പുസ്തകത്തിന്റെ സാംസ്കാരിക ചരിത്രാന്വേഷണങ്ങളെന്ന നിലയിൽ പുസ്തകചരിത്ര (Book History) മെന്ന വൈജ്ഞാനികശാഖ സാംസ്കാരിക പഠന (Cultural Studies) മേഖലയിൽ ഇന്ന് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. വള്ളത്തോളിന്റെ ജയന്തി ആഘോഷിക്കുന്ന സന്ദർഭത്തിൽ പുസ്തക പ്രസാധകനെന്ന നിലയിലുള്ള വള്ളത്തോളിന്റെ ജീവിതത്തെക്കു റിച്ചും, അദ്ദേഹം തുടങ്ങിയ ‘വള്ളത്തോൾ ഗ്രന്ഥാലയം’ മലയാള പ്രസാധനചരിത്രത്തിൽ നടത്തിയ സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും വിശദീകരിക്കുകയാണിവിടെ.
“The closure of the book is an illusion largely created by its materiality, its cover. Once the book is considered on the plane of its significance, it threatens infinity.” (Susan Stewart,1991, 85)
സാംസ്കാരിക നവോത്ഥാനത്തിന്റെ കേരളീയ മാതൃക നിർമ്മിച്ചെടുത്ത അതുല്യപ്രതിഭയാണ് മഹാകവി വള്ളത്തോൾ. കവിയായി മാത്രം തന്റെ കർമ്മമണ്ഡലത്തെ ചുരുക്കുവാൻ വള്ളത്തോൾ തയ്യാറായിരുന്നില്ല. വൈദ്യം, വിവർത്തനം, പ്രസിദ്ധീകരണം, നിരൂപണം, കലാസമുദ്ധാരണം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ വള്ളത്തോൾ വ്യക്തിമുദ്ര പതിപ്പിച്ചു. നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ആശയധാരകളെ പിൻ പറ്റിക്കൊണ്ട് രവീന്ദ്രനാഥ ടാഗോറും, രുക്മണീദേവി അരുണ്ഡേലും നടത്തിയിട്ടുള്ള സാംസ്കാരിക നവോത്ഥാനപ്രവർത്തനങ്ങൾക്ക് മലയാളത്തിൽ തുടർച്ചയുണ്ടാക്കിയത് വള്ളത്തോളാണ്.
മൂർക്കോത്ത് കുമാരൻ എഴുതി: “പ്രസാധകരിൽ അധികം പേരും കച്ചവടത്തിന്റെ കണ്ണുകണ്ട സമർത്ഥന്മാരാണ്. അവർക്കൊരു പേർ കൊടുക്കുവാൻ എനിക്ക് അധികാരമുണ്ടായിരുന്നു വെങ്കിൽ ഞാൻ അവരെ ‘ചോരകുടിയന്മാർ’ എന്നു വിളിക്കുമായിരുന്നു.
മലയാള പുസ്തകങ്ങളുടെ സാംസ്കാരിക ജീവിതത്തിലും, വായനാഭിരുചി നിർമ്മിതിയിലും വള്ളത്തോൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1934-ൽ, 56-ാം വയസ്സിലാണ് അദ്ദേഹം ‘വള്ളത്തോൾ ഗ്രന്ഥാലയം’ ആരംഭിക്കുന്നത്. 26-ാം വയസ്സിൽ തൃശ്ശൂരിലെ കേരള കല്പദ്രുമം അച്ചുകൂടത്തിന്റെ മാനേജരായി ജോലിയിൽ പ്രവേശി ക്കുന്നതോടെയാരംഭിക്കുന്നു മലയാള പ്രസാധനവുമായിട്ടുള്ള വള്ളത്തോളിന്റെ ബന്ധം.
‘ചോരകുടിയന്മാർ’
അരങ്ങുവാണ
പ്രസാധനരംഗം
മലയാള പുസ്തകപ്രസാധനം നിരവധി പരീക്ഷണങ്ങൾക്കും വഴിതുറക്കലുകൾക്കും സാക്ഷ്യംവഹിച്ച കാലമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി. സ്വകാര്യ പ്രസാധകരും മംഗളോദയത്തെ പോലെ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി വലിയ മുതൽ മുടക്കിൽ തുടങ്ങിയ പ്രസാധനശാലകളും പ്രസാധനരംഗത്ത് സജീവമായി നിലയുറപ്പിച്ച കാലം. ആനുകാലികങ്ങളും പത്രങ്ങളും പുസ്തകങ്ങളും നവോത്ഥാന മലയാളത്തിന്റെ ആശയാടിത്തറ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായിത്തീർന്നു. ഇക്കാലത്ത് പുസ്തകപ്രസാധനരംഗത്ത് മറ്റൊരു പ്രവണതയും രൂപപ്പെട്ടു. ലാഭം മാത്രം ലക്ഷ്യമാക്കി പുസ്തക പ്രസാധനത്തിലേക്ക് കടന്നുവന്ന ഒരു കൂട്ടം പ്രസാധകർ മലയാള പുസ്തക പ്രസാധനത്തിന്റെ സാംസ്കാരിക ചരിത്രത്തെയാകെ മാറ്റിയെഴുതി. പാഠപുസ്തകങ്ങൾമാത്രം പ്രസിദ്ധീകരിച്ച് വലിയ ലാഭം നേടാൻ ഇവർ മത്സരിച്ചു.

മൂർക്കോത്ത് കുമാരൻ ഈ പ്രസാധന സന്ദർഭത്തെക്കുറിച്ച് എഴുതിയിട്ടുള്ളത് നോക്കുക: “പ്രസാധകരിൽ അധികം പേരും കച്ചവടത്തിന്റെ കണ്ണുകണ്ട സമർത്ഥന്മാരാണ്. അവർക്കൊരു പേർ കൊടുക്കുവാൻ എനിക്ക് അധികാരമുണ്ടായിരുന്നു വെങ്കിൽ ഞാൻ അവരെ ‘ചോരകുടിയന്മാർ’ എന്നു വിളിക്കുമായിരുന്നു. കവികളുടെയും ഗ്രന്ഥകാരന്മാരുടെയും ചോരകുടിച്ചാണ് അവരിൽ പലരും ജീവിയ്ക്കുന്നതും, തങ്ങൾക്കും തങ്ങളുടെശേഷം സന്താനങ്ങൾക്കുവേണ്ടി ധനം സമ്പാദിയ്ക്കുന്നതും. വിദ്വാന്മാർ പ്രായേണ ദരിദ്രന്മാരാണല്ലോ. അവരെക്കൊണ്ടു ഗ്രന്ഥങ്ങൾ രചിപ്പിച്ച് അല്പം വല്ലതും കൊടുത്തും കൊടുക്കാമെന്നു വാഗ്ദാനം ചെയ്തും പിന്നെ കൊടുക്കാതെയും ആ ഗ്രന്ഥങ്ങൾ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തു. അതുകൊണ്ടു വമ്പിച്ച ആദായം മുഴുവൻ ഈ ചോരകടിയന്മാർ എടുക്കുന്നു. ഗ്രന്ഥകർത്താക്കന്മാരോ? പട്ടിണി” (1974:iv) നവോത്ഥാന മലയാളത്തിലെ എഴുത്തുകാരുടെ ജീവിതമാണ് മൂർക്കോത്ത് കുമാരൻ വരച്ചിടുന്നത്.
19-ാം നൂറ്റാണ്ടിലാണ് പുസ്തകങ്ങളുടെ അനുഭവജീവിതം മലയാളിക്ക് പരിചിതമാകുന്നത്. മിഷനറിമാരുടെ ഉടമസ്ഥതയിലുള്ള അച്ചുകൂടങ്ങളും നാട്ടുസംരംഭകരുടെ ഉടമസ്ഥതയിലുള്ള അച്ചുകൂടങ്ങളും സ്ഥാപിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ പുസ്തക പ്രസാധനം ഒരു വ്യവസായമായി മാറാൻ തുടങ്ങി. എസ്.റ്റി. റെഡ്യാർ (വിദ്യാഭിവർദ്ധിനി), മാളിയമ്മാവ് കുഞ്ഞുവറീത് (ഭാരതവിലാസം), കുളക്കുന്നത്ത് രാമൻമേനോൻ (ഭാഷാഭിവർദ്ധിനി), തോമസ് പോൾ (വിദ്യാവിലാസം) എന്നീ നാട്ടുപ്രസാധകർ പുസ്തകവ്യാപാരത്തിന്റെ കുത്തകകളായി മാറി. ഒപ്പം ചെറുകിടക്കാരായ ധാരാളം പ്രസാധകരും രംഗത്തുവന്നു. കുളക്കുന്നത്ത് രാമൻ മേനോനും, തോമസ് പോളും പാഠപുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുവാനാണ് തുടക്കത്തിൽ താല്പര്യം കാട്ടിയത്. പാഠപുസ്തക വില്പനയിൽ നിന്ന് ലഭിച്ച വലിയ ലാഭവിഹിതം ഉപയോഗിച്ചുകൊണ്ടാണ് നവോത്ഥാന മലയാളത്തിലെ ശ്രദ്ധേയങ്ങളായ നിരവധി സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങൾ ഇവർ പ്രസിദ്ധീകരിച്ചത്.
തൃശ്ശൂരിൽ നടന്ന സാഹിത്യപരിഷത്തിന്റെ യോഗത്തിൽ ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ ചെയ്ത പ്രസംഗത്തിൽ, 20-ാം നൂറ്റാണ്ടിൽ കേരളീയ പുസ്തകപ്രസാധനത്തിൽ നിലനിന്നിരുന്ന അനാരോഗ്യകരമായ പ്രവണതകളെ നിശിതമായി വിമർശനവിധയമാക്കുന്നുണ്ട്: “പ്രസാധനത്തെപ്പറ്റി പറയുമ്പോൾ ഗ്രന്ഥകർത്താക്കന്മാരെന്നും പ്രസാധകരെന്നും രണ്ടു തരക്കാരെപ്പറ്റി ചിന്തിക്കേണ്ടതായിട്ടുണ്ട്. ഗ്രന്ഥകർത്താക്കന്മാരായ പ്രസാധകന്മാരാണ് ഇപ്പോൾ അധികമുള്ളത്. ഗ്രന്ഥം എഴുതിയുണ്ടാക്കുക മാത്രമല്ല, ആയത് അച്ചടിപ്പിച്ചു പ്രചരണം ചെയ്യേണ്ടുന്ന ഭാരം കൂടി ഗ്രന്ഥകർത്താക്കന്മാർ തന്നെയാണ് ഇപ്പോൾ അധികവും നടത്തുന്നത്. പ്രസിദ്ധീകരണച്ചെലവും കഴിച്ചു ഗ്രന്ഥം എഴുതിയതിന്നുള്ള പ്രതിഫലം കിട്ടാത്ത ഗ്രന്ഥകാരന്മാർ ധാരാളമുണ്ട്. അധ്വാനത്തിനു പ്രതിഫലമോ കിട്ടുന്നില്ല. പണം മുടക്കി അച്ചടിച്ചു പ്രസിദ്ധം ചെയ്യാൻ അത്രമാത്രം മൂലധനമുള്ള പ്രസാധകന്മാരുമില്ല. ഇങ്ങനെ കൊട്ടും പാട്ടും സേവയുമൊക്കെ ഒരാൾ ചെയ്യേണ്ടി വരുന്നതുകൊണ്ടു ഗ്രന്ഥം എഴുതാൻ ഉത്സാഹവും ധൈര്യവുമില്ലാതെ പലരും ഗ്രന്ഥനിർമ്മാണ കാര്യത്തിൽ വിരക്തി കാണിച്ചുവരികയാണ് ചെയ്യുന്നത്. ഒരു പുസ്തകം എഴുതി അതിന്റെ ഫലം അറിഞ്ഞുകഴിഞ്ഞാൽ ഇച്ഛാംഭംഗത്തോടെ പിന്തിരിയുന്ന ഗ്രന്ഥകർത്താന്മാരാണ് അധികമുള്ളത്. പുസ്തകം എഴുതിക്കഴിഞ്ഞാൽ അതിനു ന്യായമായ ഒരു പ്രതിഫലം കൊടുത്ത് അതിന്റെ പ്രസാധകത്വം കൈയേല്ക്കുന്ന സ്ഥാപനങ്ങൾ ഉണ്ടെന്നു വന്നാലെ ഗ്രന്ഥാകാരന്മാർക്കു ഗുണമുള്ളൂ. ഗ്രന്ഥകാരന്മാർക്കു ഗ്രന്ഥമെഴുതുന്നതാവണം ജോലി, അവർ മുദ്രണത്തെപ്പറ്റിയും പ്രചാരണത്തെപ്പറ്റിയും ക്ലേശിക്കണമെന്നു വരുന്നത് അഭിവൃദ്ധിക്കു വലിയ പ്രതിബന്ധമാണ്” (1998:142).
പാവങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ നാലപ്പാടനെ നിർബന്ധിക്കുന്നത് വള്ളത്തോളാണ്. പാവങ്ങളുടെ തർജ്ജമ പൂർത്തിയാക്കിയെങ്കിലും അത് സ്വന്തമായി അച്ചടിക്കാനുള്ള ധനശേഷി നാലപ്പാട്ട് നാരായണമേനോന് ഇല്ലായിരുന്നു.
ലോകത്തിലെ ആദ്യത്തെ വ്യവസായിക ചരക്കെന്നാണ് മാധ്യമ സാംസ്കാരിക പഠിതാവായ മാർഷൽ മക്‌ലൂഹൻ പുസ്തകത്തെ വിശേഷിപ്പിച്ചത്. യൂറോപ്പിൽ വ്യവസായവത്കരണത്തിന്റെ ഭാഗമായിട്ടാണ് അച്ചടിയും പുസ്തകപ്രസാധനവും വളർന്നു വികസിക്കുന്നത്. ആധുനിക മുതലാളിത്തത്തിന്റെ വിപണിതാല്പര്യങ്ങൾ അച്ചടിയിലും പുസ്തക പ്രസാധനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്ത് സാമ്പത്തിക മൂല്യമുള്ള ഒന്നായി മാറുന്നതും എഴുത്തുകാരൻ എന്ന പദവി രൂപപ്പെടുത്തതും 18-ാം നൂറ്റാണ്ടിലാണെന്ന് സുസൻ സ്റ്റുവർട്ട് എഴുത്തിന്റെ കുറ്റങ്ങൾ (crimes of writing) എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. എഴുത്തു കാരനെന്ന പദവിമൂല്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ് മഹാകവി കുമാരനാശാനും (ശാരദ ബുക്ക് ഡിപ്പോ, 1913) രണ്ട് ദശകങ്ങൾക്കുശേഷം വള്ളത്തോളും സ്വന്തമായി അച്ചുകൂടങ്ങൾ സ്ഥാപിച്ച് തങ്ങളുടെ കൃതികൾ അച്ചടിച്ച് വായനക്കാരിലേക്ക് എത്തിച്ചത്. സ്വന്തം നിലയിൽ പുസ്തകങ്ങൾ അച്ചടിക്കുക മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം പുസ്തകങ്ങൾ വില്പന നടത്തുവാൻ അവർ ഇറങ്ങിപ്പുറപ്പെട്ടു. പുസ്തകവില്പന നടത്തുന്നതിന് കേരളത്തിന്റെ അക്ഷരഭൂപടത്തിലൂടെ മഹാകവികൾ നടത്തിയ യാത്രകൾ കൂടി അടയാളപ്പെടുത്തിയാലെ മലയാള പുസ്തകചരിത്രം പൂർണ്ണമാകുകയുള്ളൂ.
പ്രസാധനകലയിലെ
വള്ളത്തോൾമാർഗം
മലയാള പുസ്തകപ്രസാധനത്തിൽ വേറിട്ടൊരു മാതൃക സൃഷ്ടിച്ച വള്ളത്തോൾ ഗ്രന്ഥാലയം ആരംഭിക്കുന്നത് 1934- ലാണ്. പ്രസാധകനായ വള്ളത്തോളിന്റെ സമഗ്രജീവിതത്തെക്കുറിച്ച് എ. മാധവൻ എഴുതുന്നു:
“പുസ്തകവില്പന സംഘടിതമായ ഒരു രൂപത്തിൽ നടത്തുന്നതിൽ അദ്ദേഹം നിർബന്ധ ബുദ്ധിയോടുകൂടി പ്രവർത്തിച്ചുതുടങ്ങിയത് കുറെ വൈകിയിട്ടാണെന്നുമാത്രം. പക്ഷേ, അതാരംഭിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അതിൽ അത്രയും ശുഷ്കാന്തിവെച്ചുതന്നെ പ്രവർത്തിച്ചു വരികയും ചെയ്തു. എന്തെങ്കിലും ചെയ്യണമെന്നു തീർച്ചപ്പെടുത്തിയാൽ, അത് ചെയ്തുതീർക്കാൻ അക്ഷീണമായി പരിശ്രമിക്കുകയെന്നത് അദ്ദേഹത്തിന്റെ ഒരു സ്വഭാവവിശേഷമായിരുന്നു” (2022: 54).
വള്ളത്തോൾ ഗ്രന്ഥാലയം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകപ്രസാധന രംഗത്തേക്ക് വള്ളത്തോൾ കടന്നിരുന്നു. മലയാള നോവലിൽ ഭാവുകത്വപരമായി വലിയ മാറ്റങ്ങൾ കൊണ്ടുവന്ന നോവലാണ് നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ പാവങ്ങൾ. പാവങ്ങൾ മലയാള പുസ്തകചരിത്രത്തിലെ നിർണ്ണായകമായ ഒരു കാലത്തിന്റെ തിരുശേഷിപ്പായിത്തീർന്നു. പുസ്തകവില്പനയിലും വായനയിലും തരംഗമായി മാറി പാവങ്ങൾ. ‘വീട്ടിൽ വിളക്ക് കത്തിച്ചുവെച്ച് വായിക്കേണ്ട പുസ്തക’മെന്നാണ് വി.ടി. ഭട്ടതിരിപ്പാട് പാവങ്ങളെ വിശേഷിപ്പിച്ചത്. കേരളീയ സാമൂഹികചരിത്രസന്ദർഭത്തോട് നാലപ്പാടന്റെ വിവർത്തനത്തെ കണ്ണിചേർക്കാൻ കഴിഞ്ഞതുകൊണ്ടാണ് വി.ടിക്ക് ഇങ്ങനെ ഒരു അഭിപ്രായം എഴുതാൻ കഴിയുന്നതുതന്നെ. “കുഞ്ഞിക്കുട്ടൻതമ്പുരാന്റെ മഹാഭാരത വിവർത്തനം പോലെ ധീരവും സാഹസികവുമായ ഒരു സംരംഭ”മെന്ന് എൻ.കെ. ദാമോദരനും വിലയിരുത്തിയിട്ടുണ്ട്. വിവർത്തനത്തെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്പങ്ങളെ മാറ്റിയെഴുതാനും പാവങ്ങളുടെ വിവർത്തനത്തിലൂടെ കഴിഞ്ഞു. ഗാന്ധിജിയോടുപോലും അഭിപ്രായമാരാഞ്ഞുകൊണ്ടാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ വിവർത്തനം ചെയ്തത് 1.

പാവങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ നാലപ്പാടനെ നിർബന്ധിക്കുന്നത് വള്ളത്തോളാണ്. പാവങ്ങളുടെ തർജ്ജമ പൂർത്തിയാക്കിയെങ്കിലും അത് സ്വന്തമായി അച്ചടിക്കാനുള്ള ധനശേഷി നാലപ്പാട്ട് നാരായണമേനോന് ഇല്ലായിരുന്നു. നൂറുകണക്കിന് പേജുകളുള്ള പുസ്തകം അച്ചടിയ്ക്കുന്നതിന് മുഖ്യധാരാ പ്രസാധകർക്കും താല്പര്യമില്ലായിരുന്നു. മംഗളോദയത്തെപ്പേലെ കേരളത്തിലെ ഏറ്റവും വലിയ പ്രസാധകർ പോലും അച്ചടിക്കാൻ മടി കാണിച്ചപ്പോൾ, വള്ളത്തോൾ തന്റെ ഏക സമ്പത്തായ പുസ്തകങ്ങൾ മുഴുവൻ മംഗളോദയം പ്രസ്സിനു ജാമ്യം കൊടുത്തിട്ടാണ് പാവങ്ങൾ അച്ചടിക്കുന്നത്.
പാവങ്ങൾ മൂന്നു വാള്യങ്ങളായിട്ടാണ് മംഗളോദയം പ്രസിദ്ധീകരിച്ചത്. 1925-ൽ ഒന്നാം വാള്യം പുറത്ത് വന്നു. തുടർന്ന് 1927- ലും 1928- ലും മറ്റ് വാള്യങ്ങളും. ഒന്നാം വാള്യം പുസ്തകരൂപത്തിൽ തയ്യാറായപ്പോൾ തന്നെ നാലപ്പാടനെയെും കൂട്ടി സ്വന്തം പുസ്തകമെന്ന പോലെ വള്ളത്തോൾ പുസ്തകവില്പനയ്ക്കിറങ്ങി. പലർക്കും പത്തു കോപ്പി വീതമാണ് കൊടുത്തു പണം വാങ്ങിയത്. മൂന്നു രൂപയായിരുന്നു ഒന്നാം വാള്യത്തിന്റെ വില. വള്ളത്തോളിനെയും പാവങ്ങളുടെ വിവർത്തനം ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ വായനയെ ഏറ്റവും സ്വാധീനിച്ച പുസ്തകം തെരഞ്ഞെടുക്കാൻ മാതൃഭൂമി പത്രത്തിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ വള്ളത്തോൾ തെരഞ്ഞെടുത്തത് പാവങ്ങൾ ആണെന്നുള്ളതും ചരിത്രവസ്തുതയാണ്.
വാല്മീകിരാമയണം തർജ്ജമ ചെയ്യാൻ ആദ്യം ചുമതലപ്പെടുത്തിയത് കേരളവർമ്മ വലിയ കോയിത്തമ്പുരാനെ ആയിരുന്നു. വാല്മീകിരാമയണം പരിഭാഷ തനിക്ക് ചെയ്യാനാഗ്രഹമുണ്ടെന്ന് വള്ളത്തോൾ വലിയ കോയിത്തമ്പുരാനെ കത്തിലൂടെ അറിയിച്ചു.
ഭാഷാനവോത്ഥാനത്തിന്റെയും ആധുനികീകരണത്തിന്റെയും ചരിത്രസന്ദർഭ ത്തിലാണ് വിവർത്തന ഗ്രന്ഥങ്ങൾ ധാരാളമായി പ്രസിദ്ധീകരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വേരുറയ്ക്കുന്ന ഭാഷാചിന്തകളിലും ധൈഷണിക സംവാദങ്ങളിലും പൊതുമലയാളമെന്ന വിചാരം ശക്തമായിരുന്നു. ഭാഷാപോഷിണി സഭയിലും ഭാരതവിലാസം സഭയിലും മാതൃഭാഷയുടെ അഭിവൃദ്ധിമാർഗ്ഗത്തെക്കുറിച്ച് നിരവധി ചിന്തകൾ അവതരിപ്പിക്കപ്പെട്ടു. കേവലം ഒത്തുചേരലിനും കൂട്ടായ്മയ്ക്കും അപ്പുറം വിജ്ഞാനത്തിന്റെയും ചിന്തയുടെയും പരസ്പരം പങ്കിടലിന്റെയും ലോകത്തേക്ക് എഴുത്തുകാരെയും വായനക്കാരെയും നയിച്ചത് ഈ സാഹിത്യ കൂട്ടായ്മകളാണ്. ആധുനിക വിജ്ഞാന വിനിമയരൂപങ്ങൾ എന്ന നിലയിൽ അച്ചടിച്ച ഗദ്യ ആഖ്യാനങ്ങളുടെ പ്രചാരണം, നിഘണ്ടു- വ്യാകരണഗ്രന്ഥങ്ങളുടെ നിർമ്മാണം, വിവർത്തനഗ്രന്ഥങ്ങളുടെ പ്രസാധനം, ശാസ്ത്രമലയാളത്തിനുവേണ്ടിയുള്ള പദസമ്പത്ത് വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ നിരവധി ഭാഷാപ്രവർത്തനങ്ങൾ സാഹിത്യസഭകൾ ഏറ്റെടുത്തു നടത്തി.
മാതൃഭാഷയിലൂടെ ഏതൊരറിവും വിനിമയംചെയ്യാമെന്നും ഒരു ചിന്തയായി അത് വികസിപ്പിക്കണമെന്നും മനസ്സിലാക്കിത്തുടങ്ങുന്ന ചരിത്രസന്ദർഭം കൂടിയായിരുന്നു ഭാഷാനവോത്ഥാനം. വിജ്ഞാനമണ്ഡലങ്ങളുടെ വികാസത്തിനും ഗ്രന്ഥസമുച്ചയങ്ങളുടെ വർദ്ധനയ്ക്കും വിവർത്തനഗ്രന്ഥങ്ങൾ ആവശ്യമാണെന്നും അതിനുവേണ്ടിയാണ് എഴുത്തുകാർ ഇനി ശ്രമിക്കേണ്ടതെന്നും ഭാഷാപോഷിണി സഭയിലും ഭാരതവിലാസം സഭയിലും നടന്നിട്ടുള്ള ചർച്ചകളിൽ പൊതു അഭിപ്രായമായിത്തന്നെ കടന്നുവരുന്നുണ്ട്. ഇതര ഭാഷകളിലെ വൈജ്ഞാനികഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യാനുള്ള പദസമ്പത്തും വിവർ ത്തനശേഷിയും മലയാളത്തിനുണ്ടെന്ന ഉത്തമബോധ്യം വള്ളത്തോളിനുണ്ടായിരുന്നു. ഭാഷയുടെ വികാസചരിത്രത്തിൽ വിവർത്തനഗ്രന്ഥങ്ങൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

വാല്മീകിരാമായണം, ഋഗ്വേദം എന്നിവ കൂടാതെ പദ്മം, മാർക്കണ്ഡേയം, മൽസ്യം, വാമനം എന്നീ പുരാണങ്ങളും, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേകം, പഞ്ചരാത്രം, സ്വപ്നവാസവദത്തം എന്നീ ഭാസനാടകങ്ങളും, വൽസരാജന്റെ ഹാസ്യചൂഡാമണി, കർപ്പൂരചരിതം, രുക്മിണീഹരണം എന്നീ രൂപകങ്ങളും, കാളിദാസന്റെ അഭിജ്ഞാന ശാകുന്തളവും, ആയുർവേദ കൃതികളും ഭാഷയിലേക്ക് വിവർത്തനം ചെയ്ത വള്ളത്തോളിന്റെ എഴുത്തുജീവിതത്തെ ഭാഷാനവോത്ഥാനത്തിന്റെ ചരിത്രസന്ദർഭവുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കേണ്ടത്. മലയാളത്തിലെ രണ്ടാമത്തെ സാഹിത്യസഭയായ ഭാരതവിലാസം സഭയുടെ ദ്വിതീയ സമ്മേളനത്തിൽ സംസ്കൃതത്തിലെ ക്ലാസ്സിക്കുകളായ സാഹിത്യ- വൈജ്ഞാനിക ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യണമെന്ന ആവശ്യം ഉയർന്നുവന്നു. സംസ്കൃതത്തിലെ ക്ലാസിക്ക് ഗ്രന്ഥങ്ങൾ മലയാളത്തിൽ ഭാഷാവ്യാഖ്യാനം നടത്തി പ്രസിദ്ധീകരിക്കുന്നതിന് എഴുത്തുകാരുടെ ഒരു പട്ടിക ഭാരതവിലാസം പ്രവർത്തകർ തയ്യാറാക്കുന്നുണ്ട്. വള്ളത്തോളും ഈ വിവർത്തന പ്രകിയയിൽ പങ്കാളിയാവുന്നുണ്ട്.
വാല്മീകിരാമയണം തർജ്ജമ ചെയ്യാൻ ആദ്യം ചുമതലപ്പെടുത്തിയത് കേരളവർമ്മ വലിയ കോയിത്തമ്പുരാനെ ആയിരുന്നു. വാല്മീകിരാമയണം പരിഭാഷ തനിക്ക് ചെയ്യാനാഗ്രഹമുണ്ടെന്ന് വള്ളത്തോൾ വലിയ കോയിത്തമ്പുരാനെ കത്തിലൂടെ അറിയിച്ചു. ‘നാരായണ മേനോൻ തന്നെ പരിഭാഷപ്പെടുത്തുകയാണ് വേണ്ടത്, ഇതിൽ താങ്കൾക്ക് വിജയം ആശംസിക്കുന്നു’ എന്നായിരുന്നു വലിയ കോയിത്തമ്പുരാൻ വള്ളത്തോളിന്റെ കത്തിനു നൽകിയ മറുപടി.
തൃശ്ശൂരിൽ കേരളകല്പദ്രുമം അച്ചുകൂടത്തിന്റെ മാനേജരായി പ്രവർത്തിക്കുന്ന കാലത്താണ് വള്ളത്തോൾ വാല്മീകി രാമായണത്തിന്റെ തർജ്ജമ പൂർത്തിയാക്കുന്നത്. വള്ളത്തോളിന്റെ മകൻ സി. അച്യുതക്കുറുപ്പ് എഴുതുന്നു:
“പ്രസ്സിലെ ജോലിയും രാമായണം പരിഭാഷയും ഒപ്പം മുടങ്ങാതെ നടത്തി. പകൽ പ്രസ്സിലെ ജോലി നോക്കേണ്ടിയിരുന്നതിനാൽ രാത്രിയിലാണ് പരിഭാഷ നിർവ്വഹിച്ചിരുന്നത്. പരിഭാഷയുടെ അസ്സൽ അമ്മയെക്കൊണ്ട് എഴുതിച്ചിരുന്നു. അച്ഛൻ ചൊല്ലിക്കൊടുക്കും. അമ്മ എഴുതും” (2017: 17).
‘ശെമ്മാന്റെ പ്രസ്സിൽ പോകുന്ന പൊട്ടൻ മേനോൻ’ എന്നാണ് കുന്നംകുളത്തെ ആളുകൾ വള്ളത്തോളിനെ കളിയാക്കി വിളിച്ചിരുന്നത്.
വാല്മീകി രാമായണം വിവർത്തനം ചെയ്യുന്ന കാലത്താണ് വള്ളത്തോളിന് ബാധിര്യം ബാധിക്കുന്നത്. വാല്മീകി രാമായണം തർജ്ജമ ചെയ്തതിന്റെ പാപഫലമാണ് വള്ളത്തോൾ അനുഭവിക്കുന്നതെന്ന് യാഥാസ്ഥിതികരായ ഒരു കൂട്ടം ആളുകൾ കുറ്റപ്പെടുത്തി. ഒരു തോണിയാത്ര എന്ന കവിതയിൽ അതിനുള്ള മറുപടി വള്ളത്തോൾ നൽകുന്നുണ്ട്:
‘വേദേതിഹാസാദിവിഭൂതിയെല്ലാം
മേൽജാതിതൻ പൈതൃകമാണുപോലും’.
അച്ചുകൂടങ്ങളുടെ പ്രവർത്തനങ്ങളിൽ വള്ളത്തോളിന് ഏറെ താല്പര്യമുണ്ടായിരുന്നു. തൃശ്ശൂരിലെ കേരളകല്പദ്രുമം അച്ചുകൂടത്തിലും, കുന്നംകുളത്തെ അക്ഷരരത്നപ്രകാശിനി (എ.ആർ.പി) അച്ചുകൂടത്തിലും വള്ളത്തോൾ സഹകരിച്ച് പ്രവർത്തിച്ചിരുന്നു. അക്ഷരരത്ന പ്രകാശിനി അച്ചുകൂടത്തിൽ വള്ളത്തോൾ പ്രവർത്തിച്ചിരുന്ന കാലത്തെപ്പറ്റി വള്ളത്തോളിന്റെ മകൻ സി. അച്യുതക്കുറുപ്പ് എഴുതുന്നു:
“കുളിയും കാപ്പിയും കഴിഞ്ഞ് പ്രസ്സിൽ പോകും. പുലിക്കോട്ടിൽ ജോസഫ് ഡീക്കന്റെ ഉടമസ്ഥതയിൽ നടന്നിരുന്ന പ്രസ്സാണത്. ശെമ്മാശന്റെ പ്രസ്സ് എന്നാണ് ആളുകൾ അതിനെ വിളിക്കാറ്. രാവിലെ പ്രസ്സിൽ പോയാൽ പന്ത്രണ്ടരമണിക്ക് തിരിച്ചുവരും. വീട്ടിൽ വന്നാൽ മുണ്ടും ഷർട്ടും വേഷ്ടിയും മാറ്റി, വേറെ ഒരു മുണ്ടുടുത്ത് തോർത്ത് തോളത്തിടും- അതാണ് വീട്ടിലെ വേഷം. ക്രിസ്ത്യാനിയുടെ പ്രസ്സിൽ നിന്നുവന്നാൽ കുളിക്കേണ്ടേ, അന്നത്തെ നാട്ടുനടപ്പ് അങ്ങനെയാണ്. ആ നാട്ടുനടപ്പ് അച്ഛൻ എത്രയോമുമ്പ് വേണ്ടെന്നുവച്ചിരുന്നു” (2017:19).
‘ശെമ്മാന്റെ പ്രസ്സിൽ പോകുന്ന പൊട്ടൻമേനോൻ’ എന്നാണ് കുന്നംകുളത്തെ ആളുകൾ വള്ളത്തോളിനെ കളിയാക്കി വിളിച്ചിരുന്നത്. മൂന്ന് ദശകക്കാലം അച്ചുകൂടപ്രവർത്തനങ്ങളിലും ആനുകാലികങ്ങളുടെ പത്രാധിപരെന്ന നിലയിലും കിട്ടിയ ഊർജ്ജവും കരുത്തുമാണ് ‘വള്ളത്തോൾ ഗ്രന്ഥാലയം’ തുടങ്ങുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മലയാള പുസ്തകപ്രസാധനരംഗത്ത് വളരെ വേഗം നിലയുറപ്പിക്കുവാൻ ‘വള്ളത്തോൾ ഗ്രന്ഥാല’യത്തിന് കഴിഞ്ഞു.

‘‘ഞാൻ ഋഗ്വേദം പരിഭാഷപ്പെടുത്താൻ
പോകുന്നു, ഞാൻ അന്ധനാകാം’’- മലയാള വിവർത്തനചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരിത്രസന്ദർഭത്തിന് ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ് മഹാകവി തന്റെ സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകളാണിവ. വാല്മീകി രാമായണം വിവർത്തനം ചെയ്തതുകൊണ്ടാണ് തനിക്ക് ബാധിര്യം ബാധിച്ചതെന്ന് പറഞ്ഞ യാഥാസ്ഥിതികർക്കുള്ള മറുപടിയായിട്ടാണ് വള്ളത്തോളിന്റെ ഈ വാക്കുകളെ കാണേണ്ടത്.
ഋഗ്വേദം ഭാഷയിലേക്ക് വിവർത്തനം നടത്തി പ്രസിദ്ധീകരിക്കണമെന്ന് വള്ളത്തോൾ വളരെക്കാലം മുമ്പേ ആലോചിച്ചിരുന്നു. 1944- ൽ എറണാകുളത്തു ചേർന്ന സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിൽ വള്ളത്തോൾ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: “എന്തുകൊണ്ട് കേരളത്തിന് ഋഗ്വേദം സ്വായത്തമാക്കിക്കൂടാ? ഒരു ലളിതവും മിതവുമായ വ്യാഖ്യാനത്തോടെ ആ പരിശുദ്ധഗ്രന്ഥം മലയാണ്മയിൽ അവതരിക്കുമെങ്കിൽ അത് ഒരു ചില്ലറ നേട്ടമായിരിക്കുമോ?. ഋഗ്വേദം മലയാളികൾക്ക് സുഗ്രഹമാക്കിയാൽ ഫലം മധുരോദാരമായിരിയ്ക്കും; അത് അന്ധവിശ്വാസങ്ങളകറ്റും; വർഗമത്സരങ്ങളെ വറ്റിയ്ക്കും; ഐക്യബുദ്ധിയെ അങ്കുരിപ്പിയ്ക്കും; സദാചാരനിഷ്ഠയെ സമുന്നയിപ്പിയ്ക്കും; കർമ്മവൈമുഖ്യത്തെ കൈവെടിയിയ്ക്കും; സാഹിത്യത്തെ സംസ്കാരപൂരിതമാക്കും” ( 1944:74). ഋഗ്വേദം പോലുള്ള കൃതിയുടെ ചരിത്രപരമായ മൂല്യത്തെ വള്ളത്തോൾ തിരിച്ചറിഞ്ഞിരുന്നു. വള്ള ത്തോൾ ഋഗ്വേദം തർജ്ജമചെയ്യുന്നതിന് മുമ്പ് ഇംഗ്ലീഷിൽ ഋഗ്വേദ തർജ്ജമകൾ പ്രസിദ്ധീ കരിക്കപ്പെട്ടിരുന്നെങ്കിലും, ഭാരതീയഭാഷകളിൽ മറാട്ടിയിൽ ഒഴികെ മറ്റൊരു ഭാഷയിലും വിവർത്തനം ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
‘എഴുപത്തിയഞ്ചാം വയസ്സിൽ ഋഗ്വേദവിവർത്തനത്തിന്റെ കരിംകടലിലേക്ക് ഉന്തി വീഴ്ത്തിയെന്ന്’ മുഖവുരയിൽ വള്ളത്തോൾ എഴുതിയിട്ടുണ്ട്. രണ്ടരക്കൊല്ലം കൊണ്ട് ഋഗ്വേദം അദ്ദേഹം പരിഭാഷപ്പെടുത്തി.
വള്ളത്തോൾ നടത്തിയ രാമായണ വിവർത്തനത്തെയും ഋഗ്വേദ വിവർത്തനത്തെയും ഭാഷാനവോത്ഥാനത്തിന്റെ ചരിത്രസന്ദർഭത്തോടു ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കേണ്ടത്. പാരമ്പര്യ ജ്ഞാനരൂപങ്ങൾക്ക് ആധുനികതയ്ക്കിണങ്ങുവിധം വ്യാഖ്യാനപാഠങ്ങൾ ഉണ്ടാക്കുവാനും അച്ചടിച്ച് പ്രസിദ്ധീകരിക്കുവാനുളള നിരവധി ശ്രമങ്ങൾ നവോത്ഥാന കാലത്ത് ഉണ്ടാകുന്നുണ്ട്. സുനിൽ പി. ഇളയിടം എഴുതുന്നു: “വ്യക്തിപരമായ സാഹിതീയ താത്പര്യങ്ങൾക്കപ്പുറം, വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണം എന്ന ചരിത്രപരമായ പ്രക്രിയയുടെ ഭാഗമാണ് ആ പരിശ്രമങ്ങളൊക്കെയും. ആധുനികമായ ജ്ഞാനവ്യവസ്ഥ മാനുഷികീകരണത്തിന്റെയും ജനാധിപത്യവത്ക്കരണത്തിന്റേതുമായ താത്പര്യങ്ങളോട് പുലർത്തിയ ഗാഢബന്ധങ്ങളാണ് പാരമ്പര്യ ജ്ഞാനരൂപങ്ങളെയപ്പാടെ- അഷ്ടാംഗ ഹൃദയവും മാതംഗലീലയുമുൾപ്പെടെ- മലയാളത്തിലെത്തിക്കാൻ വള്ളത്തോളും മറ്റും നടത്തിയ പരിശ്രമത്തിന്റെ പിന്നാമ്പുറത്തുള്ളത്” (2013: 253).
ഋഗ്വേദ വിവർത്തനത്തെ ഒരു തപസ്യയായി മഹാകവി കണ്ടു. ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് എഴുതുന്നു: “ഒരു ജ്യോത്സ്യൻ പ്രവചിച്ചു, വള്ളത്തോൾ എഴുപത്തിഏഴാം വയസ്സിൽ മരിക്കുമെന്ന്. ‘ഇല്ല ഞാൻ ചാവില്ല. എനിക്ക് ഈ ലോകത്തിൽ ജീവിച്ചു മതിയായില്ല. വരണമെന്ന് മരണം നിർബന്ധിച്ചാൽ ഞാൻ ചോദിക്കും, അവിടെ കഥകളിയുണ്ടോ എന്ന്. മാത്രമല്ല എനിയ്ക്കു ചിലതുകൂടി ചെയ്തുതീർക്കാനുണ്ട്, ഇവിടെവെച്ച്’- അടുത്തുവരുന്ന മരണത്തെ അങ്ങനെ പരിഹസിച്ചതിനുശേഷമാണ് ചിരഞ്ജീവലോക ത്തിലെ ആദ്യവിജ്ഞാനസമ്പത്തായ ഋഗ്വേദത്തിന്റെ പരിഭാഷയിൽ ഏർപ്പെട്ടത്” (1989: 690).
‘എഴുപത്തിയഞ്ചാം വയസ്സിൽ ഋഗ്വേദവിവർത്തനത്തിന്റെ കരിംകടലിലേക്ക് ഉന്തി വീഴ്ത്തിയെന്ന്’ മുഖവുരയിൽ വള്ളത്തോൾ എഴുതിയിട്ടുണ്ട്. രണ്ടരക്കൊല്ലം കൊണ്ട് ഋഗ്വേദം അദ്ദേഹം പരിഭാഷപ്പെടുത്തി. നിരവധി പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് ഋഗ്വേദം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ഒന്നാം വാള്യത്തിൽ ഋഗ്വേദത്തിന്റെ പ്രസാധനത്തിന് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വള്ളത്തോൾ എഴുതിയിട്ടുണ്ട്:
“പരിഭാഷ ചെയ്യാൻ ഉറച്ചതോടെ, മറ്റെല്ലാ പരിപാടികളും റദ്ദാക്കി ആ തപസ്യയിൽ മുഴുകി; പുരാണങ്ങൾ തർജ്ജമ ചെയ്തിരുന്ന കാലത്തെന്നപോലെ, ദിവസേന ഏഴും എട്ടും മണിക്കൂർ തുടർച്ചയായി ഇരുന്നെഴുതി രണ്ടുവർഷം കൊണ്ടാണ് അതുമുഴുമിച്ചതെന്നാണോർമ. പരിഭാഷ കഴിഞ്ഞപ്പോൾ, അതച്ചടിക്കാനെന്താണ് വഴിയെന്നതായി പിന്നത്തെ ആലോചന. കേന്ദ്രസാഹിത്യ അക്കാദമിയുടെ ധനസഹായത്തിനായി ഒരു അപേക്ഷ അയച്ചു. ജവഹർലാലിനും കെ.എം. പണിക്കർക്കും വിവരത്തിനെഴുതി. ഇരുപേരും താത്പര്യമെടുത്ത് അഭിനന്ദനം അറിയിക്കയുമുണ്ടായി. എന്നാൽ അന്നത്തെ നിലയ്ക്ക് 25,000 ക. ഉണ്ടെങ്കിലേ ആ മഹാഗ്രന്ഥം നാലു വാള്യങ്ങളായി അടിക്കാൻ പറ്റൂ. സ്വന്തം പ്രസ്സിൽ അച്ചടിക്കാം എന്ന സൗകര്യമുണ്ടായിരുന്നു. ആ നിലയ്ക്ക് 25,000 ക.യെങ്കിലു അനുവദിക്കണമെന്നപേക്ഷിച്ചുവെങ്കിലും അനുവദിച്ചുകിട്ടിയത് 15,000ക. മാത്രമായിരുന്നു” (1989: 695).

ആദ്യവാള്യം അച്ചടിച്ചതിനുശേഷം മഹാകവി നേരിട്ടുതന്നെ പുസ്തകത്തിന്റെ വില്പനയ്ക്കിറങ്ങി. മലയാള പുസ്തകങ്ങളുടെ ചരിത്രസഞ്ചാരവഴികളിലെ വേറിട്ട പുസ്തകവില്പന രീതി തന്നെയായിരുന്നു അത്. കേരളത്തിലെ സാഹിത്യ- സാമൂഹിക- രാഷ്ട്രീയ രംഗത്ത് പ്രവർത്തി ക്കുന്ന വ്യക്തിത്വങ്ങളുടെ അടുത്തും, വ്യാവസായരംഗത്ത് വിജയംവരിച്ച സംരംഭകരുടെ അടുത്തും പുസ്തകവുമായി വള്ളത്തോൾ എത്തി. എ. മാധവൻ ‘വള്ളത്തോളിന്റെ കൂടെ മദിരാശിയിൽ’ എന്ന ലേഖനത്തിൽ എഴുതുന്നു:
“അന്ന് ഋഗ്വേദം അച്ചടിപ്പിക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞിരുന്നു. രണ്ടാം വാള്യം അച്ചടിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ നാട്ടിൽ വന്നു. വള്ളത്തോൾ ചോദിച്ചു, ‘മദിരാശിയിൽ ഋഗ്വേദം എത്ര സെറ്റ് വിൽക്കാൻ കഴിയും?’. ‘മുപ്പതു മുപ്പത്തഞ്ചു സെറ്റു വിൽക്കാൻ കഴിയും’ എന്ന് ഞാൻ മറുപടിയും പറഞ്ഞു. രണ്ടാം വാള്യം അച്ചടിച്ചു ബയിന്റു ചെയ്തു കഴിഞ്ഞതോടെ അദ്ദേഹം മദിരാശിയിൽ വരുകയുണ്ടായി; മുപ്പത്തഞ്ചു സെറ്റ് ഋഗ്വേദ പുസ്തകവും കൂടെയുണ്ട്. കൂടാതെ, അദ്ദേഹം പേരെഴുതി ഒപ്പിട്ടു എനിക്ക് പാരിതോഷികമായി തന്ന രണ്ട് പുസ്തകങ്ങളും. അന്നുരാവിലെ എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ‘മുപ്പത്തഞ്ചു സെറ്റു പുസ്തകങ്ങൾ കൊണ്ടുവന്നിട്ടുണ്ട്, വേഗം വിറ്റ് പണമാക്കണം’. മൂന്നുനാലു ദിവസം വേണ്ടിവന്നു ഈ മുപ്പത്തഞ്ചു സെറ്റും വിറ്റഴിയ്ക്കുവാൻ. അതിൽ ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു, ‘ഞാൻ വരണോ? നിങ്ങൾ രണ്ടാളും കൂടി പോയാൽപ്പേരെ?’ ഞാൻ പറഞ്ഞു വരണ്ട, പുസ്തകം വിൽക്കുകയില്ല ഋഗ്വേദം വാങ്ങി വായിക്കാനുള്ള വെമ്പൽകൊണ്ടോ, ഞങ്ങൾ ചെല്ലുന്നതിലുള്ള കൃതജ്ഞതകൊണ്ടോ അല്ല ഋഗ്വേദം വിറ്റഴിഞ്ഞിരുന്നത്. മഹാകവി വള്ളത്തോൾ നേരിട്ട് ചെന്നാവശ്യപ്പെട്ടാൽ ഋഗ്വേദം വേണ്ട എന്നു പറയാൻ ആളുകൾ അശക്തരായിരുന്നു. തീർന്നോരനന്തരം ഋഗ്വേദത്തിന്റെ കുറച്ചു സെറ്റുകൾ കൂടി വാങ്ങുവാൻ ആളുകൾ ഉണ്ടായിരുന്നു. ചെറുതുരുത്തിയിൽനിന്ന് പത്തുസെറ്റു കൂടി ഉടനെ വരുത്തി മദിരാശിയിൽ വിറ്റുതീർത്തു’’ (2017:65).
ഋഗ്വേദ പരിഭാഷയുടെ വില്പനയുമായി ബന്ധപ്പെട്ട മറ്റൊരു സന്ദർഭം കൂടി നോക്കുക. പുസ്തകവില്പനയ്ക്കായി മഹാകവി ആലുപ്പഴയിലെത്തി പല പ്രമുഖർക്കും പുസ്തകം വിറ്റു. അക്കൂട്ടത്തിൽ പ്രമുഖ വസ്ത്രസ്ഥാപനമായ ശീമാട്ടി ഹാളിന്റെ ഉടമ വീരയ്യാ റെഡ്യാരേയും കണ്ടു. സ്വയം പരിചയപ്പെടുത്തിയ ശേഷം, എട്ടണ വില തന്ന് ഈ പുസ്തകം അങ്ങ് വായിക്കണമെന്ന് പറഞ്ഞപ്പോൾ, “ഒന്നുകിൽ ഞാൻ നഷ്ടപ്പെടാം അല്ലെങ്കിൽ കഷ്ടപ്പെടാം. “അങ്ങനെയെങ്കിൽ എട്ടണ തന്ന് അങ്ങ് പുസ്തകം വാങ്ങിയാൽ മാത്രം മതി. വായിച്ച് കഷ്ടപ്പെടണമെന്നില്ല” എന്നായിരുന്നു വള്ളത്തോളിന്റെ മറുപടി.
ദേശീയപ്രസ്ഥാനത്തിലും ഇടതുപക്ഷപ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചിരുന്ന വള്ളത്തോളിന്റെ മകൻ അച്യുതക്കുറുപ്പിനെ അന്വേഷിച്ച് പ്രസ്സിൽ ഒരിക്കൽ പോലീസ് എത്തി. വള്ളത്തോൾ ഗ്രന്ഥാലയം റെയ്ഡ് ചെയ്തു.
വള്ളത്തോളിന്റെ മകൻ സി. ബാലചന്ദ്രൻ എഴുതുന്നു: “കഥകളിപ്പെട്ടി ഏറ്റി നടന്ന് തല കഷണ്ടിയായി എന്ന് സാധാരണ അച്ഛൻ പറയാറുണ്ട്. എന്നാൽ കഥകളിപ്പെട്ടി ഏറ്റിയിട്ടു മാത്രമല്ല, പുസ്തകങ്ങൾ ഏറ്റി നടന്നിട്ടും തല കഷണ്ടിയായിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ഉന്നതനായ ഒരു കവിയ്ക്കുപോലും തന്റെ പുസ്തകങ്ങൾ ഏറ്റി നടന്നിട്ടുവേണം കഴിയാൻ. അതാണല്ലോ മലയാളഭാഷയുടെ നിലവാരം. ഋഗ്വേദപരിഭാഷ വിൽക്കാൻ നടക്കുന്ന സമയത്ത് ഒരു മലയാളി മാന്യൻ പറയുകയുണ്ടായി: ‘ഞാൻ മലയാളം വായിക്കാറില്ല’. അച്ഛൻ പുഞ്ചിരി തൂകികൊണ്ട് മറുപടി കൊടുത്തു: ‘രണ്ടിനും കൂടി ഞാൻ ബുദ്ധിമുട്ടിയ്ക്കുന്നില്ലാ’; പണം തരാനും വായിയ്ക്കാനും കൂടി. ‘എനിക്ക് പണം തന്നാൽ മതി’. രാമായണം തർജ്ജമ വിൽക്കാൻ നടക്കുന്ന കാലത്ത് ഒരു ദിവസം ഉച്ചയ്ക്ക് ബാങ്ക് മാനേജരായ ഒരു സുഹൃത്തിന്റെ അതിഥ്യം സ്വീകരിച്ച് ബാങ്കിൽ തന്നെ പതിവുള്ള ഉച്ചയുറക്കവും കഴിച്ച് പോരാൻ തുടങ്ങിയപ്പോൾ മാനേജരോട് ചോദിക്കുന്നത് കേട്ടു: ‘കിടന്നുറങ്ങിയതിന് പലിശ ചോദിക്കില്ലല്ലോ’’ (2017:26)

വള്ളത്തോൾ ഗ്രന്ഥാലയത്തിൽ
പോലീസ് റെയ്ഡ്
ദേശീയപ്രസ്ഥാനത്തിലും ഇടതുപക്ഷപ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചിരുന്ന വള്ളത്തോളിന്റെ മകൻ അച്യുതക്കുറുപ്പിനെ അന്വേഷിച്ച് പ്രസ്സിൽ ഒരിക്കൽ പോലീസ് എത്തി. വള്ളത്തോൾ ഗ്രന്ഥാലയം റെയ്ഡ് ചെയ്തു. പോലീസ് റെയ്ഡിനെക്കുറിച്ച് അച്യുതക്കുറുപ്പ് എഴുതുന്നു:
“പാർട്ടി നിരോധിക്കപ്പെട്ടു. മുൻനിരയിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെല്ലാം ഒളിവിലായി. എന്നെപ്പോലുള്ള രണ്ടാം നിരക്കാർ മാത്രമേ നിയമവിധേയരായി പുറത്തിറങ്ങി നടന്നുള്ളൂ. വള്ളത്തോൾ പ്രസ്സിന്റെ നേർക്കായിരുന്നു പോലീസ് അധികൃതരുടെ നോട്ടം. കാരണം, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാവശ്യമായ ലഘുലേഖകളും മറ്റും അടിച്ചിരുന്നത് ആ പ്രസ്സിലായിരുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും അച്ചടിച്ചു എന്നു പറയാൻ അവർക്കൊരു ഹേതുവും കണ്ണിൽപ്പെട്ടില്ല. എങ്കിലും എന്തെങ്കിലും നടപടി ഉണ്ടാകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പ്രതീക്ഷ അസ്ഥാനത്തായില്ല. ഗോവിന്ദക്കുറുപ്പായിരുന്നു അന്ന് പ്രസ്സിൽ. ഞാൻ പ്രസ്സിലുണ്ടായിരുന്നെങ്കിൽ എന്നെ കൈയോടെ അറസ്റ്റ് ചെയ്തേനേ” (2017:52).
വള്ളത്തോളിന്റെ ജീവിതകാലത്തു തന്നെയാണ് പ്രസ്സ് പോലീസ് റെയ്ഡ് ചെയ്യുന്നത്. പോലിസിന്റെ നടപടിയിൽ വള്ളത്തോൾ ഏറെ ദു:ഖിതനായിരുന്നുവെന്നും മകൻ അച്യുതക്കുറപ്പ് എഴുതിയിട്ടുണ്ട്.
നവോത്ഥാനത്തിന്റെ ആശായടിത്തറ രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങളും അച്ചുകൂട ങ്ങളും വഹിച്ച പങ്ക് വലുതാണ്. ‘വള്ളത്തോൾ ഗ്രന്ഥാലയം’ കേരളീയ പ്രസാധന ചരിത്രത്തിൽ നടത്തിയ ഇടപെടലുകളെ കൂടി അടയാളപ്പെടുത്തിയാൽ മാത്രമേ കേരളീയപുസ്തക പ്രസാധന ചരിത്രം പൂർണ്ണമാകുകയുള്ളൂ.

▮
കുറിപ്പുകൾ:
1. പാവങ്ങളുടെ വിവർത്തനവുമായി ബന്ധപ്പെട്ട് നാലപ്പാട്ട് നാരായണമേനോൻ എഴുതിയ കത്തിന് മറുപടിയായി ഗാന്ധി എഴുതുന്നു: “I can only interpret your proposal to mean that you want to translate Less miserable in to Malayalam. If so an adaptation may do some good. To make it readable you will have to alter names and adapt situations. Why not draw pictures form real life? You have more than enough there (in Kerala). Go into the midst of the invisibles and bury yourself in their midst for a few month” (1998:12).
2. 1934-ൽ വള്ളത്തോൾ ഗ്രന്ഥാലയം ആരംഭിക്കുന്നതോടെയാണ് വള്ളത്തോ ളിന്റെ കൃതികൾ സ്വന്തം പ്രസ്സിൽ നിന്ന് അച്ചടിക്കുവാൻ ആരംഭിക്കുന്നത്. വിഷുക്കണി (1941), ശരണമയ്യപ്പ (1942), സ്ത്രീ (1944), സാഹിത്യമഞ്ജരി 4-ാംഭാഗം (1944), ഓണപ്പുടവ (1950), റഷ്യയിൽ (1951), സാഹിത്യമഞ്ജരി 8-ാംഭാഗം (1951), ബാപ്പുജി (1951), അഭി വാദ്യം (1956), സാഹിത്യമഞ്ജരി 9-ാംഭാഗം (1959), ഖണ്ഡകൃതികൾ (1965), നാഗില (1962), ഭഗവൽസ്തോത്രമാല (1962), വള്ളത്തോൾ സുധ (1962), പ്രസംഗവേ ദിയിൽ (1964), സാഹിത്യമഞ്ജരി 10-ാംഭാഗം (1964), വള്ളത്തോളിന്റെ ഗ്രന്ഥനിരൂപ ണങ്ങൾ (1964), വള്ളത്തോൾ സ്മാരകോപഹാരം (1965) തുടങ്ങിയവ വള്ളത്തോൾ ഗ്രന്ഥാലായം പ്രസിദ്ധീകരിച്ചിച്ച പ്രധാന കൃതികളാണ്.
▮
ഗ്രന്ഥസൂചി
അച്യുതക്കുറുപ്പ്, സി, 2017, വള്ളത്തോൾ സ്മരണകൾ, സാഹിത്യപ്രവർത്തകസഹക രണസംഘം, കോട്ടയം.
അനിൽ വള്ളത്തോൾ (എഡി), 2022 , വള്ളത്തോളിന്റെ സഞ്ചാരപഥങ്ങൾ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, തിരൂർ.
ഗോവി, കെ.എം., 1974, മലയാളഗ്രന്ഥസൂചി, വാല്യം ഒന്ന്, രണ്ട്, (ജന.എഡിറ്റർ) കേരളസാഹിത്യഅക്കാദമി, തൃശൂർ.
ദാമോദരൻ, എൻ.കെ., 1988, ‘നാലപ്പാടന്റെ പാവങ്ങൾ’, ഭാഷാപോഷിണി, പുസ്തകം -11 ലക്കം-6. ഏപ്രിൽ- മെയ്.
സുനിൽ പി. ഇളയിടം, 2017, വീണ്ടെടുപ്പുകൾ, മാർക്സിസവും, ആധുനികതാവിമർ ശനവും, കേരളശാസ്ത്രസാഹിത്യപരിഷത്ത്, തൃശ്ശൂർ.
സാഹിത്യപരിഷത്ത് മാസിക 1944, മെയ് .
വള്ളത്തോൾ സ്മാരകോപഹാരം, 1965, വള്ളത്തോൾ ഗ്രന്ഥാലയം, ചെറുതുരുത്തി.
Susan Stewart, 1991, Crimes of Writing Problems in the Containment of Representation, Oxford University Press.
