അത്വൽ അദ്നാനിന്റെ ‘ഗെർണിക്ക'കൾ

ഗെർണിക്കയെക്കാൾ മികച്ച ചിത്രങ്ങൾ പല പ്രശസ്ത ചിത്രകാരന്മാരും വരച്ചിട്ടുണ്ടെങ്കിലും, പിക്കാസയുടെ യുടെ ഗെർണിക്കയോളം ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ വേറെയില്ല. 1937-ൽ സംഭവിച്ച ഈ രചന, സ്പാനിഷ് സിവിൽ യുദ്ധകാലത്ത് ഫാഷിസ്റ്റു ഇറ്റലിയും നാസി ജർമനിയും ചേർന്ന്, സ്പെയിനിലെ ഗെർണിക്ക എന്ന ചെറുനഗരത്തിൽ നടത്തിയ കിരാതമായ ബോംബുവർഷം സൃഷ്ടിച്ച മനുഷ്യ ദുരിതങ്ങളുടെ അതിവിഹ്വലമായ ചരിത്ര മുഹൂർത്തത്തെ, ഒരടയാളമായി കുറിച്ചിട്ടു.

പിക്കാസൊ

ചന്തദിവസമായ അന്ന് (ഏപ്രിൽ 26, വൈകുന്നേരം‌ 4 മണി ) പരശ്ശതം സ്ത്രീകളും കുട്ടികളുമടങ്ങുന്ന മനുഷ്യർ ഈ നരമേധത്തിൽ വെന്തു ചാമ്പലായി.
പിൽക്കാലത്ത്​, പിക്കാസോയുടെ ഈ ചിത്രം ക്യൂബിക് മാതൃകയിൽ രചിച്ച ചിത്രകലയുടെ ഏറ്റവും മുന്തിയ പ്രതീകവുമായി.

കലാചരിത്രത്തിൽ, നിരവധി ഗെർണിക്കകൾ ഉണ്ടായിട്ടുണ്ട്. ചിത്രകലയിൽ മാത്രമല്ല, കവിത നാടകം സിനിമ... തുടങ്ങി സർവകലകളിലും പല കാലത്തും മികച്ച ചരിത്ര സാക്ഷ്യങ്ങൾ എന്ന നിലയ്ക്കുള്ള ഉജ്ജ്വല സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്.
ഇത്തരം കലാരൂപങ്ങൾ മറ്റുള്ളവയിൽ നിന്ന്​ വേറിട്ടുനിൽക്കുന്നത്, അവ ദൃക്‌സാക്ഷി എന്നപോലെ ചരിത്രമുഹൂർത്തങ്ങളെ നേരിട്ട് കലയിലേയ്ക്ക്, എന്നെന്നും മായ്ച്ചു കളയാനാവാത്ത ഒരടയാളമായി ചേർത്തു നിർത്തിക്കൊണ്ടാണ്. Art of Witness എന്ന ഒരു ഗണം തന്നെ ഇത്തരത്തിൽ ലോക കലാ -സാഹിത്യങ്ങളിലുണ്ട്.

ഒരുപക്ഷെ, മഹമൂദ് ദാർവിഷിനോളം അല്ലെങ്കിൽ അതിനേക്കാൾ നാം അറിയേണ്ടിയിരുന്ന കവിയായിരുന്നു അത്വൽ. അത്രയും വിചിത്രമാണ് അവരുടെ എഴുത്ത്.

ചെയ്ത കലാസൃഷ്ടികളിൽ മിക്കവയും ഇത്തരത്തിൽ ദൃക്‌സാക്ഷിത്വ കല (witness art) യായി മാറിയതിന്​, ചിലർ നമ്മെ വിസ്മയിപ്പിക്കും. അത്തരത്തിൽ, നാമറിയേണ്ട ഡയസ്പോറ ആർട്ടിസ്റ്റുകളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നു, ലബനീസ്, -ഫലസ്തീൻ -ഫ്രഞ്ച് കവയിത്രി അത്വൽ അദ്നാൻ.
ഒരുപക്ഷെ, മഹമൂദ് ദാർവിഷിനോളം അല്ലെങ്കിൽ അതിനേക്കാൾ നാം അറിയേണ്ടിയിരുന്ന കവിയായിരുന്നു അത്വൽ. അത്രയും വിചിത്രമാണ് അവരുടെ എഴുത്ത്. കവിതയും ആത്മകഥാപരമായ അനുഭവ കഥനങ്ങളും ചിത്രകലയും ഒരുപോലെ പരീക്ഷിച്ചുവിജയിച്ച ഒരു എഴുത്തുകാരി.
1976-ൽ ലബനോനിൽ ശീതയുദ്ധം തുടങ്ങുന്നതോടെ പാരീസിലേയ്ക്ക് പ്രവാസിയായി പലായനം. 1948-ൽ ഇസ്രായേലിന്റെ ജനനം തൊട്ട് കലാപ കലുഷിതമായ ദേശത്തിന്റെ ഹൃദയവേദനകളും സംത്രാസങ്ങളും വിരുദ്ധധ്വനികളോടെ എഴുത്തിലേയ്ക്ക് ആവാഹിച്ചു. അത് കവിതയിൽ പ്രഖ്യാപിക്കാൻ, അവർ സർറിയലിസ്റ്റിക് സാങ്കേതങ്ങൾ ഒരു സ്ത്രീയുടെ മട്ടിൽ പ്രയോഗിച്ചു. ഒരു പക്ഷെ, സർറിയലിസത്തെ പോലെ രാഷ്ട്രീയ ഐറണികൾ സൃഷ്ടിക്കാൻ പോന്ന മറ്റൊരു കലാപ്രസ്ഥാനം വേറെയില്ല. പിക്കാസോയുടെ ക്യൂബിസം പോലും, ഈ പ്രസ്ഥാനശിശുവാണല്ലോ.
ലബനീസ് ശീതയുദ്ധ പശ്ചാതലത്തിലാണ്, ഇവരുടെ മിക്ക കലാസൃഷ്ടികളും ഉരുവം കൊണ്ടത്. 1925-ൽ, ബൈറൂത്തിൽ ജനിച്ചു. നിരന്തരപലായനം ഗ്രീക്ക്, അറബിക്, തുർക്കി, ഇംഗ്ലീഷ് ഭാഷകൾ ഒക്കെ തന്റെ ഡയസ്പോറ ജീവിതാനുഭവത്തിന്റെ ഭാഗമാക്കി.
നമുക്കറിയാം, ഇപ്പോൾ ലബനോനെകുറിച്ച് ആരും സംസാരിക്കാത്ത മട്ടിൽ, രാഷ്ട്രീയമായി പശ്ചിമേഷ്യ കെട്ടുപോയി. ഇന്നിതാ നാം അറിയുന്നു, ഫലസ്തീൻ ഇല്ലാത്ത ഗൂഗിൾ ഭൂപടം പുറത്തു വന്നു. ശീതയുദ്ധങ്ങളാലും പുറത്തുനിന്നുള്ള അക്രമണങ്ങളാലും ഒരു ജനത തന്നെ ഇല്ലാതായി, അതിനെക്കാൾ മഹത്തരമായ ഒരു സംസ്കാരവും.

പിക്കാസൊയുടെ ഗെർണിക്ക

അപ്പോഴും, നമുക്ക് കേൾക്കാം, വാക്കുകളിൽ നിന്ന്​ കുഴിബോംബ് പൊട്ടുന്നത്. അപ്പോൾ വിറങ്ങലിച്ചു നിന്നുപോകും, അനുവാചകൻ. കണ്ണാണ് ഈ കവിതകളിലെ മുഖ്യ ബിംബം. അതു നമ്മെ ഭയപ്പെടുത്തുകയും ചരിത്രത്തിലേക്ക് വീണ്ടും പറക്കാൻ സജ്ജമാക്കുകയും ചെയ്യും. അത്രകണ്ട് ഈ കവിതകളിൽ വേദനയുടെ രാസായുധം കലന്നിട്ടുണ്ട്. ഒരു ദേശത്തിന്റെ ക്രൂരമായ വിധിക്കുമേൽ സൗകര്യപൂർവം അന്ധത നടിക്കുന്ന ലോകമനഃസാക്ഷിക്കു നേരെ കവിതയിലെ പല തരത്തിലുള്ള കണ്ണുകൾ പൊട്ടിത്തെറിക്കുന്നു. അസംബന്ധ ഭാഷയിലൂടെ, രൂപകങ്ങളിലൂടെ, ചിത്രഭാഷാ ശൈലിയിലൂടെ ഓരോ കവിതയും പൊട്ടിത്തെറിക്കുകയാണ്. Five senses for one death -എന്ന് ഈ നീണ്ട കവിതയിൽ നിന്നുള്ള ഒരു സന്ദർഭം ശ്രദ്ധിക്കൂ :

"ഒരു കണ്ണ്
മരത്തിൽ തൂങ്ങിക്കിടക്കുന്നു
അമേരിക്കൻ തീവണ്ടിയിലിരുന്നു
റഷ്യൻ നോവലുകൾ വായിക്കുന്നു. ഒരു ഇന്ത്യക്കാരനെ ഞാൻ കണ്ടു
തന്റെ പെൺകുതിരക്കു
വിപരീതമായി നിന്റെ ഉടൽ താങ്ങിക്കൊണ്ട്.
മറ്റേ കണ്ണ്
അസാധ്യമാം വണ്ണം
ഉടഞ്ഞു ചതയുന്ന ഒരു നിമിഷത്തെ
നോക്കി നോക്കിയിരിക്കുന്നു.’

മൂന്നാം ഖണ്ഡത്തിൽ നിന്നും മറ്റൊരു സന്ദർഭം:

"ഞാനൊരു അവീൻചെടി ചവച്ചു
അതു കാണുമ്പോൾ നീയെന്നെ പട്ടി എന്നു വിളിക്കല്ലേ
കെട്ടുമുറിവുകളുടെ ഡെറ്റോൾ മണം മൂക്ക് വിടർത്തി പിടിച്ചെടുക്കുമ്പോൾ
ചോക്കലേറ്റിനോടൊപ്പം
വെളുത്തുള്ളി ചതച്ചു നീയെന്റെ റൊട്ടിക്കഷ്ണത്തിലേയ്ക്ക് നീട്ടുക
ലഹരിവിരുദ്ധ സേനയ്ക്ക് നേരെ കാടിന്റെ
ബന്തോവസ്തു... ’

നാലാം ഖണ്ഡത്തിൽ മറ്റൊരു സന്ദർഭം:
‘ബൈറൂത്ത് പാരീസ് ന്യൂയോർക്
ബേർക്കലി, ലോസേഞ്ചൽസ്
ഇതൊക്കെ നിന്റെ കുരിശു ഗോൽഗോത്ത...
തെരുവിലൂടെ മാർച്ച്‌ ചെയ്യുന്ന ഉടൽബലം, കൈകളുടെ ഗതികോർജം
നിങ്ങൾ റിംബോയും കാത്തിഹെപ്ബോണുമായിരുന്നു, നിങ്ങളുടെ അസ്ഥികൾക്കുള്ളിൽ
ഞങ്ങൾ ഖുർആൻ സൂക്തങ്ങൾ കുറിച്ചിട്ടു.’

ഇങ്ങനെ ഈ കവിത വായിച്ചു തീരുമ്പോഴേക്ക് നാം ഭാഷയുടെ രാസായുധം മണത്തു വീർപ്പുമുട്ടും.

ഇന്നിതാ നാം അറിയുന്നു, ഫലസ്തീൻ ഇല്ലാത്ത ഗൂഗിൾ ഭൂപടം പുറത്തു വന്നു. ശീതയുദ്ധങ്ങളാലും പുറത്തുനിന്നുള്ള അക്രമണങ്ങളാലും ഒരു ജനത തന്നെ ഇല്ലാതായി, അതിനെക്കാൾ മഹത്തരമായ ഒരു സംസ്കാരവും.

അദ്നാനിന്റെ, Arab Apocalypse (അറബ് വെളിപാടുകൾ ) ആണ് അവരുടെ ഏറ്റവും ശക്തമായ കാവ്യപുസ്തകം. നേരത്തെ സൂചിപ്പിച്ച, ദൃക്‌സാക്ഷി ബിംബങ്ങളുടെ പ്രത്യക്ഷങ്ങൾ ഇളകി മറിഞ്ഞ്​, ലോകബോധത്തെ തിരിച്ചുപിടിക്കുന്ന നീണ്ട കവിതയാണിത്. 1975-76 കാലത്ത്, ലബനാനിലെ താൽ-അൽ സത്താറിലും ക്വറന്റീനയിലും നടന്ന ഫലസ്തീൻ അഭയാർഥി കൂട്ടക്കൊലയും അതോടനുബന്ധിച്ച്​ മധ്യഏഷ്യയിലും തുടർന്ന് ലോകമെമ്പാടും നടന്ന സംഘർഷങ്ങളുടെയും ഭാവധ്വനികൾ ഈ കവിത പുറത്തു വലിച്ചിടുന്നു, വിചിത്ര ദൃശ്യ ബിംബങ്ങളുടെ, വാങ്മയങ്ങളുടെ അവതരണത്തിലൂടെ. ഈ കവിതയുടെ മറ്റൊരു പ്രത്യേകത വാക്കുകളോടൊപ്പം പലയിടത്തും കോറിയിടുന്ന ചിത്ര സംജ്ഞകളാണ്. അതേക്കുറിച്ച്​, അത്വൽ അദ്നാൻ തന്നെ ഇങ്ങനെ പറയുന്നു.
"ഈ ചിത്രങ്ങൾ എന്നിലെ അതിവൈകാരിക ഭാവങ്ങൾ തന്നെ. ഇതിൽ കൂടുതലൊന്നും ഒരു കവിക്ക് ചിത്രീകരിക്കാനാവില്ല. കൈകൊണ്ടു ഞാൻ എഴുതുന്നു, എന്നാൽ ഈ ചിത്രാവലികളിലൂ ടെ ഞാൻ വെളിപാടുകൾ കൂടി ദർശിക്കുന്നു. കാരണം, എന്റെ ചിന്തയുടെ പ്രഥമാങ്കുരം അതിവൈകാരികവും സ്ഫോടനാത്മകവുമാണ്. ഭാഷ പതറുന്നിടത് ഈ ചിത്രസംജ്ഞകൾ ജാഗ്രതയോടെ പെരുമാറുന്നു.’
‘അറബ് വെളിപാടുകളി'ൽ നിന്ന്​ ഒരു സന്ദർഭം ഇവിടെ പരിഭാഷപ്പെടുത്താം.

"സ്വയം തിരിയുന്ന ഭൂമിയുടെ
പൽചക്രങ്ങളിൽ
സൂര്യൻ അതിന്റെ അർക്കങ്ങൾ എണ്ണി.
ഫലസ്തീനികളുടെ തലകൾ ഒരു ട്രക്കുരുട്ടി കൊണ്ടുവരുന്നു,
കോൺക്രീറ്റ് കൊണ്ടുള്ള വൻചുമർ വീണ്​ 500 മനുഷ്യ മുഖങ്ങൾ,
സി.ഐ.എ യുടെ ആർക്കൈവ്സി​ൽ സൂക്ഷിക്കാൻ സൂര്യൻ അതിന്റെക്യാമറ ക്ലിക്ക്കൾ അമർത്തികൊണ്ടിരിക്കുന്നു
ആ കരുത്തുറ്റ ലെൻസും
തുറിച്ചുനോട്ടത്തിന്റെചാതുരിയും ഒന്ന് വേറെതന്നെ.’
സൂര്യൻ ഇത്തരം കവിതകളിലെ മുഖ്യ ബിംബമാണ്. അറബി ശവശരീരമായും ചിലയിടത്തു നരഭോജിയായും ഇത് വേഷംമാറുന്നു.
The sun is an Arab corpse a night of semiotic excess, the sun keeps ingesting cannibal anthropophagus...
രാത്രി ഈ കവിതയിൽ കൊഴുക്കുന്നു. അദ്നാന്റെ കവിതയിലെ രാത്രിക്ക് ഒരു ഡയനിഷ്യൻ ഭാവമുണ്ട്.
‘ഒരു യുദ്ധകാലവാഴ്‌വ് പോലെ'...എന്നൊരു നീണ്ട കവിതയുണ്ട്. അതേക്കുറിച്ച് കൂടി സൂചിപ്പിക്കാം.
കൊറോണ വൈറസ് ലോകമെമ്പാടും ഒരടച്ചു പൂട്ടിയിരിപ്പിന് നിർബന്ധിച്ചിരിക്കുകയാണ്. ലോകക്രമം തന്നെ മാറി വരുന്നു. സമൂഹം എന്ന സങ്കല്പനം തന്നെ പലതരം അഴിച്ചുപണികൾക്കു വിധേയമായി.
ഈ ഇരുപ്പിന്റെ ഏകാന്തത ഭീതിയും അലോസരവും, യുദ്ധസന്ദർഭത്തിലും ഇതുപോലെയായായിരുന്നെന്ന്, ഈ കവിത വായിക്കുമ്പോൾ നാം അത്ഭുതപ്പെട്ടു പോകും. ശത്രു എന്നതിന്റെ അർത്ഥം മാറി വന്ന ഈ കോവിഡ് ലോകക്രമത്തിൽ, ഈ കവിതയിലെ മനുഷ്യരുടെ ഏകാന്ത സ്ഥിതി നമ്മെ കൂടുതൽ ചിന്തിപ്പിക്കും.
കവിതയുടെ തുടക്കം ഇങ്ങനെ :
"ഒന്നും പറയാനില്ല, ചെയ്യാനില്ല,
നേരം നോക്കും, ചെരിയും, നിവരും, ആരെങ്കിലുമൊക്കെ കുറ്റം പറയും, നിൽക്കും, ജനലിനടുത്തേയ്ക്ക് പോവും, ആരിലേക്കൊക്കെ ശ്രദ്ധ തിരിച്ചു വിടണമെന്നാലോചിക്കും, വീണ്ടും നിൽക്കും, കുളിമുറിയിൽ പോവും, വാതിലടയ്ക്കും, പിന്നെ തുറക്കും, അടുക്കളയിൽ കയറും, തിന്നാനും കുടിക്കാനുമല്ല, മേശക്കരികെ തിരിച്ചെത്തും, മടുപ്പ് വരുമ്പോൾ കമ്പിളിപ്പുതപ്പിനുള്ളിലേയ്ക്ക് ചുരുങ്ങും, പിന്നെയും എഴുന്നേൽക്കും, പുകക്കുഴലിനടുത്തേയ്ക്ക് നടക്കും...
തിരശ്ശീല വലതറ്റം പിടിച്ചുവലിക്കും, പിന്നെ മറുഭാഗം, ചുമരിലേയ്ക്ക് തുറിച്ചു നോക്കും.’
നമ്മുടെ ഇന്നത്തെ അടച്ചിരുപ്പ് അവസ്ഥയിലേയ്ക്ക് ഇതിനെയൊന്നു പരിഭാഷപ്പെടുത്തി നോക്കൂ.... വല്ലാത്ത സാമ്യത ഇല്ലേ? ക്രിയ ഇല്ലാതെ മനുഷ്യജീവിതം ഇല്ല. ഓരോ ക്രിയയും മനുഷ്യന്റെ അതിജീവനവും സ്വപ്നവുമായി ഒരേ സമയം നിബന്ധിതമാണ്. ഓരോ ക്രിയ്ക്ക് പിന്നിലും നമ്മെ ചലിപ്പിക്കുന്ന ഒരാശയമുണ്ടാവും, അതിന്റെ രസം എന്തായാലും. ഈ അവസ്ഥ അറ്റുപോകുന്ന ഒരു വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും ഇപ്പോൾ നാം അനുഭവിക്കുന്നു. മനുഷ്യ സമൂഹത്തെ വല്ലാത്ത ഒരു തരം ഒറ്റപ്പെടലിലേയ്ക്കും പാരനോയിയാലേയ്ക്കും ഇത് നയിക്കുന്നു. അതുകൊണ്ട് തന്നെ ഈ വൈറസ് ബാധിച്ച കാലത്തെ ചികിൽസിക്കാൻ മരുന്ന് മാത്രം പോരാ. ഇതുതന്നെയാണ് ഒരു യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമൂഹത്തിലും സംഭവിക്കുന്നത്. രണ്ടിടത്തും ഭീതിയും സ്വാതന്ത്ര്യ നഷ്ടവും മനുഷ്യരെ അലട്ടുന്നു.

ലോകസംസ്കാരത്തിന്റെ കളിതൊട്ടിലുകളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചിരുന്ന തന്റെ നാടിന്റെ തകർച്ചയ്ക്ക് സ്വന്തം മട്ടിൽ കാവ്യനീതി ഉണ്ടാക്കുകയാണ് ഈ കവി.

നമ്മെ അത്ഭുതപ്പെടുത്തുന്ന മനുഷ്യസ്നേഹത്തെ, അവയെ യുദ്ധങ്ങൾ നശിപ്പിക്കുന്നതിനെ, സമൂഹത്തിന്റെ തന്നെ സ്വത്വനാശത്തെ ഈ കവിതയും ഒറ്റക്ക് എല്ലാം അനുഭവിക്കുന്ന ദൃ‌ക്​സാക്ഷിയെ പോലെ അടയാളപ്പെടുത്തുന്നു. അധിനിവേശ ശക്തികളുടെ മാരകമായ യുദ്ധമുറകളെക്കാൾ, ഈ കവിത എടുത്തുകാട്ടുന്നത് അവർക്കിടയിലെ ഡിപ്ലോമസിയും അതിനുവേണ്ടി നടപ്പിൽ വരുത്തുന്ന, മാധ്യമപ്രയോഗങ്ങളുമാണ്. യുദ്ധശക്തികളുടെ വിചിത്രമായ മാധ്യമ പ്രയോഗങ്ങൾ ഒരു ജനതയെ സ്വത്വവിനഷ്ഠരായ നിസ്സഹായ തടവുകാരാക്കി മാറ്റുന്നു. ഈ കവിതാരചനയുടെ സന്ദർഭത്തിൽ അവർ രേഖപ്പെടുത്തുന്ന മറ്റൊരു സന്ദർഭം :
"കാര്യങ്ങൾക്കൊക്കെ ഒരു ക്രമമുണ്ടാകേണ്ടതുണ്ട്. 1975 ലെ ഡയറി കണ്ടെത്തുന്നു, അതിലൊരിടത്ത്​ ഇങ്ങനെ -ദമാസ്കസിൽ നിന്ന് തിരിച്ചുപോന്നു,
ഇന്ന് 12ാം തീയതി ഞായറാഴ്ച്ച, മാവാകിഫ് കൂടിച്ചേരൽ.
ഡയറി മേശപ്പുറത്ത്​ ഉപേക്ഷിച്ചു. കെ.പി.എഫ്.എ റേഡിയോ സ്റ്റേഷൻ തുറന്നു. കൈപ്പുനീർ കുടിക്കുന്നപോലെ വാർത്തകൾ കുടിച്ചു.’
ലബനാണിന്റെ സംഗീതവും സംസ്കാരവും ഒക്കെ തിണർത്തു കിടക്കുന്ന ഒരു അടിമനസ്സിന്റെ ഉടമയായിക്കൊണ്ട്, എല്ലാവരും ഒരുമിച്ചു ജീവിച്ചിരുന്ന അറബിസത്തെ സ്വപ്നം കണ്ടുകൊണ്ട്, ജീവിതത്തെ തളം കെട്ടി നിർത്താതെ പ്രതീക്ഷയുടെ ഒരുപുലരി ഇപ്പോഴും സംഭവിക്കുന്നത് അത്വൽ അറിയുന്നുണ്ട്.

ലോകസംസ്കാരത്തിന്റെ കളിതൊട്ടിലുകളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചിരുന്ന തന്റെ നാടിന്റെ തകർച്ചയ്ക്ക് സ്വന്തം മട്ടിൽ കാവ്യനീതി ഉണ്ടാക്കുകയാണ് ഈ കവി. തന്റെ പെയിന്റിംഗുകൾ നിറയെ നിറങ്ങളാണ്. അറബ് വെളിപാടുകൾ ആ ചിത്രങ്ങളിലൂടെ കൂടുതൽ സ്വപ്നനിറമാർന്നു ശാന്തമായ ഒരു ചിത്ര ഗണ മായിത്തീരുന്നു.
കവിത മറ്റൊരിടത്തു തീർക്കുന്ന ഐറണി ഇങ്ങനെ :
"മരുഭൂമികളെ സ്വപ്നം കാണുന്നു, അവിടുത്തെ കള്ളിമുൾ ചെടികളെയും വിഷചെടികളെയും എണ്ണിക്കണക്കാക്കുന്നു, ഉജ്ജ്വലമാർന്ന സൂര്യന്മാർക്കുവേണ്ടി അഭിലഷിക്കുന്നു...,
വയറിൽ വിശപ്പ് കാളുമ്പോഴും ഒരു പരിഭവങ്ങളുമില്ലെന്നുള്ള നാട്യം, തിന്നാനൊന്നുമില്ല, സമയം വേണ്ടുവോളമുണ്ട്, നോട്ടുബുക്ക്​ തപ്പിയെടുക്കുന്നു, വെറുതെ ഷെൽഫിലേയ്ക്ക് തന്നെ വെയ്ക്കുന്നു, അമേരിക്കക്കാർക്കും ഇംഗ്ലീഷുകാർക്കും സഖ്യശക്തികൾക്കും ഇറാക്കിലെ മനുഷ്യരെയും കുട്ടികളെയും ആവശ്യമുണ്ട്, ആണുങ്ങളെ ആവശ്യമുണ്ട് -നശിപ്പിക്കാൻ, എന്ന അറിവിനോടൊപ്പം ജീവിക്കുന്നു, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെത്തന്നെ...’
ഈ കവിതകൾ അവശേഷിക്കും കാലം ചരിത്രത്തിൽ സംഭവിച്ച ഗെർണിക്കകൾ ഓർമിച്ചുകൊണ്ടേയിരിക്കും. ഇതാണ് ഡയസ്പോറാ കവിതയുടെ, കലകളുടെ ശക്തി. അത്, ഒരു കണ്ണ് പൊട്ടിച്ചാലും മറ്റേ കണ്ണുകൊണ്ട് ചരിത്രത്തെ നോക്കി കൊണ്ടേയിരിക്കും.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments