ഷാജു വി.വി.

ഒന്നോ രണ്ടോ സൈനികർക്ക് കാലുകൾ
നഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല!

ഉന്മാദം, മാനസിക സ്വാസ്ഥ്യത്തിനുള്ള മരുന്നുകൾ, മദ്യം, ഡീ അഡിക്ഷൻ സെന്റർ, ഏകാന്തത എന്നിങ്ങനെ കോവിഡ് കാലത്തിലൂടെ മറ്റുപലരെയും പോലെ ഞാനും കടന്നുപോയി.

തൊരു ഞായറാഴ്ചയായിരുന്നു.
അജയ് ഘോഷിന്റെ തിരുത്തിയിലെ വീട്ടിൽ ഞങ്ങൾ മുറ്റത്തെ വൃക്ഷച്ഛായയിൽ ഓൾഡ് മങ്കിന്റെ മധ്യസ്ഥതയിൽ മലയാള കവിതയിലെ ‘ഓർമകളുടെ വീണ്ടെടുപ്പി'ലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായമില്ലാതെ നിർമിക്കാവുന്ന ഒരേയൊരു ബഹുനില കെട്ടിടമാണ് ഓർമ എന്നു ഞാൻ പറഞ്ഞപ്പോൾ സുഹൃത്ത് സുധീരൻ പൊട്ടിച്ചിരിച്ചു. ഫലപ്രദമായ വാക്‌സിനേഷനില്ലാത്ത സാംക്രമികരോഗമാണ് ഗൃഹാതുരതയെന്ന് അജയ് ഘോഷ് സൂചിപ്പിച്ചതും കൂട്ടുകാരൻ പ്രേമൻ, വുഹാനിൽ നിന്ന്​ പൊട്ടിപ്പുറപ്പെട്ട് ഭൂഖണ്ഡാന്തര യാത്രയാരംഭിച്ചുതുടങ്ങിയ ഒരു വൈറസിന്റെ സൈനികവിന്യാസത്തെക്കുറിച്ച് പൊടുന്നനെ വാചാലനായി. ലോകത്തെ അട്ടിമറിക്കാൻ പോകുന്ന ഒരു പാൻഡമിക് കാലത്തിനുള്ള ആമുഖഭാഷണമാണത് എന്നു ഞങ്ങൾക്കൂഹിക്കാൻ പോലും പറ്റുമായിരുന്നില്ല.

പ്രേമന്റെ നാടകീയവിവരണം കേട്ടമാത്രയിൽ പ്ലേഗ്​ പ്രമേയമാക്കി മേതിൽ എഴുതിയ കഥയിലെ ‘സദസ്സിൽ കൈയടി പടരും പോലെ ' എന്ന അലങ്കാരകൽപനയാണ് എനിയ്ക്ക് ഓർമ വന്നത്.
കോവിഡിനെക്കുറിച്ചുള്ള എന്റെ പ്രഥമ സ്മരണ ആ ഉപമയുടെ പടരുന്ന ഒച്ചയാണ്! അദൃശ്യനും നിശബ്ദനുമായ ഒരു വൈറസിന്റെ പടർച്ചയെ സദസ്സിലെ കൈയടിയൊച്ചയുടെ ഉപമയിലൂടെ അവതരിപ്പിച്ച മേതിലിന്റെ കൽപനയെക്കുറിച്ച് എനിയ്ക്കാദ്യമായി അതൃപ്തി തോന്നി.‘സംഗീതം ഒരു സമയകലയാണ്' എന്നുപേരുള്ള ആ കഥ ഒരിക്കൽക്കൂടി വായിക്കണം എന്നെനിയ്ക്ക് അഭിലാഷമുണ്ടായി.

കോവിഡ് കാലത്തെഴുതിയതുപോലെ മുമ്പൊരിക്കലും ഞാനെഴുതിയിട്ടില്ല. ‘സമയത്തിന്റെ കപ്പലണ്ടി കൊറിക്കുന്ന ഒരേകാകി' എന്ന സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും കോവിഡ് കാലത്തെഴുതിയവയാണ്.

അന്നേരം തൊട്ടടുത്ത പറമ്പിലെ വെള്ളക്കെട്ടിൽ ഒരു സംഘം കുളക്കോഴികൾ കരയിലും വെള്ളത്തിലും ആകാശത്തിലുമായി നൃത്തം ചെയ്യുന്നത് യാദൃച്ഛികമായി കണ്ടു. കുളക്കോഴികളിൽ വിഷാദരോഗികളില്ല എന്ന ഒരു പരപ്പൻ നിരീക്ഷണം എന്നിലുണ്ടായി. അതേവീട്ടിൽ വരാനിരിക്കുന്ന ലോക്ക്​ഡൗൺ കാലത്ത് മഴ ആർത്തലച്ചുപെയ്യുന്ന ദിവസങ്ങളിൽ ഏകാന്തനായി ജീവിക്കാൻ വിധിക്കപ്പെട്ട പതനത്തിൽ, കുളക്കോഴികളുടെ ജീവിതത്തെക്കുറിച്ച് ദീർഘമായ ഉപന്യാസം രചിക്കുകയല്ലാതെ മറ്റൊരു നിർവാഹമില്ലാത്തവിധത്തിൽ ഞാൻ മനുഷ്യരിൽ നിന്ന് പരിത്യക്തനായി ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് ഭാവന ചെയ്യാൻ മാത്രം ഉന്മാദമോ ഭവിഷ്യൽ ബോധമോ അന്നേരം എന്നിൽ ഉണ്ടായിരുന്നില്ല. ക്രൂരമായ യാഥാർഥ്യങ്ങൾ കെട്ടുകഥയുടെ ആഖ്യാന മാതൃകകളിൽ എഴുതപ്പെട്ട പാൻഡമിക് നോവലുകളിലെ കഥാപാത്രങ്ങളായി ഞാനും നിങ്ങളും ജീവിക്കാൻ പോകുകയാണെന്ന് ആ നിമിഷങ്ങളിൽ അറിയാമായിരുന്നെങ്കിൽ ലഹരിക്കായി ഓൾഡ് മങ്കിന്റെ നാലാമത്തെ പെഗിനുവേണ്ടി കുപ്പി ചെരിക്കേണ്ടി വരുമായിരുന്നില്ല.

പൊടുന്നനെ പ്രഖ്യാപിച്ച ഒന്നാം ഘട്ട ലോക്ക്ഡൗണിൽ മുംബൈയിൽ നിന്ന് യു.പിയിലേക്ക് മടങ്ങിപ്പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ
പൊടുന്നനെ പ്രഖ്യാപിച്ച ഒന്നാം ഘട്ട ലോക്ക്ഡൗണിൽ മുംബൈയിൽ നിന്ന് യു.പിയിലേക്ക് മടങ്ങിപ്പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ

കരമസോവ് ബ്രദേഴ്സി​നുശേഷം ഇത്ര ആർത്തിപിടിച്ച്, ജിജ്ഞാസയോടെ ഞാൻ വായിച്ച മറ്റൊരു പുസ്തകമില്ല, കോവിഡ് -19 പോലെ. വായിക്കുന്നതിനിടയിലെപ്പോൾ വേണമെങ്കിലും പുസ്തകത്താൽ കൊല്ലപ്പെട്ട് അതിലെ ഒരക്ഷരമായിപ്പരിണമിച്ച് അനശ്വരനാകാനുള്ള സാധ്യതയുണ്ട് എന്നത് പരായണത്തെ ഗാഢവും തീവ്രവുമാക്കി. വായിക്കുന്നതിനിടെ തന്നെ ആ പുസ്തകത്തെക്കുറിച്ച് ഞാൻ നിരന്തരം എഴുതി. കോവിഡ് കാലത്തെഴുതിയതുപോലെ മുമ്പൊരിക്കലും ഞാനെഴുതിയിട്ടില്ല. ‘സമയത്തിന്റെ കപ്പലണ്ടി കൊറിക്കുന്ന ഒരേകാകി' എന്ന സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും കോവിഡ് കാലത്തെഴുതിയവയാണ്. കഥയ്ക്കും കവിതയ്ക്കും ഉപന്യാസത്തിനുമിടയിൽ ഗണങ്ങൾ കൂടിക്കലർന്നുനിൽക്കുന്ന അസംഖ്യം കൽപനകൾ ഇക്കാലത്ത് എനിയ്ക്കെഴുതാൻ കഴിഞ്ഞു.‘സാനിയ മിർസ എന്ന പൂച്ചയുടെ ദുരൂഹ മരണം’ എന്നു പേരിട്ടിട്ടുള്ള അച്ചടിയിലുള്ള സമാഹാരത്തിൽ ഈ എഴുത്തുകളുണ്ട്.

വി. സനിൽ എഴുതിയതു കടമെടുത്തു പറഞ്ഞാൽ (കൊലയുടെ കോറിയോഗ്രാഫി)
കോവിഡ് നമ്മുടെ മരണത്തിന്​ നമ്മെ സമകാലീനരാക്കി. മനുഷ്യാഹന്തയെ അത്​തവിടുപൊടിയാക്കി. മനുഷ്യരാശിയ്ക്കു ലഭിച്ച ആന്തരിക ബോധോദയദായകമായ അനൗപചാരിക വിശ്വ സർവകലാശാലയാണ് കോവിഡ്- 19. എന്റെ ചിന്തയെയും എഴുത്തിനെയും ഈ സർവകലാശാലയിലെ അധ്യയനം ഗണ്യമായി സ്വാധീനിച്ചു.

ലോക്ക്​ഡൗൺ, ക്വാറന്റീൻ, പ്രോട്ടോകോൾ, സമൂഹിക അകലം തുടങ്ങി പരിചയമില്ലാത്ത കളിപ്പാട്ടങ്ങളുടെ കൗതുകമുണർത്തുന്ന വാക്കുകളും അവയുടെ ഭാരമേറിയ അനുഭവങ്ങളും ഇക്കാലത്ത് എന്റെ എഴുത്തിനെ പ്രകോപിച്ചുകൊണ്ടേയിരുന്നു

മനുഷ്യർ ജൈവ - പൗര ശരീരങ്ങളായി ചുരുങ്ങി എന്നതാണ് കൊറോണ ഏൽപ്പിച്ച ഏറ്റവും അപകടകരമായ രാഷ്ട്രീയാഘാതം. അരാജകവാദികളെപ്പോലും അത് മുഖവസ്ത്രം അണിഞ്ഞുവെന്ന് ഉറപ്പുവരുത്തി മാത്രം പുറത്തിറക്കി. പൊലീസ് വാഹനങ്ങൾ ദേശവിരുദ്ധമായ വഞ്ചകശരീരങ്ങളെ നിരന്തരം ഉത്പാദിപ്പിച്ചു. മോദി വെളിച്ചമണച്ച് പാത്രം മുട്ടാൻ പറഞ്ഞപ്പോൾ ഇന്ത്യ ഒട്ടിയതും മിനുക്കമുള്ളതുമായ പാത്രങ്ങൾ കൊണ്ട് ആഞ്ഞാഞ്ഞുമുട്ടി. കോവിഡ്കാലത്ത് വൻ നഗരങ്ങളിൽ നിന്ന് അവരവരുടെ സംസ്ഥാനങ്ങളിലേയ്ക്ക് മനുഷ്യർ കാൽനടയായി കുഞ്ഞുകുട്ടികളെ ഒക്കത്തെടുത്ത് നടന്ന് വഴിയിൽ തളർന്നുമരിക്കുന്നതു കണ്ടിട്ടും ഭരണകൂടം കുലുങ്ങിയില്ല. ഫൂക്കോയിസ്റ്റുകൾ പോലും യതീഷ് ചന്ദ്രയുടെ പടം ചില്ലിട്ടു പൂജിച്ചു. തെരുവിൽ തല്ലിച്ചതക്കപ്പെട്ടവരുടെ വീഡിയോകൾ നമ്മുടെ മനുഷ്യാവകാശ ധാരണകൾ എത്രമാത്രം ആത്മവഞ്ചകമായിരുന്നുവെന്നതിന്റെ ചരിത്രരേഖകളായി നിലനിൽക്കും.

കോവിഡ് ബാധിതനാകുന്നതോടെ ഒരു വ്യക്തി സവിശേഷ വ്യക്തി അല്ലാതായി മാറി. നിങ്ങളുടെ ശരീരം അപകടകരമായ പൊട്ടൻഷ്യലുള്ള ഒന്നായി സ്റ്റേറ്റും സമൂഹവും പരിഗണിക്കുന്നു. പരിഗണനയെന്നാൽ എല്ലായ്‌പ്പോഴും പരിഗണനയല്ലെന്ന് നമ്മളും മനസ്സിലാക്കി. നൂറ്റാണ്ടുകൾ കൊണ്ട് മനുഷ്യരാശി നേടിയെടുത്ത പൗരാവകാശങ്ങൾ ഒറ്റയടിയ്ക്ക് കൊള്ളയടിക്കപ്പെട്ടു. പബ്ബുകളിൽ നിന്നും മാളുകളിൽ നിന്നും പാർക്കുകളിൽ നിന്നും മനുഷ്യർ കുടിയിറക്കപ്പെട്ടു. പൊതുസ്ഥലത്ത് കാണപ്പെടുന്നയാൾ മാരകമായ ദണ്ഡശിക്ഷയർഹിക്കുന്നുവെന്ന് മനുഷ്യാവകാശ കോടതികൾ പോലും മനസ്സിലാക്കുന്നവിധത്തിൽ നാണംകെട്ട അപമാനവീകരണം സംഭവിച്ചു. മനുഷ്യാന്തസ്സ് സമ്പൂർണമായി ചോർന്നു.
പുതിയതരം അസ്പൃശ്യതകൾ ഉണ്ടായിവന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ശരീരങ്ങൾ വളരെക്കൂടുതൽ കോവിഡ് സാധ്യത ധ്വനിപ്പിച്ചു.

പൗരശരീരങ്ങളെ കുറ്റകരമായ പൊട്ടൻഷ്യലുള്ള ഭീഷണിയെന്ന നിലയിൽ നിരീക്ഷിക്കുന്ന സെക്​ടറൽ മജിസ്‌ട്രേറ്റുകളുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിച്ചു. സെക്​ടറൽ മജിസ്‌ട്രേറ്റായി നിയമിക്കപ്പെട്ട കാലത്തെ അനുഭവങ്ങളെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിൽ കയറുന്നതോടെ മരങ്ങളോ കെട്ടിടങ്ങളോ പൂക്കളോ മനുഷ്യരോ ഒന്നും കാണാതായി. പ്രോട്ടോകോൾ ലംഘനം നടത്തുന്ന മനുഷ്യശരീരങ്ങളെയേ കണ്ണെടുക്കുന്നുള്ളൂ.

കോവിഡ് കാലത്ത് രണ്ടുപേർ ചുംബിക്കുമ്പോൾ അക്ഷരാർഥത്തിൽ അവരും ലോകവും മാറാനുള്ള സാഹചര്യമൊരുങ്ങി. ബസിലടുത്തിരുന്ന മറ്റൊരാളിലൂടെ നിങ്ങളിലേയ്ക്കും ഭാര്യയിലേയ്ക്കും അവളുടെ കാമുകനിലേക്കും വചന ശുശ്രൂഷകനോ മോട്ടിവേഷണൽ സ്പീക്കറോ സന്യാസിയോ ആയ അയാളിലൂടെ ആയിരങ്ങളിലേയ്ക്കും സംക്രമിക്കാനുള്ള സാധ്യത തെളിഞ്ഞു. വിശ്വാസം ശിരോവസ്ത്രവും മുഖാവരണങ്ങളുമണിയിച്ച ഒരു വിഭാഗം മനുഷ്യരെക്കുറിച്ച് വിലപിച്ച യുക്തിവാദികൾക്ക് ശാസ്ത്രവും സ്റ്റേറ്റും മുഖാവരണമടിച്ചേൽപ്പിച്ച ഭൂമിയിലെ മുഴുവൻ മനുഷ്യരെയും കുറിച്ച് എന്തുപറയാനാകും? നാവടക്കൂ പണിയെടുക്കൂ എന്നാജ്ഞാപിച്ച ഏകാധിപതിയുടെ അനന്തരഗാമികളാണോ ഈ വൈറസ്? ഞങ്ങളുടെ വാ മൂടിക്കെട്ടാനാവില്ല എന്നു ആലങ്കാരികമായി ഇനി വിപ്ലവകാരികൾ ശബ്ദമുയർത്തുക അക്ഷരാർഥത്തിൽ വാ മൂടിക്കെട്ടിക്കൊണ്ടാവും.

''ലോക്ക്​ഡൗൺ കാലത്ത് രൂപകമെന്ന നിലവിട്ട് വീട് അക്ഷരാർത്ഥത്തിൽ തടവായി. അകത്ത് അകപ്പെട്ട മനുഷ്യർക്കിടയിൽ നേരത്തെയില്ലാതിരുന്ന അളവിൽ ശത്രുതയും ആശ്രിതത്വവും വെറുപ്പുമുണ്ടായി. ഈ ഭവന ബന്ധന സന്ദർഭത്തെ മുൻനിറുത്തി ഞാൻ ദുരന്ത ഹാസ്യകഥനങ്ങൾ എഴുതി.''
''ലോക്ക്​ഡൗൺ കാലത്ത് രൂപകമെന്ന നിലവിട്ട് വീട് അക്ഷരാർത്ഥത്തിൽ തടവായി. അകത്ത് അകപ്പെട്ട മനുഷ്യർക്കിടയിൽ നേരത്തെയില്ലാതിരുന്ന അളവിൽ ശത്രുതയും ആശ്രിതത്വവും വെറുപ്പുമുണ്ടായി. ഈ ഭവന ബന്ധന സന്ദർഭത്തെ മുൻനിറുത്തി ഞാൻ ദുരന്ത ഹാസ്യകഥനങ്ങൾ എഴുതി.''

കോവിഡ് കാലത്തെ ജയിലുകളെക്കുറിച്ച് ഒരു കുറിപ്പെഴുതിയതോർമിക്കുന്നു: ‘‘ഓരോ വീടും സ്റ്റേറ്റധീനതയിലുള്ള കാരാ(ഗൃഹ) മായി മാറിയതുകണ്ട് ജയിലന്തേവാസികൾ ഊറിച്ചിരിക്കുന്നുണ്ടാവും. രാജ്യത്തലവൻമാരും ന്യായാധിപരും പുരോഹിതരും ആൾദൈവങ്ങളും ഒരു ശത്രുവിന്റെ വധശിക്ഷാവിധിയുടെ നിഴലിൽ മുഖത്തുടുപ്പിട്ടും ഗുഹകളിലൊളിച്ചും വിറച്ചിരിക്കുന്നതു കാണുമ്പോൾ ഏകാന്ത സെല്ലിൽ മരണവിധിയ്ക്കു കാത്തുനിൽക്കുന്ന കൊടും കുറ്റവാളികളായ സാധു മനുഷ്യന്മാർ കഥകളുടെ പരിണാമഗുപ്തിയെക്കുറിച്ചോർത്ത് ഉറക്കത്തിൽ പുഞ്ചിരിക്കുന്നുണ്ടാവും. അവർ ലോക്കപ്പു കണ്ടവരാണ്, പിന്നല്ലേ ലോക് ഡൗൺ! ’’

ലോക്ക്​ഡൗൺ കാലത്ത് രൂപകമെന്ന നിലവിട്ട് വീട് അക്ഷരാർഥത്തിൽ തടവായി.
അകത്ത് അകപ്പെട്ട മനുഷ്യർക്കിടയിൽ നേരത്തെയില്ലാതിരുന്ന അളവിൽ ശത്രുതയും ആശ്രിതത്വവും വെറുപ്പുമുണ്ടായി. ഈ ഭവനബന്ധന സന്ദർഭത്തെ മുൻനിർത്തി ഞാൻ ദുരന്തഹാസ്യകഥനങ്ങൾ എഴുതി.ഒച്ചുകളുടെ ഇടനാഴികൾ, ആമ ജനവാതിലുകൾ, കുറേക്കൂടി അയാൾ കുളിമുറിയിൽ ചെലവഴിച്ചിരുന്നെങ്കിൽ എന്നതുപോലത്തെ അവളുടെ സ്വകാര്യതാകാംക്ഷകൾ. ധാരാളം സമയമുള്ളതുകൊണ്ട് ഭൂതകാലത്തിന്റെ ശസ്ത്രക്രിയാപ്രതലത്തിൽ പരസ്പരം കുഴികളിലേയ്ക്ക് വെടിവെച്ചിടുന്ന ബില്യാർഡ്‌സ് ടേബിളുകൾ. ഒരൊറ്റ ദിവസം തന്നെ അസംഖ്യമസംഖ്യം പൊറുക്കാനാവാത്ത യുറേക്കാ മുഹൂർത്തങ്ങൾ. മൊബിലിറ്റിയുള്ള സർവയലൻസ് ക്യാമറകൾ. കൊറോണയെക്കാൾ പതിന്മടങ്ങ് സംക്രമണശേഷിയുള്ള അസഹിഷ്ണുതകൾ. 1989 ഒക്ടോബർ 4-ന് പാരീസ് ഹോട്ടലിൽ അയാളോട് അവൾ പറഞ്ഞ അധിക്ഷേപവാക്യം ഓർത്തെടുത്ത് ഒരു സമകാലീന പ്രശ്‌നമവതരിപ്പിക്കുന്ന വികാരവിക്ഷോഭത്തോടെ പൊട്ടിത്തെറിക്കാൻ മാത്രം അനന്തമായ ചതി അവർക്കിടയിലുണ്ട്. കിടപ്പുമുറിക്കും സ്വീകരണമുറിക്കുമിടയിലെ വാതിൽക്കൽ ഒറ്റപ്പകലിൽ പതിനേഴുതവണ പരസ്പരം കണ്ടുമുട്ടുന്ന രണ്ടുപേർക്കിടയിലെ സംഭവ്യതകൾ എന്തൊക്കെയാണെന്ന് നമുക്കെല്ലാം അറിയാം.

ഈ ജീവിതം കുറേക്കൂടി ജീവിതയോഗ്യമാക്കിയ ചലച്ചിത്രകാരൻമാരുടെയും കവികളുടെയും ഗായകരുടെയും മരണങ്ങൾ നിരന്തരം ഉലച്ചുകൊണ്ടിരുന്നു. അടുപ്പമുള്ള പ്രിയപ്പെട്ട മനുഷ്യർ ഒരു തെരുവിന്റെ മൂലയുടെ തിരിവിൽ കാണാതാവുന്നതുപോലെ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായി.

വീടുവിട്ടിറങ്ങുന്ന ഗൗതമൻമാർ ആദർശ കഥാപാത്രങ്ങളല്ലാതായി മാറിക്കഴിഞ്ഞു. പുകഞ്ഞ കൊള്ളിയും പുറത്തായില്ല.

ലോക്ക്​ഡൗൺ, ക്വാറന്റീൻ, പ്രോട്ടോകോൾ, സമൂഹിക അകലം തുടങ്ങി പരിചയമില്ലാത്ത കളിപ്പാട്ടങ്ങളുടെ കൗതുകമുണർത്തുന്ന വാക്കുകളും അവയുടെ ഭാരമേറിയ അനുഭവങ്ങളും ഇക്കാലത്ത് എന്റെ എഴുത്തിനെ പ്രകോപിച്ചുകൊണ്ടേയിരുന്നു.
‘എറുമ്പു ദാർശനികത'യെന്ന കവിത ലോക്ക്​ഡൗൺ അനുഭവത്തിൽ നിന്നെഴുതിയതാണ്:‘‘ലോക്ക്​ഡൗൺ ആത്മാവിലാവാഹിച്ച ഒരെറുമ്പ്. മറ്റാരുടെയോ നിശ്ചേഷ്ടമായ ശരീരവും കൊണ്ട് ദീർഘയാത്രയ്ക്കു പുറപ്പെട്ട ഒരാളെപ്പോലെ. സ്വന്തം ശരീരത്തെ അതിനെത്തന്നെ വാഹനമാക്കിയുള്ള കടത്തൽ ഭാരവും ഇല്ലായ്മയും അകത്തും പുറത്തുമുള്ള നിൽപ്പ്. എറുമ്പു ദാർശനികത ''

‘‘ചുവരിൽ തന്റെ നിഴൽ കണ്ട് നിഴൽ നീങ്ങിത്തുടങ്ങുമ്പോൾ തൽക്ഷണം നീങ്ങേണ്ട അതിന്റെ നിഴലാണ് താനെന്ന ഉണ്മയുടെ കുഴമറിച്ചിൽപോലെ.’’

കപ്പിനും ചുണ്ടിനുമിടയിലെ കോവിഡ് ദൂരം, വികൽപം, സാധാരണക്കാരനായ ഒരാൾ ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിക്കുന്നില്ല, സൈനികർക്ക് കാലുകൾ നഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല തുടങ്ങിയ
കവിതകൾ കോവിഡ് കാലത്തിന്റെ മാനസികാനുഭവങ്ങളുടെ പ്രകാശനമാണ്.

ഈ ജീവിതം കുറേക്കൂടി ജീവിതയോഗ്യമാക്കിയ ചലച്ചിത്രകാരൻമാരുടെയും കവികളുടെയും ഗായകരുടെയും മരണങ്ങൾ നിരന്തരം ഉലച്ചുകൊണ്ടിരുന്നു. അടുപ്പമുള്ള പ്രിയപ്പെട്ട മനുഷ്യർ ഒരു തെരുവിന്റെ മൂലയുടെ തിരിവിൽ കാണാതാവുന്നതുപോലെ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായി. അതേസമയം ലോക്ക്ഡൗൺ അടച്ചിരിപ്പുകാരണം മാത്രം ആക്‌സിഡന്റുകളിലും ശസ്ത്രക്രിയാമേശകളിലും കൊല്ലപ്പെടേണ്ടിയിരുന്ന ആയിരങ്ങൾ രക്ഷപ്പെട്ടതിനെക്കുറിച്ചാലോചിച്ച് എനിയ്ക്കു വിസ്മയമുണ്ടായി. ഉൻമാദം, മാനസിക സ്വാസ്ഥ്യത്തിനുള്ള മരുന്നുകൾ, മദ്യം, ഡീ അഡിക്ഷൻ സെന്റർ, ഏകാന്തത എന്നിങ്ങനെ കോവിഡ് കാലത്തിലൂടെ മറ്റുപലരെയും പോലെ ഞാനും കടന്നുപോയി. ദുരന്തകാലങ്ങളിൽ കലയുടെ വസന്തമുണ്ടാകുന്നു എന്ന തത്വത്തിന്റെ ഉദാഹരണം പോലെ എന്റെ സമകാലീനരായ എഴുത്തുകാരെ പോലെ എഴുത്തുകൊണ്ട് ഞാനും അതിജീവിച്ചു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഷാജു വി.വി.

കവി, അധ്യാപകൻ. രണ്ടടി പിന്നോട്ട്, ഒരു അധോലോക റെസിപ്പി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments