കരുത്തിന്റെ പര്യായമായ സ്ത്രീകൾ മലയാള കഥയിൽ

ഈ സ്​ത്രീ എനിക്ക് മാതൃകയാണ് എന്ന് തോന്നിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ഒരു സ്​ത്രീകഥാപാത്രത്തെ, മലയാളസാഹിത്യത്തിൽ ചിത്രീകരിക്കാൻ ആരും താല്പര്യപ്പെട്ടിട്ടില്ല. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്രീരേഖാ പണിക്കർ എഴുതിയ ലേഖനം.

ലയാള ഭാഷയിൽ പാശ്ചാത്യ സാഹിത്യത്തിലു ള്ളതുപോലെ ശക്തരായ സ്​ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ‘രണ്ടാമൂഴ’ത്തിലെ ഭീമനെപ്പോലെ എക്കാലവും എല്ലാവരും ഓർത്തിരിക്കുന്ന ഒരു സ്​ത്രീകഥാപാത്രത്തെ മലയാളത്തിലെ പ്രതിഭാധനരും പ്രഗൽഭരുമായ എഴുത്തുകാർ ഏതെങ്കിലും ഒരു കൃതിയിൽ ചിത്രീകരിച്ചിട്ടുണ്ടോ?

വടക്കൻപാട്ടിൽ ഉണ്ണിയാർച്ചയെക്കുറിച്ച് പറയുമ്പോൾ ‘പെണ്ണായ ഞാനോ വിറക്കുന്നില്ല, ആണായ നീയും വിറക്കുന്നുണ്ടോ?’ എന്ന് അല്ലിമലർക്കാവിലേക്ക് പോകും വഴി നാദാപുരത്തങ്ങാടിയിൽ വെച്ച് തെമ്മാടികളാൽ വെല്ലുവിളിക്കപ്പെട്ടപ്പോൾ ധൈര്യത്തോടും പരിഹാസ ത്തോടും കൂടി സ്വന്തം പുരുഷനോട് ചോദിക്കുന്ന സ്​ത്രീയെയാണ് ചിത്രീകരിക്കുന്നത്. അതുപോലെ സ്​മാർത്തവിചാരത്തിൽ താൻ ലൈംഗികമായി ബന്ധപ്പെട്ട 65 പുരുഷന്മാരുടെയും അടയാളങ്ങളും രഹസ്യവിവരങ്ങളും വെളിവാക്കി രാജാധികാരത്തെയും പൗരോഹിത്യത്തേയും വിറപ്പിച്ച അസാധാരണ ത​ന്റേടമുള്ള കുറിയേടത്ത് താത്രിയെക്കുറിച്ച് സർ ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാർക്കൊപ്പമോ അതിനുമേലെയോ ധൈര്യവും കഴിവുമുള്ള എത്രയോ വനിതകളെ കേരളചരിത്രം വായിച്ചാൽ കണ്ടെടുക്കാൻ കഴിയും. പക്ഷേ, ഈ സ്​ത്രീ എനിക്ക് മാതൃകയാണ് എന്ന് തോന്നിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ഒരു സ്​ത്രീകഥാപാത്രത്തെ, മലയാളസാഹിത്യത്തിൽ ചിത്രീകരിക്കാൻ ആരും താല്പര്യപ്പെട്ടിട്ടില്ല.

ഞാൻ സ്​ത്രീപക്ഷവാദിയോ ഫെമിനിസ്റ്റോ അല്ല. പുരുഷന്റെ വാരിയെല്ലിൽ നിന്ന് സ്​ത്രീയെ സൃഷ്ടിച്ചു എന്ന് പറയുമ്പോൾ തന്നെ സ്​ത്രീയില്ലാതെ പുരുഷൻ അപൂർണ്ണനാണ് എന്ന സങ്കല്പം ഉരുത്തിരിഞ്ഞിരുന്നു. ശിവനും ശക്തിയും പ്രകൃതിയുടെ ആധാരമാണ് എന്ന പ്രസ്​താവ്യവും അതിനെ സമർത്ഥിക്കുന്നു. ശിവഭഗവാൻ, അർദ്ധനാരീശ്വരൻ ആകുമ്പോഴാണ് പരിപൂർണ്ണനാകുന്നത്. സ്​ത്രീയും പുരുഷനും പരസ്​പരപൂരകങ്ങളാണ്. പക്ഷേ, സ്​ത്രീക്ക് കിട്ടേണ്ട ആ സ്​ഥാനം ആരെങ്കിലും അവൾക്ക് കൊടുത്തിട്ടുണ്ടോ? അവൾക്ക് ഏതു യുഗത്തിലെങ്കിലും നീതി ലഭിച്ചിട്ടുണ്ടോ? അതിൽ മാത്രമാണ് തർക്കം. എപ്പോഴും സ്​ത്രീ അബലയാണ്, ദുർബ്ബലയാണ് എന്ന ബിരുദം കിരീടംപോലെ അണിയിക്കുന്നു. ഏതുപ്രായത്തിലും സ്വാതന്ത്ര്യം അർഹിക്കാത്ത താണ് സ്​ത്രീജന്മം എന്ന് മനുസ്​മൃതി. ബ്രഹ്മവാദിനി കളും അപാരജ്ഞാനികളുമായ ഗാർഗി, മൈത്രേയി തുടങ്ങിയവർ വസിഷ്ഠനെപ്പോലെയുള്ള മുനിമാരെ പ്രപഞ്ചത്തെക്കുറിച്ചുള്ള വാഗ്വാദത്തിൽ തോല്പിക്കു മെന്നായപ്പോൾ അവളുടെ ജിഹ്വ മുറിച്ചുമാറ്റുക എന്ന് സദസിലെ പുരുഷന്മാർ ആക്രോശിച്ചു എന്ന് പുരാണം. മലയാളത്തിലെ പ്രിയ കഥാകാരൻ എം.ടി. എഴുതിയത് ഓർക്കുക; ‘നീയടക്കമുള്ള പെൺവർഗ്ഗം ആരും കാണാത്തത് കാണും, ശപിച്ചുകൊണ്ട് കൊഞ്ചും, മോഹിച്ചുകൊ് വെറുക്കും, ഇനിയും കൂടുതൽ ആയുധം കൈവശമുങ്കെിൽ പറയുക’- സ്​ത്രീകളെ മുഴുവൻ ലക്ഷ്യമിട്ടാണ് ഈ പരാമർശം.

READ RELATED CONTENTS

മാനസികമായ അസാധാരണ കരുത്തുകൊണ്ട് മലയാളിയെ അമ്പരപ്പിച്ച മൂന്നു സ്​ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. ഝാൻസിറാണിയെപ്പോലെ, ഉണ്ണിയാർച്ചയെപ്പോലെ നേർക്കുനേരെ നിന്ന് വാൾ വീശുന്നവൾ മാത്രമല്ല ശക്തയായ സ്​ത്രീ. ഏതു ദുർഘട സാഹചര്യങ്ങളിലും സ്​ഥിതപ്രജ്ഞയായി നിന്ന് അതിനെ സധൈര്യം നേരിടുന്നവളാണ് സുബലയായ സ്​ത്രീ.

ഞാൻ ഇപ്പോഴും എപ്പോഴും ഓർമ്മിക്കുന്ന ഈ മൂന്നു സ്​ത്രീകൾ അത്തരത്തിലുള്ളവരാണ്. ഹൃദയത്തിൽ ഇരമ്പുന്ന പ്രക്ഷുബ്ധമായ കടലിന്റെ ഒച്ച ഒട്ടും പുറമേ കേൾപ്പിക്കാതെ, തന്റെ ദുഃഖങ്ങൾ സഹനത്തിന്റെ പുഞ്ചിരി കൊണ്ട് നേരിട്ട കഥാപാത്രമാണ് ഉറൂബിന്റെ മിണ്ടാപ്പെണ്ണിലെ നായിക കുഞ്ഞുലക്ഷ്മി. എല്ലാവരും ഉറൂബിന്റെ ഉൽകൃഷ്ട രചനയായി രാച്ചിയമ്മയെ വാഴ്ത്തുമ്പോഴും എന്നെ അമ്പരപ്പിച്ച കഥാപാത്രം കുഞ്ഞുലക്ഷ്മിയാണ്. ജീവനുതുല്യം സ്​നേഹിച്ച യുവാവ്, മറ്റൊരു സ്​ത്രീയെ പ്രേമിക്കുന്നതറിഞ്ഞ്, അയാളുമായി അവളുടെ വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയെടുക്കുന്ന സ്​ത്രീയാ ണ് അവൾ. അവളുടെ സ്​നേഹം ആരോടും കുഞ്ഞുലക്ഷ്മി പറഞ്ഞിരുന്നില്ല. അയാൾ അവളുടെ മുറച്ചെറുക്കനായിരുന്നു. കുടുംബത്തിൽ എല്ലാവരും ആ ബന്ധത്തെ മനസാ അംഗീകരിച്ചിരുന്നു. പക്ഷേ, ആ യുവാവിനും സഹപ്രവർത്തകയോടുള്ള ആകർഷണം മനസ്സിലായപ്പോൾ സ്വയം ഒഴിഞ്ഞുമാറുകയും, വീട്ടുകാരുടെ എതിർപ്പുകളെ ഇല്ലാതാക്കാൻ അയാളോടൊപ്പം നില്ക്കുകയും വാദിക്കുകയും, ബന്ധുക്കളെ വിവാഹം നടത്തിക്കൊടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ആ കഥ വായിച്ചുതീരുമ്പോൾ മനസ്സിന് വിങ്ങലുണ്ടാക്കുന്ന ഒരു വാചകം ഉറൂബ് എഴുതിയിട്ടുണ്ട്. തങ്ങളുടെ വിവാഹം നടത്താൻ അക്ഷീണം പരിശ്രമിച്ചിട്ടും, വിവാഹം കഴിഞ്ഞ ഉടനെ തിരിച്ചുപോകാൻ തിടുക്കം കൂട്ടുന്ന കുഞ്ഞു ലക്ഷ്മിയെ നോക്കി, ഭർത്താവിനോട് ഭാര്യ പറയുന്നു, അവൾ പോകട്ടെ, അവളെ തടയണ്ട. അവൾക്ക് കരയണം. അവൾ മതിയാവോളം കരയട്ടെ. ഭർത്താവ്, ഭാര്യയെ അൽഭുതത്തോടെ നോക്കുമ്പോൾ, ഭാര്യ വീണ്ടും പറയുന്നു, എനിക്ക് അറിയാം അവളുടെ മനസ്സ്. ഒരു പെണ്ണിനേ അത് മനസ്സിലാവൂ, പുരുഷനായ നിങ്ങൾ അത് അറിഞ്ഞിട്ടില്ല.

ഒരു പുരുഷൻ ഒരിക്കലും താൻ വളരെ മോഹിച്ച ഒരു സ്​ത്രീയെ സ്വമേധയാ മറ്റൊരാൾക്ക് വിട്ടുകൊടുക്കുമെന്ന് ഞാൻ കരുതുന്നില്ല. പ്രണയനിരാസം നേരിടുമ്പോൾ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തുന്ന കാമുകന്മാരുടെ കഥകളാണ് ചുറ്റും നാം കേൾക്കുന്നത്. അപരിമിതമായതും ഗാഢസ്​നേഹത്തിന്റെ മറുപുറവുമാണ് ത്യാഗം എന്ന് കരുതുന്ന ഹൃദയവിശുദ്ധിയുള്ള സ്​ത്രീയുടെ കഥയാണ് മിണ്ടാപ്പെണ്ണിൽ ഉറൂബ് പറയുന്നത്. താൻ സ്​നേഹിച്ച പുരുഷൻ എന്നും സന്തോഷമായി ഇരിക്കുന്നത് കാണാനാണവൾ ആഗ്രഹിക്കുന്നത്. അയാൾ നിരാശനും ദുഃഖിതനുമാവുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നില്ല.

തന്റെ അസഹനീയമായ വികാരവിക്ഷോഭത്തെ ഇത്രയും സമചിത്തതയോടെ നേരിടാൻ, ആ സങ്കടം അടക്കിവെക്കാൻ സ്​ത്രീയെപ്പോലെ ഒരു പുരുഷന് കഴിയുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അതിനാൽ ആ മിണ്ടാപ്പെണ്ണ് ഉള്ളുകൊണ്ട് ശക്തയായ സ്​ത്രീയാണെന്ന് ഞാൻ കരുതുന്നു.

ഓർമ്മയിൽ തെളിയുന്ന മറ്റൊരു കഥാപാത്രം, പത്മരാജന്റെ ശൂർപ്പണഖ എന്ന കഥയിലെ സ്​ത്രീയാണ്. തന്റെ മാറത്ത് ഒരു മുഴ ഉള്ളത് ഡോക്ടറെ കാണിച്ചപ്പോൾ അത് അർബുദമാകാമെന്നും അത് മുറിച്ചുമാറ്റണമെന്നും പറയുമ്പോൾ തിരിച്ച് വീട്ടിൽവന്ന് തന്റെ പ്രാണനായ ഭർത്താവിന്റെ കൈയിൽ മൂർച്ചയുള്ള കത്തി കൊടുത്തിട്ട് എന്റെ ശരീരത്തിൽ ഇതുവരെ ആരും തൊട്ടിട്ടില്ല, നിങ്ങൾതന്നെ അത് അറുത്ത് കളഞ്ഞാൽ മതി എന്നു പറയുന്ന കഥാപാത്രം ഇപ്പോഴും കണ്ണു നനയിക്കുന്നു. ഉപാധികളില്ലാത്തതും പരിധികളില്ലാത്തതുമായ സ്​നേഹം നല്കുന്ന ധൈര്യമാണ് ആ സ്​ത്രീയുടെ വാക്കുകളിൽ. കത്തികൊണ്ട് അയാൾ മാറ് മുറിക്കുമ്പോൾ അത് മരണത്തിനുതന്നെ കാരണമാകുമോ എന്ന സംശയമോ ആധിയോ ഭയമോ ഒന്നുമില്ലാതെ താൻ വിശ്വാസപൂർവ്വം സ്​നേഹിക്കുന്ന പുരുഷനെ അവൾ ആശ്രയിക്കുന്നു. ഒരു പുരുഷന് ഒരിക്കലും ഇത്രമാത്രം വിശ്വാസവും സ്​നേഹവും സ്​ത്രീയിൽ ഉണ്ടാവുകയില്ല. സ്​ത്രീയുടെ ഉള്ളിലെ തീക്ഷ്ണപ്രേമവും തന്റെ പുരുഷനോടുള്ള സമർപ്പണവും ആത്മധൈര്യവുമാണവളെ ഇതിന് പ്രാപ്തയാക്കുന്നത്. ഇതാണ് ശക്തയായ സ്​ത്രീയുടെ മുഖം.

ലളിതാംബിക അന്തർജ്ജനത്തിന്റെ കഥയായ മനുഷ്യപുത്രിയിലെ അന്തർജ്ജനം ഇതുപോലെ നിഷ്ക്കാമ കർമ്മിയായ സ്​ത്രീയാണ്.
ലളിതാംബിക അന്തർജ്ജനത്തിന്റെ കഥയായ മനുഷ്യപുത്രിയിലെ അന്തർജ്ജനം ഇതുപോലെ നിഷ്ക്കാമ കർമ്മിയായ സ്​ത്രീയാണ്.

ലളിതാംബിക അന്തർജ്ജനത്തിന്റെ കഥയായ മനുഷ്യപുത്രിയിലെ അന്തർജ്ജനം ഇതുപോലെ നിഷ്ക്കാമ കർമ്മിയായ സ്​ത്രീയാണ്. ക്രൂശിതയായ മനുഷ്യപുത്രിയാണ് അവൾ. ഒരുകാലത്ത് അവൾ അതിസമ്പന്നയായിരുന്നു. പക്ഷേ, അപ്പോഴും അവൾ സഹജീവികളോടുള്ള കരുണകൊണ്ടും സ്​നേഹം കൊണ്ടും ഉദാരമതിയായിരുന്നു. സമ്പന്നതയുടെ കാലത്ത് അവർ മിക്ക ദിവസവും പട്ടിണികിടന്ന് വ്രതമെടുത്തിരുന്നു. എന്തിനാണ് ആഹാരം ഇങ്ങനെ ഉപേക്ഷിക്കുന്നത് എന്ന് പരിചാരിക ചോദിച്ചപ്പോൾ അവരുടെ മറുപടി എല്ലാവരുടെയും കണ്ണുതുറപ്പി ക്കുന്നതാണ്. എനിക്ക് എല്ലാം ഉണ്ട്. പക്ഷേ ഞാൻ വ്രതമെടുക്കുന്നത് ഇല്ലായ്മയുടെ ദുഃഖം അറിയാനാണ്, ദാരിദ്ര്യം അനുഭവിക്കാനാണ് എന്ന് അവർ പറയുന്നു.

തന്റെ ഔരാദ്യം കൊണ്ട് ഉന്നതനിലയിലെത്തിയ ആളെ വർഷങ്ങൾക്കുശേഷം കാണാനെത്തിയ അന്തർജ്ജനം അയാളുടെ ഉയർച്ചക്ക് കളങ്കമില്ലാത്ത സന്തോഷം കൊണ്ട് അയാളെ ആശ്ലേഷിക്കുന്നു. അവൾ ഇപ്പോൾ പരമദരിദ്രയാണ്. പക്ഷേ അവർ ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കുന്നില്ല. അയാൾക്ക് നന്ദി ഇല്ലെന്ന് ആക്ഷേപിക്കുന്നില്ല. പക്ഷേ, ഇല്ലായ്മ കൊണ്ട് വലയുന്ന ചെറുമകനെ ചേർത്തുനിർത്തി ന്യായമായ ഒരു കാര്യം മാത്രം അവർ അപേക്ഷിക്കുന്നു. ഈ കുട്ടിയെ ഒന്നു സ്​കൂളിൽ ചേർത്തു തരിക. ഉച്ചക്കഞ്ഞിയെങ്കിലും കിട്ടുമല്ലോ. അയാൾ പണ്ട് അവരുടെ പണിക്കാരിയുടെ മകനായി രുന്നു. ഇപ്പോൾ ഉന്നത രാഷ്ട്രീയനേതാവായി അധികാരത്തിലിരിക്കുന്ന അയാൾ പശ്ചാത്താപത്തോടെ അവരുടെ പാദം വണങ്ങി പറയുന്നു: ഇല്ലം തകർത്തതും പാട്ടം കിട്ടാതാക്കിയതും ജന്മിത്വം തകർത്ത് സ്​ഥലങ്ങൾ വീതിച്ചു കൊടുത്തതും ഞങ്ങളുടെ പാർട്ടിയാണ്. സമരകോലാഹലങ്ങൾക്കിടയിൽ, അന്ന് വിശന്നപ്പോൾ ചോറ് വിളമ്പിത്തന്ന അവിടുത്തെ കൈകൾ ഞാൻ മറന്നുപോയി. എന്നിട്ടും അവിടുന്ന് ഞങ്ങളെ ശപിക്കുന്നില്ല, പകരം ശാപത്തെക്കാൾ ശക്തിമത്തായ അനുഗ്രഹം കൊണ്ട് മൂടുന്നു. കുറ്റബോധം കൊണ്ട് കുനിഞ്ഞുനില്ക്കുന്ന ആ രാഷ്ട്രീയനേതാവിന്റെ അധികാരതിമിരം ബാധിച്ച കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട്, യാതൊരു വിദ്വേഷമോ കുറ്റപ്പെടുത്തലോ ഇല്ലാതെ സ്​നേഹവും അനുകമ്പയും നല്കി ആശ്വസിപ്പിക്കുന്ന ആ അന്തർജ്ജനം അതിശക്തയായ സ്​ത്രീയാണ്. കായികശേഷിയെക്കാൾ ആന്തരികശക്തയാണ് അവളെ വ്യത്യസ്​തയാക്കുന്നത്. മറ്റുള്ളവർ നന്നാകുന്നതുകണ്ട് ആഹ്ലാദിക്കുന്ന വിശാലഹൃദ യവും ക്ഷമയും സഹനവും ഒരു സ്​ത്രീക്കുമാത്രം സ്വായത്തമാണ്. ഒരു പുരുഷനും ഇത്രത്തോളം സഹാനുഭൂതിയും ക്ഷമയും ഉണ്ടുകുമെന്ന് തോന്നുന്നില്ല.

ഇവരെല്ലാം സാധാരണ മനുഷ്യരാണ്. പക്ഷേ, പ്രതി കൂലമായ സാഹചര്യങ്ങളും തിരിച്ചടികളും വ്യഥകളും അവർ സധൈര്യം നേരിടുന്നു. അപ്പോഴും മറ്റുള്ളവർക്ക് നന്മ വരുത്താൻ യത്നിക്കുന്നു; സ്വയം എരിഞ്ഞ് സുഗന്ധം വിതറുന്ന ചന്ദനത്തിരി പോലെ. സ്​ത്രീയുടെ ഉള്ളിലുള്ള ശക്തി വിളംബരംചെയ്യുന്ന കഥകളാണിവ. ഈ കഥകൾ ഇന്നും ഞാൻ ഏറെ പ്രിയതരമായി ഓർമ്മച്ചെപ്പിൽ സൂക്ഷിക്കുന്നതിനു കാരണം ശക്തരായ ഈ സ്​ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യം തന്നെയാണ്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments