ഇംഗ്ലീഷിലെ കഥാപുസ്തകങ്ങൾ വായിക്കാനാണ് ആദ്യം കമ്പം തോന്നിയത്. ഇംഗ്ലീഷ് കൂട്ടിവായിക്കാൻ ആയിട്ടില്ലെങ്കിലും. വാസുണ്ണി നമ്പ്യാർ മാസ്റ്റർ ക്ലാസ്സ് ടീച്ചർക്ക് പകരം വരുന്ന പീരിയഡുകളിലും പറക്കുളം കുന്നിലൂടെ മലമക്കാവുവരെ നടക്കുമ്പോഴും ഗഡുക്കളായി പറഞ്ഞുതന്ന മോണ്ടി ക്രിസ്റ്റോ പ്രഭുവിന്റെ കഥ സൃഷ്ടിച്ച വിസ്മയമായിരുന്നു കാരണം. അദ്ദേഹം ത്രീ മസ്കറ്റിയേഴ്സും കൂടി ഏതാനും മാസങ്ങളിലെ ഇടവേളകളിൽ പറഞ്ഞ് നിർത്തി. ഡൂമായുടെ നോവലുകൾ വർഷങ്ങൾക്കുശേഷമാണ് എത്തുന്നത്.
വീട്ടിൽ ചില പത്രമാസികകൾ വന്നിരുന്നു. മൂത്ത ജ്യേഷ്ഠൻ ചില കഥാപുസ്തകങ്ങളും കൊണ്ടുവന്നിരുന്നു - തരവത്തമ്മാളുവമ്മയുടെ ലീല, മാധവൻപിള്ളയുടെ യാചകമോഹിനി തുടങ്ങിയവ. ഇന്ദുലേഖയും വന്നു. ഒളിഞ്ഞും പതുങ്ങിയും സഞ്ചരിച്ചിരുന്ന ചില നോവലുകളുമുണ്ടായിരുന്നു. രണ്ടുഭാഗങ്ങളുള്ള 'വിധി' ചില മെത്ത കൾക്കടിയിലായിരുന്നു. അത് എമിലി സോളയുടെ 'നാന' യുടെ സ്വതന്ത്രവിവർത്തനമാണെന്ന് വളരെക്കഴിഞ്ഞാണ് ഞാനറിയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥകൾക്കുവേണ്ടി എല്ലാവരും കാത്തിരുന്നു. പൊറ്റക്കാട്ടിന്റെ കഥകൾക്കായിരുന്നു ഏറെ പ്രിയം.

ഞാനും ചില കഥകൾ വായിച്ചുതുടങ്ങി. അടുത്ത ഭാഗത്തിനായി ഉത്കണ്ഠയോടെ കാത്തിരുന്ന ഒരു നീണ്ടകഥ വാരിയത്ത് കുട്ടിരാമമേനോന്റെ ‘ദരികന്റെ ലോകയാത്ര' യായിരുന്നു. മറ്റു കഥകൾ വായിച്ചശേഷം മുതിർന്നവർ അതിലേക്ക് കടക്കുംമുമ്പുള്ള ഇടവേളയിലാണ് അത് സാധിക്കുക. ചിത്രങ്ങളുണ്ടായിരുന്നു. ദരികൻ എന്ന എലിക്കുട്ടി മാളത്തിൽ നിന്ന് രാത്രി പുറത്തിറങ്ങി ലോകം കാണാൻ പുറത്തുകടക്കുമ്പോൾ നേരിടുന്ന വിപത്തുകൾ, തലനാരിഴയ്ക്കുള്ള രക്ഷപ്പെടലുകൾ. (എലിക്കുട്ടി തന്നെയല്ലേ? അതോ മുയൽക്കുട്ടിയോ? ദശാബ്ദങ്ങൾക്കപ്പുറത്തെ വായനാസുഖത്തിന്റെ ഓർമ്മയാണ്. തെറ്റു പറ്റിയെങ്കിൽ ക്ഷമിക്കുക.)
ഈ കഥാകാരന്റെ പേരിലുള്ള കഥാപുസ്തകങ്ങൾ പിന്നീട് ഞാൻ അന്വേഷിച്ചു, കിട്ടിയില്ല. അല്പം കൂടി മുതിർന്നപ്പോൾ കോമളവല്ലിക്കും ലീലയ്ക്കും യാചകമോഹിനിക്കുമെല്ലാമിടയ്ക്ക് ഇന്ദുലേഖയും അപ്ഫന്റെ മകളും വായിച്ചു. ഇന്ദുലേഖയുടെ ചരിത്രപരമായ പ്രാധാന്യം അന്നെനിക്കറിയില്ല. അപ്ഫന്റെ മകൾ രസിച്ചു. പക്ഷെ ആ കാലത്ത് ഒരു കൊച്ചുനോവൽ അതുവരെ അനുഭവപ്പെടാത്ത ഒരു കോരിത്തരിപ്പുണ്ടാക്കിക്കൊണ്ടു മുമ്പിലെത്തുന്നു. എസ്. കെ. പൊറ്റെക്കാട്ടിന്റെ നാടൻ പ്രേമം. മുക്കം പുഴയിൽ കുളിക്കുന്ന മാളു (കാമുകനിട്ട് ഓമനപ്പേർ മാലു) വിന്റെ നഗ്നതാസൂചനകളോ നിലാവത്തെ പ്രേമരംഗങ്ങളിലെ ചുംബനങ്ങളോ ആണോ കൗമാര ത്തിലെത്തിയ വായനക്കാരൻ കുട്ടിയിൽ കോരിത്തരിപ്പുണ്ടാക്കിയത്? അല്ല. അക്കാലത്തുതന്നെ വീണ്ടും വായിച്ചപ്പോൾ, കോരിത്തരിപ്പ് ശാരീരികം മാത്രമല്ല, വയലും പുഴയും ഇല്ലിമുളം കാടുകളുമൊക്കെയുള്ള ആ ഗ്രാമപ്രകൃതി എന്നെ വല്ലാതെ ആകർഷിക്കുന്നു എന്ന് ബോധ്യമായി. അൽപം ലഹരിയിൽ പാട്ടുകെട്ടി ഈരടികൾ വിതച്ച് പോകുന്ന ഇക്കോരനെയും എനിക്ക് മറ്റു രൂപങ്ങളിൽ തിരിച്ചറിയാം. അന്തിച്ചന്തയിൽനിന്നും മീൻ വാങ്ങി കള്ളുഷാപ്പിലും കയറി ചൂട്ടു വീശി വയൽ വരമ്പിലൂടെ ഗ്രാമത്തിനാകെ ശകാരങ്ങൾ എറിഞ്ഞു കൊടുത്ത് പോകുന്ന നാടൻ കഥാപാത്രങ്ങൾ എന്റെ പരിസരത്തിലുംസുലഭം. ഭീകരൻ ശത്രുവായ പരുന്തിന്റെ ചിത്രമൊക്കെ കഥയുടെ കൂടെ ഉണ്ടായിരുന്നു.

അഞ്ചു ദശാബ്ദത്തിലേറെ വരുന്ന കാലഘട്ടത്തിൽ എത്രയോ മലയാള പുസ്തകങ്ങൾ എന്റെ മുന്നിലെത്തി. അൽപം കാശ് മിച്ചം വെയ്ക്കാൻ കഴിയുമ്പോൾ - എന്റെ സ്കോളർഷിപ്പ് വകയിലുള്ള കാശാണ് - ഞാനും കൊച്ചുണ്ണിയേട്ടനും കഥാപുസ്തകങ്ങളും കവിതാപുസ്തകങ്ങളും കുറേശ്ശെയായി വാങ്ങിക്കൊണ്ടിരുന്നു. പ്രധാന എഴുത്തുകാരുടെ കൃതികൾ. മംഗളോദയം കാറ്റലോഗ് നോക്കി അധികവും ഒരുറുപ്പിക വില വരുന്ന പുസ്തകങ്ങളാണ് തിരഞ്ഞെടുത്തത്. തകഴിയുടെ ‘ചങ്ങാതികൾ' ക്ക് ഒന്നര രൂപയാണ്. രണ്ടുരൂപ കൃതികളെ അടുത്ത തവണത്തേയ്ക്ക് എന്നു നിശ്ചയിച്ചു മാറ്റിവയ്ക്കുന്നു. ചങ്ങമ്പുഴ കൃതികൾക്ക് മിക്കവാറും എട്ടണയാണ്. എല്ലാവരുടെയും എല്ലാ പുസ്തകങ്ങളും വാങ്ങി വീട്ടിൽ സമ്പന്നമായ ഒരു ഗ്രന്ഥാലയമുണ്ടാക്കണമെന്നു മോഹിച്ചു, അക്കിത്തത്തിന്റെ മനയ്ക്കലുള്ളതുപോലെ.
കാലം കഴിയുമ്പോൾ പണ്ടത്തെ പ്രിയപ്പെട്ട പുസ്തകങ്ങളിലേയ്ക്ക് വീണ്ടും കടന്നുചെല്ലുമ്പോൾ ആദ്യത്തെ ആനന്ദവും വിസ്മയവും നഷ്ടമാവുന്നു. രാജ്ഞിയുടെ വൈരമാല വീണ്ടെടുക്കാൻ ധീരോദാത്തരായ ആർത്തോസ്, പോർത്തോസ്, ആരമിസ്, ഡിയാർട്ടണൻ എന്നിവർ നടത്തുന്ന അത്ഭുതപരാക്രമങ്ങൾ ഒരുദ്വേഗവുമുണ്ടാക്കിയില്ല. പിന്നീട് എന്റെ യുവത്വത്തിൽ തിന്മയ്ക്കെതിരെ പോരാടുന്ന വീരയോദ്ധാക്കളുടെ ലോകം എവിടെയോ പോയ്മറഞ്ഞു. എങ്കിലും വായിച്ച മലയാള പുസ്തകങ്ങളിൽ നിന്നും വീണ്ടും വായിക്കുമ്പോഴും പ്രിയപ്പെട്ടവയായി അവശേഷിയ്ക്കുന്ന പലതുമുണ്ട്. കഴിഞ്ഞ കാലത്തോടും ഭാഷയോടും ഞാൻ നന്ദി പറയുന്നു. ചെറുകഥകളുടെ സമ്പത്ത് വളരെ വലുതാണ്. കാലത്തെ അതിജീവിക്കുന്ന ഒരു നൂറ് കഥകളെങ്കിലും എനിക്കു വിവിധ ഘട്ടങ്ങളിൽ നിന്നായി തിരഞ്ഞെടുക്കാൻ കഴിയും. കവിതകളുടെ കാര്യത്തിലും അത്രതന്നെയുണ്ട്. ആശാൻ കൃതികളിലേക്ക് ഇന്ന് തിരിച്ചുപോവുമ്പോഴും ഞാൻ ആഹ്ലാദിക്കുന്നു. അതിസൂക്ഷ്മവിശകലനത്തിൽ ചെറിയ അപാകതകൾ ചിലപ്പോൾ തോന്നിയിരിക്കാമെങ്കിലും പ്രിയപ്പെട്ടവയായി എന്റെ പട്ടികയിൽ ഒരമ്പതു മലയാള നോവലുകൾക്കെങ്കിലും സ്ഥാനമുണ്ട്. എം. ഗോവിന്ദന്റെയും സി.ജെ. തോമസിന്റെയും ലേഖനസമാഹാരങ്ങൾ എന്റെ പ്രിയപ്പെട്ട ഗ്രന്ഥശേഖരത്തിൽ നിർബന്ധമായും വേണം.

കഴിഞ്ഞ അഞ്ചു ദശകങ്ങളിൽ വായിച്ച വകയിൽ നിന്നും ഏറ്റവും പ്രധാനമായ അഞ്ചു കൃതികൾ തിരഞ്ഞെടുക്കാൻ 99- ന്റെ തുടക്ക ത്തിൽ ഒരിംഗ്ലീഷ് വാരിക ആവശ്യപ്പെട്ടു. അമ്പതെണ്ണമാണെങ്കിൽ ചെയ്യാം എന്നു മറുപടി അയച്ചു. അഞ്ച് പാട്. എല്ലാ ഭാഷകളിൽ നിന്നും അഞ്ചു കൃതികൾ തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൽക്കത്തയിൽ വെച്ച് എന്റെ ധർമ്മസങ്കടം സുനിൽ ഗംഗോപാധ്യായയുമായി സംസാരിച്ചു. അദ്ദേഹമാണ് ബംഗാളിയിൽ നിന്ന് ഈ കോളത്തിലേക്ക് എഴുതുന്നത്.
“നമ്മൾ നിരൂപണം ചെയ്യുകയല്ലല്ലോ. നമ്മളെ വ്യക്തിപരമായി സ്വാധീനിച്ച കൃതികൾ പറയണം. ഞാനൊരു ബാലസാഹിത്യകൃതി കൂടി ഉൾപ്പെടുത്തുന്നുണ്ട്’’.
ഞാൻ ആലോചിച്ചുനോക്കി. ഇക്കാലമത്രയും ഞാൻ വായിച്ച മലയാള കൃതികളിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത്? സംശയിക്കാനില്ല. ഒരു ചെറിയ കാവ്യഗ്രന്ഥം. വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കൽ'. ഞാനത് എത്രയോ തവണ വായിച്ചതാണ്. എന്ന് വായിക്കുമ്പോഴും അതെന്നെ അത്ഭുതപ്പെടുത്തുന്നു, അസ്വസ്ഥനാക്കുന്നു. കവിയോട് ആദരപൂർവമായ അസൂയ പിന്നെയും വളരുന്നു. ഏറ്റവും പ്രിയപ്പെട്ട എന്ന തിരഞ്ഞെടുപ്പിൽ പിന്നെ വരുന്നത്, ഇടശ്ശേരിയുടെ കവിതകളാണ്. അദ്ദേഹം “പോയ പുകിൽക്കിപ്പാടത്തരിമയൊടാരിയൻ വിത്തിടുന്നത്”. വരമ്പത്തുനിന്ന് കുട്ടിക്കാലത്ത് കണ്ട് മുതൽക്ക് ആ കവിയോട് പ്രത്യേകമായ ആരാധന തോന്നിയിരുന്നു. വീണ്ടും വീണ്ടും കടന്നുചെല്ലാൻ ആഗ്രഹിക്കുന്ന ഒരു കവിതാസമാഹാരമാണ് ഇടശ്ശേരിയുടെ “കറുത്ത ചെട്ടിച്ചികൾ”.

ഒറ്റപ്പെട്ട ചില ലേഖനങ്ങളായി വായിച്ചപ്പോൾ തന്നെ എന്റെ മനസ്സിനെ ആകെ മഥിച്ചു ഒരാത്മകഥ - വി. ടി. ഭട്ടതിരിപ്പാടിന്റെ “കണ്ണീരും കിനാവും’’. നെഞ്ഞുകീറി നേരിനെ കാട്ടാൻ ചോര വാരുന്ന, ഹൃദയം പിടയ്ക്കുന്ന വിരലുകൾ കൊണ്ട് മന്നിലേയ്ക്ക് നീട്ടിവയ്ക്കുന്ന അവസ്ഥ. പ്രിയപ്പെട്ട കഥകൾ, പ്രിയപ്പെട്ട നോവലുകൾ - വീണ്ടും വായിക്കുമ്പോഴും, ആദ്യാനുഭവത്തിലെ ജീവിതസാഹചര്യവുമായി ബന്ധപ്പെടുത്താതെതന്നെ മിഴിവോടെ, നൂതനത്വത്തോടെ, ചാരുതയോടെ നിൽക്കുന്ന കൃതികൾ വളരെയാണ്. പക്ഷെ ഇക്കൂട്ടത്തിൽ ഒരു കൃതി വേറിട്ടുനിൽക്കുന്നു. ചെറിയ നോവലെന്നോ നീണ്ടകഥയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കൃതി. നോവലിന്റെ ശിൽപത്തിൽ വിഘടനവിദ്യകൾ പ്രതിഭാശാലികൾ പ്രയോഗിക്കാൻ തുടങ്ങുന്നതിന് എത്രയോ മുമ്പ് എഴുതിയ കൃതി. നാം അറിയാതെ ചിട്ടപ്പെടുത്തിപ്പോയ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുകടന്ന് രൂപരഹിതമായ രൂപത്തിന്റെ ഭംഗിയും ശക്തിയും തേടേണ്ടിയിരിക്കുന്നു എന്നോർമ്മിപ്പിച്ച കൃതി വൈക്കം മുഹമ്മദ് ബഷീറിന്റെ “പാത്തുമ്മയുടെ ആട്’’. മൃദുവായി ജ്വലിക്കുന്ന നിതാന്തമായ ആത്മപ്രകാശം, വേദനയുടെ മഹത്തായ മന്ദഹാസം.
(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന പുസ്തകത്തിൽനിന്ന്).