ആത്മകഥനത്തിന്റെ മലകയറ്റം കവിത കൊണ്ട് എത്രത്തോളം അനായാസമാക്കാം എന്ന അന്വേഷണമാണ് ദേശമംഗലം രാമകൃഷ്ണന്റെ 'ആത്മകഥ: ഒരു ജീവിതത്തിന്റെ ഓർമകൾ' എന്ന കാവ്യം. പത്ത് അധ്യായങ്ങളുള്ള ഒരു ആത്മകഥ കവിതാരൂപത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നുവെന്നോ പത്ത് ഖണ്ഡങ്ങളുള്ള ഒരു കാവ്യം ആത്മകഥയുടെ ഛായയിൽ വിരചിച്ചിരിക്കുന്നുവെന്നോ പറയാം. ഫലത്തിൽ ഇവിടെ ആത്മകഥനവും കാവ്യാലാപനവും തമ്മിലുള്ള അന്തരം കുറയുന്നു. തന്നിലേക്കും താൻ ജീവിച്ച സമൂഹത്തിന്റെ സമീപ-വിദൂര ഭൂതകാലങ്ങളിലേക്കും നടത്തുന്ന സൂക്ഷ്മവും വിശകലനാത്മകവുമായ നിരീക്ഷണങ്ങളാണ് ഈ കവിത. ചരിത്രത്തോടും സംസ്‌കാരത്തോടുമൊപ്പം കവിയുടെ വൈകാരികപ്രതിസന്ധികളും ഒന്നിക്കുമ്പോഴുണ്ടാകുന്ന സൗന്ദര്യം കാവ്യത്തിന് തേജസ്സും ഓജസ്സും പകരുന്നു. കവിതയുടെ എന്നപോലെ ആത്മകഥയുടെയും സ്വരൂപം സംബന്ധിച്ച പൊതുവായ സങ്കല്പങ്ങളെ തകർത്തുകൊണ്ടാണ് കവി മുന്നേറുന്നത്.
ദേശമംഗലം രാമകൃഷ്ണന് അമ്മ ഹരിതാഭയാർന്ന സ്മൃതിയും അച്ഛൻ ചരിത്രബോധവുമാണ്. ഗൃഹപുരാണം ഗ്രാമഗാഥയായും ജീവിതപ്രാരാബ്ധങ്ങൾ ദേശചരിത്രമായും ഇതിൽ തെളിയുന്നു. വംശഗാഥയും ആത്മാലാപവും കൂടിച്ചേർന്ന കാവ്യാന്തരീക്ഷം ഇതിഹാസത്തെ നാട്ടുചരിതമാക്കുകയും നാട്ടുചരിതത്തെ ഇതിഹാസമാക്കുകയും ചെയ്യുന്നു. നാട്ടുമൊഴികളും നാടോടിവഴക്കങ്ങളും കൊണ്ട് കാവ്യസംസ്‌കാരം നവീകരിക്കാനുള്ള സൂക്ഷ്മമായ ഇടപെടൽ ഈ കവിതയിൽ കാണാം.
വെളുത്ത വെളുത്തേടനെ വെളുപ്പിക്കുന്നവനാക്കി മാറ്റിയ ജന്മിത്വത്തിന്റെ കുടിലതന്ത്രം കാവ്യത്തിന് ആമുഖമാകുന്നു. പുരാവൃത്തം എന്ന പരമ്പരാഗതശീർഷകമാണ് ഇതിന് നൽകിയിട്ടുള്ളത്. ഈ ഭാഗത്തിന് നൽകിയിട്ടള്ള പുരാണകഥാഖ്യാനത്തിന്റെ മട്ട് അതിനെ സാധൂകരിച്ചേക്കാം. സംസ്‌കാരങ്ങൾ ഉറവെടുത്തത് ചതികളിൽനിന്നാണ്. സ്വാഭാവികതകളെ തന്ത്രങ്ങളിലൂടെ വഴക്കിയെടുത്ത് വരുതിയിലാക്കുന്ന പ്രക്രിയയാണത്. (സാംസ്‌കാരികനായകർതന്ത്രശാലികളാകുന്നത് അതുകൊണ്ടാവാം.)

എത്ര വെളുത്തവൻ,
വിസ്മയം കൊണ്ടൂ നാടുവാഴുന്നോർ.
ഹ, വെളുത്തേടാ വെളുത്തേടായെന്ന്
പാതി ശകാരമായ് പാതിയാശ്ചര്യമായ്
വിളിച്ചുവിളിച്ച്
എറിഞ്ഞുകൊടുത്താനവന്റെ
മോന്തയ്ക്കു നേരേ വിഴുപ്പുകൾ-
കൊണ്ടോയലക്കി വെളുപ്പിച്ചുവാടാ.
ഇത് വംശചരിതത്തിന്റെ ശക്തമായ ആമുഖമാണ്. അധഃസ്ഥിതർ എന്ന് അടയാളപ്പെടുത്തി കെട്ടിപ്പൊക്കുന്ന അതിരുകളിൽ പ്രധാനപ്പെട്ട ഒന്ന് വർണ്ണപരമാണ്. അവിടെ ഇടറാതിരിക്കാനാണ് പുതിയതന്ത്രം- വെളുത്തേടൻ വെളുത്തവനല്ല, വെളുപ്പിക്കേണ്ടവനാണ്. ഈ ഭാഷാശാസ്ത്രവൈദഗ്ധ്യം അധീശത്വത്തിന്റെ ആഗ്‌നേയാസ്ത്രമാണ്. നേരിട്ട് എതിരിടാൻ പറ്റാത്തവിധം തീച്ചുമരുകൾ തീർത്ത ജന്മിത്വത്തെ പരിഹസിച്ച് സ്വയം ഉന്മാദിച്ചും പ്രതിരൂപാത്മകമായി അതിനെ തച്ചുതകർത്തും കലിയടക്കാനാണ് ആദിമസമൂഹം ശീലിച്ചത്. പ്രകൃതിയുടെ പ്രാതികൂല്യങ്ങളോട് തുടങ്ങിയ ആ പോരാട്ടം തങ്ങൾക്കിടയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന കുടിലമായ അധികാരശക്തികളിലേക്കും വ്യാപിപ്പിച്ചു. കുറച്ച് കാശുചോദിച്ച ശങ്കുണ്ണിനായരുടെ മുഖത്തേക്ക് ഉടുത്ത കോണകം ഊരിയെറിഞ്ഞ്, പോയി അലക്കിവാ എന്നു കുരച്ച മനയ്‌ക്കെ ജന്മിയോട് പ്രതികരിച്ചത് കോണകത്തിൽ നായ്ക്കുരണപ്പൊടി പുരട്ടി അയാളെ ഉടുപ്പിക്കുന്നതായി സങ്കല്പിച്ച് ഉന്മാദിച്ചുകൊണ്ടാണ്.
കാവ്യത്തിന്റെ ഏറിയഭാഗവും ആഖ്യാനം ചെയ്യുന്നത് അമ്മയുടെ വാക്കുകളിലൂടെയാണ്. എന്നാൽ മന്ത്രവും പച്ചിലവൈദ്യവും കൊണ്ട് കരുത്താർജിച്ച അച്ഛൻ അധ്വാനത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും കുടുംബത്തിന് നെടുംതൂണും നാടിന് അഭയവുമായി നിറഞ്ഞുനിൽക്കുന്നു. 'വർത്തമാനം' പിതൃസ്മരണയിൽ ആരംഭിക്കുന്നു. അച്ഛൻ കുഴിച്ച കിണർ വർത്തമാനത്തെ ഉള്ളിലൊതുക്കുന്ന ആഴമാണ്. അച്ഛന്റെ കഥയിൽനിന്ന് ഒരു നൂൽ നീണ്ടുപോയി അമ്മയിലേക്ക് എത്തുന്നു. കാരത്തൻ പുളിയും നീലത്തിൻ ഇഴുക്കവും ചേർന്ന കൈയാണ് അമ്മയുടെ തലോടൽ. കണ്ണെത്താദൂരം ഭൂമിയെ തളച്ച തമ്പ്രാക്കൾ അച്ഛൻ മണ്ണുരുളകൾ കൂട്ടി ഉയർത്തിക്കൊണ്ടുവന്ന വീടിന്റെ ചുമരുകൾ കണ്ട് അദ്ഭുതം കൂറി. അത് അമ്മയ്ക്കും അവരിൽനിന്നു നീളുന്ന പൊക്കിൾക്കൊടികൾക്കുമുള്ള അഭയമാണ്. ആ തണലിൽ അമ്മ വേലയുടെ തളർച്ച മറന്ന് വംശത്തെ പോറ്റി.
അറിഞ്ഞിരിക്കാം ഇല്ലായിരിക്കാം എന്ന ഖണ്ഡം ആത്മകഥയിൽനിന്ന് വേറിട്ട ചരിത്രാഖ്യാനമാണ്. വിവേകാന്ദൻ ചെറുതുരുത്തിപ്പുഴ കടക്കാൻ എത്തിയ സംഭവത്തിൽ ആരംഭിക്കുന്നു. കരുണയാൽ ലോകം എത്ര വലുതാകുന്നുവെന്നും അന്യനെ ചവിട്ടിത്താഴ്ത്തുമ്പോൾ ലോകമെത്ര ഇടുങ്ങുന്നുവെന്നും ആ സന്ദർശനം ഗ്രാമീണരെ പഠിപ്പിച്ചു. മാനംമുട്ടി വന്ന പ്രളയം, ജനപ്രാതിനിധ്യത്തിലേക്കുള്ള വാതിൽ തുറക്കൽ, ദേശീയതയുടെ ഇരമ്പൽ, ഗാന്ധിവധം, മലബാർകലാപം എന്നിങ്ങനെ തട്ടിയും തടഞ്ഞും ചിത്രം ഒഴുകിക്കൊണ്ടിരുന്നു. അതിനിടയിൽ ഗ്രാമീണനുണ്ടായ ചിലതെളിച്ചങ്ങൾ അമ്മ ഓർക്കുന്നു. തങ്ങളെല്ലാം അയിത്തക്കാരും അന്യരും ആക്കപ്പെട്ടിരിക്കുന്നു എന്നും ഒന്നാവണമൊറ്റക്കട്ടാവണമെന്നും ചരിത്രം അവരെ പഠിപ്പിച്ചു.
ഉണ്ണിയുടെ ബാല്യം, വിദ്യാഭ്യാസം, പൊതുപ്രവർത്തനം, ഉദ്യോഗലബ്ധി, കവിയായും പല പട്ടങ്ങൾ നേടിയുമുള്ള പ്രയാണം തുടങ്ങിയവയെല്ലാം ഒരു നാട്ടിൻപുറത്തുകാരിയുടെ നിഷ്‌കളങ്കതയിലൂടെ ആഖ്യാനം ചെയ്തിരിക്കുന്നു. പൊള്ളിക്കുന്ന ഓർമ്മകളാണ് അധികവും. വിശപ്പടക്കാൻ പഴഞ്ചുമർമണ്ണിളക്കിത്തിന്ന് വിഴുപ്പുഭാണ്ഡംപേറി നടന്ന കാലത്തെ ഇങ്ങനെ നിർവചിക്കുന്നു.

ആദിത്യഭഗവാനെ തൊഴുതവൾ
എഴുന്നേൽക്കും
പുഴുക്കിയ തുണിക്കെട്ടവൾ പരതും
രത്തിൻ കെട്ട നാറ്റത്തിൽ
ജന്മത്തെയുണർത്തും
ജീവിക്കാനുള്ള കൊതിയെ
ആകാശത്തോളം പൊക്കിവെയ്ക്കും.
കേരള സമൂഹത്തിൽ എന്തെങ്കിലും ഉണർവ് ഉണ്ടായിട്ടുണ്ടങ്കിൽ അതിന് ആധാരം ഇതു മാത്രമാണ്. നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും പങ്കിനായി പലർ കടികൂടുമ്പോൾ അറിയാതെ പോകുന്നത് ഈ ജീവിതപ്പോരാട്ടമാണ്. തമ്പ്രാന് തലപ്പൊക്കം കാണിക്കാനും തമ്പ്രാത്തിമാരുടെ തീണ്ടാരിച്ചോര മയ്ച്ചുകളയാനും വിഴുപ്പുകൾ കൂടിക്കലരാതെ പുള്ളികുത്തി തരംതിരിക്കാനും വെളുത്തേടത്തി വേണമായിരുന്നു. വെളുത്തേടത്തിയുടെ ഉണ്ണി പള്ളിക്കൂടത്തിൽ വൃത്തിയിൽ പോകാൻ തരത്തിനുള്ള ഒരു വിഴുപ്പ് ഉപയോഗിച്ചതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങി. കട നടത്തുന്ന പള്ളത്തെ നമ്പ്യാർ വിശപ്പിന് ദോശയും പഠനത്തിന് സഹായമായി കാശും നൽകിയതിനക്കുറിച്ച് അമ്മ ഓർമ്മിപ്പിക്കുന്നു. ഭക്ഷണവും ചില്ലറയും നൽകി പ്രോത്സാഹിപ്പിച്ച കൃഷ്‌ണേട്ടനും കുമാരനും അവരുടെ സ്മരണയിലുണ്ട്. തന്ന കാശിനും തിന്ന ചോറിനും നന്ദിയുണ്ടാവണം എന്നു പറയാനേ ആ അമ്മയ്ക്ക് കഴിയൂ.
അനാഥന്റെ മരണം എന്ന ഭാഗത്ത് കുടുംബത്തിലുണ്ടായ ഒരു ദുരന്തത്തെക്കുറിച്ചാണ് പറയുന്നത്. തങ്കമണിയുടെ കെട്ടിയോൻ തൂങ്ങിച്ചത്തതിന് വേറെയും മാനങ്ങളുണ്ട്. ഏമാന്റെ വിശ്വസ്തനായി കള്ളന്മാരെ തുരത്തിയിരുന്ന അയാൾ മുഴുക്കുടിയനും നാട്ടുകാർക്ക് വരത്തനായ അനഭിമതനുമാണ്. എന്നാൽ കുടുംബം പുലർത്താൻഅയാൾ കഠിനാധ്വാനം ചെയ്തു. ഭാര്യയെയും കുട്ടികളെയും എന്നും ചേർത്തുപിടിച്ചു. വ്യവസ്ഥ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്റെ സൂചനയാണ് അനാഥശവമായി മാറിയ അയാളുടെ ജീവിതം നൽകുന്നത്. ഇത്തരത്തിൽ നിസ്വന്മാരെ പാട്ടിലാക്കാനുള്ള വിരുത് എക്കാലത്തും അധീശവർഗത്തിന് ഉണ്ടായിരുന്നു. ശവത്തിനു മേലുള്ള നടപടിക്രമങ്ങൾ നിയമവ്യവസ്ഥ ആരുടെ പക്ഷത്ത് നിലകൊള്ളന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ജന്മിത്വവും അതിന്റെ തുടർച്ചയായ പലതരം ചൂഷണങ്ങളും ആത്മകഥയുടെ നാൾവഴിയിൽ നിറഞ്ഞുനിൽക്കുന്നു. മനുഷ്യനു നേരെയുള്ള ചൂഷണവും പ്രകൃതിചൂഷണവും അതിൽ കാണാം. മെലിയുന്ന ഭാരതപ്പുഴയും വരളുന്ന പാടങ്ങളും നോക്കുകുത്തികളെപ്പോലെ നമ്മുടെ മുമ്പിലുണ്ട്. പൂശാരിവളപ്പും ആഭിചാരക്രിയകളും അസ്തമിച്ചിട്ടുണ്ടാവാം. എങ്കിലും,
ഒരു തുള്ളിച്ചോരയുമവിടെയിനി
വീഴാതിരിക്കുവാൻ
ഒരു പിഞ്ചുകാലുമച്ചതുപ്പിൽ
പൂഴാതിരിക്കുവാൻ
ആരുമന്യോന്യം കുത്തിക്കീറി
തുലയാതിരിക്കുവാൻ
ഒരു ശവക്കച്ചയുമിവിടെ
കൊടിയേറാതിരിക്കുവാൻ
ആവട്ടെയാവട്ടെയീ നിയോഗം.
ദേശമംഗലം രാമകൃഷ്ണന്റെ ആത്മകഥയുടെ ശാന്തിമന്ത്രമാണിത്. ചുറ്റിലും ഇരമ്പുന്ന അസ്വസ്ഥതകളോട് സന്ധിചെയ്യാനുള്ള വിമുഖത ഇതിൽ തിളച്ചുമറിയുന്നു.
'ആത്മകഥ: ഒരു ജന്മത്തിന്റെ ഓർമകൾ' എന്ന കാവ്യത്തോടൊപ്പം അടുത്തകാലത്ത് എഴുതിയ കുറെ കവിതകളും ചേർത്താണ് 'ആത്മകഥയും അവസാനിക്കാത്ത കവിതകളും' പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിതകൾ അവസാനിക്കുന്നില്ല എന്ന സന്ദേശം ഇത് തരുന്നു.