ഫ്രാൻസിസ്​ ​നൊറോണ

എഴുത്ത്​ ഒരു രാജ്യമാണ്​, അതിലെ പൗരൻ
​എന്ന നിലയ്​ക്കാണ്​ എന്റെ വിമർശനം

എഴുത്തുകാരും പുസ്തകങ്ങളും ഉൾപ്പെടുന്ന എഴുത്തുലോകം ഒരു സിസ്റ്റമായി തന്നെ വർക്ക് ചെയ്യുന്നുണ്ട്. ആ സിസ്റ്റത്തെ പലരും ഇവിടെ നിയന്ത്രിക്കുന്നുണ്ട്. ആരൊക്കെ ഇതിലേക്കു വരണം, ആരൊക്കെ വരാതിരിക്കണം എന്നൊക്കെ തീരുമാനിക്കാൻ കഴിവും പ്രാപ്തിയുമുള്ള പലരും ഈ എഴുത്തിടങ്ങളിലുണ്ട്. അതുകൊണ്ടാണ് ഞാൻ ഇതിനെ മലീമസമായ ഇടം എന്നു പറയുന്നത്.

2016- ലാണ് ഞാൻ എഴുത്തിലേക്കു വരുന്നത്. അതുവരെ, വായനക്കാരൻ എന്ന നിലയിലായിരുന്നു എഴുത്തുമേഖലയുമായുള്ള ബന്ധം. ഞാൻ വായിച്ചും അനുഭവിച്ചും അറിഞ്ഞ എഴുത്തിന്റെ ഒരു ലോകമുണ്ട്. എഴുത്തുകാരെ വളരെ ആരാധനയോടെ കണ്ടിരുന്ന കാലഘട്ടമുണ്ട്. കാരണം, ഒരു വായനക്കാരന്റെ കണ്ണോടുകൂടിയാണ് ഞാൻ ഇതെല്ലാം കണ്ടിരുന്നത്. എന്നാൽ, എഴുത്തുകാരനെന്ന നിലയിൽ ഇതിനകത്തേക്ക് വരികയും എഴുത്തുമായി ബന്ധപ്പെട്ട സകല ലോകങ്ങളിലൂടെയും സഞ്ചരിക്കുകയും എഴുത്തുകാരെ അടുത്ത് പരിചയപ്പെടുകയും തൊട്ടറിയുകയും അവരോടൊപ്പം സഞ്ചരിക്കുകയും അവരിടപെടുന്ന എല്ലാ മേഖലകളും എന്റെ കാഴ്ചയ്ക്ക് പ്രാപ്യമായ രീതിയിൽ വരികയും ചെയ്ത സമയത്ത്, ഞാൻ വായനയിൽ കണ്ട എഴുത്തിന്റെ ലോകവും എഴുത്തിലൂടെ കണ്ട എഴുത്തുലോകവും പൂർണമായും വ്യത്യസ്തമാണ് എന്ന് തിരിച്ചറിഞ്ഞു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചിലപ്പോഴൊക്കെ നിരാശപ്പെടുത്തുകയും ചെയ്തു. വ്യക്തിപരവും മറ്റുള്ളവരുടേതുമായ ചില അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ എഴുത്തുമേഖലയിലേക്ക് വരേണ്ടിയിരുന്നില്ല എന്നുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്.

എഴുത്തുകാരും പുസ്തകങ്ങളും ഉൾപ്പെടുന്ന എഴുത്തുലോകം ഒരു സിസ്റ്റമായി തന്നെ വർക്ക് ചെയ്യുന്നുണ്ട്. ആ സിസ്റ്റത്തെ പലരും ഇവിടെ നിയന്ത്രിക്കുന്നുണ്ട്. ആരൊക്കെ ഇതിലേക്കു വരണം, ആരൊക്കെ വരാതിരിക്കണം എന്നൊക്കെ തീരുമാനിക്കാൻ കഴിവും പ്രാപ്തിയുമുള്ള പലരും ഈ എഴുത്തിടങ്ങളിലുണ്ട്. എഴുത്തിന് അതിന്റേതായ വിശുദ്ധിയും അതിനനുബന്ധമായ കാര്യങ്ങളുമൊക്കെയുണ്ട്. അതൊക്കെ നിലനിൽക്കുമ്പോഴും, ഈ സിസ്റ്റം അപചയങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഇതിനെ മലീമസമായ ഇടം എന്നു പറയുന്നത്. അവിടെ നവീകരണമുണ്ടാകണം. തിരുത്തപ്പെടണം. എല്ലാറ്റിനുമുപരി, എഴുത്തുകാരും എഴുത്തിടവുമെങ്കിലും ഈ ലോകത്തിന് മാതൃകയായി മുന്നോട്ട് പോകണം എന്ന ആഗ്രഹമാണ് മാസ്റ്റർപീസിലൂടെ പറയാനാഗ്രഹിച്ചത്.

വ്യക്തിപരവും മറ്റുള്ളവരുടേതുമായ ചില അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ എഴുത്തുമേഖലയിലേക്ക് വരേണ്ടിയിരുന്നില്ല എന്നുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്.

അജ്ഞാത പരാതി, പരാതിക്കാരൻ

മാസ്റ്റർപീസ് എന്ന നോവലിലെതിരെ ഹൈക്കോടതിയിലാണ് ആരോ പരാതി കൊടുത്തത്. ഈ പരാതിയിലാണ് ഡിപ്പാർട്ടുമെൻറ്​ എൻക്വയറി വന്നത്. പരാതിയുടെ പൂർണരൂപമോ ആരാണ് കൊടുത്തതെന്നോ ചോദിച്ചിട്ട് എനിക്ക് മറുപടി ലഭിച്ചിട്ടില്ല. ഈ പരാതിക്ക് എന്തോ രഹസ്യസ്വഭാവമുള്ള പോലെയായിരുന്നു മറുപടി. എനിക്ക് ഡിപ്പാർട്ടുമെന്റിൽ നിന്ന് കിട്ടിയ കുറ്റാരോപിതരുടെ മെമ്മോയിൽ പറയുന്നത്, മാതൃഭൂമി പബ്ലിഷ് ചെയ്ത മാസ്റ്റർപീസ് എന്ന നോവലിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ല എന്നാണ്. അതാണ് എന്റെ പേരിലുള്ള ഒരു ആരോപണം. ഇതുമാത്രമാണ് ഡിപ്പാർട്ട്മെന്റുതല എൻക്വയറിയുടെ ഭാഗമായി എന്നോട് ചോദിച്ചത്.

ഞാൻ സർക്കാർ സർവീസിൽ കയറുന്നത് 2000-ലാണ്, ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിൽ പ്യൂണായിട്ട്. അവിടെ ഒരു വർഷം ജോലി ചെയ്തു. സാഹിത്യമൊക്കെ എഴുതിക്കോട്ടെ എന്നു ചോദിച്ച് അന്ന് പൊതുവായി ഒരു മുൻകൂർ അനുമതി ചോദിച്ച് എഴുതിയിരുന്നു. അതു കഴിഞ്ഞാണ് ജുഡീഷ്യറി ഡിപ്പാർട്ടുമെന്റിലേക്ക് വരുന്നത്. മാസ്റ്റർപീസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇത്തരമൊരു വിഷയമുണ്ടായപ്പോഴാണ് ഞാൻ മുമ്പ് നൽകിയ അപേക്ഷയെക്കുറിച്ച് തിരക്കിയത്. രണ്ടുമൂന്നാഴ്ച കഷ്ടപ്പെട്ടിട്ടും പഞ്ചായത്തിൽ അതിന്റെ രേഖകളൊന്നുമില്ലായിരുന്നു. അതുകൊണ്ട്, മുൻപ് അനുമതിക്കായി എഴുതിയ കാര്യം എനിക്ക് പറയാൻ കഴിയാതെ വന്നു. ജുഡീഷ്യറി ഡിപ്പാർട്ടുമെന്റിൽ വന്നശേഷമാകട്ടെ, പെർമിഷനുവേണ്ടി എഴുതിയിരുന്നുമില്ല. സഹപ്രവർത്തകരോടും സർവീസിലുള്ളവരോടും ചോദിക്കുമ്പോൾ പറയും, ഒരു ജനറൽ പെർമിഷനു വേണ്ടി എഴുതിയാൽ മതി, കുഴപ്പമൊന്നും ഇല്ല, ആരും പെർമിഷനൊന്നും വാങ്ങാറില്ല എന്ന്. എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെയുള്ള, എന്നെ വായിക്കുന്ന ഓഫീസർമാർ എന്റെ പുസ്തകങ്ങൾ വരുമ്പോൾ ‘കൊള്ളാം', ‘നല്ലത്' എന്നൊക്കെ പറയാറുണ്ട്. അതുകൊണ്ടുതന്നെ പെർമിഷൻ വാങ്ങുന്നത് ഞാൻ വലിയ ഗൗരവത്തിലെടുത്തിരുന്നില്ല. അല്ലാതെ, അത് മനഃപൂർവം വാങ്ങാതിരുന്നതല്ല.

സാഹിത്യലോകം വലിയ ഭൂമികയാണ്. ഇതിനുള്ളിൽ എപ്പോഴും അസ്വസ്ഥതകൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും. ഇതിനെ നമ്മൾ വിമർശിക്കാത്തിടത്തോളം കാലം ഇത് പരിതാപകരമായ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കും.

ഫിക്ഷന് മുൻകൂർ അനുമതി അസാധ്യം

എനിക്ക് ലഭിച്ച മെമ്മോയിൽനിന്ന് മനസ്സിലാകുന്നത്, ഇതൊരു അഡ്മിനിസ്ട്രേറ്റീവ് ലാപ്‌സ് ആണ് എന്നാണ്. അതായത്, മുൻകൂർ അനുമതി വാങ്ങി ചെയ്യേണ്ട ഒരു കാര്യം, അതില്ലാതെ നമ്മൾ ചെയ്തു. അത് വളരെ ഗുരുതരമായ കുറ്റകൃത്യവുമല്ല. അങ്ങനെ വരുമ്പോൾ, സാധാരണ ചെയ്യുക, മനഃപൂർവമല്ലാത്ത വീഴ്ചയാണ്, ഇതിന് അനുവാദം തരണം എന്നുപറഞ്ഞ് കത്തു കൊടുത്താൽ അത് ക്ലിയർ ചെയ്തുകിട്ടും. പക്ഷെ, ഇങ്ങനെ ക്ലിയർ ചെയ്ത് കിട്ടിയാൽ പിന്നെ ഒരു എഫ്.ബി പോസ്റ്റ് പോലും ഇടാൻ പറ്റില്ല. അതിനും പെർമിഷൻ വേണ്ടിവരും. മറ്റൊന്ന്, ഫിക്ഷൻ റൈറ്റിങ്ങിന് മുൻകൂർ അനുമതി വാങ്ങുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം, ഫിക്ഷനകത്ത് രഹസ്യസ്വഭാവമുണ്ട്. നമ്മൾ ഇത് പത്രാധിപർക്ക് അയക്കും, പ്രസിദ്ധീകരിച്ചില്ലെങ്കിൽ അവിടെനിന്ന് ഒരു കവറിലിട്ട് തിരിച്ചയക്കും എന്ന മട്ടിൽ അതിനൊരു രഹസ്യസ്വഭാവമുണ്ട്.

'കക്കുകളി' നാടകത്തിൽ നിന്ന്

മാസ്റ്റർപീസുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായി കുറച്ചുകഴിഞ്ഞപ്പോഴാണ് കക്കുകളി എന്ന നാടകം വിവാദമായത്. അത് സഭ ഏറ്റെടുത്തു. പുരോഹിതരും കന്യാസ്ത്രീമാരുമൊക്കെ എഴുത്തുകാരനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന മട്ടിൽ സംസാരിക്കാൻ തുടങ്ങി. ഈ രണ്ടു വിഷയങ്ങളും പ്രശ്‌നമായി മാറിയതോടെ, എനിക്കൊന്ന് സ്വതന്ത്രമായി എഴുതാനാകാത്ത അവസ്ഥ വന്നു. അല്ലെങ്കിൽ ആരെങ്കിലും അഭിമുഖമോ ചെറിയ കുറിപ്പോ പോലും ചോദിച്ചാൽ എഴുതാൻ മടിയായി തുടങ്ങി. ഇത്തരമൊരവസ്ഥയിലാണ് ജോലിയിൽനിന്ന് സ്വമേധയാ വിരമിക്കാനുള്ള തീരുമാനത്തിലെത്തിയത്. 20 വർഷത്തിൽ കൂടുതലായി സർവീസിൽ, മൂന്നുവർഷം കൂടി സർവീസുണ്ട്. 20 വർഷം കഴിഞ്ഞാൽ വി.ആർ.എസ് എടുക്കാൻ ഓപ്ഷനുണ്ട്. ഇങ്ങനെയൊരു സാഹചര്യം വന്നപ്പോൾ ആ ഓപ്ഷന് എഴുതിക്കൊടുത്തു. വി.ആർ.എസിന് 90 ദിവസം മുമ്പ് അപേക്ഷിക്കണം. ആ ദിവസങ്ങളിൽ ലീവ് എടുത്ത് വീട്ടിലിരുന്നു. മാർച്ച് 31ന് സർവീസിൽനിന്ന് ഇറങ്ങുകയും ചെയ്തു.

സത്യത്തിൽ ഈ നോവൽ എഴുതുമ്പോൾ കുറെ കഥാകൃത്തുക്കളുടെയും സാഹിത്യത്തിലുള്ള ആളുകളുടെയും മുഖം മനസ്സിൽ തെളിഞ്ഞിട്ടുണ്ട്. എഴുതിക്കൊണ്ടിരിക്കുമ്പോൾ കഥാപാത്രങ്ങൾ നമ്മുടെ കൈയിൽനിന്നുതന്നെ പിടിവിട്ടുപോയിട്ടുണ്ട്. പുസ്തകരൂപത്തിൽ വായനക്കാരിലെത്തുമ്പോൾ, അവർ വായനക്കാർ ഞാൻ കാണാത്ത ചില മുഖങ്ങളും കണ്ടെത്തുന്നുണ്ട്.

ഇക്കാര്യം ആരോടും പറഞ്ഞില്ല. കാരണം, എഴുത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിൽ ഒരു എഴുത്തുകാരൻ ജോലി കളയാൻ തീരുമാനിച്ചാൽ ആരെങ്കിലും ഇടപെട്ട് വീണ്ടും ജോലിയിൽ കൊണ്ടുവരാൻ ശ്രമം നടത്തും. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുള്ളതിനാൽ, എനിക്ക് തുടരാനും കഴിയുമായിരുന്നില്ല. വ്യക്തിപരമായി സ്നേഹവും സൗഹൃദവുമൊക്കെയുണ്ടെങ്കിലും ഒരു പെറ്റീഷൻ വരുമ്പോൾ, ഡിപ്പാർട്ടുമെന്റിന് അതിന്റെ നിയമവും ചട്ടങ്ങളും പരിഗണിച്ചേ തീരുമാനമെടുക്കാൻ കഴിയൂ. അതുകൊണ്ടാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.

സർവീസിൽനിന്ന് ഇറങ്ങുന്ന ദിവസം ഒരു ചെറിയ ചടങ്ങുണ്ടായിരുന്നു. അതിന്റെ ഫോട്ടോകൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചപ്പോഴാണ് ഫേസ്ബുക്കിൽ പോസ്റ്റിടേണ്ടിവന്നത്. ഇതിനെ പലരും തെറ്റായി വ്യാഖ്യാനിക്കുന്നത് കണ്ടപ്പോഴാണ് ഇക്കാര്യം തുറന്നുപറയേണ്ടിവന്നത്. എന്റെ വി.എആർ.എസ് പരിഗണിച്ച് ഹൈകോടതി ഈ ഫയൽ ക്ലോസ് ചെയ്തിട്ടുണ്ടെന്നാണ് അറിഞ്ഞത്.

മാസ്റ്റർപീസിനെതിരായ പരാതി കരുതിക്കൂട്ടി എന്നെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഒന്നാണ് എന്നാണ് ഞാൻ കരുതുന്നത്. ഇങ്ങനെ കരുതാൻ ചില കാരണങ്ങളുണ്ട്. പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് നമുക്കെതിരെ ഒരു പരാതി പോകുന്നു എന്നുപറയുമ്പോൾ പല തലങ്ങളിൽ നിന്നാകാം. എഴുത്തിൽ നമ്മുടെ മുന്നോട്ടുപോക്ക് തടയുക എന്ന ലക്ഷ്യമുണ്ടാകാം, അല്ലെങ്കിൽ, സർവീസിൽ പ്രശ്‌നങ്ങളുണ്ടാക്കാം. എഴുത്തുകൊണ്ട് നമ്മൾ ആരെയെങ്കിലും ഉപദ്രവിക്കുകയോ അല്ലെങ്കിൽ മതം പോലുള്ള വിഷയങ്ങളിൽ എന്തെങ്കിലും പറയുകയോ ചെയ്താൽ പരാതി പോകാം. പക്ഷേ, ഈ പരാതി മാസ്റ്റർപീസ് എന്ന ഒരൊറ്റ പുസ്തകത്തിനെതിരായാണ്. ഈ നോവൽ എഴുതിയത്, എഴുത്തുലോകത്ത് അജ്ഞാതമായി കിടക്കുന്ന മലീമസമായ ഒരു മേഖലയെ തുറന്നുകാട്ടാനാണ്. അതിനെതിരെ ഹൈകോടതിയിൽ പരാതി പോകുക എന്നത്, എനിക്കെതിരായ വെല്ലുവിളി തന്നെയാണ്. കാരണം, പരാതി കൊടുക്കുന്നവരുടെ ലക്ഷ്യം എന്താണ്? ഇതിന്റെ പുറത്തൊരു എൻക്വയറി ഉണ്ടാകണം. അതിന്മേൽ എനിക്ക് മുന്നറിയിപ്പ് തരും- ഇനി എഴുതരുത്, അല്ലെങ്കിൽ മുൻകൂർ അനുമതി വാങ്ങണം എന്നു പറഞ്ഞ്. കക്കുകളി കൂടി വിവാദമായ സ്ഥിതിക്ക്, ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് എഴുത്ത് തുടരാനാകില്ല. ഇയാൾ എഴുത്ത് ഉപേക്ഷിച്ച് ഔദ്യോഗിക ജീവിതത്തിൽ ഒതുങ്ങും എന്ന ലക്ഷ്യം പരാതി കൊടുത്തവർക്കുണ്ട്. അതുകൊണ്ടാണ്, എന്നെ ടാർജറ്റ് ചെയ്തിട്ടുള്ള ഒരു പ്രവൃത്തിയാണിത് എന്നുപറയുന്നത്. നോവൽ വായനയിലുണ്ടായ അസ്വസ്ഥയിലാണ് ഈ പരാതി ഉൽഭവിച്ചത്. വായനയുടെ അടരുകൾക്കിടയിലെവിടെയോ വായിച്ചെടുത്ത ഒരു സ്‌പെയ്‌സിലാണ് അറിയപ്പെടാത്ത ആ പരാതിക്കാരൻ നിൽക്കുന്നത്. അത് ആരാണ് എന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് അജ്ഞാതശത്രു എന്ന് വിശേഷിപ്പിച്ചത്. അത് ഇപ്പോഴും സ്റ്റിൽ ആണ്, അതവിടെയുണ്ട്. പരാതി അനുസരിച്ച് അയാളുടെ ലക്ഷ്യം നടന്നില്ലെങ്കിൽ അയാൾ അടുത്തത് കൊടുക്കും. എനിക്ക് പക്ഷേ, എഴുത്ത് തുടർന്നേ പറ്റൂ.

വളരെ ഉപരിപ്ലവമായ ചില എഴുത്തുകൾ ആഘോഷിക്കപ്പെടുന്ന രീതി മലയാളത്തിലുണ്ട്. ഇത്തരം ആഘോഷങ്ങൾ സാഹിത്യത്തിന് എത്ര നല്ലതാണ് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പുതുതലമുറയെ നമ്മുടെ എഴുത്ത് അഡ്രസ് ചെയ്യുന്നില്ല.

എഴുത്തുകാരുടെ നവീകരണം എന്റെ ലക്ഷ്യമല്ല

എഴുത്ത് ഒരു രാജ്യമാണ്. അതിലെ ഒരു പൗരൻ എന്ന നിലയ്ക്കാണ് മാസ്റ്റർപീസ് എന്ന നോവൽ എഴുതുന്നത്. മലയാളത്തിലെ എഴുത്തുലോകം ജീർണാവസ്ഥയിലാണ്. എഴുത്ത് മാത്രമല്ല, പ്രസാധനം, പുരസ്‌കാരങ്ങൾ, പുസ്തകങ്ങളുടെ സെലിബ്രേഷനുകൾ, മുഖ്യധാരാവൽക്കരണം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മാസ്റ്റർപീസ് ചർച്ച ചെയ്യുന്നുണ്ട്. ഇതൊരു വർത്തമാനകാല പ്രതിസന്ധിയായി മാത്രം കാണുന്നില്ല. എഴുത്തിന്റെ ആരംഭം തൊട്ടുള്ള ഹിസ്റ്ററി പരിശോധിച്ചാൽ, ഇത്തരം പ്രവണതകൾ കാലാകാലങ്ങളായി തുടർന്നുവരുന്നതാണ് എന്നു കാണാം. ഇപ്പോൾ സോഷ്യൽ മീഡിയയുടെയും നവമാധ്യമങ്ങളുടെയും കാലത്ത് കൂടുതൽ ലൈവായി കാണുന്നു എന്നു മാത്രം.

PHOTO: Francis Noronha,facebook page

സാഹിത്യലോകം വലിയ ഭൂമികയാണ്. ഇതിനുള്ളിൽ എപ്പോഴും അസ്വസ്ഥതകൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും. ഇതിനെ നമ്മൾ വിമർശിക്കാത്തിടത്തോളം കാലം ഇത് പരിതാപകരമായ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കും. ഉദാഹരണത്തിന്, മതത്തിന്റെ കാര്യമെടുക്കാം. ഞാൻ ജീവിക്കുന്ന മതത്തിന്റെ പ്രശ്‌നം, വിമർശനങ്ങളുണ്ടാകുന്നില്ല എന്നതാണ്. അതിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുന്നില്ല. സ്വയം നവീകരിക്കാൻ അതിനകത്ത് ശ്രമങ്ങളുണ്ടാകുന്നില്ല. അപ്പോൾ ചില ആധിപത്യങ്ങളുടെ കീഴിൽ അതിന്റെ വളർച്ച മുരടിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മൾ അതിനെക്കുറിച്ച് വിമർശിക്കുന്നത്. അതുപോലെ, എഴുത്ത് എന്നത് വിമർശനത്തിന് അതീതമായ ഒരിടമാണെന്ന രീതിയിൽ പോയാൽ അതിന് അപചയമുണ്ടാകുമെന്നത് ഉറപ്പാണ്.

മാസ്റ്റർപീസ് എന്ന നോവൽ വ്യക്തമായ ബ്ലൂ പ്രിന്റോടെ എഴുതിയതാണ്. കൃത്യമായ പ്രമേയം, ഭൂമിക, ഘടന, അതിന്റെ സഞ്ചാരം തുടങ്ങിയ മുൻധാരണ കളുണ്ടായിരുന്നു. എന്റെ സാധാരണ എഴുത്തുരീതികളിൽ നിന്നുമാറി, ഹാസ്യാത്മകമായ ഒരു ഗൗരവത്തോടെയാണ് അത് ബിൽഡ് ചെയ്തിരിക്കുന്നത്. കുഞ്ചൻ നമ്പ്യാരുടെ കാലം മുതൽക്ക് പരിശോധിച്ചാലറിയാം, സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ശബ്ദിക്കാൻ സറ്റയറാണ് ഏറ്റവും ഫലപ്രദം, അതാണ് ജനമനസ്സുകളിൽ വേഗം എത്തുക.

ചെന്നൈയിൽ താമസിക്കുന്ന ദേവദാസ് വി.എം പുസ്തകം വായിച്ച് എന്നെ വിളിച്ചു പറഞ്ഞു, നൊറോണ, ഞാനും ഇതിനകത്ത് ഒരു കഥാപാത്രമായി വരുന്നുണ്ടല്ലോ എന്ന്. ദേവദാസിനെ കഥാപാത്രമായി ഇന്റൻഷനോടെ ഞാൻ ചേർത്തിട്ടില്ല എന്നാണ് മറുപടി പറഞ്ഞത്.

വ്യക്തികൾ എന്നതിനേക്കാൾ എഴുത്തുലോകം എന്ന സിസ്റ്റത്തിനുണ്ടായ അപചയമാണ് ഈ നോവലിലൂടെ പറയാൻ ശ്രമിച്ചത്. എഴുത്തുലോകം തന്നെ മെക്കാനിക്കലായ സിസ്റ്റമായി മാറുന്നുണ്ട്. അതിന്റെ ഒരു ടൂൾ എന്ന നിലയ്ക്കാണ് എഴുത്തുകാർ വരുന്നത്, ചിലരുമായി സാമ്യം തോന്നുന്നത്. അല്ലാതെ വ്യക്തിഹത്യ നടത്താനോ എഴുത്തുകാരെ കൊണ്ടുവന്നിട്ട് അവരുടെ പോരായ്മ പരിഹരിക്കാനോ അവർ നവീകരിക്കപ്പെടണം എന്ന ഉദ്ദേശ്യമോ എനിക്കില്ല. ഈ സിസ്റ്റത്തിന്റെ ഭാഗമെന്ന നിലയ്ക്കുള്ള കഥാപാത്രങ്ങളെ മാത്രമേ നോവലിൽ ആവിഷ്‌കരിച്ചിട്ടുള്ളൂ. സത്യത്തിൽ ഈ നോവൽ എഴുതുമ്പോൾ കുറെ കഥാകൃത്തുക്കളുടെയും സാഹിത്യത്തിലുള്ള ആളുകളുടെയും മുഖം മനസ്സിൽ തെളിഞ്ഞിട്ടുണ്ട്. എഴുതിക്കൊണ്ടിരിക്കുമ്പോൾ കഥാപാത്രങ്ങൾ നമ്മുടെ കൈയിൽനിന്നുതന്നെ പിടിവിട്ടുപോയിട്ടുണ്ട്. പുസ്തകരൂപത്തിൽ വായനക്കാരിലെത്തുമ്പോൾ, അവർ വായനക്കാർ ഞാൻ കാണാത്ത ചില മുഖങ്ങളും കണ്ടെത്തുന്നുണ്ട്.

ദേവദാസ് വി.എം

ചെന്നൈയിൽ താമസിക്കുന്ന ദേവദാസ് വി.എം പുസ്തകം വായിച്ച് എന്നെ വിളിച്ചു പറഞ്ഞു, നൊറോണ, ഞാനും ഇതിനകത്ത് ഒരു കഥാപാത്രമായി വരുന്നുണ്ടല്ലോ എന്ന്. ദേവദാസിനെ കഥാപാത്രമായി ഇന്റൻഷനോടെ ഞാൻ ചേർത്തിട്ടില്ല എന്നാണ് മറുപടി പറഞ്ഞത്. പക്ഷെ, മറ്റു ചില മുഖങ്ങൾ എന്റെ മുന്നിൽ വന്നിട്ടുണ്ട്. എന്റെ മനസ്സിലുണ്ടായിരുന്ന മുഖങ്ങൾക്കൊപ്പം വായനക്കാരും കുറേ മുഖങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അങ്ങനെ വായനയിലൂടെയും എഴുത്തിലൂടെയുമാണ് ഇതിന്റെ വിശാലമായ ഭൂമിക പൂരിപ്പിക്കപ്പെട്ടത്.

ബാഹ്യലോകത്തുനിന്നുള്ള ഇടപെടലുകളിലൂടെ എഴുത്തുകാർക്ക് എഴുതാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഭീകര അവസ്ഥയാണ്. അത് എതിർക്കപ്പെടേണ്ടതാണ്. അതിനെതിരെ ശബ്ദിക്കുകയും വേണം.

ഒരു ഉദാഹരണം പറയാം. ഒരു പുരസ്‌കാരത്തിന് കൃതി ക്ഷണിക്കുകയും അത് വാങ്ങാൻ പോകുന്നതും ഈ നോവലിൽ ഒരു അധ്യായം മുഴുവൻ വിവരിക്കുന്നുണ്ട്. ഈ അടുത്താണ് ഫേസ്ബുക്കിൽ, ‘വൈലോപ്പിള്ളി നാരായണമേനോന്റെ സ്മരണാർഥം' ഏർപ്പെടുത്തിയ ‘സാഹിത്യശ്രേഷ്ഠ പുരസ്‌കാര'ത്തിന്റെ അറിയിപ്പ് വന്നു. ശരിക്കുപറഞ്ഞാൽ എഴുത്ത് എന്നത് ഒരു പ്രവചനം കൂടിയാണല്ലോ. ഇത്തരമൊരു പുരസ്‌കാരത്തിന്റെ അറിയിപ്പ് വരുന്നതിന് എത്രയോ മുമ്പുതന്നെ മാസ്റ്റർപീസ് വായനക്കാരുടെ മുന്നിലുണ്ട്. ഇതിനുശേഷമാണ് നോവൽ വന്നിരുന്നതെങ്കിൽ, ഈ സംഭവമാണ് അത് എന്നു പറയാമായിരുന്നു. ഇതുപോലുള്ള പല കാര്യങ്ങളും നോവലിലുണ്ട്. ഇത്തരമൊരു മലീമസമായ സിസ്റ്റത്തെയാണ് ഞാൻ നറേറ്റ് ചെയ്യുന്നത്. അതിനുള്ള ഹെൽപിംഗ് ടൂളുകളായി മാത്രമേ ഇത്തരം സംഭവങ്ങൾ വരുന്നുള്ളൂ. എന്റെ കഥകളെയും ഒരു റൈറ്റർ എന്ന നിലയിൽ എന്നെത്തന്നെയും വിമർശിക്കാനും ഞാൻ ഈ നോവലിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ചിലയിടത്ത് ഞാൻ തന്നെ കഥാപാത്രമായി വരുന്നുമുണ്ട്.

കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിന് പകരം വൈലോപ്പിള്ളി നാരായണമേനോൻ എന്ന് തെറ്റായി അച്ചടിച്ച് ഇറക്കിയ നോട്ടീസ്

മലയാളത്തിൽ എല്ലാ വിഗ്രഹങ്ങളും തകർന്നു തരിപ്പണമായി എന്നു പറയാൻ പറ്റില്ല. ഇങ്ങനെയായിരിക്കണം എഴുത്ത്, എഴുത്തുകാർ എന്നൊരു വിഷൻ എനിക്കുണ്ട്. അവർ ഇന്ന രീതിയിലായിരിക്കണം സമൂഹത്തിൽ ഇടപെടേണ്ടത്, അവരിൽ നിന്ന് ഇന്നതൊക്കെ ഞാൻ പ്രതീക്ഷിക്കുന്നു എന്ന മട്ടിൽ എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ വരുന്ന കാര്യങ്ങളായിരിക്കാം ഇത്. എന്റെ കാഴ്ചപ്പാട് എന്നതിലുപരി എന്നെപ്പോലെ ചിന്തിക്കുന്ന അനേകം പേരുടെ കാഴ്ചപ്പാടു കൂടിയായിരിക്കാം അത്. പക്ഷേ ആ അനേകർക്ക് ഈ എഴുത്തുകാരെ തിരിച്ചറിയാനാകുന്നില്ല. ഞാൻ എഴുത്തിലേക്ക് വന്നതുകൊണ്ടാണ് എനിക്ക് അവരെ തിരിച്ചറിയാനായത്. അപ്പോൾ, ഞാൻ കണ്ടിരുന്നതിൽ കുറേയധികം വിഗ്രഹങ്ങൾ ഉടഞ്ഞുപോയിട്ടുണ്ട് എന്നത് വാസ്തവമാണ്. അതേസമയം, മനുഷ്യസ്നേഹവും സഹാനുഭൂതിയുമൊക്കെയുള്ള, മൊറാലിറ്റി കീപ്പ് ചെയ്യുന്ന ഒട്ടനവധി എഴുത്തുകാരുമുണ്ട്.

എന്റെ കഥകളുടെ ആസ്വാദനങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും അവയെ ആഴത്തിൽ പഠിക്കുകയോ വിമർശിക്കുകയോ ഒന്നും ചെയ്യുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയൊക്കെ വിമർശിക്കാൻ ഇഷ്ടം പോലെ ഇടവും സ്വാതന്ത്ര്യവും ഉണ്ട്. എങ്കിലും, ഇവിടെയും വാഴ്ത്തുകളല്ലാതെ കാമ്പുള്ള പഠനം കാണാറില്ല.

ഞങ്ങൾക്കുവേണ്ടത് വാഴ്ത്തുകളല്ല, വിമർശനങ്ങളാണ്

വളരെ ഉപരിപ്ലവമായ ചില എഴുത്തുകൾ ആഘോഷിക്കപ്പെടുന്ന രീതി മലയാളത്തിലുണ്ട്. അങ്ങനെയല്ലാത്ത എഴുത്തുകളും ഉണ്ട്. ഇത്തരം ആഘോഷങ്ങൾ സാഹിത്യത്തിന് എത്ര നല്ലതാണ് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പുതുതലമുറയെ നമ്മുടെ എഴുത്ത് അഡ്രസ് ചെയ്യുന്നില്ല. കാലാകാലങ്ങളായി നമ്മൾ പരിപാലിച്ചുപോരുന്ന സാംസ്‌കാരിക- സാമൂഹ്യ മൂല്യങ്ങളൊന്നും പുതുതലമുറയെ ബാധിച്ചിട്ടില്ല. പുതുതലമുറ കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണ്. അവർക്ക് കുറെക്കൂടി അവൈലബിളായ, വിരൽത്തുമ്പിലുള്ള എന്ന നിലയിലുള്ള ആകർഷണീയത അതിനുണ്ട്. ഉദാഹരണത്തിന് അബിൻ ജോസഫിന്റെ ഏറ്റവും പുതിയ കഥകൾ, അത് പുതുതലമുറക്കുവേണ്ടിയുള്ളതാണ്. ഇങ്ങനെ പുതുതലമുറയെ അഡ്രസ് ചെയ്യേണ്ട ഒരു കാലം കൂടിയാണിത്. അപ്പോൾ നമ്മൾ മഹത്വമുള്ളത് എന്ന മട്ടിൽ പരിപാലിച്ചുവരുന്ന ശീലങ്ങൾ പൊളിച്ചെഴുതേണ്ടിവരും.

അബിൻ ജോസഫ്

ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ അഭിമുഖീകരിക്കുന്ന പ്രമേയപരവും ഭാവുകത്വപരവുമായ പ്രതിസന്ധികൾ ആ എഴുത്തുകാരെ മാത്രം ഫോക്കസ് ചെയ്തു നിൽക്കുന്ന ഒന്നാണ്. അതിന് അവരുടെ സർഗാത്മകത കൊണ്ടുതന്നെയുള്ള പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ, ഒരു ചെടിയുടെ വളർച്ച മുരടിക്കുന്നതുപോലെ, എഴുത്ത് മുരടിച്ച് ആ എഴുത്തുകാരിയോ എഴുത്തുകാരനോ അപ്രത്യക്ഷരാകും, അത് വലിയൊരു പ്രതിസന്ധിയല്ല. അവർക്കുപകരം ആ സ്ഥാനത്ത് നിരവധി മുളകൾ പൊട്ടി നിരവധി എഴുത്തുകാർ കടന്നവരും, അങ്ങനെ ആ ഗ്യാപ് ഫിൽ ചെയ്തുപോകും. പക്ഷെ, എഴുത്തിടം തന്നെ മലീമസമായി പോകുകയാണെങ്കിലോ? ബാഹ്യലോകത്തുനിന്നുള്ള ഇടപെടലുകളിലൂടെ അവർക്ക് എഴുതാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഭീകര അവസ്ഥയാണ്. അത് എതിർക്കപ്പെടേണ്ടതാണ്. അതിനെതിരെ ശബ്ദിക്കുകയും വേണം. മാസ്റ്റർപീസ് അതിനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. മലയാള സാഹിത്യത്തിൽ ഇന്നുവരെ ഒരാളും അതിന് ധൈര്യപ്പെട്ടിട്ടില്ല.

ഫിക്ഷൻ രചന എന്നത് റിയാലിറ്റിയെ അതീഭീകരമായ പകർത്തിവക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഞാനും അതുപോലെ എഴുതിട്ടുള്ളതുകൊണ്ട് എനിക്കത് നന്നായി അറിയാം. ഈ വാദമുയർത്തുന്നതിലൂടെ ഞാൻ എന്നെതന്നെയാണ് വിമർശിക്കുന്നത്.

എഴുത്തുകാരിൽ അസഹിഷ്ണുത വളർന്നുവരുന്നു എന്നു പറയാറുണ്ട്. അങ്ങനെയല്ലാതെ എഴുത്തിനെ കാണുന്നവരുമുണ്ട്. തങ്ങളുടെ രചനകൾ വിമർശിക്കപ്പെടുന്നതിൽ അസ്വസ്ഥതയുള്ള എഴുത്തുകാരും ഉണ്ടാകാം. എങ്കിൽപോലും, ഏഴാം തലമുറ എന്ന് ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്ന തലമുറ- വിനോയ് തോമസും എസ്. ഹരീഷുമെല്ലാം അടങ്ങുന്ന തലമുറ- വളരെ സഹിഷ്ണുതയുള്ളവരാണ്. ഞങ്ങളുടെ സാഹിത്യത്തെ നിങ്ങൾ പുകഴ്ത്താതെ വിമർശനാത്മകമായി വിലയിരുത്തൂ എന്നാണ് അവർ പറയുന്നത്. വിമർശനങ്ങളെ സ്വീകരിക്കുക എന്നതും ആസ്വാദനങ്ങളെ തള്ളിക്കളയുക എന്നുള്ളതും ഒരു പോളിസി മാറ്റർ പോലെ ഞങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ വരുന്ന പുകഴ്ത്തലുകളിൽ രമിക്കുന്നവരുണ്ടാകാമെങ്കിലും റിയൽ എഴുത്തുകാർക്ക് എപ്പോഴും ആ പുകഴ്ത്തൽ തിരിച്ചറിയാനാകുന്നുണ്ട്.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എഴുത്തിനൊപ്പം വളർച്ച പ്രാപിക്കേണ്ട ഒരു ശാഖയാണ് വിമർശനവും. എന്നാൽ, ഏറ്റവും ദുർബലമായൊരു കാലഘട്ടത്തിലൂടെയാണ് മലയാള സാഹിത്യത്തിൽ വിമർശന ശാഖ കടന്നുപോകുന്നത്.

എസ്. ഹരീഷ്, വിനോയ് തോമസ്

നിരൂപണം എന്നാൽ, കേവലം ആസ്വാദനവും പുസ്തകങ്ങളുടെ പരിചയപ്പെടുത്തലുമായി അധഃപ്പതിച്ചിട്ടുണ്ട്. ആസ്വാദനം ഒരിക്കലും എഴുത്തുകാരെ വളർത്തില്ല. അവിടെയിവിടെയൊക്കെ ഒന്നുരണ്ട് പ്രസിദ്ധീകരണങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലുമൊക്കെ കാമ്പും കാതലായതുമായ സാഹിത്യനിരൂപണങ്ങൾ വരുന്നുണ്ട്. അത് വിസ്മരിച്ചുകൊണ്ടല്ല പറയുന്നത്. മലയാളത്തിൽ എണ്ണം പറഞ്ഞ നിരൂപകരുണ്ടെങ്കിലും പൊതുവേ വളരെ ഗൗരവമുള്ള സാഹിത്യപഠനങ്ങൾ ഉണ്ടാകുന്നില്ല. ഞങ്ങളെപ്പോലുള്ള തലമുറയെ വിമർശനലോകം വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല. പുതിയ എഴുത്തുകാർ അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധി കൂടിയാണ് വിമർശനത്തിന്റെ അഭാവം. എന്റെ കഥകളുടെ ആസ്വാദനങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും അവയെ ആഴത്തിൽ പഠിക്കുകയോ വിമർശിക്കുകയോ ഒന്നും ചെയ്യുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയൊക്കെ വിമർശിക്കാൻ ഇഷ്ടം പോലെ ഇടവും സ്വാതന്ത്ര്യവും ഉണ്ട്. എങ്കിലും, ഇവിടെയും എന്റേതുൾപ്പെടെയുള്ള കഥകളുടെ വാഴ്ത്തുകളല്ലാതെ കാമ്പുള്ള പഠനം കാണാറില്ല. കേരളത്തിലെ വായനക്കാർ വളരെ പ്രബുദ്ധരാണ്. സൂക്ഷ്മതയോടെ വായിക്കുന്നവർ പതിനായിരം പേരുണ്ടെങ്കിൽ അതിൽ പത്തോ അഞ്ചോ ശതമാനം മാത്രമേ സോഷ്യൽ മീഡിയയിൽ റിഫ്ലക്റ്റ് ചെയ്യൂ. പൊതുവേദികളിൽ വച്ച് നമ്മളോട് ചോദിക്കുന്ന കാമ്പുള്ള ചോദ്യങ്ങളും ഇടപെടലും ഫേസ്ബുക്കിൽ കിട്ടില്ല. പ്രബുദ്ധരായ ഒരു വായനാസമൂഹത്തിന്റെയൂം വിമർശകരുടെയും സാന്നിധ്യം, മേൽ സൂചിപ്പിച്ച പ്രതിസന്ധിയുമായി ചേർത്ത് വായിക്കണം. ഈ മൂന്ന് തലങ്ങളുടെയും- രചന, വിമർശകർ, വായനക്കാർ- ബൗദ്ധിക വികാസത്തിലാണ് എഴുത്തുലോകം പൂർണത പ്രാപിക്കുന്നത്.

പത്രവാർത്തകളുടെ സ്വഭാവത്തിൽ റിയാലിറ്റിയെ ആദിമധ്യാന്തങ്ങളോടെ പ്രസൻറ്​ ചെയ്യുന്നതാണ് ഫിക്ഷൻ എന്ന രീതിയിലുള്ള ഒരു ‘വേ ഓഫ് ഫിക്ഷൻ റൈറ്റിംഗ്' രൂപപ്പെട്ടിട്ടുണ്ട്. അത്തരം എഴുത്ത് വലിയ തോതിൽ ആഘോഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അതല്ല ശരിയായ ഫിക്ഷൻ.

എന്നി​ലെ വായനക്കാരൻ നടത്തുന്ന സ്വയം വിമർശനങ്ങൾ

ഞാൻ ഇടപെടുന്ന ഒരു മേഖല എന്ന നിലയിൽ ഫിക്ഷൻ റൈറ്റിംഗിലെ ഒരു പ്രതിസന്ധിയെക്കുറിച്ച് പറയാം. ഫിക്ഷൻ രചന എന്നത് റിയാലിറ്റിയെ അതീഭീകരമായ പകർത്തിവക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഞാനും അതുപോലെ എഴുതിട്ടുള്ളതുകൊണ്ട് എനിക്കത് നന്നായി അറിയാം. ഈ വാദമുയർത്തുന്നതിലൂടെ ഞാൻ എന്നെ തന്നെയാണ് വിമർശിക്കുന്നത്. പത്രവാർത്തകളുടെ സ്വഭാവത്തിൽ റിയാലിറ്റിയെ ആദിമധ്യാന്തങ്ങളോടെ പ്രസൻറ്​ ചെയ്യുന്നതാണ് ഫിക്ഷൻ എന്ന രീതിയിലുള്ള ഒരു ‘വേ ഓഫ് ഫിക്ഷൻ റൈറ്റിംഗ്' രൂപപ്പെട്ടിട്ടുണ്ട്. അത്തരം എഴുത്ത് വലിയ തോതിൽ ആഘോഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അതല്ല ശരിയായ ഫിക്ഷൻ. അതിന് ആന്തരികമായ ഒട്ടേറെ ലെയറുകളുണ്ട്. നമുക്കു മുമ്പുള്ളവരുടെ എഴുത്തുകൾ ആഴത്തിൽ പഠിക്കുമ്പോഴാണ് അത് മനസ്സിലാകുക. ഒരു ചെറിയ കഥയിൽ പോലും മനുഷ്യാവസ്ഥയുടെ അനേകം തലങ്ങളുണ്ടായിരിക്കും. ഫിക്ഷന്റെ എല്ലാതരം ഫോമുകളും ഇത്തരം വലിയ സാധ്യതകൾ അടങ്ങുന്നതാണ്. ഇത് വേണ്ട രീതിയിൽ ഉപയോഗിക്കാതെ, തീർത്തും ഉപരിപ്ലവമായ കൊടും റിയലിസ്റ്റിക് രീതിയിലേക്ക് ഫിക്ഷൻ റൈറ്റിംഗ് വന്നിട്ടുണ്ട് എന്നാണ് ഒരു വായനക്കാരൻ എന്ന നിലയ്ക്ക് എനിക്കുതോന്നുന്നത്.

ഫ്രാൻസിസ് നൊറോണ എന്ന വായനക്കാരൻ ഫ്രാൻസിസ് നൊറോണ എന്ന എഴുത്തുകാരനെയും ഇതേ വിമർശനത്തോടെ തന്നെയാണ് കാണുന്നത്. ആ വായനക്കാരനോടുള്ള എന്റെ കലഹങ്ങളാണ് തുടർച്ചയായി എഴുത്തിൽ തുടരാൻ എന്നെ സഹായിക്കുന്നത്. ‘നീ വഴി മാറി നടക്കണം' എന്ന നിലയിലുള്ള, എന്നിലെ വായനക്കാരന്റെ ശാസനയും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടാണ് ഞാനെന്ന എഴുത്തുകാരൻ എഴുത്തിൽ മുന്നോട്ടുപോകുന്നത്. എന്റെ ആദ്യ കഥാസമാഹാരമായ തൊട്ടപ്പനിലെയും അതിനുശേഷം വന്ന കാതുസൂത്രത്തിലെയും കഥകൾ പഠിക്കുമ്പോൾ മനസ്സിലാകും, വന്നിട്ടുള്ള മാറ്റങ്ങൾ, ഞാൻ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന്. ഏറ്റവും ഒടുവിൽ എഴുതിയ ഗേയം, ശയനമതം തുടങ്ങിയ കഥകൾ വായിച്ചാലറിയാം, ഞാനുപയോഗിക്കുന്ന ഭാഷ നവീകരിക്കാനും ഇന്നർ ലെയറുകളിലൂടെ കഥ പറയാനുമുള്ള ബോധപൂർവ ശ്രമം നടത്തുന്നുണ്ട്. വിമർശിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ലല്ലോ, അതോടൊപ്പം സ്വയം നവീകരിക്കാനുള്ള ശ്രമവും എന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.

അമ്മ റിലീജ്യസാണ്, അപ്പൻ കമ്യൂണിസ്റ്റാണ്. കക്കുകളി എന്ന കഥയുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുമ്പോൾ അതിനെതിരെ പ്രതിഷേധം നടത്താൻ പോകേണ്ടത് എന്റെ ബന്ധുക്കളാണ്. എന്റെ കുടുംബം അത് നോക്കിനിൽക്കേണ്ടിവരും.

ഒരു കഥയോ നോവലോ എഴുതുമ്പോൾ പ്ലോട്ട് അനുസരിച്ചാണ് അതിന്റെ ഭാഷ രൂപപ്പെടുക. ഒരു തീരദേശ കഥ പറയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്ലോട്ട്, ഭാഷ, അലങ്കാരങ്ങൾ, ഉപമകൾ, പഴമകൾ എന്നിവയാണ് ഉപയോഗിക്കുക. കക്കുകളിയിലും തൊട്ടപ്പനിലുമൊക്കെ അതാണ് ഉപയോഗിച്ചത്. ഇതാണ് നല്ല ഭാഷ എന്നു കരുതി എല്ലാ കഥകളിലും ഇതുതന്നെ അപ്ലൈ ചെയ്യുന്നതും പ്രശ്‌നമാണ്. അതിന് ചെടിപ്പ് വരും. ഉദാഹരണത്തിന് ഗേയം എന്ന കഥയിൽ തീരദേശഭാഷയും ഇമേജുകളും കൊണ്ടുവരാൻ കഴിയില്ല. അരികുവൽക്കരിക്കപ്പെട്ടവരുടെയും കടലോര മനുഷ്യരുടെയും കുടിയേറ്റക്കാരുടെയും ആദിവാസിയുടെയും ഭാഷയുടെ വക്താവായി വരുമ്പോഴുണ്ടാകുന്ന ചെടിപ്പുകളെ ചൂണ്ടിക്കാട്ടിയാണ്, മാനവിക ഭാഷക്കുവേണ്ടിയുള്ള വാദമുയരുന്നത്. ഇത് ഉൾക്കൊണ്ടുകൂടിയാണ് സ്വയം നവീകരണത്തിന് ഞാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

2016- ലാണ് എഴുത്തിലേക്ക് വരുന്നത്. ഏഴുവർഷമേ ആയൂള്ളൂ. അതിനിടയിൽ ഓരോ വർഷവും ഓരോ പുസ്തകം ഇറക്കാൻ പറ്റിയിട്ടുണ്ട്. ഏതൊരു കൃതിയാണെങ്കിലും പത്ത് വർഷമെങ്കിലും അതിജീവിക്കാൻ കഴിഞ്ഞെങ്കിലേ അതൊരു ശ്രേഷ്ഠ കൃതിയാണെന്ന് ഞാൻ വിചാരിക്കുന്നുള്ളൂ. പി.എഫ്. മാത്യൂസിന്റെ ചാവുനിലമൊക്കെ എത്രയോ വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് മുഖ്യധാരയിൽ ചർച്ചയാകുന്നത്. അത്തരമൊരു കാലപരിധി എന്റെ രചനകൾക്കുണ്ടായിട്ടില്ല. പത്ത് വർഷം കഴിഞ്ഞിട്ടും തൊട്ടപ്പൻ വീണ്ടും വായിക്കപ്പെടുന്നുണ്ടെങ്കിലാണ്, അതിന് വായനയുടെ തിരസ്‌കാരമോ സ്വീകാര്യതയോ എന്ന് പറയാൻ പറ്റുകയുള്ളൂ.
എഴുത്തുലോകത്തെ കുറിച്ചുള്ള എന്റെ വിമർശനങ്ങൾ സഹഎഴുത്തുകാരുമായി പങ്കിടാറുണ്ട്. എനിക്ക് അന്തർമുഖത്വം കൂടുതലുള്ളതുകൊണ്ട് എഴുത്തുമേഖലയിൽ സ്ഥിരമായ സൗഹൃദങ്ങളില്ല. ഒരുവിധത്തിൽ പറഞ്ഞാൽ എഴുത്തുമേഖലയിൽ എല്ലാവരും എന്റെ സുഹൃത്തുക്കളാണ് എന്നും പറയാം. പുതുതലമുറ എഴുത്തുകാർക്കിടയിൽ സൗഹൃദത്തിന്റെ അന്തർധാര സജീവമാണ്. അവർ എപ്പോഴും പരസ്പരം പുതിയ കൃതികളെക്കുറിച്ച് സംസാരിക്കും. പൊതുവേദിയിൽ പറയാത്ത കാര്യങ്ങൾ, ഒരു പുതിയ പുസ്തകം വരുമ്പോൾ തമ്മിൽ പറയും. എന്റെ ഒരു പുതിയ പുസ്തകമോ കഥയോ വന്നാൽ വിനോയ് തോമസോ ഹരീഷോ വിളിച്ചുപറയും, ഇന്നയിന്ന പ്രശ്‌നങ്ങളുണ്ട് എന്ന്. അത് അവരുടെ ആത്മാർഥതയുടെ കൂടി അടയാളമാണ്. അതേസമയം, പഴയ തലമുറ ഒരിക്കലും പുതിയ തലമുറയുടെ കാര്യത്തിൽ ഇടപെടാറില്ല; കൂടം കൊണ്ട് തലക്കടിക്കുന്ന പോലെ ഫീലുണ്ടാക്കുന്ന കഥകളാണ് ഞങ്ങൾ എഴുതുന്നത് എന്ന് അവരിൽ ചിലർ പറയാറുണ്ടെങ്കിലും.

എഴുത്തിലും വായനയിലും സജീവമായ ഒരു പുതിയ തലമുറ വരുന്നുണ്ട്. അവരും ഞങ്ങളെക്കുറിച്ച് ഇങ്ങനെയായിരിക്കും പറയുക. ഇത് പറയാതിരിക്കാനുള്ള ഒരു ശ്രമം കൂടി ഞങ്ങളുടെ തലമുറ നടത്തുന്നുണ്ട്. അതുകൊണ്ട്, എറ്റവും പുതിയ തലമുറയിലെ എഴുത്തുകാരുമായും സൗഹൃദങ്ങളുണ്ട്. അവർ എഴുതുന്നത് വായിക്കാറുണ്ട്, അവർ ഏതു രീതിയിലാണ് എഴുതുന്നത് എന്നറിയാനുള്ള ശ്രമം നടത്തുന്നുണ്ട്. പഴയ തലമുറയെയും ഏറ്റവും പുതിയ തലമുറയെയും ഒരേപോലെ വായിക്കുന്നവരാണ് ഏഴാം തലമുറയിൽപെട്ട ഞങ്ങൾ എന്നു പറയാം. ഞങ്ങളെ വായനാശീലത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചവരാണ് പഴയ തലമുറ. ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥ എങ്ങനെ മറക്കാൻ കഴിയും? അവർ പരിചയപ്പെടുത്തിയ അക്ഷരങ്ങൾ, അവർ കാണിച്ചുതന്ന ഭൂമിക, അവർ അവശേഷിപ്പിച്ച അനുഭൂതികൾ എന്നിവയെയൊന്നും നിഷേധിക്കാൻ കഴിയില്ല. അവരുടെ വഴികളെ ബഹുമാനിക്കുന്നതിനൊപ്പം ആ വഴിയേ പോകാതിരിക്കാനും നമ്മുടേതായ വഴി വെട്ടിത്തെളിക്കാനും ശ്രമമുണ്ട്. അതുകൊണ്ടാണ് വിനോയ് തോമസ് കുടിയേറ്റ മനുഷ്യരെക്കുറിച്ചെഴുതുമ്പോൾ ഞാൻ തീരദേശ മനുഷ്യരെക്കുറിച്ച് എഴുതുന്നത്. ഭാഷയിൽ വള്ളുവനാടൻ ചുവ വരാതിരിക്കാനും ശ്രമിക്കുന്നു.

ഒരുപാട് സ്ട്രഗിളുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. വളർന്നുവന്ന സാഹചര്യം അതികഠിനമാണ്. പട്ടിണിയും ദാരിദ്ര്യവുമെല്ലാം ശീലമാണ്. അതുകൊണ്ട് എനിക്ക് ഇത്തരം സാഹചര്യങ്ങളെ മറികടന്ന് മുന്നോട്ടുപോകാം എന്ന ആത്‌വിശ്വാസമുണ്ട്.

ഇനിയും സ്ട്രഗ്ൾ ചെയ്യേണ്ടിവന്നാൽ...

റിലീജ്യസ് പേഴ്‌സണാനായാണ് വളർന്നുവന്നതെങ്കിലും ഞാൻ സെക്യുലർ മൈന്റുള്ള ആളാണ്. അമ്മ റിലീജ്യസാണ്, അപ്പൻ കമ്യൂണിസ്റ്റാണ്. കക്കുകളി എന്ന കഥയുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുമ്പോൾ അതിനെതിരെ പ്രതിഷേധം നടത്താൻ പോകേണ്ടത് എന്റെ ബന്ധുക്കളാണ്. എന്റെ കുടുംബം അത് നോക്കിനിൽക്കേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ നമുക്ക് പൂർണ പിന്തുണ കിട്ടേണ്ടത് ജീവിതപങ്കാളി അടക്കമുള്ളവരിൽനിന്നാണ്. അത് എനിക്ക് കിട്ടുന്നുണ്ട്. ജോലി വിട്ട്​ എഴുത്ത്​ തെരഞ്ഞെടുക്കുക എന്ന തീരുമാനമെടുക്കുന്നതിൽ ഈ സപ്പോർട്ട് ഏറെ സഹായിക്കുന്നുണ്ട്. നേരെ മറിച്ച് അവർ എതിർത്താൽ പോലും എനിക്ക് ഇതേ നിലപാടിൽ തന്നെ നിൽക്കേണ്ടിവരും എന്നതും വാസ്തവമാണ്. കാരണം, ഒരുപാട് സ്ട്രഗിളുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. വളർന്നുവന്ന സാഹചര്യം അതികഠിനമാണ്. പട്ടിണിയും ദാരിദ്ര്യവുമെല്ലാം ശീലമാണ്. ആ കാലഘട്ടത്തിൽനിന്ന് സമൃദ്ധിയുടെ കാലഘട്ടത്തിലേക്ക് പോകുമ്പോഴും മനസ്സിൽ ആ ഒരു താളം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് എനിക്ക് ഇത്തരം സാഹചര്യങ്ങളെ മറികടന്ന് മുന്നോട്ടുപോകാം എന്ന ആത്‌വിശ്വാസമുണ്ട്. ഇത്തരം ഘടകങ്ങളെല്ലാം കൂടിച്ചേരുമ്പോഴാണ് എനിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയുന്നത്.

എല്ലാത്തിനുമുപരിയായി എഴുത്തിനോടുള്ള പ്രണയം.
​പ്രണയിക്കുന്ന ആൾക്കുവേണ്ടി ജീവൻ തന്നെ ത്യജിക്കുമല്ലോ. ആ ഒരു പ്രോസസ് ഇതിൽ വർക്കൗട്ടായിട്ടുണ്ട്. നമ്മൾ ലോജിക്ക് എന്നു പറയുന്ന ഒരു ഘടകവും അതിൽ വർക്കൗട്ടാകില്ല. അതുകൊണ്ടാണ് പ്രണയം എന്ന വാക്കുതന്നെ ഉപയോഗിച്ചത്. നാളെ എങ്ങനെ ഭക്ഷണം കഴിക്കാം എന്ന ചിന്ത പോലും അപ്പോൾ എനിക്കുമുന്നിലുണ്ടാകില്ല.

അമ്മക്കൊപ്പം ഫ്രാൻസിസ്​ ​നൊറോണ

എഴുത്തിനെ സംബന്ധിച്ച് മതം പ്രസക്തമായ കാര്യമല്ല. എഴുത്ത് വളരെ വിശാലമായ കാൻവാസാണ്. എഴുത്തുകാരൻ എന്ന നിലയിൽ, ജീവിതചുറ്റുപാടുകളെ അനലൈസ് ചെയ്യുന്നതിനിടെ കടന്നുവരുന്ന ചെറിയൊരു ഘടകം മാത്രമാണ് മതം. അത് അത്ര പ്രസക്തമായ കാര്യമാണെന്ന് വിചാരിക്കുന്നില്ല. ഒരു തുടക്കക്കാരനെന്ന നിലയ്ക്ക് നമ്മുടെ എഴുത്തിന്റെ ഭൂമികയെക്കുറിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് അത്തരം രീതികളിലുള്ള എഴുത്ത് വരുന്നത്. അത് എന്നെ സംബന്ധിച്ച് കുറെക്കൂടി എളുപ്പവുമാണ്, റിലേറ്റഡ് ആയ ഒരു കാര്യം എന്ന നിലയ്ക്ക്.
റിലീജ്യസായി വളർന്ന ഞാൻ എല്ലാ കൂദാശാ കർമങ്ങളും സ്വീകരിച്ചിട്ടുണ്ട്. കൂദാശയായി തന്നെയാണ്​ വിവാഹം കഴിച്ചത്​. പക്ഷെ, ഈ സംവിധാനം രോഗാതുരമായ അവസ്ഥയിലേക്കാണ് പോകുന്നത്. നവീകരിക്കപ്പെടാൻ സാധ്യതയുള്ള ഒന്നാണ് എന്ന കാഴ്ചപ്പാടിലൂടെയാണ് ഇതിനെ വിമർശിക്കുന്നത്. ജന്മത്താലും വളർച്ചയാലും നമ്മൾ വന്ന ഒരു ഇടത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമർശനം. അത്തരം വിമർശനങ്ങളിൽ പോലും, വിമർശിക്കുന്നവർ എതിർചേരിയിലാകുകയും അവർ ക്രൂശിക്കപ്പെടുകയും ചെയ്യുമ്പോൾ, അന്തിമമായി മതത്തിന്റെ ചട്ടക്കൂട് ഉപേക്ഷിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. അതേസമയം, വ്യക്തിപരമായി എനിക്ക് വേണമെങ്കിൽ ഉപേക്ഷിക്കാൻ പറ്റുമെങ്കിലും ആ മതത്തിനുള്ളിൽ വലിയൊരു സമൂഹം പെട്ടുപോകുന്നുണ്ട്. എനിക്ക് വിട്ടുപോരാൻ കഴിയുന്നതുപോലെ വിട്ടുപോരാൻ കഴിയാത്ത ഒരു സമൂഹം. ദുർബലമായ ഈയൊരു സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ ഇവർ ചൂഷണം ചെയ്യുന്നുണ്ട്. ഈയൊരു സമൂഹത്തെ കണ്ടുകൊണ്ടാണ്, ഇതിനെയൊരു പ്രോസസ് ആയി എടുത്ത് ഇത്തരം വിമർശനം നടത്തുന്നത്.

അതുകൊണ്ടുതന്നെ, മുടിയറകൾക്കുശേഷം ഇത്തരമൊരു രചന എന്റെ ജീവിതത്തിലുണ്ടാകില്ല. ഒരു അവസാന ശ്രമമെന്ന നിലയ്ക്കാണ് മുടിയറകൾ എഴുതുന്നത്. അപ്പോഴും ഇതിനെ പ്രതിരോധിക്കാൻ സ്ട്രഗ്ൾ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകുകയാണെങ്കിൽ ഇതിനെ ഉപേക്ഷിക്കാനേ പറ്റൂ. കാരണം, നമ്മുടെ ലോകം ഇതിലും വിശാലമായ ഒന്നാണ്. ▮


ഫ്രാൻസിസ് നൊറോണ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അശരണരുടെ സുവിശേഷം (നോവൽ), ആദാമിന്റെ മുഴ, ഇരുൾ രതി, പെണ്ണാച്ചി, തൊട്ടപ്പൻ, കക്കുകളിതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments