ദാമോദർ പ്രസാദ്

മേതിൽ ഒരു പ്രതിപാഠശാല

ഭാവനയെ നിയന്ത്രിക്കാനുള്ള അധികാരത്തിന്റെ കൗശലത്തെ എങ്ങനെയാണ് ഭാഷ കൊണ്ട് മേതിൽ നേരിട്ടത് എന്നന്വേഷിക്കുകയാണ് ദാമോദർ പ്രസാദ്. ഭാഷയിലെ ഒരു ഗറില്ലയെ പോലെയാണ് മേതിലിന്റെ എഴുത്ത് എന്നും അതിലേക്ക് നുഴഞ്ഞുകയറുകയേ മാർഗമുള്ളൂ എന്നും അദ്ദേഹം എഴുതുന്നു.

‘അർത്ഥങ്ങളെ അതിജീവിക്കുന്നവൻ ഞാൻ’
- ദൈവത്തിന്റെ ഫോസിൽ, മേതിൽ

‘If everything is a lie, then the sentence everything is a lie must also be a lie...and so on’.
- Timothy Morton.

രവംശത്തിന്റെ അധികാരസ്ഥാപനത്തിനായുള്ള ആദ്യ ഉപാധിയാകണം ഭാഷ. വസ്തുക്കൾക്കും സ്ഥലങ്ങൾക്കുമാണ് ആദ്യം നാമകരണം നടത്തിയത്. ശബ്ദാർത്ഥ ക്രമീകരണം പിന്നീട് സംഭവിച്ചതാണ്.

ഓരോ നാമകരണവും അധികാര സ്ഥാപനമായിരുന്നു. ഭാഷയിലൂടെയാണ് വ്യവസ്ഥകൾ കെട്ടിപ്പൊക്കിയത്. നരവംശത്തിന്റെ മുദ്ര പ്രകൃതിയിലാകെ പതിപ്പിച്ചതിനുശേഷമാണ് പ്രപഞ്ചത്തിലേക്കുനോക്കി മനുഷ്യാതീതമായ ശക്തിയെ ഭാഷയിൽ കുടികൊള്ളിച്ചത്. ഭാഷയുടെ പ്രതിനിധാനപരമായ പരിമിതി അപ്പോഴേ തിരിച്ചറിയപ്പെട്ടിരുന്നു. ഈ പരിമിതിയാകണം വിചിത്രാനുഭങ്ങളുടെ പ്രതിപാദ്യമായി സംസ്കാരം ചരിത്രത്തിൽ മിത്തോളജി സൃഷ്ടിക്കാനുള്ള കാരണം. സാക്ഷാത്പ്രതിനിധാനത്തിന്റെ അപ്പുറമായിരുന്നു മിത്തോളജി. ഭാഷയ്ക്ക് ദൈവിക പരിവേഷവും സിദ്ധമായി. രേഖപ്പെടുത്തലിന്റെ ആദിമകർമവും ക്രമീകരണമായിരുന്നു. ക്രമീകരണമെന്നാൽ നിയമപരമായി ഒരു സാമൂഹിക ക്രമത്തെ വ്യവസ്ഥപ്പെടുത്തൽ.

വാക്കുകൾ വസ്തുക്കളായി വിഭജിതമാകുന്നത് സാമൂഹികക്രമം ശ്രേണീപരമായി വിഭജിതമാകുന്നതോടെയാകണം. ആലേഖനത്തിന്റെ ഭാഷ ഒരിക്കലും എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നില്ല. അധികാരത്തിന്റെ പ്രയോക്താക്കൾക്കാണ് ആലേഖനഭാഷ അനിവാര്യമായിരുന്നത്. സമത്വസങ്കല്പനം ഭാഷയിൽ ലീനമാണെന്നു പറയുന്നത് വെറുതെയാണ്. ആലേഖന സാങ്കേതികത വശമായതുകൊണ്ട് ഭാഷ വശമായി എന്നുള്ളതും മിഥ്യയാണ്. ഭാഷ അപ്പോഴേക്കും അനേക പരിഷ്ക്കരണങ്ങളിലൂടെ അറിവുകളായി തരംതിരിക്കപ്പെട്ടിരുന്നു. ഓരോ അറിവിനും ഓരോ ഭാഷ. ഉദാഹരണത്തിന്, നിയമത്തിന്റെ ഭാഷ അധികാരസംസ്ഥാപനത്തിന്റെ ആദിമകാലം മുതൽക്കേ നിയമജ്ഞർക്കുമാത്രം സിദ്ധമായ ഭാഷാവ്യവഹാരമായിരുന്നു. ഇന്നും അപ്പടി തന്നെ.

കലയായാലും കാമമായാലും കളിയായാലും കുറ്റമായാലും കുറ്റാന്വേഷണമായാലും -മേതിൽ ഭാഷയുടെ പ്രതിനിധാനപരമായ ശൈഥില്യത്തെ നിരന്തരം സംബോധന ചെയ്തുകൊണ്ടിരുന്നു. അത് ആഖ്യാന വ്യാകരണങ്ങളെ ചെറുത്തു, അതിന്റെ സുഘടികത്വത്തെ അതിക്രമിച്ചുകൊണ്ടിരുന്നു

ഭാഷയുടെ അപ്രതിനിധാന പരിമിതിയും അതേസമയം അപ്രതിരോധ്യമായ അധികാരവേഴ്ച്ചയും അഭിമുഖീകരിക്കാൻ നവരവംശത്തിന്റെ പ്രതിരോധഭാവന സൃഷ്ടിച്ച മറ്റൊരു ഉപാധിയാകണം കാവ്യവും കഥപറച്ചിലും. പക്ഷെ അധികാരത്തിന്റെ തന്നെ പിൽക്കാല രൂപാന്തരീകരണങ്ങൾ ഈ പ്രതിരോധഭാവനയെ സ്വാംശീകരിക്കാൻ നടത്തിയ ഇടപെടലുകളാകാം ഭാഷയെ കണ്ണാടിയായും വിളക്കായും സങ്കൽപ്പിക്കാൻ പ്രേരിപ്പിച്ചു. സമൂഹത്തെ കണ്ണാടി പോലെ ഭാഷയിൽ പ്രതിഫലിപ്പിക്കാമെന്ന യുക്തി തന്നെ ഭാവനയെ നിയന്ത്രിക്കാനുള്ള അധികാരത്തിന്റെ കൗശലമാണ്. സോഷ്യലിസ്റ്റ് റിയലിസം ഒരു ഭരണകൂടത്തിന്റെ തന്നെ എഴുത്തുപാധിയാകുന്നത് വെറുതെയല്ല. കണ്ണാടിയിലെന്ന പോലെ ഭരണക്രമത്തെ അതിൽ നിഴലിച്ചുകാണണം.

ഭാഷയുടെ ഈ പ്രതിനിധിനാപരമായ ശൈഥില്യത്തെ തിരിച്ചറിഞ്ഞ്, എഴുത്തിൽ ഭാഷയുടെ ഈ അധികാരവേഴ്ച്ചയെ ഭാഷയാകുന്ന കനി തന്നെ തിന്ന് പാപപങ്കിലരായി പുറംതള്ളപ്പെട്ടവരുടെ ഒരു വംശം, അധികാരത്തിനെതിരെയുള്ള പ്രതിരോധ ഭാവനയെ സമ്പുഷ്ടമാക്കി. അവർ ഭാഷയുടെ പ്രതിനിധാനം എന്ന അധികാരമിഥ്യക്കെതിരെ തന്നെയാണ് പോരാടിയത്.

പുറംതള്ളപ്പെട്ടവരെങ്കിലും ഉഗ്രതേജസ്സുകളായ സൂര്യവംശത്തിന്റെ ഉയിരാണ് മേതിൽ രാധാകൃഷ്ണൻ. മനസ്സിലാക്കിപ്പെടുത്താൻ വേണ്ടി മേതിൽ ഒന്നും എഴുതിയിട്ടില്ല.                  (Photo: കമൽറാം സജീവ്)
പുറംതള്ളപ്പെട്ടവരെങ്കിലും ഉഗ്രതേജസ്സുകളായ സൂര്യവംശത്തിന്റെ ഉയിരാണ് മേതിൽ രാധാകൃഷ്ണൻ. മനസ്സിലാക്കിപ്പെടുത്താൻ വേണ്ടി മേതിൽ ഒന്നും എഴുതിയിട്ടില്ല. (Photo: കമൽറാം സജീവ്)

പുറംതള്ളപ്പെട്ടവരെങ്കിലും ഉഗ്രതേജസ്സുകളായ ഈ സൂര്യവംശത്തിന്റെ ഉയിരാണ് മേതിൽ രാധാകൃഷ്ണൻ. മനസ്സിലാക്കിപ്പെടുത്താൻ വേണ്ടി മേതിൽ ഒന്നും എഴുതിയിട്ടില്ല. കലയായാലും കാമമായാലും കളിയായാലും കുറ്റമായാലും കുറ്റാന്വേഷണമായാലും -മേതിൽ ഭാഷയുടെ പ്രതിനിധാനപരമായ ശൈഥില്യത്തെ നിരന്തരം സംബോധന ചെയ്തുകൊണ്ടിരുന്നു. അത് ആഖ്യാന വ്യാകരണങ്ങളെ ചെറുത്തു, അതിന്റെ സുഘടികത്വത്തെ അതിക്രമിച്ചുകൊണ്ടിരുന്നു. ആഖ്യാനവ്യാകരണം അധികാരത്തിന്റെ വ്യാകരണമാണെന്ന ഭാവനാബോധ്യമാണിത്. അങ്ങനെയുള്ള ഭാവനാത്മകബോധ്യം ഭാഷയിൽ അപൂർവമായി സംഭവിക്കുന്ന അതുല്യതയാണ്. അൽഗോരിതം എന്ന പുത്തൻ ഭാഷാവ്യവഹാരം അധികാരത്തെ പൂർണമായും ഗ്രസിക്കുന്ന ഒരു കാലത്ത്, ആദിമ നരവംശഭാഷയുടെ പ്രതിനിധാന സങ്കുചിത്വത്തെ അനാവരണം ചെയ്ത പ്രവാചകനായി മേതിൽ തിരിച്ചറിയപ്പെട്ടു. അതുവഴി മേതിലിയൻ ദർശനം ഒരു പുതിയ തുറവിയാകും നരവംശത്തിനുതന്നെ. ഇന്നത്തെ പരിമിതമായ നാട്ടറിവുവെച്ച് അനുമാനിച്ചാൽ, സംശയം വേണ്ടാ, മേതിൽ ആഘോഷിക്കപ്പെടും അക്കാലത്തിൽ എന്നുറപ്പാണ്.

മേൽച്ചൊന്ന നീരിക്ഷണത്തിൽ ഒരു അല്പത്വമുണ്ട്. അത് കാണാതിരിക്കേണ്ട കാര്യമില്ല. നമ്മുടെ സാമ്പ്രദായിക സാഹിത്യ നിരൂപക കരകൗശലക്കാർ എഴുത്തുകാർക്ക് സമാശ്വാസമായി വെച്ചുനീട്ടുന്ന സർട്ടിഫിക്കറ്റാണ്, ഭാവിയിൽ വായിക്കപ്പെടും എന്നുള്ളത്. മേതിൽ രാധാകൃഷ്ണന് അതിന്റെ ആവശ്യമില്ല. മേതിൽ ആഘോഷപൂർവമായോ നിശ്ശബ്ദമായോ വായിക്കപ്പെട്ടിട്ടുണ്ട് എന്നത് തീർച്ച.

ഭാഷയുടെ സമഗ്രാധികാരത്തെ സർഗാത്മകതയുടെ സ്വേച്ഛ എതിരിടുന്ന ഓരോ മൂർത്തമൂഹൂർത്തത്തിലും ആദ്യം വായിക്കപ്പെടുക മേതിലായിരിക്കും.

വി.സി. ഹാരിസിനെ പോലെ ഒരൊറ്റ വായനക്കാരൻ മതി ഒരു എഴുത്തുകാരന്റെ സൗഭാഗ്യമായി. ചില്ലുകൂട്ടിലെ കുട്ടിത്രാസ്സിൽ ലോഹത്തിന്റെ മൂല്യനിർണനയനം എന്ന പാരമ്പരാഗതവിദ്യ അനുഷ്ഠിക്കുകയെന്ന പണിയായിരുന്നില്ലല്ലോ ഹാരിസിന്റെ നിരൂപകവൃത്തി. എഴുത്തിന്റെ കളിനിയമങ്ങളിൽ ഇടപ്പെട്ട്, കളിദർശനത്തെ തന്നെ മാറ്റുകയായിരുന്നുവല്ലോ വി.സി. ഹാരിസ്. കളിനിയമങ്ങളെ പിടിച്ചുലച്ച് കളിദർശനത്തെ തന്നെ മാറ്റുകയാണ് മേതിലും. ഭാഷയുടെ സമഗ്രാധികാരത്തെ സർഗാത്മകതയുടെ സ്വേച്ഛ എതിരിടുന്ന ഓരോ മൂർത്തമൂഹൂർത്തത്തിലും ആദ്യം വായിക്കപ്പെടുക മേതിലായിരിക്കും. കഥപറച്ചിലിന് അധികം ലഭിക്കുന്ന വിപണിസൗഭാഗ്യത്തെ മേതിൽ തൃണവൽഗണിച്ചുകൊണ്ട്, ധിഷണയെന്നും ഭാവനയെന്നും വേർതിരിക്കാൻ പറ്റാത്ത അന്തർവൈജ്ഞാനികമായ തന്റെ മൗലിക ദർശനത്തിൽ ഊറ്റം കൊള്ളുന്നു മേതിലിന്റെ എഴുത്ത്.

വി.സി. ഹാരിസിനെ പോലെ ഒരൊറ്റ വായനക്കാരൻ മതി ഒരു എഴുത്തുകാരന്റെ സൗഭാഗ്യമായി. ചില്ലുകൂട്ടിലെ കുട്ടിത്രാസ്സിൽ ലോഹത്തിന്റെ മൂല്യനിർണനയനം എന്ന പാരമ്പരാഗതവിദ്യ അനുഷ്ഠിക്കുകയെന്ന പണിയായിരുന്നില്ലല്ലോ ഹാരിസിന്റെ നിരൂപകവൃത്തി.
വി.സി. ഹാരിസിനെ പോലെ ഒരൊറ്റ വായനക്കാരൻ മതി ഒരു എഴുത്തുകാരന്റെ സൗഭാഗ്യമായി. ചില്ലുകൂട്ടിലെ കുട്ടിത്രാസ്സിൽ ലോഹത്തിന്റെ മൂല്യനിർണനയനം എന്ന പാരമ്പരാഗതവിദ്യ അനുഷ്ഠിക്കുകയെന്ന പണിയായിരുന്നില്ലല്ലോ ഹാരിസിന്റെ നിരൂപകവൃത്തി.

മേതിലിന്റെ മേൽച്ചൊന്ന മൗലികദർശനത്തെ അനുഭവസാന്ദ്രമാക്കുന്നു, ‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം’ എന്ന മേതിൽ രചന. മിക്കവാറും എല്ലാ മേതിൽ രചനകൾക്കുമുള്ളതു പോലെ ഇംഗ്ലീഷ് ഉപശീർഷകം ഇതിനും നൽകിയിട്ടുണ്ട്. An Essay on Sexuality എന്ന ഉപശീർഷകത്തിനുകീഴേ, ഒരുപക്ഷെ, തെറ്റിദ്ധാരണ ഒഴിവാക്കാനായിരിക്കാം- നോവൽ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മേതിലിന്റെ genre blending / blurring ആഖ്യാനത്തിനുമുള്ള ദൃഷ്ടാന്തമാണ് ഈ നോവൽ. മൂന്നുതലമുറ ചരിത്രത്തിന്റെ സംക്ഷിപ്തത്തിനെതിരെ ഒരു സവിശേഷസ്വഭാവമുളള ഒരു വ്യക്തിയെ നിർത്തുന്നു. പവിത്രൻ എന്നാണയാളുടെ പേര്. പവിത്രന്റേത് പ്രത്യേകതകളുള്ള പ്രകൃതമാണ് (idiosyncratic). അബോധത്തെ മേൽക്കൂരയായി ദർശിക്കുന്ന മച്ചിൻപുറമാണ് വിഹാരരംഗം. അടിത്തറ- മേൽപ്പുര യുഗ്മത്തെ നോക്കിയാണെങ്കിൽ മേൽപ്പുരയാണ് സാമ്പത്തിക ക്രമത്തിന്റെ പ്രഭവകേന്ദ്രം, ഈ നോവലിൽ. കുടയുടെ ആകൃതി വിശേഷിപ്പിച്ചാണ് നോവൽ ആരംഭിക്കുന്നത്. വാസ്തുശില്പത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഉപന്യാസമാണോ എന്ന പ്രതീതി ജനിപ്പിക്കും. കാരണവർ പണി ചെയ്ത വീട് താഴെ നിന്നല്ല ഉയർന്നുവന്നത്. മച്ചിൻപുറം കുടപോലെ നിവർന്നു നിൽക്കുന്നു. അതിന്റെ താഴേക്കാണ് വീട് ഉണ്ടായത്. കൂട്ടുകുടുംബ വ്യവസ്ഥയും അതിന് കാർഷിക സംസ്കാരവും സമൃദ്ധിയുമായുള്ള ബന്ധവും അതിന് പിൽക്കാലത്തു സംഭവിച്ച അനിവാര്യവും ചരിത്രപരവുമായ ശൈഥില്യവും ഇതിൽ പ്രതിപാദ്യമാകുന്നു. വീടുണ്ടായത് നെല്ലിൽ നിന്നാണ്. നെല്ല് കൂട്ടിവെയ്ക്കുന്നത് മച്ചിൻപുറത്താണ്. മച്ചിൻപുറം ഒരു ചരിത്രകഥാപാത്രമാണ്.

നമ്മുടെ സാമ്പ്രദായിക സാഹിത്യ നിരൂപക കരകൗശലക്കാർ എഴുത്തുകാർക്ക് സമാശ്വാസമായി വെച്ചുനീട്ടുന്ന സർട്ടിഫിക്കറ്റാണ്, ഭാവിയിൽ വായിക്കപ്പെടും എന്നുള്ളത്. മേതിൽ രാധാകൃഷ്ണന് അതിന്റെ ആവശ്യമില്ല. മേതിൽ ആഘോഷപൂർവമായോ നിശ്ശബ്ദമായോ വായിക്കപ്പെട്ടിട്ടുണ്ട് എന്നത് തീർച്ച.

ഒരേ അമ്മയുടെ പെണ്മക്കളുടെ മക്കളും ഒരേ പ്രായക്കാരുമായ പവിത്രനും ദാമോദരനുമെന്ന സാഹസികരായ സഞ്ചാരികൾ ആകസ്മികമായി കണ്ടെത്തിയ ഭൂഖണ്ഡവുമാണ് ‘മൂന്നാം നില’ എന്നറിയപ്പെടുന്ന മച്ചിൻപുറം. സഞ്ചാരികളാകയാൽ അവർ മച്ചിൻപുറത്തെ കപ്പലായും സങ്കല്പിച്ചു. മച്ചിൻപുറം ചില കാലങ്ങളിലൂടെ സഞ്ചരിച്ചും ഇടവേളകളിൽ നങ്കൂരമിട്ടും യാത്ര ചെയ്തു. അവരുടെ കൗമാരം മച്ചിൻപുറസ്മരണകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പവിത്രൻ പല രാജ്യങ്ങളിലും സഞ്ചാരം കഴിഞ്ഞ് വീണ്ടും മച്ചിൻപുറത്തേക്കെത്തുമ്പോൾ അമ്പത്താറാണ്ടു കഴിഞ്ഞിരുന്നു. മച്ചിൻപുറം അപ്പോഴേക്കും ജിജ്ഞാസകളെ ത്വരിതപ്പെടുത്തുന്ന ലോകമല്ലാതെയായിക്കഴിഞ്ഞിരുന്നു. ദാമോദരൻ മരണപ്പെട്ടിരുന്നു. അവിടെ ഒരു വവ്വാൽ മാത്രം തൂങ്ങിയാടി നിന്നിരുന്നു. സിഗരറ്റ് വലിച്ചുള്ള ചാരം നിക്ഷേപിക്കാനുള്ള വിസ്തൃതമായൊരു ആഷ്ട്രേയായും പവിത്രൻ മച്ചിൻപുറത്തെ സങ്കൽപ്പിക്കുന്നു. മച്ചിൻപുറത്തെ വിവരിക്കുമ്പോൾ സ്വയമേ ജാഗ്രതപ്പെടുത്തുന്നത്, ഇത് ഒരു ഉപന്യാസമായി പോകുമോ എന്നാണ്. ഭാഷാവ്യാഖ്യാന വിദഗ്ദ്ധനെപ്പോലെ പവിത്രൻ പറയുന്നുണ്ട്: ‘‘പ്രതീകങ്ങളുടെ ദുഷ്പ്രഭുത്വത്തെ ചെറുത്തുനിന്നില്ലെങ്കിൽ ഏറ്റവും സ്പർശ്യമായ ചില അനുഭവങ്ങൾ ഉപന്യാസപ്രായത്തിലാകും. ഇതാണ് എഴുത്തുകാരന്റെ നരകം. പവിത്രൻ ഒരു എഴുത്തുകാരനാകയാൽ ഈ നരകം തന്റേതു മാത്രമാണ് എന്ന അയാൾക്ക് തോന്നുന്നു’’.

‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം’ എന്ന മേതിൽ രചന.
‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം’ എന്ന മേതിൽ രചന.

അവിടെ തൂങ്ങിയാടുന്ന വവ്വാൽ പ്രതീകമല്ല. അതിനെ മാനസികാപഗ്രഥനം നടത്തി ഉപന്യാസപരുവത്തിലാക്കേണ്ടെന്നു പവിത്രൻ നമ്മളോടും പറയുന്നു. അതൊരു മുന്നറിയിപ്പാണ്. അനുഭവസ്പർശ്യമായ ലോകത്തെ ഭാഷയുടെ വ്യാഖ്യാനങ്ങളിൽ കുരുക്കിയെടുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പ്. പവിത്രൻ മച്ചിൻപുറത്തേക്കു പോകുന്നത് വവ്വാൽ ദർശനത്തിനല്ല, മറിച്ച്, അയാളെ മച്ചിൻപുറം തന്നെ ജന്മവാസനയുടെ ഒരു പുറംവഴിയിലൂടെ അയാളെ അങ്ങോട്ടേക്ക് ആവാഹിക്കുകയാണ്. വവ്വാലിനെ കാണാൻ വരുന്ന പെൺകുട്ടിയുണ്ട്. അയാളുടെ ഒരു ബന്ധുവാണ് ആ പെൺകുട്ടി. പെൺകുട്ടി മച്ചിൻപുറത്തേക്കുള്ള കോവണിയുടെ അവസാനപടിയുടെ തൊട്ടുതാഴെയുള്ള പടിയിൽനിന്ന് അത് കണ്ടുമടങ്ങുകയാണ് പതിവ്. മച്ചിൻപുറം കൗമാര സ്മരണകളാൽ വിജൃംഭിതവുമാവും. പക്ഷെ പവിത്രനെ അലട്ടുന്ന ഓർമ അതല്ല. കൗമാരവും പിന്നിട്ട് അയാൾ ഏർക്കാടിൽ താമസമാക്കിയിരുന്ന കാലത്തിലെ ഒരു അനുഭവമാണത്. രുദ്ര എന്ന ആന്ധ്രക്കാരിയുമായുള്ള ബന്ധമാണ്, രുദ്രയുമായുള്ള അയാളുടെ വേഴ്ചയും രുദ്രയുടെ വിശുദ്ധ ലൈംഗികതയും അയാളെ അലട്ടുന്ന ഓർമയാണ്. അതൊരു തൊട്ടിലിനെക്കുറിച്ചുള്ള ഓർമയുമാണ്. തൊട്ടിൽ കഷണമാക്കി ചിതയ്ക്കുള്ള വിറകാക്കാം. മച്ചിൻപുറത്തെ ഇപ്പോഴും അവശേഷിക്കുന്ന തൊട്ടിൽ ആരുടേതാണെന്ന് അറിയില്ല. ഈ വീട്ടിൽ പിറന്ന പല കുഞ്ഞുങ്ങളും കിടന്നതാണ് അതിൽ.

മച്ചിൻപുറത്തെ ഓർമകളിലേക്ക് കൗമാരകാമനകളും ചരിത്രവും കടന്നുവരുന്നു. നാട്ടുചരിത്രവും കുടുംബചരിത്രവും ഇഴചേരുന്നു. ഈ ആഖ്യാനത്തിലേക്ക് നാട്ടുചരിത്രവും ലോകചരിത്രവും വിലയിപ്പിക്കുന്നതോടെ രാഷ്ട്രീയമായ ഒരു തലവും അനുഭവസത്തയിൽ നിന്ന് അടരുന്നത് കാണാം. അതിൽ ഭൂപരിഷ്ക്കരണത്തിന്റെ മിച്ചമെന്തെന്നു വ്യക്തമാകുന്നു. ചിലതൊക്കെ കൈമോശം വന്ന ഭൂഉടമകളും ഒന്നും ലഭിക്കാതെ പോയ കുഞ്ചുവും എല്ലാം നേടിയെടുത്ത അല്ലെങ്കിൽ പാർട്ടി എല്ലാം കൊടുത്ത, വിസ്കി മോന്തുന്ന കഴുവേറി നായിന്റെമോനും.

ലുമുംബ കൊല്ലപ്പെട്ട വർത്തയറിഞ്ഞ ദിവസം, മേതിൽ കഥാപാത്രങ്ങളായ പവിത്രനും ദാമോദരനും സ്കൂളിൽ മുഷ്ടി ചുരുട്ടി ‘ഡോഗ് ഡോഗ് ഹാമർഷിൽഡ്' എന്ന് വിളിച്ചുകൊണ്ടു വരാന്തയിലൂടെ ജാഥ നടത്തുന്നുണ്ട്.
ലുമുംബ കൊല്ലപ്പെട്ട വർത്തയറിഞ്ഞ ദിവസം, മേതിൽ കഥാപാത്രങ്ങളായ പവിത്രനും ദാമോദരനും സ്കൂളിൽ മുഷ്ടി ചുരുട്ടി ‘ഡോഗ് ഡോഗ് ഹാമർഷിൽഡ്' എന്ന് വിളിച്ചുകൊണ്ടു വരാന്തയിലൂടെ ജാഥ നടത്തുന്നുണ്ട്.

ഭൂപരിഷ്ക്കരണത്തിന്റെ ചില ലഭ്യമായ പാഠങ്ങൾ ആവർത്തിക്കപ്പെടുകയാണെങ്കിലും ചരിത്രപരമായ ഈ ക്രമമാറ്റം സമ്പന്ന കാർഷിക കുടുംബങ്ങളിൽ സൃഷ്ടിച്ച വിള്ളലുകൾ ഇതിൽ പ്രതിപാദ്യമാകുന്നുണ്ട്. ദാരിദ്ര്യം പരകായപ്രവേശം ചെയ്യുന്നതിന് മച്ചിൻപുറവും സാക്ഷിയാണ്. പ്രക്ഷുബ്ധമായിരുന്ന അക്കാലത്തിന്റെ പ്രചോദനങ്ങളും ഓർമയിൽ തെളിയുന്നുണ്ട്. പാട്രീഷ്യ ലുമുംബയെ വധിക്കാൻ സി ഐ എ ബെൽജിയൻ ഭരണകൂടവുമായി ആസൂത്രണം ചെയ്തിരുന്നുവെന്ന വിവരം യു എൻ സെക്രട്ടറി ജനറലായിരുന്ന ഡഗ് ഹമാർഷിൽഡിനുണ്ടായിരുന്നു. അയാൾ അത് അവഗണിക്കുകയായിരുന്നു. ലുമുംബ കൊല്ലപ്പെട്ട വർത്തയറിഞ്ഞ ദിവസം പവിത്രനും ദാമോദരനും സ്കൂളിൽ മുഷ്ടി ചുരുട്ടി ‘ഡോഗ് ഡോഗ് ഹാമർഷിൽഡ്' എന്ന് വിളിച്ചുകൊണ്ടു വരാന്തയിലൂടെ ജാഥ നടത്തുന്നുണ്ട്.

വരേണ്യവീടുകളിലെ കൗമാരകൗതുകങ്ങളും കൗമാരക്കാരുടെ രതിസംസർഗ കാമനകളും ഓർമകളുടെ സ്ഖലിതങ്ങളായി അവശേഷിക്കുന്നു. ഇതിലെല്ലാം കാർഷിക സമ്പദ്ഘടനയിലെ ഉയർന്നൊരു വിഭാഗത്തിന്റെ ലൈംഗികതയുടെ ചോദനകളാണ്. കുട പോലുള്ള മച്ചിനപ്പുറം ചോദനകൾക്ക് മറ പിടിച്ചു. പക്ഷെ ചരിത്രം എത്ര തന്നെ ഒഴുകിപ്പോയിട്ടും അവിടെ ഇപ്പോഴും അവശേഷിക്കുന്ന വസ്തുക്കളുണ്ട്. ഗൃഹാതുരത്വം ഉണർത്തുന്നതിനേക്കാൾ ഇന്നിനെ നോക്കി മുക്തിയുടെ ഉപായം തേടുന്നവ.
വിവരണങ്ങളിൽ മേതിൽ എഴുതുക, ‘‘വസ്തുക്കൾ പ്രതീകങ്ങൾ പോലെയല്ല. പ്രതീകങ്ങൾ ഭ്രമങ്ങളും ബാധകളുമാണ്. വസ്തുക്കൾ യാഥാർഥ്യങ്ങളും. ആത്യന്തികമായി ഒരു മനുഷ്യൻ അവൻ വ്യാപരിക്കുന്ന പ്രത്യേക ലോകത്തിലെ വസ്തുക്കൾ തന്നെയാണ്’’.
ഈ വസ്തുബോധമാകണം എഴുത്തുകാരൻ കൂടിയായ പവിത്രനെ ‘തന്റെ ഓർമകളെ ലൈംഗികതയെക്കുറിച്ചുള്ള ഒരു ഉപന്യാസമാക്കിയെന്ന ശാഠ്യത്തിൽ തൂങ്ങിയാടാൻ അവസാനവട്ടവും’ പ്രേരിപ്പിക്കുന്നത്. തൂങ്ങിയാടൽ വവ്വാലിനെയും മോന്തായത്തിൽ തൂങ്ങിയാടാനുള്ള പവിത്രന്റെ തന്നെ ഉൾപ്രേരണയെയും അനുഭവപ്പെടുത്തുന്നു. മച്ചിനപ്പുറം തൂത്തുവൃത്തിയാക്കി, അവിടെ അവശേഷിച്ചിരുന്ന തൊട്ടിൽ വിറകാക്കുന്നു. പിന്നെ അവിടെ നിന്ന് അവസാനം കണ്ടെത്തപ്പെട്ടത് കാലങ്ങളായി അന്വേഷിക്കുന്ന ഒരു വെള്ളിനാണയവുമാണ്. കുടുംബകലഹങ്ങളുടെ ചരിത്രവും പിന്നിട്ട് അത് അതിന്റെ അവകാശിയിലേക്ക് മടങ്ങുമെന്ന നിലയിൽ, മച്ചിൻപുറത്തെ ചരിത്രനിഗൂഢതകളിൽ നിന്ന് പവിത്രനും വിമുക്തനാവാൻ ഒരുങ്ങുകയാണോ?.

സാഹിത്യം ഭാഷയിലെ സർഗാത്മകമായ കോഡിങ്ങാണ്. കോഡിങ് അനാവരണം ചെയ്യാനുള്ള ഉപായങ്ങൾ ഭാഷയിൽനിന്ന് ലഭ്യമാണ്. എന്നാൽ മേതിലിന്റെ എഴുത്ത് അത്തരം ഉപായങ്ങളെയും ചെറുക്കുന്നു.

മച്ചിൻപുറം എന്ന അധോതലം ചുരത്തുന്ന ഓർമകൾ വാക്കുകളായി ബന്ധപ്പെട്ടിരിക്കുന്ന ആനന്ദങ്ങൾ പവിത്രൻ തിരയുന്നു. കൗമാരവും അസംസ്കൃതമായ അനുഭൂതികളും അവിടങ്ങളിൽ ഒളിച്ചുനിന്നിരുന്നു, പെൺകുട്ടി മച്ചിൻപുറത്തേക്കു കയറിവരുമ്പോൾ കാണാൻ പറ്റാത്ത വിധത്തിൽ പവിത്രൻ ഒരിക്കൽ ഒളിച്ചുനിന്നതു പോലെ. പവിത്രന്റെ ഒറ്റപ്പെട്ട ആനന്ദം, വാക്കുകൾ കൂട്ടിച്ചേർക്കുന്നതിൽ അദ്ദേഹം അനുഭവിക്കുന്ന ഏകാന്തവും ആഴമേറിയതും അടുപ്പമുള്ളതും പറയാത്തതുമായ സംതൃപ്തി എന്നിവയിലേക്ക് നുഴഞ്ഞുകയറാൻ മാത്രമേ നമ്മുക്ക് അനുവാദമുള്ളൂ. സ്മരണകൾ കൊണ്ടൊരു അസ്സൽ ഉപന്യാസം അയാൾ നിർമിച്ചുതരാൻ തയ്യാറല്ല. വാസ്തുവിദ്യ, ജന്തുശാസ്ത്രം, മനോവിശകലനം, കാർഷിക ചരിത്രം, അന്താരാഷ്ട്രീയം, തദ്ദേശീയ അനുഭവങ്ങൾ, നാട്ടറിവുകൾ, ഭാഷദർശനം- മേതിലിന്റെ വ്യാഖ്യാനഭേദിയായ ആഖ്യാനാത്മക അന്തർവിജ്ഞാനീയത സൗന്ദര്യ- സാഹിത്യ മൂല്യനിർണയപരമായ ചപ്പടാച്ചികളിൽ നിന്നുമുള്ള മുക്തിബോധവും പ്രദാനം ചെയ്യുന്നു.

പ്രതീകങ്ങളുടെ അധീശത്വത്തെ ചെറുക്കുകയെന്നാൽ യാഥാർത്ഥ്യത്തെ കൈകാര്യം ചെയ്യുന്ന നോവലിസ്റ്റിന് ഭാഷയുടെ സാമ്പ്രദായികമായ എല്ലാ കോഡുകളെയും ഭാഷയയുടെ പ്രതിനിധാനക്ഷമതയെ സംബന്ധിച്ചുള്ള കരാറുകളെയും ലംഘിക്കണമെന്നത് അനിവാര്യമാക്കുന്നു. ചരിത്രത്തിൽ സങ്കല്പിക്കപ്പെട്ടിട്ടുള്ളതും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതുമായ കാലക്രമങ്ങളിൽ നിന്ന് വ്യതിചലിക്കുകയും തികച്ചും അവിശ്വസനീയമായ അനുഭവതലങ്ങളെ സമയത്തിനു പുറത്തുനിൽക്കുന്ന ബാല്യസ്മരണകളായി ഭാഷയുടെ തന്നെ പുതുനിർമിതമായ കോഡുകളിൽ രേഖപ്പെടുത്തേണ്ടതുമുണ്ട്.

സാഹിത്യം ഭാഷയിലെ സർഗാത്മകമായ കോഡിങ്ങാണ്. കോഡിങ് അനാവരണം ചെയ്യാനുള്ള ഉപായങ്ങൾ ഭാഷയിൽനിന്ന് ലഭ്യമാണ്. എന്നാൽ മേതിലിന്റെ എഴുത്ത് അത്തരം ഉപായങ്ങളെയും ചെറുക്കുന്നു. ഭാഷയിലെ ഒരു ഗറില്ലയെപ്പോലെയാണ് മേതിലിന്റെ എഴുത്ത്. അതിലേക്ക് പ്രവേശിക്കാൻ തുറന്ന ഇടങ്ങളില്ല. അതിലേക്ക് നുഴഞ്ഞുകയറുകയേ മാർഗമുള്ളൂ. ഹാക്കിങ് പോലെയെന്നും വിവരിക്കാം. മേതിൽ നടത്തുന്ന ഭാഷയുടെ പുനഃക്രമീകരണങ്ങളിലേക്ക് (reconfiguration) ചില രഹസ്യപാതകളിലൂടെ നടത്തുന്ന നൈതികമായ ഹാക്കിങ്. എന്നാലിത്, പറയുന്നപോലെ സൗജന്യദായകവുമല്ല. കാരണം മേതിലിന്റെ എഴുത്തുകൾ ഭാഷയുടെ പ്രതിചരിത്രങ്ങളാണ്, അതിനാൽ തന്നെ പ്രതിരോധാത്മകവുമാണ്.

മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.

മേതിൽ രാധാകൃഷ്ണനുമായി കരുണാകരൻ നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും പുസ്തകം, ഇപ്പോൾ തന്നെ ഓഡർ ചെയ്യൂ...

Comments