സീന ജോൺ

ഭാഷാപഠനത്തിലേക്ക്
ഗുരുവിലൂടെ സ്‍നേഹപൂർവം
ഒരു പ്രവേശം…

അറിഞ്ഞതിൽ പാതിയല്ല, മുക്കാലും പറയാതെ പോയ ഒരു ഗുരുനാഥന്റെ ചിന്തയിൽനിന്നു വീണു കിട്ടിയ പ്രവേശകം എന്ന സംസ്കൃത ഭാഷാധ്യാപന സഹായി എന്ന് വിളിക്കാവുന്ന പുസ്തകം മലയാള വ്യാകരണ പദ്ധതിയെയും വ്യാകരണ സാങ്കേതിക പദങ്ങളെയും സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് സീന ജോൺ.

കാലടി സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനായി ചേർന്ന സമയത്താണ് ടി.ബി. വേണുഗോപാലപ്പണിക്കർ എന്ന പേര് ആദ്യമായി കേൾക്കുന്നത്. ഭാഷാപഠനത്തോട് ചെറിയൊരു താല്പര്യക്കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞ് ആ മേഖലയിൽ എം.ഫിൽ പ്രബന്ധം തയ്യാറാക്കിയ കാലഘട്ടത്തിൽ പരീക്ഷകനായി എത്തിച്ചേർന്നത് വേണുമാഷായിരുന്നു. വളരെ ഔപചാരികമായി പ്രബന്ധത്തെക്കുറിച്ച് സംസാരിച്ചായിരുന്നു അന്ന് പിരിഞ്ഞത്. പഠനത്തിനായി ഈ മേഖല തെരഞ്ഞെടുത്തതിന്റെ സന്തോഷം അറിയിക്കുകയും ചെയ്തു. പ്രബന്ധരചനയിൽ പദങ്ങളെ മുറിക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വളരെ സൂക്ഷ്മമായിത്തന്നെ അന്ന് മാഷ് സംസാരിച്ചിരുന്നു. തോന്നിയപോലെ മുറിക്കുകയല്ല, മുറിച്ചും മുറിക്കാതെയും മലയാള പദങ്ങളെ നമുക്ക് ഉപയോഗിക്കാം, പക്ഷേ അതിന് പൊതുവായ ഒരു ശൈലി വേണം എന്ന് അദ്ദേഹം പറഞ്ഞത് ഇന്നും ഓർക്കുന്നു. ഈയൊരു കാലഘട്ടത്തിനിടയിൽത്തന്നെ ആൾക്കൂട്ടത്തിനിടയിൽ കണ്ടാൽ തിരിച്ചറിയുന്നതിനാവശ്യമായ പരിചയം മാഷുമായിട്ട് ഉണ്ടായിരുന്നു. പൊതുവെ പഠിതാക്കൾ കുറഞ്ഞു വരുന്ന മേഖലയിൽ പഠനം നടത്തുന്നതിനുള്ള ചെറിയ താല്പര്യം എന്നതാവും ആ പരിചയത്തിന്റെ പിൻരഹസ്യം എന്നു കരുതുന്നു. ഭാഷാപഠനത്തിൽ പുതിയ കുട്ടികൾക്ക് താല്പര്യം കുറയുന്നു എന്നത് മാഷിന്റെ ഒരു സങ്കടമായിരുന്നു.

ഭാഷാപഠനം തന്നെയാണ് ഗവേഷണ മേഖല എന്നുറപ്പിച്ച് മലയാള ഭാഷാപഠനങ്ങളിലെ സാങ്കേതിക പദങ്ങളെക്കുറിച്ച് ഗവേഷണം ആരംഭിച്ചപ്പോൾ ഡോക്ടറൽ കമ്മിറ്റിക്ക് എത്തിയതും വേണുമാഷ് തന്നെ. പിന്നീടങ്ങോട്ട് ഭാഷാപരമായ ഏത് സംശയവും എപ്പോൾ വേണമെങ്കിലും വിളിച്ചു ചോദിക്കാവുന്ന പ്രിയ ഗുരുനാഥനായി വേണുമാഷ് മാറുകയായിരുന്നു. മലയാളത്തെ സംബന്ധിച്ച് ഏറെ സജീവമായ അന്വേഷണം ആവശ്യപ്പെടുന്ന മേഖലയാണെന്നും ദക്ഷിണേന്ത്യൻ ഭാഷകളുടെയാകെ സ്വാധീനം മലയാള ഭാഷാപഠനത്തിലെ സാങ്കേതിക പദങ്ങൾക്കുണ്ടെന്നും പറഞ്ഞാണ് മാഷ് ഗവേഷണത്തിന് ആശംസകൾ നേർന്നത്. ഗവേഷണവിഷയത്തിന്റെ ആഴവും പരപ്പും മാഷിന്റെ ശൈലിയിൽ ബോധ്യപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ശൈലി അറിയുന്ന ഏവർക്കുമറിയാം. ഏറെ പുതുമ നിറഞ്ഞ വിഷയം ഒട്ടും വൈകിക്കാതെ പൂർത്തീകരിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

ഏതൊരു വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോഴും അതിനെക്കുറിച്ച് തനിക്ക് അത്രയൊന്നും അറിയില്ല എന്ന് പറഞ്ഞു തുടങ്ങുന്ന സംസാരം നമുക്ക് അറിയേണ്ടതിന്റെ എത്രയോ അധികം പറഞ്ഞിട്ടാണ് മാഷ് അവസാനിപ്പിക്കുക.
ഏതൊരു വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോഴും അതിനെക്കുറിച്ച് തനിക്ക് അത്രയൊന്നും അറിയില്ല എന്ന് പറഞ്ഞു തുടങ്ങുന്ന സംസാരം നമുക്ക് അറിയേണ്ടതിന്റെ എത്രയോ അധികം പറഞ്ഞിട്ടാണ് മാഷ് അവസാനിപ്പിക്കുക.

വിഷയത്തിന്റെ പുതുമകൊണ്ടുതന്നെ ഗവേഷണം കുറച്ചു നീണ്ടുപോയി. സാങ്കേതിക പദത്തിന്റെ സൈദ്ധാന്തിക നിലപാടുകൾ ഉറപ്പിക്കുക എന്നൊരു പ്രയത്നത്തിന് അവസാനം കണ്ടെത്തിയപ്പോൾ അതിനേക്കാൾ വലിയൊരു ചോദ്യത്തിന്റെ മുൻപിലേക്കാണ് വീണ്ടുമെത്തിയത്. സാങ്കേതിക പദപഠനത്തിന്റെ / നിർമ്മാണത്തിന്റെ ഭാരതീയ വഴി ഏത്? ഭാഷാവഴി എന്ത്? ഭാരതീയമായ പേരിടലിന്റെ യുക്തികൾ വേദകാലഘട്ടം മുതൽ അടയാളപ്പെടുത്തുന്ന സ്വദേശിയും വിദേശിയുമായ നിരവധി പുസ്തകങ്ങൾ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ സൂചനകൾ തരാൻ ഒന്നിനും കഴിയുന്നില്ല. കേരളത്തിലെ നിരവധി സംസ്കൃത-മലയാള പണ്ഡിതരെ ഈ വിഷയവുമായി സമീപിച്ചെങ്കിലും സാങ്കേതിക പദരൂപീകരണത്തിന്റെ യുക്തിയിലേക്ക് കടക്കാൻ മാത്രം സൂചന നൽകാൻ ആർക്കുമായില്ല. മലയാളം, സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലും അതിന്റെ വ്യാകരണത്തിലും പ്രാവീണ്യമുള്ള വേണുമാഷ് തന്നെയായിരുന്നു അവസാനത്തെ അത്താണി.

ഗവേഷണത്തിന്റെ കാര്യമല്ലേ തൊട്ടടുത്ത ദിവസംതന്നെ സർവ്വകലാശാലയിൽ വന്നു സംസാരിക്കാം എന്നാണ് പറഞ്ഞത്. വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഒരാൾ ഒരു ലാഭേച്ഛയുമില്ലാതെ സർവ്വകലാശാലയിലേക്ക് വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ടെലിഫോൺ സംഭാഷണത്തിൽ തീരുന്നതല്ലെന്ന് ഉറപ്പുള്ളതിനാൽ വീട്ടിൽ പോയി കാണുന്നതിനുള്ള അനുവാദം ചോദിക്കാനാണ് മാഷിനെ വിളിച്ചത്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് മാഷിൽനിന്ന് ലഭിച്ചത്. ഫോണിൽ സംസാരിക്കാം എന്ന് പറയും, അല്ലെങ്കിൽ തിരക്കാണ് കുറച്ചുസമയം തരാമെന്ന് പറയും എന്നൊക്കെ ഉറപ്പിച്ചാണ് അദ്ദേഹത്തെ വിളിക്കുന്നത്. വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഒരാൾ ഒരു ലാഭേച്ഛയുമില്ലാതെ സർവ്വകലാശാലയിലേക്ക് വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സദാ ചുണ്ടിൽ കാണുന്ന പുഞ്ചിരി മനസ്സിലും സൂക്ഷിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു ദിവസം ആണത്. ഭാഷാപഠനത്തോടുള്ള അദ്ദേഹത്തിന്റെ അളവറ്റ സ്നേഹവും. ഗവേഷണത്തിന്റെ കാര്യമല്ലേ തൊട്ടടുത്ത ദിവസംതന്നെ സർവ്വകലാശാലയിൽ വന്നു സംസാരിക്കാം എന്നാണ് പറഞ്ഞത്. വെറുതെ പറയുകയല്ല വിളിച്ചതിന്റെ മൂന്നാം ദിവസം കാലടി സർവ്വകലാശാലയിലെത്തി ഒരു ദിവസം മുഴുവൻ ഭാഷാപഠനവും സാങ്കേതിക പദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.

ഏതൊരു വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോഴും അതിനെക്കുറിച്ച് തനിക്ക് അത്രയൊന്നും അറിയില്ല എന്ന് പറഞ്ഞു തുടങ്ങുന്ന സംസാരം നമുക്ക് അറിയേണ്ടതിന്റെ എത്രയോ അധികം പറഞ്ഞിട്ടാണ് അവസാനിപ്പിക്കുക. സംസ്കൃത സാങ്കേതിക പദങ്ങളെ പൂർണ്ണമായി ഒഴിവാക്കി തനി മലയാളപദങ്ങളെ മാത്രം സ്വീകരിക്കാൻ ശ്രമിക്കുന്നതിന്റെ യുക്തിയില്ലായ്മയെക്കുറിച്ചും ഓരോ ഭാഷയുടെയും വളർച്ചയ്ക്ക് ഭാഷാകൈമാറ്റം എത്ര ആവശ്യമാണെന്നും അന്ന് സൂചിപ്പിച്ചതോർക്കുന്നു. ഈ ചർച്ചയ്ക്കിടയിലാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരിയെ സംസ്കൃതം പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരു തൃക്കണ്ടിയൂർ അച്യുതപിഷാരടി രചിച്ച പ്രവേശകം എന്ന പുസ്തകത്തിന് മലയാള വ്യാകരണപദ്ധതിയിലുള്ള സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നത്.

 മേൽപ്പത്തൂർ നാരായണ ഭട്ടതിരിയെ സംസ്കൃതം പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരു തൃക്കണ്ടിയൂർ അച്യുതപിഷാരടി രചിച്ച പ്രവേശകം എന്ന പുസ്തകത്തിന് മലയാള വ്യാകരണപദ്ധതിയിലുള്ള സ്വാധീനത്തെക്കുറിച്ച് ടി.ബി. വേണുഗോപാലപ്പണിക്കരാണ് സൂചിപ്പിച്ചത്.
മേൽപ്പത്തൂർ നാരായണ ഭട്ടതിരിയെ സംസ്കൃതം പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരു തൃക്കണ്ടിയൂർ അച്യുതപിഷാരടി രചിച്ച പ്രവേശകം എന്ന പുസ്തകത്തിന് മലയാള വ്യാകരണപദ്ധതിയിലുള്ള സ്വാധീനത്തെക്കുറിച്ച് ടി.ബി. വേണുഗോപാലപ്പണിക്കരാണ് സൂചിപ്പിച്ചത്.

അറിഞ്ഞതിൽ പാതിയല്ല, മുക്കാലും പറയാതെ പോയ ആ ഗുരുനാഥന്റെ ചിന്തയിൽനിന്നും വീണു കിട്ടിയ പ്രവേശകം എന്ന സംസ്കൃത ഭാഷാധ്യാപന സഹായി എന്ന് വിളിക്കാവുന്ന പുസ്തകം മലയാള വ്യാകരണ പദ്ധതിയെയും വ്യാകരണ സാങ്കേതികപദങ്ങളെയും സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് ഈ ലേഖനത്തിൽ തുടർന്ന് ശ്രമിക്കുന്നത്. സാങ്കേതികപദങ്ങളെ മുൻനിറുത്തി ഈ കൃതിയെ വിശകലനം ചെയ്യുമ്പോൾ മലയാള വ്യാകരണ പദ്ധതിയെ വളരെയധികം സ്വാധീനിച്ച കൃതിയാണിതെന്ന് വ്യക്തമാവുകയും ചെയ്തു.

മേൽപ്പത്തൂരിന്റെ ജീവിതകാലഘട്ടം പതിനാറാം നൂറ്റാണ്ടായിരുന്നുവെങ്കിലും പ്രവേശകത്തിന്റെ മലയാളവ്യാഖ്യാനം പ്രിൻറ് ചെയ്ത രൂപത്തിൽ ലഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ്. 1901- ൽ (1076-തുലാം) പ്രസിദ്ധീകരിച്ച പ്രവേശകത്തിന്റെ മുഖവുരയിൽ ഉചിതമായ വ്യാഖ്യാനം ഇല്ലാതിരുന്നതിനാൽ ഈ പുസ്തകം ആദ്യഘട്ടത്തിൽ വേണ്ടത്ര പ്രചരിച്ചില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. കോവിൽകണ്ടിയിൽ ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കൾ എന്ന മഹാവിദ്വാനാൽ ഉണ്ടാക്കപ്പെട്ട പ്രകാശിക എന്ന നാമധേയത്തോടുകൂടിയ വ്യാഖ്യാനം മേൽപ്പറഞ്ഞ ന്യൂനതയെ സവിശേഷം പരിഹരിച്ചിരിക്കുന്നു എന്നും കൃതിയുടെ ഉത്തര ഭാഗം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും 1901-ലെ കേരളവർമ്മ വിദ്യാമന്ദിരം ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച പതിപ്പിന്റെ മുഖവുരയിൽ പറയുന്നുണ്ട്. പ്രവേശകത്തിന്റെ പൂർവ്വഭാഗത്ത് സംജ്ഞാപ്രകരണം മുതൽ ഹലന്തനപുംസക പ്രകരണം വരെയുള്ള പതിനൊന്ന് ഭാഗങ്ങളാണുള്ളത്.

വ്യാകരണ പദ്ധതിയുടെ രൂപീകരണത്തിൽ മലയാളം വിവിധ ഭാഷകളെ ആശ്രയിച്ചു എന്നു പറയുമ്പോഴും സംസ്കൃതം തന്നെയായിരുന്നു വ്യാകരണപദ്ധതിയുടെയും സാങ്കേതികപദരൂപീകരണത്തിന്റെയും അടിസ്ഥാനമായായി പ്രവർത്തിച്ചതെന്ന് കാണാൻ സാധിക്കും.

ഒരു വാക്ക് സാങ്കേതികപദമായി തീരുന്നത് ഏതെങ്കിലും ഒരു വ്യവഹാരത്തിലെ സങ്കല്പനത്തെ പ്രകാശിപ്പിക്കാൻ ശേഷി നേടുമ്പോഴാണ്. അതുകൊണ്ടുതന്നെ സാങ്കേതികപദം എന്ന നിലയിൽ വാക്കിന്റെ നിലയെ വിശകലനം ചെയ്യണമെങ്കിൽ അതിനാധാരമായ സങ്കല്പനങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കണം. ഇതാണ് സമകാലിക സാങ്കേതികപദപഠനം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന യുക്തി. സങ്കല്പനത്തെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾ വ്യാകരണ മേഖലയിൽ നടത്തുമ്പോൾ ആ വ്യാകരണ പദ്ധതിയുടെ സവിശേഷതകൾ കൂടി കണ്ടെടുക്കാൻ സാധിക്കും. വളരെ ചുരുങ്ങിയ കാലഘട്ടംകൊണ്ടുത്തന്നെ ശക്തമായ വ്യാകരണപദ്ധതി നിർമ്മിച്ച ഭാഷയാണ് മലയാളം. തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽനിന്ന് സങ്കല്പനങ്ങൾ സ്വീകരിച്ചും അവയെ വിപുലപ്പെടുത്തിയുമാണ് മലയാളത്തിന്റെ വ്യാകരണപദ്ധതി രൂപം കൊണ്ടതെന്ന് സാമാന്യമായി പറയാൻ കഴിയും. വ്യാകരണ പദ്ധതിയുടെ രൂപീകരണത്തിൽ മലയാളം വിവിധ ഭാഷകളെ ആശ്രയിച്ചു എന്നു പറയുമ്പോഴും സംസ്കൃതം തന്നെയായിരുന്നു വ്യാകരണപദ്ധതിയുടെയും സാങ്കേതികപദരൂപീകരണത്തിന്റെയും അടിസ്ഥാനമായായി പ്രവർത്തിച്ചതെന്ന് കാണാൻ സാധിക്കും.

മേൽപ്പത്തൂരിന്റെ ജീവിതകാലഘട്ടം പതിനാറാം നൂറ്റാണ്ടായിരുന്നുവെങ്കിലും പ്രവേശകത്തിന്റെ മലയാളവ്യാഖ്യാനം പ്രിൻറ് ചെയ്ത രൂപത്തിൽ  ലഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ്.
മേൽപ്പത്തൂരിന്റെ ജീവിതകാലഘട്ടം പതിനാറാം നൂറ്റാണ്ടായിരുന്നുവെങ്കിലും പ്രവേശകത്തിന്റെ മലയാളവ്യാഖ്യാനം പ്രിൻറ് ചെയ്ത രൂപത്തിൽ ലഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ്.

സംസ്‌കൃത വ്യാകരണപദ്ധതിയുടെ സ്വാധീനം എന്നു പറയുമ്പോൾത്തന്നെ അതിനെ ഒരൊറ്റ വഴിയായി കാണാനാവില്ല. പ്രാതിശാഖ്യങ്ങൾ, ഉപനിഷത്തുകൾ, ശിക്ഷ, പാണിനീയം, സംസ്‌കൃതാധ്യാപനപാരമ്പര്യം ഇവയുടെയെല്ലാം സ്വാധീനം പല നിലകളിൽ വ്യാകരണത്തിലെ വർണ്ണതല ചർച്ചയിലും സാങ്കേതിക പദസ്വീകരണത്തിലും കണ്ടെത്താൻ കഴിയും. ഏതെങ്കിലും നിലയിൽ സംസ്‌കൃതപാരമ്പര്യത്തെ പിൻപറ്റാത്ത സാങ്കേതിക പദങ്ങൾ മലയാളവർണ്ണ ചർച്ചയിൽ അപൂർവ്വമാണ്. ഉച്ചാരണസ്ഥാനങ്ങളിൽ ഒന്നായി എ.ആർ പറയുന്ന വർത്സ്യവും ജോർജ്ജ് മാത്തൻ ഉപയോഗിക്കുന്ന മൗണ്യവും മലയാളഭാഷയുടെ സവിശേഷതയെ മുൻനിറുത്തി രൂപപ്പെടുത്തിയെടുക്കുന്നതാണ്. എന്നാൽ സംസ്‌കൃതാധിഷ്ഠിതമായ പദനിർമ്മാണരീതിയാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. മോണ എന്ന മലയാള പദത്തിൽനി‌ന്നാണ് മൗണ്യം എന്ന സാങ്കേതികപദം രൂപപ്പെടുത്തുന്നതെങ്കിലും അവിടെയും ഉപയോഗിക്കുന്ന പ്രത്യയം സംസ്‌കൃതമാണ്.

പുതിയൊരു സങ്കല്പനത്തെ അവതരിപ്പിച്ച് അതിനുവേണ്ടി പുതിയ പദത്തെ ഉണ്ടാക്കുന്ന പാണിനീയ സാങ്കേതിക പദനിർമ്മാണയുക്തിയല്ല മലയാളവ്യാകരണ സാങ്കേതിക പദനിർമ്മാണത്തിൽ കാണുന്നത്.

പുതിയൊരു സങ്കല്പനത്തെ അവതരിപ്പിച്ച് അതിനുവേണ്ടി പുതിയ പദത്തെ ഉണ്ടാക്കുന്ന പാണിനീയ സാങ്കേതിക പദനിർമ്മാണയുക്തിയല്ല മലയാളവ്യാകരണ സാങ്കേതിക പദനിർമ്മാണത്തിൽ കാണുന്നത്. പാണിനീയ വഴിയിൽനിന്നും വ്യത്യസ്തമായ മറ്റൊരു വ്യാകരണപഠനരീതി ഇവിടെയുണ്ടായിരുന്നു എന്നതിന്റെ സൂചനയാണിത്. ഭാഷാസവിശേഷതയെ സൂചിപ്പിക്കാൻ പുതിയ പദങ്ങളെ ഉണ്ടാക്കുന്നതാണ് പാണിനീയരീതി. പാണിനീയത്തിൽ സൂത്രരൂപത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സൂത്രം വളരെ പരിമിതമായ വാക്കുകൾ ഉപയോഗിച്ച് വളരെ വലിയ തത്ത്വങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ അർത്ഥത്തെ പുരസ്‌കരിച്ച് പുതിയ വാക്കുകൾ ഉണ്ടാക്കുകയല്ല വർണ്ണങ്ങളെ ചേർത്തു പുതിയ സാങ്കേതികപദം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അ മുതൽ ച് വരെയുള്ള വർണ്ണങ്ങൾ ചേർത്ത് അച് എന്നും, ഹ മുതൽ ല് വരെയുള്ള വർണ്ണങ്ങൾ ചേർത്ത് ഹല് എന്നും പദങ്ങൾ ഉണ്ടാക്കുന്നു. ലീലാതിലകത്തിൽ ഈ പറയുന്ന തരത്തിലുള്ള പദ്ധതി കാണാൻ സാധിക്കും. അവിടെ ഓരോ ഗണത്തിനും പേരുണ്ടാക്കുകയും അതിനെക്കുറിച്ച് പറയേണ്ടിവരുമ്പോൾ അതിന്റെ തുടക്കത്തെയും ഒടുക്കത്തെയും ചേർത്ത് ആ പേര് വിളിക്കുകയുമാണ് ചെയ്യുന്നത്. അവിടെ അർത്ഥത്തെയോ പ്രക്രിയയെയോ മുൻനിറുത്തിയല്ല സാങ്കേതികപദരൂപീകരണം നടക്കുന്നത്, മറിച്ച് ഇത്തരത്തിലുള്ള വർണ്ണചേർച്ചയിലൂടെയാണ്.

ഭാഷാസവിശേഷതയെ സൂചിപ്പിക്കാൻ പുതിയ പദങ്ങളെ ഉണ്ടാക്കുന്നതാണ്  പാണിനീയരീതി. പാണിനീയത്തിൽ സൂത്രരൂപത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
ഭാഷാസവിശേഷതയെ സൂചിപ്പിക്കാൻ പുതിയ പദങ്ങളെ ഉണ്ടാക്കുന്നതാണ് പാണിനീയരീതി. പാണിനീയത്തിൽ സൂത്രരൂപത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

'രസ്യതേ ഇതിഃ രസഃ' എന്ന മട്ടിൽ സങ്കല്പനത്തിന്റെ അർത്ഥം സൂചിപ്പിക്കുന്ന സംസ്കൃത കാവ്യപഠനത്തിലെ സാങ്കേതിക പദനിർമ്മാണരീതിയാണ് മലയാളം പൊതുവിൽ സ്വീകരിക്കുന്നത്. മലയാള സാങ്കേതിക പദങ്ങളിൽ ഭൂരിപക്ഷവും സംസ്‌കൃത വ്യാകരണ പാരമ്പര്യത്തിൽനിന്നു സ്വീകരിച്ചവയാണ്. അതുകൊണ്ടുതന്നെ പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കേരളത്തിൽ പ്രചരിച്ചിരുന്ന സംസ്‌കൃതബോധനവ്യാകരണത്തിന്റെ സ്വാധീനമാകാം മലയാള വ്യാകരണബോധത്തെ രൂപീകരിക്കുന്നതിൽ നിർണ്ണായകമായി ഇടപെട്ടത്. മേല്പത്തൂരിനെ സംസ്‌കൃതം അഭ്യസിപ്പിക്കാൻ വേണ്ടി തൃക്കണ്ടിയൂർ അച്യുതപിഷാരടി രചിച്ചതാണ് പ്രവേശകം എന്ന സംസ്‌കൃത വ്യാകരണം. ഈ കൃതിയുടെ വിവരണരീതി തന്നെയാണ് കേരള പാണിനീയത്തിലും മറ്റും കാണാൻ സാധിക്കുക. വർണ്ണം, സന്ധി, ലിംഗം, വചനം, വിഭക്തി എന്ന ക്രമത്തിലാണ് പ്രവേശകത്തിലെ സംസ്‌കൃതവ്യാകരണ ചർച്ച.

മാത്രമല്ല സന്ധി ചർച്ച കൃതിയിൽ ഏറെ പ്രാധാന്യം നേടുന്നുമുണ്ട്. ഈയൊരു മാതൃകയിലാണ് മലയാഴ്മയുടെ വ്യാകരണവും കേരള പാണിനീയവും വ്യാകരണമിത്രവും ഭാഷാവ്യാകരണ കാര്യങ്ങളെ അവതരിപ്പിക്കുന്നത്. മാത്രമല്ല, മറ്റേത് വ്യാകരണകാര്യത്തേക്കാളും വൈപുല്യം ഈ കൃതികളിലും സന്ധിചർച്ചയ്ക്ക് ലഭിക്കുന്നുണ്ട്. ഖരം, അതിഖരം, മൃദു, ഘോഷം എന്നിങ്ങനെ വ്യഞ്ജനങ്ങളെ സൂചിപ്പിക്കുന്ന സാങ്കേതികപദങ്ങൾ പാണിനീയ ചർച്ചയിൽ കാണുന്നില്ല. ലോകജ്ഞരുടെ ഭാഷാബോധത്തെ മുൻനിറുത്തിയുള്ള ഈ പേരുകളെ പ്രവേശകം വിശദമായി സൂചിപ്പിക്കുന്നു. “ഈ ഗ്രന്ഥത്തിങ്കൽ 50 അക്ഷരങ്ങൾക്കും ലോകപ്രസിദ്ധമായിരിക്കുന്ന പാഠക്രമം അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ള വ്യാകരണ ഗ്രന്ഥങ്ങളിൽ 50 അക്ഷരങ്ങളുടെ പാഠം ഈ ക്രമത്തെ അനുസരിക്കുന്നില്ല. അതുകൊണ്ട് ഈ ഗ്രന്ഥത്തിന് മറ്റുള്ള വ്യാകരണഗ്രന്ഥങ്ങളിൽനിന്ന് ഇങ്ങനെ ഒന്നാമത്തെ നിലയിൽ നിന്നുതന്നെ ഭേദം പ്രത്യക്ഷപ്പെടുന്നു. പാണിനീയഗ്രന്ഥത്തിങ്കലും മറ്റും വ്യഞ്ജനങ്ങൾ അകാരാദിയായി പഠിക്കപ്പെട്ടിരിക്കുന്നു. ലോകപ്രസിദ്ധ പാഠക്രമം ആകട്ടെ കകാരാദിയായിട്ടാകുന്നു” (1901:3). സങ്കല്പനപരമായി വ്യക്തതക്കുറവുള്ള സങ്കല്പനങ്ങളാണ് അക്ഷരവും വർണ്ണവും. വർണ്ണത്തെയും അക്ഷരത്തെയും ഒരു സങ്കല്പനമായിട്ടാണ് പ്രവേശകം അവതരിപ്പിക്കുന്നത്.

ഏതെങ്കിലും നിലയിൽ സംസ്‌കൃതപാരമ്പര്യത്തെ പിൻപറ്റാത്ത സാങ്കേതിക പദങ്ങൾ മലയാളവർണ്ണ ചർച്ചയിൽ അപൂർവ്വമാണ്.

ആധുനിക ഭാഷാചിന്തകളുടെയും ഭാരതീയവർണ്ണചർച്ചകളുടെയും വെളിച്ചത്തിൽ ഈ സങ്കല്പനങ്ങളെ മലയാള വൈയാകരണന്മാർ തിരിച്ചറിയുന്നുണ്ട്. എന്നാൽ, അക്കാലത്ത് നിലവിലുണ്ടായിരുന്ന സംസ്‌കൃത ബോധന വ്യാകരണത്തിന്റെ അക്ഷരവും വർണ്ണവും ഒന്നാണെന്ന നിലപാടായിരിക്കാം ഈ സങ്കല്പനങ്ങളെ സംബന്ധിച്ച അവ്യവസ്ഥിതിക്ക് കാരണമാകുന്നത്. പരമ്പരാഗതമായ സംസ്‌കൃത വിദ്യാഭ്യാസം ലഭിച്ചവരാണ് ആദ്യകാല മലയാള വൈയാകരണന്മാർ. ഈ സംസ്‌കൃതബോധന വ്യാകരണത്തിന്റെ രീതിശാസ്ത്രം ഇവരെ സ്വാഭാവികമായും സ്വാധീനിച്ചിരിക്കാം.

ഭാരതീയ വ്യാകരണ പാരമ്പര്യത്തിൽ വേദാംഗങ്ങൾക്കും മുമ്പുതന്നെ ചർച്ച ചെയ്യുന്ന സങ്കല്പനമാണ് വർണ്ണം. തൈത്തരീയ പ്രാതിശാഖ്യത്തിലും യജുർപ്രാതിശാഖ്യത്തിലും വർണ്ണത്തെക്കുറിച്ചും വർണ്ണവിന്യാസത്തെക്കുറിച്ചും വിവരണങ്ങൾ ഉണ്ട്. ഇക്കാര്യം വേണുഗോപാലപ്പണിക്കർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട് (1999:96).

വർണ്ണങ്ങളുടെ വരമൊഴിരൂപത്തെയാണ് ഗുണ്ടർട്ടും മാത്തനും അക്ഷരമെന്നു വിളിച്ചത്. പരമ്പരാഗത വ്യാകരണം വരമൊഴിയെയാണ് വ്യാകരണ രചനക്ക് ആധാരമാക്കിയത്. വരമൊഴിയിൽ വർണ്ണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ലിപിയിലൂടെയാണ്. ലിപിയെക്കുറിക്കാൻ സാമാന്യവ്യവഹാരത്തിൽ അക്ഷരം എന്നുകൂടി ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ടുതന്നെയായിരിക്കും ലിപിയിലൂടെ ആവിഷ്‌ക്കരിക്കുന്ന വർണ്ണത്തെ മാത്തനും ഗുണ്ടർട്ടും അക്ഷരമെന്നു വിളിക്കുന്നത്. മലയാളത്തിൽ വർണ്ണമാലയെ ആവിഷ്‌കരിക്കേണ്ടിവരുന്നത് അക്ഷരങ്ങളിലൂടെ (അക്ഷരങ്ങളുടെ ലിപി) ആയതുകൊണ്ടാണ് വർണ്ണങ്ങളുടെ എണ്ണം നല്കിയിട്ട് അതിനെ അക്ഷരമാല എന്ന് എ.ആറിനു വിളിക്കേണ്ടിവന്നത് (2000:58-9). അക്ഷരം, വർണ്ണം എന്നീ സങ്കല്പനങ്ങളെ വ്യാവർത്തിപ്പിച്ചുതന്നെ കേരള പാണിനീയം അവതരിപ്പിക്കുന്നുണ്ട്. സ്വരം, വ്യഞ്ജനം എന്നീ വർണ്ണവിഭാഗങ്ങളിൽ സ്വരങ്ങളെ മാത്രമേ വർണ്ണങ്ങളായി എഴുതാൻ കഴിയൂ. വ്യഞ്ജനങ്ങളെ സ്വരം ചേർത്ത് അക്ഷരങ്ങളായാണ് മലയാളത്തിൽ എഴുതുന്നത്. സ്വരങ്ങളെല്ലാം അക്ഷരങ്ങളുമാണ്. മാത്രമല്ല മലയാളത്തിലെ വർണ്ണങ്ങളുടെ എണ്ണത്തിനു തുല്യമായ എണ്ണത്തെയാണ് അക്ഷരമാല എന്ന പേരിൽ അവതരിപ്പിക്കുന്നത്. പദാംഗം (syllable) എന്ന നിലയിൽ ഭാഷയിലുള്ള അക്ഷരങ്ങളുടെ എണ്ണം ഒരു വ്യാകരണകൃതിയും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ലിപിയെ അക്ഷരമെന്ന പേരിൽക്കൂടി പലപ്പോഴും സൂചിപ്പിക്കാറുമുണ്ട്. ലിപി, അക്ഷരം എന്നീ പദങ്ങൾക്ക് കിട്ടുന്ന വൈശദ്യം കേരളപാണിനീയത്തിൽ വർണ്ണം എന്ന സങ്കല്പനത്തിനു കിട്ടുന്നില്ല എന്നു വേണുഗോപാലപ്പണിക്കർ അഭിപ്രായപ്പെടുന്നു. എ.ആർ. കൊടുത്തിരിക്കുന്ന വർണ്ണങ്ങളുടെ പട്ടികയിൽ വത്സ്യഖരം ഇല്ലാത്തതാണ് ഇതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് (1999:6). വർത്സ്യഖരത്തിനു പ്രത്യേക ലിപി ഇല്ല എന്നതും ഇതിനോട് ചേർത്തു മനസ്സിലാക്കേണ്ടതാണ്.

വർണ്ണങ്ങളുടെ വരമൊഴിരൂപത്തെയാണ് ഗുണ്ടർട്ടും  മാത്തനും അക്ഷരമെന്നു വിളിച്ചത്.
വർണ്ണങ്ങളുടെ വരമൊഴിരൂപത്തെയാണ് ഗുണ്ടർട്ടും മാത്തനും അക്ഷരമെന്നു വിളിച്ചത്.

വർണ്ണചർച്ചയ്ക്കുശേഷം സന്ധികാര്യങ്ങൾ വിവരിക്കുന്ന രചനാരീതിയാണ് പ്രവേശകം പിന്തുടരുന്നത്. സന്ധിചർച്ചയ്ക്ക് പ്രാധാന്യം നല്കുന്ന രീതി കേരള പാണിനീയമടക്കമുള്ള ആദ്യകാല വ്യാകരണകൃതികളിൽ അതേരീതിയിൽത്തന്നെ കടന്നുവരുന്നതായി കാണാം. ഖരം, അതിഖരം, മൃദു, ഘോഷം തുടങ്ങിയ വ്യഞ്ജനവർഗ്ഗീകരണം പാണിനീയവഴിയിലുള്ള സംസ്‌കൃത വ്യാകരണകൃതികളിൽ കാണാൻ കഴിയില്ല. എന്നാൽ, പ്രവേശകത്തിൽ ഖരം, അതിഖരം, മൃദു, ഘോഷം എന്നിങ്ങനെ വർഗ്ഗീകരിച്ചതിന്റെയും പേരുകൾ സ്വീകരിച്ചതിന്റെയും യുക്തി വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്: “അഞ്ചുവർഗ്ഗങ്ങളുടെയും അഞ്ചുവർണ്ണങ്ങൾ ക്രമത്തിന് തക്കവണ്ണം ഖരമായും അതിഖരമായും അതുപോലെ മൃദുവായും ഘോഷമായും അനുനാസികമായും ഭവിക്കുന്നു വർണ്ണങ്ങൾ=അക്ഷരങ്ങൾ. കവർഗം ചവർഗം ടവർഗ്ഗം തവർഗം പവർഗം എന്നിങ്ങനെ അഞ്ചുവർഗ്ഗങ്ങൾ ഇവറ്റിന്റെ അഞ്ചുവർഷങ്ങൾക്ക് ക്രമത്താലേ ഖരം അതിഖരം മൃദു ഘോഷം അനുനാസികം എന്നിങ്ങനെ സംജ്ഞയാകുന്നു. എന്നിങ്ങനെ എന്നാൽ കവർഗ്ഗത്തിലെ അഞ്ചുവർണ്ണങ്ങളായ കഖഗഘങ എന്നുള്ളവറ്റിൽ ക എന്നുള്ളത് ഖരവും ഖ എന്നുള്ളത് അതിഖരവും ഗ എന്നുള്ളത് മൃദുവും ഘ എന്നുള്ളത് ഘോഷവും ങ എന്നുള്ളത് അനു നാസികവും ആകുന്നു. ഇങ്ങിനെതന്നെ മറ്റുള്ളവർഗ്ഗങ്ങളിലെ അഞ്ചു വർണ്ണങ്ങളിൽ ക്രമത്തിലെ ഓരോന്നിനും ഖരം അതിഖരം എന്നിങ്ങനെയുള്ള അതാത് സംജ്ഞകളെ കൽപ്പിക്കേണ്ടതാകുന്നു” (1901:5).

പ്രവേശകം എന്ന സംസ്‌കൃത വ്യാകരണകൃതിക്ക് മലയാളത്തിന്റെ വ്യാകരണബോധനം രൂപപ്പെടുത്തുന്നതിലുള്ള പങ്ക് വിശദമായി അന്വേഷിക്കേണ്ടതാണ് എന്നു സൂചിപ്പിക്കുക മാത്രമേ ഇവിടെ ചെയ്തിട്ടുള്ളൂ.

ഗ്രന്ഥസൂചി:

-അച്യുതപിഷാരടി തൃക്കണ്ടിയൂർ, 1901: പ്രവേശകം കേരളവർമ്മ വിദ്യാമന്ദിരം ഗ്രന്ഥാവലി.
-രാജരാജവർമ എ.ആർ, 2000: കേരളപാണിനീയം, ഡി.സി. ബുക്‌സ്, കോട്ടയം.
-വേണുഗോപാലപ്പണിക്കർ ടി. ബി., 1999: വാക്കിന്റെ വഴികൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.


Summary: Renowned academician Dr T B Venugopala Panicker's contributions on Malayalam language grammar and linguistics Seena John writes


സീന ജോൺ

ഭാഷാശാസ്ത്ര ഗവേഷക. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ (ഓട്ടോണമസ്) അസിസ്റ്റന്റ് പ്രഫസർ.

Comments