സാഹിത്യകൃതികൾ നമ്മെ കഠിനമായി ബാധിക്കുന്ന സന്ദർഭങ്ങൾ പലതാണ്. അവയിൽ മുഖ്യമായ ഒന്ന് വായനക്കാരുടെ സാമൂഹ്യ - രാഷ്ട്രീയ നിലനിൽപ്പുമായി ബന്ധപ്പെട്ട ആധികളാണ്. ഏതുതരം കൃതികളായാലും അമിതമായി കമ്പോളവൽക്കരിക്കപ്പെടുന്ന ആഗോള സാഹചര്യത്തിലാണ് നാമുള്ളത്. വിവരസാങ്കേതികതയുടെ കാലത്ത്, അവയുടെ അമിതപ്രയോഗം കൊണ്ട് സത്യവും ഭാവനയും തമ്മിലുള്ള സർഗ്ഗത്മകമായ അടുപ്പത്തെ വക്രീകരിച്ചുകൊണ്ടുള്ള ആഖ്യാനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാനുഷ്യത്വത്തെപ്പറ്റിയുള്ള പുതിയ കമ്പോളയുക്തികൾ പടച്ചുണ്ടാക്കാൻ ഇത് സഹായകമാവുന്നു. മലയാളത്തിലിറങ്ങുന്ന പ്രമുഖരുടെ കൃതികൾ പോലും ഇങ്ങനെയുള്ള ഗിമ്മിക്സുകളാൽ മുഖരിതമാണിന്ന്. നോവലിലാണ് ഈ വ്യാജ ചരക്ക് കൂടുതലുള്ളത്.
ഇങ്ങനെയുള്ള എഴുത്തിന്റെ സാഹചര്യത്തിലാണ്, വിനോദ് കൃഷ്ണയുടെ നോവൽ, 9 എം എം ബെരേറ്റ, പുതുവെല്ലുവിളിയുമായി കയറിവന്നത്. മഹാത്മാഗാന്ധിയുടെ വധം നമ്മുടെ കാലത്തുനിന്ന് ചരിത്രപരമായി പുനഃമൂല്യനം ചെയ്യുന്ന, 2024-ൽ മലയാളത്തിലിറങ്ങിയ ഏറ്റവും മുന്തിയ രാഷ്ട്രീയ നോവലാണിത്. ഇതിവൃത്തത്തിലും പരിചരണത്തിലും ഏറെ പ്രത്യേകതയുള്ള ഈ കൃതി, നമ്മുടെ നോവൽസാഹിത്യ ചർച്ചകളിൽ ബോധപൂർവം മാറ്റിനിർത്തപ്പെട്ടതായാണ് അനുഭവം. ഈ തമസ്കരണം കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന വലതുപക്ഷ സമവായ മുന്നണിരാഷ്ട്രീയത്തിന്റെയും അവയിൽ പങ്കുപറ്റുന്ന ആസ്ഥാന ബുദ്ധിജീവിതത്തിന്റെയും കൂടി അടിയൊഴുക്ക് തുറന്നുകാട്ടുന്നു.
ഈ ഉത്തരാധുനികകാലത്ത്, ഗാന്ധിവധം അതേ ചരിത്രകഥാപാത്രങ്ങൾ പ്ലാൻ ചെയ്താൽ എങ്ങനെയായിരിക്കും എന്ന പുതുമ നിറഞ്ഞ ആഖ്യാനപരീക്ഷണത്തിലാണ് 9 എം എം ബെരേറ്റ എന്ന നോവലിന്റെ ശില്പനവീനത.
“ഈ നോവൽ എഴുതുമ്പോൾ ഞാൻ ഉന്മാദിയായിരുന്നു. ഉന്മാദികൾ ഭയരഹിതരാണ്. ഭയരഹിതമായി എഴുതുക എന്നതിനർത്ഥം സത്യസന്ധമായി എഴുതുക എന്നാണല്ലോ”, എന്നാണ് ഈ നോവലെഴുത്തു രാഷ്ട്രീയത്തെക്കുറിച്ച് വിനോദ് കൃഷ്ണയുടെ വാഗ് ലോഗോ. ബഷീർ തന്റെ എഴുത്തിനെക്കുറിച്ച് പറഞ്ഞ യുക്തികളോട് പലമട്ടിലും ഇത് പൊരുത്തപ്പെടും. എഴുത്തിന്റെ സത്യസന്ധമായ ഉന്മാദം രാഷ്ട്രീയോന്മാദമാണ്. കലയിലല്ലാതെ ഇന്ന് അങ്ങനെയൊന്ന് സാധ്യവുമല്ല. അത്രമാത്രം അപമാനവീകരിക്കപ്പെട്ട സമൂഹമായിത്തീർന്നിരിക്കുന്നു, നമ്മുടേത്. ഭയരഹിതമായി എഴുതാൻ പോയിട്ട് സാധാരണക്കാരന് ഭയരഹിതമായി ‘ജീവിക്കാൻ പോലും’ സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രീയകാലത്തിന്റെ തടവിലാണ്, നാമിന്ന്. സത്യവും സ്വാതന്ത്ര്യവും തമ്മിലുള്ള ജൈവബന്ധം നിരന്തരം മായ്ച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സമൂഹത്തിന്റെ അതിജീവനപ്രക്രിയയിൽ ഗാന്ധിയുടെ ജീവിതവും വധവും പുതിയ വെല്ലുവിളിയായിത്തിരുന്നു. നിത്യജീവിതത്തിൽ അത് ചുരുങ്ങിപ്പോകുമ്പോൾ കല അപൂർവമായെങ്കിലും ഇങ്ങനെയുള്ളവ ഏറ്റെടുത്ത ചരിത്രം ഏറെയാണ്.

സാമ്രാജ്യത്വത്തെ അഹിംസ കൊണ്ട് നേരിടാമെങ്കിൽ ഫാഷിസത്തെയും അതേ, എന്നൊരു മുദ്രാവാക്യം ഈ നോവൽ മുന്നോട്ടുവെക്കുന്നു. നോം ചോംസ്കി, എഴുത്തുകാരും അവരുടെ ബുദ്ധിപരമായ ചുമതലയും തമ്മിലുള്ള ബന്ധത്തെ എപ്പോഴും അടിവരയിടുന്നത് കാണാം. ‘The responsibility of the writer is try to bring the truth about matters of human significance to an audience that can do something about them, എന്നാണ് ചോംസ്കിയുടെ മൂലവാക്യം. നോവലിന്റെ കാര്യത്തിൽ ‘എന്തും കുത്തിനിറയ്ക്കാവുന്ന കീറച്ചാക്ക്’ എന്നൊരു പറച്ചിൽ മുമ്പേയുണ്ട്. അതേസമയം ഭാവനയുടെയും സത്യത്തിന്റെയും (യാഥാർഥ്യത്തിന്റെ) കൂടിക്കലരൽ സത്യത്തെ കൂടുതൽ മിഴിവുറ്റതേയാക്കൂ എന്നതിന് നോവൽ സാഹിത്യത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ‘പുതിയ ബുദ്ധിജീവി സ്വന്തം പ്രവർത്തന മേഖലയിലെ അറിവിന്റെ രാഷ്ട്രീയപ്രാധാന്യം മനസ്സിലാക്കുന്ന സവിശേഷതലത്തിലെ ബുദ്ധിജീവിയാണ്’ എന്ന ബി. രാജീവന്റെ പ്രസ്താവനയും ഇതോടൊപ്പം വായിക്കാം. ഉന്മാദദേശീയതയുടെ കാലത്തെ ചരിത്രം പലപ്പോഴും അപസ്മാരരോഗിയെപ്പോലെ പെരുമാറുന്നു. അതിനെ പ്രതിരോധിക്കണമെങ്കിൽ ഉന്മാദത്തിന്റെ സർഗാത്മകമായ രൂപങ്ങളെ രാഷ്ട്രീയമായി തിരിച്ചറിയുകയേ മാർഗ്ഗമുള്ളൂ. സർഗ്ഗാത്മകമായ ഈ അന്വേഷണത്തിന്റെ മുന്നോടിയായി തന്നെയായിരിക്കാം, ആയിരത്തിലധികം ഫോട്ടോഗ്രാഫുകൾ, ഫിലിം ഡിവിഷൻ ചിത്രങ്ങൾ, ഡോക്യൂസ്, ചരിത്രസിനിമകൾ, ഫസ്റ്റ് ഹാൻഡ് റിപ്പോർട്ടുകൾ തുടങ്ങി ഈ നോവലെഴുത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് വിനോദ് കൃഷ്ണ പറയുന്നുണ്ട്. ചരിത്രം രചിക്കാൻ മാത്രം പോരേ രേഖകൾ എന്ന ചോദ്യം ഇക്കാലത്ത് അപ്രസക്തമാണ്. ഭാവന, ജീവിത നിരക്ഷേപമായ ചിന്തകളാൽ ഉൽപാദിപ്പിക്കേണ്ടവയാണ് എന്ന ആലോചനയ്ക്ക് ഇന്ന് പ്രസക്തിയില്ല.
ഗാന്ധിവധം അതേ ചരിത്രകഥാപാത്രങ്ങൾ പ്ലാൻ ചെയ്താൽ എങ്ങനെയായിരിക്കും എന്ന പുതുമ നിറഞ്ഞ ആഖ്യാനപരീക്ഷണത്തിലാണ് 9 എം എം ബെരേറ്റ എന്ന നോവലിന്റെ ശില്പനവീനത.
നിരാലംബമായ മനുഷ്യരുടെ ജീവിതമാണ് ഒരു രാഷ്ട്രത്തിന്റെ ചരിത്രം എന്ന് ഉറക്കെ പറയാൻ വസ്തുതയും ഭാവനയും (Fact & fiction) ഒരുമിച്ച് പരിചരിക്കേണ്ടതുണ്ട്. സത്യാനന്തരകാല യാഥാർഥ്യങ്ങളെ പൊളിച്ചെഴുതാൻ നല്ല എഴുത്തുകാർക്ക് ബാധ്യതയുണ്ട്. മറ്റേതിനേക്കാളും നോവലാണ് എന്നും ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ഈ കൃതിയുടെ പ്ലോട്ട് അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. 1948-ൽ സംഭവിച്ച രാഷ്ട്രപിതാവിന്റെ വധത്തിന് ഇന്നൊരു ‘അമൃതകാലം’ പിന്നിടുകയാണ്. നിരവധി വിചിത്ര ആഖ്യാനങ്ങൾ - ചരിത്രവും ഭാവനയും രണ്ടും കൂടിക്കുഴഞ്ഞും - ഇതു സംബന്ധമായി ലോകഭാഷകളിലുണ്ട്. എന്നാൽ, ഈ ഉത്തരാധുനികകാലത്ത്, ഗാന്ധിവധം അതേ ചരിത്രകഥാപാത്രങ്ങൾ പ്ലാൻ ചെയ്താൽ എങ്ങനെയായിരിക്കും എന്ന പുതുമ നിറഞ്ഞ ആഖ്യാനപരീക്ഷണത്തിലാണ് 9 എം എം ബെരേറ്റ എന്ന നോവലിന്റെ ശില്പനവീനത.

ഏതു മത- രാഷ്ട്രീയ പ്രത്യയശാസ്ത്രവും അവയുടെ സാഹിത്യത്തെ ഉൽപാദിപ്പിക്കും. എന്നു മാത്രമല്ല, അവ പ്രചരിപ്പിക്കാനുള്ള നൂതന മാധ്യമസംരംഭങ്ങളും തുടങ്ങും. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്ന കാലത്താണല്ലോ ഈ കൃതിക്ക് കാരണഭൂതമായ പ്ലോട്ട് നടക്കുന്നത്. ന്യൂസ് പ്രിന്റിന് ക്ഷാമം നേരിട്ട കാലം കൂടിയായിരുന്നു, അത്. പ്രചാരണത്തിന് മറ്റു ജിഹ്വകളുണ്ടെങ്കിലും അതുപോരാ എന്ന ചിന്ത തീവ്രഹിന്ദുത്വ ദേശീയപ്രചാരണ മണ്ഡലത്തിൽ തലയുയർത്തിയ കാലം കൂടിയാണത്. ‘അഗ്രണി’ എന്ന ജേണൽ ഇറങ്ങുന്നത് അങ്ങനെയാണ്. 1944 മാർച്ച് 25–ന് സവർക്കറുടെ മുഖചിത്രത്തോടെയാണ് ‘അഗ്രണി’യുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. ഗാന്ധി വിരുദ്ധതയായിരുന്നു അതിന്റെ മുഖമുദ്ര. നാഥുറാം ഗോഡ്സെ പത്രാധിപരും നാരായൺ ആപ്തെ മാനേജരുമായിരുന്നു.
ഗാന്ധിയെ / ഗാന്ധി വധത്തെ ഒരു ഭാവിവാദചിന്തയിലേക്ക് (Futuristic Ideologue) സജ്ജമാക്കാനുള്ള ബോധപൂർവമായ സംവാദം കൂടി ഈ കൃതി ഒരുക്കുന്നു.
നോവലിലാവട്ടെ സാമ്പ്രദായികമായ അച്ചുകൂടങ്ങൾ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളുടെ കൂടി സജീവസാന്നിധ്യമുണ്ട്. അവയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത കാലമാണല്ലോ, അത്. സാമൂഹ്യ മാധ്യമങ്ങളുടെ ഹാഷ്ടാഗ് പൊളിറ്റിക്സ് ഉപയോഗിച്ച് വിമൽ വൻസാരയുടെയും മേധായുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന ഗാന്ധി(തത്വ)വിരുദ്ധ വികാരങ്ങളുടെ നവീന മാധ്യമപ്രചാരണ രീതികൾ ഈ നോവൽ ശിൽപ്പത്തിൽ ഏറെ പ്രധാനമാണ്. സവർക്കർ പ്രോക്തമായ / ഗാന്ധി വിരുദ്ധമായ ആശയങ്ങൾ, സത്യാനന്തരകാല സ്വഭാവത്തോടെ പടച്ചുവിട്ടുകൊണ്ടാണ് ഈ സാമൂഹ്യമാധ്യമ അരങ്ങേറ്റം. അമിത് ചന്ദ്ര പുരോഹിത് പോലുള്ള നിരവധി ആൾക്കൂട്ട ദൈവങ്ങൾ ഇതിനുവേണ്ടി എന്തുവേണമെങ്കിലും ചെലവിടാൻ തയാറാണ്. പാർട്ടിയുടെ ഐ.ടി വിങ്ങിന് പുതിയ മുഖം നൽകി, ശമ്പളാടിസ്ഥാനത്തിൽ ട്രോളർമാരുടെയും മറ്റു പുതുമാധ്യമ പരസ്യക്കാരുടെയും അകമ്പടി അതീവ രസകരമായി നോവലിൽ അവതരിപ്പിക്കുന്നുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകൾ, എഫ് ബി അക്കൗണ്ടുകൾ, ട്വിറ്റർ പോലുള്ളവ എന്നിവ ഇതിനുവേണ്ടി നിരന്തരം പണിയെടുക്കുന്നു. ജാതിയും മതവും തന്നെയാണ് വെറുപ്പിനും തെറിരാഷ്ട്രീയ നിർമ്മിതിക്കും നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, ഈ സവിശേഷതകളൊക്കെ വെറും ചരിത്രകൃതിയിൽ നിന്ന് നോവലിനെ വേറിട്ടുനിർത്തുന്നു.

ഗാന്ധിയെ / ഗാന്ധി വധത്തെ ഒരു ഭാവിവാദചിന്തയിലേക്ക് (Futuristic Ideologue) സജ്ജമാക്കാനുള്ള ബോധപൂർവമായ സംവാദം കൂടി ഈ കൃതി ഒരുക്കുന്നു. അതിനുള്ള പ്രതീകാത്മകമായ ആയുധം കൂടിയാണ്, 9 എം എം ബെരേറ്റ ഗാന്ധി വധത്തിൽ ചിത്പവൻ ബ്രാഹ്മണർക്കുള്ള പങ്ക് ചരിത്രത്തിൽ അനിഷേധ്യമാണ്. ഹിന്ദു മഹാസഭയായാലും ആർ.എസ്.എസ് ആയാലും ഹിന്ദു രാഷ്ട്രദൾ ആയാലും ചിത്പവൻ ബ്രാഹ്മണരുടെ ആധിപത്യം ഏറെ ദൃശ്യമാണ്. മഹാരാഷ്ട്രയിലെ പൂനെ ഇപ്പറഞ്ഞ സംഘടനകളുടെയൊക്കെ ആസ്ഥാനമായി മാറുന്നതും അതിനാൽത്തന്നെ. ഈ നോവലിന്റെ സ്ഥലവിധാനം നോക്കിയാൽ പൂനെ ഗാന്ധിവിരുദ്ധ പ്ലോട്ടിന്റെ കൂടി ആസ്ഥാനമാണ്. പൂനെയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും അവിടുന്ന് തിരിച്ചും ആവർത്തിക്കുന്ന ഒരു സ്ഥല - കാല രാശി ഈ നോവലിന്റെ ആഖ്യാനഘടനയെത്തന്നെ കൂടുതൽ ചരിത്രബദ്ധമാക്കുന്നു. ചിത്പവൻ ബ്രാഹ്മണിസത്തിന്റെ ജാതീയമായ അൽഗോരിതം യാഥാർഥ്യവും ഭാവനയും ഇടകലർത്തി കൂടുതൽ രസനീയമായി വികസിപ്പിക്കാൻ നോവലിന് കഴിഞ്ഞിട്ടുണ്ട്.
ഗാന്ധിയല്ല, നാരായൺ ആപ്തെയാണ് ഈ കൃതിയിൽ നായകസ്ഥാനത്തുള്ളത്. രാഷ്ട്രീയവും അതികാല്പനിതയും അമാനുഷികതയും വേർതിരിച്ചെടുക്കാൻ പറ്റാത്തവിധം മെനഞ്ഞുണ്ടാക്കിയ ഒരാഖ്യാനം ആപ്തെയുടെ പക്ഷത്തു നിന്നുകൊണ്ട് ഗ്രന്ഥകാരൻ പരീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ, ഈ കൃതിക്ക് ഇവിടുത്തെ വലതുപക്ഷ ഹിന്ദു ജിഹ്വകളിൽ നിന്നും വലിയ എതിർപ്പ് നേരിടാതെ പോയതിന് ഒരു കാരണം ഇതാവാം.
ഗാന്ധിയല്ല, നാരായൺ ആപ്തെയാണ് ഈ കൃതിയിൽ നായകസ്ഥാനത്തുള്ളത്. രാഷ്ട്രീയവും അതികാല്പനിതയും അമാനുഷികതയും വേർതിരിച്ചെടുക്കാൻ പറ്റാത്തവിധം മെനഞ്ഞുണ്ടാക്കിയ ഒരാഖ്യാനം ആപ്തെയുടെ പക്ഷത്തു നിന്നുകൊണ്ട് ഗ്രന്ഥകാരൻ പരീക്ഷിക്കുന്നുണ്ട്.
നാരായൺ ആപ്തെക്ക് മനോരമ സാൽവിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറേക്കൂടി കല്പനികവൽക്കരിച്ചിട്ടുണ്ട്. സവർക്കർ ഹിന്ദു യുവാക്കളോട്, ബ്രിട്ടീഷ് റോയൽ സേനയിൽ ചേരാൻ ആഹ്വാനം ചെയ്യുന്നത് പ്രകാരം 1943- ൽ നാരായൺ ആപ്തെ റോയൽ എയർ ഫോഴ്സിൽ ചേരുന്നുണ്ട്. അഹമദ് നഗറിൽ അമേരിക്കൻ മിഷൻ സ്കൂളിൽ അധ്യാപകനായിരിക്കെ, അവിടുന്ന് കിട്ടിയ മിടുക്കിയായ വിദ്യാർത്ഥിനിയാണ് മനോരമ സാൽവി. മുംബെയിൽ ഉപരിപഠനത്തിന് ചേർന്നിട്ടും അവർ തമ്മിലുള്ള ബന്ധം അതികഠിനമായി തുടരുന്നുണ്ട്. ആ പ്രണയ -ശാരീരിക ബന്ധത്തെ ഏറ്റവുമധികം നോവൽ ആശ്രയിക്കുന്നുമുണ്ട്. നാരായൺ ആപ്തെ എന്ന കഥാപാത്രത്തിന്റെ മനഃശാസ്ത്രീയവും ചിന്താപരവുമായ സൂക്ഷ്മ സ്വത്വ ചിത്രീകരണത്തിന് ഈ സംഭവങ്ങൾ ഏറെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സവർക്കറുടെ ആശീർവാദത്തോടെ അഹമ്മദ് നഗറിൽ ആരംഭിച്ച റൈഫിൾ ക്ലബ്ബിന്റെ ആദ്യ പരിശീലകൻ എന്ന നിലയ്ക്കും തോക്കുകളോടുള്ള ആപ്തെയുടെ മുഹബ്ബത്തും ഒരു ചലച്ചിത്രത്തിലെ വീരനായകനെപ്പോലുള്ള വീരസ്വത്വം വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം. റൈഫിൾ തേടിയുള്ള തങ്ങളുടെ ഗാന്ധിവധയാത്രകൾക്ക് ചരിത്രപരമായ ഒരു സ്വീകാര്യത ഉണ്ടാക്കാനും ഇതുകൊണ്ടായി.

ഗോഡ്സെയുടെ കാര്യത്തിലാവട്ടെ, താൻ ചെറുപ്പം തൊട്ടേയനുഭവിച്ചുപോന്ന ലിംഗപരമായ ഉദ്വിഗ്നതകളും ദാരിദ്ര്യവും സ്വഭാവത്തിലുണ്ടാക്കുന്ന മന്ദിപ്പും എന്നാൽ താൻ വിശ്വസിക്കുന്ന മിലിറ്റന്റ് ഹിന്ദു പ്രത്യയശാസ്ത്രത്തോടും സവർക്കറോടുമുള്ള ആരാധനയും നിറഞ്ഞുനിൽപ്പുണ്ട്. ജീവിതത്തിൽ തയ്യൽ ജോലിക്കാരനായ ഒരു സാധാരണക്കാരന്റെ വേഷം അഴിച്ചുമാറ്റിക്കൊണ്ട് ഗോഡ്സെയുടെ പാത്രനിർമ്മിതി ചരിത്രത്തിൽത്തന്നെ അപൂർണ്ണമാകുകയേയുള്ളൂ. ചരിത്രത്തിന്റെ കർക്കശമായ പ്രവചനങ്ങളിൽ മാത്രം ഒതുക്കാവുന്ന വെറും മനുഷ്യരല്ല ഇവരാരും എന്നൊരു സമീപനം ഫിക്ഷന് പലപ്പോഴും ആവശ്യമാണ്. അപ്രവചനീയമായ മാനസിക - ശാരീരിക ചോദനകളാൽ നയിക്കപ്പെടുന്ന നായകത്വം ചരിത്രത്തിന്റെ സീമന്തരേഖകളെ പലപ്പോഴും നേർപ്പിക്കുന്നു. കൂടാതെ, ഗോപാൽ ഗോഡ്സെ, ശിവറാം ഗോധ്ര, വിമൽ വൻസാര, വിഷ്ണു കർക്കറെ, അലിസിയ ഗർസ, മനോരമ സൽവി, ആബിയ മഖ്ദൂമി, പ്രകൃതി ടാക്കൂർ, മേധ, സ്വാമി ശിവാനന്ദ്… ഇങ്ങനെ ചരിത്രത്തിലുള്ളവരും പുറത്തുനിന്ന് ഭാവനയിലേക്ക് കയറിവന്നവരുമായ മനുഷ്യരുടെ കൂട്ടം സൃഷ്ടിക്കുന്ന നോവലിലെ രംഗപശ്ചാത്തലം അതീവ സംഘർഷഭരിതമാണ്. രസിച്ചു വായിച്ചുകൊണ്ടുതന്നെ ഇത് തിരിച്ചറിയേണ്ടതുണ്ട്. രസം എന്ന ഘടകം പലപ്പോഴും വായനയിലെ ഒരു രാഷ്ട്രീയ സംവർഗം കൂടിയാണ്. ഉജ്ജ്വലവും അതേസമയം ജൂഗുപ്സാവഹവുമായ പാത്രസമീകരണത്തിലൂടെ 9 എം എം ബെരേറ്റ വായനക്കാരെ ‘രസകര’മായി വേട്ടയാടുക തന്നെ ചെയ്യും.
രാം ചമറും ലക്ഷ്മൺ ഗാവന്തുമടങ്ങുന്ന ചാവേറുകൾ, തിരിച്ചറിവ് നേടാതെ വലിയൊരു നഷ്ടസമൂഹമായി ഇന്നും നമ്മുടെ ചുറ്റുമുണ്ട്. സ്വജനവർഗത്തെക്കുറിച്ച് ചരിത്രപരമായ തിരിച്ചറിവ് നേടാനാവാത്ത പരശ്ശതം നിസ്വ (നീച) ജാതികൾ ഇന്ത്യയിലുണ്ട്. അവർ, മേൽജാതിക്കാരുടെ രാഷ്ട്രീയേച്ഛകൾക്ക് ചാവേറായി ഭവിക്കുന്നു. പേരും നാളും മാറ്റി, വിധ്വംസക പ്രവർത്തനങ്ങളിൽ കുരുതി ഏറ്റുവാങ്ങുമ്പോഴും അവർ സ്വജാതകം തിരിച്ചറിയില്ല. അങ്ങനെയുള്ള എത്രയോ പേരുടെ മൗനമായ സഹായ സഹകരണങ്ങളിലൂടെയാണ്, നടേ പറഞ്ഞവർ തങ്ങളുടെ സങ്കല്പരാഷ്ട്രത്തിന് ബീജാവാപം നൽകുന്നത്. വിശക്കുന്നവർക്കു മുകളിൽ അധികാരപ്രയോഗം നടത്താൻ എളുപ്പമാണ്. ജാതിയെന്ന സംവർഗം അതിന്റെ പ്രയോഗവത്കരണത്തിൽ ആക്കം കൂട്ടുന്നു. ആബിയ മഖ്ദൂമിയെപ്പോലുള്ള തിരിച്ചറിവുള്ള, ഗോത്രീയ വീര്യമുള്ളവർ പോലും ശത്രുതാനിർഭരമായ ദേശരാഷ്ട്രീയത്തിന് സദാ ഇരകളായി മാറുന്നു, എന്ന് മാത്രമല്ല ഇത്തരക്കാരുടെ തോൽവിയെ ഇക്കൂട്ടർ ദേശീയ വിജയമായി ആഘോഷിക്കുകയും ചെയ്യുന്നു. അത് ഇന്ന് ഇന്ത്യയിൽ സർവസാധാരണമായിട്ടുണ്ട്. അങ്ങനെയുള്ള നിരവധി ‘ഉത്സവാനുഷ്ഠാന മുറ’കളിലൂടെ മുന്നേറുന്ന സംഭവങ്ങൾ ഈ നോവലിന്റെ ആഖ്യാനത്തിൽ മുഖ്യ റോൾ വഹിക്കുന്നുണ്ട്.
നാരായൺ ആപ്തയെയും ശിവറാം ഗോധ്രയെയും വിമൽ വൻസാരയെയും പോലുള്ളവരുടെ ചിത്രീകരണം ആസ്ഥാന ചരിത്രം മാത്രം വായിച്ചുശീലിച്ചവരെ ഞെട്ടിക്കുക തന്നെ ചെയ്യും.
ക്രൈമും വിചിത്രരീതിയിലുള്ള കൊലകളും ഒരു സങ്കല്പ രാഷ്ട്രനിർമിതിക്കുവേണ്ട ഇഷ്ടികയും സിമന്റുമായി മാറുന്നു. അധോലോക പ്രവർത്തനം മാന്യമായ ദേശീയ സൂചകങ്ങളായി പരിണമിക്കുന്നു. ഉദാര ദേശീയത ഉന്മാദ ദേശീയതയിലേയ്ക്ക് ബോധപൂർവം പരിഭാഷപ്പെടുത്താനുള്ള രാഷ്ട്രീയ പ്രവൃത്തി വികസിപ്പിച്ചുകൊണ്ടുവരുന്നതിന്റെ അടയാളം ഈ നോവലിൽ വേണ്ടുവോളമുണ്ട്. ചരിത്രത്തിന്റെ തന്നെ മനഃശാസ്ത്രപരമായ ഉള്ളുകള്ളികളാൽ പ്രകാശിപ്പിക്കും മട്ടിൽ ഇതിലെ നായക - ഉപനായക കഥാപാത്രങ്ങൾ സജീവമാണ്. ചരിത്രകഥാപാത്രങ്ങൾക്ക് ദർശനമിഴിവ് നൽകുന്നത് മറ്റൊന്നല്ല.
ഗാന്ധിവധവുമായി ബന്ധപ്പെട്ട വളരെ ഹ്രസ്വമായ കാലമാണ് നോവലിന്റെ 500- ഓളം പേജുകളിൽ. നാരായൺ ആപ്തെ, വിഷ്ണു കർക്കരെ, ഗോഡ്സെ എന്നിവരാണല്ലോ ഗാന്ധി വധത്തിലെ മുഖ്യ ആസൂത്രകർ. ഏതാനും ദിവസങ്ങളുടെ ചരിത്രദൈർഘ്യത്തിനിടയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തിന്റെയും വിഭജന രാഷ്ട്രീയ കുടിലതകളുടെയും സാഗാ വിശേഷം നോവലിൽ പത്തിവിടർത്തിനിൽപ്പുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഒരു പ്രതിദേശീയ വീക്ഷണസ്ഥാനം രൂപപ്പെടുന്നതും ഇതേ പാത്രങ്ങളിലൂടെയും ഇവർക്ക് ഒത്താശ ചെയ്യുന്നവരിലൂടെയുമാണ്. അതിനുപാകത്തിൽ കർക്കശമായി പ്രവർത്തിക്കുന്ന ഒരാശയമാണ് 9 എം.എം ബെരേറ്റ. ഈ പിസ്റ്റൾ ഒരു ചരിത്ര കഥാപാത്രം തന്നെയായി മാറുന്നു.

ഗാന്ധി പോലും ഇതേ ആശയ സ്‌പെക്ട്രത്തിനകത്താണ്, പൂർവ്വപക്ഷത്തിന്റെ ഭാഷയിൽ നിലകൊള്ളുള്ളുന്നത്. ‘രാഷ്ട്ര പിതാവി’നെ വെറുക്കുന്ന എന്നാൽ സനാതനമായി ‘വീർ’ സവർക്കറിന്റെ ആശയങ്ങളെ ആരാധിക്കുന്ന ദേശീയവ്യവസ്ഥയുടെ രൂപകമാണിത്. അതേസമയം, മഹാത്മാഗാന്ധിയുടെ പ്രോജ്ജ്വലമായ വ്യക്തിത്വവും സ്വാതന്ത്ര്യ അഭിലാഷവും അതിനെതിരെ നിലക്കൊള്ളുന്ന വിളറിയ (Pale) ‘പ്ലോട്ടും’ ഒരേ നേർരേഖയിൽ സംഘർഷഭരിതമാണ്. ദേശീയമായ ഒരുതരം ഡിസ്റ്റോപ്പിയൻ പശ്ചാത്തലം ഭീമാകാരത്തിൽ നോവലിലുടനീളം പ്രവർത്തിക്കുന്നുണ്ട്. ഡിസ്റ്റോപ്പിയൻ ഭാവനയുടെ ഉന്മാദമായ ദേശീയാഖ്യാനം എന്ന മട്ടിലും നോവൽ വായിക്കാം. അമേരിക്കൻ നോവലിസ്റ്റായ ജാക്ക് ലണ്ടന്റെ Iron Heel പോലുള്ള കൃതികൾ എഴുത്തുസമയത്ത് തന്നെ ചലിപ്പിച്ചതായി വിനോദ് കൃഷ്ണ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആദ്യ കാലത്തെ ഡിസ്റ്റോപ്പിയൻ ഭാവനകളിൽ ശ്രദ്ധേയമായ കൃതിയാണ്, ജാക് ലണ്ടന്റേത്. 1908-ലാണ് ഇത് പ്രസിദ്ധീകൃതമാവുന്നത്. ജോർജ് ഓർവെല്ലിന്റെ 1984- പോലുള്ള കൃതികൾക്ക് ജാക് ലണ്ടന്റെ അയേൺ ഹീൽ പോലുള്ള കൃതികൾ പ്രചോദകമായിട്ടുണ്ട്. കൂടാതെ, നവ ഇടതുപക്ഷ ഭാവന (Avant-Garde) ഈ നോവൽരചനയിൽ തന്നോടൊപ്പം പ്രവർത്തിച്ചതായും കഥാകാരൻ പറയുന്നുണ്ട്.
ചരിത്ര കഥാപാത്രങ്ങളുടെ ഫാഷിസ്റ്റ് മനഃശാസ്ത്രം എടുത്തുകാട്ടുന്ന ക്രൈമുകളുടെ നിരവധി സന്ദർഭങ്ങൾ 9 എം എം ബെരേറ്റയിൽ കാണാം. കഥാപാത്രങ്ങളുടെ ചരിത്രമുഖം വായനക്കാരുടെ മനസ്സിൽ റദ്ദായിപ്പോവാവുന്ന തരത്തിൽ ഭീതിജനകവും അതികാല്പനികവും ലൈംഗിക വൈകൃതം നിറഞ്ഞതുമായ നിരവധി രംഗങ്ങൾ നോവലിലുണ്ട്. കേവലം ചരിത്രാഖ്യാനങ്ങളെ മാത്രം വിശ്വസിച്ച വായനക്കാരിൽ ഭീതിയും ജൂഗുപ്സയുമുണ്ടാക്കിയേക്കും, ഇവയൊക്കെ.
മുംബെ, ദൽഹി, ഗ്വാളിയർ തുടങ്ങിയവയാണ് പ്ലോട്ടിന്റെ മുഖ്യ സ്ഥലസീമകൾ. കൽപ്പനികതയും ക്രൂരതയും ഒരുപോലെ സമ്മേളിക്കുന്ന പാത്രചിത്രീകരണം ചരിത്രാഖ്യാനങ്ങളിൽ പലപ്പോഴും അസാധ്യമാണ്. പലപ്പോഴും ഏകമുഖ (one sided) മായിരിക്കും ഇവ. അതതുകാലത്തെ രാഷ്ട്രീയ വീക്ഷണമാണ് അവയെ രൂപപ്പെടുത്തുക. ഈ പരിമിതി ഭാവനയിലൂടെ മറികടക്കാൻ ശ്രമിക്കുമ്പോൾ നല്ല രാഷ്ട്രീയനോവലുകൾ ഉണ്ടാവും. ഭാവനയും സത്യവും തമ്മിലുള്ള അതിർത്തി ഏറെ നേരിയതാണെന്നും ബോധ്യപ്പെടും.

നാരായൺ ആപ്തയെയും ശിവറാം ഗോധ്രയെയും വിമൽ വൻസാരയെയും പോലുള്ളവരുടെ ചിത്രീകരണം ആസ്ഥാന ചരിത്രം മാത്രം വായിച്ചുശീലിച്ചവരെ ഞെട്ടിക്കുക തന്നെ ചെയ്യും. മനോരമ സാൽവിയും ആബിയാ മഖ്ദൂമിയും ഒക്കെ ചരിത്രത്തിലേക്ക് ലയിച്ചുചേരുമ്പോൾ (അ)സത്യത്തിന്റെയും ദേശീയ ഭാവനയുടെയും അതിർവരമ്പുകൾ കൂടുതൽ മാഞ്ഞു പോകുമ്പോലെയാണ് അനുഭവം.
‘1997- ൽ, 9 എം എം ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ തോക്ക് നാഷണൽ മ്യൂസിയത്തിൽ പൊതുദർശത്തിന് വച്ചിരുന്നു. ശേഷം തോക്ക് അവിടുന്ന് എടുത്തുമാറ്റുകയുണ്ടായി. ആ തോക്കിന് എന്തു സംഭവിച്ചു, ആ തോക്ക് കാണുമ്പോൾ ആർക്കാണ് പ്രശ്നം’ എന്നൊക്കെയുള്ള കഥാകാരന്റെ സാക്ഷ്യങ്ങൾ ഒരുപക്ഷേ, ചരിത്രത്തിലേക്ക് രാഷ്ട്രീയഭാവനയുടെ കടന്നുകയറ്റം സാധ്യമാണെന്ന് ഉറപ്പിച്ചു പറയുക കൂടിയാണ്.
ഗ്രന്ഥസൂചി:
-Noam Chomsky, Power and Prospects, Madhyam Books , Delhi,1996.
-പി. എൻ ഗോപീകൃഷ്ണൻ, ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’, ലോഗോസ് ബുക്ക്സ്, വിളയൂർ -പാലക്കാട്, 2023.
-ബി. രാജീവൻ, വാക്കുകളും വസ്തുക്കളും, ഡി സി ബുക്ക്സ്, കോട്ടയം, 2009.