ഡോ. ഉമർ തറമേൽ

ആനന്ദ്: അധികാര രൂപകങ്ങളുടെ സാഹിത്യഭൂപടം

ആനന്ദിന്റെ നോവലുകളിലെ ചരിത്രരൂപകങ്ങളെയും അവ അഭിമുഖീകരിക്കുന്ന ചിന്താ -ഭാവനാ പ്രപഞ്ചത്തെയും അദ്ദേഹത്തിന്റെ നോവലുകളുടെ, വിശിഷ്യാ, മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുകയാണ് ഡോ. ഉമർ തറമേൽ.

‘Novel is one of the prime vectors in the rise of the discourse of Nationalism’.
- ബെനഡിക്റ്റ് അൻഡേഴ്സൺ

സാഹിത്യത്തിൽ നോവലുകളുടെ ഉയർച്ച ദേശീയതയുമായി ബന്ധപ്പെട്ടതാണ്. ഇതര കലാരൂപങ്ങളെയപേക്ഷിച്ച് നോവലുകൾ തന്നെയാണ് ദേശീയതയെയും അതിന്റെ അധികാര ബന്ധങ്ങളെയും യഥേഷ്ടം വായിച്ചുകൊണ്ട് കലാ /ഭാവനാ സൃഷ്ടിയെന്ന നിലയ്ക്ക് എക്കാലത്തും മനുഷ്യരുടെ രാഷ്ട്ര -രാഷ്ട്രന്തരീയ ബന്ധങ്ങളെ വരച്ചുവച്ചത്. മലയാളത്തിൽ ആനന്ദിനെയും ഒ.വി. വിജയനെയും പോലെ ചരിത്രത്തെയും മനുഷ്യരുടെ രാഷ്ട്ര -സാമൂഹ്യ ബന്ധങ്ങളെയും സംയോജിപ്പിച്ച് കഥകൾ രചിച്ചവർ ആധുനികരിൽ അധികമില്ല. ആനന്ദിന്റെ നോവലുകളിലെ ചരിത്രരൂപകങ്ങളെയും അവ അഭിമുഖീകരിക്കുന്ന ചിന്താ -ഭാവനാ പ്രപഞ്ചത്തെയും തന്റെ നോവലുകളുടെ, വിശിഷ്യാ, മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുകയാണിവിടെ.

1970- കളിൽ അസ്തിത്വവാദപ്രധാനമായ സാഹിത്യം ഉപരിപ്ലവമായ കാല്പനികതയോടെ ശക്തി നേടിയപ്പോൾ കേരളത്തിലെ സഹൃദയജനത ഒരു ആത്മപലായനത്തിൻ്റെ സുഖമനുഭവിച്ചു. ആധുനികതയുടെ മധ്യാഹ്നത്തിൽ തന്റെ രചനാ പ്രക്രിയയിൽ ഒരു വിപരീതദിശ സ്വീകരിച്ച് നഗരത്തിലെ മധ്യവർഗ ജനതയുടെ അസ്‌തിത്വപ്രശ്‌നങ്ങളെ കലാപരമായി രേഖപ്പെടുത്തുകയുണ്ടായി ആനന്ദ്. മലയാള നോവൽ സാഹിത്യത്തിൽ ആൾക്കൂട്ടത്തിന്റെ പ്രസക്തി മറ്റൊന്നല്ല. മടിച്ചു മടിച്ചാണെങ്കിലും ഉദ്ബുദ്ധരായ സഹൃദയരെ അത് വേട്ടയാടി. മരണസർട്ടിഫിക്കറ്റ്, ഉത്തരായണം, അഭയാർത്ഥികൾ എന്നീ രചനകൾ അതിന് തുടർച്ചകൾ തീർത്തു. മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലെത്തുമ്പോൾ, നവീന ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര- രാഷ്ട്രീയ പുരാവൃത്തങ്ങളെ കുറേക്കൂടി യാഥാർത്ഥ്യ ബോധത്തോടെ നേരിടാനുള്ള സൃഷ്ടിപരമായ കഴിവ് ആനന്ദ് പ്രദർശിപ്പിക്കുകയുണ്ടായി.

ആനന്ദ് പറഞ്ഞുവെച്ചതിനപ്പുറം, ഇക്കാലം കൊണ്ട് നമ്മുടെ ചുറ്റും നടമാടിക്കൊണ്ടിരുന്ന നവ ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങൾ പലതരത്തിലും അതിന്റെ സാക്ഷാൽക്കാര മാർഗ്ഗങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ആനന്ദ് പറഞ്ഞുവെച്ചതിനപ്പുറം, ഇക്കാലം കൊണ്ട് നമ്മുടെ ചുറ്റും നടമാടിക്കൊണ്ടിരുന്ന നവ ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങൾ പലതരത്തിലും അതിന്റെ സാക്ഷാൽക്കാര മാർഗ്ഗങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

മണ്ണും മരുഭൂമിയും

മണ്ണിൻ്റെ അമ്ല-ക്ഷാരഗുണങ്ങളുടെ സമമിതി നശിച്ച് മരുഭൂമി ഉണ്ടായിത്തീരുന്ന പ്രകൃതിപ്രക്രിയ മില്യൻ കണക്കിന് കൊല്ലങ്ങൾകൊണ്ട് ഉണ്ടായിത്തീരുന്നതാണ്‌. പ്രകൃതിയുടെ ജൈവാംശചോർച്ചയാണതിലൂടെ സംഭവിക്കുക. മണ്ണിൻ്റെ ഈർപ്പമറ്റ, ജൈവാംശ പശിമ നശിച്ച, പരസപരം ഒട്ടിപ്പിടിക്കാത്ത മണൽത്തരികളെപ്പോലെയായി മാറുന്ന ആധുനിക മാനുഷിക ബന്ധങ്ങളെയാണ് ഈ രൂപകം കൊണ്ട് മുഖ്യമായും ആനന്ദ് ഊന്നുന്നത്. അതിന് കാരണമാകുന്ന ഫാഷിസ്റ്റ് അധികാരരീതിയെ, അതിൻ്റെ നിഗൂഢമായ കടന്നുകയറ്റത്തിലൂടെ തരിപ്പണമാകുന്ന സംസ്കാരത്തെ ഒക്കെ ധ്വനിപ്പിക്കാനാണ് ആനന്ദ് ‘മരുഭൂമി’ എന്ന ബിംബം സ്വീകരിക്കുന്നത്. മരുഭൂമികൾ ഉണ്ടാകുന്നത് എഴുതിയതിനുശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ആനന്ദ് പറഞ്ഞുവെച്ചതിനപ്പുറം, ഇക്കാലം കൊണ്ട് നമ്മുടെ ചുറ്റും നടമാടിക്കൊണ്ടിരുന്ന നവ ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങൾ പലതരത്തിലും അതിന്റെ സാക്ഷാൽക്കാര മാർഗ്ഗങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇവയൊക്കെ ആനന്ദ് മുമ്പ് വിഭാവനം ചെയ്ത അധികാര ഘടനയെ പലരീതിയിൽ മാറ്റിത്തീർത്തിട്ടുണ്ട്.

ഫ്യൂഡൽ അധികാരബന്ധങ്ങളിൽനിന്ന് കൊളോണിയൽ- നവ കൊളോണിയൽ അധികാര ബന്ധങ്ങളിലേക്ക് എത്തുമ്പോൾ മരുഭൂമി എന്ന ബിംബത്തിന് അർത്ഥവ്യാപ്‌തിയേറിയിട്ടുണ്ട്. മണ്ണുമായി മനുഷ്യനുണ്ടായിരുന്ന അടിസ്ഥാനബന്ധം അന്യവത്കരണത്തിന്റെ ഒരു പാർശ്വത്തെ മറച്ചുപിടിക്കുന്നു. കൊളോണിയൽ അധികാര വ്യവസ്ഥയിൽ അത് സവിശേഷമായ ഒരു അന്യത്വത്തിന് ആക്കം കൂട്ടി. മൂന്നാം ലോകരാജ്യങ്ങളിലെ ജനത (ഇന്ന് അങ്ങനെയൊരു പരികൽപ്പനക്ക് ആശയചോർച്ച സംഭവിച്ചിട്ടുണ്ട്) സ്വാതന്ത്ര്യാനന്തരഘട്ടത്തിലായാൽപ്പോലും പലയർത്ഥത്തിലും കൊളോണിയൽ ബന്ധങ്ങളുടെ പിടിയിൽനിന്ന് പൂർണമായും മുക്തമായില്ല. അതിനു കാരണം, പഴയ കോളനി അധികാരഘടനയുടെ ചിഹ്നവ്യവസ്ഥ ആ രാജ്യങ്ങളുടെ പില്ക്കാല രാഷ്ട്രീയ തത്വശാസ്ത്രത്തിലും പ്രയോഗത്തിലും നിർണായകസ്ഥാനം വഹിക്കുകയുണ്ടായി എന്നതുതന്നെ.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലെത്തുമ്പോൾ, നവീന ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര- രാഷ്ട്രീയ പുരാവൃത്തങ്ങളെ കുറേക്കൂടി യാഥാർത്ഥ്യ ബോധത്തോടെ നേരിടാനുള്ള സൃഷ്ടിപരമായ കഴിവ് ആനന്ദ് പ്രദർശിപ്പിക്കുകയുണ്ടായി.
മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലെത്തുമ്പോൾ, നവീന ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര- രാഷ്ട്രീയ പുരാവൃത്തങ്ങളെ കുറേക്കൂടി യാഥാർത്ഥ്യ ബോധത്തോടെ നേരിടാനുള്ള സൃഷ്ടിപരമായ കഴിവ് ആനന്ദ് പ്രദർശിപ്പിക്കുകയുണ്ടായി.

യൂറോപ്പിലെ നവോത്ഥാന- വിപ്ലവ പ്രസ്ഥാനങ്ങൾ അപകടകരമായ ദേശീയതാവാദത്തിലേക്കും ഫാഷിസത്തിലേക്കും പരിണമിച്ച ഈ ശതകത്തിന്റെ ആദ്യ പകുതിയിലാണ് ഏഷ്യൻ- ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻ സാമ്രാജ്യത്വം കെട്ടുകെട്ടാൻ തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം (Economic Depression) സംഭവിക്കുന്നത് ഇക്കാലത്തുതന്നെ. ഇത്തരമൊരു രാഷ്ട്രീയ-സാമ്പത്തിക-ചരിത്ര പശ്ചാത്തലം ജർമ്മനി, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങളെ ഫാഷിസ്റ്റ് സ്റ്റേറ്റായും സ്റ്റാലിന്റെ ¹സോവിയറ്റ് റഷ്യയെ സർവ്വാധിപത്യരാഷ്ട്രമായും മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഈ അധികാര സൂചകങ്ങളുടെ ചിഹ്നവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ജോർജ് ഓർവെല്ലിന്റെ 1984 എന്ന കൃതി രചിക്കുന്നത് 1948-ലാണ്. സ്വാതന്ത്ര്യവും സന്തുഷ്ടിയും തമ്മിലുള്ള മത്സരത്തിൽ, നിലനില്പിനുവേണ്ടി വീർപ്പുമുട്ടുന്ന ഒരു വലിയ ജനത ‘1984’-ൽ കാണാം. ഓർവെൽ സൃഷ്‌ടിച്ച, ഡിസ്റ്റോപ്പിയൻ അധികാരത്തിന്റെ ഈ അന്യാപദേശം, ഹിറ്റ്ലറുടെ നാസി ജർമനിയുടേയും അതിനേക്കാളേറെ സ്റ്റാലിൻ്റെ സർവ്വാധിപത്യ റഷ്യയുടേയും സമ്മിശ്രഘടനയെ ഓർമിപ്പിക്കുന്നു. 1984-ലെ ‘വലിയേട്ടൻ', ജോസഫ് സ്റ്റാലിൻ്റെ സദൃശച്ഛായ പുലർത്തുന്ന കഥാപാത്രമാണ്. മുതലാളിത്ത - സർവ്വാധിപത്യ വ്യവസ്ഥ പുതിയ വലതുപക്ഷ ഫാഷിസ്റ്റ് രീതികളിലേക്ക് വഴുതിപ്പോകുന്നതാണ്, ഇന്ത്യടക്കമുള്ള ലോക രാഷ്ട്രങ്ങളിൽ ഇന്ന് നാം കണ്ടുവരുന്നത്‌.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലെ കുന്ദൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ക്രിയാഗതി ഏറെക്കുറെ '1984'-ലെ വിൻസ്റ്റൺ സ്‌മിത്തിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഡിസ്റ്റോപ്പിയൻ അധികാരാഹന്തയുടെ ഹാസ്യാനുകരണം ഒ.വി. വിജയൻ്റെ ധർമപുരാണത്തിൽ അതിവിദഗ്ദദമായി പ്രകാശിപ്പിക്കപ്പെടുന്നതും ഏതാണ്ട് ഇക്കാലത്തുതന്നെ.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലെ കുന്ദൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ക്രിയാഗതി ഏറെക്കുറെ '1984'-ലെ വിൻസ്റ്റൺ സ്‌മിത്തിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഡിസ്റ്റോപ്പിയൻ അധികാരാഹന്തയുടെ ഹാസ്യാനുകരണം ഒ.വി. വിജയൻ്റെ ധർമപുരാണത്തിൽ അതിവിദഗ്ദദമായി പ്രകാശിപ്പിക്കപ്പെടുന്നതും ഏതാണ്ട് ഇക്കാലത്തുതന്നെ.
മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലെ കുന്ദൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ക്രിയാഗതി ഏറെക്കുറെ '1984'-ലെ വിൻസ്റ്റൺ സ്‌മിത്തിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഡിസ്റ്റോപ്പിയൻ അധികാരാഹന്തയുടെ ഹാസ്യാനുകരണം ഒ.വി. വിജയൻ്റെ ധർമപുരാണത്തിൽ അതിവിദഗ്ദദമായി പ്രകാശിപ്പിക്കപ്പെടുന്നതും ഏതാണ്ട് ഇക്കാലത്തുതന്നെ.

നിന്ദിതരും നിഷ്കാസിതരും

മൂന്നാം ലോകരാജ്യങ്ങളിൽ, ജനാധിപത്യം അതിൻ്റെ ജീർണ്ണരീതികളെ ‘കാര്യക്ഷമത’യോടെ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ദേശരാഷ്ട്രം എന്ന സങ്കല്പം ആഗോളക ബന്ധങ്ങളുടെ തുറന്ന സമീപനങ്ങളോടൊപ്പം അതിർത്തികളെത്തന്നെ പലതും മായ്ച്ചുകളഞ്ഞു.

18,19 നൂറ്റാണ്ടുകളിൽ നിന്ന് വ്യത്യസ്ത‌മായി, ഇലക്ട്രോണിക് സാങ്കേതിക വ്യവസ്ഥയും അവയുടെ ഉല്പാദനരീതിയും പഴയ ലോകക്രമത്തെ തന്നെ ഒരുതരം ഫിക്ഷൻ സമാനമാക്കിമാറ്റുകയുണ്ടായി. പുതിയ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യം പലപ്പോഴും അതിർത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. പുതിയതരം പീഡിതവർഗവും ഇവകൊണ്ടുണ്ടായി. കലാപങ്ങൾ, പീഡനങ്ങൾ, ജീവനും സ്വത്തിനും മറ്റുതരത്തിലുണ്ടാകുന്ന ഭീഷണി - എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ അധികാരികളാൽ കുടിയൊഴിക്കപ്പെടുന്ന ‘നിഷ്‌കാസിത ജനത' (Rejected People) കൂടുതൽ അസ്ഥിരരായി. തങ്ങൾ നിലകൊള്ളുന്ന പ്രദേശത്ത് സുരക്ഷിതരായി ജീവിക്കാനുള്ള അവകാശമുള്ളവരാണിവർ എന്ന ചിന്താഗതി തന്നെമാറി. ന്യായമായും അന്യായമായും അതിർത്തി മുറിച്ചുകടക്കുന്ന ആരാലും സ്വാഗതം ചെയ്യപ്പെടാത്ത അനാവശ്യ ജനതയുടെ (Unwanted) വ്യാപ്തിയും വ്യാസവും വർദ്ധിച്ചു.

ഇത്തരം സമീപനങ്ങളെ പുതിയ വ്യാഖ്യാനങ്ങളിലൂടെയും വിമർശങ്ങളിലൂടെയും വേണം വിലയിരിത്താൻ.

1947-ലെ വിഭജനകാലത്ത് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അതിർത്തികളിൽ, ഇത്തരം അഭയാർഥികളുടെ സംഖ്യ 40 മില്യനോളമാണ് എന്ന് കണക്കാക്കപ്പെടുന്നു. 1971-72 കാലത്ത് ബംഗ്ലാദേശ് പ്രശ്‌നത്തിൽ, ഈ സംഖ്യ അതിലും കവിയും. അധികാരവ്യവസ്ഥ ഇത്തരം അഭയാർത്ഥിപ്രശ്‌നങ്ങളിൽ നേരിട്ടോ അല്ലാതെയോ ഇടപെടും. പരിഹരിക്കാവുന്ന പ്രശ്നത്തെ താല്ക്കാലികമായ ഉത്തരങ്ങൾകൊണ്ട് നേരിടാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുക. ഒരു പ്രശ്നവും ആത്യന്തികമായി പരിഹരിക്കുക ഉദാര ജനാധിപത്യത്തിന്റെ രീതിയല്ല. ചില പ്രശ്‌നങ്ങളാവട്ടെ, അപരിഹാര്യമായ നിലയിൽ അന്താരാഷ്ട്രബന്ധങ്ങളുടെ ഊരാക്കുടുക്കിലകപ്പെട്ടു കിടക്കുകയുമത്രേ. അതിർത്തിപ്രശ്നങ്ങൾ, പലപ്പോഴും സാമ്രാജ്യത്വശക്തികളുടെ ഇടപെടൽമൂലം അപരിഹാര്യമായി തുടരുക സാധാരണമാണ്.

ഇന്ത്യക്ക്, അക്സായ് ചെനിൽ നേരിട്ട നഷ്‌ടം നികത്തിത്തരാൻ നേഫയിൽ ചൗ എൻ ലായ് തയ്യാറായപ്പോഴും ജനവാസമില്ലാത്ത ഈ പ്രദേശത്തെ ലാക്കാക്കി യുദ്ധം ചെയ്യേണ്ടിവന്ന നിസ്സഹായാവസ്ഥ നെഹ്റുവിന്റെ ഇന്ത്യക്കുണ്ടായി. ഈ 'നേഫ'യിൽനിന്നാണ് എഞ്ചിനീയരായിരുന്ന ആനന്ദ് എന്ന എഴുത്തുകാരന് ഓടിപ്പോരേണ്ടിവന്നത്. അഭയാർത്ഥി പ്രവാഹത്തിൻ്റെ ദീനയാഥാർത്ഥ്യം ആനന്ദിന്റെ മികച്ച രചനകൾക്ക് പ്രേരണയാവുന്നത് അങ്ങനെയാണ് എന്നും പറയാം.

സർഗാത്മക വിപ്ലവത്തിലൂടെ സംഭവിക്കുന്ന 'ബോധപൂർവമായ പരിണാമ'മാണ് സംസ്കാരം എന്ന് ആനന്ദ് വിശ്വസിക്കുന്നു. ആത്മീയപ്രധാനമായ റൊമാന്റിസിസത്തിനും ഭൗതികപ്രധാനമായ ഡിറ്റർമിനിസത്തിനുമിടയ്ക്കാണ് അതിൻ്റെ സ്ഥാനം.

ഫാഷിസവും സർവാധിപത്യവും

ഈ നൂറ്റാണ്ടിലെ പൗരസമുദായത്തെ വിപരീതമായി ബാധിച്ച സ്വേച്ഛാധിപത്യരീതികളായിരുന്നു ഹിറ്റ്ലറുടെയും സ്റ്റാലിന്റേതും. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി ഒരു ദേശീയ നവോത്ഥാനപ്രസ്ഥാനമായാണ് ആരംഭിച്ചതെങ്കിലും ഹിറ്റ്ലർ അധികാരത്തിൽ വന്നതോടെ ചിത്രം ബീഭത്സമായി. പ്രക്ഷോഭവാസനയെ കെടുത്തി പീഡനമുറകളിലൂടെ പരമാവധി സഹിക്കാനുള്ള ശക്തി പൗരരിൽ ഉണ്ടാക്കിയെടുക്കുക എന്ന ഗീബൽസിൻ്റെ തത്ത്വശാസ്ത്രം അതിൻ്റെ ആധാരമായി വർത്തിച്ചു. ‘സഹനത്തിൻ്റെ മെൽറ്റിംഗ് പോയൻ്റിലാണ് ഒരാൾ വിപ്ലവത്തിന് മുതിരുക’ എന്ന ആനന്ദിൻ്റെ ആശയത്തെ മറികടക്കുന്ന ചിന്തയാണിത്. ഗിബൽസിൻ്റെ, മൈക്കേൽ എന്ന കൃതിയിലെ നായകന്റെ ഇംഗിതം തദനുസാരിയാണ്.
‘പൗരർ വെറും കല്ലുകളാണ്. ലീഡർ ശില്പിയുമാണ്. ശിൽപ്പിക്ക് ശിലയെന്നപോലെ വഴങ്ങേണ്ടവരാണ് പൗരർ' എന്നതത്രേ അത്.

പ്രധാനപ്പെട്ട രണ്ട് മാർഗങ്ങളുപയോഗിച്ചാണ് ഹിറ്റ്ലർ തന്റെ നാസി ജർമനി സൃഷ്ടിച്ചത്. ഒന്ന്​; അധികാരം ഒരു ദിവ്യാവകാശ (Divine Right) മാണ് എന്ന് പ്രചരിപ്പിച്ചു. മധ്യനൂറ്റാണ്ടിലുണ്ടായ ‘ഞാനാണ് സ്റ്റേറ്റ്' എന്ന പരമാധികാര രാജവാദത്തെ മാസ്‌മരികമായ ആശയങ്ങളുപയോഗിച്ചും ആധുനിക ടെക്നോളജിയുടേയും ആയുധങ്ങളുടേയും ശക്തി പ്രയോഗിച്ചും പുനഃപ്രതിഷ്‌ഠിച്ചും പുനരുത്ഥാനം ചെയ്യുക. ഡാർവിൻ്റെ പരിണാമവാദം അംഗീകരിക്കുകയും തന്റെ 'വംശപരിശുദ്ധിവാദ'ത്തിൻ്റെ പ്രചരണത്തിന് അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്തു, ഹിറ്റ്ലർ. അവസാനം ഒരു 'സമൂല അവസര വാദ' (Radical Opportunism) ത്തിൻ്റെ ഫാഷിസ്റ്റ് തത്ത്വശാസ്ത്രമായി നാസിസം പരിണമിച്ചു. ജനാധിപത്യമൂല്യങ്ങളെ, മനുഷ്യനോടൊപ്പം ഗ്യാസ്ചേംബറിൻ്റെ ഇരുണ്ട ഗുഹയിലേക്ക് തള്ളി.

സർഗാത്മക വിപ്ലവത്തിലൂടെ സംഭവിക്കുന്ന 'ബോധപൂർവമായ പരിണാമ'മാണ് സംസ്കാരം എന്ന് ആനന്ദ് വിശ്വസിക്കുന്നു. ആത്മീയപ്രധാനമായ റൊമാന്റിസിസത്തിനും ഭൗതികപ്രധാനമായ ഡിറ്റർമിനിസത്തിനുമിടയ്ക്കാണ് അതിൻ്റെ സ്ഥാനം. ചരിത്രത്തിൽ, ദേശീയ- വർഗ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച പലായന രൂപങ്ങളുടെ കടുത്ത രണ്ടുദാഹരണങ്ങളാണ് നാസിസവും സ്റ്റാലിൻ്റെ ഡിറ്റർമിനിസവും എന്നദ്ദേഹം കരുതുന്നു.

സർഗാത്മക വിപ്ലവത്തിലൂടെ സംഭവിക്കുന്ന 'ബോധപൂർവമായ പരിണാമ'മാണ് സംസ്കാരം എന്ന് ആനന്ദ് വിശ്വസിക്കുന്നു. ആത്മീയപ്രധാനമായ റൊമാന്റിസിസത്തിനും ഭൗതികപ്രധാനമായ ഡിറ്റർമിനിസത്തിനുമിടയ്ക്കാണ് അതിൻ്റെ സ്ഥാനം. ചരിത്രത്തിൽ, ദേശീയ- വർഗ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച പലായന രൂപങ്ങളുടെ കടുത്ത രണ്ടുദാഹരണങ്ങളാണ് നാസിസവും സ്റ്റാലിൻ്റെ ഡിറ്റർമിനിസവും എന്ന് ആനന്ദ്  കരുതുന്നു.
സർഗാത്മക വിപ്ലവത്തിലൂടെ സംഭവിക്കുന്ന 'ബോധപൂർവമായ പരിണാമ'മാണ് സംസ്കാരം എന്ന് ആനന്ദ് വിശ്വസിക്കുന്നു. ആത്മീയപ്രധാനമായ റൊമാന്റിസിസത്തിനും ഭൗതികപ്രധാനമായ ഡിറ്റർമിനിസത്തിനുമിടയ്ക്കാണ് അതിൻ്റെ സ്ഥാനം. ചരിത്രത്തിൽ, ദേശീയ- വർഗ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച പലായന രൂപങ്ങളുടെ കടുത്ത രണ്ടുദാഹരണങ്ങളാണ് നാസിസവും സ്റ്റാലിൻ്റെ ഡിറ്റർമിനിസവും എന്ന് ആനന്ദ് കരുതുന്നു.

മാർക്‌സിൻ്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദം അതിന്റെ പ്രയോക്താക്കളുടെ കൈകളിൽ കേവലം ഡിറ്റർമിനിസമായി പതിക്കുകയാണുണ്ടായത്. ചരിത്രത്തിൻ്റെ ചലനത്തെ ഓരോ വ്യവസ്ഥിതിയിലും നിലവിൽവന്ന വ്യത്യസ്‌ത വർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ മാത്രം രൂപപ്പെടുന്ന ഒന്നായി ചുരുക്കി എന്നാണ് ആനന്ദിൻ്റെ പ്രധാന വിമർശനം. യാന്ത്രിക ഭൗതികവാദത്തെ പുരോഗമിപ്പിക്കുവാൻ മാത്രമേ ഇതിനായുള്ളൂ. ‘ചരിത്രപാക'ത്തിന് കാത്തുനില്ക്കാതെ ലെനിൻ പോലും വിപ്ലവത്തിൻ്റെ ആദ്യ കാഹളം മുഴക്കിയത്, ‘സൈനികരേ' (soldiers) എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നുവെന്ന് ജോൺ റീഡിനെ ഉദ്ധരിച്ച് ആനന്ദ് സ്ഥിരീകരിക്കുന്നു (ജൈവമനുഷ്യൻ). ഭൗതികവാദത്തിൻ്റെ സർഗാത്മകരൂപത്തെ ഉപേക്ഷിച്ച് യാന്ത്രികമായ യുദ്ധ (സൈനിക) രൂപത്തെ അത് സ്വീകരിച്ചു. മാർക്‌സിറ്റ്‌- ലെനിനിസ്റ്റ്-മാവോയിസ്റ്റ് രാഷ്ട്രീയ ആശയഗതിയും പിൽക്കാലത്ത് ഋണബദ്ധമായ ഡിറ്റർമിനിസത്തിൻ്റെ പലായന മാർഗങ്ങളെയാണ് സ്വീകരിച്ചത്. ‘വിപ്ലവങ്ങൾ ഊർജം സ്വയം ഉത്പ്പാദിപ്പിക്കുന്നു. യുദ്ധത്തിന് അതിന്റേതായ ഊർജമില്ല. അത് പുറത്ത് നിന്ന് സമ്പാദിക്കുന്നു' എന്നതാണ് മേൽവാദത്തിന് ആനന്ദ് കണ്ടെത്തുന്ന ഉത്തരം.

ലെനിന്റെ കാലത്തുതന്നെ, ആഭ്യന്തര വിപ്ലവങ്ങളെ അമർച്ച ചെയ്യുന്നതിന് നല്ലൊരു ശതമാനം മൂലധനവും മെഷിനറിയും സ്ട്രാറ്റജിയും പ്രയോഗിക്കേണ്ടിവന്നു. വിപ്ലവത്തിൻ്റെ സർവ്വതോന്മുഖമായ സർഗാത്മകത സൈദ്ധാന്തിക മാർക്‌സിസം കൊണ്ട് നേടാനാകാതെവന്നു. പകരം കിട്ടിയതാകട്ടെ സ്റ്റാലിൻ്റെ സ്വേച്ഛാസർവ്വാധിപത്യ മാതൃകയാണ്. പടയാളി വിപ്ലവകാരിക്കുമേൽ അധികാരം നേടി. ഒരു ജനത ഒന്നടങ്കം ഭീതിയുടേയും ആശങ്കയുടേയും നടുവിൽ അഭയാർഥികളായി പരിണമിച്ചു.

യുദ്ധാനന്തര ഉദാരജനാധിപത്യമാകട്ടെ അധികാരത്തെ വിഷം പുരട്ടിയാണ് പ്രയോഗിച്ചുപോന്നത്. ബാഹ്യമായ അതിൻ്റെ രൂപം സുന്ദരമാണ്. അധികാരത്തിന്റെ ശ്രേണിയും സംസ്‌കാരത്തിൻ്റെ ശ്രേണിയും തമ്മിലുള്ള വൈരുദ്ധ്യം ബാഹ്യമായി പരിഹരിച്ചും ആന്തരികമായ അവയ്ക്കിടയിലെ വിടവുകൂട്ടിയും ഉള്ളിൽ നിന്നുമുദ്ഭവിക്കുന്ന അധികാരരൂപമായി അത് നിലകൊണ്ടു. അധികാരത്തിൻ്റെ പാർശ്വസത്തകളെ മാത്രം അവപ്രദർശിപ്പിച്ചു.

ആനന്ദിന് കലാരചനയ്ക്കുള്ള പ്രധാന അസംസ്‌കൃത വസ്‌തു ചരിത്രമാണ്. മത-സംസ്‌കാര ചരിത്രങ്ങൾ, കോട്ടകൾ, ശവകുടീരങ്ങൾ, പടയോട്ടങ്ങൾ, ആചാരങ്ങൾ എന്നിവ ആനന്ദിൻ്റെ കലാനിർമ്മാണത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ഗുഹകളും കോട്ടകളും

ചരിത്രം തിരശ്ചീനഗതി കൊള്ളുന്നത് അതിനകത്തെ മിത്തിനെ പ്രത്യുല്‌പാദിപ്പിച്ചെടുക്കുമ്പോഴാണ്. പ്രത്യുല്‌പാദനപരമല്ലാത്ത മിത്തും ചരിത്രവും കൊണ്ട് കാലത്തിൻ്റെ ജൈവഗതിയെ അളക്കാൻ പ്രയാസമാണ്. ആനന്ദിന് കലാരചനയ്ക്കുള്ള പ്രധാന അസംസ്‌കൃത വസ്‌തു ചരിത്രമാണ്. മത-സംസ്‌കാര ചരിത്രങ്ങൾ, കോട്ടകൾ, ശവകുടീരങ്ങൾ, പടയോട്ടങ്ങൾ, ആചാരങ്ങൾ എന്നിവ ആനന്ദിൻ്റെ കലാനിർമ്മാണത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ശില്പങ്ങളിലും ഇതുതന്നെ ആവർത്തിക്കുന്നത് കാണാം.

ആനന്ദിന്റെ ചരിത്രദർശനത്തെ ഏറെക്കുറെ പ്രകടിപ്പിക്കുന്ന കൃതിയാണ് അഭയാർഥികൾ. ബഹുസ്വരാത്മകമായ ആൾക്കൂട്ടത്തിന് ഒരു പിന്തുടർച്ചയല്ല, കലാകാരൻ്റെ ഇടപെടൽ അത്യന്തം ഉൾക്കൊള്ളുന്നു ഈ കൃതി. വിവിധ സാഹിത്യരൂപങ്ങൾ ഈ കൃതിയിൽ ആനന്ദ് പരീക്ഷിക്കുന്നുണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് ഒരു ഡിഡാക്റ്റിക് രചനയുടെ സ്വഭാവമാണ് ഇതിനുള്ളത്.

ഓരോ സംസ്കാരത്തിന്റെയും നൈസർഗ്ഗികഗതിയെ പ്രതിരോധിക്കുന്ന ഒരു വൈകല്യവും സംസ്‌കാരത്തിന്റെ സ്വയംകൃത നാശവും ആനന്ദിന്റെ ഇഷ്ടവിഷയങ്ങളാണ്. ഒന്നും രണ്ടും മൂന്നും സംസ്‌കാരങ്ങളുടെ ദിശകളെ ആനന്ദ് നോക്കികാണുന്നത് ഈ ദർശനത്തിന്റെ കണ്ണാടിയിലൂടെയാണ്. ഈ നാശപ്പാടുകൾ, പ്രസ്‌തുത സംസ്‌കാരങ്ങൾ പ്രകടി പ്പിക്കുന്ന കലയിലും വാസ്‌തുവിദ്യയിലും മറഞ്ഞുകിടക്കുന്നുണ്ട്.

ആനന്ദിന്റെ ചരിത്രദർശനത്തെ ഏറെക്കുറെ പ്രകടിപ്പിക്കുന്ന കൃതിയാണ് അഭയാർഥികൾ. ബഹുസ്വരാത്മകമായ ആൾക്കൂട്ടത്തിന് ഒരു പിന്തുടർച്ചയല്ല, കലാകാരൻ്റെ ഇടപെടൽ അത്യന്തം ഉൾക്കൊള്ളുന്നു ഈ കൃതി.
ആനന്ദിന്റെ ചരിത്രദർശനത്തെ ഏറെക്കുറെ പ്രകടിപ്പിക്കുന്ന കൃതിയാണ് അഭയാർഥികൾ. ബഹുസ്വരാത്മകമായ ആൾക്കൂട്ടത്തിന് ഒരു പിന്തുടർച്ചയല്ല, കലാകാരൻ്റെ ഇടപെടൽ അത്യന്തം ഉൾക്കൊള്ളുന്നു ഈ കൃതി.

ജൈന-ബൗദ്ധ മതങ്ങളടക്കമുള്ള മതനാഗരികതകൾ അവയുടെ ഒരു പ്രത്യേക ബിന്ദുവിൽവെച്ച്, സാംസ്കാരികമായ മടക്കമാരംഭിക്കുന്നു. ബുദ്ധമതവും പാഗൻ ഹൈന്ദവമതവും താന്ത്രിക മതപരിണാമത്തിലേക്ക് കുതിക്കുന്നത് ആനന്ദ് നിരീക്ഷിക്കുന്നുണ്ട്. ഈ ചരിത്രവിപര്യയം അവ പിന്നിട്ടുപോയ വാസ്‌തുകലയിൽ പ്രകടമായി കാണാം. ഗുഹകളും കോട്ടകളും ചരിത്രത്തിലെ രണ്ടർത്ഥങ്ങളെ തേടുന്നു. മധ്യകാല സംസ്‌കാര ത്തിലാണ് ഗുഹകൾ കോട്ടകൾക്ക് വഴിമാറിക്കൊടുക്കുന്നത്. കുറേക്കൂടി സങ്കീർണമാക്കപ്പെട്ട മനുഷ്യജീവിതത്തിൻ്റെ ഭൗതികമാനം കോട്ടകളുടെ പ്രത്യയശാസ്ത്രത്തിനുണ്ട്. അതുകൊണ്ടുദ്ദേശിക്കപ്പെടുന്ന പ്രയോജനവും ഏറെ സങ്കീർണമാണ്.

‘‘ഗുഹകൾ പണിതവരുടെ ഏകാന്തത അവരെ പരിചിതമായ പാതയിൽനിന്ന് മാറി ചലിക്കാനും വിദൂരവും വിഷമം നിറഞ്ഞതുമായ ഇടങ്ങളിൽ എത്തിപ്പെടാനും പ്രേരിപ്പിച്ചു. കോട്ടകൾ പണിതവരാകട്ടെ, ഭയത്താൽ ആവേശിക്കപ്പെട്ട് അവർ കുഴിച്ച കിടങ്ങുകൾക്കും ഉയർത്തിയ മതിലുകൾക്കും നിർമിച്ച കവചങ്ങൾക്കും പിന്നിൽ ഒളിച്ചു’’. (ജൈവമനുഷ്യൻ).
സ്വാതന്ത്യത്തിലേക്ക് ബോധത്തെ പ്രസാരണം ചെയ്യുന്നതിലാണ് ആനന്ദ് ഗുഹയും കോട്ടയും തമ്മിലുള്ള അന്തരം കണ്ടെത്തുന്നത്, ഒപ്പം അധികാരത്തിൻ്റെ ചിഹ്നവ്യവസ്ഥാമാറ്റം സൂചിപ്പിക്കാനും.

അധികാരത്തിന്റെ ചരിത്രഗതി പരിശോധിക്കുമ്പോൾ മധ്യകാല സംസ്കാരത്തിന്റെ കാമാതുരമായ ഭോഗലാലസതയെ ആനന്ദ് അവഗ ണിക്കുന്നതായിത്തോന്നുന്നു.

ഗുഹകൾക്ക് പ്രാധാന്യമുള്ള പാഗൻ മതസംസ്‌കാരകാലത്ത് സ്വാതന്ത്യത്തിൽനിന്ന് അധികാരത്തെ വേർതിരിച്ച് കണ്ടിരുന്നില്ല. സർവതന്ത്ര വ്യക്തി സ്വാതന്ത്ര്യമായിരുന്നു അത്. മധ്യകാല സംസ്‌കാരഘട്ടത്തിൽ, അധികാരത്തെ സ്വാതന്ത്ര്യത്തിൽ നിന്ന് വ്യാവർത്തിപ്പിച്ച് അതിനെ ബോധപൂർവമായ കൂട്ടായ്‌മയായിക്കാണുന്നു. ഗ്രാമവും നഗരവും രാജാവും പൗരരും വേട്ടക്കാരനും ഇരയും എന്നിങ്ങനെയുള്ള വിരുദ്ധ ദ്വന്ദ്വങ്ങളിലൂടെ അധികാരം സ്വാതന്ത്യമെന്ന സങ്കല്‌പത്തെത്തന്നെ മിഥ്യയാക്കിത്തീർത്തു. സ്വാതന്ത്യത്തിനേറ്റ ന്യൂനീകരണം, മനുഷ്യസത്തയുടെ ചലനാത്മകതയേയും ന്യൂനീകരിച്ചു. ഗുഹകളിൽനിന്ന് ഗുഹകളിലേക്ക് നീങ്ങുന്ന വ്യക്തികളുടെ ജൈവസത്താ വൈവിധ്യം, ആവർത്തനവിരസമായ സാങ്കേതികതയിലേക്കും ശൈലീവിശേഷത്തിലേക്കും പരിണമിച്ചു. ഖജുരാഹോ, കൊണാർക്ക്, താജ്‌മഹൽ, മയൂരസിംഹാസനം ഇത്യാദി വാസ്തുകലാ മാഹാത്മ്യങ്ങളെ നിരീക്ഷണം ചെയ്ത് ആനന്ദ് കണ്ടുപിടിക്കുന്നത് ഇതാണ്. ഗുഹാവാസികളിലൂടെ ഏകാന്തപ്രകൃ ത്തിൽനിന്ന്, അധികാരത്തിലേക്ക് ആരോഹണം ചെയ്യുന്ന കോട്ടവാസികളുടെ ഏകാന്തത ഏറെ വ്യത്യസ്‌തമത്രെ. സ്വാതന്ത്യത്തോടുള്ള ഭീതിയും അന്യവത്കരണവുമാണ് അവർ പ്രദർശിപ്പിച്ചത്. ‘‘കൊണാർക്കിന്റെ ശരീരം മുഴുവൻ സൃഷ്‌ടിയുടെ ലഹരി ത്രസിക്കുന്ന ശില്പങ്ങളാണ്. എന്നാൽ, അതിൻ്റെ ഗർഭഗൃഹം ശൂന്യമായിരിക്കുന്നു’’ (അഭയാർത്ഥികൾ) എന്ന് നിരീക്ഷിക്കപ്പെടുന്നത് സമാനമായ ഒരു സാഹചര്യത്തിലാണ്. ഗുഹയിൽനിന്ന് കോട്ടയിലേക്കും ശില്‌പങ്ങളിലേക്കും ക്രമേണ അധികാരസ്ഥാപനങ്ങളിലേക്കും രേഖീയമായ ഒരു ചരിത്രഗതിയുണ്ട്.

അധികാരത്തിന്റെ ചരിത്രഗതി പരിശോധിക്കുമ്പോൾ മധ്യകാല സംസ്കാരത്തിന്റെ കാമാതുരമായ ഭോഗലാലസതയെ ആനന്ദ് അവഗ ണിക്കുന്നതായിത്തോന്നുന്നു. അധികാരത്തിൻ്റെ വർഗപരമായ ചിഹ്നവ്യവസ്ഥയോടുള്ള അമിതമായ താല്‌പര്യമാണ് ഇങ്ങനെയൊരു മറവി സൃഷ്ടിക്കുന്നത് എന്ന് വിമർശനമുണ്ട്. 13-ാം ശതകത്തിൽ, യവനന്മാരുടെമേൽ, നരസിംഹ രാജാവ് നേടിയ വിജയത്തിൻ്റെ സൂചകമായി നിർമിച്ചതാണ് സൂര്യക്ഷേത്രം. ‘അഹന്ത, ആത്മപ്രശംസ, കുലമഹിമ, ആഢംബരത’ എന്നി വയെല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ഒന്നാണത്. പഞ്ചമകാരങ്ങൾ (മാംസം, മദ്യം, മഹിള, മൈഥുനം, മുദ്ര) വാസ്‌തുകലയിലേക്ക് പരകായപ്രവേശം നടത്തുന്ന കാലവും അതുതന്നെ. ക്ഷത്രിയന്മാർ, വർദ്ധിച്ചുവന്ന ബ്രാഹ്മണസ്വാധീനത്തിൻ്റെ ഫലമായി, രാജാക്കന്മാർക്കനുകൂലമായി മതചിന്തകളെ വ്യാഖ്യാനിച്ചു.
‘മൈഥുനത്തിലൂടെ അനുഭൂതമാകുന്ന ആനന്ദത്തിൻ്റെ കാലദൈർഘ്യത്തെക്കുറിച്ചുള്ള ചിന്തയിൽനിന്ന് യോഗാനുഷ്‌ഠാനപരമായ രതിയും താന്ത്രിക വൈദ്യശാസ്ത്രവും വികസിച്ചു’ (പി. സോമൻ, ഇന്ത്യൻ ഫ്യൂഡലിസ്റ്റ് സാഹിത്യം) പുംസ്ത്രീഭോഗം സാധകത്തിൻ്റെ വരുതിയിൽ വന്നു. ശിവശക്തിസങ്കല്‌പത്തിൻ്റെ ദർശനപരതയിലേക്ക് അതുയർത്തപ്പെട്ടു. അധികാരത്തിൻ്റെ, ഭാരതീയ തത്ത്വശാസ്ത്രം പരിശോധിക്കുമ്പോൾ അവഗണിക്കപ്പെടുന്ന ജാതിവ്യവസ്ഥ ആനന്ദിൻ്റെ ചരിത്രദർശനത്തെ അപൂർണമാക്കുന്നു. അധികാരത്തിന്റെ വംശീയവും ജാതീയവുമായ ചിഹ്നവ്യവസ്ഥയും പ്രതീകങ്ങളും നഷ്ടമാകുന്നു. സൂക്ഷ്മസ്ഥായികൾ തേടാനാകാത്ത, അധികാരത്തിന്റെ സ്ഥൂലപ്രകൃതിയെക്കുറിച്ചുള്ള ചിന്ത ‘അഭയാർത്ഥികളെ’ ഏറെക്കുറെ വിരസവും അപൂർണവുമാക്കിയിട്ടുണ്ട്. അധികാരത്തിന്റെ സ്ഥാവരമാർഗത്തിലേക്ക് നയിക്കുന്നത് സൂക്ഷ്മവും ആന്തരികവുമായ ജംഗമപ്രകൃതികളാണല്ലോ.

പ്രജ്ഞയും കരുണയും

ആനന്ദിന്റെ ദർശനം അതിൻ്റെ സൂക്ഷ്‌മതലങ്ങളെ തേടുന്നത് പ്രജ്ഞയും കരുണയും എന്ന ബുദ്ധതത്വത്തിലൂന്നിയാണ്. 'ബോധി' യാണ് ഇതിനു കാതൽ. സ്വാതന്ത്ര്യത്തിന് അദ്ദേഹം മൂന്ന് വഴി കണ്ടെ ത്തുന്നു:

ഒന്ന്: പലായനത്തിന്റേയും മൃത്യുവാഞ്ഛയുടെയും. രണ്ട്: സ്വാർത്ഥത്തിന്റെയും ജീവിതാവേശത്തിന്റെയും. മൂന്ന്: സാർത്ഥകമായ പ്രയോഗത്തിന്റേത്.

സ്വാതന്ത്യത്തിൻ്റെ സാർത്ഥക പ്രയോഗമാർഗങ്ങളായി പാഗൻ ഹൈന്ദവതയിലെ ഭൃഗുവിന്റേയും നചികേതസിന്റെയും വഴികളെ ആനന്ദ് കാണുന്നു. ബ്രഹ്മജ്ഞാനത്തിനുവേണ്ടി തപസ്സനുഷ്ഠിച്ച്, അന്നമാണ് ബ്രഹ്മം എന്നും പ്രാണനാണ് എന്നും, മനസ്സാണ് എന്നുമുള്ള കഠിനമായ മാർഗങ്ങൾ താണ്ടി, ആനന്ദമാണ് ബ്രഹ്മമെന്ന് ഭൃഗു കണ്ടെത്തി (പ്രജ്ഞയും കരുണയും), ‘ധാതുക്കളുടെ അവസ്ഥയിൽനിന്ന് സ്വതന്ത്രനായി, വ്യക്തിത്വം കൊണ്ട് ജ്ഞാനത്തിലൂടെ വീണ്ടും പ്രകൃതിയുമായി ഒന്നിച്ച് ആനന്ദം കൈവരിക്കുന്ന’ മാതൃകയാണിത്.

തൈത്തിരീയോപനിഷത്തിൽ വിവരിക്കുന്ന നചികേതസ്സിന്റെ കഥയാണ് മറ്റൊന്ന്.
‘കസ്മൈ മാം ദാസ്യസി?’ എന്ന ചോദ്യത്തിന് 'യമന്' എന്ന ഉത്തരം നചികേതസ്സിൻ്റെ അച്ഛനായ ഉദ്ദാലകന് പിൻവലിക്കാനായില്ല. കഠിനമായ പരീക്ഷണങ്ങളിലൂടെ യമനെ സന്തോഷിപ്പിച്ച നചികേതസ്സിന്, ജീവനോടെ അച്ഛന്റെ അടുത്തേക്കയയ്ക്കണമെന്നും, തന്നിലൂടെ ശ്രൗതസ്മാർത്തകർമം നിലനിൽക്കണമെന്നും, മരണത്തെ ജയിക്കാൻ കഴിയണമെന്നുമുള്ള വരങ്ങൾ നേടിയെടുക്കാൻ കഴിയുന്നു.

പ്രസ്‌തുത കഥകളിൽ, പ്രജ്ഞയുടെ പ്രയാണം കഠിനമായ ഇച്ഛാശക്തിയായും, വീണ്ടും പ്രകൃതിയിലേക്ക് കാരുണ്യത്തിന്റെ മടങ്ങിവരവായും ആനന്ദ് നിരീക്ഷിക്കുന്നു. ബോധസത്തയെ പരസ്പ‌ര സംപ്രേഷിതമായ മോക്ഷത്തിന് ആധാരമാക്കുന്നു എന്നതാണ് ആനന്ദിനെ സംബന്ധിച്ച് പ്രധാനം. ഈ മാർഗത്തിൽ നിന്നുമുള്ള പലായനമായിട്ടാണ് അദ്വൈതത്തെ അദ്ദേഹം ദർശിക്കുന്നത്. ‘ജീവിതത്തോടുള്ള സ്നേഹത്തിൽ നിന്നല്ല, അതിനോടുള്ള ഭയത്തിൽനിന്നാണ് അദ്വൈതവാദമുണ്ടാകുന്നത്’.

പാഗൻ ഹൈന്ദവത താന്ത്രിക മതരീതിയിലേക്കുള്ള മടക്കമാരംഭിക്കുന്നു, വേരിൽനിന്ന് കൊമ്പിലേക്കും തിരിച്ചും സംഭവിക്കുന്ന ഊർജത്തിൻ്റെ സമപ്രവാഹസങ്കല്‌പമാണ് പ്രജ്ഞയും കരുണയും. 'മനുഷ്യാവസ്ഥയെ നിർവഹിക്കാൻ ശ്രമിക്കുന്ന മീമാംസാപരമായ ഘട്ടവും പരിഹാരം നിർണയിക്കുന്ന സ്വപ്‌നഘട്ടവും സമ്മേളിക്കുന്നു, ബുദ്ധമതത്തിലെ തത്ത്വചിന്താപരമായ അംശത്തെ പ്രജ്ഞയെന്നും സ്നേഹത്തിലൂടെയും ദയയിലൂടെയും പ്രകൃതിയിലേക്ക് മടങ്ങിപ്പോവാൻ ആവശ്യപ്പെടുന്ന മറ്റേയംശത്തെ കരുണയെന്നും വിളിക്കുന്നു. പുഴ കടക്കലും പുഴ കടന്നാൽ തകർക്കപ്പെടുന്ന 'ഇക്കര'യെന്ന ബന്ധവും വീണ്ടും ദയയിലൂടെയും സ്നേഹത്തിലൂടെയുമുള്ള മടങ്ങിപ്പോക്കും, ചാക്രികമായ ബോധസത്തയുടെ നിലകളെ സ്ഥിരീകരിക്കുന്നു.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിൽ, കോട്ടയിലേക്ക് ചുരുങ്ങുന്ന അധികാരവും വലുതാകുന്ന പുറമ്പോക്കും രംഭാഗഢ് സുരക്ഷാപദ്ധതിക്ക് ചുറ്റും വിന്യസിച്ച ടെക്നോളജിയുടെ പശ്ചാത്തലത്തിൽ ഭീകരാകാരം പ്രാപിക്കുന്നത് കാണാം.

ആനന്ദിൻ്റെ ‘അനുപാതവും അനുപാത രാഹിത്യവും' എന്ന സിദ്ധാന്തം പ്രജ്ഞയും കരുണയും എന്ന ആശയത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. സീതഭൂമി / മരുഭൂമി, ഉള്ളവർ / ഇല്ലാത്തവർ, രാജാവ് / പ്രജ, ഗുരു / ശിഷ്യൻ എന്നീ ദ്വന്ദ്വങ്ങൾക്കിടയിലെ അനുപാതത്തിന്റേയും അനുപാത രാഹിത്യത്തിൻ്റേയും ഇടവേളകളാണ് അധികാരം എന്ന മിത്തിനെ പ്രായോഗികമായി നിർണയിക്കുന്നത് എന്ന് ആനന്ദ് തന്റെ രചനകളിലൂടെ ധ്വനിപ്പിക്കുന്നു. വ്യക്തിയിൽതന്നെ നിലനിൽക്കുന്ന വേട്ടക്കാരും ഇരയും എന്ന സങ്കല്പം അധികാരം തന്നെത്തന്നെ നശിപ്പിക്കുന്നതിനുദാഹരണമാവും. തങ്ങൾക്കിടയിലെ ഈ ദ്വന്ദ്വസത്വത്തെ കൃത്യമായി തീരുമാനിക്കാനാവാതെയാണ് ജയ്‌സൽമേഠ് കോട്ടയിലെ മഹാരാജാവും അക്രമിയായ നവാബ് മഹ്ബൂബ് ഖാനും യുദ്ധം ചെയ്തു തളരുമ്പോൾ കളിക്കരുക്കളും മദ്യചഷകവുമായി പരസ്പരം സായാഹ്നസൗഹൃദം പങ്കിടുന്നത്. ഈ കഥയുടെ അന്യാപദേശചിത്രം മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിലുണ്ട്.

അനുപാതവും അനുപാത രാഹിത്യവും - ഇവയ്ക്കിടയിലുള്ള ദുരന്തത്തിന്റെ വിടവ് ചിത്രീകരിക്കുന്നതിന് ഇതിഹാസത്തിൽനിന്ന് ആനന്ദ് കണ്ടുപിടിക്കുന്ന കഥാപാത്രമാണ് രാവണൻ. പത്ത് തലയും ഇരുപത് കൈകളും എന്നാൽ രണ്ടു കാലുകളും മാത്രമുള്ള രാവണൻ രൂപത്തിൽ തന്നെ പ്രകടമായ അനുപാതരാഹിത്യം അനുഭവിക്കുന്നു. (അഭയാർത്ഥികൾ). ഈ അനുപാത രാഹിത്യം തിരിച്ചറിയാതെപോയ ഇതിഹാസ കഥാപാത്രത്തിൻ്റെ ദുരഹങ്കാരം ഒരു ജനതയ്ക്കുമേൽ സൃഷ്‌ടിച്ച അനിശ്ചിതത്വവും ദുരന്തവും മറ്റൊരു അനുപാത രാഹിത്യമായി മാറുകയുണ്ടായി. അനുപാത രാഹിത്യങ്ങൾ അഭയാർത്ഥികളെ സൃഷ്‌ടിക്കുന്നതെങ്ങനെ എന്ന അന്വേഷണത്തിൽ ഇതിഹാസത്തിൽനിന്ന് ആനന്ദ് കണ്ടെത്തുന്ന ഉദാഹരണമാണ് രാവണൻ.

അധികാരം അനുപാതത്തേയും അനുപാത രാഹിത്യത്തേയും അതിൻ്റെ താത്‌പര്യങ്ങളെ സംരക്ഷിക്കാൻവേണ്ടി പ്രയോജനപ്പെടുത്തുമ്പോഴാണ് കോട്ടയും പുറമ്പോക്കുമായി ജനത തരംതിരിക്കപ്പെടുന്നത്. ഇവിടെനിന്നും ആനന്ദ് ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ അനുപാത രാഹിത്യമായ 1971-ലെ അഭയാർത്ഥിപ്രവാഹത്തിൻ്റെ തെരുവു വിന്യാസങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. കലാപങ്ങൾക്കും യുദ്ധത്തിന്റെ പോർവിമാനപ്പാച്ചിലുകൾക്കുമിടയിൽ അധികാരവും അതിന്റെ ഇല്ലായ്‌മയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ‘‘എല്ലാറ്റിനുമെല്ലാറ്റിനും അനുപാതങ്ങൾ തെറ്റുന്നു. എല്ലാം കരകവിയുന്നു. ബണ്ടുകൾ, അതിർത്തികൾ, സങ്കല്‌പങ്ങൾ, ഭാവനകൾ’’ എന്നാണ്, അഭയാർത്ഥികളിൽ ആനന്ദ് കുറിക്കുന്നത്.

ഷാജഹാനും സർമദിനുമിടയിലെ അനുപാത രാഹിത്യം ചരിത്രത്തിൻ്റെ മറ്റൊരു അധികാര പർവത്തെ ഓർമ്മിപ്പിക്കുന്നു (ഗോവർദ്ധൻ്റെ യാത്രകൾ). തൻ്റെ പ്രണയമാർഗത്തിന്റെ പരാജയങ്ങളെച്ചൊല്ലി വൈകിയെങ്കിലും ഏറ്റുപറയുന്ന രാജാവ് അനുപാതത്തിനും അനുപാതരാഹിത്യത്തിനുമിടയിലെ വ്യക്തിദുരന്തം തിരിച്ചറിയുന്നവനാണ്.

ഷാജഹാനും സർമദിനുമിടയിലെ അനുപാത രാഹിത്യം ചരിത്രത്തിൻ്റെ മറ്റൊരു അധികാര പർവത്തെ ഓർമ്മിപ്പിക്കുന്നു (ഗോവർദ്ധൻ്റെ യാത്രകൾ). തൻ്റെ പ്രണയമാർഗത്തിന്റെ പരാജയങ്ങളെച്ചൊല്ലി വൈകിയെങ്കിലും ഏറ്റുപറയുന്ന രാജാവ് അനുപാതത്തിനും അനുപാതരാഹിത്യത്തിനുമിടയിലെ വ്യക്തിദുരന്തം തിരിച്ചറിയുന്നവനാണ്.
ഷാജഹാനും സർമദിനുമിടയിലെ അനുപാത രാഹിത്യം ചരിത്രത്തിൻ്റെ മറ്റൊരു അധികാര പർവത്തെ ഓർമ്മിപ്പിക്കുന്നു (ഗോവർദ്ധൻ്റെ യാത്രകൾ). തൻ്റെ പ്രണയമാർഗത്തിന്റെ പരാജയങ്ങളെച്ചൊല്ലി വൈകിയെങ്കിലും ഏറ്റുപറയുന്ന രാജാവ് അനുപാതത്തിനും അനുപാതരാഹിത്യത്തിനുമിടയിലെ വ്യക്തിദുരന്തം തിരിച്ചറിയുന്നവനാണ്.

പ്രജ്ഞയുടെ ഒരു ബിന്ദുവിൽവെച്ച് മടക്കമാരംഭിക്കുന്ന ബോധസത്ത കരുണയിലെത്താതെ സംഭവിക്കുന്ന പലായന പ്രവണതയോടാണ് ഈ അനുപാതരാഹിത്യത്തിന് സാമ്യം. സീതഭൂമിയും മരുഭൂമിയും തമ്മിലുള്ള അനുപാത രാഹിത്യവും പ്രജ്ഞയുടെ ഒരു ഘട്ടത്തിൽവെച്ച് സംഭവിക്കുന്ന മടക്കമായി ആനന്ദ് ദർശിക്കുന്നുണ്ട്. ‘ഭൂമിയിൽനിന്ന് അടർന്നുപോകുന്ന ജലം ഭൂമിയിലേക്കുതന്നെ മടങ്ങിവരുമ്പോഴേ ആ പ്രക്രിയ പൂർത്തിയാവൂ. അത് സംഭവിക്കാത്തതുകൊണ്ട് ഇവിടുത്തെ കാലാവസ്ഥ മുറിഞ്ഞുപോകുന്ന എന്തോ ഒന്നിൻ്റെ പ്രതീതി’യാണ് (മരുഭൂമികൾ ഉണ്ടാകുന്നത്) അനുഭവിപ്പിക്കുന്നതെന്ന് ഒരിക്കൽ കുന്ദൻ, യോഗേശ്വറിനോട് പറയുന്നുണ്ട്. മരുഭൂമിയിലെന്നപോലെ മനുഷ്യബന്ധങ്ങൾക്കിടയിലെ പ്രജ്ഞയും കരുണയും പൂർത്തിയാക്കപ്പെടാതെ, മുറിഞ്ഞുപോകുന്ന പ്രതീതി ജനിപ്പിക്കുന്ന കാലാവസ്ഥയ്ക്ക് പിന്നിലുള്ള അധികാരശക്തി യെക്കുറിച്ചുള്ള ഓർമിപ്പിക്കലാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയുടെ പ്രധാന ലക്ഷ്യം.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിൽ, കോട്ടയിലേക്ക് ചുരുങ്ങുന്ന അധികാരവും വലുതാകുന്ന പുറമ്പോക്കും രംഭാഗഢ് സുരക്ഷാപദ്ധതിക്ക് ചുറ്റും വിന്യസിച്ച ടെക്നോളജിയുടെ പശ്ചാത്തലത്തിൽ ഭീകരാകാരം പ്രാപിക്കുന്നത് കാണാം.

അഭയാർത്ഥികളിലെ ഊടും പാവും എന്ന സങ്കല്‌പത്തെ കേന്ദ്രീകൃത അധികാര വ്യവസ്ഥയിലൂന്നിയ ചിഹ്നവ്യവസ്ഥയിലേക്ക് വളർത്തിയെടുത്തിട്ടുണ്ട് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയിൽ. അദൃശ്യവും അധൃഷ്യമായ 'സർക്കാർ' എന്ന സ്ഥാപനമാണിത്. നവ- കൊളോണിയൽ രാഷ്ട്രീയ വ്യവസ്ഥയിൽ നിരീക്ഷിക്കപ്പെട്ട അധികാരത്തിൻ്റെ ആരോഹണക്രമം ഇവിടെ കാണാം. ഉള്ളിൽനിന്ന് ഉദ്ഭൂതമാകുന്ന അധികാരത്തിന്റെ നിലയുമുണ്ട്. അധികാരത്തിന്റെ അവരോഹണവ്യവസ്ഥയിൽ, സൂചകങ്ങൾ കൃത്യമായി വെളിപ്പെടുന്നവയായിരിക്കും. മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിലാകട്ടെ, അവ അത്ര എളുപ്പം പിടികൊടുക്കുന്നില്ല. സർക്കാരിന്റെ രൂപം വളരെ ഗൂഢവും അവ്യക്തവുമാണ്. രംഭാഗഢിൽ സ്ഥാപിക്കുന്ന സ്ട്രാറ്റജിക് ഇൻസ്റ്റലേഷൻ എന്ന സുരക്ഷാപദ്ധതി, അധികാരത്തിൻ്റെ മൂർത്തപ്രത്യക്ഷം മാത്രമാണ്. എന്നാൽ അത് സർക്കാർ അല്ല. സർക്കാർ ഭീമമായൊരു മെഷിനറിയാണ്. അധികാരമാണ് അതിൻ്റെ മൂലധനം. അതിൽ കോർപ്പറേറ്റ് ഓഹരിയുടമകളെപ്പോലെയാണ് പൗരർ, പൗരരിൽനിന്ന് സർക്കാർ അതിൻ്റെ വളർച്ചയ്ക്കാവശ്യമായ ഓഹരികൾ ആവശ്യ പ്പെടുന്നു. അവർ ഇക്കാര്യം അറിയുകപോലും ചെയ്യുന്നില്ല. അഭയാർഥിത്വം സ്റ്റേറ്റിൻ്റെ കരങ്ങൾക്ക് ശക്തി കൂട്ടാനുള്ള അധികാരത്തിൻ്റെ ഈ 'ഷൈലോക്കിയൻ രീതി' ആനന്ദിൻ്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ പ്രധാന ചിന്താധാരയാണ്.

സൈക്ലോപ്സ്; രാഷ്ട്രീയ പുരാവൃത്തം

ഹവേലി, കോറൽറീഫ്, പോളിപ്‌സ് കോളനി എന്നിങ്ങനെ ആനന്ദിന്റെ കൃതികളിൽ സ്ഥലബിംബങ്ങൾ ആവർത്തിച്ചുവരാറുണ്ട്. ചരിത്രത്തിലെന്നും നിഷ്കാസിതരാകുന്ന അനാവശ്യജനത എന്ന് അധികാരികൾ വിധിയെഴുതുന്ന അധമർണ്ണ ജനതയുടെ ഇടമാണ് ഈ സ്ഥലങ്ങൾ. ചരിത്രഗതിക്കനുസരിച്ച് അധികാരം പങ്കിടുന്നവരോടും അതിന്റെ അധികാരഗതിയോട് ഇടഞ്ഞു സർഗാത്മക ന്യൂനപക്ഷമായി മുന്നോട്ടു ഗമിക്കുന്നവരോടും മേല്പറഞ്ഞ ജനതയ്ക്ക് പ്രത്യേക ആഭിമുഖ്യമില്ല. ചരിത്രത്തിലെ രാഷ്ട്രീയഗതിക്കു നേരെ മുഖംതിരിച്ചു നില്ക്കുന്ന ഇവർ, ഗ്രീക്ക് ഇതിഹാസത്തിലെ, നെറ്റിക്കണ്ണ് മാത്രമുള്ള അസുരവംശത്തെ -സൈക്ലോപ്സ് - ചരിത്രഗത്യാ ഓർമിപ്പിക്കുന്നു.

ചരിത്രത്തിൽനിന്നുതന്നെ കുഴിച്ചെടുത്ത സ്ഥലസീമയാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിലുള്ളത്. രംഭാഗഢിനെ ചുറ്റിപ്പറ്റിക്കിടക്കുന്നത് സുൽത്താനയുടെ ഹവേലിയും ഛത്രിക്കുന്നും ആണ്. കോട്ടയും അധികാരവും ശരണമാക്കിയ രാജാ മാൻസിംഗിൻ്റേയും, അദ്ദേഹത്തിന്റെ

വംശത്തെ മുച്ചൂടും ആക്രമിച്ചു നശിപ്പിച്ച സുൽത്താൻ ആലംഖാൻ്റെയും കഥ ജയ്‌സൽമേഠ് കോട്ടയുടെ നാശത്തിൻ്റെ ചരിത്രപശ്ചാത്തലത്തിൽ അന്യാപദേശരീതിയിൽ നോവലിസ്റ്റ് കൊണ്ടുവരുന്നുണ്ട്. കീഴടങ്ങലിൻ്റെ അന്ത്യഘട്ടത്തിൽ കൊട്ടാരം സുന്ദരിമാർ ജൗഹർ നിർവഹിക്കുന്നു. അതിൽനിന്ന് രക്ഷപ്പെട്ട ഒരുവൾ ആലംഖാൻ്റെ വരുതിയിലാവുകയും ഉപേക്ഷിക്കപ്പെട്ട് ബായ്‌ജിയായിത്തീരുകയും ചെയ്‌ത കഥയുമായി ബന്ധപ്പെടുത്തിയാണ് സൈക്ലോപ്‌സുകളെക്കുറിച്ചുള്ള സൂചന നോവലിലുള്ളത്. ബായ്‌ജിയായി ജീവിച്ച അവളിൽ പലരാലും ഉത്പാദിപ്പിക്കപ്പെട്ട കുട്ടികളുടെ ഒരു സമൂഹം 'സുൽത്താനയുടെ ഹവേലി' എന്ന് പിൽക്കാലത്ത് പേര് സിദ്ധിച്ച ആ സ്ഥലത്ത് സൈക്ലോപ്‌സുകളെപ്പോലെ കഴിഞ്ഞു. രാജാവിന് പിന്തുടർച്ചക്കാരാരുമില്ലാതെ, ഛത്രി പോലും പണിയപ്പെടാതെ ഒരു വംശമവസാനിച്ചു. ബായ്‌ജിയുടെ പിൻമുറക്കാരാവട്ടെ, ‘സൈക്ലോപ്‌സു'കളായി അധികാരമാർഗത്തിൽനിന്ന് മാറിനിന്ന് അവനവന്റെ നിയമം പാലിച്ചു. സൈക്ലോപ്സുകളാവട്ടെ, ഒരു ഭരണകൂടത്തെയും അതിൻ്റെ പുരോഗതിയിലേക്കോ നാശത്തിലേക്കോ നയിക്കാറില്ല. സംസ്‌കാരത്തിൽ അവർക്ക് അഭിനയിക്കേണ്ടുന്ന ഭാഗമൊന്നുമില്ല.

ചരിത്രത്തിലെ സുൽത്താനയുടെ വിധി പേറുകയും എന്നാൽ അവളുടെ കർമഗതിയിൽ നിന്നുമാറി ബോധത്തിൻ്റെ ആയാസമേറിയ ചെറുത്തുനിൽപ്പിലൂടെ ദുരന്തമനുഭവിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമുണ്ട് ഈ നോവലിൽ - അമല. പ്രിസണർ ഫോഴ്‌സ് കമാൻ്റർ യോഗേശ്വറിന്റെ ഭാര്യ. ഉള്ളിൽ നിരവധി ആന്തരവ്യക്തിത്വങ്ങളെ (Interperson) വഹിക്കുന്ന ആയിത്തീരലിന്റെ സ്വഭാവമർഹിക്കുന്ന കഥാപാത്രമാണിത്. അധികാരത്തോടുള്ള നിരന്തരയുദ്ധവും അതിൻ്റെ ബലിരൂപവുമാണവൾ. അമലയുടെ ചരിത്രപരമായ ബലിരൂപം സുൽത്താനയാണ്. ചരിത്രത്തിലെ സുൽത്താനയുടേത്, ഒരു ചെറുത്തുനിൽപ്പിൽനിന്ന് കീഴടങ്ങലിലേക്കുള്ള പലായനമാർഗവും അമലയുടേത്, കീഴടങ്ങലിൽനിന്ന് നിരന്തരമായ ചെറുത്തുനില്പിലേക്ക് നീളുന്ന സ്വാതന്ത്ര്യമാർഗവും എന്നിങ്ങനെ വിപരീതദിശയിലാണ് എന്ന വ്യത്യാസമുണ്ട്.

ഭാവനയും ചരിത്രവും കൂടിക്കുഴയുന്ന കഥനരീതിയാണ് ആധുനികതയുടെ യാന്ത്രികമായ എഴുത്തുരൂപങ്ങളിൽ നിന്ന് ആനന്ദിന്റെ എഴുത്തിനെ വേറിട്ടുനിർത്തിയത്.

ഉപസംഹാരം

കൊളോണിയൽ അധികാരവ്യവസ്ഥയിൽ, ബാഹ്യമായ ഒരാക്രമണവും അധികാരത്തിൻ്റെ നിരപേക്ഷമായ പിടിച്ചുപറ്റലുമായിരുന്നു സംഭവിച്ചത്. യുദ്ധാനന്തര ഉദാര ജനാധിപത്യമാതൃകയിലാവട്ടെ, വ്യവസ്ഥയുടെ ഉള്ളിൽനിന്നുതന്നെ സംഭവിക്കുകയും പരിണാമം കൊള്ളുകയും ചെയ്യുന്ന അധികാരത്തിൻ്റെ രൂപത്തെ മിഷേൽ ഫുക്കോ വിഭാവനം ചെയ്യുന്നു. വിഘടിതവും വികേന്ദ്രീകൃതവുമായ സൂചകങ്ങളും ചിഹ്ന വ്യവസ്ഥയും അധികാരത്തിൻ്റെ കേന്ദ്രതലത്തെ അതിലംഘിച്ചുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒറ്റക്കൊറ്റയ്ക്ക് പലായനമാർഗത്തിലേക്ക് ചരിക്കുന്ന വ്യക്തികളുടെ ഒരു കൂട്ടത്തെ സൃഷ്ടിച്ച്, സമൂഹത്തിൽ ആൾക്കൂട്ടമെന്ന വലിയ അഭയാർത്ഥിമേഖല നിർമിക്കുന്നു.

‘സർക്കാർ' എന്ന സ്ഥാപനത്തിൻ്റെ അധികാരരീതി മുകളിൽനിന്നു താഴേക്ക് വിതരണം ചെയ്യപ്പെട്ട നിലയിലും അധികാരം പ്രയോഗിക്കുന്ന രീതി വിപരീതദിശയിലും എന്ന ഗതീയത ഇവിടെ കാണാം. കലാപവും അഭയാർത്ഥിപ്രവാഹവും അധികാരത്തിൻ്റെ വിന്യാസരീതികളാണ്. ദേശസുരക്ഷ എന്ന മിത്ത്, ‘ശത്രുവിൻ്റെ ഉണ്ടാകാത്ത ആക്രമണം ചെറുക്കാനും പദ്ധതിയുടെ പേരിൽ നടക്കുന്ന പൊതുവ്യയത്തെ മറച്ചുവെയ്ക്കാനുമാണ്. സമ്പത്ത് കളവ് ചെയ്യപ്പെടുന്നത് സൂക്ഷിക്കാനല്ല, കളവ് പുറത്തുവരാതെ നോക്കാനു'മാണ്. അധികാരം എന്നത് അതിന്റെ വ്യാസം ചുരുക്കിയും പല ഭാഗങ്ങളെ പുറന്തള്ളിയും പുറമ്പോക്കിന്റെ വ്യാസം കൂട്ടിയും നിർവഹിക്കുന്ന ഒരു രാഷ്ട്രീയ കാര്യമാണ്.

ഭാവനയും ചരിത്രവും കൂടിക്കുഴയുന്ന കഥനരീതിയാണ് ആധുനികതയുടെ യാന്ത്രികമായ എഴുത്തുരൂപങ്ങളിൽ നിന്ന് ആനന്ദിന്റെ എഴുത്തിനെ വേറിട്ടുനിർത്തിയത്. തൻ്റെ ശ്രദ്ധേയമായ ആദ്യ കൃതി, 'ആൾക്കൂട്ട' ത്തിൽത്തന്നെ ചരിത്രത്തിൻ്റെ ക്രമവും ക്രമമില്ലായ്‌മയും ഉണ്ട്. എന്നാൽ എൺപതുകളിൽ എഴുതപ്പെട്ട മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിലാണ് ഒരു ദേശരാഷ്ട്രത്തിൻ്റെ അധികാരയുക്തിയെ ആക്രമിക്കുന്ന രീതിയിൽ ഈ ചരിത്രവീക്ഷണം മൂർത്തരൂപമെടുക്കുന്നത്. ദേശരാഷ്ട്രവും അതിന്റെ സാംസ്‌കാരിക യുക്തിയും അധികാരത്തിന് 'അതിർത്തി' എന്ന അർഥം നൽകി ബഹുലസ്വത്വങ്ങളെ നിയന്ത്രിക്കുകയോ സ്റ്റേറ്റിന് അനഭിമതമായതിനെ അരികുകളിലേക്ക് പുറന്തള്ളി നിരാകരിക്കുകയോ അങ്ങനെ കേന്ദ്രീകൃത അധികാര ഘടനയെ ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തുകയോ ആണ് ചെയ്യുന്നത്.

ഇങ്ങനെ ചരിത്രത്തിലെ അധികാര രൂപകങ്ങളുടെ കൂലങ്കഷമായ വിശകലനത്തിലൂടെ, ‘വേരിൽ നിന്ന് ശിഖരങ്ങളിലേക്കും തിരിച്ചും നീരോട്ടം നിലച്ച് ശുഷ്‌ക്കമാകുന്ന അധികാരം മനുഷ്യബന്ധങ്ങളെ മരുഭൂമിയാക്കി മാറ്റുന്നു’ എന്ന പരികൽപന അവതരിപ്പിക്കാൻ തന്റെ ഒരു പ്രത്യേക കാലഘട്ടത്തിലെ കൃതികളിലൂടെ അദ്ദേഹത്തിന് സാധിച്ചു എന്നു പറയാം.

സഹായക ഗ്രന്ഥങ്ങൾ:
-ഇ.വി. രാമകൃഷ്ണൻ, മലയാള നോവലിന്റെ ദേശകാലങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2017.
-കേസരി ബാലകൃഷ്‌ണപിള്ള, കേസരിയുടെ ലോകങ്ങൾ. കോട്ടയം: നാഷ്‌ണൽ ബുക്സ്റ്റാൾ, 1984.
- Albert Camus, Resistence, Rebellion and Death. Tr, Justin O Brien. Newyork: The Modern Library, 1960.
-ബെൻഡിക്റ്റ Anderson, Imagined Communites: Reflections on the Origins and Spread of Nationalism. London: Verso, 1983.
- Eric Fromm, Escape from Freedom. Newyork: Avon Books, 1965.
-Micheal Foucault,Technologies of the Self Seminar With Fou-cault. Ed. Luther H. Martin. London: tevistock Publications, 1988.
-ആനന്ദിന്റ ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, ജൈവ മനുഷ്യൻ, പ്രജ്ഞയും കരുണയും, അഭയാർഥികൾ, മരുഭൂമികൾ ഉണ്ടാവുന്നത്, ഗോവർദ്ധന്റെ യാത്രകൾ തുടങ്ങിയ കൃതികൾ.


Summary: Dr Umar Tharamel analyzes historical representations in Malayalam writer Anand's novels, particularly in light of his work Marubhumikal Undakunnathu.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments