എഫ്​.ബി പോസ്​റ്റുകൾ പറയുന്നു, സാഹിത്യവാരഫലമേ മരിച്ചിട്ടുള്ളൂ, എം. കൃഷ്​ണൻ നായർ ജീവിച്ചിരിക്കുന്നു

ഏതെങ്കിലും സാഹിത്യകാരനെ പേരു പറയാതെ വ്യക്തിഹത്യ ചെയ്യുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ കാണുമ്പോൾ, തനിക്കിഷ്ടപ്പെടാത്ത കൃതിയെ നിലത്തിട്ട് ചവിട്ടിയരച്ച് കാർക്കിച്ചുതുപ്പി അരിശം തീർക്കുന്നവരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കാണുമ്പോൾ, ലോകത്തെ പത്ത് മികച്ച കഥകളിൽ മലയാളകഥ എവിടെ എന്ന് ചോദിക്കുന്ന ഇ- ജേർണൽ പംക്തി കാണുമ്പോൾ ഓർമ്മിക്കുക, സാഹിത്യവാരഫലമേ മരിച്ചിട്ടുള്ളൂ, എം. കൃഷ്ണൻ നായർക്ക് മരണമില്ല.

പ്രൊഫ. എം. കൃഷ്ണൻനായരുടെ ജന്മശതാബ്ദിയാണ്. അദ്ദേഹത്തിന്റെ സാഹിത്യവാരഫലം വർഷങ്ങളോളം വായിച്ച ഒരു വായനക്കാരൻ എന്ന നിലയിൽ, അത് പുസ്തകരൂപത്തിലും ഓൺലൈനിലും ആചന്ദ്രതാരം നിലനിൽക്കണം എന്നാണ് എന്റെ അഭിപ്രായം. അതിന് കാരണങ്ങൾ പലതുണ്ട്.

ഏറെ ജനപ്രിയമായ ഒരു സാഹിത്യപംക്തി പല പതിറ്റാണ്ടുകൾ എഴുതി എന്നത് വലിയൊരു കാര്യമാണ്. എന്നാൽ ജനപ്രീതി ഉണ്ടാക്കുന്നതിന്​ സാഹിത്യത്തിന്റെ തോത് കുറയ്ക്കുകയും മറ്റ് വിഷയങ്ങൾ (പരിഹാസം, സാമൂഹ്യവിമർശനം, ഓർമകൾ, സാഹിത്യകാരന്മാരെക്കുറിച്ചുള്ള പരദൂഷണം) ഇവയുടെ തോത് കൂട്ടുകയും ചെയ്താണ് കൃഷ്ണൻ നായർ അത് സാധിച്ചത്. സാഹിത്യം വായിക്കാൻ മെനക്കെടുകയേ ചെയ്യാത്തവർക്ക് തങ്ങൾ സാഹിത്യം വായിച്ചു എന്ന തോന്നലുണ്ടാക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയം. അതായത് അദ്ദേഹം നിരന്തരം വിമർശിച്ചിരുന്ന പൈങ്കിളിപ്രസിദ്ധീകരണങ്ങളുടെ അതേ വിപണനതന്ത്രം. ഇത് നേരിൽ വായിച്ചറിയാൻ ആ പഴയലക്കങ്ങൾ നിലനിൽക്കുകതന്നെ വേണം.

സാഹിത്യത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ മൗലികവും ആഴമുള്ളതുമായ എന്തെങ്കിലും നിരീക്ഷണങ്ങൾ ഈ എഴുത്തിൽ കണ്ടെത്താൻ ശ്രമിച്ചാൽ ഏറെ ബുദ്ധിമുട്ടും. തന്റെ പംക്തി സാഹിത്യപത്രപ്രവർത്തനം ആണ് (അദ്ദേഹത്തിന്റെ വാക്കുകളിൽ ലിറ്റററി ജേണലിസം) എന്ന മുൻകൂർ ജാമ്യം അദ്ദേഹം എടുത്തിരുന്നു. എന്നാൽ, ആഴമില്ലാത്ത പംക്തി എന്ന് ഏതെങ്കിലും സാഹിത്യകാരൻ അതിനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ ഒട്ടും വൈകാതെ ഒരു ലക്കത്തിൽ അവർക്ക് ഒരു ഡോസ് കൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ആനന്ദിന്റെ അഭയാർത്ഥികളിൽ ബംഗാളിലെ ഒരു ചന്തയിൽ നടക്കുന്ന രംഗം വർണിക്കുന്നുണ്ട്. ഒരാൾ ആമയെ തോടുപൊളിച്ച് പുറത്തെടുക്കുന്നത് കാണാൻ ഒരു ആൾക്കൂട്ടം കൂടിനിൽക്കുന്നു. അവർക്ക് കാണേണ്ടത് ആ ജീവി അനുഭവിക്കുന്ന പ്രാണവേദനയാണ്. അതിനു തുല്യമായ ഒരു ആനന്ദമാണ് സാഹിത്യവാരഫലം വായനക്കാർക്ക് നൽകിയിരുന്നത്. ഈയാഴ്ച ഏതൊക്കെ സാഹിത്യകാരന്മാരെയാണ് ജീവനോടെ തോലുപൊളിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സഹിക്കാൻ കഴിയാതെ പലരും ആഴ്ചപ്പതിപ്പ് പിറകിൽനിന്ന് മുമ്പോട്ടാണ് വായിച്ചിരുന്നത്. ആ ആനന്ദം മറന്നുപോയ വായനക്കാർക്ക് അത് ഓർമ്മിച്ചെടുക്കാൻ ഈ പംക്തി വീണ്ടും വായിക്കുമ്പോൾ സാധിച്ചേക്കും.

‘മലയാളസാഹിത്യം വിശ്വസാഹിത്യത്തെ അപേക്ഷിച്ച് നിസ്സാരമാണ്' എന്നതാണ് എം. കൃഷ്ണൻ നായരുടെ ഏറ്റവും ജനപ്രീതി നേടിയ കണ്ടുപിടിത്തങ്ങളിൽ ഒന്ന്. ‘കേരളം ഭൂമിയെക്കാൾ വളരെ ചെറുതാണ്' എന്നോ ‘ഭൂമി സൗരയൂഥത്തെക്കാൾ ചെറുതാണ്' എന്നോ ഉള്ള പ്രസ്താവനയുടെ മൂല്യമേ ഇതിനുള്ളൂ എന്നത് ഏറെപ്പേരൊന്നും ശ്രദ്ധിച്ചതായി തോന്നുന്നില്ല. മാത്രവുമല്ല, ലോകത്തെ സാംസ്‌കാരിക പത്രപ്രവർത്തനത്തിന്റെ ചരിത്രമെടുത്താൽ തന്റെ വാരഫലത്തിനുള്ള മൂല്യം എന്താണ് എന്ന് അദ്ദേഹം ആലോചിച്ചിരുന്നോ എന്നും സംശയമാണ്.

സാഹിത്യവാരഫലത്തെ പുകഴ്ത്താൻ പലരും പറയുന്ന കാര്യം അതിൽ പ്രത്യക്ഷപ്പെട്ടിരുന്ന വിദേശകൃതികളുടെ പരാമർശങ്ങളാണ്. ഓരോ ലക്കത്തിലും ഇത്തരം രണ്ടും മൂന്നും കൃതികളുടെയെങ്കിലും പേരുണ്ടാകും. അന്നത്തെ വായനക്കാരിൽ പലരും ആ പുസ്തകങ്ങളെപ്പറ്റി ആദ്യമായി കേൾക്കുന്നത് ആ കോളത്തിൽനിന്നാണ്. എന്നാൽ, കാലം കൊണ്ട് അവർ വായിച്ച് വളർന്നു, വിശ്വസാഹിത്യത്തിലെ ഔന്നത്യമേറിയ പല കൃതികളുമായി പരിചയപ്പെട്ടു. അവരിൽ ചിലർക്കെങ്കിലും സാഹിത്യവാരഫലത്തിന്റെ പഴയ ലക്കങ്ങൾ മറിച്ചുനോക്കാൻ കൗതുകമുണ്ടാകും. കൃഷ്ണൻ നായർ അന്ന് പറഞ്ഞിരുന്ന പല ‘മാസ്റ്റർപീസു'കളും ഇപ്പോൾ അച്ചടിയിലോ ലൈബ്രറികളിലോ പോലും ഇല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചേക്കും. അവർ അതിൽ അത്ഭുതപ്പെടണം എന്നില്ല. ഭാവിയിൽ ഏതു കൃതികൾ നിലനിൽക്കും എന്നും ഏതൊക്കെ മറക്കപ്പെടും എന്നും പറയുന്നതിൽ ക്രാന്തദർശികളായ വിമർശകർ പോലും പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ, പിൽക്കാലത്ത് വായിച്ചുകഴിഞ്ഞ ചില മാസ്റ്റർപീസുകളെപ്പറ്റി സാഹിത്യവാരഫലത്തിൽ പറഞ്ഞിരുന്ന അഭിപ്രായങ്ങൾ നോക്കുമ്പോഴാണ് അവർ ശരിക്കും അത്ഭുതപ്പെടാൻ പോകുന്നത്. അത്രയ്ക്ക് കാമ്പില്ലാത്തവയായിരുന്നു ആ അഭിപ്രായങ്ങൾ. ചുരുക്കത്തിൽ, സാഹിത്യവാരഫലത്തിൽ പറയുന്ന പുസ്തകങ്ങളുടെ യഥാർത്ഥമൂല്യം എന്താണ് എന്നറിയണമെങ്കിൽ മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം.

ഒരു വി.കെ.എൻ ഫലിതമാണ് ഓർമ്മയിൽ വരുന്നത്. ദേശാഭിമാനി പത്രം പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ‘നേരറിയാൻ, നേരത്തെ അറിയാൻ' എന്നൊരു മുദ്രാവാക്യം ആവിഷ്‌കരിച്ച സമയത്ത് വി.കെ.എൻ പറഞ്ഞത് ‘നേരത്തെ അറിഞ്ഞത് നേരാണോ എന്ന് അറിയാൻ വേറെ പത്രം നോക്കേണ്ടിവരും' എന്നാണ്. അതേപോലെ, ‘നേരത്തെ അറിയിക്കൽ' മാത്രം ചെയ്തിരുന്ന കൃഷ്ണൻ നായരുടെ വാക്കുകൾ അതിജീവിക്കേണ്ടത് ചരിത്രത്തിന്റെ ആവശ്യമാണ്.

വി.കെ.എൻ / Photo: Punalur Rajan

വിശ്വസാഹിത്യം വായിക്കുന്നതിലൂടെ ആർജ്ജിച്ച ഭാവുകത്വമാണ് കൃഷ്ണൻ നായരെ നയിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകരിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ, അതിന് തെളിവുകൾ അദ്ദേഹത്തിന്റെ പംക്തിയിൽ കാണാൻ കഴിഞ്ഞെന്നുവരില്ല. മലയാളത്തിലെ മികച്ച കൃതികൾ വിലയിരുത്തുന്നതിൽ അദ്ദേഹം വീണ്ടും വീണ്ടും പരാജയപ്പെടുന്നത് നമുക്ക് ഇവിടെ കാണാം. ഒ. വി. വിജയന്റെ ‘കടൽത്തീരത്ത്' കോപ്പിയടിയാണ് എന്നും സക്കറിയയുടെ ‘അലറുന്ന അസ്ഥിക്കുടം' എന്ന കഥയെപ്പറ്റി ‘ഡൽഹിയിലെ എന്തോ രാഷ്ട്രീയമായിരിക്കും' എന്നും ചെറിയാൻ കെ. ചെറിയാന്റെ കവിതയെപ്പറ്റി ‘പിക്കാസുകൊണ്ട് കവിതയെഴുതരുത്' എന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ലോകഭാഷകളിലെ ഏറ്റവും പുതിയ കൃതികൾ വായിക്കുന്നു എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ഭാവുകത്വം 19-ാം നൂറ്റാണ്ടിൽ മുരടിച്ചുനിൽക്കുകയായിരുന്നു എന്ന് നമുക്ക് കാണണമെങ്കിൽ ഈ രേഖകൾ നിലനിൽക്കേണ്ടിയിരിക്കുന്നു.

തൊലിയുരിഞ്ഞുപോകുന്ന മട്ടിലുള്ള സ്ത്രീവിരുദ്ധതയാണ് സാഹിത്യവാരഫലത്തിലുണ്ടായിരുന്നത്. അന്നത്തെ കാലത്ത് അതൊക്കെ സാധാരണമായിരുന്നു എന്ന് പറയാൻ വരട്ടെ. അതൊക്കെ വായിച്ച് അസ്വസ്ഥരായിരുന്ന വായനക്കാർ അന്നും ഉണ്ടായിരുന്നു. മനോരമ ആഴ്ചപ്പതിപ്പോ മറ്റോ പി.ടി. ഉഷയുടെ മുഖചിത്രം കൊടുത്തതിനെപ്പറ്റി ‘ഓടിയും ചാടിയും സ്ത്രീത്വം നശിച്ച സ്ത്രീയുടെ ചിത്രം' എന്നാണ് കൃഷ്ണൻനായർ എഴുതിയത്.

സക്കറിയ, ഒ.വി. വിജയൻ

പന്മന രാമചന്ദ്രൻ നായരൊക്കെ നാണിക്കുന്ന മട്ടിലുള്ള ഭാഷാപരമായ ശാഠ്യങ്ങളായിരുന്നു കൃഷ്ണൻനായരുടേത്. രാഷ്ട്രീയം എന്ന വാക്ക് തെറ്റാണ്, രാഷ്ട്രവ്യവഹാരപരം എന്നുവേണം പറയാൻ, ‘കൃതിയിൽ ഉടനീളം' എന്ന് പറയരുത്, കൃതിക്ക് തലയോ കാലോ ഇല്ലാത്തതുകൊണ്ട് ഉടലും ഉണ്ടാകില്ലല്ലോ എന്നൊക്കെയുള്ള ന്യായങ്ങൾ സാഹിത്യവാരഫലത്തിൽ എമ്പാടും കാണാം. വിദേശ സാഹിത്യകാരന്മാരുടെയും കഥാപാത്രങ്ങളുടെയും പേരുകൾ തെറ്റായി എഴുതുന്നതിനും ഉച്ചരിക്കുന്നതിനും മറ്റുള്ളവരെ പരിഹസിച്ചിരുന്ന അദ്ദേഹം പക്ഷേ മാർകേസിനെ മാർക്വിസ് എന്നോ മറ്റോ ആണ് വിളിച്ചത്.

‘ബുള്ളി’ എന്ന ഇംഗ്ലീഷ് വാക്കിന് ചെറുകിട തെമ്മാടി എന്നാണ് അർത്ഥം. ‘ഊച്ചാളി’ എന്ന മലയാളം വാക്കിന് നിഘണ്ടുവിൽ കാണുന്ന അർത്ഥം ഇതാണ്. ഊച്ചാളികളുടെ പ്രധാനവിനോദം തന്നെക്കാൾ ശക്തികുറഞ്ഞവരുടെമേൽ മെക്കിട്ടുകയറുക എന്നതാണ്. മംഗളത്തിലോ മറ്റോ കഥയെഴുതിയ ഒരു തുടക്കക്കാരനെ കാഫ്കയുമായി താരതമ്യം ചെയ്ത് പരിഹസിക്കാൻ നീണ്ട ഒരു ഖണ്ഡിക. വായനക്കാർക്ക് ആനന്ദം.

എന്നാൽ, ഏത് ഊച്ചാളിയുടെ ഉള്ളിലും ഒരു ഭീരുവുണ്ട്. തന്നെക്കാൾ ശക്തന്മാരായ ആളുകളുമായി രഹസ്യമായി സന്ധിചെയ്തും അവരെ പ്രീതിപ്പെടുത്തിയുമാണ് തങ്ങൾ ഭയങ്കരന്മാരാണ് എന്ന പ്രതിച്ഛായ ഇവർ കാത്തുസൂക്ഷിക്കുന്നത്. കൃഷ്ണൻ നായരുടെ ഗ്രന്ഥശേഖരം മരണാനന്തരം ദാനം ചെയ്തത് കാക്കനാട്ടുള്ള ഒരു വായനശാലയ്ക്കാണ്. ആ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ചെമ്മനം ചാക്കോ താനും കൃഷ്ണൻ നായരും തമ്മിൽ പംക്തിയിലൂടെയും കത്തുകളിലൂടെയും നടന്ന പോരിനെപ്പറ്റി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഒടുക്കം തനിക്ക് ചെമ്മനം ചാക്കോയോട് പൊരുതി ജയിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ കൃഷ്ണൻ നായർ പരാജയം ഒഴിവാക്കാൻവേണ്ടി ചെമ്മനത്തെ ഭക്ഷണം കൊടുത്ത് സത്കരിച്ചാണ് അനാക്രമണസന്ധി ചെയ്തത്. ഈ പ്രസംഗം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചുവന്നതാണ്.

ചെമ്മനം ചാക്കോ

വി.കെ.എൻ ഒരിക്കൽ കൃഷ്ണൻ നായരെ പരിഹസിച്ചുകൊണ്ട് ചാത്തമംഗലം കിട്ടൻ (ശാസ്തമംഗലം കൃഷ്ണൻ എന്നതിന്റെ സൂചന) എന്നൊരു കഥാപാത്രത്തെ സൃഷ്ടിക്കുകയും ഒന്നോ രണ്ടോ കഥകൾ എഴുതുകയും ചെയ്തു. തന്നെ ഉപദ്രവിക്കരുത് എന്ന് കത്തെഴുതി അപേക്ഷിച്ചതിനെത്തുടർന്നാണ് വി.കെ.എൻ ആ പരമ്പര ഉപേക്ഷിച്ചത്. താനും വി.കെ.എന്നെപ്പോലെ മകൻ മരിച്ചയാളാണ് എന്നൊക്കെയാണ് കൃഷ്ണൻ നായർ ആ ദയാഹർജിയിൽ എഴുതിയിരുന്നത്.

തന്നെ പരിഹസിക്കുന്നതോ വിമർശിക്കുന്നതോ ആയ പ്രസ്താവനകൾ മനോരമ പത്രത്തിലെ വാചകമേളയിൽ പ്രസിദ്ധീകരിച്ചുവന്നാൽ ഫോൺ ചെയ്ത് പരിഭവം അറിയിച്ചിരുന്നത് അദ്ദേഹം ഓർമ്മിച്ചിട്ടുണ്ട്. ഇതാണ് മുഖംനോക്കാതെ സത്യം എഴുതുന്നു എന്ന് അവകാശപ്പെട്ടിരുന്ന കൃഷ്ണൻനായരുടെ തനിനിറം. ഈപ്പറഞ്ഞ ഏതാനും സംഭവങ്ങൾ പുറത്തുവന്നത്. പറയപ്പെടാത്ത ഇത്തരം എത്രയെത്ര കഥകൾ ഉണ്ടായിരിക്കാം.

അരിയിൽ മണ്ണുകലർത്തി വിൽക്കുന്ന കച്ചവടക്കാരനെ നമ്മൾ കള്ളക്കച്ചവടക്കാരൻ എന്ന് വിളിക്കും. ഒരു എഴുത്തുകാരന്റെ വിപണനവസ്തു സ്വയം ബോധ്യപ്പെട്ട സത്യങ്ങളാണ്. ബോധ്യമില്ലാത്ത കാര്യങ്ങൾ എഴുതുകയും ബോധ്യമുള്ളവ മറച്ചുപിടിക്കുകയും ചെയ്യുന്ന എഴുത്തുകാരനും ചെയ്യുന്നത് മായം ചേർക്കൽ തന്നെ. വ്യക്തിവിരോധം തീർക്കാൻ സാഹിത്യത്തെ ഉപയോഗിക്കുന്നതും വ്യക്തിപരമായ കടപ്പാടുകൾ തീർക്കാൻ കൃതികളെ സ്തുതിക്കുന്നതും ഒക്കെ കള്ളക്കച്ചവടമാണ്, വായനക്കാരെ വഞ്ചിക്കലാണ്. സാഹിത്യവാരഫലം പരിശോധിച്ചാൽ അറിയാം, അത് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ആനുകാലികങ്ങളിൽ - മലയാളനാട്, കലാകൗമുദി, മലയാളം വാരിക - പ്രസിദ്ധീകരിച്ചുവരുന്ന കൃതികളെപ്പറ്റി വിമർശനാത്മകമായി എഴുതിയിരിക്കുന്നത് കാണുക അപൂർവമാണ്. എഴുതിയിട്ടുള്ളപ്പോൾപ്പോലും മറ്റ് പ്രസിദ്ധീകരണങ്ങളെക്കുറിക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ വാക്കുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല.

ഈ കാരണങ്ങളൊക്കെക്കൊണ്ടാണ് സാഹിത്യവാരഫലം അതിന്റെ പൂർണരൂപത്തിൽ സംരക്ഷിക്കേണ്ടതാണ് എന്ന് പറയുന്നത്. പുരാതനകാലത്തെ പീഡനയന്ത്രങ്ങൾ കാഴ്ചബംഗ്ലാവുകളിൽ സൂക്ഷിക്കുന്നതു പോലെ മനുഷ്യന് മനുഷ്യനോട് ചെയ്യാൻ കഴിയുന്ന നീചത്വത്തിന്റെ ഓർമ്മപ്പെടുത്തലുകളായിരിക്കും ഈ ലക്കങ്ങൾ.

വാസ്തവത്തിൽ സാഹിത്യവാരഫലത്തിന്റെയും കൃഷ്ണൻ നായരുടെയും ഏറ്റവും വലിയ സ്മാരകങ്ങൾ അദ്ദേഹത്തിനുണ്ടായ പിൻഗാമികളാണ് എന്നാണ് എന്റെ തോന്നൽ. അദ്ദേഹത്തിന്റെ മരണത്തിനു വളരെക്കാലം കഴിഞ്ഞുമാത്രം ഉണ്ടായ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാകുന്ന നിരൂപണങ്ങളിൽ വാരഫലത്തിന്റെ നിഴൽ കാണാം. ഏതെങ്കിലും സാഹിത്യകാരനെ പേരു പറയാതെ വ്യക്തിഹത്യ ചെയ്യുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ കാണുമ്പോൾ, തനിക്കിഷ്ടപ്പെടാത്ത കൃതിയെ നിലത്തിട്ട് ചവിട്ടിയരച്ച് കാർക്കിച്ചുതുപ്പി അരിശം തീർക്കുന്നവരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കാണുമ്പോൾ, ലോകത്തെ പത്ത് മികച്ച കഥകളിൽ മലയാളകഥ എവിടെ എന്ന് ചോദിക്കുന്ന ഇ- ജേർണൽ പംക്തി കാണുമ്പോൾ ഓർമ്മിക്കുക, സാഹിത്യവാരഫലമേ മരിച്ചിട്ടുള്ളൂ, എം. കൃഷ്ണൻ നായർക്ക് മരണമില്ല.

Comments