ച് ഫെമിനിസ്റ്റുകൾ വിളിച്ച സ്വകാര്യതാവിഷ്‌കാരത്തിന്റെ, ബോധധാരാവിഷ്‌കാരത്തിന്റെ, ഡയറിയെഴുത്തിന്റെ എമിലിത്തം. എഴുത്തിലെ ആണൂറ്റങ്ങൾക്ക് ബദലായിരുന്നു എമിലി ഡിക്കിൻസൺ. ആണ്മ ബ്രെഹ്തിയനായ ഒരു പുറംലോകമെങ്കിൽ എന്തുകൊണ്ട് പെണ്മ എമിലിയനായ അകലോകമായിക്കൂടാ? ‘പട്ടുനൂൽപ്പുഴു തന്റെ മജ്ജയിലെ സ്‌നേഹത്താൽ വീടുകെട്ടി തന്റെ നൂലുതന്നെയേ ചുറ്റി ചാവുമ്പോലെ വെന്തുരുകുന്ന' (അക്ക മഹാദേവി) പെൺ ‘വചന' മായിക്കൂടാ?

ചില പാതിരകളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടു വലിയ കവികൾ അടാട്ടു ചക്രവാളത്തിന്റെ ആംഫീ തിയറ്റർ കടന്ന് എന്റെ മുകൾമുറിയിൽ വന്നിട്ടുണ്ട്. ആദ്യം വന്നത് സുബ്രഹ്മണ്യ ഭാരതീയാർ.

ഇങ്ങനെയൊക്കെയുള്ള ആലോചനകളുമായി 2020ലെ ലോക്ക്​ഡൗൺ കാലത്ത് വീടിനു പിന്നിലെ കടൽപ്പരപ്പുപോലെയുള്ള കോൾപ്പാടത്ത് വൈകുന്നേരനടപ്പ് തുടങ്ങിയ നാളുകൾ. പലപ്പോഴും ഒറ്റയ്ക്കും ചിലപ്പോൾ ചെറു വീട്ടുസംഘമായുമാണ് നടപ്പ്. ക്രമേണ അത് സൈക്കിളിലേക്കും പകർന്നു. നിരവധി ഫോട്ടോകൾ മൊബൈലിൽ പകർന്നു. പലയിനം പച്ചകൾ, പ്രാണികൾ, പക്ഷികൾ, പാമ്പുകൾ, വരാലുകൾ, പള്ളത്തികൾ...

പലനിറ ജലങ്ങൾ, അന്തിവാനങ്ങൾ, നീർച്ചാലുകളുടെയു കഴായകളുടെയും പിരിവുകളും ചേരലുകളും... രണ്ടു കൊല്ലമായി പാടക്കരയിൽ പാർക്കുകയും അടാട്ടുകോളിന്റെ ദൂരക്കാഴ്ചയെക്കുറിച്ച് ‘കോൾപ്പടവിൻ നാലുപാടും /ഇപ്പോൾ / രാത്രിയൊരാംഫി തിയേറ്റർ ' (‘അടാട്ട്’ ) എന്ന് ഇരുൾവരികൾ മാത്രം എഴുതുകയും ചെയ്ത ഞാൻ വെളിച്ചത്തിന്റെയും വർണങ്ങളുടെയും നിരവധി കോൾനിലങ്ങളിലൂടെ സസൂക്ഷ്മം പിച്ചവച്ചു തുടങ്ങിയത് ആ ആദ്യ അടച്ചിരിപ്പുകാലത്ത്. അന്നാളുകളിൽ അകത്തു തുറന്നത് പുറത്തുള്ളതെക്കാൾ വിശദമായ തുറസ്സ്...

പാടക്കരയിൽ പാർക്കുകയും അടാട്ടുകോളിന്റെ ദൂരക്കാഴ്ചയെക്കുറിച്ച് ‘കോൾപ്പടവിൻ നാലുപാടും /ഇപ്പോൾ / രാത്രിയൊരാംഫി തിയേറ്റർ ' (‘അടാട്ട്’ ) എന്ന് ഇരുൾവരികൾ മാത്രം എഴുതുകയും ചെയ്ത ഞാൻ വെളിച്ചത്തിന്റെയും വർണങ്ങളുടെയും നിരവധി കോൾനിലങ്ങളിലൂടെ സസൂക്ഷ്മം പിച്ചവച്ചുതുടങ്ങിയത് ആ ആദ്യ അടച്ചിരിപ്പുകാലത്താണ്. / Photo : Wikimedia Commons.

ഇന്റർനെറ്റിൽ ദേശീയും ആഗോളവുമായ പലേ പൊയട്രി ചെയിനുകൾ അക്കാലയളവിൽ രൂപം കൊണ്ടിരുന്നു. കവിതയുടെ വെർച്വലായ ഒരു പുറം ലോകം സൃഷ്ടിച്ച് രോഗകാലത്തിന്റെ ഒറ്റപ്പെടലുകളെ ചെറുക്കാനുള്ള ശ്രമം. എനിക്കും ക്ഷണമുണ്ടായി. രണ്ടു ചെയിനുകളിൽ ഓരോ കവിത പോസ്റ്റ് ചെയ്തു. പിന്നെ തോന്നിയില്ല. ചില പാതിരകളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടു വലിയ കവികൾ അടാട്ടു ചക്രവാളത്തിന്റെ ആംഫീ തിയറ്റർ കടന്ന് എന്റെ മുകൾമുറിയിൽ വന്നിട്ടുണ്ട്. ആദ്യം വന്നത് സുബ്രഹ്മണ്യ ഭാരതീയാർ. ദാരിദ്ര്യത്താലും രാഷ്ട്രീയത്താലും പോണ്ടിച്ചേരിയിൽ അടച്ചുപൂട്ടപ്പെട്ട് അകാലത്തിൽ അടങ്ങിയ ഭാരതീയാരെപ്പറ്റി ന്യൂ ഇന്ത്യൻ എക്​സ്​പ്രസിലെ അമ്യത് ലാലുമായി ഫോണിൽ സംസാരിച്ച ദിവസം രാത്രിയായിരുന്നു ആ വരവ്. അങ്ങേർ എന്റെ കട്ടിലിന്റെ തലയ്ക്കൽ ഇരുന്നു. പട്ടിണിയുടെ പാരവശ്യവും സംഗീത മധുരവും കലർന്ന വാക്കും നോക്കും കൊണ്ട് ഉഴിഞ്ഞു: ‘സിന്ധു നദിയിന്നിസൈ നിനവിനിലേ / സേര നന്നാട്ടിളം പെൺകളുടനേ...' എന്ന് പാടിയുറക്കി. പിന്നെ വന്നത് കൊറിയൻ മഹാകവി ചോങ് ചിയോങ്. അങ്ങേർ ഉടലില്ലാത്തൊരു കാറ്റായിരുന്നു. ബാൽക്കണിയിൽ ഒരു രാത്രി മുഴുവൻ വീശിക്കൊണ്ടിരുന്നു, 40 കൊല്ലം രണ്ടു കൊറിയകളും പുറത്തു നിർത്തിയതിന്റെ അടങ്ങാവേദനയോടെ. തനിക്ക് തിരിച്ചു ചെല്ലാനാവാതെ പോയ നാടിന്റെ ഓർമയോടെ ഹംഗുളിൽ പാടി.

ചോങ് ചിയോങ്. / Photo : Wikimedia Commons.

ഞാനത് മലയാളത്തിലാക്കി:

പഴങ്കഥകളും പുലമ്പിക്കൊണ്ടൊരു പുഴ, സമതല പ്പരപ്പിന്റെ കിഴ- ക്കതിരിങ്കലേക്കു തിരിയുന്നോരിടം സുവർണ്ണാലസ്യമാർ- ന്നെഴുമന്തിച്ചോപ്പി- ലൊരുപുള്ളിക്കാള അമറുന്നോരിടം -ഗതകാലസ്മൃതി.

ആയിടയ്ക്ക് സച്ചി മാഷുടെ മെയിൽ വന്നു. ക്വാറന്റയിൻ കാലത്തിന്റെ കവിതകൾ വേണം. Singing in the Dark എന്നൊരു ആന്തോളജിക്കാണ്. ഞാനോർത്തു, അടച്ചിരിക്കലിലെ ബദലിനെക്കുറിച്ച് ആലോചിക്കലും ആത്മാക്കളോടൊപ്പം ഇരിക്കലുമല്ലാതെ ലോക്ക്​ഡൗൺ കാലത്ത് ഒരു വരി പോലും എഴുതിയിട്ടില്ല. മാഷെ വിളിച്ചു, ക്വാറന്റയിൻ അനുഭവത്തോട് ചേർന്നു നിൽക്കുന്ന മുൻകാല കവിതകളും ആവാമെന്ന് മാഷ് സമാധാനിപ്പിച്ചു. സ്വറ്റേവ വായിച്ച രാത്രി, ഉത്തമഗീതം, മണം എന്നിവയുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ അയച്ചു കൊടുത്തു. രണ്ടു വൻകരകളിലിരുന്ന് ഒരേ ജനൽചന്ദ്രന്റെ വെട്ടത്തിൽ മരീന സ്വറ്റേവയുടെ പൊയം ഓഫ് ദ എൻറ്​ പകുത്തു വായിക്കുന്ന ഞാനും നീയുമാണ് സ്വറ്റേവ വായിച്ച രാത്രിയുടെ ഉള്ളടക്കം. അത് എമിലിയനാണല്ലോ എന്ന് ഒരു മിന്നൽ പാളി. കവിത അനുനിമിഷം ക്വാറന്റയിനിലോ സമാന്തര ജന്മത്തിലോ ആണല്ലോ, അക്കാര്യം അബോധത്തിലെവിടെയോ അറിയാമായിരുന്നതാണല്ലോ, പുതിയ പുറഞ്ചേരികളിലലഞ്ഞ് ആകെ പൊടി മൂടി മറന്നതാണല്ലോ എന്ന് മിന്നൽ സ്വയമടങ്ങി.

കൊറിയൻ മഹാകവി ചോങ് ചിയോങ് 40 കൊല്ലം രണ്ടു കൊറിയകളും പുറത്തു നിർത്തിയതിന്റെ അടങ്ങാവേദനയോടെ. തനിക്ക് തിരിച്ചു ചെല്ലാനാവാതെ പോയ നാടിന്റെ ഓർമയോടെ ഹംഗുളിൽ പാടി. / Photo : Wikimedia Commons.

അടച്ചിരിക്കുമ്പോഴാണ് പുറത്തെക്കുറിച്ചുള്ള വെളിവും വർദ്ധിക്കുന്നത്. അങ്ങനെയാണ് അടച്ചിരിപ്പുകാലത്ത് ‘ചാവുനടപ്പാട്ടു'ണ്ടായത്. ലോക്ക്ഡൗ​ൺ നിബന്ധനകൾ ലംഘിച്ച് കൊച്ചിയിൽ ചെന്ന് ഏതാനും സിനിമാകൂട്ടുകാരുമൊത്ത് അത് ആൽബമാക്കി. ഞാനും എന്റെ വർഗവും വീട്ടിലിരിക്കെ തൊഴിലറ്റ മനുഷ്യപ്പറ്റങ്ങൾ വൻനഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് കാൽനട തിരിക്കുകയും വഴിയിൽ കിടന്ന് ചാവുകയും ചെയ്യുകയാണെന്ന അറിവിന്റെ ആത്മനിന്ദയിൽ നിന്ന് ആ പാട്ടുണ്ടായ കഥ ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ: നഗരങ്ങളിൽ നവലിബറൽ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനിടയിൽ ഒന്ന് നാട്ടിൽ പോയി വരാൻ ഇന്ത്യൻ ഗ്രാമീണർക്ക് തിട്ടമുള്ള ഏക വഴി തീവണ്ടിപ്പാതയായിരുന്നു. വണ്ടിയില്ലെങ്കിലെന്ത്? പാത നാട്ടിലേക്ക് നീണ്ടു കിടപ്പുണ്ടല്ലോ. നടന്നു. പാളത്തിൽ തന്നെ തലവച്ചു കിടന്നു. ഒരു ദിനം ജീവനുള്ള മർത്ത്യമാംസത്തിനു മേലേ മുദ്രവച്ച പുതിയകാല വാഗണുകൾ പാഞ്ഞുകയറി. ഗാന്ധിവാക്യത്തെ ക്രൂരമായൊരു ഐറണിയാൽ പൂരിപ്പിച്ചുകൊണ്ട് 2020 മേയ് 9 ന്, ആർ. പ്രസാദ് ഇക്കണോമിക് ടൈംസിലെ തന്റെ കാർട്ടൂൺ പേജിൽ അവരുടെ ചോരക്കറ വരച്ചുവച്ചതിങ്ങനെ: India lives in its villages, works in its cities and dies somewhere in between
ആ കാർട്ടൂണിന്റെ തുടരെഴുത്തായിരുന്നു ചാവുനടപ്പാട്ട്.

ഫോട്ടോ : എ. ജെ ജോജി.

കോവിഡ് എല്ലാ ആണൂറ്റക്കവികളിലും എമിലിത്തത്തിന്റെ പുതിയൊരു ആന്റിബോഡി അവശേഷിപ്പിച്ചിട്ടുണ്ടാവുമോ? ഏതായാലും രണ്ടാം ലോക്ക്​ഡൗൺ കാലമായപ്പോൾ എമിലിത്തബാധയുള്ള കുറുങ്കവിതകൾ ഞാനും എഴുതിത്തുടങ്ങിയിരുന്നു.

രണ്ടാം ലോക്ക്​ഡൗൺ നാളുകളിൽ എനിക്ക് ഓഫീസിൽ പോവേണ്ടതുണ്ടായിരുന്നു. തൃശൂരിലെ കാർഷിക സർവ്വകലാശാലാ കാമ്പസിലാണത്. സകല ചെറുകിട വ്യാപാരങ്ങളും തകർന്നടിഞ്ഞതിനിടയിലും സർവ്വകലാശാലയ്ക്കു സമീപമുള്ള നഴ്‌സറികളിൽ ചെടിക്കച്ചവടം പൊടിപൊടിക്കുന്നു. എല്ലാവരും പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും ഉണ്ടാക്കുകയാണ്. എമിലി ഡിക്കിൻസണും വലിയ തോട്ടക്കാരിയായിരുന്നല്ലോ എന്നോർത്തു. അതിഥികൾക്കും അയൽക്കാർക്കും എമിലി പതിവായി പൂക്കൾ സമ്മാനം കൊടുത്തിരുന്നു. ഒപ്പം ഏതാനും വരികൾ കൂടി എഴുതി നൽകും. പക്ഷേ കവിത ആരും കാര്യമായെടുത്തില്ല. പൂക്കൾ മാത്രമെടുത്തു. അങ്ങനെ ജീവിതകാലത്ത് എമിലിക്ക് കവിയെന്നതെക്കാൾ നാട്ടിലെ നല്ല പൂന്തോട്ടക്കാരിയെന്ന ഖ്യാതിയാണുണ്ടായത്. സ്വയം തടവിലിട്ട് അവർ എഴുതി വച്ച 1800 ലേറെ കവിതകൾ ഫെമിനൈൻ എക്രിച്ചറിന്റെ കൊടിയടയാളമായിത്തീരാൻ പിന്നെയും നൂറു കൊല്ലമെടുത്തു.

ആജാ മോണേ. / Photo : Wikimedia Commons.

കോവിഡ് എല്ലാ ആണൂറ്റക്കവികളിലും എമിലിത്തത്തിന്റെ പുതിയൊരു ആന്റിബോഡി അവശേഷിപ്പിച്ചിട്ടുണ്ടാവുമോ? ഏതായാലും രണ്ടാം ലോക്ക്​ഡൗൺ കാലമായപ്പോൾ എമിലിത്തബാധയുള്ള കുറുങ്കവിതകൾ ഞാനും എഴുതിത്തുടങ്ങിയിരുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് പൂക്കൾ മാത്രമുള്ള ഒരു കവിതയുണ്ടായി. അത് പതിവല്ല. എങ്ങനെ എന്ന അതിശയം ഇപ്പോഴും മാറിയിട്ടില്ല. പേര് തന്നെയും ‘പൂലോകം' എന്നായി. ഇതാ:

പൂലോകം നാടും നടകളും വീടുമടച്ചു, കൺ പോളകൾ കൂടി മുറുക്കിയടച്ചു.... ഇതുവരെക്കാണാത്ത പൂവുകൾ പൂവുകൾ

മഞ്ഞക്കോളാമ്പികൾ ചോരച്ച തെച്ചികൾ കായാമ്പൂ കോഴിപ്പൂ തുമ്പ മുക്കുറ്റികൾ ഏഴു നിറത്തിലും ചെമ്പരത്തിപ്പട ബാൽസ റോസ ബൊഗൈൻവില്ല മന്ദാരങ്ങൾ പത്തുനാലുമണി ഭേദമില്ലാതെ ക - ണ്ടേതുനേരത്തും വിടരും പിരാന്തുകൾ

ഇതുവരെ കാണാത്ത മാലോകരില്ലാത്ത പൂവുകൾ പൂവുകൾ ലോകം...

ലോകം മുഴുവൻ തടവിലാക്കപ്പെടലാണ് മഹാമാരി. പക്ഷേ അക്ഷരാർത്ഥത്തിലുള്ള തടവറകളിലും ഇന്ന്, ഉള്ളുരുക്കിയെഴുത്തിന്റെ എമിലിത്തം, അല്ലെങ്കിൽ മഹാദേവിയക്കത്തം ശക്തമാണ്. അമേരിക്കയിലെ കറുത്തവർഗ കവിതകളിൽ മുതൽ പേർഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പെണ്ണെതിരെഴുത്തുകളിൽ വരെ. ആഫ്രിക്കൻ അമേരിക്കയിലെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ആജാ മോണേ (Aja Monet) 2020 ൽ എഴുതുന്നു:I am a woman carrying other women in my mouthbehold a sister, a daughter, a mother, dear friend.Spirits demystify in a Comrade's tone. They gather to breathe and exhale, a dance with death we knowis not the end.-From #sayhername, P.No. 949, African American Poetry - 250 Years of Struggle & Song, Ed. Kevin Young.

ഹെൻഗാമെ ഹൊവെയ്ദ. / Photo : Fb Page, Hengameh Hoveyda.

പാരീസിലേക്ക് കുടിയേറേണ്ടി വന്ന യുവ ഇറാനിയൻ കവി ഹെൻഗാമെ ഹൊവെയ്ദ ആത്മപരിഹാസത്തോടെ തന്റെ അസ്വതന്ത്രമായ ഏകാന്തത എഴുതുന്നതിങ്ങനെ:

Loneliness Fold yourself in your embrace embrace yourself and sleep this is the only thing you have your hands

if you don't put your trust in loneliness like a scarecrow waying back and forth in the wind your hands will become a nest for crows and they've stolen your eyes.... ▮​​-From P.No. 229, The Mirror of My Heart - A Thousand Years of Persian Poetry by Women, Trans: Dick Davis.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അൻവർ അലി

കവി, വിവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, പാട്ടെഴുത്തുകാരൻ. മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ..., മെഹബൂബ് എക്സ്പ്രസ്സ് എന്നീ കവിതാ സമാഹാരങ്ങൾ. ടോട്ടോചാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആറ്റൂർ രവിവർമ്മയെക്കുറിച്ചുള്ള മറുവിളി എന്ന ഡോക്യുഫിക്ഷൻ സംവിധായകൻ.

Comments