ചെമ്മീൻ സിനിമ ജനരഞ്ജകവും പ്രശസ്തവുമായത്, ആ നോവലിൽ പ്രതിപാദിക്കപ്പെട്ട കടലും തീരവും അവിടത്തെ ദൃശ്യങ്ങളും അവയൊന്നും പരിചയമില്ലാത്ത വായനക്കാർക്കുമുന്നിൽ വിസ്മയകരമായി തുറന്നു കാട്ടിയതുകൊണ്ടും കൂടിയായിരുന്നു. നോവലിൽ നിന്ന് അതിന്റെ യഥാതഥ ദൃശ്യങ്ങളിലേക്ക് ആനയിക്കപ്പെട്ടത് പല കൗശലങ്ങളുടെ ഉൾച്ചേർക്കൽ വഴി സാധിച്ചെടുത്തതാണ്. ചെമ്മീൻ നോവൽ വായിച്ച് ഇഷ്ടപ്പെട്ട പലരും കടൽ പോലും കണ്ടിട്ടില്ലാത്തവരായിരുന്നുവത്രെ. അന്നുവരെ ദൃശ്യപ്പെടുത്താത്ത രീതിയിൽ വൈഡ് ആംഗിൾ ഷോട്ടുകളും മറ്റും ഉൾപ്പെടുത്തി കടലിന്റെ വിശാലതയും ഗാംഭീര്യവും പ്രകടമാക്കി അതിനെ ഒരു കഥാപാത്രവുമാക്കിച്ചേർത്തിരുന്നു, സിനിമയിൽ.
ഓളത്തിൽ ചാഞ്ചാടുന്ന തോണികളും വൻ വലകൾ നെയ്ത് അതുമായി നടന്നുനീങ്ങുന്ന മീൻപിടുത്തക്കാരും തീരത്തെ കുടിലിന്റെ ജനലുകളിൽക്കൂടിപ്പോലും ദൃശ്യമാകുന്ന നീലക്കടലും കരയിൽ കയറ്റിയിട്ട വൻ തോണികളുടെ നിഴലുകളിൽ കഥ വിരിയുന്നതും നോവൽ വായിച്ചവരുടെ ഭാവനകൾക്കും അപ്പുറമായിരുന്നു. ഋഷികേശ് മുഖർജിയുടെ സമർത്ഥമായ എഡിറ്റിങ്ങും മാർക്കസ് ബർട്‌ലിയുടെ ഛായാഗ്രഹണപടുത്വവും സലിൽ ചൗധരിയുടെ പുതിയ ഈണങ്ങളും നോവൽ വായിച്ചപ്പോൾ ഭാവിച്ചതും വെള്ളിത്തിരയിൽ ദൃശ്യപ്പെടുത്തിയ ഭാവനകളും രണ്ടും രണ്ടാണെന്ന് തെളിയിക്കാൻ സഹായകമായി.

വാക്കുകളും വാചകങ്ങളും അനുവാചകരെ കൊണ്ടുപോകുന്ന ലോകത്തിന് പരിമിതിയില്ല, അത് ഓരോരുത്തർക്കും വ്യത്യസ്തവുമാണ്. പക്ഷേ അത് ചലച്ചിത്രം എന്ന ദൃശ്യനിർമാണപദ്ധതിയിൽക്കൂടി വെളിവാക്കപ്പെടുന്ന ലോകവുമായി താരതമ്യത്തിനുതകുന്നതല്ല. അത്രമാത്രം സ്വാധീനം ചെലുത്തുന്നതും സത്യമെന്ന് തോന്നിപ്പിക്കുന്നതുമായ അനുഭവങ്ങൾ വെള്ളിത്തിരയിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുന്ന വാക്കുകളും വാചകങ്ങളും പേറുന്നുണ്ട്.
വായനയിൽ നിന്ന് ദൃശ്യങ്ങളിലേക്ക്
–പുതിയ പരിണാമദശ
എഴുത്ത് കണ്ടുപിടിച്ചത് 5000 വർഷങ്ങൾക്കു മുൻപാണ്: മനുഷ്യസംസ്കാരത്തിന്റെ വിപ്ളവാത്മകമായ ഒരു പരിണാമദിശാവ്യതിയാനമായിരുന്നു അത്. മസ്തിഷ്ക്കത്തിന്റെ സങ്കീർണവളർച്ചയോടെ അത് കൂടുതൽ ആവിഷ്ക്കാരങ്ങൾ സ്വരൂക്കൂട്ടി, വായ്മൊഴി വരമൊഴിയിലേക്ക് സംക്രമിക്കപ്പെട്ടു. സ്വരങ്ങൾ അക്ഷരങ്ങളായി, ആശയങ്ങൾ ക്രമീകരിക്കപ്പെട്ടു; ബാഹുല്യം തേടി, നേടി, ആഖ്യാനങ്ങൾക്ക് സ്ഥിരതയും സൂക്ഷ്മതയും കൈവന്നു. ചരിത്രം രേഖീകരിക്കപ്പെട്ടത് മനുഷ്യർക്ക് അവരവരെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ സഹായിച്ചു. പിന്നെയും മൂവായിരം വർഷങ്ങൾ വേണ്ടി വന്നു ‘കടലാസ്’ എന്ന വസ്തു ഉപയോഗിച്ചു തുടങ്ങാൻ. രേഖപ്പെടുത്തപ്പെട്ട അക്ഷരങ്ങൾ അനശ്വരങ്ങളായി, വായന എന്നത് സാർവലൗകികവും. ഇതോടൊപ്പം, ഭാവനകളുടെ വൈവിദ്ധ്യം കൂടി സംസ്കാരത്തിൽ ഉൾച്ചേർക്കപ്പെട്ടു.
130- ഓളം വർഷങ്ങൾക്കുമുമ്പാണ് എഴുത്തിനേയോ ആശയങ്ങളേയോ ചലിക്കുന്ന, ഏകദേശം യഥാതഥമായ ദൃശ്യങ്ങളായി മാറ്റിയെടുക്കാം എന്നറിയുന്നത്, ‘ചലച്ചിത്രം’ എന്ന വൻ പരിണാമ വഴിത്തിരിവ്.
130- ഓളം വർഷങ്ങൾക്കുമുമ്പാണ് എഴുത്തിനേയോ ആശയങ്ങളേയോ ചലിക്കുന്ന, ഏകദേശം യഥാതഥമായ ദൃശ്യങ്ങളായി മാറ്റിയെടുക്കാം എന്നറിയുന്നത്, ‘ചലച്ചിത്രം’ എന്ന വൻ പരിണാമ വഴിത്തിരിവ്. സാങ്കേതികത ഉൾക്കൊണ്ട് സ്വയം നവീകരിക്കപ്പെടാനുള്ള തലച്ചോറിന്റെ കഴിവിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് ഈ പുരോഗമനങ്ങൾ. ചലച്ചിത്രങ്ങൾ ഭാവനകളെ ദൃശ്യങ്ങളിലേക്ക് മാറ്റിവരയ്ക്കാനുള്ള സങ്കേതം മാത്രമല്ലായിരുന്നു; അവരവരെത്തന്നെ പ്രതിരൂപമായിക്കാണാനുള്ള സാഹചര്യം ഒരുക്കപ്പെടുകയും അവരവരുടെ സൈക്കിനെത്തന്നെ ബാധിയ്ക്കാൻ പോന്നതും ആയിരുന്നു, വായനയിൽ നിന്ന് ഏറെ വ്യതിചലിച്ച സങ്കേതമായിരുന്നതിനാൽ.
ഭാവനയും
ഭാവനയും
ചലച്ചിത്രം എന്നത് ഭാവനകളെ അതിരില്ലായ്മകളിലേക്ക് കെട്ടഴിച്ചുവിടാൻ പോന്നതായിരുന്നു. ഭാവനയിൽ നിർമിച്ചെടുത്ത കഥകൾക്ക് മറുഭാവന സജ്ജമാക്കുന്ന പ്രവർത്തിയും സിനിമ ഏറ്റെടുത്തു. ഇത് അതിവിശാലമായ ഒരു ലോകത്തെ പ്രത്യക്ഷപ്പെടുത്താൻ സാദ്ധ്യതയുമേറ്റി. പുരാണങ്ങളും മിത്തുകളും എപിക് കഥകളും മനുഷ്യമനസ്സിൽ വിവിധ ആഖ്യാനങ്ങളോ ആവിഷ്ക്കാരങ്ങളോ ആയി, സ്വന്തം കഴിവിനനുസരിച്ച് വികാസം നേടി. അതോടൊപ്പം, അതിനൊക്കെ മറ്റൊരു തലത്തിലോ പരിമാണ (dimension) ത്തിലോ ദൃശ്യപരത ഉറപ്പിക്കാനായി. അതോടെ, അന്നുവരെ അചിന്ത്യവും അപ്രായോഗികവുമായ കാഴ്ച്ചകളാൽ പുതിയ ഭാവനകൾ ഉദ്ദീപിപ്പിക്കപ്പെടുന്ന ഒരു പ്രതിഭാസം സംജാതമായി, ഇത് കലയുടേയോ സാഹിത്യത്തിൻ്റേയോ ക്ഷിപ്രപരിണാമം മാത്രമല്ല, മനുഷ്യമനസ്സിന്റെ പരിണാമം തന്നെ എന്ന് കണക്കു കൂട്ടേണ്ടിയിരിക്കുന്നു.

മനുഷ്യർക്ക്, അവർക്കു പരിചയമുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും കഥാഗതികളും മിത്ത് കലർത്തി പുനരാഖ്യാനം ചെയ്യാൻ പണ്ടേയ്ക്കുപണ്ടേ താൽപര്യമുണ്ടായിരുന്നു. ബ്രഹദാഖ്യാനങ്ങൾ ഉൾപ്പെടെ പല കഥകളും സീമാബദ്ധമല്ലാതെ എല്ലാ സംസ്കാരങ്ങളിലും ഉൾച്ചേർന്നിട്ടുമുണ്ട്. ഇവയെല്ലാം അതുക്കും മേലേ നവാവിഷ്ക്കാരതോരണങ്ങളുമായാണ് ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എഴുതി വെയ്ക്കപ്പട്ട ഭാവനകൾക്ക് കൂടുതൽ ദൃശ്യപരമായ വികാസങ്ങളും ഭാവനകൾക്കപ്പുറത്തുള്ള വർണ്ണാങ്കിതലോകങ്ങളും ചലച്ചിത്രങ്ങൾ ലോഭമന്യേ പ്രദർശിതമാക്കി. വായന, എഴുത്ത് എന്നീ നിലകളിൽ പറ്റിക്കൂടിയിരുന്ന ലോകത്ത് മറ്റൊരു സമാന്തരലോകം തുറന്നെഴുന്നള്ളി എന്നതാണ് സത്യം.
കഥ അവിടെ,
കഥ എവിടെ
സാർവജനീനമായ ബൈബിളോ രാമായണമോ ഗ്രീക്ക് മിത്തുകളോ ഷേക്സ്പിയർ നാടകങ്ങളോ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുമ്പോൾ അദ്ഭുതാവഹമായിത്തീരുന്നത് പരിചിതങ്ങളുടെ മേൽ അപരിചിതങ്ങളായ സത്യം ആരോപിക്കപ്പെടുന്നു എന്ന തോന്നൽ ഉളവാക്കപ്പെടുമ്പോഴാണ്. ഇങ്ങനെയായിരുന്നോ നോഹയുടെ പെട്ടകം പ്രളയത്തിൽ ഒഴുകിനീങ്ങിയത്, ഇയാഗോയുടെ വേഷവും മുഖഭാവവും ഇതായിരുന്നോ, ‘I am not what I am’ എന്നു പറഞ്ഞത് ഈ രീതിയിലാണോ, കംസന്റെ രാജധാനിയ്ക്ക് എന്തെല്ലാം ചമൽക്കാരങ്ങളുണ്ട്, അവിടെ സുന്ദരിമാരുടെ നൃത്തത്തിന് എന്തു ഭംഗിയാണ്- അങ്ങനെ കഥയ്ക്കുമേൽ മറ്റൊരു കഥയുടെ നേരിയ മൂടുപടം അണിയിക്കപ്പെടുന്നതാണ് അനുവാചകരുടെ ആനന്ദത്തിന്റെ രഹസ്യം. ദൃശ്യപരത ആഖ്യാനത്തിനുമേൽ വിടർന്നു പരന്നു നിൽക്കുന്നതിനാൽ വായനയും കാഴ്ച്ചയും വിഘടിക്കപ്പെടുന്നു, സത്യം കൂടുതൽ അടുത്തുനിൽക്കുന്നത് ദൃശ്യങ്ങൾക്കൊപ്പമാണെന്ന അനുഭവം രൂഢമൂലമാകുന്നു. ഇത് ഒരു മായാദർശനം ആകാനുള്ള സാദ്ധ്യതയുമുണ്ട്.

പരിചിതത്വത്തിനുമേൽ അപരിചിത്വം അണിയിക്കുന്നതും അത് നേരേ മറിച്ച് പ്രയോഗത്തിൽ വരുത്തുന്നതും സിനിമയുടെ മാന്ത്രികതന്ത്രങ്ങളിൽപ്പെടുന്നതാണ്. ആവിഷ്ക്കാരപരതയുടെ രഹസ്യമൂല്യം ഇവിടെ ഉറപ്പിക്കപ്പെടുന്നു. HBO- യുടെ Game of Thrones പല മിത്തോളജി കഥകളെയും സിനിമകളെയും ആന്തരവൽക്കരിച്ച് രൂപപ്പെടുത്തിയതാണ്. പക്ഷേ കാണികളുടെ കാഴ്ച്ചാശീലങ്ങളെ തൃപ്തിപ്പെടുത്താനെന്നവണ്ണം ബാഹ്യരൂപങ്ങളും കഥാതന്തുക്കളും ചിട്ടപ്പെടുത്തുകയും അതിനനുസാരിയായ ആഖ്യാനരീതി പിൻ തുടരുകയും ചെയ്ത് നെടുനാൾ പ്രേക്ഷകരുടെ ആവേശമായി നിലനിർത്തി, ഇതിന്റെ പിന്നിലുള്ളവർ. ഇതൊരു മായാജാലമെന്ന് തെല്ലും തോന്നിപ്പിക്കാതെ നൂതനത്വം ആവോളം പൂശിയാണ് അവതരിക്കപ്പെട്ടത് എന്നത് വിജയരഹസ്യമായി കണക്കാക്കാം. വായനയിൽ നിന്ന് ദൃശ്യപരതയിലേക്ക് അതിക്രമിക്കുകയോ സംക്രമണം ചെയ്യപ്പെടുകയോ എന്നത് മറന്നു പോകാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇതാണ്.
ആധുനികതയിൽ വേരുറപ്പിച്ച സാങ്കേതികതാനിബദ്ധമായ ദൃശ്യങ്ങൾ ഇനിയും പുരോഗമനത്തിലാണ്, പരിണാമത്തിന്റെ പുതുവഴികളിലുമാണ്.
ഇന്ന് മാർക്കേസിന്റെ One Hundred Years of Solitude നെറ്റ്ഫ്ളിക്സിൽ പ്രചുരപ്രചാരം നേടുന്നതിന്റെ പിന്നിലും ഇത്തരം മാന്ത്രികത ഉൾച്ചേർത്തിരിക്കുന്നു എന്ന സത്യമുണ്ട്. കഥയിൽത്തന്നെ കൽപ്പിത ഇടമാണ് മാക്കോണ്ട, അത് ആവിഷ്ക്കരിച്ചിരിക്കുന്നതും അതേപടി തന്നെ. സ്പാനിഷ് ഗ്രാമജീവിതങ്ങളും ചര്യകളും മനുഷ്യബന്ധങ്ങളും വായിച്ചറിഞ്ഞതിൽ നിന്നും ഭാവിച്ചറിഞ്ഞതിൽ നിന്നും മാറിയിരിക്കുന്നതും തനിമ ഇതു തന്നെയോ എന്ന് നമ്മൾ ആശ്ചര്യപ്പെടുന്നതും ദൃശ്യപരതയുടെ അസന്ദേഹപ്രതീതിയുളവാക്കലാൽ സാധിച്ചെടുക്കുന്നതിൽ ഉൾപ്പെടുന്നതാണ്. സിനിമാറ്റിക് ദൃശ്യങ്ങൾക്ക് അവയുടേതായ രൂപപരതാക്രമങ്ങളുണ്ട്, സന്ദർഭങ്ങൾക്കും സംഭവങ്ങൾക്കും നിശ്ചിത ക്രിയാപദ്ധതികളുണ്ട്, അവയെ ഉൾപ്പെടുത്തിയാണ് നിർമ്മാണം എന്നത് സത്യാവിഷ്ക്കാരങ്ങൾക്ക് വിലങ്ങുതടിയാകാം എന്ന കാര്യം തൽക്കാലം നമ്മൾ മറക്കുന്നു, അല്ലെങ്കിൽ അവിടെ ഒരു സ്ഥാനാന്തരണത്തിനു വഴിപ്പെട്ട് തദനുസാരിയായ ഭാവനകൾക്ക് നമ്മൾ സ്വയം വിട്ടു കൊടുക്കുന്നു.
ഇന്നത്തെ കാഴ്ച്ചാനുശീലങ്ങൾക്കനുസരിച്ചാണ് ദൃശ്യങ്ങൾ വെളിപ്പെടുന്നത്. ബ്ലാക്ക് ആൻ്റ് വൈറ്റ് കാലഘട്ടത്തിനുശേഷം ധാരാളം ചായത്തിലാണ്ട ദൃശ്യങ്ങൾ പകരം വീട്ടാനെന്നവണ്ണം നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. പിന്നീട് പല പരീക്ഷണങ്ങളിൽക്കൂടി കടന്നുപോയി നിറങ്ങളിലുള്ള ആവേശം കുറഞ്ഞ മട്ടാണ്. ചരിത്രമോ മദ്ധ്യകാലഘട്ടമോ (medieval period) ദൃശ്യപ്പെടുത്താനെങ്കിൽ സെപിയ ടോൺ വേണം എന്ന നിർബ്ബന്ധത്തിന് നമ്മുടെ കണ്ണുകൾ വഴങ്ങിക്കഴിഞ്ഞു. എഡിറ്റിങ്ങിലെ തന്ത്രവിദ്യകളും കാലം, ഇടം എന്നിവ നിജപ്പെടുത്തുന്ന വേലകളും പല പുതുമകൾ സമ്മാനിക്കുന്നതും ഇക്കാലത്തിന്റെ മുഖമുദ്രകളിൽ ചിലതാണ്.

വിർച്വൽ റിയാലിറ്റി സിനിമകൾ-
തലച്ചോർ ആവാഹിക്കുന്ന സാങ്കേതികത
ആധുനികതയിൽ വേരുറപ്പിച്ച സാങ്കേതികതാനിബദ്ധമായ ദൃശ്യങ്ങൾ ഇനിയും പുരോഗമനത്തിലാണ്, പരിണാമത്തിന്റെ പുതുവഴികളിലുമാണ്. Virtual reality ഇപ്പോൾത്തന്നെ കാണികളെ ദൃശ്യങ്ങൾക്കുള്ളിൽ പെടുത്തുന്നപോലെ അനുഭവം നൽകുന്നതാണ്. കഥ കാണുകയല്ല, നമ്മൾ കഥയിൽ പങ്കുചേരുന്ന അനുഭവം തന്നെ. വെറുതെ നോക്കിയിരിക്കുകയല്ല, ആ ജീവിതത്തിൽ ഭാഗഭാക്കാകുയാണെന്ന രീതിയിൽ. ചില രംഗങ്ങൾ വിവിധ കാഴച്ചപ്പാടിൽ കാണാറാകുക, നമുക്കുതന്നെ ആവശ്യമായ രീതിയിൽ അവയെ മാറ്റിയെടുക്കുക ഒക്കെ സാദ്ധ്യമാവുക എന്നത് അധിക വിദൂരതയിലല്ല. ആഖ്യാനത്തിൽ പങ്കാളിയാകുന്ന കാണികൾ എന്നത് സത്യമാകുന്ന വേള. ഒരേ രംഗം വിവിധ ക്യാമറക്കോണുകളിൽ നിന്ന് വീക്ഷിക്കുക എന്നത് രസകരമായിരിക്കുമത്രെ. ഒരു കഥാപാത്രത്തിൽ നമുക്ക് കയറിക്കൂടി അനുഭവങ്ങൾ സ്വന്തമാക്കമെന്ന സാദ്ധ്യത virtual reality വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ സിനിമാക്കഥകൾ ഇതിനനുയോജ്യമായി മാറ്റിയെടുക്കേണ്ടിവരും എന്ന് അനുമാനം. ഇത് വെല്ലുവിളിയുമായിരിക്കാം.
ഗതാനുഗതികത്വത്തിൽ നിന്ന് വഴിമാറിയ ‘വി ആർ സിനിമകൾ’ പുതിയ സിനിമാറ്റിക് അനുഭവങ്ങളായിരിക്കാം പ്രദാനം ചയ്യുന്നത്. ഈ സാങ്കേതികതയെ മുഴുവനായും ഉപയോഗിക്കപ്പെടാൻ പുതിയ ആഖ്യാനപദ്ധതികൾ ആവശ്യമായും വന്നേയ്ക്കാം. കാണികൾ കൂടുതൽ അനുബദ്ധരാകാൻ പോകുകയാണ്, കഥയിൽ വികാരപരമായി ആമഗ്നരാകാൻ പോകുകയാണ്. നിർമ്മിതബുദ്ധി പ്രയോഗങ്ങൾ ഇപ്പോൾത്തന്നെ സിനിമകളുടെ ഗതിവ്യതിയാനത്തിന് സാദ്ധ്യത തീർക്കുന്നുണ്ട്. ഭാവന എന്നത് സീമാതീതമായി വികസിച്ച് പരക്കുന്നത് സാങ്കേതികതയുടെ സംഭാവന തന്നെ, പക്ഷേ അതും മനുഷ്യമനസ്സിന്റെ പരിണാമസന്തതി തന്നെ.