എന്നും സമകാലികമായ 'ആൾക്കൂട്ടം'

അവൻ അവനായിത്തീരുന്നത് മരണത്തിലൂടെ. അവന് തെളിവ് അവന്റെ മരണസർട്ടിഫിക്കറ്റ് മാത്രം എന്ന വരിയിലെ ഘനഗംഭീര ശബ്ദത്തോടെയാണ് ആനന്ദ് രംഗപ്രവേശനം ചെയ്തത്- ഇ.ജെ. സക്കറിയാസിന്റെ "ആൾക്കൂട്ട" അനുഭവം.

വായിച്ച പുസ്തകങ്ങളിലേയ്ക്ക് തിരിച്ചു വരുമ്പോഴൊക്കെ അടിവരകൾ നിറഞ്ഞ ചില താളുകൾ കാണാറുണ്ട്. കറുപ്പിന്റെ കട്ടി പൊടിഞ്ഞു തുടങ്ങിയ പെൻസിൽ വരകളായും, മഷിയുടെ ഗന്ധം മറന്ന് കടലാസിലേയ്ക്ക് പതിഞ്ഞ നീലയും ചുവപ്പും നിറങ്ങളിലുള്ള നിഴലുകളായും. ഏറിയും ഇറങ്ങിയും നേർരേഖ പാലിക്കാതെ, അടഞ്ഞ താളുകൾക്കിടയിൽ അവശേഷിക്കുന്ന ആ അടിവരകളിലൂടെയുള്ള സഞ്ചാരങ്ങൾ, അത്രേയും കാലം പിറകിലെ എന്നിലേയ്ക്ക് തന്നെയുള്ള മടക്കയാത്രകളാണെന്നു തിരിച്ചറിയുന്നത് അടിവരകൾ താങ്ങി നിർത്തിയ വരികൾ വീണ്ടും വായിക്കുമ്പോൾ പൊടുന്നനെ വന്നു മൂടുന്ന അപരിചിതത്വത്തിൽ നിന്നുമാണ്. അതിന് അപവാദമാണ് 'കണക്ക് ശരിയാണ്, സംഖ്യകൾ തെറ്റി' എന്ന വരി. കാരണം ആനന്ദ് എന്ന എഴുത്തുകാരനെ പുസ്തകങ്ങളിൽ അനുഭവിച്ചു തുടങ്ങിയതിന് ശേഷം ജീവിതം അത്രമാത്രമൊന്നും മാറിയിട്ടില്ല എന്നതിനാലാവാം അല്ലെങ്കിൽ, ആനന്ദ് ഞാൻ എന്ന വായനക്കാരനിലൂടെ എന്നിലെ മനുഷ്യനെ, അന്നുവരെ അജ്ഞാതമായിരുന്ന ജീവിത യാഥാർത്ഥങ്ങളിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും അതിശക്തമായി തള്ളിവിട്ടതിനാലാവാം.

നല്ല പുസ്തകം എന്ന നിർവചനം തികയ്ച്ചും അപേക്ഷികവും വ്യക്തിപരവുമാണ്. പക്ഷെ ഒരു വായനക്കാരനെ സംബന്ധിച്ച് അവൻ അനുഭവിക്കുന്ന ഒരു നല്ല പുസ്തകം അയാളുടെ ജീവിതത്തെ തന്നെ "ആ പുസ്തകം വായിക്കുന്നതിനു മുൻപ്, അതിനു ശേഷം' എന്ന വിധം രണ്ടായി വിഭജിക്കുന്നു. എണ്ണമറ്റ അത്തരം വായനാനുഭവങ്ങളിലൂടെ അയാൾ ഒരായുസ്സിൽ പലവട്ടം ഉടച്ചുവാർക്കപ്പെടുന്നു. എന്നേ സംബന്ധിച്ചിടത്തോളം ആനന്ദ് എന്ന സാഹിത്യകാരൻ തന്നെയാണ് ജീവിതത്തിൽ അങ്ങനെയൊരു ഇടപെടൽ നടത്തിയത് .

ഇംഗ്ലീഷ് മീഡിയം ക്ലാസ് മുറികളുടെ ശ്വാസം മുട്ടിക്കുന്ന ബ്രിട്ടീഷ് ചിട്ടവട്ടങ്ങളിലും CBSE-NCERT പുസ്തകങ്ങളിൽ അച്ചടിച്ച പോളണ്ടിലെ സോളിഡാരിറ്റിയുടെ കഥപറഞ്ഞു തുടങ്ങുന്ന പൊളിറ്റിക്കൽ സയൻസ് പാഠങ്ങളിലും രജപുത്ര-മറാഠ-രാമായണ വീരഗാഥകളുടെ വാഴ്ത്ത്പാട്ടുകൾ നിറഞ്ഞ അമർ ചിത്രകഥകളിലും കുരുങ്ങി മലയാളം അക്ഷരങ്ങൾ പോലും മര്യാദയ്ക്കറിയാത്ത ബാല്യവും കൗമാരവും കടന്ന് തികയ്ച്ചും ലീനിയറായ, ഡയലോഗുകൾക്ക് യാതൊരു സ്ഥാനവുമില്ലാത്ത മരവിച്ച ധിഷണയുമായി യാത്രതുടർന്ന എന്റെ രണ്ടാം ഗർഭപാത്രമായിരുന്നു കോളേജ് ലൈബ്രറി.

പുതിയ പുസ്തകങ്ങളുടെ ഉൾത്താളുകളുടെ ഗന്ധത്തോടുള്ള ഇഷ്ടം മറന്നു പോയ ഒരു കലാഘട്ടം ആയിരുന്നു പച്ചനിറമുള്ള രണ്ട് ലൈബ്രറി കാർഡുകൾ കൈയിൽ കിട്ടിയ ആ ദിവസത്തിന് തൊട്ടുമുൻപ് വരെ. ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കാതെ അർത്ഥമറിയാതെ ഉത്തരങ്ങൾ മാത്രം എഴുതാൻ ശീലിച്ച സിലബസ്സ് വിദ്യാഭ്യാസത്തിനൊപ്പം കമ്പ്യുട്ടർ ഗെമുകളും ഇന്റർനെറ്റും വിലയ്‌ക്കെടുത്ത ടീൻ ഏജ് കാലം. ആസ്റ്ററിക്‌സും ടിന്റ്റിനും നിറഞ്ഞാടിയ എന്റെ കാലവും ദേശവും ഓർമ്മയിൽ അനുഭവത്തിന്റെ ഒരു തരിപോലും ബാക്കി നിൽക്കാതെ മാഞ്ഞു. ആർ.എൽ സ്റ്റീവൻസണ്ണും, അലക്‌സാണ്ടർ ദ്യുമയും എന്റെ ആരുമല്ലാതായി. അച്ഛന്റെ ട്രെയിൻ യാത്രകൾ കൊണ്ടുവന്ന ചെറിയ H&C പുസ്തകങ്ങളും (കടമറ്റത്ത് കത്തനാർ മുതൽ വടക്കൻ പാട്ട് കഥകൾ വരെ) സീക്രട്ട് സെവനും, ഫേമസ് ഫൈവും എന്റെ വലിയ വീടിന്റെ ഏതോ ചെറിയ കോണിൽ കിടന്ന് പൊടി തിന്നു. ഷെർലക്ക് ഹോംസ് ആവണം എന്ന ജീവിതലക്ഷ്യം മറ്റ് പലതിനും വഴി മാറി. ജി.റ്റി.എ വൈസിറ്റിയിൽ ഞാൻ അനേകായിരം സായിപ്പന്മാരെയും നീഗ്രോ ഗുണ്ടകളെയും വെടിവയ്ച്ചു കൊന്ന് ജീവിതം സഫലമാക്കി. "അമേരിക്കൻ പൈ' കാഴ്ചകൾ റിപ്പീറ്റ് മോഡിൽ അരങ്ങ് വാണു. ബാലരമയും ബാലഭൂമിയും, സത്യൻ മാഷിന്റെ ബ്ലാക് ആൻഡ് വൈറ്റ് സിനിമകളും (തൊണ്ണൂറുകളിൽ ജനിച്ച ദൂരദർശൻ കിഡ് ആണ് ഇതെഴുതുന്നത്) കണ്ണിനും എന്റെ ഉള്ളിലെ മുതിർന്നു മൂത്ത് പന്തലിച്ച മനുഷ്യനും അവന്റെ പുച്ഛ ബോധത്തിൽ കഴുക്കോൽ നാട്ടിയ ആസ്വാദന തത്വങ്ങൾക്കും അരോചകമായി. വെളിവുകേടിന്റെ വലിയൊരു ഇടവേളയുടെ ഒടുക്കത്തിലേക്ക് ഒരു ഗ്രന്ഥാലയത്തിന്റെ വാതിലുകൾ തുറന്നു.

ആ ലൈബ്രറിയുടെ കോണുകളിൽവയ്ച്ച് പരിചയപ്പെട്ട, അറുപതു വാട്ട് ബൾബിന്റെ നിറം മങ്ങിയ ഓർമ്മയുമായി, ഒരിക്കലും മടങ്ങി വരാത്ത വിരൽ സ്പർശനങ്ങളുടെ നോസ്റ്റാൾജിയയിൽ, എന്നോ കനച്ചുപോയ വായുവിന്റെ നിശബ്ദത പാതി തിന്നു തീർത്ത പച്ചയും കറുപ്പും അടർന്നു തുടങ്ങിയ മറ്റേനകം നിറങ്ങളും പുതയ്ച്ച ബൈന്റുകൾക്കുള്ളിൽ അവശേഷിച്ചിരുന്ന പഴയ താളുകൾ - ആദ്യമായി ഒരു വൃദ്ധസദനം സന്ദർശിച്ചത് ആ മരയലമാരകളിലായിരുന്നുവെന്നാണ് തോന്നുന്നത്. ഓർമ്മയിലെ പല ബന്ധങ്ങൾക്കും, പഴയ ഗിൽറ്റ് എഡ്ജ്ഡ് ബൈന്റിനുള്ളിൽ മരണം കാത്ത് കിടക്കുന്ന ഒരു ക്ലാസ്സിക് കഥയുടെ കനവും വിലയും മാത്രമേ ഉള്ളൂ. ഖസാക്കും, സ്മാരകശിലകളും രണ്ടിടങ്ങഴിയുമൊക്കെ ആദ്യമായി വായിക്കുകയായിരുന്നു. എം ടി , പത്മരാജൻ, എസ് .കെ, പുനത്തിൽ, മാർക്കേസ്, രാമചന്ദ്ര ഗുഹ, കുൽദീപ് നയ്യാർ, അടിയന്തരാവസ്ഥ - ഈ പേരുകളൊക്കെ ഒരു നൈന്റീസ് കിഡ് ആദ്യമായി വായിക്കുന്നത്, ഇടയ്‌ക്കെപ്പോഴോ ചിന്നി മറഞ്ഞ പത്രത്തലക്കെട്ടുകളുടെ ഓർമ്മകൾ ഒഴിച്ച്, അവന്റെ ഇരുപതാം വയസിലാണ്. അതുവരെയുണ്ടായ എന്നിലെ അജ്ഞതയ്ക്ക് ആരാണ് കാരണക്കാർ?

ആനന്ദും പാമുക്കും ആരും പറയാതെ വന്നവരാണ്. പാമുക്കിന് മുൻവാക്കായി വർഷങ്ങൾക്ക് മുൻപ് കണ്ട "കയ്യൊപ്പ്' ഉണ്ടായിരുന്നു. പക്ഷെ ആനന്ദ് മനോഹരമായൊരു ആകസ്മികതയായിരുന്നു.

മേൽപ്പറഞ്ഞ പല പേരുകളെയും അവരുടെ പലകൃതികളെയും വായിക്കാൻ പലരും പറഞ്ഞു. പക്ഷെ ആനന്ദും പാമുക്കും ആരും പറയാതെ വന്നവരാണ്. പാമുക്കിന് മുൻവാക്കായി വർഷങ്ങൾക്ക് മുൻപ് കണ്ട "കയ്യൊപ്പ്' ഉണ്ടായിരുന്നു. പക്ഷെ ആനന്ദ് മനോഹരമായൊരു ആകസ്മികതയായിരുന്നു. ജാതിയും മതവും കക്ഷിരാഷ്ട്രീയവും ജീവിതത്തിൽ അനുവാദമില്ലാതെ ഇടപെട്ട് തുടങ്ങിയ നാൽക്കവലയിൽ വയ്ച്ചാണ് "മനുഷ്യന്റെ പരമാവധി അസ്തിത്വം ക്രിമേറ്ററി ക്ലാർക്കിന്റെ രജിസ്റ്ററിലെ വരിയുടേയും കോളത്തിന്റെയും കോ-ഓർഡിനെറ്റുകൾ കൂട്ടിമുട്ടുന്നിടത്തു മാത്രമാണെന്നു തോന്നും. "അവൻ അവനായിത്തീരുന്നത് മരണത്തിലൂടെ. അവന് തെളിവ് അവന്റെ മരണസർട്ടിഫിക്കറ്റ് മാത്രം' എന്ന വരിയിലെ ഘനഗംഭീര ശബ്ദത്തോടെയാണ് ആനന്ദ് രംഗപ്രവേശനം ചെയ്തത്. കുന്ദനും വിഭജനങ്ങളും ഗോവർധനൊപ്പമുള്ള യാത്രകളും അതുവരെ ഞാൻ ശീലിച്ച ഭാഷയെയും ഗദ്യത്തെയും നിർദാക്ഷണ്യം ഉടച്ചുകളഞ്ഞു.

ആനന്ദിന്റെ കഥകൾ ഞാൻ പഠിച്ച ഹിസ്റ്ററി- സിവിക്സ് - ജിയോഗ്രഫി - പൊളിറ്റിക്‌സ് ടെക്സ്റ്റ് ബുക്കുകളെ വെട്ടിത്തിരുത്തി. എല്ലാ സദസ്സുകളിലും ഞാൻ പാമുക്കിനെയും ആനന്ദിനെയും ഉച്ചത്തിൽ ഉദ്ധരിച്ചുകൊണ്ടേയിരുന്നു. ചരിത്രവും രാഷ്ട്രീയവും ദേശവും എങ്ങനെ ഇഴചേർന്ന് ഒരാളുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു എന്നത് പാമുക്ക് സാഹിത്യം ചൂണ്ടിക്കാട്ടിയെങ്കിലും, ഇസ്താൻബുള്ളിന്റെ സാംസ്‌കാരിക അസമത്വങ്ങളും വ്രണിത സ്വത്വവും സർവ്വോപരി തുർക്കിയുടെ മുറിവുകളും നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കൃതികൾക്ക് കാൽപനികച്ഛായ ഉണ്ടായിരുന്നു. ഓരോ വരിയും കണക്കുകൂട്ടി എഴുതുന്ന പാമുക്ക് ഗദ്യത്തിന്റെ സ്വാധീനതയിൽ നിന്നും "ഒരു നഗരവുമായി ഒരിക്കലെങ്കിലും പ്രണയത്തിലാവാത്ത മനുഷ്യർ ഉണ്ടാവില്ല ' എന്നൊക്കെയുള്ള ഡയറിക്കുറിപ്പുകൾ ഞാൻ ഉണ്ടാക്കി.

"തുർക്കിയായാലും എപ്പോഴും അടഞ്ഞു കിടക്കുന്ന ചങ്ങനാശ്ശേരി പബ്ലിക്ക് ലൈബ്രറിയുടെ സിഗരറ്റ് തിങ്ങുന്ന റീഡിങ് റൂമായാലും നമ്മളെല്ലാം മറ്റാരോ ആവാനുള്ള ശ്രമത്തിലാണ് ' എന്നൊക്കെ ഫേസ്ബുക്കിൽ പഞ്ച് ലൈൻ ഇട്ടപ്പോഴും മണ്ണിൽ ചവുട്ടി നിൽക്കാൻ പഠിച്ചെങ്കിലും, ഉള്ളിൽ ഉണരാൻ ഇനിയും ബാക്കിയുള്ള ഇടങ്ങൾ ഉണ്ടായിരുന്നു. അനിവാര്യമായ ആ ഉണർച്ചയിലേയ്ക്ക് ആനന്ദിന്റെ ഓരോ കൃതിയും എന്നെ നയിച്ചു. മിത്തുകളും കല്ലുവയ്ച്ച നുണകളും ചേർത്ത് തുന്നിയ ഒരു ലാബിറിന്തിലാണ് ഞാൻ ജീവിക്കുന്നത് എന്ന തോന്നൽ എന്നേ ശ്വാസം മുട്ടിച്ചു. വായിച്ച ആനന്ദ് പുസ്തകങ്ങളിലേയ്ക്ക് വലിയ ഇടവേളകൾ ഇല്ലാതെ തിരികെയെത്തി. പക്ഷെ അപ്പോഴൊക്കെയും "ആൾക്കൂട്ടം' അകന്ന് നിന്നു. പല തവണ ഷെൽഫിൽ കണ്ടെങ്കിലും, എന്തോ, വായിച്ചില്ല. ചില പുസ്തകങ്ങൾ അങ്ങനെയാണ്. ഗ്രന്ഥാലയങ്ങളിലും പുസ്തകക്കടകളിലും നമ്മുടെ വിരലറ്റത്ത് വരെ എത്തിയിട്ടും ഒഴിഞ്ഞുമാറും. പിന്നീടൊരു തിരിവിൽ രംഗബോധമുള്ള ഒരു കഥാപ്രത്രത്തെപോലെ അവ വായനക്കാരന്റെ ജീവിതത്തിന്റെ തട്ടിലേക്ക് ചുവട് വയ്ക്കും.

ആൾക്കൂട്ടത്തിൽ തീർത്തും തനിച്ചായ നാളുകളിൽ ഒന്നിലാണ് ഞാൻ "ആൾക്കൂട്ടം' തപ്പിയിറങ്ങിയത്. കോളേജ് കാലം തീർന്നു. കൊടിയ വിഷാദത്തിൽ സ്തബ്ധനായി ഞാൻ നിന്നു. മുൻപോട്ടുള്ള വഴിയറിയാം - CA പഠനം അവസാന ഘട്ടം. വർണ്ണശബളമായ കലാലയാദ്ധ്യായത്തിന്റെ പൊടുന്നനെയുള്ള അന്ത്യത്തിൽ, ഒരു കാർണിവൽ രാവരങ്ങിന്റെ കാഴ്ച്ചകൾക്കിടയിൽ അച്ഛന്റെ വിരലിൽ നിന്നും ഊർന്ന് പോയ കുട്ടിയെപ്പോലെ ഞാൻ നിന്നു. ആഘോഷങ്ങൾ തീർന്നു ആരവങ്ങൾ മാഞ്ഞു, അലങ്കാരങ്ങൾ അഴിഞ്ഞു; ഞാനാ രാത്രിയിൽ അപരിചിത മുഖങ്ങളുടെ കുത്തൊഴുക്കിൽ കരയാൻ മറന്ന് നിന്നു.

പിന്നീടുള്ള നാളുകൾ ഓഡിറ്റ് സീസണുകളുടേതായിരുന്നു. 2014 മെയ് മാസത്തിനും ഒരു വർഷം ശേഷം. മാറിയ രാഷ്ട്രീയാന്തരീക്ഷം പുതിയ രൂപത്തിൽ ജീവിതത്തിൽ ഇടപെടാൻ തുടങ്ങി. മുൻപ് ആ ഇടപെടലുകൾ എന്റെ മേധാശക്തിയെ കൂടുതൽ പാകപ്പെടുത്താൻ ഉതകിയിരുന്നവയായിരുന്നെങ്കിൽ, അക്കൗണ്ടുകളുടെയും ടാക്‌സ് കണക്കുകളുടെയും തൊഴിലിടത്തിൽ അവ എന്നെ കൂടുതൽ തളർത്തി. മാതൃഭാഷ പ്രശ്‌നമായി, ഞാൻ ജനിച്ച മതം (സെമിറ്റിക് എന്നതിൽ ഉപരി ബ്രാഹ്മണിക്കൽ അല്ലാത്ത എന്തും ഏതും എന്ന വിശാലാർത്ഥം അവരുടെ പരിഹാസങ്ങളിൽ ഒളിപ്പിച്ചിരുന്നു. മതം എന്ന ചട്ടകൂടിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും അവർക്ക് പ്രശ്‌നമല്ല. പറഞ്ഞ് മനസ്സിലാക്കാൻ തുനിഞ്ഞുമില്ല) എങ്ങനെ ഈ പ്രൊഫഷനെ കളങ്കപ്പെടുത്തി എന്ന് പരസ്യമായി അവർ ക്ലാസ്സ് എടുത്തു. ഉച്ചഭക്ഷണത്തിൽ നോൺ വെജ് കണ്ട് അവർ രഹസ്യമായി മുറുമുറുത്തു. പ്രഥമ യോഗദിനത്തിൽ പ്രഥമന്റെയും ബാബാ രാംദേവിന്റെയും ഫോട്ടോയ്ക്ക് മുന്നിൽ കുമ്പിടാൻ ഉത്തരവിട്ടു. ഒട്ടും ബഹളം വയ്ക്കാതെ ഒഴിഞ്ഞു മാറിക്കൊണ്ട് "സൗകര്യമില്ല' എന്ന് പ്രഖ്യാപിച്ചു. പ്രത്യാഘാതങ്ങൾ വ്യക്തിപരമായിരുന്നു. ജീവിതം കൂടുതൽ കലുഷിതമായ നാളുകളിൽ ഓഡിറ്റുകളുടെ പേരിൽ അനേകം യാത്രകൾ ചെയ്തു. പുതിയ നഗരങ്ങളിൽ ഉണർന്ന പുലരികളിൽ, ജനനിബിഡമായ തെരുവുകളിലൂടെയുള്ള രാത്രിനടത്തങ്ങളിൽ ഞാൻ വായിച്ച പുസ്തകങ്ങളെ ഓർത്തു. അപ്പോഴെല്ലാം വായിക്കാൻ ബാക്കി വായിച്ച "ആൾക്കൂട്ടം' മനസ്സിൽ വന്നത് ഒരു കുടിയിറക്കലിന്റെ ദൃക്സാക്ഷ്യ ഓർമ്മയുടെ ഭാഗമായാണ്.

പക്ഷെ അപ്പോഴൊക്കെയും "ആൾക്കൂട്ടം' അകന്ന് നിന്നു. പല തവണ ഷെൽഫിൽ കണ്ടെങ്കിലും, എന്തോ, വായിച്ചില്ല. ചില പുസ്തകങ്ങൾ അങ്ങനെയാണ്. ഗ്രന്ഥാലയങ്ങളിലും പുസ്തകക്കടകളിലും നമ്മുടെ വിരലറ്റത്ത് വരെ എത്തിയിട്ടും ഒഴിഞ്ഞുമാറും.

കോളജിലെ അവസാന മാർച്ചിലൊരു ദിവസം. സ്വയംഭരണാവകാശം ലഭിച്ചതിനോടനുബന്ധിച്ചു തുടങ്ങിയ പരിഷ്‌കാരങ്ങളിൽ ആദ്യത്തേത് ലൈബ്രറി മോടിപിടിപ്പിക്കലായിരുന്നു. പരിഷ്‌കാരങ്ങളുടെ പുറംചട്ട മിനുക്കലുകളുടെ പേരിൽ, പഴയതെന്ന് മുദ്രകുത്തിയതെല്ലാം ഏതോ കൊണ്ട്രാക്ടർക്ക് തൂക്കി വിറ്റു. ശപിക്കപെട്ട ഓർമ്മയാണ് ആ കുടിയോഴിപ്പിക്കലുകളുടെ നാളുകൾ. പടിക്കെട്ട് കയറി ചെല്ലുന്ന എന്റെ തലയ്ക്ക് മുകളിലൂടെ പുറത്തേയ്ക്ക് പറക്കുന്ന പുസ്തകങ്ങൾ, താഴെയൊരു കോണിൽ കൂമ്പാരമായി കൂടിയ ആഘാതത്തിൽ തകർന്ന ഹാർഡ്കവറുകൾ, അഴിഞ്ഞു പിഞ്ചിചിതറിയ താളുകൾ - ബ്രദേഴ്‌സ് കരമസോവ്, യുദ്ധവും സമാധാനവും, ലൈഫ് ആൻഡ് ഒപ്പീനിയൻസ് ഓഫ് ട്രിസ്ട്രാം ഷാന്റ്റി, കയർ, ബാല്യകാല സഖി, അങ്ങനെയെത്രയോ സുന്ദരികളും സുന്ദരന്മാരും ഒപ്പം അവിടുണ്ടായിരുന്ന മുഴുവൻ സാക്കിസ് കൃതികളും. അതിനിടയിൽ, അടർന്ന താളുകൾ കൂട്ടിപ്പിടിക്കാൻ വിഫലമായി ശ്രമിക്കുന്ന കീറിയ പുറംതാളിൽ 'ആൾക്കൂട്ടം' എന്ന് കണ്ടു. വലിയ എന്തോ അവസരം നഷ്ടപ്പെടുത്തിയത് പോലൊരു കുറ്റബോധം അന്ന് മുതൽ എന്നെ പിന്തുടർന്നു.

ഓരോ യാത്രകളിലും കേരളത്തിനങ്ങോളമിങ്ങോളം പുസ്തക വിൽപ്പനശാലകളിൽ ഞാൻ 'ആൾക്കൂട്ടം' തിരഞ്ഞു. റീപ്രിന്റ് വന്നിട്ട് കാലങ്ങളായി എന്ന് ഗൂഗിൾ പറഞ്ഞിട്ടും അത് തുടർന്നു. കഥ അറിയില്ല, ഉള്ളടക്കത്തെപ്പറ്റി സൂചനകൾ ഒന്നുമില്ല പക്ഷെ , ഒരു പുസ്തകം എന്നെ തിരയുന്നതായ തോന്നലിൽ, വിൽക്കാതിരിക്കുന്ന ഒരു കോപ്പി എവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ എന്റെ യാത്രകളിൽ പിഞ്ചിയ കവർ പേജിന്റെ ഓർമ്മയിൽ ഞാൻ ആ പുസ്തകത്തിനായി തിരഞ്ഞു. പെട്ടെന്നൊരു ദിവസം 'ആൾക്കൂട്ടം' എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. താളുകൾ ഇല്ല , ഭാരം പൂജ്യം , അക്ഷരങ്ങൾ മാത്രം - ഈ - ബുക്ക് എഡിഷൻ ലഭ്യമായിരുന്നു. ആ സാധ്യത ഒരിക്കലും പ്രതീക്ഷിച്ചില്ല. പ്രതിമാസം 2000 രൂപ സ്‌റ്റൈപെൻഡ് എന്ന എന്റെ ബഡ്ജറ്റിൽ നിന്നും 250 മുടക്കാൻ രണ്ടാമതൊരു ആലോചന എന്ന പ്രശ്‌നം ഒട്ടുമുദിച്ചില്ല.

നാലഞ്ച് വർഷംപഴക്കം ചെന്ന പാവം നോക്കിയാ ഫോണിന്റെ പൊട്ടിയ സ്‌ക്രീനിന്റെ വിള്ളലുകൾക്കിടയിലൂടെ ഞാൻ ''ആൾകൂട്ടം'' വായിച്ചു തുടങ്ങി. ഓരോ വരി കഴിയും തോറും ചുറ്റുമുള്ള ലോകം കൂടുതൽ നിശബ്ദമായി. മഴയിരമ്പുന്ന വൈകുന്നേരങ്ങളിൽ കടത്തിണ്ണകൾക്കോരം നിന്ന്, സ്ലീപ്പർക്ലാസിലെ ലോവർബർത്തിന്റെ ഞെരുക്കത്തിൽ രാത്രികാല തീവണ്ടിയാത്രകളിൽ, കോഫി ഹൗസുകളിൽ, നീണ്ട ബസ്സ് കാത്തുനിൽപ്പുകൾക്കിടയിൽ - വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ എകാന്തമായോരിടം അതായിരുന്നു എനിക്ക് ''ആൾക്കൂട്ടം'' എന്ന നോവൽ. മറ്റ് ആനന്ദ് കൃതികളേക്കാൾ സ്വാഭാവിക ജീവിതത്തോട് ചേർന്ന് നിന്നിരുന്ന ജൈവ പരിസരങ്ങളാണ് ആൾക്കൂട്ടത്തിലേത്. സാങ്കേതിക ബുദ്ധിമുട്ടുകൾ സഹിച്ചുള്ള വായന ആയിരുന്നെങ്കിലും ഒട്ടും വിരസത തോന്നിയിട്ടേയില്ല കാരണം, ജീവിതത്തിന്റെ ആ കാലഘട്ടത്തിൽ ഞാൻ വായിക്കാനാഗ്രഹിച്ച വരികളായിരുന്നു നോവൽ നിറയെ. നോവലിലെ ബോംബെ നഗരം എനിക്ക് കോട്ടയവും, ചങ്ങനാശ്ശേരിയുമോക്കെയായി. പാമുക്ക് വായനയുടെ അധിനിവേശത്തിൽ കൊച്ചിയിൽ ബോസഫറസും, ബാലവാരികകൾ വാങ്ങിച്ചിരുന്ന ടൗണിലെ കടയുടമയിൽ അല്ലാദിന്റെ മുഖച്ഛായ തിരഞ്ഞും, നഗരത്തിലെ ചുവരെഴുത്തുകളിൽ മുഖങ്ങളുടെ മഹാ സാഗരത്തിലേക്ക് ഒരു തുള്ളിപോലെ നഷ്ട്ടമായ പ്രണയിനി എന്ന സങ്കൽപ്പത്തെ തേടിയും നടത്തിയ കാൽപ്പനിക സ്വത്വാന്വേഷണങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങൾ മാത്രം നിറഞ്ഞ മൗലിക ഇന്ത്യൻ അവസ്ഥയിലേയ്ക്ക് എന്നേ കൈപിടിച്ചു നടത്തി ആൾക്കൂട്ടം. എന്നെങ്കിലും കണ്ടുമുട്ടേണ്ട പ്രവാസം എന്ന ജീവന സാധ്യതയെ പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായി ആൾക്കൂട്ടം എന്നിലേയ്ക്ക് പകർത്തി. ആരാഷ്ട്രീയജീവികളെ നേരിടാനുള്ള മനോബലം നൽകി. സ്വാനുഭവങ്ങളെ സ്വതന്ത്രമായി വിശകലനം ചെയ്യാനും, തിരുത്തുകൾ വേണ്ടിടത്ത് തിരുത്താനുമുള്ള ധൈര്യം നൽകി.

നിരക്ഷരരെന്ന് മുദ്രപതിഞ്ഞ കഥാപാത്രങ്ങൾ വലിയ കാര്യങ്ങൾ പറയുന്നത് വായിച്ച് ഞാൻ എന്റെ നടപ്പാതകളിൽ കണ്ടുമുട്ടിയ സാധാരണക്കാരുടെ ഉള്ളിലേയ്ക്ക് പുതിയ കണ്ണുകളോടെ നോക്കി. ഒരു ലോട്ടറി വിൽപ്പനക്കാരൻ, ഒരു ചെരുപ്പുകുത്തി ചിലപ്പോൾ സ്ഥിരമായി ബസ് സ്റ്റേഷനിൽ കാണുന്ന ഒരു മദ്യപാനി അതുമല്ലെങ്കിൽ ബസ്സിൽ ജനാലയ്ക്കരികിൽ തലചായ്ച്ച് ഇമാചിമ്മാൻ മറന്ന് പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ഒരു മാനക്വിനെ ഓർമ്മപ്പെടുത്തുന്ന പെൺകുട്ടി. ഒരു മനുഷ്യന്റെ സൗന്ദര്യബോധത്തെ മുഴുവനായി തന്നെ മാറ്റിയെഴുതാൻ ഉതകുന്ന കാലാതീതമായ ദാർശനിക സ്പഷ്ട്ടത ആൾക്കൂട്ടത്തിന്റെ ഗദ്യത്തിനുണ്ട്.

ഓഡിറ്റ് സന്ദർശനങ്ങൾക്കിടയിൽ, തങ്ങളുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളും ജോലിയിടങ്ങളിലെ വ്യഥകളും പങ്കുവയ്ച്ചുകൊണ്ട് ഒരുപാട് ആളുകൾ വരുമായിരുന്നു. തങ്ങളുടെ പരാതികൾ മുകൾത്തട്ടിൽ എത്തിക്കാൻ, അവരെ കേൾക്കാൻ, അവർക്ക് മനസ്സ് തുറക്കാൻ ഒരിടമായിരുന്നിരിക്കണം അവരെ സംബന്ധിച്ച് ഓഡിറ്റർ എന്ന സങ്കല്പം. അവർ പറയുന്നത് ക്ഷമയോടെ കേൾക്കാനുള്ള തുറവി പരിശീലിച്ചത് ആൾക്കൂട്ടത്തിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങളിൽ നിന്നുമാണ്. ചിലപ്പോൾ ശബ്ദമുയർത്തി അവർ പരാതികൾ പറയും, വീട്ടിലെ കാര്യങ്ങൾ പറഞ്ഞ് കരയും, ഉറപ്പിച്ചിരിക്കുന്ന വിവാഹത്തെക്കുറിച്ചും ഒരു വീട്, ഗൾഫിൽ ജോലി എന്നൊക്കെയുള്ള അവരുടെ കുഞ്ഞു സ്വപ്നങ്ങൾ നനുത്ത ചിരിയോടെ പറയും. അതെല്ലാം കേട്ടിരിക്കുമ്പോൾ ഞാനും ആൾക്കൂട്ടത്തിലെ ഒരു കഥാപാത്രമായി മാറി.

സമരങ്ങളുടെ പുസ്തകമാണ് ആൾക്കൂട്ടം. മനുഷ്യൻ സ്വന്തം വ്യധകളിലൂടെ അവനവനെ തേടുന്നതിന്റെ കഥ. നോവൽ എഴുതിയിരിക്കുന്നത് മലയാളത്തിലാണ്, പക്ഷെ കഥാപാത്രങ്ങൾ പറയുന്നത് അവരുടെ ഭാഷയാണ്. അതിനു വ്യക്തമായ പേരില്ല, കാരണം അവർ സംസാരിക്കുന്നത് ഇനിയെത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും മാറാത്ത ഇന്ത്യയെക്കുറിച്ചാണ്. വേർതിരിച്ചെടുക്കനാവാത്ത ശബ്ദമുഖരിതമായ മനുഷ്യ ദു:ഖങ്ങളുടെ, സന്ദേഹങ്ങളുടെ ആഴക്കടലാണ് ഓരോ നഗരവുമെന്ന് ആൾക്കൂട്ടം പറയുന്നു. തിരകൾ തീരത്തെഴുന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളിലേയ്ക്ക് ആർത്തിരമ്പി ചിതറും പോലെ, അനേകായിരം ചരാചരങ്ങളുടെ ഹൃദയമിടിപ്പുകൾ വന്നലയ്ക്കുന്ന ഒരു അദൃശ്യ ഇടമുണ്ട് ഓരോ നഗരത്തിലും, അതിന്റെ ആത്മാവ് രാപ്പാർക്കുന്ന അദൃശ്യമായോരിടം എന്ന് ആനന്ദ് ആൾക്കൂട്ടത്തിലൂടെ സ്ഥാപിക്കുന്നു.

പിന്നീട് പുതിയ എഡിഷൻ പുറത്തിറങ്ങിയപ്പോൾ ഞാൻ വാങ്ങി. വീണ്ടും വായിച്ചു. എനിക്ക് വേണ്ടി എഴുതിയതെന്ന് തോന്നിയ അനേകം വരികൾക്കടിയിൽ ഞാൻ പെൻസിൽ വരകൾ തീർത്തു. ഒരു വരി മാത്രം, വീണ്ടും വീണ്ടും എന്നേ വിഷമിപ്പിച്ചു ''കണക്ക് ശരിയാണ്, സംഖ്യകൾ തെറ്റി''. ഒറ്റ വരിയിൽ അനേകം ജീവിതങ്ങളെ ആനന്ദ് നിർവചിച്ചിരിക്കുന്നു.

വായിച്ച പുസ്തകങ്ങളാണ് ഒരു വായനക്കാരൻ; ഹൃദയം പതിഞ്ഞ കടലാസിടങ്ങളിൽ അവൻ അടിവരയിട്ട വരികൾ ചേർന്ന് രഹസ്യമായി അവന്റെ ഗതകാല ജീവചരിത്രം പൂരിപ്പിക്കുന്നു. മങ്ങിയ മഷിപ്പാടുകൾ ഉതിർക്കുന്നത് ഓർമ്മകളുടേത് മാത്രമല്ല, അവന്റെ സ്വപ്നങ്ങളുടെ കണ്ണീർ ഉപ്പ് കലർന്ന രക്തത്തുള്ളികളുടെ ഗന്ധം കൂടിയാണ്. അതെ പോലെ തന്നെയാണ് പണ്ട് എഴുതിയ വരികളും. കാലങ്ങൾക്ക് ശേഷം നമ്മൾ എഴുതിയ വരികളിലേയ്ക്ക് തിരികെ വരുമ്പോൾ പഴയ എന്റെയും നിന്റെയും കാൽപ്പാടുകൾ കാണാം. ഒരു കുട്ടി അവൻ, പിച്ചവയ്ച്ചു നടന്നതിന്റെ അടയാളങ്ങൾ നിറഞ്ഞ മണലിടങ്ങൾ തേടി നടത്തുന്ന ഒരു തീർത്ഥാടനം പോലെയത് നമ്മുടെ മറവികളെ പൊള്ളിക്കും.

ജീവിതത്തെ നേരിടാനുള്ള ധൈര്യം പകർന്നു തരുന്ന അനേകം വരികൾ ചേർന്ന് പൂരിപ്പിച്ച സത്യങ്ങളുടെ പുസ്തകമാണ് ആൾക്കൂട്ടം. തലമുറകൾ അനേകം കഴിഞ്ഞാലും, ''ആനന്ദിന്റെ ആൾക്കൂട്ടം'' തിരഞ്ഞ് ചിലർ പുസ്തകശാലകളിൽ വന്നുകൊണ്ടേയിരിക്കും. കാരണം, അവനറിയാം ഒരു കോപ്പി അവനെ തേടുന്നുണ്ട് എന്ന്.

Comments