സ്‍നേഹസങ്കല്പത്തെ പുതുക്കിപ്പണിഞ്ഞ എംടിയുടെ 'വാനപ്രസ്ഥം'

വാനപ്രസ്ഥം ധ്യാനാത്മകമായ ജീവിതാവസ്ഥയാണ്. കാമ മോഹങ്ങൾക്കതീതമായ ശരീരത്തിന്റെ ശാന്തമായ ഒരു ചേർന്നുനിൽപ്പ് സ്‍നേഹത്തിന്റെയും പ്രണയത്തിന്റെയും ഉദാത്തമായ ഭാവമാണ്. നമ്മുടെ സ്‍നേഹസങ്കല്പത്തെയെല്ലാം ആർദ്രമായി പുതുക്കിപ്പണിത് വാനപ്രസ്ഥം പ്രാർത്ഥനാനിരതമായ ഒരു യാത്രയുടെ ഓർമയായി എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു - ദീപ പി.എം. എഴുതുന്നു…

സ്വസ്ഥത പെരുകുന്ന അകത്തളങ്ങളിൽ നിന്നും മുറിവേറ്റ മനസ്സ് ശ്വാസം മുട്ടി പുറത്തേയ്ക്ക് കുതറുന്നു. ചില അഭയങ്ങൾ കണ്ടെത്തി, അവിടം ചേർന്നുനിന്ന് ആശ്വാസം കണ്ടെത്തുന്നു. നിറമുള്ള സങ്കല്പങ്ങളും ഭാവനകളും ചേർത്ത് നമ്മൾ തീർക്കുന്ന സ്വാസ്ഥ്യം തേടിയുള്ള ഈ യാത്ര ജീവിതത്തിന്റെ നിരർത്ഥകതയെ മുറിച്ചു കടന്ന് മുന്നേറാനുള്ള മനസ്സിന്റെ ഒരു കുതിപ്പ് കൂടിയാണ്. സ്വയം വീണ്ടെടുക്കാനായി തികച്ചും സ്വപ്നസമാനമായ ഇത്തരം യാത്രകളിലേക്ക് പലതവണ ഇറങ്ങിപ്പോയിട്ടുണ്ട് ഞാൻ. ചെങ്കുത്തായ കുന്നുകളും ഊക്കൻ മഞ്ഞുമലകളുമെല്ലാം ഏകാകിതയായി പുറത്തു കേൾക്കാവുന്നത്ര ഹൃദയമിടിപ്പോടെ കിതച്ചു കയറിയിട്ടുണ്ട്. കയറിക്കയറി മുകളിലെത്തി താഴോട്ട്, താഴെ താഴോട്ട് തീർത്തും നിസ്സംഗതയോടെ നോക്കി നിന്നിട്ടുണ്ട്. ഈ യാത്രകളിലെല്ലാം പലപ്പോഴായി 'വാനപ്രസ്ഥ'ത്തിലെ വിനോദിനിയെന്ന തീർത്ഥാടകയായി സ്വയം കല്പിച്ചിട്ടുണ്ട് ഞാൻ. സ്വാഭാവികമായ താളത്തിൽ നിന്ന് പുറത്തായിപ്പോയ എന്നെ ഒന്നു ചേർത്തുപിടിച്ച് നെറ്റിയിൽ തലോടി താളത്തിൽ ലയിപ്പിക്കാൻ കനത്ത ഇരുട്ടിന്റെ പാളികൾക്കുളളിൽ നിന്നും വെളിച്ചത്തിന്റെ നേർത്ത നൂലുപോലെ ഒരു 'കരുണാകരൻ മാസ്റ്റർ ' ഇറങ്ങിവരുമെന്നും ഞാൻ കിനാവ് കണ്ടിരുന്നു. അനന്തരം ജീവിതയാത്രയെ തീർത്ഥയാത്രയാക്കി ഞങ്ങൾ നടന്നുമുന്നേറുമെന്നും..

'ഒരു പക്ഷേ വന്നേക്കില്ല' - വാനപ്രസ്ഥം എന്ന കഥ ഇങ്ങനെ തുടങ്ങുമ്പോൾ ആത്മാവിൽ നിന്നും ഊർന്നിറങ്ങുന്ന ഒരു നോവ് നമ്മളിലേക്ക് പടർന്നുകയറുന്നു- കഥ കവിതയായി വിരിയുന്ന അപൂർവസുഗന്ധം നമ്മൾ അനുഭവിക്കുന്നു. മുപ്പത്തിയാറു വർഷത്തിനിപ്പുറം പട്ടാമ്പി ഹൈസ്കൂളിൽ തന്റെ വിദ്യാർത്ഥിനിയായിരുന്ന വിനോദിനിയെ കാണാമെന്ന പ്രതീക്ഷയിൽ മൂകാംബികയിലെത്തുകയാണ് കരുണാകരൻ മാസ്റ്റർ. വിനോദിനി അയച്ച കത്തിൽ നിന്നുമാണ് അവളെ ആ ദിവസം അവിടെ കാണാമെന്ന സൂചന മാഷിന് ലഭിക്കുന്നത്. രണ്ടുദിവസം കഴിഞ്ഞ് വിഷമത്തോടെ തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് അവർ വളരെ യാദ്യച്ഛികമായി കണ്ടുമുട്ടുന്നത്.

മാഷുടെയും വിനോദിനിയുടെയും കൂടെ നമ്മളും കുടജാദ്രി കയറുകയാണ്. വിനോദിനി ചവിട്ടുപടിയിൽ കാലുറപ്പിക്കാൻ സാരിത്തുമ്പ് ഒതുക്കിപ്പിടിക്കുമ്പോൾ അടിപ്പാവാടയുടെ കീറിയ ലെയ്സ് കാണുന്നു. നമുക്കവരോട് അളവറ്റ അനുതാപം തോന്നുന്നു. പൂജാരി, ദമ്പതിമാരാണെന്ന് കരുതി അവരെ ഒന്നിച്ചിരുത്തി ദമ്പതീപൂജ ചെയ്തപ്പോൾ നമ്മുടെ ഉള്ളം വേദനിക്കുന്നു. കുടജാദ്രിയിലെ തണുപ്പിൽ തണുത്തുവിറച്ചുകൊണ്ട് നമ്മളിവരുടെ പാരസ്പര്യത്തിൽ ലയിക്കുന്നു. മുജ്ജന്മ സാക്ഷാത്കാരമെന്ന പോലെ അവർ സ്വാഭാവികദമ്പതിമാരെ പോലെ ചേർന്നുകിടക്കുമ്പോൾ മാംസാധിഷ്ഠിതമല്ലാത്ത സ്നേഹത്തെക്കുറിച്ചും ജീവിതത്തിന്റെ കേവലതയെക്കുറിച്ചും നമുക്ക് ബോധ്യപ്പെടുന്നു. അവർ ഒന്നിച്ച് ചേരുമ്പോൾ ഒരു ഗൂഢാനന്ദവും അവരുടെ തുറന്നു പറച്ചിലുകളിൽ വല്ലാത്ത നീറ്റലും അനുഭവിച്ചു കൊണ്ട് വായനക്കാർ കഥയെ ഉള്ളിലേക്ക് ചേർത്തുവെയ്ക്കുന്നു.

വളരെ ഉദാത്തമായ അനുഭാവ പൂർണമായ ഒരു പ്രണയത്തെ അവതരിപ്പിച്ചുകൊണ്ട് യുവത്വത്തിന്റെ ചടുലത കളാൽ ആഘോഷഭരിതമായിരുന്ന എം ടി കഥകളുടെ ഗതി ഇവിടെ മാറിമറിയുകയാണ്. കാഴ്ചയെ മായ്ക്കുന്ന മൂടൽമഞ്ഞും രാത്രിയുടെ കനത്ത നിശ്ശബ്ദതയും കഥയെ കൂടുതൽ സംവേദക്ഷമമാക്കുന്നു. സൂക്ഷ്മമമായ അംശങ്ങൾ പലതും അവതരിപ്പിക്കുമ്പോഴുള്ള സൂക്ഷ്മതയാണ് എം ടി യുടെ മാത്രം പ്രത്യേകതയായി എടുത്തു പറയേണ്ടത്. കഥാപാത്രത്തിന്റെ രൂപം, പശ്ചാത്തല ശബ്ദം, കഥാപാത്രo നടന്നു പോകുന്ന വഴി, വഴിയിൽ ചിതറി കിടക്കുന്ന വെളിച്ചം തുടങ്ങിയവയെല്ലാം ചേർന്ന് സ്ഥലകാല സൂചനയുള്ള ഒരു സമഗ്രദൃശ്യo നമുക്കുമുമ്പിൽ വെളിപ്പെട്ടുവരികയാണ്. പ്രകൃതിയിലെ സൂക്ഷ്മവിസ്മയങ്ങളിലേക്ക് എം ടി നമ്മളെ കൊണ്ടുപോകുന്നു.

തീർത്ഥാടനം സിനിമയിൽ വിനോദിനിയായി സുഹാസിനി
തീർത്ഥാടനം സിനിമയിൽ വിനോദിനിയായി സുഹാസിനി

വാനപ്രസ്ഥം ധ്യാനാത്മകമായ ജീവിതാവസ്ഥയാണ്. കാമ മോഹങ്ങൾക്കതീതമായ ശരീരത്തിന്റെ ശാന്തമായ ഒരു ചേർന്നുനിൽപ്പ് സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഉദാത്തമായ ഭാവമാണ്. നമ്മുടെ സ്നേഹസങ്കല്പത്തെയെല്ലാം ആർദ്രമായി പുതുക്കിപ്പണിത് വാനപ്രസ്ഥം പ്രാർത്ഥനാനിരതമായ ഒരു യാത്രയുടെ ഓർമയായി എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.


Summary: MT Vasudevan Nair's Vanaprastham and character Vinodini, Deepa PM writes about MT's books.


ദീപ പി.എം.

അധ്യാപിക, എഴുത്തുകാരി, സാംസ്​കാരിക പ്രവർത്തക. ആത്മച്ഛായ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments