ഒ.പി. സുരേഷ്​

അടഞ്ഞ വാതിൽ, തുറന്ന ലോകം

എന്നിൽ കവിത, അപരിചിതത്തോടെ അകന്നു നിന്നു. എഴുതാനോ വായിക്കാനോ ആവാതെ, ആകുലതകളുടെയും ആശങ്കകളുടെയും തുരുത്തുകളിൽ നിശ്ചലമായി തുഴഞ്ഞുതീർത്ത ദിവസങ്ങൾ, മാസങ്ങൾ.

‘ഈ മൂടൽ മഞ്ഞിൽപ്പെട്ടു മരവിച്ചാലും,പോരാൻ നീ കൂടെയുണ്ടെന്നുള്ള- താണെന്റെ മഹാഭാഗ്യം'-‘കൊയ്ത്തു കഴിഞ്ഞ്’, വൈലോപ്പിള്ളി.

സ്വയം കിനിഞ്ഞിറങ്ങുന്ന നനവാകുന്നു, കവിത.
ഉള്ളിലേക്കുണർന്ന്, ഉണ്മയിൽ വിടർന്ന്, ലോകത്തെ ഹസ്തദാനം ചെയ്യുന്ന വാഗ്മരം. ഏകാന്തതയിലും പ്രശാന്തതയിലും മുളച്ചു തളിർക്കുമ്പോഴും ലോകത്തിന്റെ ബഹുവിധ ബഹളങ്ങളിൽ മാത്രം വേര് പടർത്തുന്ന ജൈവ ഹരിതം.
ഒറ്റപ്പെടലിന്റെ കഠിന യാതനകളിൽ താങ്ങായും തണലായും ഒരുവളിൽ/ ഒരുവനിൽ പൊട്ടിമുളക്കുന്ന അതിജീവനത്തിന്റെ പ്രത്യാശാ പടർപ്പുകൾ... ‘അടച്ചിടലിന്റെയും കരുതലിന്റെയും മഹാമാരിക്കാലത്ത്' സർഗ്ഗാത്മകതയുടെ ഏകാന്ത ധ്യാനമായും ഏകാശ്വാസമായും അടഞ്ഞ ലോകങ്ങളെ കവിത, വിശാല തുറസ്സുകളാക്കി. എന്നിൽ പക്ഷെ, അത് അപരിചിതത്തോടെ അകന്നു നിന്നു. എഴുതാനോ വായിക്കാനോ ആവാതെ, ആകുലതകളുടെയും ആശങ്കകളുടെയും തുരുത്തുകളിൽ നിശ്ചലമായി തുഴഞ്ഞുതീർത്ത ദിവസങ്ങൾ, മാസങ്ങൾ.
ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ആ ജഡാവസ്ഥയുടെ നിശബ്ദമായ
തുടർശേഷിപ്പുകൾ...

ചിത്രീകരണം: ദേവപ്രകാശ്​

സമാനതകളില്ലാത്ത പ്രതിസന്ധികളെ പ്രത്യാശയുടെ തീവ്രദീപ്തിയാൽ മറികടക്കാൻ ശ്രമിച്ച ഒരു കാലത്തിന്റെ അടയാളങ്ങൾ ഭാഷയിലല്ലാതെ എവിടെത്തെളിയാൻ

ഒരാൾ ഒറ്റയ്ക്ക് അവൾക്കുള്ളിൽ/അയാൾക്കുള്ളിൽ പണിയെടുത്തുണ്ടാക്കുന്ന വിചിത്രാനുഭൂതിയുടെ ഉല്പന്നമല്ല കവിതയെന്ന് പഠിപ്പിച്ച കാലം കൂടിയാണിത്. മനുഷ്യരുമായും ലോകവുമായുള്ള വൈകാരിക സമ്പർക്കമില്ലെങ്കിൽ, തൽക്ഷണം വാടിക്കരിഞ്ഞുപോകുന്ന വസന്തോദ്യാനം. ‘എന്റെ മനുഷ്യരേ, എന്റെ മനുഷ്യരേ' എന്ന് അത് വിജനമായ തെരുവുകളിൽ സാഹോദര്യം തിരഞ്ഞു. മിണ്ടാനും പറയാനും കെട്ടിപ്പിടിക്കാനും പൊട്ടിച്ചിരിക്കാനും പലമയിലേക്കു തുറക്കുന്ന വഴികളിൽ അലയാനും കൊതിച്ചു. ഒന്നിനുമാവാതെ അടഞ്ഞ ലോകത്തിന്റെ അദൃശ്യമായ ഭിത്തിയിൽ തലതല്ലി എന്നോടുതന്നെയുള്ള നിലവിളികളായി. ഉള്ളിൽ ഉരുകിയിറ്റിയ വേവുകൾ പക്ഷെ കടലാസിൽ കവിതയായില്ല. പകുക്കാനാവാത്ത, പറയാനാവാത്ത വേവലാതികളുടെ വീർപ്പുമുട്ടൽ കാസരോഗിയുടെ ശ്വാസം പോലെ കിതച്ചു. ഭാഷയിലല്ല, ജീവിതത്തിന്റെ ഭാഷയായി തിണർത്തു.

മനുഷ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടവേളയാണ് കോവിഡ് കാലം സൃഷ്ടിച്ചത്. മാനുഷിക ശീലങ്ങളുടെ പരിവർത്തനോന്മുഖമായ ഇടവേള. പരസ്പരം കണ്ടും പറഞ്ഞും കൂട്ടം കൂടിയും ജീവിക്കാനുള്ള മനുഷ്യവർഗത്തിന്റെ അടിസ്ഥാന സ്വഭാവം അതിജീവനത്തിനായി ദീർഘകാലം മാറ്റിവെക്കേണ്ടി വന്ന അപൂർവ ചരിത്ര മുഹൂർത്തം. മറ്റു മനുഷ്യരിൽ നിന്നകന്ന്​ തങ്ങളിൽ തങ്ങളിൽ സുരക്ഷിതരാകുന്നതിനായുള്ള കഠിനവും വിഫലവുമായ ശ്രമങ്ങൾ. അടച്ചിട്ട ലോകം സമാന്തരമായി തുറന്നിട്ട പ്രതീതി ലോകത്തിന്റെ അത്ഭുത വാതായനങ്ങൾ... ഓരോ മനുഷ്യരും ഒറ്റക്കൊരു ലോകമായി മാറാൻ ശ്രമിച്ച, ഓരോ മുറിയും വേറിട്ട ഭൂഖണ്ഡമായി തീർന്ന വിപരീത രീതികളുടെ കാലം. അധികൃതരുടെ കരുതലുകൾക്കപ്പുറം സ്വതന്ത്ര ജീവിതത്തിന്റെ സാധ്യതകൾ ദീർഘകാലം അടഞ്ഞു പോയ സാധാരണ മനുഷ്യരുടെ അപരിഹാര്യമായ വേദനകൾ. ആത്മഹത്യയോളം ചെന്നെത്തിയ തൊഴിൽ നഷ്ടങ്ങൾ. രോഗത്തിനും മരണത്തിനുമിടയിൽ പരിഭ്രാന്തരായി മാറിയ മനുഷ്യർ. അവരുടെ ആശങ്കകളെ കച്ചവടം ചെയ്യാനുള്ള ആധുനിക കമ്പോള ശ്രമങ്ങൾ...
അതിനിടയിലും തളിർത്ത ഇ- ലോകത്തിന്റെ പുത്തൻ സാധ്യതകൾ. അത്യന്തം സങ്കീർണവും കുഴ മറിഞ്ഞതുമായ കോവിഡ് ചരിത്രസന്ധിയെ കേവല വൈകാരികതയുടെ ആഖ്യാനങ്ങൾ മാത്രമാക്കി അടയാളപ്പെടുത്താനാവില്ല. അധികാരവും കമ്പോള സമ്പദ്ഘടനയും ശാസ്ത്ര സാങ്കേതികതയുടെ സ്വകാര്യ-കുത്തകവൽക്കരണവും എല്ലാം ചേർന്ന് മാനുഷിക വൈകാരികതകളെ അട്ടിമറിക്കുന്ന ദാരുണ ചിത്രങ്ങളുടെ സമാഹാരം കൂടിയാണ് ഈ കാലം. ‘ക്രൂര മൃതിയെ ദ്രവിപ്പിക്കും സ്‌നഹത്തിന്നഗാധത'യുമായി അതിനിടയിൽ പെട്ടുപോയ ഒരു കവിയുടെ ധർമസങ്കടങ്ങൾ ഒരു പക്ഷെ, വരുംകാല കവിതയ്ക്കു മഷിപ്പാത്രമായേക്കാം.

ജീവിതാനുഭവങ്ങളും അവ സംഭാവന ചെയ്ത സവിശേഷ ഭാഷാരൂപങ്ങളും കൊണ്ട് കൂടി ശ്രദ്ധേയമാണ് കോവിഡ് കാലം. ‘തൊട്ടാൽ കൈ കഴുകണം' എന്ന ആ പഴയ പരിഹാസം നിത്യജീവിതത്തിൽ അനവധി തവണ ഗൗരവത്തോടെ ആവർത്തിച്ചാചരിച്ച നാം നമ്മെ കൂടുതൽ സുരക്ഷിതരാക്കാൻ ശ്രമിച്ചു. തൊട്ടു കൂടായ്മക്കെതിരെ ഐതിഹാസിക സമരം നടത്തിയ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ നാം ‘സാമൂഹിക അകലം'പാലിച്ച്​ കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി. ചിലയിടത്തെങ്കിലും തൊഴിലിടത്തെ കാർക്കശ്യങ്ങൾ ‘വീട്ടുജോലി'യുടെ അനൗപചാരികതകൾക്ക് വഴിമാറി. ‘സാമൂഹിക നിയന്ത്രണം' ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമായി. സമാനതകളില്ലാത്ത പ്രതിസന്ധികളെ പ്രത്യാശയുടെ തീവ്രദീപ്തിയാൽ മറികടക്കാൻ ശ്രമിച്ച ഒരു കാലത്തിന്റെ അടയാളങ്ങൾ ഭാഷയിലല്ലാതെ എവിടെത്തെളിയാൻ !

ഏതോ കനിവിന്റെ നീണ്ട കൈയ്യെത്തിപ്പി- തെന്നെ വെളിച്ചത്തിലേയ്ക്കു വീണ്ടും'


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments