എൽ.വി. രാമസ്വാമി അയ്യർ, എസ്.വി. ഷണ്മുഖം, ടി.ബി. വേണുഗോപാലപ്പണിക്കർ: മലയാള ഭാഷാഗവേഷണത്തിന്റെ ആധാരശിലകളായ ‘ലീലാതിലകം’, ‘കേരളപാണിനീയം’ എന്നീ ഗ്രന്ഥങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് ഭാഷാപഠനത്തിന്റെ വഴി തിരിച്ചുവിട്ട മൂന്ന് ഭാഷാശാസ്ത്രപണ്ഡിതന്മാരാണ് ഇവർ. മൂന്നുവർഷം മുൻപ്, 2022 -ലാണ് പ്രൊഫ. എസ്.വി. ഷണ്മുഖം നിര്യാതനായത്. വലിയ പണ്ഡിതന്മാരുടെ ഗണത്തിൽ ബാക്കിയായ വേണുഗോപാലപ്പണിക്കർക്കൂടി അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞു.
ഭാഷാഗവേഷണത്തിൽ തന്റെ പൂർവ്വസൂരികളായ എൽ.വി.ആറിനെക്കുറിച്ചും എസ്. വി. ഷണ്മുഖത്തെക്കുറിച്ചും വേണുഗോപാലപ്പണിക്കർക്ക് വലിയ മതിപ്പായിരുന്നു. അവരിരുവരും പണിക്കരുടെ ഭാഷാഗവേഷണ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയോ കരുത്തേകുകയോ ചെയ്തിട്ടുണ്ട്.
മലയാള ഭാഷാചരിത്രമാണ് എൽ. വി. രാമസ്വാമി അയ്യരെയും എസ്.വി. ഷണ്മുഖത്തെയും വേണുഗോപാലപ്പണിക്കരെയും ഒന്നിപ്പിക്കുന്നത്. 1948 ജനുവരി 31-നാണ് എൽ.വി. രാമസ്വാമി അയ്യർ അന്തരിക്കുന്നത്. അന്ന് വേണുഗോപാലപ്പണിക്കർക്ക് നാലു വയസ്സേ പ്രായമുണ്ടാകൂ. നേരിട്ട് കണ്ടിരിക്കാനിടയില്ല. എസ്.വി. ഷണ്മുഖം അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തിൽ പ്രൊഫസ്സറായിരുന്നു. അവിടെ ഭാഷാശാസ്ത്ര വിദ്യാർത്ഥിയായി എത്തിയതോടെയാണ് വേണുഗോപാലപ്പണിക്കർ, പ്രൊഫ. എസ്.വി. ഷണ്മുഖത്തിന്റെ പ്രിയ ശിഷ്യനായത്.

ദ്രാവിഡ ഭാഷാകുടുംബത്തെക്കുറിച്ച് പഠിക്കാൻ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച പ്രമുഖ ഭാഷാശാസ്ത്രജ്ഞരാണ് മൂന്നു പേരും. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ജീവിച്ചിരുന്ന പ്രഗൽഭനായ ഭാഷാശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു എൽ. വി. രാമസ്വാമി അയ്യരെന്നാണ് വിക്കിപീഡിയ (മലയാളം) പറയുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു അദ്ദേഹം. മലയാളമടക്കമുള്ള ദ്രാവിഡഭാഷകളുടെ ജൈവപരമായ ബന്ധത്തെക്കുറിച്ചും അവയുടെ ഉല്പത്തിയെക്കുറിച്ചും ഓരോ ഭാഷകളുടെയും സ്വഭാവസവിശേഷതകളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുള്ള പണ്ഡിതനാണ് എൽ.വി.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൽ. വി. രാമസ്വാമി അയ്യർ. ദ്രാവിഡഭാഷകളിൽത്തന്നെ മലയാളവും തമിഴും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മലയാളത്തിന്റെ വികാസ പരിണാമത്തെക്കുറിച്ചുമാണ് എൽ.വി.ആർ ഏറ്റവും കൂടുതൽ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളത്. 21- ഓളം ഭാഷകൾ എൽ.വി.ആറിന് അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജീവിച്ചിരുന്ന കാലത്ത് ഈ വലിയ പണ്ഡിതനെ മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ വൈശിഷ്ട്യം തിരിച്ചറിയാനോ മലയാളികൾക്ക് കഴിഞ്ഞില്ല. ഇന്ത്യയിൽത്തന്നെ ചുരുക്കം ചില പണ്ഡിതന്മാർ മാത്രമാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യം കുറെയൊക്കെ മനസ്സിലാക്കിയിട്ടുള്ളത്.
ജീവിച്ചിരുന്ന കാലത്ത് എൽ. വി. രാമസ്വാമി അയ്യർ എന്ന വലിയ പണ്ഡിതനെ മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ വൈശിഷ്ട്യം തിരിച്ചറിയാനോ മലയാളികൾക്ക് കഴിഞ്ഞില്ല.
എന്നാൽ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിദേശീയരായ ദ്രാവിഡ- സംസ്കൃത ഭാഷാപണ്ഡിതന്മാർ പലരും അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുകയും പ്രബന്ധങ്ങൾ പഠനവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷുകാരായ പ്രൊഫ. ടി ബറോ, പ്രൊഫ എം.ബി. എമിനോ എന്നിവരും ഫ്രഞ്ചുകാരനായ പ്രൊഫ ഷൂൾ ബ്ലോക്കും എൽ.വി. ആറിനെ നന്നായി മനസ്സിലാക്കിയിരുന്നു. ഇരുപതിലേറെ വർഷമെടുത്ത് ബറോയും എമിനോയും ചേർന്ന് തയ്യാറാക്കിയതാണ് ‘ദ്രവീഡിയൻ എറ്റിമോളജിക്കൽ ഡിക്ഷ്ണറി’ എന്ന ദ്രാവിഡ നിരുക്തി നിഘണ്ടു. ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തിന് വലിയ സംഭാവനകൾ അർപ്പിച്ചിട്ടുള്ള പണ്ഡിതനാണ് എൽ.വി. രാമസ്വാമി അയ്യരെന്ന് എറ്റിമോളജിക്കൽ ഡിക്ഷനറിയുടെ ആമുഖത്തിൽ അവർ എഴുതുന്നുണ്ട്: A Brief History of Malayalam Phonetics, Evolution of Malayalam Morphology, Grammar in Leelatilakkam, A Premier of Malayalam Phonology എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. Thirukkural in Malayalam എന്നത് പുസ്തകമായി പ്രസിദ്ധീകരിക്കാൻ പാകത്തിൽ ഖണ്ഡശ്ശഃയായി വന്നിട്ടുണ്ട്. അന്തർദേശീയ ജേണലുകളിലും മറ്റുമായി 200- ഓളം പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്. കൂട്ടത്തിൽ 40- ഓളം പ്രബന്ധങ്ങൾ മലയാള ഭാഷാസംബന്ധിയാണ്. Notes on Keralapanineeyam എന്ന ദീർഘമായ പ്രബന്ധം കേരള പാണിനീയത്തെക്കുറിച്ചുള്ള അമൂല്യമായ ഒരു പഠനമാണ്. എൽ.വി.ആറിന്റെ A Premier of Malayalam Phonology സംശോധനം ചെയ്ത് എഡിറ്റ് ചെയ്തത് വേണുഗോപാലപ്പണിക്കരാണ്. Notes on Keralapanineeyam എന്ന പ്രബന്ധം ‘കേരളപാണിനീയക്കുറിപ്പുകൾ’ എന്ന പേരിൽ മലയാളത്തിലേക്ക് അദ്ദേഹം വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
‘എൽ. വി. രാമസ്വാമി അയ്യരും മലയാള ഭാഷാഗവേഷണവും’ (2006: 160-176), ‘എൽ. വി. രാമസ്വാമി അയ്യരും കേരളപഠനവും’ (2006: 110-119), ‘എൽ. വി. രാമസ്വാമി അയ്യരുടെ മലയാള ലേഖനങ്ങൾ’ (താപസം ജേർണൽ, 2010) എന്നീ ലേഖനങ്ങൾ എൽ. വി. രാമസ്വാമി അയ്യരെക്കുറിച്ച് വേണുഗോപാലപ്പണിക്കർ എഴുതിയിട്ടുണ്ട്. എൽ.വി. ആർ എഴുതിയ ലേഖനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത് വിവിധ രേഖാശേഖരങ്ങളിൽ നിന്ന് കണ്ടെടുത്ത് താപസം ജേണലിൽ വേണുഗോപാലപ്പണിക്കർ തുടർച്ചയായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

‘ലീലാതിലക’ത്തെക്കുറിച്ച്
മൂന്നുപേർ
1- എൽ വി ആർ:
Grammar in Leelatilakam എന്ന പുസ്തകം കൂടാതെ ലീലാതിലക വിഷയമായി മൂന്നു ലേഖനങ്ങൾ കൂടി എൽ.വി. രാമസ്വാമി അയ്യർ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. “മണിപ്രവാളത്തിന്റെ ലക്ഷണം പറയുന്ന ഒരു ഗ്രന്ഥത്തിൽ നിന്ന് മലയാള വ്യാകരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ ഒരു പരിചരണം ഒരിക്കലും പ്രതീക്ഷിക്കുക വയ്യ” എന്നാണ് ലീലാതിലകത്തെക്കുറിച്ച് എൽ.വി.ആറിന്റെ ആദ്യ പ്രസ്താവന. ഒരു വ്യാകരണ കൃതിയിൽ ഉണ്ടാകേണ്ട പ്രധാനപ്പെട്ട അംശങ്ങൾ പലതും ഈ കൃതിയിലില്ല എന്നത് ഈ കൃതിയുടെ ഭാഷാപരമായ കണ്ടെത്തലുകളെ നിരാകരിക്കാനുള്ള ന്യായവുമല്ല എന്നും അദ്ദേഹം പറയുന്നു. മലയാളഭാഷയുടെ ചരിത്രം സൂക്ഷ്മമായി അപഗ്രഥിക്കാൻ ആഗ്രഹിക്കുന്ന ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം ഇതിൽ നൽകിയിട്ടുള്ള വിവരണങ്ങൾ വളരെ ഉപകാരപ്രദമാണ്. ലീലാതിലകത്തിലെ മലയാളഭാഷാ ലക്ഷണവിവരണം സമഗ്രമോ പര്യാപ്തമോ ആണെന്ന് എൽ.വി.ആർ കരുതുന്നില്ല. മലയാള ഭാഷാപരിണാമപഠനത്തിൽ ഈ കൃതി മതിയായ തെളിവുകൾ നൽകുന്നു എന്ന അനിതരമായ മൂല്യം ലീലാതിലകത്തിലുണ്ട് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമേതുമില്ല (Ramaswami Iyer, 1944: 1).
തമിഴിൽ നിന്ന് മലയാളത്തിലുള്ള വ്യത്യാസങ്ങൾ എടുത്തു കാണിക്കുന്നതിന് പൊരുത്തമില്ലാത്ത രൂപങ്ങളെയാണ് ലീലാതിലകകാരൻ താരതമ്യം ചെയ്യുന്നത് എന്ന് എൽ.വി.ആർ വിമർശിക്കുന്നുണ്ട്.
ലീലാതിലകാരന് തമിഴ് ഭാഷയോടോ അതിലെ ഭാഷാനിയമങ്ങളോടോ അത്ര വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും ലീലാതിലകത്തിലെ പല സൂത്രങ്ങളും അദ്ദേഹം പിന്തുടരുന്നു. ഇതിന് കാരണമായി എൽ.വി.ആർ പറയുന്ന ന്യായം ഇതാണ്: ഇതിലെ നിയമങ്ങൾക്ക് അനുസൃതമായ രൂപങ്ങൾ പഴയ മലയാളത്തിൽ കുറെ ഉള്ളതും തമിഴ് അഭിജ്ഞനായ മലയാള രചയിതാക്കൾ അന്നും അവയുടെ പ്രയോഗം തുടർന്നുവന്നതും പരിഗണിച്ചാകും ലീലാതിലകത്തിൽ അത്തരം സൂത്രങ്ങൾ നിബന്ധിച്ചത്. ലീലാതിലകകാരൻ തമിഴ് സൂത്രങ്ങളെ അന്ധമായി പിന്തുടർന്നു എന്ന ആരോപണം ന്യായമല്ല. ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തിൽ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളെപ്പോലെ മലയാളഭാഷയും സ്വതന്ത്ര വ്യക്തിത്വമുള്ളതാണെന്ന് സമർത്ഥിക്കുകയാണ് ലീലാതിലകക്കാരൻ ചെയ്തിരിക്കുന്നത് എന്ന് എൽ. വി. രാമസ്വാമി അയ്യർ സ്ഥാപിക്കുന്നുമുണ്ട്.
തമിഴിൽ നിന്ന് മലയാളത്തിലുള്ള വ്യത്യാസങ്ങൾ എടുത്തു കാണിക്കുന്നതിന് പൊരുത്തമില്ലാത്ത രൂപങ്ങളെയാണ് ലീലാതിലകകാരൻ താരതമ്യം ചെയ്യുന്നത് എന്ന് എൽ.വി.ആർ വിമർശിക്കുന്നുണ്ട്. ഒന്നാമത്, മലയാളത്തിലെ ആവിന്റെ, മാവിന്റെ ഇവയോട് വർണ്ണപരിണാമവിഷയത്തിൽ അടുപ്പമുള്ള ആവിനുടെ, മാവിനുടെ എന്നിവയെ താരതമ്യപ്പെടുത്താതെ അകൽച്ച കൂടിയ ആവിനതു, മാവിനതു എന്നീ രൂപങ്ങൾ താരതമ്യപ്പെടുത്തിയിരിക്കുന്നു.
രണ്ടാമത്, മലയാള രൂപങ്ങളോട് അടുപ്പമുള്ള രൂപങ്ങൾ ചിലത് തമിഴിൽ പിൻതമിഴ് ഘട്ടത്തിലും (Later old Tamil) ഇടത്തമിഴ് ഘട്ടത്തിലും (Middle Tamil) കാണുന്നുണ്ട്. ഈ വകുപ്പിലാണ് ആനയെ, അതിനൈ/ ഇതിനൈ എന്നിങ്ങനെയുള്ളവ പെടുന്നത് എന്ന് രാമസ്വാമി അയ്യർ എടുത്തുകാട്ടുന്നു.

ലീലാതിലകത്തിന്റെ പരിമിതികളെപ്പറ്റിയെന്നപോലെ മികവിനെപ്പറ്റിയും ബോധവാനാണ് എൽ.വി.ആർ എന്ന് എസ്.വി. ഷണ്മുഖം നിരീക്ഷിക്കുന്നുണ്ട്. എസ്. വി. എസ്സിന്റെ വാക്കുകൾ: “മണിപ്രവാളലക്ഷണമാണ്, ഭാഷാഘടനയുടെ വിവരണമല്ല ലക്ഷ്യമെന്ന പരിമിതി കൂടാതെ ചില അനുക്‌ത ദുരുക്‌തകളും അദ്‌ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതൊന്നും മലയാളഭാഷാവിചാരത്തിൽ ഈ കൃതിയുടെ പ്രാമുഖ്യം കുറച്ചുകളയുന്നില്ല. രാമസ്വാമി അയ്യരുടെ ദൃഷ്ടിയിൽ ഉണ്ണിയാടി തുടങ്ങിയ മണിപ്രവാളകൃതികൾ, രാമചരിതം പാട്ട്, ഭാഷാ കൗടലീയമെന്ന ഗദ്യകൃതി, ഇവയ്ക്കുശേഷവും കൃഷ്‌ണഗാഥയ്ക്കുമുമ്പുമായി രചിക്കപ്പെട്ട ലീലാതിലകം ഭാഷാപരിണാമ ശൃംഖലയുടെ മുന്നും പിന്നും നോക്കിക്കാണാൻ അത്യന്തം തുണചെയ്യുന്നു. ഭാഷാശാസ്ത്രതത്ത്വ പ്രകാശനത്തിൽ ലീലാതിലകവൃത്തി സൂക്‌ഷ്‌മദൃഷ്‌ടി പ്രകടിപ്പിക്കുന്നതായി അദ്ദേഹം പ്രശംസിക്കുന്നു. മലയാളസാഹിത്യകൃതികൾ, ശാസനങ്ങൾ, തമിഴ്‌സാഹിത്യകൃതികൾ, തമിഴ്ശാസനങ്ങൾ, തമിഴ് വ്യാകരണകൃതികൾ ഇവയിൽനിന്നു തെളിവുകൾ ഹാജരാക്കി അദ്ദേഹം ലീലാതിലകത്തിലെ വ്യാകരണചിന്ത വെളിവാക്കിത്തരുന്നു. രാമസ്വാമി അയ്യരുടെ കൃതി, ലീലാതിലകപഠനത്തിനും പ്രാചീന മലയാളപഠനത്തിനും അവഗണിക്കാനാകാത്ത സംഭാവന നൽകുന്നു” (ഷണ്മുഖം 1992: 23).
ലീലാതിലകത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും മണിപ്രവാള ശൈലിയും പരിഗണിച്ച്, മലയാളത്തിനുള്ള ഒരു വ്യാകരണ ചട്ടക്കൂടെന്ന നിലയിൽ അതിന്റെ ശക്തിയും ദൗർബല്യവും പരിശോധിക്കുകയാണ് എസ്.വി.എസ് ചെയ്തിരിക്കുന്നത്.
തമിഴിൽ നീൾ- നാൾ എന്നത് നീണാൾ ആകുന്നതു പോലെ വാഴ് -നാൾ വാണാൾ ആകുന്നത് ളകാര ഴകാരങ്ങൾ ഒരേമട്ടിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്. എന്നാൽ ളകാരത്തിന്റെ ണകാരമായ മാറ്റം അംഗീകരിക്കുന്ന ആചാര്യൻ സൂ. 57-ന്റെ വൃത്തിയിൽ ഴകാരത്തിന് ഇതനുവദിക്കുന്നില്ല. വാഴ്നാൾ മാത്രമേ, അദ്ദേഹത്തിനു സ്വീകാര്യമായിട്ടുള്ളൂ (...."നഖലുഴകാരസ്യ ന കാരേ പരേ പരതോണകാരോ വിഹിതോ ഭാഷാലക്ഷണേ''). അങ്ങനെ നിർത്തിയ ഉടൻ തന്നെ, അഥവാ കേരളഭാഷയിൽ ഈ രൂപങ്ങളും വരുമായിരിക്കണം എന്ന് ആശ്വസിക്കുന്നു ("അഥവാ ഏവമപി സ്യാൽ ഭാഷാവശാൽ"). തൊൽക്കാപ്പിയത്തിലും സംഘത്തമിഴിലും ഈ സന്ധി ഇല്ലെങ്കിലും ഇടക്കാലത്തമിഴ്‌കൃതികളായ തേവാരം, ദിവ്യപ്രബന്ധം ഇവയിലും അക്കാലത്തെ വ്യാകരണകൃതിയായ വീരചോഴിയത്തിലും ഈ സന്ധിയുണ്ട്. ഇക്കാര്യം എടുത്തു കാട്ടി ഈ സന്ധിപരിണാമം കേരള ഭാഷയിൽ മാത്രം നടപ്പിലായതല്ല എന്ന് രാമസ്വാമി അയ്യർ (1944:74) പറയുന്നു. ഈ സന്ധിനിയമത്തിന്റെ പ്രവൃത്തി ലീലാതിലകത്തിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ സുലഭമാണ്.
ലീലാതിലകകാരന്റെ സംസ്കൃതപാണ്ഡിത്യത്തെപ്പറ്റി രാമസ്വാമി അയ്യർക്ക് സംശയങ്ങളൊന്നുമില്ല. സംസ്കൃതം അനാദിയാണ് എന്നും ദേശഭാഷകൾ ആദിമത്താണെന്നും അവ സംസ്കൃതത്തിൽ നിന്ന് ജനിച്ചിരിക്കാമെന്നും ഒരുകാലത്ത് നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ദൃഢധാരണ ലീലാതിലകകാരനും നിലനിർത്തുകയാണ് ചെയ്തതെന്നകാര്യം എൽ.വി.ആർ എടുത്തുപറയുന്നു. ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തിലും രണ്ടാം ശില്പത്തിലുമായി പരസ്പരവിരുദ്ധമെന്ന് തോന്നാവുന്ന അഭിപ്രായങ്ങൾ ലീലാതിലകകാരൻ പറയുന്നുണ്ട്. ഒന്നാം ശില്പത്തിൽ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളെപ്പോലെ മലയാളഭാഷയും സ്വതന്ത്ര വ്യക്തിത്വമുള്ളതാണെന്ന് പറയുമ്പോൾ രണ്ടാം ശില്പത്തിൽ ഭാഷയ്ക്ക് ഉല്പത്തിപരമായ ബന്ധമുണ്ടെന്നു പറയുന്നു. ഇവിടെ കാര്യമായ വൈരുദ്ധ്യമൊന്നുമില്ലെന്നാണ് എൽ.വി.ആറിന്റെ പക്ഷം. ഒന്നാം ശില്പത്തിൽ ഉള്ളത് വിവരണാത്മക ദൃഷ്ടിയാണെങ്കിൽ രണ്ടാം ശില്പത്തിൽ ചരിത്രവീക്ഷണത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു എന്നുമാത്രം.
തമിഴ്, കന്നട പോലെയുള്ള ഭാഷകളിൽ നിന്നുള്ള തത്ഭവങ്ങൾ എന്നു ലീലാതിലകത്തിൽ പറഞ്ഞിരിക്കുന്നവ സജാതപദങ്ങളാണ് എന്ന് എൽ.വി.ആറിന് തിരിച്ചറിയാൻ കഴിയുന്നത് അദ്ദേഹത്തിന്റെ താരതമ്യാത്മക യുക്തികൊണ്ടാണ്. മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥമായ ലീലാതിലകത്തിലെ വ്യാകരണകാര്യങ്ങളെ വളരെ കൃത്യമായി പഠിക്കുകയും അതിനെ തമിഴ് വ്യാകരണവുമായും സമകാലിക മലയാള ഭാഷാവ്യാകരണവുമായും ചേർത്തുവെച്ച് സൂക്ഷ്മവിശകലനം നടത്താൻ എൽ.വി.ആറിന് കഴിഞ്ഞിട്ടുണ്ട്.

2- എസ് വി ഷണ്മുഖം:
‘‘ലീലാതിലകം സാമൂഹിക- വ്യാകരണ ദൃഷ്ടിയിൽ’’ എന്ന ഒരു ലേഖനം മലയാള വിമർശത്തിൽ 1992-ൽ എസ്. വി. ഷണ്മുഖം എഴുതുന്നുണ്ട്. ഈ ലേഖനത്തിലെ ആശയങ്ങളെ വിപുലീകരിച്ച് ‘മലൈയാള മൊഴിയിൻ മുതലിലക്കണം’ എന്നൊരു തമിഴ് ഗ്രന്ഥം അദ്ദേഹം രചിച്ചു. ഈ തമിഴ് ഗ്രന്ഥം ‘ലീലാതിലകം സാമൂഹിക ഭാഷാശാസ്ത്രദൃഷ്ടിയിൽ’ എന്ന പേരിൽ വേണുഗോപാലപ്പണിക്കർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. പ്രൊഫ. എസ്. വി. ഷണ്മുഖത്തിന്റെ Essays on the History of Malayalam എന്ന ഗ്രന്ഥത്തിലുള്ള ‘Contribution of Leelatilakam to language study’ (‘ഭാഷാപഠനത്തിന് ലീലാതിലകത്തിന്റെ സംഭാവന’, വിവ. ജോസഫ് കെ ജോബ്) എന്ന ലേഖനവും ലീലാതിലകത്തെ സംബന്ധിച്ച ശ്രദ്ധേയമായ പഠനമാണ്.
ലീലാതിലകത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും മണിപ്രവാള ശൈലിയും പരിഗണിച്ച്, മലയാളത്തിനുള്ള ഒരു വ്യാകരണ ചട്ടക്കൂടെന്ന നിലയിൽ അതിന്റെ ശക്തിയും ദൗർബല്യവും പരിശോധിക്കുകയാണ് എസ്.വി.എസ് ചെയ്തിരിക്കുന്നത്. ലീലാതിലകത്തിൽ അന്തർലീനമായ ഭാഷാശാസ്ത്രപരമായ ആശയങ്ങളും (സാമൂഹിക ഭാഷാശാസ്ത്രപരമായ ആശയങ്ങളും) എങ്ങനെ പ്രയോഗിക്കപ്പെട്ടുവെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. ആധുനിക ഭാഷാശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ലീലാതിലകത്തിലെ നിയമങ്ങളും നിരീക്ഷണങ്ങളും പുനർവ്യാഖ്യാനം ചെയ്യുക, ലീലാതിലകത്തിലെ വ്യാകരണപരമായ ഉൾക്കാഴ്ചകൾ മലയാള വ്യാകരണത്തിന്റെ തുടർന്നുള്ള വികാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുക എന്നിവയും എസ്.വി.എസിന്റെ പഠനലക്ഷ്യങ്ങളായിരുന്നു.
കേരളപാണിനി എ. ആർ. രാജരാജവർമ്മ ലീലാതിലകത്തെ വിലയിരുത്തുന്നതെങ്ങനെയെന്ന അന്വേഷണം ‘ലീലാതിലകം സാമൂഹികഭാഷ ശാസ്ത്ര ദൃഷ്ടിയിൽ’ എന്ന ഗ്രന്ഥത്തിൽ എസ്.വി.എസ് നിർവ്വഹിക്കുന്നു. മലയാളത്തിന്റെ ഭാഷാദേശീയതാപരമായ മൂല്യം കേരള പാണിനീയകാരൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മലയാളം വ്യവസ്‌ഥയില്ലാത്ത നികൃഷ്‌ടഭാഷയല്ല എന്ന് ലീലാതിലകത്തിന്റെ കണ്ടെത്തലോടെ തെളിഞ്ഞുവെന്നും എ. ആർ പറയുന്നു. തദ്ദേശീയനാണ് യൂറോപ്യനല്ല ആദ്യത്തെ ലക്‌ഷണഗ്രന്‌ഥം ചമച്ചത് എന്നതും അഭിമാനകരമായി അദ്ദേഹം കാണുന്നു. ലീലാതിലകാചാര്യൻ തമിഴിലും സംസ്കൃതത്തിലും ഒന്നുപോലെ പണ്ഡിതനായിരുന്നു എന്നത് നിസ്സംശയമാണ് കേരള പാണിനിക്ക്. കാശികാവൃത്തി, കാവ്യപ്രകാശം ഇവയുടെ തോതിൽ "മൂലഭൂതങ്ങളായ" സൂത്രങ്ങളെ എടുത്ത് വ്യാഖ്യാനിച്ചുദാഹരിച്ച് ഉപരിവിചാരണചെയ്യുന്ന സംവിധാനമാണ് ലീലാതിലകത്തിനുളളത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാഷാവബോധവും സൂക്‌ഷ്‌മജ്‌ഞാനവും ശാസ്ത്രീയായ ബോധവും തികഞ്ഞ വിലയിരുത്തലാണിത്. ലീലാതിലകം സംസ്കൃതത്തിലായിപ്പോയല്ലോ എന്നു ആശ്ചര്യപ്പെടാനില്ലെന്ന് തെലുങ്കിന്റെ ആദ്യ വ്യാകരണവും സംസ്കൃതത്തിലാണെന്ന വസ്തുത ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിക്കുന്നു.
ഭാഷയുടെ മുൻകാലങ്ങളെയും ഭാഷകസമൂഹത്തിന്റെ മുൻകാല സംസ്ക്കാരത്തെയും സംരക്ഷിക്കുന്നതിനാണ് പല ഭാഷകളിലും വ്യാകരണം രചിക്കപ്പെടുന്നത്.
അടുത്തനാട്ടിലെ ഭാഷയായ തമിഴിൽനിന്നും മതത്തിന്റെയും സംസ്ക്‌കാരത്തിന്റെയും ഭാഷയായ സംസ്കൃതത്തിൽനിന്നും ഭിന്നമായ സ്വതന്ത്രമായ വ്യക്തിത്വം കേരള ഭാഷയ്ക്കുണ്ട് എന്നും ഇതിന്റെ വ്യാകരണഘടന തനിമയാർന്നതാണെന്നും അറുത്തുമുറിച്ച് പ്രഖ്യാപിക്കാനുമാണ് ലീലാതിലകം ഉദ്യമിച്ചത് എന്ന് എസ്.വി.എസ് വ്യക്തമാക്കുന്നുണ്ട്. “ഈ വ്യക്തിത്വസ്ഥാപനത്തിന്റെ ഭാഷാ ദേശീയതാസ്വഭാവമാണ് പിൽക്കാലത്ത് പതുക്കെക്കണ്ടാണെങ്കിലും കേരളഭാഷയ്ക്ക് തനിപ്പെട്ട ഒരു ലിപിരീതിയും പേരും കാവ്യപാരമ്പര്യവും ഉണ്ടാക്കിയെടുക്കാൻ സഹായിച്ചതെന്നും’’ അദ്ദേഹം കണ്ടെത്തുന്നു.
‘‘മുമ്പ് ഈ ഭാഷയ്ക്കും തമിഴെന്നായിരുന്നല്ലോ പേർ പറഞ്ഞിരുന്നത്. അതുമാറി മലയാളഭാഷയെന്നായി പേർ. സാഹിത്യമാകട്ടെ പാട്ടെന്നും മണിപ്രവാളമെന്നും രണ്ടു കൈവഴികളായി പിരിഞ്ഞും ഇരുന്നു. ലീലാതിലകം അങ്ങനെ ഭാവിയിലേക്ക് ഒരു ചൂണ്ടുപലകയായിത്തീർന്നു. സുമേരിയനിലും സംസ്കൃതത്തിലും തമിഴിലും പഴമയുടെ സംരക്ഷണമാണ് വ്യാകരണസൃഷ്ടിയുടെ ഉദ്ദേശ്യമായതെങ്കിൽ മലയാളത്തിൽ മറിച്ച് ഭാവിയുടെവഴി കാട്ടുക എന്നതായി ഫലം.” (ഷണ്മുഖം 1995: 36)

ഭാഷയുടെ മുൻകാലങ്ങളെയും ഭാഷകസമൂഹത്തിന്റെ മുൻകാല സംസ്ക്കാരത്തെയും സംരക്ഷിക്കുന്നതിനാണ് പല ഭാഷകളിലും വ്യാകരണം രചിക്കപ്പെടുന്നത്. എന്നാൽ മലയാളത്തിൽ, ലീലാതിലകവും അതിന്റെ വ്യാഖ്യാനവും എഴുതിയത് മലയാളം ഒരു സ്വതന്ത്രഭാഷയായി പതുക്കെ ഉയർന്നുവരുന്ന കാലഘട്ടത്തിലാണ്. പുതിയ ഒരു മാനകഭാഷയുടെ ആവിർഭാവത്തെ പിന്തുണയ്ക്കാൻ വേണ്ടിയാണത് രൂപംകൊണ്ടത്. അതുകൊണ്ടാണ് മുകളിൽ സൂചിപ്പിച്ച മൂന്ന് മാറ്റങ്ങൾ ലീലാതിലകത്തിന്റെ കാലത്തിനുശേഷം സംഭവിച്ചത്, അത് ഭാഷയ്ക്ക് തനതായ ഒരു ലിപിസമ്പ്രദായവും ഭാഷയ്ക്ക് തനതായ പേരും കേരളസമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു സാഹിത്യപാരമ്പര്യത്തിന്റെ ഏകമാനമായ നിലവാരപ്പെടുത്തലും സാധ്യമാക്കിക്കൊടുത്തു.
അതിനാൽ, സൂക്ഷ്മമായും താരതമ്യാത്മകമായും ലീലാതിലകത്തെ പഠിക്കുമ്പോൾ താരതമ്യ/ചരിത്രപരമായ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള പഠനം അത് മുൻകൂട്ടി കണ്ടിട്ടുണ്ടെന്നും വ്യാകരണത്തിന്റെ, സാമൂഹികശാസ്ത്രത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ചില വശങ്ങളിൽ സവിശേഷമായ ഒരു വ്യാകരണമാണെന്നും അതിനാൽ അതിന് ഭാഷാശാസ്ത്രത്തിന്റെ ചരിത്രത്തിൽ കൃത്യമായ ഇടം നൽകേണ്ടതുണ്ടെന്നും വ്യക്തമാണ്- എസ്.വി.എസ് പറയുന്നു.
3- വേണുഗോപാലപ്പണിക്കർ
മലയാളഭാഷയുടെ വ്യാകരണത്തെക്കുറിച്ച് ആദ്യ സൂചനകൾ നൽകുന്ന ലീലാതിലകം എന്ന മണിപ്രവാള ലക്ഷണഗ്രന്ഥത്തെക്കുറിച്ച് വേണുഗോപാലപ്പണിക്കർ പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല. എങ്കിലും, കേരള പാണിനീയത്തെപ്പോലെതന്നെ ലീലാതിലകത്തെയും അദ്ദേഹം സൂക്ഷ്മപാരായണം നടത്തിയിട്ടുണ്ട്. ‘ചില ലീലാതിലകശ്ലോകങ്ങൾ’, ‘ലീലാതിലകത്തെപ്പറ്റി ചില ചിന്തകൾ’, ‘ലീലാതിലകവും തൊൽക്കാപ്പിയവും’ ‘എന്തുകൊണ്ട് തൊൽക്കാപ്പിയം?’ എന്നീ ലേഖനങ്ങളിൽ ലീലാതിലകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സംസ്കൃതത്തിൽ രചിച്ചതാണെങ്കിലും, തമിഴിനോട് അത്ര പ്രതിപത്തിയൊന്നുമില്ലെങ്കിലും ലീലാതിലകത്തിന് തൊൽക്കാപ്പിയത്തോടും മറ്റ് തമിഴ് വ്യാകരണകൃതികളോടും ബന്ധമുണ്ട് എന്ന് ‘തൊൽക്കാപ്പിയവും ലീലാതിലകവും’ ‘എന്തുകൊണ്ട് തൊൽക്കാപ്പിയം? എന്നീ ലേഖനങ്ങളിലൂടെ അസന്ദിഗ്ദ്ധമായി വേണുഗോപാലപ്പണിക്കർ വ്യക്തമാക്കുന്നുണ്ട്. ഉൽകൃഷ്ട വാമൊഴിയുള്ള ത്രൈവർണികരുടെ അഥവാ ‘അപാമാരന്മാ’രുടെ ഭാഷയാണ് കേരള ഭാഷയെന്ന് എന്ന ലീലാതിലകകാരൻ പറയുന്നുണ്ട്. ‘ചെയ്യുൾ’ എന്നും ‘വഴക്ക്’ എന്നും തമിഴിലുള്ള ഭാഷാരീതികളിൽ ‘വഴക്ക്’ എന്ന് പറയപ്പെടുന്നത് ‘ഉയർന്നോരു’ടെ ഭാഷയാണ്.
കേരള ഭാഷയിലെ ‘വഴക്കാ’ണ് മണിപ്രവാളത്തിലെ മണിസ്ഥാനത്തുള്ള കേരളഭാഷ എന്നാണ് ലീലാതിലകവൃത്തിക്കാരന്റെ വിവക്ഷയെന്ന് വേണുഗോപാലപ്പണിക്കർ ചൂണ്ടിക്കാട്ടുന്നു. സംസ്കൃതത്തിലില്ലാത്ത ഭാഷാവർണ്ണങ്ങളെപ്പറ്റി നടത്തുന്ന ചർച്ച തമിഴ് പാരമ്പര്യത്തിന്റെ തുടർച്ച മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൊൽക്കാപ്പിയത്തിലുള്ള പല ഭാഷാനിയമങ്ങളും ലീലാതിലകത്തിൽ കാണുന്നുണ്ടെന്ന് വേണുഗോപാലപ്പണിക്കർ സമർത്ഥിക്കുന്നുണ്ട്. തൊൽക്കാപ്പിയവിധികൾ പലതും പഴംതമിഴ് കൃതികൾക്ക് നിരക്കാത്തതും മലയാളത്തിന് നിരക്കുന്നതുമായി വരുന്നതിന് ഒട്ടേറെ ദൃഷ്ടാന്തങ്ങൾ വേണുഗോപാലപ്പണിക്കർ ചൂണ്ടിക്കാട്ടുന്നു. ‘എന്തുകൊണ്ട് തൊൽക്കാപ്പിയം?’ എന്ന ലേഖനത്തിൽ ലീലാതിലകത്തിൽ ഉള്ളതായി മുൻകാല പണ്ഡിതന്മാർ കണ്ടെത്തിയ തൊൽക്കാപ്പിയപ്രഭാവം നിരൂപണ ദൃഷ്ടിയോടെ സംഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.
ദ്രാവിഡഭാഷകളിലെ പഴയ വ്യാകരണ കൃതികളെ സൈദ്ധാന്തികവും സാമൂഹിക വ്യാകരണപരവുമായ കാഴ്ചപ്പാടുകളിൽ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഭാഷാശാസ്ത്രതത്ത്വത്തിൽ ഓരോ ഭാഷക്കാരും എത്ര മുന്നേറിയിരിക്കുന്നു എന്നറിയാൻ സാധിക്കുകയുള്ളൂ.
‘കേരള പാണിനീയ’ത്തെക്കുറിച്ച്
1- എൽ.വി.ആർ
കേരള പാണിനീയത്തെക്കുറിച്ച് സി.എൽ. ആന്റണിയടക്കമുള്ള ഭാഷാപണ്ഡിതന്മാർ നടത്തിയ പഠനഗ്രന്ഥങ്ങൾ അനവധിയുണ്ടെങ്കിലും എൽ.വി. ആറിന്റെ ‘കേരളപാണിനീയക്കുറിപ്പുകൾ’ അത്തരം പാഠങ്ങളെയൊക്കെ ബഹുദൂരം പിന്നിലാക്കുന്ന തരത്തിലുള്ളതാണ്. എൽ.വി.ആറിന്റെ ഈ കേരള പാണിനീയ വിമർശനം കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ഭാഷാപണ്ഡിതന്മാർ ചുരുക്കമാണ്. മനസ്സിലാക്കിയവരിൽ പ്രധാനികൾ എസ്. വി. ഷൺമുഖവും വേണുഗോപാലപ്പണിക്കരും തന്നെ.
“മലയാള ഭാഷാപഠനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് നവീകൃത കേരളപാണിനീയം. പിൽക്കാല ഗവേഷണത്തിന് അടിക്കല്ല് പാകുകയും പുതിയ വഴികൾ പലതും തുറക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം”- എൽ.വി.ആർ ആമുഖമായി പറഞ്ഞുതുടങ്ങുന്നു. ഒരു തദ്ദേശപണ്ഡിതൻ ലഭ്യമായ ഭാഷാവസ്തുക്കളെ വ്യവസ്ഥപ്പെടുത്തി ഒരു ദക്ഷിണേന്ത്യൻ ഭാഷയിൽ രചിക്കുന്ന ആദ്യത്തെ വ്യാകരണ രചനാസംരംഭം എന്ന നിലയ്ക്ക് കേരള പാണിനീയം എതിരറ്റതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എങ്കിലും ഭാഷാപഠനങ്ങളിലും ദ്രാവിഡഭാഷകളെപ്പറ്റിയുള്ള നമ്മുടെ അറിവിലും വന്നുചേർന്ന വളർച്ചയുടെ വെളിച്ചത്തിൽ കേരളപാണിനിയുടെ അഭിപ്രായങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും രാമസ്വാമി അയ്യർ അന്നേ പറഞ്ഞിട്ടുണ്ട്.

‘കേരള പാണിനീയക്കുറിപ്പുകൾ’ എന്ന ലേഖനത്തിന്റെ മഹത്വം തിരിച്ചറിയാൻ ഒരു ചെറിയ ഉദാഹരണം മാത്രം പറയാം: ല കാരം, ള കാരം ഇവയെക്കുറിച്ച് ഇവ യഥാക്രമം ദന്ത്യവും വർത്സ്യവുമാണെന്ന കേരള പാണിനിയുടെ അഭിപ്രായത്തെ എൽ.വി.ആർ നിഷേധിക്കുന്നു. ലകാരം വർത്സ്യവും ളകാരം മൂർധന്യവുമാണെന്ന് 1863-ൽ ‘മലയായ്മയുടെ വ്യാകരണ’ത്തിൽ ശരിയായിത്തന്നെ ജോർജ് മാത്തൻ പറഞ്ഞിട്ടുള്ളതാണ്. ല കാര, ള കാരങ്ങളെ കൃത്യമായി വിശദീകരിക്കാൻ കേരള പാണിനിക്ക് കഴിഞ്ഞിട്ടില്ല എന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുകയാണ് എൽ വി ആർ. കേരള പാണിനി ഒരു വലിയ പിഴവ് വരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ‘വിനാമക്രിയ’ എന്ന തെറ്റായ ആശയം കൊണ്ടുവരികയും ചെയ്യുന്നുണ്ട്. ളകാരം മൂർദ്ധന്യമോ - അതെങ്ങനെ ശരിയാകും? എൽ.വി.ആർ ചോദിക്കുന്നു. ത-ല യെന്ന് ചേർത്തുച്ചരിച്ചാൽ വ്യക്തമാകുന്ന കാര്യമാണ് ലകാരം വർത്സ്യ (alveolar) മാണെന്നത്. ള എന്ന് ഉച്ചരിക്കണമെങ്കിൽ നാവ് മൂർദ്ധാവിൽ സ്പർശിക്കണമെന്നും വ്യക്തമായി പറയാൻ കഴിയും. എന്നിട്ടും മഹാപണ്ഡിതനായ കേരളപാണിനി ഒരു അബദ്ധം ചെയ്തുവച്ചു.
കേരള പാണിനീയത്തിൽ ചർച്ച ചെയ്യുന്ന ഏതാണ്ട് എല്ലാ ഭാഷാകാര്യങ്ങളെക്കുറിച്ചും ‘കേരള പാണിനീയക്കുറിപ്പു’കളിൽ ചർച്ച ചെയ്യുന്നുണ്ട്. വർണോച്ചാരണങ്ങൾ, സന്ധികാര്യങ്ങൾ, നാമവിഭാഗങ്ങൾ, ലിംഗ- വചന- പുരുഷപ്രത്യയങ്ങൾ, വിഭക്തി, ക്രിയാവിഭാഗങ്ങൾ, കേരള പാണിനിയുടെ ആറുനയങ്ങൾ എന്നിവയെല്ലാം എൽ.വി.ആറിന്റെ ശ്രദ്ധാപൂർവ്വകമായ വിലയിരുത്തലിൽ വന്നിട്ടുള്ളവയാണ്. പുരുഷഭേദനിരാസത്തെക്കുറിച്ചും വർത്തമാനകാല പ്രത്യയത്തിന്റെ ഉല്പത്തിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്.
2- എസ്. വി. ഷണ്മുഖം
പുതിയ അറിവുകളുടെ വെളിച്ചത്തിൽ കേരള പാണിനീയത്തെ പുനർ വായിക്കേണ്ടതുണ്ട് എന്ന് എൽ.വി.ആറിന്റെ അഭിപ്രായത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കേരള പാണിനീയത്തിലെ ‘ദേശവും ഭാഷയും‘, ‘ഘട്ടവിഭജനം’ എന്നിവ എസ്. വി. ഷണ്മുഖം പഠനവിധേയമാക്കുന്നത്. എൽ.വി.ആറിന്റെ പല നിരീക്ഷണങ്ങളെയും ഷണ്മുഖം അംഗീകരിക്കുന്നുണ്ടെങ്കിലും പലതിനെയും അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നുണ്ട്. സൈദ്ധാന്തികമായി നോക്കിയാലും ഭാഷാലക്ഷണവിവരണത്തിന്റെ പര്യാപ്തി നോക്കിയാലും അപൂർവ മേന്മയുള്ളതാണ് കേരള പാണിനീയം എന്നാണ് എസ്. വി. ഷണ്മുഖം പറയുന്നത്. കേരള പാണിനീയത്തിന്റെ പോരായ്മകൾ കണ്ടറിഞ്ഞ് വിമർശിക്കുന്നതിനൊപ്പം അതിന്റെ വൈശിഷ്ട്യങ്ങളും എസ്.വി.എസ് അക്കമിട്ടു നിരത്തുന്നു:
(I) തെളിവുകളെ ആധാരമാക്കിയ ചരിത്രത്തെ മൂന്നായി തരംതിരിക്കാം - പ്രാക്ചരിത്രം, പൂർവചരിത്രം, ലിഖിതാധിഷ്ഠിത ചരിത്രം. ഈ മൂന്നു ഘട്ടങ്ങളെപ്പറ്റിയുള്ള പ്രതിപാദനം (എത്രമേൽ അപര്യാപ്തമായാലും) കേരള പാണിനീയത്തിലുണ്ട്. ഭാഷയുടെ വളർച്ചയിൽ സാമൂഹികചരിത്രത്തിന് ഗണ്യമായ സ്വാധീനശക്തി ഉണ്ടെന്നു ചൂണ്ടിക്കാട്ടി മലയാള ഭാഷാചരിത്രത്തിനും ആഗമിക ഭാഷാശാസ്ത്രത്തിനും വിസ്താരമുള്ള ഒരു അടിത്തറ ഒരുക്കാനുള്ള ശ്രമവും കേരളപാണിനീയത്തിലുണ്ട്.
(II) കേരള പാണിനീയത്തിൽ പുതുതായി ഏർപ്പെടുന്ന ചില വ്യാകരണ സങ്കേതങ്ങളുണ്ട്. അവ ഓരോന്നും അത്യന്തം ശ്രദ്ധേയമാണ്. അതിലൊന്നാണ് വിഭക്ത്യാഭാസം. വിഭക്തിക്കുറിയില്ലാതെ വിഭക്ത്യർത്ഥം ആവിഷ്കരിക്കുന്ന രീതിയാണിത്. ഒരു വിഭക്തിരൂപത്തിന്റെ സ്ഥാനത്ത് മറ്റൊന്നു വരുന്നതിന് തമിഴിൽ ഒരു പേരുണ്ട് - വേറ്റുമൈമയക്കം: ഇതിനു സദൃശ്യമാണ് വിഭക്ത്യാഭാസം.

(III) ഘട്ടവിഭാഗ വിവരണത്തിൽ ലീലാതിലകത്തെപ്പറ്റി വിസ്തരിച്ചു പ്രതിപാദിക്കുന്നതു വഴി മലയാള വ്യാകരണ ചരിത്രാന്വേഷണത്തിനും തുടക്കം കുറിച്ചത് കേരള പാണിനീയമാണ്.
(IV) താരതമ്യ ദൃഷ്ടിയോടെ മലയാളഭാഷയുടെ ചരിത്രത്തെയും ഘടനയെയും പറ്റി ആദ്യമായി ചില നിരീക്ഷണങ്ങൾ നടത്തുന്നത് കേരള പാണിനീയമാണ്. ദ്രാവിഡഭാഷകളുടെ പരസ്പരമുള്ള ചരിത്രബന്ധത്തെക്കുറിക്കുന്ന വംശവൃക്ഷചിത്രം ആദ്യമായി നൽകുന്നത് ലിംഗ്വിസ്റ്റിക്സ് സർവേ ഓഫ് ഇന്ത്യയുടെ നാലാം ഭാഗത്താണ് (1906). പിന്നെക്കാണുന്നത് കേരള പാണിനീയ പീഠിക ഖ. 5-ലും. ‘നേർവരയുടെ നീളം കൊണ്ട് അകൽച്ചയും ചരിഞ്ഞ വര കൊണ്ട്’ ചാർച്ചയും’ കാണിക്കുന്ന ചിത്രമുപയോഗിച്ച് ദ്രാവിഡഭാഷകൾക്ക് പരസ്പരമുള്ള അകൽച്ചയും അടുപ്പവും മൂലദ്രാവിഡത്തിൽ നിന്നുള്ള അകൽച്ചയും എത്രയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
(V) ദ്രാവിഡഭാഷകളിലെ പഴയ വ്യാകരണ കൃതികളെ സൈദ്ധാന്തികവും സാമൂഹിക വ്യാകരണപരവുമായ കാഴ്ചപ്പാടുകളിൽ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഭാഷാശാസ്ത്രതത്ത്വത്തിൽ ഓരോ ഭാഷക്കാരും എത്ര മുന്നേറിയിരിക്കുന്നു എന്നറിയാൻ സാധിക്കുകയുള്ളൂ.
കേരള പാണിനീയത്തെക്കുറിച്ച് ‘കേരള പാണിനീയപീഠികാപഠനം ഭാഷാശാസ്ത്ര വീക്ഷണത്തിൽ’ എന്ന ഒരു പുസ്തകം എസ്.വി. എസ് രചിച്ചിട്ടുണ്ട്. ഇതിനുപുറമേ ‘കേരളപാണിനീയത്തിലെ ഭാഷാവികാസസങ്കല്പം’, ‘രാജരാജവർമ്മയുടെ ഭാഷാബോധം’, ‘കേരളപാണിനീയത്തിന്റെ വ്യാകരണസിദ്ധാന്തം ഭാഷാശാസ്ത്ര വീക്ഷണത്തിൽ’ എന്നീ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരള ഭാഷയിലെ ‘വഴക്കാ’ണ് മണിപ്രവാളത്തിലെ മണിസ്ഥാനത്തുള്ള കേരളഭാഷ എന്നാണ് ലീലാതിലകവൃത്തിക്കാരന്റെ വിവക്ഷയെന്ന് വേണുഗോപാലപ്പണിക്കർ ചൂണ്ടിക്കാട്ടുന്നു.
3- വേണുഗോപാലപ്പണിക്കർ
കേരള പാണിനീയത്തെക്കുറിച്ചുള്ള വേണുഗോപാലപ്പണിക്കരുടെ ഏറ്റവും വലിയ സംഭാവന A critical study on the Peetika of Keralapaanineeyam എന്ന അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധമാണ്. കേരള പാണിനീയത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ഏറ്റവും മികച്ച വഴികാട്ടിയാണ് ഈ ഗവേഷണപ്രബന്ധം. ഇതിന് പുറമേ കേരള പാണിനീയത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഭാഷാലോക’ (2006) ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘കേരള പാണിനീയത്തിലെ വർണ്ണവികാര ചർച്ച’, കേരള പാണിനിയുടെ സ്വനവിചാരവും സ്വനപ്രക്രിയാ വിചാരവും’ , ‘കേരള പാണിനീയ ഭാഷ്യവിമർശനം’ , ‘വള്ളത്തോളിന്റെ കേരള പാണിനീയനിരൂപണം’, ‘കേരള പാണിനീയവും മലയാളത്തിന്റെ അക്ഷരമാലയും’, കേരള പാണിനീയ വിജ്ഞാനം എന്ന ബൃഹത് ഗ്രന്ഥത്തിന്റെ അവതാരിക, ‘മലയാളത്തിലെ അകാരങ്ങൾ’, ‘അകാരവിവാദം’ ‘പിൻവിനയച്ചയത്തെപ്പറ്റി ചില ചിന്തകൾ’ എന്നീ ലേഖനങ്ങളിൽ കേരള പാണിനീയത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ കാണാം. കേരള പാണിനീയത്തിന്റെ പ്രാധാന്യം, എ.ആറിന്റെ യുക്തിബോധം, ഭാഷാപരമായ ഉൾക്കാഴ്ചകൾ എന്നിവ വേണുഗോപാലപ്പണിക്കർ തിരിച്ചറിയുന്നുണ്ട്.
സംഗ്രഹം
മലയാള ഭാഷാഗവേഷണത്തിൽ ലീലാതിലകത്തിന്റെയും കേരള പാണിനീയത്തിന്റെയും പ്രാധാന്യം ഈ മൂന്ന് പണ്ഡിതന്മാരും അംഗീകരിക്കുന്നുവെങ്കിലും അവരുടെ സമീപനങ്ങളും വിശകലനത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളും അവരുടെ വ്യക്തിപരമായ ഗവേഷണ താൽപ്പര്യങ്ങളെയും അക്കാലത്തെ നിലവിലിരുന്ന ഭാഷാശാസ്ത്രപരമായ രീതികളെയും അടിസ്ഥാനമാക്കി വ്യത്യസ്തമായിരിക്കുന്നു. എൽ.വി. ആർ ഈ ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നതിൽ ചരിത്രപരവും താരതമ്യപരവുമായ ഒരു കാഴ്ചപ്പാട് നൽകി. ഷൺമുഖം വിമർശനാത്മക പുനർവായന നടത്തി, വേണുഗോപാലപ്പണിക്കർ ലീലാതിലകത്തെയും കേരള പാണിനീയത്തെയും കുറിച്ച് സൂക്ഷ്മമായ വിശകലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ കൂട്ടായ പ്രവർത്തനം ദ്രാവിഡ ഭാഷാകുടുംബത്തെയും മലയാളത്തിന്റെ തനതായ വ്യാകരണ പൈതൃകത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയെ ഗണ്യമായി സമ്പന്നമാക്കിയിട്ടുണ്ട്.
‘ലീലാതിലകം’, ‘കേരള പാണിനീയം’ എന്നിവയെക്കുറിച്ച് ഈ മൂന്ന് പേരും പറയുന്ന അഭിപ്രായങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ ഭാഷാസംബന്ധിയായ വിഷയങ്ങളെ എങ്ങനെ ചർച്ചാവിധേയമാക്കാമെന്നും അവയെ വിചിന്തനം ചെയ്തും ഉപരിവിചിന്തനം ചെയ്തുമൊക്കെ എങ്ങനെ അവതരിപ്പിക്കാമെന്നുമുള്ളതിന്റെ നല്ല ഉദാഹരണങ്ങൾ നമുക്ക് തെളിഞ്ഞുകിട്ടും. ഈ മൂന്നു പേരും തങ്ങളുടെ പൂർവ്വസൂരികളുടെ അഭിപ്രായങ്ങളെ വെറുതെയങ്ങ് അംഗീകരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് അഭിപ്രായ വ്യത്യാസങ്ങളെ വളരെ വ്യക്തതയോടു കൂടി തുറന്നു പ്രസ്താവിക്കുകയും ചെയ്യുന്നു.

എൽ.വി.ആറിനെ കുറിച്ച് ആഴത്തിൽ പഠിക്കുകയും A Premier of Malayalam Phonology പോലെയുള്ള ക്ലിഷ്ടമായ പല കൃതികളും സംശോധിത- സമ്പാദനം നടത്തുകയും Notes on Kerala Panineeyam വിവർത്തനം ചെയ്യുകയും ചെയ്തുകൊണ്ട് എൽ.വി. ആറിനോട് തനിക്കുള്ള ആദരവ് വേണുഗോപാലപ്പണിക്കർ പ്രകടിപ്പിക്കുന്നുണ്ട്. എസ്. വി. ഷണ്മുഖവുമായി ആശയവിനിമയം നടത്താനും തമിഴിൽനിന്ന് എസ്.വി. എസിന്റെ ലേഖനങ്ങളും ഗ്രന്ഥങ്ങളും വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാനും വേണുഗോപാലപ്പണിക്കർക്ക് കഴിഞ്ഞിട്ടുണ്ട്. എൽ.വി.ആറിനെ അറിഞ്ഞ ആദരിക്കാൻ എസ്.വി.എസിനും ഇവർ ഇരുവരെയും അറിഞ്ഞാദരിക്കാൻ വേണുഗോപാലപ്പണിക്കർക്കും കഴിയുന്നുണ്ടെന്ന് വ്യക്തമാക്കാൻ പോരുന്നതാണ് ഈ താരതമ്യ അവലോകനം. അന്വേഷണങ്ങൾക്കും ചിന്തകൾക്കും തുടർച്ചകളുണ്ടെന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് അവയെന്നും കൂടി ഇതിലൂടെ വ്യക്തമാവുന്നു.
വേണുഗോപാലപ്പണിക്കരുടെ മരണത്തോടെ, ജ്ഞാനത്തോട് തികഞ്ഞ ആദരവു പുലർത്തിയ ഒരു വലിയ പണ്ഡിതന്റെ തിരോധാനമാണ് സംഭവിച്ചിരിക്കുന്നത്.
▮
പരാമർശിത കൃതികൾ:
Ramaswami Iyer, L.V. (1939 (1992) A Premier of Malayalam Phonology, Thrissur: Kerala Sahitya Academy.
Ramaswami Iyer, L.V (1936) The Evolution of Malayalam Morphology,. Thrissur: The Ramavarma Research Institute.
Ramaswami Iyer, L.V(1937) 'Notes on Keralapaanineeyam',. Maharaja's College Magazine.
Ramaswami Iyer, L.V (1944) Grammar in Leelatilakam, Thrissur: The Ramavarma Research Institute.
ജോർജ് സി.ജെ. (എഡി.) (2023) ‘പ്രൊഫ. എസ്.വി. ഷണ്മുഖവും മലയാളഭാഷാഗവേഷണവും’ മലയാളം റിസർച്ച് ജേണൽ 16: 3.
രാമസ്വാമി അയ്യർ, എൽ.വി (1992) ‘കേരള പാണിനീയക്കുറിപ്പുകൾ’ മലയാളവിമർശം ജേണൽ 12.
വേണുഗോപാലപ്പണിക്കർ (1999 ) വാക്കിന്റെ വഴികൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.
വേണുഗോപാലപ്പണിക്കർ (2006) ഭാഷാലോകം, ഡി.സി ബുക്സ്, കോട്ടയം.
വേണുഗോപാലപ്പണിക്കർ (2006) ചിതറിപ്പോയ സിംഹനാദവും ചില ഭാഷാ വിചാരങ്ങളും, കേരള സാഹിത്യ അക്കാദമി.
വേണുഗോപാലപ്പണിക്കർ (2015 ) എന്തുകൊണ്ട് തൊൽക്കാപ്പിയം? വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി 22 വള്ളത്തോൾ വിദ്യാപീഠം.
ശ്രീനാഥൻ എം, സി സൈതലവി (2017) കേരളപാണിനീയ വിജ്ഞാനം, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തിരൂർ.
ഷണ്മുഖം എസ്.വി (1995) ലീലാതിലകം സാമൂഹികഭാഷാ ശാസ്ത്രദൃഷ്ടിയിൽ, (വിവ ടി. ബി. വേണുഗോപാലപ്പണിക്കർ). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
ഷണ്മുഖം എസ്.വി (2012) കേരളപാണിനീയപീഠിക പഠനം. ഭാഷാശാസ്ത്രവീക്ഷണത്തിൽ (വിവ. ടി. ബി. വേണുഗോപാലപ്പണിക്കർ), കാലിക്കറ്റ് സർവ്വകലാശാല.