പി.എൻ. ഗോപീകൃഷ്​ണൻ

കൊറോണയും ഞാനും കവിതയും

ഓരോ ദുരന്തങ്ങളെയും പരിഹരിക്കാനുള്ള മാനുഷികത സമാഹരിക്കാൻ കവിതയ്ക്ക് കഴിഞ്ഞു. കോവിഡിന്റെ കാലത്ത് ലോകത്ത് ഇത് സംഭവിക്കാൻ കവിതയ്ക്ക് കഴിഞ്ഞോ എന്ന അന്വേഷണം അതിനാൽ വളരെ പ്രധാനപ്പെട്ടതാണ്.

രണത്തിന്റെ വാർഷിക പരീക്ഷ എഴുതുന്നവരെപ്പോലെയാണ് കഴിഞ്ഞ രണ്ടുകൊല്ലങ്ങളായി നാം ജീവിച്ചുവരുന്നത്. പരീക്ഷ നാളെ അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോൾ, ഇനിയും പരീക്ഷകൾ പ്രഖ്യാപിക്കപ്പെടുന്നു. ഉത്തരങ്ങൾ എത്രമാത്രം നന്നായി എഴുതാൻ കഴിഞ്ഞു എന്ന് നാം കൂട്ടിയും കുറച്ചും ഉത്കണ്ഠപ്പെട്ടിരിക്കുന്നു. അതേസമയം, പരീക്ഷകരാകട്ടെ ചോദ്യങ്ങളുടെ വിന്യാസം പരിഷ്‌കരിച്ചും മൂല്യനിർണയ രീതികൾ മാറ്റിയും പരീക്ഷകൾ അവസാനിപ്പിക്കാതെയും പരീക്ഷാർഥികളെ കുഴക്കിക്കൊണ്ടിരിക്കുന്നു.

അതെ. കൊറോണയുടെ കാലത്ത് രണ്ടുതരം ആഖ്യാനരീതികൾക്കുള്ളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. ഒന്ന്, കൊറോണയെ അതിജീവിക്കാനുള്ള നമ്മുടെ ആഖ്യാനം. സ്വാഭാവികമായും കൊറോണാമുക്തമായ ഒരു ലോകത്തെ മുൻനിർത്തിയാണ് അത് ചമയ്ക്കപ്പെട്ടിട്ടുള്ളത്. അതായത്, നമ്മുടെ ആഖ്യാനങ്ങൾ അവസാനത്തെ പേജ് ആദ്യം എഴുതി അതിലേയ്ക്കുള്ള ലക്ഷ്യങ്ങളായി പരിമിതപ്പെടുത്തുന്നു. അതല്ലെങ്കിൽ രാജ്യങ്ങളും സംസ്ഥാനങ്ങളും ബജറ്റുകൾ അവതരിപ്പിക്കുന്നതുപോലെ ലക്ഷ്യങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തി അതിലേയ്ക്കുള്ള യാത്രയായി സാമൂഹ്യജീവിതം ചിട്ടപ്പെടുത്തുന്നു. ഈ ആഖ്യാനത്തിനനുസരിച്ച് നാം വാക്‌സിനേഷൻ ഡോസുകൾ ചിട്ടപ്പെടുത്തുന്നു. മരുന്നുകൾ സ്വീകരിക്കുന്നു. ശരീരത്തെ പുറത്തെവിടെയോ കാത്തിരിക്കുന്ന കോവിഡ്​ രഹിതലോകം എന്ന ശുഭാപ്തിവിശ്വാസത്തിലേയ്ക്ക് പരുവപ്പെടുത്തുന്നു. ഏതോ ലബോറട്ടറികളിൽ ഒരുങ്ങുന്ന മരുന്നുകളിലേയ്ക്ക് മനസ്സിനെ തിരിച്ചുവയ്ക്കുന്നു.

തീർന്നില്ല. നമ്മുടെ സമൂഹശരീരവും ഈ ആഖ്യാനങ്ങൾക്കനുസരിച്ച് പരുവപ്പെടുന്നുണ്ട്. വിദ്യാഭ്യാസപ്രക്രിയ തടസപ്പെട്ടപ്പോൾ സൈബർസ്ഥലി ഉപയോഗിച്ച് നാം ബദൽ ആഖ്യാനമുണ്ടാക്കി. നാഗരിക ശരീരത്തിന്റെ പ്രാണവായു എന്നുപറയാവുന്ന സാമ്പത്തിക പ്രക്രിയകൾക്ക് തടസം നേരിട്ടപ്പോൾ ഓൺലൈൻ ഇടപാടുകളുടെ ആഖ്യാനം ചമച്ചു. ഐ.എം.എഫ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വരെ സാമ്പത്തിക ഉണർവിലേയ്ക്കുള്ള ദൂരം ഇത്ര മണിക്കൂറുകൾ എന്നു കുറിച്ചു. ആവശ്യത്തിനനുസരിച്ച് ലക്ഷ്യത്തെ ദൂരെ ദൂരേയ്ക്കു മറ്റിവരച്ചു.

എന്നെങ്കിലും കവിത വായിക്കാത്ത മനുഷ്യർ കവിതയിലേക്കാകൃഷ്ടരായാൽ, ജീവികുലം കവിത വായിക്കാൻ സന്നദ്ധരായാൽ കവിതയിൽ ഒരു ചെറിയ ഇടമെങ്കിലും അവർക്കുവേണ്ടിയും മാറ്റിവെയ്ക്കണം എന്ന മട്ടിൽ അത് മാറുന്നുണ്ട്.

എന്നാൽ, കൊറോണയുടെ ആഖ്യാനം മറ്റൊന്നായിരുന്നു. ആദ്യമായി മനുഷ്യനിർമിതമല്ലാത്ത ഒരു ആഖ്യാനം ഇത്രമേൽ മനുഷ്യരെ ബാധിച്ചിട്ടില്ല. അത് മനുഷ്യശരീരത്തെ അപനിർമിച്ചു. മനുഷ്യശരീരം തന്റേതെന്ന് അത്​ കരുതി. സ്വന്തം ശരീരത്തിന്റെ തുടർച്ചയും ആവാസ വ്യവസ്ഥയുമായി അത് മനുഷ്യശരീരത്തെ മാറ്റിയെഴുതിയപ്പോൾ ആ ശരീരത്തിന്റെ ഞാൻ കുഴങ്ങി. അഭേദവും അഭേദ്യവുമായ ഒരു ബന്ധത്തിന്റെ തകർച്ചയാണ് ഞാനിനെ സംബന്ധിച്ച്​ സംഭവിച്ചത്. അതിനുമുന്നിൽ രണ്ടു വഴികളേ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ശരീരവുമായുള്ള ബന്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുക. അല്ലെങ്കിൽ പഴയ മട്ടിൽ ശരീരവുമായി അലിഞ്ഞുചേരുക. ഈ രണ്ടുവഴികൾക്കിടയ്ക്കാണ് മരണത്തിന്റെ, ബുദ്ധിമുട്ടുകളുടെ, നിവാരണത്തിന്റെ ജീവിതനാടകരംഗങ്ങൾ അരങ്ങേറിയത്.

ഇടക്കാലത്തുവെച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിലേയ്ക്ക് മാറ്റപ്പെട്ടവരെപ്പോലായിരുന്നില്ല ആ അലസിപ്പോയ നവാഗതർ. അവരുടെ കൂട്ടം സൃഷ്ടിക്കപ്പെടുംമുൻപേ അലസിപ്പോയി. / Photo: Pixabay
ഇടക്കാലത്തുവെച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിലേയ്ക്ക് മാറ്റപ്പെട്ടവരെപ്പോലായിരുന്നില്ല ആ അലസിപ്പോയ നവാഗതർ. അവരുടെ കൂട്ടം സൃഷ്ടിക്കപ്പെടുംമുൻപേ അലസിപ്പോയി. / Photo: Pixabay

സ്വശരീര വ്യാകരണത്തിന്റെ അട്ടിമറി മാത്രമല്ല ആ ആഖ്യാനം നിർവഹിച്ചത്. സമൂഹ ശരീരത്തിന്റേതുകൂടിയാണ്. സമൂഹ ശരീരത്തിലേയ്ക്കുള്ള പടിവാതിൽ നമ്മുടെ ഓർമയിൽ ആദ്യമായി കൊട്ടിയടഞ്ഞു. വിദ്യാഭ്യാസത്തിലേയ്ക്ക്, മറ്റൊരർഥത്തിൽ സമൂഹ പ്രക്രിയയിലേയ്ക്ക് കാലുവെയ്ക്കുന്ന ആദ്യർക്കു മുൻപിൽ കൊറോണ നിർദയം വഴി തടഞ്ഞു. ഇടക്കാലത്തുവെച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിലേയ്ക്ക് മാറ്റപ്പെട്ടവരെപ്പോലായിരുന്നില്ല ആ അലസിപ്പോയ നവാഗതർ. അവരുടെ കൂട്ടം സൃഷ്ടിക്കപ്പെടും മുൻപേ അലസിപ്പോയി. വീട്ടിൽനിന്ന് വിദ്യാലയത്തിലേയ്ക്ക് എന്ന പ്രക്രിയയുടെ ആഴമേറിയ അർഥം, ജന്മബന്ധങ്ങളിൽ നിന്ന് സാമൂഹികബന്ധങ്ങളിലേയ്ക്കുള്ള ആദ്യപാത ഇല്ലായ്മയുടേതായി.

എത്ര പ്രിയപ്പെട്ടവരാണ് ശവങ്ങളായി വീണത്. എത്ര ശരീരങ്ങളാണ് വക്രീകരിക്കപ്പെട്ടത്. ആരോഗ്യവും സമ്പത്തും എത്രമാത്രമാണ് പരിക്കേറ്റത്. ഈ കണക്ക് കവിതയ്ക്ക് ഏറ്റെടുക്കാതെ വയ്യ.

സഞ്ചാരം എന്ന പദത്തെ വേഗം ആയി മാറ്റിയെഴുതിയ ഒരു യുഗത്തെ ഈ വൈറസ് പുനർനിർവചിക്കാൻ പ്രേരിപ്പിച്ചു. ആഗോളവത്കരണം ഉണ്ടാക്കിയ ഒരു വലിയ കുമിള വേഗത്തിന്റേതായിരുന്നു. കാരണം, പണത്തിന് പണ്ടത്തേക്കാളും വേഗത്തിൽ സഞ്ചരിക്കണമെങ്കിൽ, അത് അതിനെത്തന്നെ മാറ്റിയെഴുതുന്നതിനൊപ്പം വേഗത്തിന്റെ കുമിളബോധം സംസ്‌കാരത്തിൽ ഉണ്ടാക്കണമായിരുന്നു. കുമിള എന്നത് ഒരു ഇല്ലായ്മയും ഉണ്മയുമാണ്. പ്രതീതി യാഥാർഥ്യമാണ്. വേഗവും അതായിരുന്നു. ആരോഗ്യത്തിനുവേണ്ടിയും വിനോദത്തിനുവേണ്ടിയും നാം വേഗം കൂട്ടി. ശരീരത്തിനെ വാഹനങ്ങളുമായി കൂട്ടിഘടിപ്പിക്കുന്നതിന്റെ അളവ് ദിനംപ്രതി വർധിപ്പിച്ചു. അതായത് ഒരു സാങ്കേതികശരീരം നമ്മുടെ സത്യമായി. ഓട്ടോറിക്ഷ മുതൽ വിമാനം വരെ കൂട്ടിയിണക്കാവുന്ന അദൃശ്യ സോക്കറ്റുകൾ നമ്മുടെ ജൈവശരീരത്തിന് കരഗതമായി. ഈ സാങ്കേതിക ശരീരം, സവിശേഷമായിപ്പറഞ്ഞാൽ വാഹന ശരീരം, പണത്തിന്റെ വേഗതയ്ക്ക് അനിവാര്യമായിരുന്നു. കാരണം പണം ഒരു രാജ്യത്തിന്റെ കറൻസി മാത്രമല്ലാതെ പരുവപ്പെട്ടിട്ടുണ്ടായിരുന്നു. അത് സ്വയം പാസ്‌പോർട്ടും വിസയും ഐ.ഡി കാർഡുമായി വേഷം മാറാൻ കെൽപ് നേടിയിരുന്നു. കൊടും യുദ്ധത്തിലേർപ്പെട്ട രണ്ട് രാജ്യങ്ങൾക്കിടയിലെ അതിർത്തിപോലും താണ്ടാൻ അതിന് വളരെ എളുപ്പം കഴിയുമായിരുന്നു.

സോഷ്യൽ ഡെമോക്രാറ്റിക്ക് യുഗത്തിലെ പണത്തിന് ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ മന്ദതാളം ആയിരുന്നു. അതിനാൽ അതിനുചുറ്റും വിന്യസിക്കപ്പെട്ട സമൂഹത്തിനും അതേ താളം ആയിരുന്നു. ഈ ക്ഷേമരാഷ്ട്ര സങ്കല്പഭാരം ഒഴിഞ്ഞുപോയതോടെ പണത്തിന്റെ വേഗം കൂടി. സാമൂഹിക മൂല്യങ്ങൾ ഭാരമെന്ന് കരുതി ഒഴിവാക്കിയാൽ വ്യക്തികളുടെ വേഗത്തിന് ലാഘവം കൈവരും പോലെ. പണം പുതിയകാലത്ത് അതിനാൽ പണം എന്നതിനേക്കാൾ ഒരു ടെക്‌നോ സിസ്റ്റമായി.

ഈ വേഗത്തിലാണ് കൊറോണ പിടികൂടിയത്. അതോടെ യാത്രകൾ പരിമിതപ്പെട്ടു. നമ്മുടെ ശരീരത്തിന്റെ സാന്ത്വനവ്യവസ്ഥ വീട് തന്നെയായി. നമുക്കും ലോകത്തിനുമിടയ്ക്ക് ഭിത്തികളുടെ എണ്ണം കൂടി. വലിയ വേഗത്തിൽ പോകുന്ന ഒരു വണ്ടി സഡൻ ബ്രേക്കിട്ടതുപോലെയായിത്തീർന്നു നമ്മുടെ വ്യവസ്ഥ. പലരും വീണു. പലരും നിലവിളിച്ചു. ആപത്തിന്റെ പടനിലത്തിൽ ഇല്ലാത്ത ആശ്വാസങ്ങളുടെ പിടിവള്ളിയിൽ നാം വസിച്ചു.

ഇന്നത്തെ കവിതയിൽ നിന്നും വ്യക്തിപരതയെ വേർതിരിക്കാൻ കഴിയാത്തതുകൊണ്ട് പ്രകൃതിയ്ക്കുമേൽ സാംസ്‌കാരികമായ ഒരു സമതുലിതാവസ്ഥ നാം കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.

അതെ, ഇതിനെ മറികടക്കാൻ നമുക്ക് നിരവധി തരത്തിലുള്ള നുണകളും മറവികളും വ്യാജമായ പ്രത്യാശകളും വേണമായിരുന്നു. പലതരം വിശ്വാസങ്ങളുടെ കുമിളകൾ വേണമായിരുന്നു. അതിനായി നാം മാനദണ്ഡങ്ങളെ താഴേയ്ക്ക് കൊണ്ടുവന്നു. ഉദാഹരണമായി വാക്‌സിൻ എന്ന മാനദണ്ഡം. മുൻപ് വാക്‌സിൻ എന്നത് സമ്പൂർണമായ ഒരു രോഗപ്രതിരോധ സമാഹാരത്തിന്റെ പേരായിരുന്നു. ഗോവസൂരി പ്രയോഗം സ്വീകരിച്ച ഒരാൾക്ക് രോഗം വരില്ലായിരുന്നു എന്നുമാത്രമല്ല, രോഗം വന്നാൽ അത് ആ പ്രയോഗത്തിന്റെ പരാജയം ആകുമായിരുന്നു. എല്ലാ വാക്‌സിന്റെയും മാനദണ്ഡം അതായിരുന്നു. എന്നാൽ കോവിഡ് വാക്‌സിന്റെ മാനദണ്ഡം താഴേയ്ക്ക് കൊണ്ടുവരാൻ നാം നിർബന്ധിതരായി. വരില്ല എന്നിടത്തുനിന്നും രോഗബാധയുടെ കാഠിന്യം കുറയ്ക്കും എന്നിടത്തേയ്ക്ക്. കോവിഷീൽഡ് മാരകത്തെ നേർപ്പിക്കുന്ന ഒന്നാണ്. പക്ഷേ, കോവിഡിന് ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള കിളിവാതിലുകളെ അടയ്ക്കാൻ അശക്തമാണത്.

സോഷ്യൽ ഡെമോക്രാറ്റിക്ക് യുഗത്തിലെ പണത്തിന് ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ മന്ദതാളം ആയിരുന്നു. അതിനാൽ അതിനുചുറ്റും വിന്യസിക്കപ്പെട്ട സമൂഹത്തിനും അതേ താളം ആയിരുന്നു. / Photo: Wikimedia Commons
സോഷ്യൽ ഡെമോക്രാറ്റിക്ക് യുഗത്തിലെ പണത്തിന് ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ മന്ദതാളം ആയിരുന്നു. അതിനാൽ അതിനുചുറ്റും വിന്യസിക്കപ്പെട്ട സമൂഹത്തിനും അതേ താളം ആയിരുന്നു. / Photo: Wikimedia Commons

എല്ലാ ഭക്ഷ്യശൃംഖലകളിൽ നിന്നും മുക്തമായ ഒരു വംശമാണ് മനുഷ്യൻ. വിശപ്പടക്കാൻ മനുഷ്യനെത്തിന്ന് ജീവിക്കുന്ന ഒരു ജീവിവർഗവും ഭൂമുഖത്ത് ഇല്ല. മനുഷ്യന്റെ തലച്ചോറിന്റെ പ്രത്യേകത കൊണ്ടു മാത്രമല്ല, ഈയൊരു ജൈവപദവിയും കൂടിയാണ് മനുഷ്യപ്രവൃത്തികളുടെ ഉറവിടം. അതിനാൽ മനുഷ്യരെ സംബന്ധിച്ച്​ രോഗം എന്നത് ഭക്ഷ്യശൃംഖലയ്ക്ക് പുറത്ത് ജീവിവർഗങ്ങളോടുള്ള, പ്രത്യേകിച്ചും സൂക്ഷ്മജീവിവർഗങ്ങളോടുള്ള ഒരു ഇടപെടൽ കൂടിയാണ്. അതിനാൽ രോഗം പകർച്ചവ്യാധിയും മഹാമാരിയുമായി പരിണമിക്കുമ്പോൾ ഒരു ജീവിവൈപുല്യം മുഴുവൻ മനുഷ്യരാശിക്കും അഭിമുഖം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ ഒരു ചോദ്യം കൂടി നാം അഭിമുഖീകരിക്കേണ്ടതുണ്ട്.

എന്താണ് മഹാമാരിയുടെ വേഗം?

ഇക്കാര്യം വിശദീകരിക്കാൻ ഉദാഹരണമായി കോവിഡ് വ്യാപനത്തിന് മുമ്പ് നാം കണ്ട ഏറ്റവും വലിയ മഹാമാരിയായ പ്ലേഗിന്റെ മൂന്നാം തരംഗം എടുക്കാം. ചരിത്രം പറയുന്നത് 1855-ൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നാണ് ബ്യൂബോണിക് പ്ലേഗിന്റെ അണുക്കൾ മനുഷ്യരെ ബാധിക്കാൻ തുടങ്ങിയത് എന്നാണ്. ഇത് ഇന്ത്യയിലെത്തുന്നത് 1896-ലാണ്. അത് ചൈനയിൽ തന്നെ വലിയ വിപത്തായിത്തീരാൻ 1882 വരെ സമയമെടുത്തു. അവിടെ നിന്ന്​ ആ രോഗാണുക്കളുടെ യാത്ര ഇന്ത്യയിലെത്താൻ പതിനാലു വർഷങ്ങളെടുത്തു എന്നത് നാം കാണേണ്ടതാണ്. അതേസമയം വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2019 ഡിസംബറിലാണ്. 2020 ജനുവരി 30-ന് എന്റെ സ്വന്തം പഞ്ചായത്തായ മതിലകത്ത് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതായത് ഒരു മാസം കൊണ്ട് കൊറോണ വൈറസ് ഇന്ത്യ കീഴടക്കാനുള്ള യാത്ര പൂർത്തിയാക്കി. ഇതിൽനിന്ന്​ അനുമാനിക്കാൻ കഴിയുന്ന ലളിതമായ കാര്യം, വൈറസിന്റെ പിളർപ്പുകളും പരിണാമങ്ങളും മാത്രമല്ല മഹാമാരിയുടെ വേഗതയെ സ്വാധീനിക്കുന്നത്. ലോകം വേഗതയ്ക്ക് കല്പിച്ചുകൊടുത്തിട്ടുള്ള അളവുകോൽ കൂടിയാണ്. അത് എത്ര ഉയരുന്നുവോ അത്രയും വേഗത്തിൽ വൈറസിന് സഞ്ചരിക്കാൻ പറ്റും.

മനുഷ്യവംശത്തിനുമേൽ ചാരനിറം പൂശുന്ന കാലത്താണ് കവിതക്ക്​ പലപ്പോഴും ഉന്മേഷം കൈവരിക. രണ്ട് ലോകയുദ്ധങ്ങൾക്കുശേഷം യൂറോപ്പിൽ കവിത അടിമുടി പുത്തനായി. തിരുവിതാംകൂർ പോലൊരു ഹിന്ദുരാജ്യത്ത് ജാതി കലശലായപ്പോൾ പുതിയൊരു കവിത കുമാരനാശാനിലൂടെ പ്രകാശിതമായി.

അതായത്, മനുഷ്യരുടെ പശ്ചാത്തല വികസനമെന്നത് മനുഷ്യർക്ക് മാത്രമുള്ള എന്തോ ആണ് എന്ന ധാരണ നമുക്ക് കാണാൻ മാത്രം വലിപ്പമില്ലാത്ത ഈ സൂക്ഷ്മജീവി തകർത്തു. അതിന്റെ വ്യാപനത്തിന് മനുഷ്യന്റെ പശ്ചാത്തല സൗകര്യം ബോധപൂർവമല്ലാതെ തന്നെ അത് ഉപയുക്തമാക്കി. നമ്മുടെ സമൂഹശരീരത്തിന്റെ നാഗരികോന്മുഖതക്കുനേരേ കോവിഡ് ഉയർത്തുന്ന ചോദ്യം ആണ്.

ഇത്രയും രേഖപ്പെടുത്തിയത് കോവിഡ് നമുക്കുമുന്നിൽ നിർമിച്ച പുതിയ അരങ്ങിനെ നേർക്കുനേർ കാണാനാണ്. എന്നാൽ സാമ്പ്രദായിക ലോകം നമ്മോട് പറയാൻ ശ്രമിക്കുന്നത് ഒരു ഇടവേള കഴിഞ്ഞാൽ ചരിത്രത്തിന്റെ ഏത് ബിന്ദുവിൽ വെച്ചാണോ കോവിഡ് നമ്മെ അറുത്തുമാറ്റിയത്, ആ ബിന്ദുവിൽ തന്നെ നമ്മെ തിരിച്ചെത്തിക്കും എന്ന വാഗ്ദാനമാണ്. ശാസ്ത്രം അതിന്റെ പരിഹാരമാർഗങ്ങളുടെ കുമിളകൾ നിർമിച്ചുകൊണ്ടും സാമ്പത്തികശാസ്ത്രം അതിന്റെ സമവാക്യങ്ങളുടെ കുമിളകൾ സൃഷ്ടിച്ചുകൊണ്ടും ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അനുഭവത്തിന്റെ കലയായ കവിതയാകട്ടെ ഈ കുമിളകൾ പൊട്ടുന്നതാണ് എന്ന് നിരന്തരം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങും കോവിഡ് കാലത്തെ കാവ്യാനുഭവം അതായിരുന്നു. അനുഭവത്തിന്റെ ബദൽ ആഖ്യാനം എഴുതുക. സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് അത് ലോകത്തെ മോചിപ്പിച്ചു.

കവിതയുടെ ചരിത്രം നോക്കിയാൽ മനുഷ്യവംശത്തിനുമേൽ ചാരനിറം പൂശുന്ന കാലത്താണ് അതിന് പലപ്പോഴും ഉന്മേഷം കൈവരിക എന്ന് കാണാൻ കഴിയും. രണ്ട് ലോകയുദ്ധങ്ങൾക്കുശേഷം യൂറോപ്പിൽ കവിത അടിമുടി പുത്തനായി. തിരുവിതാംകൂർ പോലൊരു ഹിന്ദുരാജ്യത്ത് ജാതി കലശലായപ്പോൾ പുതിയൊരു കവിത കുമാരനാശാനിലൂടെ പ്രകാശിതമായി. യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയും അമേരിക്കയും മറ്റ് യൂറോപ്യൻ സാമ്രാജ്യത്വശക്തികളും സാമ്പത്തികമായി യൂറോപ്പിനെ കശക്കിയെറിഞ്ഞപ്പോൾ ലാറ്റിനമേരിക്കയിൽ നിന്ന് ചരിത്രം എഴുന്നുനിൽക്കുന്ന പുത്തൻ കവിതയുണ്ടായി. അതായത് ഓരോ ദുരന്തങ്ങളെയും പരിഹരിക്കാനുള്ള മാനുഷികത സമാഹരിക്കാൻ കവിതയ്ക്ക് കഴിഞ്ഞു. കോവിഡിന്റെ കാലത്ത് ലോകത്ത് ഇത് സംഭവിക്കാൻ കവിതയ്ക്ക് കഴിഞ്ഞോ എന്ന അന്വേഷണം അതിനാൽ വളരെ പ്രധാനപ്പെട്ടതാണ്. ആ അന്വേഷണം പുതിയൊരു സർഗാത്മകതയുടെ ഉണർവ് മനുഷ്യർക്ക് കൊടുക്കും. ആ സർഗാത്മക ഊർജമാകും യഥാർഥത്തിൽ മനുഷ്യവർഗത്തെ ഉയിർത്തെണീപ്പിക്കുക. അല്ലാതെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനങ്ങൾ അല്ല.

 മനുഷ്യരുടെ പശ്ചാത്തലവികസനമെന്നത് മനുഷ്യർക്ക് മാത്രമുള്ള എന്തോ ആണ് എന്ന ധാരണ നമുക്ക് കാണാൻ മാത്രം വലിപ്പമില്ലാത്ത ഈ സൂക്ഷ്മജീവി തകർത്തു. / Photo: Pixabay
മനുഷ്യരുടെ പശ്ചാത്തലവികസനമെന്നത് മനുഷ്യർക്ക് മാത്രമുള്ള എന്തോ ആണ് എന്ന ധാരണ നമുക്ക് കാണാൻ മാത്രം വലിപ്പമില്ലാത്ത ഈ സൂക്ഷ്മജീവി തകർത്തു. / Photo: Pixabay

ആ പരിശോധനയുടെ ഭാഗമായി കവിതകളെഴുതാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ആൾ എന്ന നിലയിൽ എന്നെത്തന്നെ എടുത്ത് പരിശോധിക്കട്ടെ. ഒരു കവിയെന്ന നിലയിൽ എന്റെ മാറ്റങ്ങൾ എന്റെ തന്നെ സ്വകാര്യതയാക്കി വെക്കാറാണ് പതിവ്. അത് തന്നെയാണ് സുരക്ഷിതമാർഗം. എന്നാൽ ഈ അപരിചിത ചരിത്രസന്ദർഭത്തിൽ ആ സ്വകാര്യതയെ ഭഞ്ജിച്ച് കൊണ്ട് ഉറക്കെ സംസാരിക്കേണ്ടത് അത്യാവശ്യമെന്ന് ഞാൻ കരുതുന്നു. കാരണം ഇപ്പോൾ ഞാൻ എന്ന പദത്തിൽ നിന്ന് അഹംബോധത്തിന്റെ മിച്ചമൂല്യം ഒഴിഞ്ഞുപോയിരിക്കുന്നു.

ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അവയിൽ സംഭവിച്ച ഒരു വ്യത്യാസം ജീവന്റെ മാധ്യസ്ഥം മനുഷ്യരിൽ നിന്ന് അല്പം നീങ്ങിപ്പോയി എന്നതാണ് എന്നുതോന്നുന്നു. മനുഷ്യകേന്ദ്രിതത്വത്തെ ഭാഷയിൽ നിഷേധിക്കുക എളുപ്പമല്ല. കാരണം ഭാഷ മനുഷ്യരുടേതാണ്.

എന്തുകൊണ്ടാണ് സ്വസ്ഥതകളിൽ ‘അ’ ചേരുന്നത്?, ഉപനിഷത്തും ബാക്ടീരിയും, ശലഭവും നമ്മളും, വൈറസിന്റെ ഏപ്രിൽ ടീസറുകൾ, ഞാൻ കുടിച്ച വെള്ളത്തിൽ തുടങ്ങിയ അനേകം കവിതകൾ ഈ കാലത്ത് എന്റെ പേരിൽ എഴുതപ്പെടുകയുണ്ടായി. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അവയിൽ സംഭവിച്ച ഒരു വ്യത്യാസം ജീവന്റെ മാധ്യസ്ഥം മനുഷ്യരിൽ നിന്ന് അല്പം നീങ്ങിപ്പോയി എന്നതാണ് എന്നുതോന്നുന്നു. മനുഷ്യകേന്ദ്രിതത്വത്തെ ഭാഷയിൽ നിഷേധിക്കുക എളുപ്പമല്ല. കാരണം, ഭാഷ മനുഷ്യരുടേതാണ്. ഭാഷാശരീരം എന്ന് വിളിക്കാവുന്ന തരത്തിൽ അത് മനുഷ്യരുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. എങ്കിൽപ്പോലും മനുഷ്യരിൽ നിന്ന് അതിന്റെ എന്നന്നേയ്ക്കുമായ കൂറിനെ അടർത്തിമാറ്റാൻ അതിന് കഴിയും എന്ന് ഇക്കാലം എന്നെ പഠിപ്പിച്ചു. ഭാഷയുടെ മനുഷ്യനോടുള്ള കൂറിനെ അടർത്തിമാറ്റുന്നത് ഇക്കാലത്തെ കവിതയുടെ ദൗത്യമാണെന്നും. എന്തുകൊണ്ടാണ് സ്വസ്ഥതകളിൽ അ ചേരുന്നത് എന്ന കവിത അതിന്റെ പറത്തം അവസാനിപ്പിക്കുന്നത് താഴെക്കാണുന്ന വരികളിലാണ്.

നമ്മുടെ സ്വാതന്ത്ര്യങ്ങളെല്ലാം കൈയേറ്റങ്ങൾ കൂടിയാണ് ഗാന്ധിയുടെയും ബുദ്ധന്റെയും നന്മ പറയപ്പെടാത്ത ഒരു യുദ്ധത്തിന്റെ നിഴലുകൂടിയാണ് കാൾ മാർക്‌സ് നടക്കാനിറങ്ങിയ ചിന്താസരണി ഒരു പാമ്പ് ഓടിമറഞ്ഞ വളഞ്ഞുപുളഞ്ഞ വഴി കൂടിയാണ് സോക്രട്ടീസ് കടം പറഞ്ഞ പൂവൻകോഴി പേടിച്ചു പറന്ന പക്ഷിക്കൂട്ടത്തിൽ നിന്നും നിലം പതിച്ചതാണ്

ചെറുതാണ് കാരണങ്ങൾ ചെറുത്. വളരെ ചെറുത്

സസ്യങ്ങളെ നാം പഠിക്കും പോലെ അവ നമ്മെയും പഠിക്കുന്നുണ്ട്. മൃഗങ്ങളെ നാം നോക്കും പോലെ അവ നമ്മെയും നോക്കുന്നുണ്ട്. ഭൂതക്കണ്ണാടി വെച്ച് നാം ചെറുതുകളെ വലുതാക്കുമ്പോൾ മറ്റൊരു കണ്ണാടി കൊണ്ട് അവ നമ്മെ ചെറുതാക്കുന്നുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിന്ന് മാറ്റിവായിക്കുകയാണെങ്കിൽ ഇതിന്റെ വൈകാരിക ഘടന നഷ്ടപ്പെടും എന്ന് എനിയ്ക്കുതോന്നുന്നു. അവ മറ്റൊരർഥമാകും ദ്യോതിപ്പിക്കുക എന്നും. യഥാർഥത്തിൽ പ്രകൃതി എന്നുപറയുന്നത് ഒരുതരത്തിലും വ്യക്തിപരതയെ പ്രോത്സാഹിപ്പിക്കാത്ത ഒന്നാണ്. വംശങ്ങളിൽ മാത്രമേ അതിന് താത്പര്യമുള്ളു. ഓരോ വംശത്തെയും വെട്ടിച്ചെറുതാക്കാനും ഊതിവീർപ്പിക്കാനുമുള്ള കഴിവിനെയാണല്ലോ യഥാർഥത്തിൽ പ്രകൃതി എന്ന് നാം വിളിക്കുന്നത്. എന്നാൽ ഇന്നത്തെ കവിതയിൽ നിന്ന്​ വ്യക്തിപരതയെ വേർതിരിക്കാൻ കഴിയാത്തതുകൊണ്ട് പ്രകൃതിയ്ക്കുമേൽ സാംസ്‌കാരികമായ ഒരു സമതുലിതാവസ്ഥ നാം കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഓരോ പ്രവൃത്തിയിലും. എന്നാൽ അത് മാനുഷികതയോടുചേർന്ന് മാത്രം നിൽക്കുന്ന സാംസ്‌കാരികാവബോധം മാത്രമല്ല എന്നാണ് ഇക്കാലം നമ്മോട് പറയുന്നത്. മനുഷ്യർക്കുവേണ്ടി, മനുഷ്യരാൽ, മനുഷ്യരെക്കൊണ്ട് ഉണ്ടാക്കുന്നത് മാത്രമല്ല ഇനിമുതൽ സാംസ്‌കാരികാവബോധം.

മറവിയെയും ഓർമയെയും പറ്റി നിരവധി ചർച്ചകൾ ലോകത്ത് നടന്നിട്ടുണ്ട്. എന്നാൽ കൊറോണാ വകഭേദങ്ങൾക്കിടയിലെ ഇടവേളകളിൽ ഒരുതരം ബലം പ്രയോഗിച്ചുള്ള മറവിയെ മനുഷ്യകുലം അതിന്റെ പൊതുബോധമായി സ്വീകരിക്കാൻ ശ്രമിക്കുന്നത് നാം കണ്ടു. മനുഷ്യരുടെ ആഹ്ലാദങ്ങളെയും ആഘോഷങ്ങളെയും തിരിച്ചുപിടിക്കാൻ അത് നിർബന്ധമാണ് എന്ന മട്ടിൽ. ഈ കണ്ണടച്ചിരുട്ടാക്കൽ കവിതയ്ക്ക് സഹിക്കാവുന്നതല്ല. എത്ര പ്രിയപ്പെട്ടവരാണ് ശവങ്ങളായി വീണത്. എത്ര ശരീരങ്ങളാണ് വക്രീകരിക്കപ്പെട്ടത്. ആരോഗ്യവും സമ്പത്തും എത്രമാത്രമാണ് പരിക്കേറ്റത്. ഈ കണക്ക് കവിതയ്ക്ക് ഏറ്റെടുക്കാതെ വയ്യ. ഭാഷ മനുഷ്യബന്ധങ്ങൾക്കുള്ളിൽ ഇന്നലെ പ്രവർത്തിച്ച പോലല്ല, ഇനി മുതൽ പ്രവർത്തിക്കുക.

മനുഷ്യരൊഴിച്ചുള്ള ജീവികുലം കവിത വായിക്കില്ല എന്ന് നമുക്കറിയാം. മനുഷ്യരിൽ തന്നെ ബഹുഭൂരിപക്ഷവും കവിത വായിക്കാറില്ല. എന്നാൽ എന്നെങ്കിലും കവിത വായിക്കാത്ത മനുഷ്യർ കവിതയിലേക്കാകൃഷ്ടരായാൽ, ജീവികുലം കവിത വായിക്കാൻ സന്നദ്ധരായാൽ കവിതയിൽ ഒരു ചെറിയ ഇടമെങ്കിലും അവർക്കുവേണ്ടിയും മാറ്റിവെയ്ക്കണം എന്ന മട്ടിൽ അത് മാറുന്നുണ്ട്. ലോകമെമ്പാടും. കാരണം, എല്ലാ കുമിളകളും പൊട്ടാനുള്ളതാണ്. ഇന്നലെ വരെ നാം ജീവിച്ച കുമിളയും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments