ഭയം കൊണ്ടുതന്നെയാണ്

എങ്കിൽ, പക്ഷേ ( If, but...) എന്നീ ഞരക്കങ്ങളുടെ അകമ്പടിയില്ലാതെത്തന്നെ സൽമാൻ റഷ്ദിക്കു നേരേയുള്ള വധശ്രമത്തെ നമുക്ക് അപലപിക്കാൻ സാധിക്കണം. ഇന്ത്യയിലെ ഹിന്ദുത്വയ്ക്കെതിരെ പറഞ്ഞതിനു ശേഷം മാത്രമേ അതു ചെയ്യാവൂ എന്നുള്ളത് നാം സ്വീകരിക്കുന്ന ഒഴികഴിവുകളിൽ ആദ്യത്തേതാണ്. എന്തായാലും ഇന്ത്യയിലെ പേവിഷം കടൽ കടക്കുകയില്ല; ഹൈഡ്രോഫോബിയ എന്ന വാച്യാർത്ഥത്തിലുള്ള അതിന്റെ ലക്ഷണം നോക്കിയാൽ. നേരേ മറിച്ച് ആഗോളവിഷം കൂടുതൽ വ്യാപനശേഷിയുള്ളതാണ്. അതു കൂടുതൽ ബാധിക്കുന്നത് കൂട്ടത്തിലുള്ളവരെത്തന്നെയാണ് എന്നുള്ളതു വഴിയേ വിശദീകരിക്കാം.

സൽമാൻ റഷ്ദിക്കു നേരേയുള്ള വധശ്രമത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും കാര്യമായി ആരും പ്രതികരിച്ചില്ലെന്ന് ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി ഗാർഡിയൻ എഴുതുന്നു. ഒരു ക്രിസ്ത്യൻ ന്യൂനപക്ഷക്കാരിയ്ക്കു സഹായം ചെയ്യാൻ ശ്രമിച്ചതുകൊണ്ട് പാകിസ്ഥാൻ പഞ്ചാബിലെ ഗവർണറായിരുന്ന സൽമാൻ തസീർ വധിക്കപ്പെട്ടതിനു ശേഷം അവിടത്തെ ലിബറലുകൾ ആരും എന്തെങ്കിലും പ്രതികരിക്കും എന്നു പ്രതീക്ഷിക്കുക വയ്യ. മരണഭയത്തെക്കാൾ വലുതല്ല ആവിഷ്‌ക്കാരത്തെ സംബന്ധിച്ചുള്ള നിലപാടുകൾ. ഭയം ഒരു വലിയ ശിരോവസ്ത്രം പോലെ ലോകത്തിലെ ലിബറൽ ഇടങ്ങളെ ഒന്നാകെ മൂടിക്കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്ന ഒരു വിപ്ലവത്തെ മതം ഹൈജാക്കു ചെയ്ത കാലം മുതൽ ഇറാൻ ഈ മേലങ്കി പുതച്ചിട്ടുണ്ട്. ലോകം മുഴുവൻ വലിയ തോതിൽ ആഘോഷിച്ച ഇറാനിയൻ ചലച്ചിത്രങ്ങൾ പലപ്പോഴും കുട്ടികളെ മറയാക്കി നിർമ്മിച്ചവയായിരുന്നു. എന്നിട്ടും മിക്കവാറും വലിയ സംവിധായകരെല്ലാം ജയിലിൽ പോയി, നാടുവിട്ടു. ഇന്ത്യയിൽ അതുമാത്രമാവില്ല സ്ഥിതി എന്നു തോന്നുന്നു. മൂന്നു ദശകം മുമ്പുള്ള കാലത്തെപ്പോലെയല്ല. ഏതൊരു കഠോരപ്രത്യയശാസ്ത്രത്തെയും കാളകൂടത്തെയും പലതരം ഉത്തരാധുനിക സിദ്ധാന്തസുഗന്ധങ്ങളും വിമോചകതൈലങ്ങളും പൂശി മണപ്പിക്കാനുള്ള പരിശ്രമങ്ങളുടേതുകൂടിയായിരുന്നു പോയ ഈ ദശകങ്ങൾ.

തസ്ലീമ നസ്രീൻ / Photo: Wikimedia
തസ്ലീമ നസ്രീൻ / Photo: Wikimedia

റഷ്ദിക്കു നേരേ ആക്രമണം നടന്ന സമയത്ത് പല സാഹിത്യ ആസ്വാദകരും മറ്റൊരു തരത്തിൽ ആശ്വസിക്കുന്നതു കണ്ടു: സൽമാൻ റഷ്ദി ഒരു നാലാംകിട എഴുത്തുകാരനാണ്. മുമ്പ് തസ്ലീമ നസ്രീനെതിരേയും അങ്ങനെ കേട്ടിരുന്നു. എന്ന് ആരു പറഞ്ഞു? സാഹിത്യവാരഫലം എഴുതിയിരുന്ന പ്രൊഫസർ എം. കൃഷ്ണൻ നായർ. എഴുത്തുകാരെ ബ്രാൻഡ് ചെയ്യാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. എത്രയെളുപ്പം! ആയത്തൊള്ള ഖൊമേനിയെപ്പോലെ, പുസ്തകങ്ങൾ വായിക്കാതെത്തന്നെ ഫത്വ പുറപ്പെടുവിക്കാം. നിരൂപകർ നാലാംകിടയായി വിധിക്കുന്ന എഴുത്തുകാരെ മുഴുവൻ വധശിക്ഷയ്ക്കു വിധിക്കാമെന്നുണ്ടെങ്കിൽ ഇന്നാട്ടിൽ കൂട്ടക്കൊല നടക്കും.

എം. കൃഷണൻ നായർ റഷ്ദിക്കെതിരെ തിരിയാനുള്ള കാരണം അദ്ദേഹത്തിന്റെ ആരും വായിച്ചിട്ടില്ലാത്ത ചെകുത്താന്റെ വചനങ്ങൾ എന്ന പുസ്തകം മാത്രമല്ലാപോലും. മഹാത്മാഗാന്ധിക്കെതിരെയും റഷ്ദി നിന്ദിച്ച് എഴുതിയിട്ടുണ്ടത്രേ. ഗാന്ധിജിയുടെ സത്യാഗ്രഹം, ലൈംഗിക പരീക്ഷണങ്ങൾ, ബ്രഹ്മചര്യം... ഇതൊക്കെ തുറന്നെഴുതി റഷ്ദി രാഷ്ട്രപിതാവിനെ അപമാനിച്ചു. ശരി, പക്ഷേ, ഇക്കാര്യങ്ങളൊക്കെ എങ്ങനെയാണ് റഷ്ദി അറിഞ്ഞത്? നമ്മളൊക്കെയറിഞ്ഞത്? ഗാന്ധിജി തന്നെ അവയൊക്കെ തുറന്നു പറഞ്ഞിരുന്നല്ലോ. ജീവിച്ചിരുന്ന കാലത്തും ഗാന്ധിജിക്കെതിരെ വലിയ വിമർശനങ്ങളുണ്ടായിരുന്നു. അവ ഉന്നയിച്ച മനുഷ്യരിൽ പലർക്കും അദ്ദേഹത്തോളൊപ്പം തന്നെ തലപ്പൊക്കമുണ്ടായിരുന്നു; നേരും നെറിവും അറിവുമുണ്ടായിരുന്നു. അങ്ങനെ വിയോജിക്കാൻ കൂടിയുള്ളതല്ലേ സമൂഹത്തിലെ ജീവിതം? അതിന്റെ പേരിൽ ഏതെങ്കിലും ഗാന്ധിശിഷ്യർ അവർക്കെതിരെ തീട്ടൂരങ്ങൾ പുറപ്പെടുവിച്ചതായി കേട്ടിട്ടില്ല. ഗാന്ധിജിയെ വധിച്ചയാളെപ്പോലും മാപ്പുകൊടുത്തു വെറുതെവിടണം എന്നു പറഞ്ഞവരായിരുന്നു അവരിൽ പലരും. യോജിപ്പുകൾ കൊണ്ടുമാത്രമല്ല, വിയോജിപ്പുകൾ കൊണ്ടുകൂടിയാണ് ഇപ്പോഴും ഗാന്ധിജി നിലനില്ക്കുന്നത്.

മഹാത്മ ഗാന്ധി / Photo: Wikimedia
മഹാത്മ ഗാന്ധി / Photo: Wikimedia

ആർക്കെതിരേയും നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം. എന്നാലും ആരേയും നിന്ദിക്കുന്നതു ശരിയല്ല എന്ന അഭിപ്രായം തന്നെയാണ് ശരി. കോടിക്കണക്കിനു മനുഷ്യർ ആരാധിക്കുകയും അഭയം കണ്ടെത്തുകയും ചെയ്യുന്ന പ്രവാചകന്റെയും മറ്റുദൈവങ്ങളുടെയും കാര്യത്തിൽ വിശേഷിച്ചും. പക്ഷേ, ഇങ്ങനെയുള്ള നിന്ദ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പുസ്തകം ആരും വായിച്ചിട്ടില്ല. കുറ്റം ഉണ്ടെന്നുവരികിൽത്തന്നെ, അതു തെളിയിക്കാനാവശ്യമായ ആധുനികമായ നിയമപ്രക്രിയയിലൂടെ ആരും കടന്നുപോയിട്ടില്ല. ഇനി അങ്ങനെ കടന്നുപോയി, തെളിയിക്കപ്പെട്ടാൽപ്പോലും ഹമ്മുറാബിയുടെ കാലത്തുള്ള ശിക്ഷാവിധികളാണോ നടപ്പാക്കേണ്ടത്? മതങ്ങളുടെ കാര്യത്തിൽ അവ ഉരുവം കൊണ്ട കാലത്തെ വിശുദ്ധമായ ശിക്ഷകൾ തന്നെ വേണം എന്നു വാദിക്കുമ്പോൾ മറ്റൊരു വൈരുദ്ധ്യമുണ്ട്. അക്കാലത്തെ ഉപാധികളും ഉപകരണങ്ങളും വച്ചല്ല ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മതവർഗീയപ്രസ്ഥാനങ്ങൾ തങ്ങളുടെ വിധികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിധ്വംസകപ്രചാരണത്തിനായി അവരെല്ലാവരും ഇന്റർനെറ്റ് ആയുധമാക്കുന്നു. സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളുന്നു, ബെൽറ്റ് ബോംബുകളും വിമാനങ്ങളും ഉപയോഗിക്കുന്നു. അപ്പോൾ എവിടെയാണ് മതം നിർദ്ദേശിക്കുന്ന പ്രാക്തനവിശുദ്ധി? ഇതൊരു അടവുനയമാകുന്നു.

യഥാർത്ഥത്തിൽ മതനിന്ദ ഇതൊന്നുമല്ല. രണ്ടോ മൂന്നോ ദശകങ്ങൾക്കിടയിൽ ലോകത്ത് അനേകലക്ഷം മുസ്ലിങ്ങൾ അഭയാർത്ഥികളായിത്തീർന്നിട്ടുണ്ട്. പലതും ഇസ്ലാം വിശ്വാസികളോട് ലോകം ചെയ്തതാണ്. രോഹിങ്ക്യകളെപ്പോലെ, ഉയിഗുറുകളെപ്പോലെ. പക്ഷേ, ഭൂരിഭാഗവും സ്വന്തം മതത്തിലെ ചില മാരകവിശുദ്ധർ അവരോടു ചെയ്ത ക്രൂരതകളുടെ ഫലം കൂടിയാണ്. വിശുദ്ധമായ കാലിഫേറ്റ് സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ, പരിശുദ്ധ താലിബാൻ ഭരണകൂടം പുന:സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ നടന്ന ക്രൂരമായ അനേകം യുദ്ധങ്ങളാണ് വെറും സാധാരണക്കാരായ ആ പാവപ്പെട്ട മനുഷ്യരെ അനാഥരാക്കിത്തീർത്തത്. ഒട്ടും സുരക്ഷിതമല്ലാത്ത പലായനങ്ങൾക്കിടയ്ക്ക് ആയിരക്കണക്കിനു മനുഷ്യർ മരിച്ചുവീണു. കുട്ടികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. അവരിൽ പലരുമിപ്പോൾ യൂറോപ്പിലെയും അമേരിക്കയിലേയും അഭയാർത്ഥിക്ക്യാമ്പുകളിൽ പൗരത്വവും പ്രതീക്ഷിച്ചു കിടക്കുകയാണ്. ഇസ്ലാമിനോടുള്ള ഭയം ലോകമെമ്പാടും കൂടിക്കൂടിവരുന്നു എന്നുള്ളത് നിർഭാഗ്യകരമായ ഒരു സത്യമാണ്. വിശ്വാസികളുടെ കുഴപ്പമല്ല; മറ്റെല്ലാ മതങ്ങളിലുമെന്നതുപോലെയുള്ള യുക്തിയിലും യുക്തിരാഹിത്യത്തിലുമൊക്കെയാണ് അവരും ജീവിക്കുന്നത്. കൂടുതലോ കുറവോ ഇല്ല. അതിനിടയിൽ, ഇടയ്ക്കിടെയുണ്ടാവുന്ന ഈ "കഴുത്തറപ്പൻ പ്രകടനങ്ങൾ' പാവപ്പെട്ട ആ മനുഷ്യരുടെ നിലനില്പിനെയാണ് ഏറ്റവും അപകടത്തിലാക്കുന്നത് എന്നുകാണാം. നാളെ അവർക്കിടയിൽ നിന്നും ഒരു പരിശുദ്ധനായ അക്രമി രൂപം കൊള്ളുമല്ലോ എന്ന് അഭയം കൊടുക്കാൻ തയ്യാറാകുന്നവർ പോലും ഭയക്കുന്നു.

പാരീസിലെ അധ്യാപകന്റെ കഴുത്തറത്ത ചെച്ചൻ അഭയാർത്ഥിയെ പോലൊരാൾ, റഷ്ദിയുടെ നോവൽ എഴുതപ്പെട്ടതിന് ഒരു ദശകം കഴിഞ്ഞു മാത്രം ജനിച്ച ന്യൂ ജഴ്‌സിക്കാരനായ ഈ ചെറുപ്പക്കാരൻ... സൈബറിടങ്ങളിൽ ആക്രോശിക്കുന്ന പലരും യൂറോപ്പിന്റെ ജനാധിപത്യസുരക്ഷിതത്വത്തിൽ പിറന്നുവീണവരാണ്. അറേബ്യയോ പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ അവർ കണ്ടിട്ടുപോലുമില്ല. എന്നാലും അവരാണ് പ്രതീകാത്മകമായ ശിക്ഷാവിധികൾ നടപ്പാക്കുന്നതിനു മുന്നിൽ. അനേകലക്ഷം മനുഷ്യരെ ബന്ദിയാക്കിക്കൊണ്ടു നടക്കുന്ന ഈ ഒറ്റതിരിഞ്ഞ ആക്രമണങ്ങൾ; അവയെ ന്യായീകരിക്കാൻ പണിതുണ്ടാക്കുന്ന പ്രത്യയശാസ്ത്ര ഒഴിവുകഴിവുകൾ - ഇവയേക്കാൾ വലിയ മതനിന്ദയോ പ്രവാചകനിന്ദയോ വേറെയെന്തെങ്കിലുമുണ്ടോ?

റഷ്ദിയുടെ അക്രമിയെ കൈമുത്താനായി ഇറാനിൽ ആളുകൾ തയ്യാറായി നില്ക്കുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന് "സാത്താൻ നരകത്തിലേക്കു യാത്രയാകുന്നു' എന്ന് അടിക്കുറിപ്പെഴുതുന്നു. കൈവെട്ടുകേസിലെ പ്രതികളുടെ ഉല്ലാസച്ചിരിയുടെ അനുകരണം പോലെ തോന്നുന്നു എല്ലാം. ഇത്തരം ശിക്ഷ നടപ്പാക്കുന്നതു മാത്രമല്ല, അതിനുശേഷം അവയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ കൂടി ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ ഇരുണ്ടതാക്കുന്നുണ്ട്. വായനക്കാരുടെ സവിശേഷശ്രദ്ധ നേടിയ എത്രയോ നോവലുകൾ, ആഴമുള്ള ലേഖനങ്ങൾ: കേരളത്തിൽ എങ്ങനെ ചാപ്പ കുത്തിയാലും ഒന്നാംകിട എഴുത്തുകാരുടെ നിരയിൽത്തന്നെയാണ് സഹൃദയലോകം സൽമാൻ റഷ്ദിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മുപ്പത്തിമൂന്നുവർഷംനീണ്ട അദൃശ്യമായ ഒരു തടവിനു ശിക്ഷിക്കപ്പെട്ട, അതിൽത്തന്നെ ഒമ്പതുവർഷം ലോകത്തിന്റെ കണ്ണിൽ നിന്നും ഒളിച്ചുപാർത്ത, എഴുപത്തഞ്ചുകാരനായ ഒരു വലിയ എഴുത്തുകാരനുനേരേ നടന്ന വധശ്രമവും അതിലൂടെ ഒഴുകിപ്പടർന്ന ചോരയും അക്ഷരങ്ങളെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരെയും സങ്കടത്തിലാഴ്ത്തുന്നു; നിതാന്തമായ ഭയത്തിലാഴ്ത്തുന്നു. ലോകത്തിലെ മുഴുവൻ ഉത്തരാധുനിക സിദ്ധാന്തസുഗന്ധങ്ങൾ തേച്ചാലും സ്വത്വവിമോചക തൈലങ്ങളിൽ കുളിച്ചാലും കുറ്റവാളികളുടെ കൈകളിൽ നിന്നും ആ ചോരയുടെ നാറ്റം ഒഴിഞ്ഞുപോവുകയില്ല.


ഇ. സന്തോഷ് കുമാർ

നോവലിസ്റ്റ്, കഥാകൃത്ത്. അമ്യൂസ്‌മെന്റ് പാർക്ക്, അന്ധകാരനഴി, തങ്കച്ചൻ മഞ്ഞക്കാരൻ, വാക്കുകൾ (നോവലുകൾ), മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, ചാവുകളി, മൂന്നുവിരലുകൾ, പണയം (കഥകൾ) പ്രധാന കൃതികളാണ്.

Comments