‘ഏതോ വളകിലുക്കം കേട്ടലയും
ഭ്രഷ്ടകാമുകൻ’;
പി. കുഞ്ഞിരാമൻനായരുടെ
ആത്മകഥകളിലൂടെ…

രണ്ടു നൂറ്റാണ്ടു പിന്നിട്ട മലയാള പുസ്തകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആത്മകഥാഖ്യാന മാതൃകകളാണ് പി. കുഞ്ഞിരാമൻനായരുടെ ‘നിത്യകന്യകയെത്തേടി’, ‘കവിയുടെ കാല്പാടുകൾ’, ‘എന്നെത്തിരയുന്ന ഞാൻ’ എന്നിവ. അരനൂറ്റാണ്ട് കാലമായി മലയാളഭാവനയെ സൗന്ദര്യവത്കരിക്കുകയും ചരിത്രവത്കരിക്കുകയും ചെയ്ത പി.യുടെ ആത്മകഥകളുടെ പുനർവായന. ഇന്ന് പി.യുടെ ചരമവാർഷികമാണ്.


“A poet's Autobiography is His Poetry.
Anything Else is Just a Footnote”.
- Yevgeny Yevtushenko
(Soviet-Russian Poet and Novelist)

ഒന്ന്

ഖ്യാന സവിശേഷതകൊണ്ടും പ്രമേയസ്വീകാര്യം കൊണ്ടും മലയാളത്തിലെ ഏറ്റവും വ്യത്യസ്തവും ശ്രദ്ധേയവുമായ ആത്മകഥാഖ്യാന മാതൃകകളാണ് പി. കുഞ്ഞിരാമൻനായരുടെ നിത്യകന്യകയെത്തേടി, കവിയുടെ കാല്പാടുകൾ, എന്നെത്തിരയുന്ന ഞാൻ എന്നീ കൃതികൾ. ആത്മകഥാഖ്യാനത്തിന് കല്പിച്ചുനൽകിയ നിയതമായ ചട്ടക്കൂടുകളെ പി. പൊളിച്ചുമാറ്റുന്നു. കവിയുടെ കാല്പാടുകളുടെ ആദ്യത്തെ പതിപ്പിന് എം.ടി. വാസുദേവൻ നായർ എഴുതിയിട്ടുള്ള അവതാരികയിലെ ഒരു ഭാഗം നോക്കുക:
“മുൻപേ വന്ന മാതൃകകളുടെ സ്വാധീനം കൊണ്ടാവാം, പലപ്പോഴും ആത്മകഥയെഴുതുന്നവർ ആചാരോപചാരങ്ങൾ പാലിക്കാൻ സന്നദ്ധരാവുന്നു. കവിയുടെ കാല്പാടുകൾ ഇതിൽ നിന്നും വിട്ടുമാറി നില്ക്കുന്നു. അത്മകഥയെന്ന നിലയ്ക്ക് ഇതു കവിയുടെ ജീവിതം പോലെ തന്നെ കുത്തഴിഞ്ഞതാണ്. പക്ഷേ, ഇതൊരാത്മകഥയല്ല. കവി സ്വന്തം ഹൃദയം ചീന്തിയെടുത്തു ചോരവാരുന്ന ഉള്ളറകളിലേക്ക് എത്തിനോക്കുകയാണ്. കവിതതേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തിൽ നിളാനദിയുടെ തീരത്തിലും ഋതുഭേദങ്ങൾ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂ തമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്ക് തിരിഞ്ഞു നോക്കുന്നു. ആത്മാലാപത്തോടെ, ആത്മരോഷത്തോടെ, ചിലപ്പോൾ, ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങൾ ആവിഷ്ക രിക്കുന്നു. യാത്രയ്ക്കിടയിൽ കൈമോശം വന്ന സ്നേഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഓർമ്മകളുടെ പീഡനത്തെക്കാൾ കവിയുടെ കാല്പാടുകളിൽ ഉയർന്നുനിൽക്കുന്നു, കവിത എന്ന സൗന്ദര്യ ദേവതയുടെ ആത്മാവു കണ്ടെത്താൻ എന്തും സഹിച്ചു തീർത്ഥാടനം നടത്തുന്ന ഉപാസ കന്റെ തീവ്രതപസ്യ. ഇതു മനുഷ്യനും മനുഷ്യനിലെ കവിയും തമ്മിലുള്ള നിരന്തരസംഘട്ടനത്തിന്റെ ഇതിഹാസമാണ്”. (1974:vii)

പി. കുഞ്ഞിരാമൻനായരുടെ കാവ്യജീവിതത്തിന്റെ തുടർച്ചയായിട്ടാണ് ആത്മകഥാഖ്യാനങ്ങളെയും കാണേണ്ടത്. ‘ദിക്കും പക്കുമറിയാതെ, നേരവും ദൂരവുമറിയാതെ അനന്തവിഹാ യസ്സിൽ’ അലഞ്ഞുതിരിഞ്ഞ ഒരാൾ നടത്തുന്ന ആത്മഭാഷണങ്ങളാണത്. കാവ്യഭാവനയെ സമ്പന്ന മാക്കിയ അനുഭവലോകങ്ങളെ ആത്മകഥ യിലേക്കും കൂട്ടിക്കൊണ്ടു വന്നു പി. തന്റെ ആത്മകഥ എന്തായിരിക്കണം എന്നതിനെപ്പറ്റി പിയ്ക്ക് തെളിഞ്ഞ ബോധ്യമുണ്ടായിരുന്നു. നിത്യകന്യകയെത്തേടിയിൽ പി. അത് രേഖപ്പെടുത്തിയിട്ടുണ്ട്: “നിഴലിന്റെ കഥയല്ല രൂപത്തിന്റെ കഥയാണ് ആത്മകഥ. ഭാഷയുടെ കഥയല്ല, ഭാവത്തിന്റെ കഥ യാണ് ആത്മകഥ. ജഡത്തിന്റെ കഥയല്ല, ചൈതന്യത്തിന്റെ കഥയാണ് ആത്മകഥ. പ്രപഞ്ചവൃ ക്ഷത്തിന്റെ തായ്‌വേരിന്റെ കഥ, നിത്യസത്യത്തിന്റെ കഥ. അനാദികഥ, അനന്തകഥ, അനശ്വരതയുടെ കഥ, അതാവണം ആത്മകഥ” (1997 : 54).

പി. കുഞ്ഞിരാമൻനായർ
പി. കുഞ്ഞിരാമൻനായ

ഒഴിഞ്ഞപാത്രം
നിറഞ്ഞ ജീവിതം

1906-ൽ കാഞ്ഞങ്ങാട്ടെ ഒരു പുരാതന കുടുംബത്തിൽ ജനിച്ച് 1978-ൽ തിരുവനന്തപുരത്തെ സി.പി. സത്രത്തിലെ ഒരു മുറിയിൽ അവസാനിച്ച പി. കുഞ്ഞിരാമൻനായരുടെ ജീവിതം പൂർണ്ണതയെത്താത്ത തിരച്ചിലിന്റെ ബാക്കിപത്രമായിരുന്നു. നിത്യകന്യകയായ കവിതയ്ക്കുവേണ്ടിയുള്ള തിരച്ചിലാണത്. “കവി എല്ലാരിൽ നിന്നും എല്ലാറ്റിൽ നിന്നും അകന്നു ദൂരെയിരുന്ന് ഈ പ്രപഞ്ചജീവിതസിനിമ കാണണം. കടലിൽ മുങ്ങാതെ കരയിൽ നിന്നും തിരകളുടെ കൂത്തുകാണണം” (1999 :57).
ഭാവനാലോകവിഹാരിയായ കവി എല്ലാത്തിൽ നിന്നും അകന്ന് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചജീവിതസിനിമയുടെ പ്രേക്ഷകനായി നിൽക്കണമെന്ന് പി. എഴുതുമ്പോൾ സ്ഥായിയായി നിൽക്കാത്ത, ഉറച്ചുനിൽക്കാത്ത ചരപ്രകൃതമുള്ള ഉടലിന്റെ ഉടമയാണ് താനെന്നുള്ള പ്രഖ്യാപനം നടത്തുകകൂടി ചെയ്യുന്നു.

ആത്മത്തെക്കുറിച്ചുള്ള നിരന്തര അന്വേഷണങ്ങളാണ് പി.യുടെ ജീവിതാഖ്യാനങ്ങൾ. മൂർത്തമായ സത്യത്തെ തെരഞ്ഞ് കണ്ടെത്താനല്ല പി. ശ്രമിക്കുന്നത്. സഞ്ചരിച്ച ജീവിതവഴികളിലെ അമൂർത്തമായ എന്തിനേയോകുറിച്ചുള്ള തിരച്ചിലുകളാണത്. ജീവിതഭൂപടത്തിനുള്ളിലെ നിരന്തര യാത്രകളെയും ഭൗതികജീവിതത്തിൽ നിന്നുള്ള തെന്നിമാറലുകളെയും ജീവിതകാമനകളെ തേടിയുള്ള അന്വേഷണങ്ങളായിട്ടാണ് കാണേണ്ടത്. ജീവിതേച്ഛയെ നിർണ്ണയിക്കുന്നതും ജൈവികമാക്കു ന്നതുമായ അനുഭവമാണ് കാമന (desire).
“ജീവചോദനയായ കാമന, ജൈവികതയ്ക്കപ്പുറം സാമൂഹികമായ ഒന്നായി മാറുന്നു. എത്ര അണയുമ്പോഴും അകന്നകന്നു പോകുന്ന സൂചകശൃംഖല യിലെ കാമനയാണത്. തെന്നിമാറി ക്കൊണ്ടേയിരിക്കുന്ന ആഗ്രഹ ലോകം” (പവിത്രൻ പി., 2017: 58-61).

ഗഹനമായ ആന്തരികസംഘർഷങ്ങളും, ആഴമേറിയ ആന്തരിക ചോദനകളുമാണ് കാവ്യഭാവനയുടെ സഞ്ചാരവഴികളെ ഉറപ്പിച്ചെടുക്കുന്നതെന്ന് പി. വിശ്വസിച്ചു. കവിതയുടെ പിറവിയിൽ പി. അനുഭവിച്ച അലൗകികാനുഭൂതികളെക്കുറിച്ച് എഴുതിയിട്ടുള്ളത് നോക്കുക:
“ അവന്റെ ജീവിതവീക്ഷണം- ലോകവീക്ഷണം- ജീവിതവ്യാപാരം- ഇരിപ്പ് , നടപ്പ്, കിടപ്പ്- പോരാ, ഓരോ ചലനം പോലും വ്യത്യസ്തമായിരിക്കും, പ്രത്യേകതകൾ ഉള്ളതായിരിക്കും. ഈ അസാധാരണത്വം- അലൗകികത്വം- അവന്റെ മുദ്രയാണ്. അതു നിൽക്കുമ്പോഴേ, അവന്നു കവിത എഴുതാൻ പറ്റൂ” (1999 :36).
സാമൂഹ്യജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് കുതറിമാറി നടത്തുന്ന ഭാവനാസഞ്ചാരങ്ങളെ നിരന്തരം പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹലോകങ്ങൾ തേടിയുള്ള കവിയുടെ യാത്രയായിട്ടാണ് കാണേണ്ടത്. ഉടൽ മുഴുവൻ കവിത നിറച്ച പി.യെ ‘കേശാദിപാദം കവി’ എന്നാണ് അക്കിത്തം വിശേഷിപ്പിച്ചത്.

നിത്യകന്യകയായ കവിത തേടി കാവ്യഭൂപടത്തിലൂടെ താൻ നടത്തിയ യാത്രകളെക്കുറിച്ച് പി. എഴുതിയിട്ടുള്ളത് നോക്കുക:
“കവിതതേടി വേശ്യാത്തെരുവിലെത്തി. അമ്പലം തേടി ചുടലയിലെത്തി. നക്ഷത്രം നോക്കിനടന്ന് കുണ്ടൻകിണറ്റില് ചാടി. തോട്ടക്കാരന്റെ ജോലിയേറ്റ് കല്ലട്ടയിൽ കിടന്നുറങ്ങി. കൽക്കണ്ടം വേണ്ടാത്തവർക്ക് അതുകൊടുത്ത് കല്ലേറുവാങ്ങി. ആകാശം എത്തിപ്പിടിക്കാൻ ചാടി ഭൂമി നഷ്ടപ്പെട്ടു” (1999 :45).
ഉള്ളിനുള്ളിലെ സൂക്ഷ്മലോകം കാണുന്നവനേ കവിതയെഴുതുവാൻ കഴിയൂവെന്ന് പി. ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
“കവിഭാവനയ്ക്ക് ഒരു നിമിഷം കൊണ്ടു ബ്രഹ്മാണ്ഡ ക്ഷേത്രമാകെ വലംവെച്ചുവരാൻ കഴിയും. സ്രഷ്ടാവും സൃഷ്ടിയുമാണ് കവിഭാവന. ഭാവനാലോകം, ഭാവനാശക്തി. ആ സിദ്ധി കവിക്കു മാത്രമുള്ള അത്ഭുതസിദ്ധി”(1999:350) യാണെന്ന് പി. വിശ്വസിച്ചു.
ആത്മകഥയിൽ മറ്റൊരിടത്ത് എഴുതിയിരിക്കുന്നത് നോക്കുക: “കവിത തിരയൂ ഉപവസിക്കൂ, അനുസരിക്കൂ, അനുഭവിക്കൂ കവിയുടെ ജീവിതം. കവിത, കവിതാലഹരി അതുമാത്രം അതിന്റെ നടയ്ക്കൽ നിന്റെ യഥാർത്ഥസുഖലോകം എറിഞ്ഞുടയ്ക്കൂ” (1999 : 294).

സാമൂഹ്യജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് കുതറിമാറി  നടത്തുന്ന ഭാവനാസഞ്ചാരങ്ങളെ നിരന്തരം പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹലോകങ്ങൾ തേടിയുള്ള കവിയുടെ യാത്രയായിട്ടാണ് കാണേണ്ടത്. ഉടൽ മുഴുവൻ കവിത നിറച്ച പി.യെ ‘കേശാദിപാദം കവി’ എന്നാണ് അക്കിത്തം വിശേഷിപ്പിച്ചത്.
സാമൂഹ്യജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് കുതറിമാറി നടത്തുന്ന ഭാവനാസഞ്ചാരങ്ങളെ നിരന്തരം പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹലോകങ്ങൾ തേടിയുള്ള കവിയുടെ യാത്രയായിട്ടാണ് കാണേണ്ടത്. ഉടൽ മുഴുവൻ കവിത നിറച്ച പി.യെ ‘കേശാദിപാദം കവി’ എന്നാണ് അക്കിത്തം വിശേഷിപ്പിച്ചത്.

ചിരന്തനമായ ഒരന്വേഷണമായിരുന്നു പിയുടെ കാവ്യജീവിതം.
“പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞ് അന്തരാത്മാവിൽനിന്ന് തിളച്ചുപൊന്തുന്ന മധുരാനു ഭൂതിക്കുവേണ്ടി” അലയുകയായിരുന്നു താനെന്ന് പി. എഴുതിയിട്ടുണ്ട് (കരിനിഴലിന്റെ കഥ).
ജീവിതത്തിൽ തികച്ചും ഏകാകിയായൊരു യാത്രക്കാരനായിരുന്നു പി. ജീവിതപ്രകൃതിയിൽ കാണുന്ന നിരന്തര യാത്രകളും പൂർണ്ണതയെത്താത്ത തിരച്ചിലുകളും പോലെ തന്നെ പ്രധാനപ്പെട്ടതാണ് വംശപാരമ്പര്യത്തിലേക്കും കുടുംബബന്ധങ്ങളിലേക്കും നടത്തുന്ന പിൻമടക്കവും. നാടും വീടും ഉപേക്ഷിച്ച് നിത്യകന്യകയായ കവിതതേടി അലഞ്ഞ കവി ചെയ്തുപോയ തെറ്റുകളുടെ പ്രായശ്ചിത്തമെന്നോണം കാഞ്ഞങ്ങാട്ടെ തറവാട്ടുവീട്ടിൽ പല പ്രാവശ്യം തിരിച്ചെത്തുന്നു. കുടുബ ബന്ധങ്ങളുടെ ഭദ്രലോകങ്ങളെ അവഗണിച്ച് സ്വന്തം ജീവിതവഴിയിലൂടെ സഞ്ചരിച്ച കവിയെയാണ് ആത്മാഖ്യാനങ്ങളിൽ കാണുന്നതെങ്കിലും മാതാപിതാക്കളുടെ ഓർമ്മകൾ കവിയെ വല്ലാതെ വേട്ടയാടുന്നുണ്ട്. “അച്ഛനമ്മമാർക്കു വിഷമപ്രശ്നമായ പ്രഥമ സന്താനം അന്നാൾ മുതൽ അവസാനമായി കണ്ണടയ്ക്കും വരെ അച്ഛന് ഇവൻ കണ്ണിലെ കരടായിരുന്നു. അമ്മയ്ക്ക് നിത്യപ്രശ്നമായിരുന്നു. എല്ലാം മുടിച്ച ധൂർത്ത പുത്രൻ” (1999:131) .

അച്ഛൻ പുറവങ്കര കുഞ്ഞമ്പുനായരുടെയും അമ്മ പനയന്തട്ട കുഞ്ഞമ്മയുടെയും തെളി വാർന്ന ഓർമ്മകൾ തന്റെ കാവ്യമെഴുത്തിലേക്ക് പി. കൂട്ടിക്കൊണ്ടുവരുന്നുണ്ട്.

പരം വ്യവഹാര ശതങ്ങൾ ചൂഴ്കിലും
പരമതേജസ്സിൽ നിലീനചിത്തരായ്
ശശിബിംബം കണക്കിറയത്തു ചൂരൽ-
ക്കസാലയിൽച്ചാരിക്കിടക്കയാണച്ഛൻ

..............................

ഇളകാതെ കാറ്റിൻ തിരികളഞ്ചെണ്ണം
ജ്വലിക്കുന്ന നിലവിളക്കിനു മുമ്പിൽ
തിരുമിഴി രണ്ടുമടച്ചു യോഗാംഗ
മുറയിൽ ധ്യാനത്തിലിരിക്കയാണമ്മ
(പിറന്ന മണ്ണിൽ).

കവിതയുടെ ആത്മാവ് തേടിയലഞ്ഞ യാത്രകളിൽ മാതാപിതാക്കളുടെ ഓർമ്മകൾ പി.യെ അസ്വസ്ഥനാക്കുന്നുണ്ട്. ആത്മനിന്ദയുടെയും പാപബോധത്തിന്റെയും കനലെരുക്കം അനുഭവി ക്കുന്ന കവി കാഞ്ഞങ്ങാട്ടെ തറവാട്ടുവീട്ടിലേക്ക് മടങ്ങിയെത്തുന്നു. ആത്മകഥയിൽ അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓർമ്മകൾ ആവിഷ്കരിച്ചിരിക്കുന്നത് നോക്കുക:
“ചുമരിൽ അച്ഛന്റെ പടം, നേർത്ത നിലാവ് മനസ്സ് തളർന്നുറങ്ങി പാതിരായ്ക്ക് ഒരു സൂര്യോ ദയം അകലെ സൂര്യമണ്ഡലം. ഒരു തേജോരൂപമിറങ്ങിവരുന്നു ആംഗ്യം കാട്ടി അകലേക്കുചൂണ്ടി. വിദൂരനക്ഷത്രമണ്ഡലത്തിലേക്ക് അച്ഛൻ, അച്ഛൻ, അച്ഛാ! എന്റച്ഛാ കാലുപിടിച്ചു കരഞ്ഞു എന്റെ പൊന്നച്ഛാ” (1999:104).

“അമ്മേ! ഭൂതധാത്രി ഇന്നു നിന്റെ കാൽകെട്ടിപ്പിടിച്ചു മാപ്പിരക്കുന്നു. നിന്റെ കാൽ കണ്ണീരിനാൽ കഴുകുന്നു. അമ്മേ ലോകം തെണ്ടി, നാടുതെണ്ടി, ശീലവും കോലവും കെട്ട ഈ മകനെ ഏതോ കൃത്രിമ ജീവിതം മോന്തി തലതെറ്റിയ വഴിതെറ്റിയ ഈ മകനെ ഈ കൂരിരുട്ടിന്റെ ഒഴുക്കിൽ നിന്നു പിടിച്ചു കയറ്റൂ. വെറുപ്പ് ഭയമായി മാറട്ടെ. വികൃതി മനസ്സു പ്രകൃതി സുന്ദരസ്വരാജ്യവും കാണട്ടെ” (1999:45).

മാതാപിതാക്കളുടെ ഓർമ്മകളിലേക്ക് നടത്തുന്ന ഈ പിൻമടക്കം ജീവപ്രകൃതിയിൽ ആത്മനിന്ദയുടെയും പാപബോധത്തിന്റെയും തായ്‌വേര് ആഴ്ന്നിറങ്ങിയ ഒരാളിൽ നിന്ന് ഉണ്ടാവുന്നതാണ്. ജീവിതം തന്നെ തിരച്ചിലായി കൊണ്ടുനടക്കുന്ന കവി ഓർമ്മകളിലൂടെ നടത്തുന്ന പിൻമടക്കം ആത്മകഥാഖ്യാനത്തിന് വൈകാരികമായി മറ്റൊരു മാനം നൽകുന്നു. കവിയുടെ കാല്പാടുകളുടെ ആമുഖത്തിൽ എം.ടി. എഴുതിയതുപോലെ ‘ചീന്തിയെടുത്തു ചോരവാരുന്ന ഉള്ളറകളിലേക്കുള്ള നോട്ട’മാണത്. ധർമ്മാധർമ്മങ്ങളുടെയും പാപപുണ്യങ്ങളുടെയും സന്യാസനിർ വ്വേദങ്ങളുടെയും ജനിമൃതികളുടെയും ഇടയിലൂടെ കുഞ്ഞിരാമൻനായർ അനുഭവിച്ച ജീവിതത്തെ ആത്മാഖ്യാനത്തിലേക്ക് പകർത്തിയിരിക്കുന്നു.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പി. എഴുതിയിരിക്കുന്നത് നോക്കുക:
“നാറുന്ന ചളിക്കുളം, അതിൽ ഒറ്റത്താമരമൊട്ട്. കുത്തിക്കീറുന്ന കൂരിരുട്ട്. ഒത്ത നടുവിൽ ഒരു കെടാവിളക്ക്. ഇരുണ്ട രാത്രി. ദൂരെത്തിളങ്ങുന്ന പാതിരാത്താരം. കറുത്ത ഉരകല്ല്. അതിലൊരു സുവർണ്ണ രേഖ. ഞെരിയുന്ന മനുഷ്യൻ. അതാണ് പി. കുഞ്ഞിരാമൻ നായർ” (1997 :24).
ജീവിതനാടകത്തിൽ താൻ ആടിത്തീർക്കേണ്ട അവസാനരംഗത്തെക്കുറിച്ചും പി. ബോധവാനായിരുന്നു. മഹാകവി അക്കിത്തവുമായി പി. നടത്തിയ അഭിമുഖത്തിലെ അവസാന ചോദ്യത്തിന് കവി നൽകുന്ന ഉത്തരം നോക്കുക:
“ഭാവിപരിപാടി ഇതുമാത്രമാണ്. മരണം!- അവൾക്കുവേണ്ടി, അതേ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കുവേണ്ടിയുള്ള നിരന്ത രമരണം..!! അനശ്വരമായ മരണം! (1999 :27).

ചിരന്തനമായ ഒരന്വേഷണമായിരുന്നു പിയുടെ കാവ്യജീവിതം. “പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞ് അന്തരാത്മാവിൽനിന്ന് തിളച്ചുപൊന്തുന്ന മധുരാനു ഭൂതിക്കുവേണ്ടി” അലയുകയായിരുന്നു താനെന്ന് പി. എഴുതിയിട്ടുണ്ട്
ചിരന്തനമായ ഒരന്വേഷണമായിരുന്നു പിയുടെ കാവ്യജീവിതം. “പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞ് അന്തരാത്മാവിൽനിന്ന് തിളച്ചുപൊന്തുന്ന മധുരാനു ഭൂതിക്കുവേണ്ടി” അലയുകയായിരുന്നു താനെന്ന് പി. എഴുതിയിട്ടുണ്ട്

നിശ്ചലമാകുന്ന കാലം

രേഖീയമായ കാലത്തിൽ നിന്നും ഭൗതികസ്ഥലരാശികളിൽ നിന്നും നിരന്തരം തെന്നിമാറുന്ന കവിയുടെ പ്രകൃതത്തെ അഹത്തെ കണ്ടെത്താനുള്ള അന്വേഷണങ്ങളായിട്ടാണ് കാണേണ്ടത്. “സാമൂഹികസ്ഥാനങ്ങളുമായി കൂട്ടിയിണക്കപ്പെടാത്ത, വസ്തുനിഷ്ഠമായ കാലത്തിലും ചരിത്രത്തിലും അടയാളപ്പെടുത്താത്ത ഞാൻ ആണ് അഹം” (മധു ടി.വി, 2011:15-16). വസ്തുനിഷ്ഠമായ കാലത്തിലും ചരിത്രത്തിലും അടയാളപ്പെടുത്താത്ത ജീവിതാനുഭവങ്ങളുടെ പെരുംകാഴ്ചകളാണ് പി യുടെ ആത്മാഖ്യാനത്തിന്റെ ഉള്ളടരിൽ. ചരിത്രത്തിൽ ജീവിക്കുന്ന, സാമൂഹികമായ ഉടയാടകളിൽ പ്രത്യക്ഷപ്പെടുന്ന കവിയെ ആത്മമെഴുത്തിൽ കണ്ടെത്താൻ പ്രയാസമായി വരുന്നു.

ജീവിച്ച കാലത്തിന്റെ സാമൂഹിക, ചരിത്രസന്ദർഭങ്ങളോട് ബന്ധപ്പെടുത്തി തന്റെ ജീവിതത്തെ ആവിഷ്കരിക്കാനല്ല പി. ശ്രമിക്കുന്നത്. സാമൂഹികസ്ഥാനങ്ങളുമായി കൂട്ടിയിണക്കപ്പെടാത്ത, വിസ്തുനിഷ്ഠമായ കാലത്തിലും ചരിത്രത്തിലും അടയാളപ്പെടുത്താത്ത ജീവിതത്തെ സ്വയം വിശദീകരിക്കുവാനാണ് പി. ആത്മകഥയിൽ താല്പര്യം കാട്ടുന്നത്.

ആത്മാഖ്യാനത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്ന രേഖീയമായ കാലസങ്കല്പത്തെ നിരന്തരം നിരാകരിച്ചുകൊണ്ട് വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കും, ഭൂതകാ ലത്തിൽ നിന്ന് തെന്നിതെറിച്ച് വർത്തമാനകാലത്തിലേക്കും നടത്തുന്ന ഈ പകർന്നാട്ടങ്ങൾ പി.യുടെ ഭാവനാലോകത്തെ കൂടുതൽ ചലനാത്മകമാക്കുന്നു. ആത്മകഥാഖ്യാനത്തിന്റെ നിയത മായ ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നതിനുവേണ്ടി കവി സ്വയം തിരഞ്ഞെടുത്ത ആഖ്യാനവഴി യാണിത്. കാലത്തെ നിരന്തരം മായ്ച്ചുകളയുന്ന മാന്ത്രികവടി പി. കുട്ടിക്കാലത്തു തന്നെ കൈവശം വച്ചിരുന്നു!. കവിയുടെ കാല്പാടുകളിൽ ‘ വഴിവിളക്കെവിടെ?’ എന്ന ഭാഗത്ത് പ്രമാണിയായ അച്ഛന് സമ്മാനമായി കിട്ടിയ വിലകൂടിയ വാച്ചുകളുടെ സമയസൂചികളെ നിശ്ചലമാക്കുന്നതിന് കാണിക്കുന്ന പ്രത്യേക താല്പര്യത്തെ വിശദീകരിക്കുന്നുണ്ട്.
“വാച്ച് തിരുപ്പിടിക്കുക, തുറക്കുക, അടയ്ക്കുക, യന്ത്രങ്ങൾ തൊട്ടുതടവി താറുമാറാക്കുക. ഈ സ്വഭാവം- കൈയിൽ കിട്ടിയ നല്ലതെന്തും കേടുവരുത്തുക, തൊട്ടതെല്ലാം അപകടപ്പെടുത്തുക; ഇത് പല ദുഃഖങ്ങളിൽ ഒന്നുമാത്രം” (1999:146).
കാലസൂചികൾ തെറ്റിച്ച നിശ്ചലമായ വാച്ച് പോലെ ജീവിതത്തെ കാണുന്നു കവി. “എല്ലാം തികഞ്ഞ, ഇല്ലം നിറഞ്ഞ ഒരു ജന്മം നിനക്കു കൈവന്നു. വിലപ്പെട്ട ഈ വാച്ചുപോലെ നീ ജീവിതം തകർത്തു. നിന്റെ ഭാവിജീവിതത്തിന്റെ മാതൃക കാട്ടി. നടക്കാത്ത വിലപിടിച്ച വാച്ച്. തന്നത്താൻ വിവേകം വിട്ട് കേടുവരുത്തിവെച്ച വാച്ച്” (1999:147). ആധുനികതയുടെ സമയസങ്കല്പത്തെ നിരാകരിച്ച കവി പൂർത്തീകരിക്കപ്പെടാത്ത തന്റെ ജീവിതത്തെ ആവിഷ്കരിക്കുന്നത് ക്രിക്കറ്റ് കളിയുമായി ബന്ധപ്പെടുത്തിയാണ്.
“കഴിഞ്ഞ പരീക്ഷയിലെല്ലാം- ജീവിതത്തിന്റെ വിഷമപ്രശ്നങ്ങൾ നിരന്ന പരീക്ഷയിലെല്ലാം- നീ തോറ്റു. കഷ്ടം! കടുപ്പം കൂടിയ ജീവിത പ്രശ്നങ്ങളുടെ പന്തേറ് മൂളിമൂളി വരുന്ന ക്രിക്കറ്റുകളിയിൽ-പെരുമൈതാനത്തു നടക്കുന്ന ജീവിതം എന്ന ഈ ക്രിക്കറ്റുകളിയിൽ- നീ പറ്റെ തോറ്റു. ബോളുകൾ നിന്റെ കൈപ്പിടിയിൽനിന്നു കുതറിപ്പോയി. നിന്റെ വിക്കറ്റുകൾ തകർന്നു. നീ തോറ്റു. പുരോഗതിയുടെ സൈക്കിൾ നീ മറിച്ചിട്ടു. ബ്രേക്ക് തകർത്തു. വിലപ്പെട്ട മനസ്സ്. ആ വാച്ചിന്റെ ഭാഗങ്ങൾ വെറുതെ നീ അഴിച്ചു തിരിച്ചിട്ടു” (1999:148).

ജീവിച്ച കാലത്തിന്റെ സാമൂഹിക, ചരിത്രസന്ദർഭങ്ങളോട് ബന്ധപ്പെടുത്തി തന്റെ ജീവിതത്തെ ആവിഷ്കരിക്കാനല്ല പി. ശ്രമിക്കുന്നത്. സാമൂഹികസ്ഥാനങ്ങളുമായി കൂട്ടിയിണക്കപ്പെടാത്ത, വിസ്തുനിഷ്ഠമായ കാലത്തിലും ചരിത്രത്തിലും അടയാളപ്പെടുത്താത്ത ജീവിതത്തെ സ്വയം വിശദീകരിക്കുവാനാണ് പി. ആത്മകഥയിൽ താല്പര്യം കാട്ടുന്നത്. ആത്മമെഴുത്തിൽ അപരന്റെ നോട്ടത്തിന്റെ പരിധികളെ നിശ്ചയിക്കുന്ന ആഖ്യാനഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വായനക്കാരിലൂടെയല്ല എന്നെ തിരയേണ്ടത് മറിച്ച് എന്റെ ജീവിതത്തെ ഞാൻ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. “തിരിഞ്ഞുനോക്കുമ്പോൾ ഞാൻ കാണുന്നത് എന്നെയാണ്. എപ്രകാരമാണോ ഞാൻ എനിക്കുതന്നെയും മറ്റുള്ളവർക്കും ലഭ്യമായിട്ടുള്ളത് അപ്രകാരമുള്ള ചിത്രണമാണ് ആത്മാവലോകനത്തിൽ തെളിയുന്നത്. ഈ ചിത്രം മുന്നേ അവിടെയുണ്ട്. എല്ലാ ആത്മാവലോകനങ്ങളും ഇത്തരത്തിൽ ഭൂതകാലത്തെ വിവക്ഷിക്കുന്നുണ്ട്’’ (മധു ടി.വി., 2022: 72). വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കും, തിരിച്ച് വർത്തമാനകാല ത്തിലേക്കും ജീവിതനാടകത്തിന്റെ രംഗപടം മാറ്റിമറിച്ച് പി. സൃഷ്ടിക്കുന്ന ഈ കലാവിദ്യ അദ്ദേഹത്തിന്റെ ആത്മകഥകൾക്ക് മറ്റൊരു മാനം നൽകുന്നു.

വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കും, തിരിച്ച് വർത്തമാനകാല ത്തിലേക്കും ജീവിതനാടകത്തിന്റെ രംഗപടം മാറ്റിമറിച്ച് പി. സൃഷ്ടിക്കുന്ന ഈ കലാവിദ്യ അദ്ദേഹത്തിന്റെ ആത്മകഥകൾക്ക് മറ്റൊരു മാനം നൽകുന്നു.
വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കും, തിരിച്ച് വർത്തമാനകാല ത്തിലേക്കും ജീവിതനാടകത്തിന്റെ രംഗപടം മാറ്റിമറിച്ച് പി. സൃഷ്ടിക്കുന്ന ഈ കലാവിദ്യ അദ്ദേഹത്തിന്റെ ആത്മകഥകൾക്ക് മറ്റൊരു മാനം നൽകുന്നു.

ചലിക്കുന്ന ജീവിതചിത്രങ്ങൾ

നിരന്തരം തെന്നിമാറിക്കൊണ്ടേയിരിക്കുന്ന ആഗ്രഹലോകങ്ങൾക്ക് കുറുകെയാണ് പി. സഞ്ചരിച്ചത്. പ്രകൃതിയെ ജീവിതബന്ധമായി നിലനിർത്തുന്ന കാമനാവ്യവഹാരങ്ങൾ (പുഴ, മല, നിലാവ്) ആത്മകഥാഖ്യാനത്തിൽ നിരന്തരം കടന്നുവരുന്നുണ്ട്. യന്ത്രകാമനകളുടെ (സിനിമ, റെയിൽവേ, ഫോട്ടോഗ്രാഫി) സജീവ സാന്നിധ്യവും ആത്മാഖ്യാനപാഠത്തിലുണ്ട്. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്രവും തീവണ്ടിയും പി.യുടെ രചനാജീവിതത്തെ ഇത്രമേൽ സ്വാധീനിച്ചത് ഉടൽപ്രകൃതിയിൽ പി. നിലനിർത്തിയ ചലനപ്രതീതികൊണ്ടുതന്നെയാണ്. എല്ലാം കടന്നുപോകുന്ന കഴിഞ്ഞുപോകുന്ന ജീവിതാനുഭവമായിട്ടാണ് ഈ ചഞ്ചലവേഗചിത്രീകരണത്തെ കാണേണ്ടത്. ആത്മകഥയുടെ അധ്യായശീർഷകങ്ങൾക്ക് കൊടുത്തിരിക്കുന്ന പേരുകൾ തന്നെ ദൃശ്യാനുഭൂതിയുടെ മായികകാഴ്ചകൾ സമ്മാനിക്കുന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടതാണ്. ‘പുഴവക്കിലെ സിനിമ’, ‘കവിയുടെ സിനിമാക്കമ്പം’, ‘സിനിമ തുടങ്ങി’ എന്നിവ ഉദാഹരണങ്ങൾ. ചലച്ചിത്രത്തിന്റെയും തീവണ്ടിയുടെയും നിരന്തര സാന്നിധ്യം ആത്മകഥയിൽ ഉടനീളമുണ്ട്. അതിവേഗത്തിൽ ഭൂതകാലമായി മാറി തിരോഭവിക്കുന്ന വർത്തമാന നിമിഷങ്ങളുടെ പരമ്പരയായി പി. ജീവിതത്തെ കണ്ടു.

കവിയുടെ കാല്പാടുകളിൽ പുഴവക്കിലെ സിനിമ എന്ന ഭാഗത്ത് പാറക്കാട്ട് അമ്മുക്കുട്ടിയുമായി ഉണ്ടായ ദാമ്പത്യബന്ധവും ആ ബന്ധത്തിന്റെ തകർച്ചയും തുറന്നെഴുതുന്നു. ചലച്ചിത്രത്തിന്റെ ഫ്രെയ്മുകളിലെ ചലനവേഗതയ്ക്കൊപ്പം മിന്നിമറിയുന്ന കേവലാനുഭവങ്ങളിൽ ഒന്നായിട്ടു മാത്രമാണ് അമ്മുക്കുട്ടിയുമായിട്ടുള്ള ബന്ധത്തെ പി. കാണുന്നത്. “സൂര്യൻ പടി ഇറങ്ങിപ്പോയി സന്ധ്യ പുതിയ പട്ടുസാരി ചുറ്റി മുഖത്തു പൊടി പൂശി ആരെയോ കാത്തിരുന്നു. പുഴയലകൾ പൊട്ടിച്ചിരിച്ചു. കവിത പാടി കണ്ണടച്ചു നടന്ന കവി പടുകുഴിയിൽച്ചാടി. ഭാരതപ്പുഴവക്കിലെ സിനിമ കഴിഞ്ഞു. ശോകമൂകമായ സിനിമ” (1999: 46).

പ്രപഞ്ചജീവിതത്തെ ഏറ്റവും മനോഹരമായ
സിനിമയായി കാണുന്നു പി.

ഒന്നു ചോദിക്കട്ടെ കണ്ടതിൽവെച്ച് ഏറ്റവും നല്ല സിനിമാഹാൾ ഏതാണ്?
ഈ ബ്രഹ്മാണ്ഡം
കണ്ടതിൽവെച്ച് ഏറ്റവും നല്ല സിനിമ ഏത്?
പ്രപഞ്ചജീവിതം
(1999: 562).

നിഴലും വെളിച്ചവും സന്നിവേശിക്കുന്ന ചലച്ചിത്രത്തിന്റെ ബിംബപ്പെരുമ പി.യുടെ കാവ്യ ഭാവനയെയും സമ്പന്നമാക്കുന്നുണ്ട്.

ലോകചലച്ചിത്രശാലപൂട്ടാൻ
അന്തിവിളക്കിൻ തുടിപ്പുതേഞ്ഞൂ
സുന്ദരചിത്രപടങ്ങൾ മാഞ്ഞു
ഏകാന്തമൂക വിരഹതാപം
ശോക ചലച്ചിത്രശാല ലോകം
(ഏകാന്തചിന്താ പഥികനായി)

കവിയുടെ കാല്പാടുകളിൽ പുഴവക്കിലെ സിനിമ എന്ന ഭാഗത്ത് പാറക്കാട്ട് അമ്മുക്കുട്ടിയുമായി ഉണ്ടായ ദാമ്പത്യബന്ധവും ആ ബന്ധത്തിന്റെ തകർച്ചയും തുറന്നെഴുതുന്നു.
കവിയുടെ കാല്പാടുകളിൽ പുഴവക്കിലെ സിനിമ എന്ന ഭാഗത്ത് പാറക്കാട്ട് അമ്മുക്കുട്ടിയുമായി ഉണ്ടായ ദാമ്പത്യബന്ധവും ആ ബന്ധത്തിന്റെ തകർച്ചയും തുറന്നെഴുതുന്നു.

തന്റെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും നിശ്ചലമായ ദൃശ്യങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫിയുടെ സാങ്കേതികസ്വരൂപത്തിലേക്ക് ചുരുക്കിക്കാണാൻ പി. കുഞ്ഞിരാമൻനായർ ഇഷ്ടപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. അക്കിത്തവുമായി നടത്തിയിട്ടുള്ള അഭിമുഖസംഭാഷണത്തിൽ പി. എഴുതുന്നു:
“വെറും ഫോട്ടോഗ്രാഫറല്ല കവി. കവി ചിത്രകാരനാണ്. മണ്ണ്, മനോഹരമായ മൺകുടമാകുന്നു. പരുത്തി വെൺമയേറിയ പൂന്തുകിലാകുന്നു. മുള്ളുള്ള കൈതയോല, മിനുമിനുത്ത തഴപ്പായാകുന്നു. പുതിയൊരു പ്രപഞ്ചസൃഷ്ടി തന്നെയാണത്” (1999 :27).

നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന യാത്രകളുടെ ബിംബമെന്ന നിലയിൽ തീവണ്ടി പി.യുടെ ആത്മകഥാഖ്യാനത്തിൽ കടന്നുവരുന്നുണ്ട്. ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന കാഞ്ഞങ്ങാട്ട് 1906-ലാണ് തീവണ്ടി ഗതാഗതം ആരംഭിക്കുന്നത്. പി. ജനിച്ച അതേ വർഷം. ജന്മബന്ധങ്ങളുടെ കെട്ടുമുറിച്ച് പി.യുടെ യാത്രകൾ തുടങ്ങുന്നത് തീവണ്ടിയിലാണ്. “സുഖമായി രസപ്പുഴ കടന്ന് ഒറ്റപ്പാലം എക്സ്പ്രസ്സിൽ. ഒന്നാം ക്ലാസ്സിൽ കയറി” (1999 :27). തീവണ്ടി നിരന്തരമായി മുന്നോട്ടു മാത്രം നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ പ്രതീകമാണ്.

കാവ്യഭാവനയുടെ ഉറവ് കനിഞ്ഞുവാർക്കുന്ന എഴുത്തിടമായി പി. മൂന്നാം ക്ലാസ്സ് കംമ്പാർട്ടുമെന്റിനെ കാണുന്നുണ്ട്. ‘നാറുന്ന വണ്ടിയാപ്പീസ് എഴുത്തുമുറിയാക്കുന്ന’ കവി തന്റെ എഴുത്തുജീവിതത്തെക്കുറിച്ച് കുറിച്ചിടുന്നത് നോക്കുക:
“പിച്ചക്കാരനും, തെണ്ടിയും, പോക്കറ്റടിക്കാ രനും, പ്രകൃതിവിരുദ്ധനും, എഴുത്തുകാരനും അഭയം നൽകുന്ന വണ്ടിയാപ്പീസ്, മൂന്നാംക്ലാസ് യാത്രാമുറി. കരിമ്പിൻചണ്ടി. നാരങ്ങാത്തോട്, കൊതുക്, മൂട്ട സ്ഥിരവാസമുള്ള നാറുന്ന മൂന്നാംക്ലാസ് (1999 :483).
“നരകവണ്ടിയാപ്പീസ് പോലും സ്വർഗ്ഗമാക്കി മാറ്റാനുള്ള കരുത്തേറിയ മനസ്സ്” തനിക്കുണ്ടെന്ന് പി. അവകാശപ്പെടുന്നു. ചലച്ചിത്രവും തീവണ്ടിയും അതിവേഗത്തിൽ വർത്തമാനകാലത്തുനിന്ന് ഭൂതകാലത്തിലേക്ക് ചലിപ്പിക്കുന്ന ജീവിതാനുഭവങ്ങളുടെ സൂചനകൾ കൂടിയായി മാറുന്നു.

പ്രകൃതിയെന്ന സർവകലാശാല

കൊളോണിയൽ ആധുനികതയും നവോത്ഥാനവും നിർമ്മിച്ചെടുത്ത കുടുംബസങ്കൽപ്പങ്ങ ളെയും മൂല്യവിചാരങ്ങളെയും പ്രകൃതിബോധത്തെയും തകർത്തെറിഞ്ഞുകൊണ്ടാണ് കവിതയെന്ന നിത്യകന്യകയെതേടി കുഞ്ഞിരാമൻനായർ കേരളത്തിന്റെ അക്ഷരഭൂപടത്തിലൂടെ അലഞ്ഞത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും പ്രകൃതിയുടെ സൗന്ദര്യാനുഭവത്തെയും ആത്മ കഥാഖ്യാനത്തിലും പി. മുഖ്യ പ്രമേയങ്ങളാക്കി. ‘പ്രകൃതിയെന്ന സർവകലാശാലയിൽ’ വിജ്ഞാന ദാഹിയായ പഠിതാവായിരുന്നു പി. പ്രകൃതിയെ സമൂഹബന്ധങ്ങളുടെ തായ്‌വേരായി കണ്ടുകൊണ്ട് പി. മുന്നോട്ടുവെച്ച സ്വത്വദർശനത്തെക്കുറിച്ച് കെ. ജി. ശങ്കരപ്പിള്ള എഴുതിയിട്ടുള്ളത് നോക്കുക: “ഭൂമിയിൽ സ്വർഗ്ഗവും പ്രകൃതിയിൽ സംസ്കൃതിയും വ്യക്തിയിൽ വംശവും ചെറുപിറവികളിൽ വൻപൊരുളുകളും അറിവിൽ സൂക്ഷ്മചരിത്രങ്ങളും യുക്തിയിൽ സ്വപ്നവും അന്വയിക്കപ്പെടുന്ന സമഗ്രാനുഭൂതിയാണ് പിയുടെ സ്വത്വദർശനം” (1999 :30).

കാഞ്ഞങ്ങാട്, തിരുവില്വാമല, പട്ടാമ്പി, കൊല്ലങ്കോട്, തിരുവനന്തപുരം, കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലരാശികളിലൂടെ പി. നടത്തുന്ന യാത്രകൾ കേരളീയ പ്രകൃതിയുടെ കാവ്യചിത്രങ്ങളായി ആത്മകഥയിൽ കടന്നുവരുന്നുണ്ട്. ചെന്നെത്തുന്ന ഓരോ നാടിന്റെയും ഭൗതികപ്രകൃതിയിൽ നിന്ന് സാമൂഹ്യജീവിത്തിലേക്കും വ്യക്തിബന്ധങ്ങളിലേക്കും വികസിക്കുന്ന ആഖ്യാനതന്ത്രമാണ് പി. സ്വീകരിക്കുന്നത്.

ആധുനികത മുന്നോട്ടുവെച്ച മുതലാളിത്ത ലോകക്രമത്തെയും പുരോഗതിസങ്കല്പത്തെയും പി. നിശിതമായി വിമർശിക്കുന്നുണ്ട്.

കവിയുടെ കാല്പാടുകൾ തുടങ്ങുന്നത് തന്നെ തിരുവില്വാമല ദേശപ്രകൃതിയെ അടയാളപ്പെടു ത്തിക്കൊണ്ടാണ്:
“നാലുപാടും നീലമേലാപ്പുകെട്ടിയ അനന്തചക്രവാളം. മേഘമാലകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കൽപ്പടവുകൾ തീർത്ത മലനിരകൾ, കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതൾ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങൾ. കിനാവുകളുടെ അനന്തസാമ്രാജ്യം. നേർത്ത മൂടൽമഞ്ഞിന്റെ മൂടുപടം. അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ, ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ. പച്ച പാതി തുടച്ച തോട്ടങ്ങൾ. പാളിനോക്കുന്ന ഗ്രാമീണ ഭവനങ്ങൾ. നാടോടിപ്പാട്ടുപാടി വയലേലകൾക്കിടയിൽക്കൂടി പാദസരമിട്ട് ഭർതൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴ. പൊയ്പോയ നിലാവിന്റെ നിനവു വറ്റാത്ത നിളാമണൽപ്പുറം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത. അർശസ്സ് മാറാത്ത കടവുതോണി, തകരക്കണ്ണടവെച്ച തോണിപ്പുര. അകലെ മുകളിൽ ധ്യാനത്തിലുറച്ച വില്വാദി. കേശഭാരകീരിടം ചൂടിയ മഹാക്ഷേത്രം. തിരുവില്വാമല. പണ്ട് കേളിപെറ്റ കലകളുടെ കളിയരങ്ങായ തിരുവില്വാമല. മലനാടിന്റെ പ്രകൃതിസൗന്ദര്യം ഇന്നും തകരാതെ. തളരാതെ, നാടുവാഴുന്ന നെടുങ്കോട്ട. എങ്ങും അഴകിന്റെ തിരനോട്ടം. കവിതയുടെ മോഹിനിയാട്ടം. തിരുവില്വാമല” (2014:147).

ജീവിതനാടകത്തിന്റെ അരങ്ങായി വർത്തിച്ച സ്ഥലരാശികളെ ആത്മകഥയിൽ വിവരിക്കുന്നിടത്തെല്ലാം അവിടുത്തെ പ്രകൃതിയും നിതാന്തസാന്നിധ്യമായി കടന്നു വരുന്നു. നിത്യകന്യകയായ കവിതതേടി പി. ചെന്നെത്തുന്ന നാടിന്റെ പ്രകൃതിയിലാണ് അഥവാ പ്രകൃതിബന്ധങ്ങൾക്കുള്ളിലാണ് പി.യുടെ ജീവിതബന്ധങ്ങൾ പൂർണ്ണതയെത്തുന്നത്. ‘‘പേരാറിനെപ്പോലെയും, ഓണോത്സവത്തെപ്പോലെയും കേരളത്തിന്റെ സമ്പത്താണ് പി.കുഞ്ഞിരാമൻനായരുടെ കവിത. മലയാളഭാഷയുടെ മാത്രമല്ല ഇന്നാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെയും സൌന്ദര്യവും സംശുദ്ധിയും അതിൽ തികഞ്ഞുകാണമെന്ന്” ബാലാമണിയമ്മയും എഴുതിയിട്ടുണ്ട് .

ആധുനികത മുന്നോട്ടുവെച്ച മുതലാളിത്ത ലോകക്രമത്തെയും പുരോഗതിസങ്കല്പത്തെയും പി. നിശിതമായി വിമർശിക്കുന്നുണ്ട്. വ്യാവസായിക വികസനത്തിലും മൂലധനവളർച്ചയിലും അധിഷ്ഠിതമായ പുരോഗതിസങ്കല്പത്തെ തകിടം മറിക്കുന്നു പി. ആധുനിക മനുഷ്യൻ പ്രകൃതിയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങളുടെ വിമർശനപാഠങ്ങൾ കൂടിയാണ് പി.യുടെ ആത്മകഥാഖ്യാനങ്ങൾ.
“അമ്മയുടെ കരളലിവാൽ പുലരുന്ന ധൂർത്തപുത്രൻ അമ്മയെത്തല്ലുന്നു. പ്രകൃതിയുടെ ദയാവായ്പാൽ പുലരുന്ന മനുഷ്യൻ വിശ്വപ്രകൃതിയെ ദ്രോഹിയ്ക്കുന്നു. കാറ്റും വെള്ളവും വെളിച്ചവും മണ്ണും കൊറ്റിനുള്ളതെന്തും വാരിക്കോരിത്തരുന്ന പ്രകൃതി. ആ പ്രകൃതിയെ, പ്രേമ പ്രകൃതിയെ വെല്ലുവിളിച്ചു ഹിംസിച്ച മനുഷ്യൻ സ്വയം തകരുന്നു” (നിത്യകന്യകയെത്തേടി, പേജ് 118). പരിസ്ഥിതി നാശത്തിന്റെ തിടമ്പേറ്റി നിൽക്കുന്ന മുതലാളിത്ത ആധുനികതയോടുള്ള വിയോജിപ്പുകളാണ് പി.യുടെ എഴുത്തിലും വിചാരങ്ങളിലും.

‘‘പേരാറിനെപ്പോലെയും, ഓണോത്സവത്തെപ്പോലെയും കേരളത്തിന്റെ സമ്പത്താണ് പി.കുഞ്ഞിരാമൻനായരുടെ കവിത. മലയാളഭാഷയുടെ മാത്രമല്ല ഇന്നാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെയും സൗന്ദര്യവും സംശുദ്ധിയും അതിൽ തികഞ്ഞുകാണമെന്ന്” ബാലാമണിയമ്മയും എഴുതിയിട്ടുണ്ട് .
‘‘പേരാറിനെപ്പോലെയും, ഓണോത്സവത്തെപ്പോലെയും കേരളത്തിന്റെ സമ്പത്താണ് പി.കുഞ്ഞിരാമൻനായരുടെ കവിത. മലയാളഭാഷയുടെ മാത്രമല്ല ഇന്നാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെയും സൗന്ദര്യവും സംശുദ്ധിയും അതിൽ തികഞ്ഞുകാണമെന്ന്” ബാലാമണിയമ്മയും എഴുതിയിട്ടുണ്ട് .

വിശ്വപ്രകൃതിയുടെ ഉപാസകനായ പി. കുഞ്ഞിരാമൻ നായരുടെ ജീവിതം ഒരു കാവ്യവിഷയമായിക്കൂടി പിൽക്കാല കവികൾ ഉപയോഗിക്കുന്നുണ്ട്.

നിനക്കെഴുതുവാൻ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാൻ മാനം
നീർത്തുന്നു വർണ്ണപുസ്തകം
നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കൽ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകൾ
(മേഘരൂപൻ- ആറ്റൂർ രവിവർമ്മ)

പി. കുഞ്ഞിരാമൻനായരുടെ ആത്മകഥാഖ്യാനങ്ങൾ പി. ജീവിച്ച കാലത്തിന്റെ കേവലമായ ഉത്പന്നമല്ല, കവിയെയും കാലത്തെയും സവിശേഷമായി സമന്വയിപ്പിക്കുന്ന സാംസ്കാരികാനുഭവ ങ്ങളുടെ സാന്ദ്രരൂപമാണത്. തെയ്യത്തിന്റെയും തിറയുടെയും സംസ്കാരചരിത്രത്തെ പി. ആത്മകഥയിൽ വരച്ചിടുന്നത് നോക്കുക: “മനുഷ്യൻ കവിയായി ഉയരുമ്പോലെ കലാകാരനായി തെളിയുമ്പോലെ മലയനും വണ്ണാനും തെയ്യമായിച്ചമയുന്നു. ഉദയത്തിനുമുമ്പ്, നട്ടുച്ചനേരത്ത്, സന്ധ്യാസമയത്ത്, നട്ടപ്പാതിരാനേരത്ത് ഉറഞ്ഞു വെളിപാടുകൊള്ളുന്ന നിമിഷങ്ങൾ പുളകപ്രദങ്ങളാണ്. അവരുടെ ഭാഷ പ്രാചീന മലയാളഭാഷയാണ്. ഈണമുള്ള സംഗീതം നിറഞ്ഞ പ്രാചീന മലയാളഭാഷ. പെരുമപൂണ്ട തിറകൾ, കേരളചരിത്രകാരന്മാർ കേൾക്കാത്ത പഴയ കേരളചരിത്രച്ചുരുളുകൾ നിവർത്തുന്നു. കേരളോത്പത്തി, ആദിവാസികൾ, നാടുവാഴികൾ, തളികൾ, ഗ്രാമഭരണം, മാതൃകാജനായത്തഭരണം, കുടിപാർത്തകഥ, ഒടുക്കത്തെ നാടുവാഴി, മാമാങ്കം തുടങ്ങിയ അമൂല്യ ചരിത്രത്താളുകൾ അവർ ഓരോന്നായി ചുരുൾനിവർത്തുന്നു. ചരിത്രസത്യങ്ങളിലേക്കു വെളിച്ചം വീശുന്നു. ഓരോ തെയ്യത്തിന്റെയും നീണ്ട ഉരിയാടൽ കേരളചരിത്രത്തിന്റെ ശിലാരേഖകളാണ്. ഓരോ തിറയും കേരളചരിത്രസ്തൂപമാണ്” (1999: 140-141).

ആധുനിക ചരിത്രരചനയുടെ രീതിശാസ്ത്ര സമീപനങ്ങളെയും ചരിത്രരചനയ്ക്കുള്ള ഉപാദാന സാമഗ്രികളെയും പി. വിമർശിക്കുന്നുണ്ട്. പ്രാദേശിക ജനതയുടെ സംസ്കാരത്തെയും അതിന്റെ വൈവിധ്യങ്ങളെയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ ചരിത്രരചന നടത്താൻ കഴിയൂവെന്നും പി. വിശ്വസിച്ചു.

ഭദ്രലോകങ്ങളുടെ തകർച്ച

ഗാന്ധിയൻ ആശയലോകങ്ങളും ചിന്താധാരകളും പി. കുഞ്ഞിരാമൻനായരിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ആത്മകഥയിലും ഗാന്ധിയൻ വിചാരലോകങ്ങൾ പലമട്ടിൽ കടന്നുവരുന്നുണ്ട്. കവിയുടെ കാല്പാടുകളിൽ ‘കിഴിഞ്ഞ തിരശ്ശീല’, ‘ഒഴിഞ്ഞ മടിശ്ശീല’, ‘പൊളിഞ്ഞ പത്രാധിപർ’ എന്നീ ഭാഗങ്ങളിൽ പി.യുടെ പത്രാധിപജീവിതം വിവരിക്കുന്നുണ്ട്. പത്രാധിപരായ മഹാത്മജിയുടെ ജീവിതത്തെ പി. താല്പര്യത്തോടെ പിന്തുടർന്നിരുന്നു. സ്വന്തമായി തുടങ്ങിയ പത്രത്തിന് നവജീവൻ എന്ന് പേരടുന്നതുതന്നെ ഗാന്ധിയൻ വിചാരലോകങ്ങളുടെ സ്വാധീനം കൊണ്ടാണ്. ‘ഭാരതത്തിന്റെ ഉത്തുംഗാദർശഗോപുരം’ എന്നാണ് മഹാത്മജിയെ കവി വിശേഷി പ്പിക്കുന്നതുതന്നെ.

ചന്ദ്രാർക്കതാരാ വിദ്യുദഗ്നികളുരുക്കിയ
പഞ്ചലോഹത്താൽ തീർത്ത ബാപ്പുവിൻ സുദർശനം
ശ്വാക്കളിൽ സിംഹങ്ങളെ, മൺകട്ടകളിൽ വീര-
യോദ്ധരെക്കാട്ടിത്തന്ന ബാപ്പുവിൻ സുദർശനം
ഏതിന്റെ തടിൽ പ്രഭാ പ്രഹരത്തിനാലന്നു
ഭീതിദരാഗപാശം പുഷ്പമാല്യമായ് മാറി,
വീരമാതുലനാത്മരക്ഷയ്ക്കു സമ്മാനിച്ചൊ-
രാ വരായുധം, സുദർശന, മിന്നെവിടെപ്പോയി?
(പാവങ്ങളുടെ ദൈവം)

ഗാന്ധിജിയുടെ സാന്നിധ്യമില്ലാത്ത ഈ ഭൂമി ‘ആശാൻ വെറുത്ത കളരി’യും ‘ആത്മാവ് വെടിഞ്ഞ ജഡവും’ ആയിത്തീർന്നതായി പി. എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ പുതുതലമുറ ഗാന്ധിയൻ മൂല്യങ്ങളെ കൈയൊഴിയുന്നതിൽ പി. ദുഃഖിതനായിരുന്നു. പ്രപഞ്ചത്തി നാകെ ജീവകല പകർന്നുനൽകിയ ഗാന്ധിയെ വിസ്മരിച്ചവരെക്കുറിച്ച് എഴുതിയിട്ടുള്ളത് നോക്കുക:

‘‘വിസ്മരിച്ചാർ തീരെയിവർ
വഴികാട്ടിയ ദേവനെ
കണ്ണിനു കണ്ണായ്പ്പൊരുളു
നൽകിപ്പോറ്റിയ സൂര്യനെ’’.
(വെളിച്ചമേ, നയിച്ചാലും!)

കൊളോണിയൽ ശക്തികളിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും, തുടർന്ന് ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തിൽ വന്ന ഭരണകർത്താക്കൾ വിഭാവനം ചെയ്ത രാഷ്ട്രപുനർനിർമ്മാണ പ്രവർത്തനങ്ങളോട് പലമട്ടിൽ പി. വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. നെഹ്റു വിഭാവനം ചെയ്ത വികസനസങ്കൽപ്പങ്ങളോട് വിമുഖത കാട്ടിയ പി. മഹാകവി അക്കിത്തവുമായി നടത്തിയ അഭിമുഖത്തിൽ തന്റെ കവിതയിൽ അടിക്കടി കടന്നുവരുന്ന വിഷാദഭാവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത് നോക്കുക:
“എന്റെ കവിതയിൽ കാണുന്ന ആ വിഷാദം ഒട്ടുംതന്നെ വ്യക്തിപരമല്ല. അതു സ്വതന്ത്രഭാരതത്തിന്റെ വിഷാദവും നിരാശയുമാണ്. ആത്മാവ് നഷ്ടപ്പെട്ട സ്വതന്ത്രഭാരതത്തിന്റെ.... അതിന്റെ സ്വരൂപം വിഷാദമാണെന്ന് ചിലരെങ്കിലും അറിയും” (1999 :26).
നവലോക സൃഷ്ടിയ്ക്കായി മുന്നിട്ടിറങ്ങിയ ഭരണകർത്താക്കൾ നടത്തുന്ന ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പുകൾ പി. പങ്കുവെയ്ക്കുന്നുണ്ട്. നരബലി, മാതൃചരണങ്ങളിൽ എന്നീ കവിതകളിൽ സ്വതന്ത്രഭാരതത്തിന്റെ വർത്തമാനാവസ്ഥകൾ കാണാം.

കൊളോണിയൽ ഭരണക്രമങ്ങളുടെ തുടർച്ചതന്നെയാണ് സ്വതന്ത്രഭാരതത്തിന്റെ ഭരണ നിർവ്വഹണക്കാരും നടത്തിയത്. മാനവികമൂല്യങ്ങളുടെ തകർച്ച, ഭരണതലത്തിലെ അഴിമതി, ജാതീയത എന്നിങ്ങനെ പരിഹാരം കണ്ടെത്താൻ കഴിയാത്ത സാമൂഹ്യപ്രശ്നങ്ങൾ പി.യെ അസ്വസ്ഥനാക്കുന്നുണ്ട്. ആത്മകഥയിലൊരിടത്ത് എഴുതുന്നു: ഭാരതസംസ്കാരംകൊണ്ട് അസ്തിവാരമിട്ട സ്വതന്ത്രവിദ്യാഭ്യാസപദ്ധതി പൊങ്ങിവരുംവരെ ഒരു പിടി ആളുകൾ ഉൌട്ടുപുരപ്പട്ടന്മാരായി കതകടച്ചിരുന്ന് അധികാരവിഭവം അഷ്ടി കഴിക്കുന്ന സ്വാർത്ഥഭരണം കുഴിച്ചുമൂടി ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്യം ഉദയം കൊള്ളും വരെ ഈ നാട്ടിൽ സ്വാതന്ത്ര്യക്കണിമേൽ ജാതിക്കല്ലുമാത്രം. മന്ത്രിയും മൂത്ത ഉദ്യോഗസ്ഥനും മേൽജാതി. നാട്ടുകാർ കീഴ്ജാതി” (1999 :70).

‘ഏതോ വളകിലുക്കം കേട്ട് അലയുന്ന ഭ്രഷ്ടകാമുക’നായും, ‘വാക്കുകളുടെ മഹാബലി’യായുമൊക്കെ പിൽക്കാല വായനാചരിത്രം പി. യെ പലമട്ടിൽ വിശേഷിപ്പിക്കുകയുണ്ടായി. തലമുറകളിലേക്ക് നീണ്ടുകിടക്കുന്ന കാവ്യജീവിതം അവശേഷിപ്പിച്ച പി.യെ അടയാളപ്പെടുത്തുവാൻ ഈ വിശേഷണങ്ങൾ അപര്യാപ്തമായിവരുന്നു.

കൊളോണിയൽ ആധുനികതയുടെ ചരിത്രഘട്ടത്തിലാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം കേരള ത്തിൽ വ്യാപകമാകുന്നത്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രവിശ്യകളിൽ നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിന്ന് വിട്ടുപോയിട്ടും അവരുടെ ഭാഷയും സംസ്കാരവും പിൻപറ്റുന്ന പുതിയ മധ്യവർഗ തലമുറ ഉയർന്നുവന്നു. കൊളോണിയൽ ശക്തികൾ നടപ്പിലാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും മുതലാളിത്ത തൊഴിൽ സംസ്കാരത്തെയും പി. നിശിത മായി വിമർശിച്ചിരുന്നു.

“സ്വതന്ത്രവിദ്യാഭ്യാസസംവിധാനമില്ലാത്ത സ്വതന്ത്രരാഷ്ട്രം, വേരറ്റ വെറും കുലവാഴ”യാ ണെന്ന് പി. എഴുതിയിട്ടുണ്ട് (ആമുഖം കുറവന്റെ കിളി). “കുലത്തൊഴിലിന്റെ തായ്‌വേരി ന്മേൽ കോടാലി നടത്തുന്ന ശീമവിദ്യകളെ”ന്നാണ് പാരമ്പര്യ തൊഴിലിൽ നിന്ന് ആധുനിക മുതലാളിത്തത്തിന്റെ തൊഴിൽ രൂപങ്ങളിലേക്കുള്ള മാറ്റത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.

മുതലാളിത്ത ലോകക്രമങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ആധുനിക വിദ്യാഭ്യാസം ഇന്ത്യയിലെ ദരിദ്രരായ ജനതയ്ക്ക് അപ്രാപ്യമായ ഒരു കാര്യമാണ്. “അമ്മതൻ പണ്ടങ്ങളും പടിക്കൽപ്പാടങ്ങളും ആംഗ്ലേയ കലാശാലാ ബിരുദത്തിന്നിരയാവുന്നു”വെന്നു പി. എഴുതിയിട്ടുണ്ട്. കുട്ടികളുടെ സർഗ്ഗശേഷിയെ ഉയർത്തുന്നതിൽ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് പി. വിശ്വസിച്ചു.

ഗാന്ധിജിയുടെ മാതൃഭാഷാചിന്തകൾ പി. കുഞ്ഞിരാമൻനായരിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. മാതൃഭാഷയിലൂടെ ഏതൊരറിവും വിനിമയം ചെയ്യാൻ കഴിയും എന്ന ഗാന്ധിജിയുടെ ആശയം പി.യും പിന്തുടർന്നു. കന്നട-മലയാളം ഭാഷാപ്രശ്നത്തിൽ നിരന്തരം ഇടപെട്ട തനിക്ക് കോടതിയിൽ നിന്ന് ജാമ്യം എടുക്കേണ്ടിവന്ന സാഹചര്യവും ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ വ്യാപനശേഷിയും സ്വീകാര്യതയും പി. തിരിച്ചറിഞ്ഞിരുന്നു. കൊളോണൽ ഭരണത്തോടെ നാട്ടുഭാഷകൾ വെറും മുറ്റമടിപെണ്ണുങ്ങളായി മാറുന്ന ചരിത്രസാഹചര്യത്തെ പി. വിമർശനവിധേയമാക്കുന്നുണ്ട്. തന്റെ ഭാഷാവിചാരങ്ങളെ പി. ആത്മകഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കുക: “ലോകത്തിലെ എല്ലാ ഭാഷയെയും ഞാൻ സ്നേഹിക്കുന്നു. – എല്ലാ സാഹിത്യത്തെയും സ്നേഹിക്കുന്നു. ഇൻഡ്യൻ ഭാഷകളെ സ്നേഹിക്കുന്നു. എല്ലാറ്റിനും മീതെ ഞാൻ മാതൃഭാഷയെ- പെറ്റമ്മയെ സ്നേഹിക്കുന്നു. കാരണമിതാണ്- വീട്ടുചോറില്ലാത്തവന് വിരുന്നുചോറില്ല! ലോക ഭാഷകളോടൊപ്പം ഇംഗ്ലീഷ് ഇവിടെ കഴിയട്ടെ. എന്നാൽ സായിപ്പ് ഇന്ത്യയെ ഇന്ത്യയല്ലാതാക്കാൻ വെച്ച ഈ വിദ്യാഭ്യാസരീതി- ഈ കെണി തച്ചുടയ്ക്കണം- ഗാന്ധിജി അതിനൊരുങ്ങി. ടാഗോർ ഇറങ്ങി. പിൻഗാമികൾ അടിമത്തം കോൺക്രീറ്റ് ഇട്ടുറപ്പിച്ചു. നാട്ടുഭാഷകൾ വിദേശഭാഷയുടെ മുറ്റമടിപ്പെണ്ണുങ്ങളായി” (1999:523).

ഗാന്ധിജിയുടെ മാതൃഭാഷാചിന്തകൾ പി. കുഞ്ഞിരാമൻനായരിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. മാതൃഭാഷയിലൂടെ ഏതൊരറിവും വിനിമയം ചെയ്യാൻ കഴിയും എന്ന ഗാന്ധിജിയുടെ ആശയം  പി.യും പിന്തുടർന്നു.
ഗാന്ധിജിയുടെ മാതൃഭാഷാചിന്തകൾ പി. കുഞ്ഞിരാമൻനായരിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. മാതൃഭാഷയിലൂടെ ഏതൊരറിവും വിനിമയം ചെയ്യാൻ കഴിയും എന്ന ഗാന്ധിജിയുടെ ആശയം പി.യും പിന്തുടർന്നു.

ഒരു നൂറ്റാണ്ട് പിന്നിട്ട പി. കുഞ്ഞിരാമൻനായരുടെ കാവ്യജീവിതം ഇതിനകം എണ്ണമറ്റ വിശേഷണങ്ങൾ അദ്ദേഹത്തിന് ചാർത്തി നൽകിയിട്ടുണ്ട്.
‘ഏതോ വളകിലുക്കം കേട്ട് അലയുന്ന ഭ്രഷ്ടകാമുക’നായും, ‘വാക്കുകളുടെ മഹാബലി’യായുമൊക്കെ പിൽക്കാല വായനാചരിത്രം പി. യെ പലമട്ടിൽ വിശേഷിപ്പിക്കുകയുണ്ടായി. തലമുറകളിലേക്ക് നീണ്ടുകിടക്കുന്ന കാവ്യജീവിതം അവശേഷിപ്പിച്ച പി.യെ അടയാളപ്പെടുത്തുവാൻ ഈ വിശേഷണങ്ങൾ അപര്യാപ്തമായിവരുന്നു. പിയുടെ കാവ്യജീവിതത്തിന്റെ തുടർച്ചയായിട്ടാണ് ആത്മകഥാഖ്യാനങ്ങളെയും കാണേണ്ടത്. നിത്യ കന്യകയായ കവിതതേടി അലയുന്ന കാവ്യരൂപന്റെ കാല്പാടുകൾ ആത്മകഥാഖ്യാനങ്ങളിൽ പതിഞ്ഞു കിടിക്കുന്നു.

ഗ്രന്ഥസൂചി

കുഞ്ഞിരാമൻ നായർ പി, കവിയുടെ കാല്പാടുകൾ, ഡി.സി. ബുക്സ്, കോട്ടയം, കവിയുടെ കാല്പാടുകൾ (സമ്പൂർണ്ണ ആത്മകഥ), ഡി.സി. ബുക്സ്, കോട്ടയം, നിത്യകന്യകയെത്തേടി, ഡി.സി. ബുക്സ്, കോട്ടയം.

പി. കവിതകൾ വാല്യം-1 (എഡി: എ.കെ നമ്പ്യാർ) ഡി.സി. ബുക്സ്, കോട്ടയം, പി. കവിതകൾ വാല്യം-2 (എഡി: എ.കെ നമ്പ്യാർ) ഡി.സി. ബുക്സ്, കോട്ടയം.

ഉദയകുമാർ, ‘ആത്മകഥകൾ ചരിത്രമെഴുതുമ്പോൾ’, സംസ്‌കാരപഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം, മലയാളപഠനസംഘം (എഡി.), കറന്റ് ബുക്‌സ്, കോട്ടയം.

പവിത്രൻ പി, ‘കാമന’, താക്കോൽ വാക്കുകൾ വിചാരമാതൃകകൾ കേരളീയനോട്ടങ്ങൾ, അജു.കെ. നാരായണൻ (എഡി.), വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണ കേന്ദ്രം, ആലുവ.

മധു ടി. വി., ഞാൻ എന്ന അഭാവം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ.

മധു ടി.വി., വചനവും മാംസവും, ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്.

രത്നാകരൻ മങ്ങാട് (എഡി.), മധുമക്ഷിക, ഡി. സി. ബുക്സ്, കോട്ടയം

(എഡി.) 2001, മേഘരൂപൻ, പാപ്പിയോൺ, കോഴിക്കോട്.

Udayakumar, Writing the First Person Literature, History, and Autobiography in Modern Kerala, Orient Blackswan.

മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 56, ലക്കം 15, 1978 ജൂൺ 25.

മഹാകവി പി. സ്മരണിക, 1999, കാഞ്ഞങ്ങാട് മഹാകവി പി. കുഞ്ഞിരാമൻ നായർ മെമ്മോറിയൽ ട്രസ്റ്റ്.


Summary: Dr Sreekumar Ag re-reading of the autobiography of Malayalam writer P Kunhiraman Nair on his death anniversary.


ഡോ. ശ്രീകുമാർ എ.ജി.

അധ്യാപകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പബ്ലിക്കേഷൻ ഓഫീസറായിരുന്നു. പുസ്തകചരിത്രം എന്ന വിജ്ഞാനമേഖലയിൽ ഗവേഷണം നടത്തുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ‘പുസ്തകവും കേരള സംസ്കാരപരിണാമവും’ എന്ന വിഷയത്തിൽ പിഎച്ച്.ഡി. ജനപ്രിയസാഹിത്യം മലയാളത്തിൽ, പുസ്തകവും കേരള സംസ്കാരപരിണാമവും, ഭാഷയുടെ ജീവചരിത്രം, പ്രബുദ്ധതയുടെ പടവുകൾ: ഗ്രന്ഥശാലകളും സംസ്കാരചരിത്രവും, ഭാഷാനവോത്ഥാനം മലയാളവഴികൾ എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments