പ്രൊഫ. ടി. ബി. വേണുഗോപാലപ്പണിക്കരെ ‘വേണു സാർ’ എന്നാണ് ഞാൻ സംബോധന ചെയ്യാറുള്ളത്. അദ്ദേഹത്തെക്കുറിച്ച് മതിപ്പുള്ള ഓർമകളാണുള്ളത്. എന്നെ പഠിപ്പിച്ച അദ്ധ്യാപകനല്ല. എന്നിട്ടും അദ്ദേഹത്തോട് എനിക്ക് മതിപ്പും ബഹുമാനവും സ്നേഹവും തോന്നാൻ കാരണമെന്താണ്?
അദ്ദേഹവുമായി ബന്ധപ്പെട്ട് എന്റെ ഓർമയിൽ തെളിയുന്ന ആദ്യത്തെ സംഭവം വിദ്യാർത്ഥിയായ എനിക്കു കിട്ടിയ അദ്ദേഹത്തിന്റെ ഒരു കത്താണ്. കോഴിക്കോടും തിരുവനന്തപുരവും തമ്മിലുള്ള അകലം എന്നെ സംബന്ധിച്ച് ആദ്യം ഇല്ലാതായത് വേണു സാറിന്റെ ആ കത്തിലൂടെയാണ്. അക്കാലത്ത് അദ്ദേഹത്തെ ഞാൻ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമില്ല. എന്നിട്ടും എനിക്ക് അദ്ദേഹം കത്തയച്ചിരിക്കുന്നു. അതും മലയാളവിമർശം എന്ന കാലിക്കറ്റ് സർവകലാശാലാ മലയാള വിഭാഗത്തിന്റെ ജേണലിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടുകൊണ്ട്. അവിശ്വസനീയം. ധൈര്യക്കുറവുണ്ടായിരുന്നെങ്കിലും അന്നത്തെ ആവേശത്തിൽ ഭാഷാപരിണാമം ഒരു പുനർവിചാരണം എന്ന ലേഖനം എഴുതി അയച്ചുകൊടുത്തു. ലേഖനം കിട്ടി, ഉടൻ പ്രസിദ്ധീകരിക്കുമെന്നൊരു മറുപടി. 1992 ജൂൺ -ജൂലൈ പതിപ്പിൽ പ്രസിദ്ധീകരിച്ചു. റീപ്രിന്റ് ഉൾപ്പടെ അയച്ചുതന്നു. അടുത്തമാസംതന്നെ ഞാൻ അന്യനാട്ടിൽ ജോലിയിൽ പ്രവേശിച്ചു. അതോടെ അദ്ദേഹവുമായി തുടർബന്ധത്തിനുള്ള സാദ്ധ്യതയും ഇല്ലാതായി. എന്നാലും അപരിചിതനായ എന്നെ അംഗീകരിച്ച അധ്യാപകനെ എന്നും ഓർത്തിരുന്നു.

ആന്ത്രോപോളജിക്കൽ സർവെ ഓഫ് ഇന്ത്യയിലെ പതിനാറു വർഷങ്ങളുടെ ഗവേഷണ സേവനത്തിനുശേഷം 2008-ൽ ദ്രാവിഡ സർവ്വകലാശാലയിൽ ജോലിയിൽ പ്രവേശിച്ചതു മുതൽ വീണ്ടും വേണു സാറിന്റെ സാന്നിധ്യം വകുപ്പുതലവനായിരുന്ന ജി. ബാലസുബ്രഹ്മണ്യൻ മാഷിന്റെ സംഭാഷണങ്ങളിലൂടെ അനുഭവിക്കാനായി . തന്നെയുമല്ല വേണു സാർ അവിടെ സെമിനാറിനു വന്നപ്പോൾ ആദ്യമായി അദ്ദേഹത്തെ നേരിട്ട് കാണാനും പരിചയപ്പെടാനുമായി. അദ്ദേഹത്തിന് എന്നെ ഓർമയുണ്ടായിരുന്നുവെന്നത് ആശ്ചര്യമായി തോന്നി. ആ നിമിഷം ഇപ്പോഴും ആവേശത്തോടെ ഓർക്കുന്നു. തുടർന്ന്, എനിക്ക് അദ്ദേഹവുമായുള്ള അക്കാദമികബന്ധം കൂടുതൽ ദൃഢമായി. അക്കാലത്തു ഞാൻ നടത്തിയ യു. ജി. സി മേജർ പ്രൊജക്റ്റ് പൂർത്തിയാക്കുന്നതിലും അദ്ദേഹത്തിന്റെ അക്കാദമിക സഹായം ലഭിച്ചു. ഇടപഴകൽ വർധിച്ചുവന്നതോടെ ഒരു യഥാർഥ അദ്ധ്യാപകനെ കൂടുതൽ ആദരവോടെ അടുത്തറിയാനായി.
പാരമ്പര്യത്തെയും ആധുനികതയെയും ഉൾക്കൊള്ളുക മാത്രമല്ല, ശാസ്ത്രീയതയുടെ വെളിച്ചത്തിൽ അവയുടെ മൂല്യപരിശോധന നടത്താനും കൂടുതൽ യുക്തിസഹമായതിനെ പിന്താങ്ങാനും ടി.ബി. വേണുഗോപാലപ്പണിക്കർ മടി കാണിച്ചിട്ടില്ല.
ഡോ. ജി. എൻ. ദേവിയുടെ നേതൃത്വത്തിൽ നടന്ന പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവ്വേയുടെ ഭാഗമായി കേരള -ലക്ഷദ്വീപ് വാല്യം തയ്യാറാക്കേണ്ട ചുമതല വന്നപ്പോൾ ഞാൻ വേണു സാറിനെ വീണ്ടും സമീപിച്ചു. ലക്ഷദ്വീപുഭാഷയുടെ ഘടന പൂർണമായി വെളിപ്പെടുത്തുന്ന വിശദമായ ഒരു ലേഖനം തന്നു. ആ ഉദ്യമത്തെ വിജയിപ്പിച്ചു. 2012-ൽ ഞാൻ കേരള കേന്ദ്ര സർവ്വകലാശാലയിൽ ഭാഷാശാസ്ത്ര വകുപ്പിന്റെ പ്രഥമ അധ്യക്ഷനായിരുന്നപ്പോഴും ക്ഷണിച്ചപ്പോഴൊക്കെ എന്നെ നിരാശനാക്കിയിട്ടില്ല.
2013-ൽ ഞാൻ മലയാള സർവ്വകലാശാലയിലെത്തിയതോടെ ഞങ്ങളുടെ ബന്ധം കൂടുതൽ സജീവമായി. അദ്ദേഹം ഭാഷാശാസ്ത്രത്തിന്റെ ആദ്യത്തെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായിരുന്നപ്പോൾ സിലബസ്സിൽ ഫീൽഡ് ഭാഷാശാസ്ത്രം വേണമെന്ന എന്റെ ആവശ്യം അംഗീകരിച്ചുതന്നു. ഞാൻ സിലബസ് അവതരിപ്പിച്ചപ്പോൾ ബോർഡ് അംഗങ്ങളിൽ ചിലർ വിയോജിച്ചു. ഫീൽഡ് ഭാഷാശാസ്ത്രം എന്ന പേര് എനിക്ക് പരിചയക്കുറവുണ്ട്, ഞാൻ പരിശോധിച്ചറിയിക്കാമെന്നു പറഞ്ഞു പോയി. അന്നുതന്നെ എന്നെ വിളിച്ചറിയിച്ചു, ശ്രീനാഥന്റെ വാദം ശരിയാണ്, ഫീൽഡ് ഭാഷാശാസ്ത്രം എന്നത് മാറ്റണ്ട എന്ന്. ഇങ്ങനെ പറയാനുള്ള ഔചിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

മലയാള സർവ്വകലാശാലയിൽ ആദ്യത്തെ അഞ്ചുവർഷം നടന്ന അക്കാദമിക പ്രവർത്തനങ്ങളുടെ അമരക്കാരനായി ഞാൻ പ്രവർത്തിക്കുമ്പോൾ പിന്താങ്ങായി വേണു സാർ ഉണ്ടായിരുന്നു. അക്കാലത്തു പൂർത്തീകരിച്ച എല്ലാപ്രോജക്ടിന്റെയും കരുത്തായി ഞങ്ങൾക്കൊപ്പം വേണു സാറും ഉണ്ടായിരുന്നു. ഒരാഴ്ചകൊണ്ട് തയ്യാറാക്കിയ എ. ആർ നിഘണ്ടു വേണു സാർ പരിശോധിച്ചിരുന്നെങ്കിൽ അതിൽ പ്രകടമായ ഉദാഹരണമാറ്റവും അക്ഷരപ്പിശകും ഉണ്ടാകില്ലായിരുന്നു. എന്റെ താല്പര്യം വേണു സാർ പരിശോധിക്കട്ടെ എന്നായിരുന്നെങ്കിലും അത്യാവശ്യം പരിഗണിച്ചു വൈസ് ചാൻസലർ മറ്റൊരു പണ്ഡിതനെ ഏൽപ്പിച്ചു. ആദ്യ പേജു പോലും വായിക്കാതെ പണ്ടെന്നോ എഴുതിയ തന്റെ ലേഖനം അവതാരികക്കുറിപ്പായി സമർപ്പിച്ചു പോയി. വേണു സാറിന്റെ പക്ഷത്തുനിന്നും അങ്ങനെ ഒരു സമീപനം ഒരിക്കലും ഉണ്ടാകില്ല എന്നറിയുന്ന എനിക്ക് അദ്ദേഹത്തിന്റെ അക്കാദമിക ആത്മാർത്ഥത പറയാതിരിക്കാനാവില്ല.
ആദ്യ ശ്രമത്തിലെ അക്കാദമിക പൊങ്ങച്ചത്തിന്റെ പിഴവ് മനസിലാക്കിയ വൈസ് ചാൻസലർ രണ്ടാം സംരംഭമായ മലപ്പുറം ഭാഷാഭേദപഠനത്തിന്റെ അവതാരിക എഴുതാൻ വേണു സാറിനെ ഏൽപ്പിച്ചു. അദ്ദേഹം മൊത്തം വായിച്ചു ഗുണദോഷവിചാരണ നടത്തി ചിന്തോദ്ദ്വീപകമായ അവതാരിക എഴുതിത്തന്ന് ആ പഠനത്തെ സമ്പന്നമാക്കി.
പാശ്ചാത്യ- പൗരസ്ത്യ ഭാഷാപഠനങ്ങളെ പഠിച്ചറിയാൻ കാണിച്ച ശ്രദ്ധയാണ് മലയാളത്തെക്കുറിച്ചു കൂടുതൽ സൂക്ഷ്മായ നിരീക്ഷണങ്ങൾ നടത്താൻ ടി.ബി. വേണുഗോപാലപ്പണിക്കർക്ക് തുണയായത്.
അടുത്ത പ്രോജക്ടായി കേരള പാണിനീയ വിജ്ഞാനം ഏറ്റെടുത്തപ്പോൾ അതിന്റെ പദ്ധതി രൂപരേഖ മനസ്സിലാക്കി തന്റെ കൈവശമുണ്ടായിരുന്ന എല്ലാ ലേഖനങ്ങളും തന്നു സഹായിക്കുകയും സമയോചിതമായി നിർദ്ദേശങ്ങൾ നൽകുകയും ഇത്തരം ഒരു കോർപ്പസിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് അവതാരിക എഴുതിയനുഗ്രഹിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ട വേണു സാറിന്റെ ഒരു സംഭാവനയുണ്ട്. കേരള പാണിനീയത്തിന്റെ ഒന്നാം പതിപ്പ് പുറത്തുവന്നപ്പോൾ അതേറ്റുവാങ്ങിയ വിമർശനം ചെറുതായിരുന്നില്ല. എന്നാൽ രണ്ടാം പതിപ്പ് 1917-ൽ വന്നപ്പോൾ തണുത്ത പ്രതികരണമാണ് ആദ്യത്തെ അമ്പതുവർഷം നേരിട്ടത്. വള്ളത്തോളിന്റെ നിരൂപണവും (അതും വേണു സാർ കണ്ടെത്തി പ്രസിദ്ധീകരിച്ചതാണ് ) 1936-ലെ എൽ. വി. രാമസ്വാമി അയ്യരുടെ കേരള പാണിനീയ കുറിപ്പുകൾ (ഇതും വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് വേണുസാറാണ് ). ഇതിനുശേഷം 1970- വരെ കേരള പാണിനീയ ചർച്ചകളൊന്നും ഉണ്ടായിട്ടില്ല.

1970-ൽ വ്യാകരണചർച്ചയ്ക്ക് ഒരാമുഖം എന്ന സാഹിത്യലോകത്തിലെ വേണു സാറിന്റെ ലേഖനം വന്നതിനു ശേഷമാണു തുടർചർച്ചകളുണ്ടായത്. "മലയാളത്തിന്റെ വ്യാകരണചിന്തയ്ക്ക് ആമുഖമായി ആരെങ്കിലും കേരള പാണിനീയത്തെ പ്രതിപദം പഠിച്ച് വിവരിച്ച് എഴുതേണ്ടത് ഇന്നത്തെ ഒരാവശ്യമാണ് " എന്ന് വേണു സാർ ആവശ്യപ്പെട്ടതിന് ശേഷമാണ് കേരള പാണിനീയപഠനം സജീവമായതെന്നു നാം ഓർക്കേണ്ടതാണ്. വിറങ്ങലിച്ചിരുന്ന കേരള പാണിനീയത്തെ സജീവമായ ചർച്ചാമണ്ഡലത്തിലേക്കു ആനയിക്കാൻ വേണു സാറിനു കഴിഞ്ഞുവെന്നത് അക്കാദമികലോകം അറിയേണ്ടതാണ്.
ഞങ്ങളുടെ അക്കാദമികബന്ധം സാറിന്റെ വിയോഗം വരെയും തുടർന്നു. ‘പ്രബോധചന്ദ്രൻ നായരുടെ ശൈലീഭംഗികളുടെ വീണ്ടുവായന’ എന്ന ലേഖനമാണ് എനിക്കു തന്ന അവസാനത്തെ ലേഖനം. അത് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അതോടൊപ്പം സാർ പണ്ടു സംഭാവന ചെയ്ത ലക്ഷദ്വീപ് ഭാഷാലേഖനത്തിന്റെ ഹിന്ദി പതിപ്പ് ഉടനിറങ്ങുമെന്നും റീപ്രിന്റ് എത്തിക്കാമെന്നും പറഞ്ഞിരുന്നു. ഓറിയന്റ് ബ്ലാക്‌സ്വാൻ റീപ്രിന്റ് അയച്ചുകിട്ടിയപ്പോൾ വൈകിപ്പോയി.
വ്യാകരണത്തോടൊപ്പം ആധുനിക ഭാഷാശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ നൈപുണ്യമാർജ്ജിക്കാൻ കഴിഞ്ഞ അദ്ദേഹം ഇതെല്ലം എഴുത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടില്ല. എന്നാലും പ്രസിദ്ധീകരിച്ച വതന്നെ ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നു. പാരമ്പര്യത്തെയും ആധുനികതയെയും ഉൾക്കൊള്ളുക മാത്രമല്ല, ശാസ്ത്രീയതയുടെ വെളിച്ചത്തിൽ അവയുടെ മൂല്യപരിശോധന നടത്താനും കൂടുതൽ യുക്തിസഹമായതിനെ പിന്താങ്ങാനും മടി കാണിച്ചിട്ടില്ല. തമിഴിനോടുള്ള ആഭിമുഖ്യം തമിഴ് നോവൽ വിവർത്തനത്തിൽ മാത്രമായി ഒതുങ്ങിയില്ല. എസ്. വി. ഷണ്മുഖത്തിന്റെ ഭാഷാപഠനങ്ങളെ വിവർത്തനം ചെയ്‌തു മലയാളിക്ക് പരിചിതമാക്കി. കൂടാതെ വിവർത്തനവേഷം കൂടുതൽ പ്രയോജനപ്പെടുത്തിയത് എൽ. വി. രാമസ്വാമി അയ്യരുടെ പഠനങ്ങളുടെ വിവർത്തനത്തിലാണ്. ‘ഗണിതയുക്തിഭാഷ’യുടെ വിവർത്തനത്തിലും പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
കേരളത്തിലെ അക്കാദമികവർഗ്ഗം ഏറിയപങ്കും അധികാരമോഹികളുടെയും സ്വകാര്യതാല്പര്യങ്ങൾക്കായി എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറായി നിൽക്കുന്നവരുടെയും ഉപജാപക കൂട്ടായ്മയാണ്. വലിയൊരു വിഭാഗം സ്വകാര്യ ലാഭത്തിനായി ഇടതുപക്ഷ ചായ്‌വ് അഭിനയിക്കുന്നവരാണ്
നല്ല ശാസ്ത്രബോധവും ഗണിതബോധവും അതിലേറെ ഭാഷാബോധവും ഒത്തുചേർന്നിരുന്ന മലയാള ഭാഷാശാസ്ത്രജ്ഞനായിരുന്നു വേണു സാർ. പദത്തിന്റെ സഞ്ചാരവഴികളിലൂടെ നടന്നു ഭാഷയും സംസ്കാരവും തമ്മിലുള്ള കെട്ടുപാടുകളുടെ ഇഴപിരിച്ചെടുക്കുന്നതിനോടൊപ്പം അതിന്റെ സ്വനസ്വനിമ നിയമങ്ങളറിയാനും വ്യാകരണസന്ദർഭം ഉറപ്പിക്കാനും അർത്ഥ- സന്ദർഭബന്ധം കണ്ടെത്താനും ഒക്കെ അദ്ദേഹം ശ്രമിച്ചിരുന്നു. ആദിവാസിഭാഷാപഠനങ്ങളിലും തല്പരനായിരുന്നു. പാശ്ചാത്യ പൗരസ്ത്യ ഭാഷാപഠനമേഖലകളുടെ ഉള്ളറകൾ തിരിച്ചറിഞ്ഞ് അന്ധമായി പകർത്താതെ മലയാള സന്ദർഭത്തിൽ എപ്രകാരം പ്രയോഗിച്ചറിയണമെന്ന നിഷ്കർഷത പാലിച്ചിരുന്ന ഭാഷാശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. പാശ്ചാത്യ-പൗരസ്ത്യ ഭാഷാപഠനങ്ങളെ പഠിച്ചറിയാൻ കാണിച്ച ശ്രദ്ധയാണ് മലയാളത്തെക്കുറിച്ചു കൂടുതൽ സൂക്ഷ്മായ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തിന് തുണയായത്. വേണ്ടതെടുക്കാനും വേണ്ടാത്തത് തള്ളാനുമുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിന്റെയും പക്ഷവാദിയാകാതെ കൂടുതൽ പ്രായോഗികവും യുക്തിസഹവുമായ ഭാഷാശാസ്ത്രമാണ് മലയാളവഴിയെന്നുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
വേണു സാറിൽനിന്ന് ഞാനെന്തു പഠിച്ചു?
വിദ്യാർഥികളോടുള്ള അധികാരപ്രയോഗം ഒഴിവാക്കുക, അധ്യാപക- വിദ്യാർഥി സൗഹൃദം നിലനിർത്തുക, വ്യക്തിനിരപേക്ഷത പുലർത്തുക, അക്കാദമിക കണിശത നിലനിറുത്തുക, കഴിയുന്ന കാര്യം ഏറ്റെടുക്കുക അല്ലാത്തത് ഒഴിവാക്കുക, ധാരണയില്ലായ്മ അംഗീകരിക്കുക, പണ്ഡിതനാണെന്നു വിശ്വസിക്കാതിരിക്കുക, കഴിയുന്നത്ര ആഴത്തിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ടാക്കുക, ആർത്തിയില്ലാതിരിക്കുക, അന്യരുടെ നേട്ടങ്ങളിൽ അസൂയാലുവാകാതിരിക്കുക, അവരുടെ നേട്ടങ്ങൾ പിടിച്ചുപറ്റലാണെങ്കിൽ പോലും ആ വഴി തിരഞ്ഞെടുക്കാതിരിക്കുക - ഇങ്ങനെ എണ്ണിപ്പറയാൻ ഏറെയുണ്ടെങ്കിലും എന്നെ അത്ഭുതപ്പെടുത്തുന്ന വ്യക്തിവിശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ മനോഭാവവും നിലപാടുകളുമാണ്. കേരളത്തിലെ അക്കാദമികവർഗ്ഗം ഏറിയപങ്കും അധികാരമോഹികളുടെയും സ്വകാര്യതാല്പര്യങ്ങൾക്കായി എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറായി നിൽക്കുന്നവരുടെയും ഉപജാപക കൂട്ടായ്മയാണ്. വലിയൊരു വിഭാഗം സ്വകാര്യ ലാഭത്തിനായി ഇടതുപക്ഷ ചായ്‌വ് അഭിനയിക്കുന്നവരാണ്. അവരിലേറിയപങ്കും ഫ്യൂഡൽ ഫാഷിസ്റ്റ് മനോഭാവം വിട്ടൊഴിയാത്തവരുമാണ്; എങ്കിലും ലാഭം കൊയ്യാൻ ഇടതാണ് നല്ലതെന്നറിയുന്നവരാണ്. അങ്ങനെയുള്ള വലതുബോധ- ഇടതുപക്ഷ ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് കേരളത്തിലെ അക്കാദമിക ആവാസവ്യവസ്ഥ. ആർത്തിയാണ് ഇക്കൂട്ടരുടെ മൂലധനം. മൂലധനമായി അതുള്ളതുകൊണ്ടു നാണവും മാനവുമില്ല, അതുകൊണ്ടു കാലത്തിനൊത്തു നിറം മാറുന്ന ഓന്തുജീവികളുടെ മനുഷ്യപതിപ്പായാണ് ഇക്കൂട്ടരെ ഫോക് സാമൂഹ്യശാസ്ത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. നാട്ടുവർത്തമാനമൊന്നും ആർത്തിപൂരണലക്ഷ്യത്തിൽനിന്ന് ഒരിഞ്ചുപോലും ഇക്കൂട്ടരെ വ്യതിചലിപ്പിക്കില്ല.

രാഷ്ട്രീയകേരളത്തിൽ രൂപംകൊണ്ടു തിടംവെച്ച ഈ പരാദങ്ങൾക്കിടയിൽ വേണു സാറിന് മാറിനിൽക്കാൻ കഴിഞ്ഞതെങ്ങനെ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. കഴിവുകൊണ്ടും കാഴ്ച കൊണ്ടും തികഞ്ഞ ധിഷണാശാലിയായിരുന്നതുകൊണ്ടാണ് വ്യാമോഹങ്ങളുടെ ചതിക്കുഴിയിൽപ്പെടാതെ സ്വന്തം സഞ്ചാരപാത അദ്ദേഹത്തിനു നിർണ്ണയിക്കാനായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നേട്ടങ്ങളെന്നു വലിയൊരു വിഭാഗം കരുതുന്നതിനെയെല്ലാം ഒഴിവാക്കാനും എന്നാൽ യഥാർത്ഥ അക്കാദമിക രാഷ്ട്രീയം ഉൾക്കൊണ്ടു ജീവിക്കുകയും പ്രാവർത്തികമാക്കുകയും അതിലൂടെ അക്കാദമിക സംസ്കാരത്തിന്റെ രാഷ്ട്രീയം അക്കാദമിക സ്വാതന്ത്ര്യമാണ്, അല്ലാതെ പക്ഷം ചേരലല്ല എന്ന് സാക്ഷ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാഭ്യാസം നേടുകയെന്നതുകൊണ്ടർത്ഥമാക്കുന്നത് വിവേകമതികളായി മാറുകയാണ് എന്ന അടിസ്ഥാന ഊർജ്ജധാര നിലനിറുത്താനും പ്രസരണം ചെയ്യാനും അദ്ദേഹത്തിനായി. അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിവേകജീവികളിൽ ഓജസ്സും തേജസ്സും കൈമോശം വരാതെ അവസാനനിമിഷം വരെ അക്കാദമിക തലയെടുപ്പോടെ ജീവിക്കുകയും അസൂയാവഹമായ രീതിയിൽ അരങ്ങൊഴികയും ചെയ്‌ത വേണു സാർ അക്കാദമിക ദുഷിപ്പിന്റെ കാവൽക്കാരനായിരുന്നില്ല. അക്കാദമിക ദുഷിപ്പിൽനിന്ന് അകലം പാലിക്കാനും ആ വിഴുപ്പ് പകരാതിരിക്കാനുമുള്ള ജാഗ്രത നിലനിറുത്തിയ അധ്യാപകനായിരുന്നു.
മലയാളഭാഷാശാസ്ത്ര സാക്ഷരത ഉയർത്തുക മാത്രമല്ല ഭാഷാശാസ്ത്രാഭിനിവേശം ശിഷ്യരിൽ നിറയ്ക്കാനും അവരെയൊക്കെ ഭാഷാശാസ്ത്രത്തിന്റെ മുന്നണിപ്പോരാളികളാക്കാനും അദ്ദേഹത്തിനുകഴിഞ്ഞു. വംശനാശഭീഷണി നേരിടുന്നതാണെങ്കിലും അദ്ദേഹം ഉയർത്തിയ അക്കാദമിക വിവേകം ശിഷ്യരിലൂടെ പുതുതലമുറയിലേക്കു പാർശ്വധാരയായെങ്കിലും നിലനിൽക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു.