എം.ടി. വാസുദേവൻ നായർ / Photo coutesy: Madhyamam

ഹാർഡിയും മാർക്വേസും ഫോക്നറും ചേരുന്ന എംടി

തന്റെ നോവലുകളിലൂടെ, ചെറുകഥകളിലൂടെ, സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്ത സിനിമകളിലൂടെ, അനവധി ലേഖനങ്ങളിലൂടെ, ഓർമ്മക്കുറിപ്പുകളിലൂടെ ലോകസാഹിത്യത്തിന്റെ ഏത് മാതൃകകൾക്കും ഉദാഹരണമാകാവുന്ന കഥാപാത്രവൈവിദ്ധ്യം, ആശയസംവേദനം, വൈകാരികമേഖലകൾ, പുരാവൃത്ത പുനർനിമ്മിതികൾ എന്നിവ സൃഷ്ടിച്ചിട്ടുണ്ട് എം.ടി.

'സൗരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൗഗന്ധികമാണീ ഭൂമീ -
അതിൻ സൗവർണ്ണ പരാഗമാണോമനേ നീ,
അതിൻ സൗരഭമാണെന്റെ
സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം...
നിന്നെ ഞാനെന്തു വിളിക്കും'

ചെറുകഥകൾ,
നോവലുകൾ,
തിരക്കഥകൾ,
ലേഖനങ്ങൾ,
സാഹിത്യ- സംസ്കാരിക സംഘാടനം,
സിനിമ സംവിധാനം!

സൃഷ്ടിപരതയുടെ അതിരുകളെയെല്ലാം അതിജീവിച്ചവനോട് മലയാള ഭാഷ ചോദിക്കുന്നതും അതായിരിക്കും, 'നിന്നെ ഞാനെന്തു വിളിക്കും?'
'അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ളാദത്തിന്റെ അസുലഭ നിമിഷങ്ങൾക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, ഞാനെഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം. അതില്ലെങ്കിൽ ഞാൻ കാനേഷുമാരിക്കണക്കിലെ ഒരക്കം മാത്രമാണ്'.
ആ അക്കത്തിന് ചുറ്റും സർഗ്ഗശക്തിയുടെ ഗ്യാലക്സികൾ തീർത്ത മനുഷ്യനെ എം.ടി യെന്നല്ലാതെ എന്തു വിളിക്കും?
'Thomas Hardy-യുടെ നോവലുകൾക്ക് ഗ്രാമീണമായ ജീവിതത്തിന്റെയും, പ്രകൃതിദൃശ്യങ്ങളുടെയും പശ്ചാത്തലമാണ്. കഥാപാത്രങ്ങളുടെ ധാർമികപ്രതിസന്ധികളും, വൈകാരികമായ സങ്കീർണ്ണതകളും വായനക്കാർ അനുഭവിക്കുന്നത് ആ പശ്ചാത്തലത്തിൽ നിന്നാണ്.
പരമ്പരാഗത കുടുംബഘടനയുടെ ശൈഥില്യം കഥാപാത്രങ്ങളിലുണ്ടാക്കുന്ന മാനസികസംഘർഷങ്ങളെ ആഴത്തിൽ അനാവൃതം ചെയ്യുന്നവയാണ് William Faulkner-ടെ കൃതികളിൽ പലതും. പഴകി ദ്രവിച്ച തറവാട്ട് മഹിമയുടെയും, മുന്നിൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യപരിണാമങ്ങളുടെയും വഴികളിൽ സമാന്തരമായി സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ അതിഗംഭീരമായി William Faulkner ചിത്രീകരിച്ചിട്ടുണ്ട്. ഒരു ദേശത്തിന്റെയും, അതിന്റെ സംസ്കാരത്തിന്റെയും സവിശേഷതകളെ മാജിക്കൽ റിയലിസത്തിന്റെ ലെൻസിലൂടെ കാണാൻ ശ്രമിക്കുന്ന Gabriel García Márquez സാർവത്രികവും പ്രാദേശികവുമായ സ്വഭാവങ്ങളെ വേർതിരിക്കാൻ പറ്റാത്തവിധം മനോഹരമായിട്ടാണ് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. പാരമ്പര്യത്തിന്റെയും, ആധുനികതയുടെയും ഇടയിൽ സ്തംഭിച്ചുനിൽക്കുന്ന കഥാപാത്രങ്ങളുടെ മാനസികവും ധാർമികവുമായ പ്രതിസന്ധികളെ ചിത്രീകരിക്കുമ്പോൾ മനുഷ്യബന്ധങ്ങളിലെ വൈവിധ്യങ്ങളോട് സഹാനുഭൂതിയോടെ സമീപിക്കുന്ന രീതിയാണ് Naguib Mahfouz-ന്റെ കൃതികൾക്ക്.

തോമസ് ഹാർഡി, വില്യം ഫോക്ക്നർ
തോമസ് ഹാർഡി, വില്യം ഫോക്ക്നർ

Anton Chekhov-ന്റെ ചെറുകഥകളുടെ പ്രത്യേകത മനുഷ്യബന്ധങ്ങളുടെ വൈകാരികതലത്തെ കഥാപാത്രങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെ വായനക്കാരിലേക്ക് പകരുന്നു എന്നുള്ളതാണ്. സാമൂഹ്യകമായ പരിവർത്തനങ്ങൾ ചരിത്രനിർമ്മിതിയെ എങ്ങനെ ബാധിക്കുന്നുവെന്നും എങ്ങനെ സാംസ്കാരികസംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നതുമാണ് Orhan Pamuk തന്റെ കൃതികളിലൂടെ പലപ്പോഴും പറയാൻ ശ്രമിച്ചിട്ടുള്ളത്.

Photo: P Mustafa
Photo: P Mustafa

ഇനിയുമുണ്ട് എഴുത്തുകാർ...
എന്നാൽ,
തന്റെ ഒമ്പത് നോവലുകളിലൂടെ
19 ചെറുകഥാ സമാഹാരങ്ങളിലൂടെ
സംവിധാനം ചെയ്ത 6 സിനിമകളിലൂടെ
54 തിരക്കഥകളിലൂടെ
അനവധി ലേഖനങ്ങളിലൂടെ, ഓർമ്മകുറിപ്പുകളിലൂടെ സൃഷ്ടിപ്പെട്ട ലോകസാഹിത്യത്തിന്റെ ഏത് മാതൃകകൾക്കും ഉദാഹരണമാകാവുന്ന കഥാപാത്രവൈവിദ്ധ്യം, ആശയസംവേദനം, വൈകാരികമേഖലകൾ, പുരാവൃത്ത പുനർനിമ്മിതികൾ. ഒരു കൊച്ചു ദേശത്തിന്റെ പരിധിയേയും പരിമിതിയേയും തന്റെ പ്രതിഭ കൊണ്ട് മറികടന്ന, ആ സൃഷ്ടിയുടെ ഉടമയെ എം.ടി എന്നേ, എം.ടി. എന്ന് മാത്രമേ വിളിക്കാവൂ. എം.ടി എന്നേ ചരിത്രം രേഖപ്പെടുത്തൂ…


Summary: How MT Vasudevan Nair becomes Malayali's favorite writer, Dr Prasannan PA writes about MT's literary contributions.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments