കടം പറയൽ, കടംകഥ പറയൽ, ഒരു മത്സരക്കളിയാണ്. തോറ്റപക്ഷത്തിനു കടമാകും. കടം പറഞ്ഞു തോൽപ്പിക്കുന്നതുകൊണ്ട് തോൽക്കഥ എന്നും പേർ. ഭാഷകൊണ്ടു കെട്ടിവെച്ചിരിക്കുന്ന കുരുക്ക് അഴിക്കേണ്ടിവരുന്നതുകൊണ്ട് പ്രാദേശികമായി അഴിപ്പാൻകഥ എന്നും പേരുണ്ട്. കുരുക്കഴിച്ചു വിടുത്തേണ്ടത് എന്ന അർഥത്തിലാകാം തമിഴർ വിടുകതൈ എന്നു വിളിക്കുന്നു. തമിഴ്‌നാട്ടിൽ ചില ഇടങ്ങളിൽ "വെടി" എന്നും പേരുണ്ട്. പ്രശ്‌നവിച്ഛേദക സൂചകമാകാം ഈ പേർ. പ്രശ്നപദത്തിന്റെ തത്ഭവമായ "പിചി" എന്നു തൊൽകാപ്പിയത്തിൽ കടംകഥയെ കുറിക്കാൻ പറയുന്നു. അതുതന്നെയാകാം പിൽക്കാലത്ത് "പുതിർ" എന്നായി കാണുന്നത്.
കന്നഡത്തിലും തുളുവിലും "ഒഗഡു", തെലുഗുവിൽ "വിഡികഥ" എന്നെല്ലാം പറയും. വിഡികഥ എന്ന പേർ കന്നഡത്തിലുമുണ്ട്. സംസ്‌കൃതത്തിലെ ഗൂഢപ്രശ്നം, ചിത്രപ്രശ്നം ഇവയും കൂടോക്തിയും ഓരോവക കടംകഥകൾ തന്നെ. പ്രഹേളിക, പ്രവഹ്ളിക എന്നൊക്കെ പറയുന്നവയും കടംകഥകളെപ്പോലുള്ളതുതന്നെ. പ്രശ്നം, പാലിയിൽ "പഹ്‌ന" (പൻഹ) എന്ന രൂപം ധരിക്കുന്നു. പ്രഹേളികയാണ് പ്രാകൃതങ്ങളിലെ "പഹേലി". ഇന്നത്തെ ഇന്തോ- ആര്യൻ ഭാഷകളിൽ ഇവയുടെ പലമാതിരി രൂപഭേദങ്ങൾ കാണാം.
കുരുക്കുണ്ടാക്കുന്നത് സരസമായ സൂത്രപ്പണികൊണ്ടാണ്. കടംകഥയിൽ അടങ്ങിയിരിക്കുന്ന ഉത്തരം, കിട്ടാൻ എളുപ്പമല്ലാത്ത വിധം മറച്ചുവെക്കും. ഇങ്ങനെ കടം വരുത്താൻ ഉദ്ദേശിച്ചു കഥിക്കുന്നതാണ് കടംകഥ, തോൽവി സമ്മതിച്ച് ഉത്തരം ചോദിച്ചറിയുമ്പോഴാണ്, 'ങാ, ശരിയാണല്ലോ' എന്നു തോന്നുന്നത്. അല്ലാതെ തീരെ പരിചയമില്ലാത്ത കടങ്കഥ വെറുതെ ആലോചിച്ചു ഉത്തരം പറയുക എപ്പോഴും എളുപ്പമല്ല. 'ചുണ്ടാ'ണ് “അപ്പം" എന്നുച്ചരിക്കുമ്പോൾ കൂടുന്നതും “അട" എന്നുച്ചരിക്കുമ്പോൾ വിടരുന്നതും എന്ന് ഉച്ചാരണം ശ്രദ്ധിച്ചാൽ അറിയാം. “അപ്പത്തിൽ കൂടും അടയിൽ കൂടില്ല" എന്ന കടംകഥ കേട്ടപാടേ ഈ പലഹാരങ്ങളുടെ ചേരുവ പരിശോധിക്കാൻ മുതിർന്നാൽ, തെറ്റി. വഴിതെറ്റിക്കയാണ് ഉദ്ദേശ്യം.
കടംകഥയുടെ കുരുക്ക്, പ്രഹേളികാത്വം, എവ്വിധമെല്ലാം സംഭവിക്കുന്നു എന്ന് അപഗ്രഥിച്ചുനോക്കാം.
പലപ്പോഴും വിരോധപ്രതീതിയെ ആശ്രയിച്ചാണ് കടംകഥയുടെ നിൽപ്പ്. ഒപ്പം ഉത്തരത്തിലെത്താൻ വിഷമമുണ്ടാക്കുന്ന അനാവശ്യവിവരങ്ങൾ നൽകുകയും ചെയ്യും. ഈ വകുപ്പിൽപ്പെട്ടവയാണ്.
"അച്ഛനൊരു പട്ടു തന്നു മുക്കീട്ടും മുക്കീട്ടും നനയുന്നില്ല" എന്നതും
“അച്ഛനൊരുരുള തന്നു ഉണ്ടിട്ടുമുണ്ടിട്ടും തീരുന്നില്ല" എന്നതും.
മുക്കീട്ടു നനയാത്ത പട്ട് ചേമ്പിലയും ഉണ്ടിട്ടുതീരാത്ത ഉരുള അമ്മിപ്പിള്ളയും ആണെന്നറിയുമ്പോൾ വിരോധപ്രതീതി തീരും.
ഇതിന്റെ ഉപവകുപ്പായി വരുന്ന മറ്റൊരിനത്തിൽ വിപരീതദ്വന്ദ്വകൽപ്പന, ഉത്തരത്തിലേക്കു പെട്ടെന്നെത്തുന്നതു തടയാനായി ഉപയോഗപ്പെടുത്തുന്നു.
“മുള്ളുണ്ട്, മുരിക്കല്ല
കയ്‌പുണ്ട്, കാഞ്ഞിരമല്ല’’.
ഉത്തരം: കൈപ്പയ്ക്ക (പാവയ്ക്ക).

കയ്പ്പും മുള്ളും ഉത്തരത്തിലേക്കു നയിക്കുമെങ്കിലും മുരിക്കും കാഞ്ഞിരവും ഉത്തരത്തിൽ എത്തുന്നതിന്റെ വേഗത കുറച്ചുകളയും. മുള്ളെന്നുപറഞ്ഞത് മുള്ളു പോലെ നിരപ്പില്ലാത്ത പുറംഭാഗമാണ്. കട്ടിൽക്കാലും കസേരക്കയ്യും ചിരവനാക്കുംപോലെ ഉറച്ചുപോയ ഇത്തരം അധ്യാരോപങ്ങളെയും കടംകഥകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അങ്ങനെ വായില്ലാത്ത നാക്കും നാക്കിൻമേലത്തെ പല്ലും പ്രഹേളികയാകുന്നു. ഉത്തരം: ചിരവ.
മറ്റൊരിനം, അവർണ്യവൃത്താന്താരോപത്തിലൂടെ ചമൽക്കാരം ജനിപ്പിക്കയും ഉത്തരത്തിൽനിന്നു ശ്രദ്ധമാറ്റി പ്രഹേളികാത്വത്തിൽ എത്തുകയും ചെയ്യുന്നവയാണ്.
"പകലെല്ലാം പൊത്തും പിടിയും രാവായാൽ കൂടിയിരുപ്പും."
കലഹിക്കുന്ന കെട്ടിയവനും കെട്ടിയവളുമല്ല, കൺപോളകളാണ്.
അതുപോലെ,
"തോളിൽ തൂങ്ങുംതല്ലുംകൊള്ളും"
കുസൃതിച്ചെറുക്കനല്ല, ചെണ്ടയാണ്.
ചില കടംകഥകളിലെ പ്രഹേളികാത്വം ഇരിക്കുന്നത് വാക്യത്തിലെ ഉദ്ദേശ്യഭാഗം അധ്യാരോപമായിരിക്കെ വിധേയഭാഗം വസ്തുതയായിരിക്കുന്ന വൈരുധ്യത്തിലാണ്.
ചില കടംകഥകളിലെ പ്രഹേളികാത്വം ഇരിക്കുന്നത് വാക്യത്തിലെ ഉദ്ദേശ്യഭാഗം അധ്യാരോപമായിരിക്കെ വിധേയഭാഗം വസ്തുതയായിരിക്കുന്ന വൈരുധ്യത്തിലാണ്.
"തൊട്ടാൽ പൊട്ടും പളിങ്കുകൊട്ടാരം."
നീർപ്പോളയെ “പളിങ്കുകൊട്ടാരമായി കല്പിച്ചതിൽ അധ്യാരോപമുണ്ട്. പളിങ്കായാലും തൊട്ടാൽ പൊട്ടുക വയ്യ. അവിടെയാണ് ചേർച്ചയില്ലായ്‌മ. മഞ്ഞളിനെ നിലംകീറിയെടുത്ത പൊന്നായി കല്പിക്കുന്ന കടംകഥയും ഈ വകുപ്പിൽപ്പെടുന്നു.
പ്രവൃത്തിയിൽ പൊരുത്തമില്ലാത്ത രണ്ടു വാങ്‌മയചിത്രങ്ങളെ ഉപഗൂഹനം ചെയ്യുന്ന കടംകഥകളാണ് മറ്റൊരു വകുപ്പ്. തനി നാടൻ കടംകഥകളിൽ നിത്യപരിചയത്തിലുള്ള പ്രവൃത്തികളും വസ്തുക്കളുമാണ് പ്രതിപാദ്യവിഷയങ്ങൾ. സാധാരണ പരിചയമുള്ള പ്രവൃത്തികളാണ് തൈർകടയലും തെങ്ങുചെത്തലും മറ്റും. സാധാരണ പരിചയമുള്ള വസ്‌തുക്കളാണ് അടപലക, ഓലക്കുട, കയിൽ, കലം, തേങ്ങ, ചീര, ആട് മുതലായവ. ഇവയെ കടംകഥയിൽ മാറ്റിവെക്കും. പ്രവൃത്തിയെ ചെയ്യുന്ന ആളാക്കും; ഉൽപന്നത്തെ അതുണ്ടാക്കുന്ന വസ്തുവായോ ഉൽപാദകനായോ മാറ്റും; വസ്തുവിനെ ഭാഗികമായി ഗുണസാമ്യമുള്ള മറ്റൊരു വസ്‌തുവായി കല്പിക്കും. വറ്റ് അന്നരാജനായും അടപലക ആശാരിച്ചെറുക്കനായും അരിവാർക്കൽ തടുത്തുനിറുത്തലായും വരുമ്പോൾ കടംകഥ ഇപ്രകാരം രൂപം പ്രാപിക്കും.
"അന്നരാജൻ എഴുന്നെള്ളുമ്പോൾ ആശാരിച്ചെറുക്കൻ തടുത്തുനിറുത്തി’’.
മൺകലത്തിൽ തിരിയുന്ന കടകോൽ "മണ്ണമ്പലത്തിലെ മരവെളിച്ചപ്പാടാ"യും "കുശവന്റെ വയറ്റിൽ ആശാരി വെളിച്ചപ്പെടുന്നതായും കല്പിക്കും. തെങ്ങിൻ ചുവട്ടിൽ നട്ട ചീര "കറിക്കീഴിൽ നട്ട കറി''യാകുന്നു. ചീര തിന്നാൻ ആടുവരുന്നതാണ്, “കറി തിന്നാൻ കറി വരുന്നത്. തേങ്ങവീണ് ആടുചത്താലോ "കറി വീണു കറി ചത്തു."
അധ്യാരോപമില്ലാത്ത ചെറിയ ഒളിച്ചുവെക്കൽ കടംകഥയുടെ ബീജമാകാം. ചീരയെക്കുറിക്കുന്ന കടംകഥ ഉദാഹരണം.
"പിടിച്ചാലൊരുപിടി അരിഞ്ഞാലൊരുമുറം"
സത്യം പതിവിനു നിരക്കാഞ്ഞാലുണ്ടാകുന്ന വിരോധ പ്രതീതിയും പ്രഹേളികാത്വ ഹേതുവാകാം.
"നനവേറ്റാൽ വാടും, ചൂടേറ്റാൽ നീരും" -പപ്പടം.
ചിത്രകല്പനയും അധ്യാരോപവും സാമ്യോക്ത്യധിഷ്‌ഠിതമാണ്. സാമ്യോക്തിയിൽ വിരമിക്കാതെ വിരോധാഭാസത്തിലേക്കു പരക്കുമ്പോഴാണ് വിഭ്രാമകത്വം ഉണ്ടാകുന്നത്. വാസ്തവോക്തി പ്രധാനമായ സന്ദർഭങ്ങളിലും പ്രഹേളികാത്വം പിറക്കുന്നത് പതിവിനു നിരക്കാതെ വരുമ്പോളുണ്ടാകുന്ന വിരോധപ്രതീതി വഴി വിഭ്രാമകത്വം ഉണ്ടാകുമ്പോഴാണ്.
കാര്യഹേതുക്കളുടെ പൊരുത്തക്കുറവ്, വിഷമം, പ്രഹേളികാബീജമാകാം. സൈക്കിൾ എന്ന ചവിട്ടുവണ്ടിയെ കുറിക്കുന്ന കടംകഥ ഉദാഹരണം.
"വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിലോടും."

വിഷമം, അധ്യാരോപം വഴിക്കും ഉണ്ടാകാം. നിലവിളക്കിനെ കുളമായും അതുവഴി വക്കത്തുള്ള കത്തിച്ച തിരിയെ കൊക്കായും കല്പിക്കുന്ന കടംകഥ എടുത്തുനോക്കുക.
"കൊക്കിരിക്കെ കുളം വറ്റിവറ്റി".
കൊക്ക് കുളം വറ്റിക്കയില്ലോ. അതാണിവിടത്തെ വിഷമഹേതു.
വേറൊരു വകുപ്പു കടംകഥകൾ സംഭാവനാലങ്കാരത്തിന്റെ മട്ടിൽ അതുണ്ടായാൽ ഇതുണ്ടാകുമെന്നു പറയുന്നു. അവിടെയും പൊരുത്തക്കുറവുണ്ടാകുകയും ചെയ്യും.
"എടുത്താൽ കരയും വച്ചാൽ കരയില്ല" -ഏത്തം
"കാലിൽ പിടിച്ചാൽ തോളിൽ കയറും" -കുട
കാര്യം നടക്കുന്നില്ല, കാരണമുണ്ടായിട്ടും എന്ന മട്ടിലുള്ള വിശേഷോക്തി വേറൊരു വകുപ്പിൽ പെടുന്നു.
"നമ്പൂരി വെന്താലും പൂണൂലു വേവില്ല" -കാട്ടുവഴി
"കാടുണ്ട്, കടുവയില്ല; വീടുണ്ട്, വീട്ടാരില്ല;കുളമുണ്ട്, മീനില്ല" -നാളികേരം.
ചിത്രകല്പനയും അധ്യാരോപവും സാമ്യോക്ത്യധിഷ്‌ഠിതമാണ്. സാമ്യോക്തിയിൽ വിരമിക്കാതെ വിരോധാഭാസത്തിലേക്കു പരക്കുമ്പോഴാണ് വിഭ്രാമകത്വം ഉണ്ടാകുന്നത്.
ഇത്തരം ഉദാഹരണങ്ങളിൽ അധ്യാരോപത്തിനു പുറത്താണ് വിശേഷോക്തിനിബന്ധനം. കാടിനെ നമ്പൂരിയായും വഴിയെ പൂണൂലായും കല്പിച്ച് കാടുവെന്തിട്ടും വഴി വേവാത്തതിനെ പൊരുത്തക്കുറവ് എന്നമട്ടിൽ ആവിഷ്കരിക്കുന്നു. വൈരുദ്ധ്യം തന്നെയാണ് ഇവിടെയും പ്രഹേളികാത്വഹേതു.
ഹേതു- ഫലങ്ങൾ രണ്ടിടത്തായി അസംഗതീനിബന്ധനം സാധിക്കുന്ന കടംകഥകളുമുണ്ട്.
"കിഴക്കേപ്പുറത്തു വാഴവെച്ചു. പടിഞ്ഞാറെപ്പുറത്തു കുല വെട്ടി" -ഉദയാസ്തമയങ്ങൾ.
"കൊച്ചിയിൽ വിതച്ചത് കൊല്ലത്തു കായ്ച്ചു” - മത്തൻ, വെള്ളരി.
നിലവിലുള്ള ഈ "വ്യാകരണം" അനുസരിച്ച് പുതിയ സൃഷ്ടികളും സാധിക്കും.
"ഇവിടെ ഞെക്കിയാൽ അവിടെ കറങ്ങും" - ഫാൻ
"ഇവിടെ മന്ത്രിച്ചാൽ അവിടെ അലറും"- ഉച്ചഭാഷിണി.
കാരണമില്ലാത്ത കാര്യം എന്നു പ്രസ്‌താവിക്കുക വഴിയാണ് ചില കടംകഥകളിൽ പ്രഹേളികാത്വം ഉത്ഭവിക്കുന്നത്.
“എല്ലില്ലാക്കുഞ്ഞൻ പുഴ നീന്തിക്കടന്നു" -അട്ട.
"ഓടാത്തമ്മയ്ക്കു ഓടും കുട്ടി" അമ്മിക്കുട്ടി".
കസേരക്കയ്യും കട്ടിൽക്കാലും കണ്ടെത്തിയ ശിശുസദൃശമായ പ്രാഥമിക ഭാവനയാണ് കടംകഥകളെയും സൃഷ്ടിച്ചത്. ഞെക്കുവിളക്കിന്റെ പ്രകാശവൃത്തം ചുവരിലേക്കു വീണപ്പോൾ കുട്ടി പറഞ്ഞു: "കൊഴലീന്നതാ ഒരമ്പളിമാമൻ" ഞെക്കുവിളക്ക്, "പൊക്കിളിൽ തൊട്ടാൽ ഇളിച്ചുകാട്ടും" എന്നു കണ്ടെത്തിയതും ബാലഭാവനതന്നെ.

കടംകഥ ഒരു തരം ഭാഷാകേളിയാണല്ലോ. സാമാന്യഭാഷയിലെ ശ്ലേഷസാധ്യത കടംകഥയിൽ പരമാവധി പ്രയോജനപ്പെടുത്തും. "അടയുടെ ഉള്ളിൽ പെരുമ്പട" എന്നതിൽ അട, തേനീച്ചക്കൂട്ടിലെ അടയാണ്. "നൂറ്റുകുടത്തിൽ പത്താന പോയി." ആന കുഴിയാനയും നൂറ്റുകൂടം ചുണ്ണാമ്പു കുടവുമാണ്.
ആചാരഭാഷയിൽ വിനയം പ്രകടിപ്പിക്കാൻ വളച്ചുകെട്ടുന്ന ഒരേർപ്പാടുണ്ട്. മുളക് "എരിയണ''തും കൊണ്ടാട്ടം (വറ്റൽ) "ചവയ്ക്കണ''തും ആകുന്നത് ഈ മട്ടിലാണ്. അലങ്കാരശാസ്ത്രത്തിന്റെ സാങ്കേതികഭാഷയിൽ പറഞ്ഞാൽ ഇവിടെയെല്ലാം നാം കാണുന്നത് ധർമ്മ- ധർമ്മികൾക്ക് അഭേദാധ്യവസായം ചെയ്യുന്ന അതിശയോക്തി തന്നെയാണ്. മുറുക്കാന്റെ ഘടകങ്ങൾ കടംകഥയിലാക്കിയിരിക്കുന്നതു നോക്കുക.
“നുള്ളിയെടുത്തത്, പൊളിച്ചെടുത്തത്.
പുകച്ചെടുത്തത്, ചുട്ടെടുത്തത്."
-വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ്.
അരയാലിനെ "ആലിൽ പാതി''യാക്കുന്ന ഒരു കടംകഥ കുഞ്ഞുണ്ണിയുടെ കടംകഥാ സമാഹാരത്തിലുണ്ട്. അതുപോലെ വാക്കെങ്ങനെ എഴുതുമെന്നോർത്താൽ ഉത്തരം കിട്ടുന്ന "ലഹളയ്ക്കു മുമ്പൻ വേലയിൽ പിമ്പൻ" എന്ന മട്ടിൽ ചിലതും. ഇവിടെ ഉത്തരം "ല" എന്ന ലിപി. ഇതൊന്നും ശുദ്ധ വാഗ്- രൂപ പാരമ്പര്യത്തിൽ പെട്ടതാവില്ല. സാമ്പ്രദായിക ലിഖിത സാഹിത്യത്തിലെ പ്രഹേളികകളോടാണ് ഇവയ്ക്കു കൂടുതൽ അടുപ്പം. സംസ്‌കൃതത്തിലെ പ്രഹേളികാപദ്യങ്ങളെ ഇവ അനുസ്മരിപ്പിക്കുന്നു.

കളിയായോ കാര്യമായോ ബുദ്ധിമിടുക്കു പരിശോധിക്കുന്ന കടംകഥകളും മറ്റു വകുപ്പുകളിൽനിന്നു വ്യത്യാസപ്പെട്ടവയാണ്.
“ഉറങ്ങും കണ്ണടയ്ക്കില്ല'' -മീൻ
“തോണ്ടാത്ത കിണറ്, കെട്ടാത്തപുര" - കടൽ, ആകാശം.
കുട്ടികളുടെ ക്രീഡോപകരണമായ നാടൻ കടംകഥകൾക്ക് ഉത്തരമായി സുഖം, ദുഃഖം എന്നീ അമൂർത്താശയങ്ങളോ വിശപ്പ്, മരണം തുടങ്ങിയ അസുഖകരമായ ആശയങ്ങളോ അല്ല, നിത്യപരിചിതങ്ങളായ സസ്യങ്ങളും ജന്തുക്കളും ശരീരഭാഗങ്ങളും കാലഭേദങ്ങളും വെളിച്ചം, മഴ, സൂര്യചന്ദ്രന്മാർ, ആകാശം തുടങ്ങിയവയും ആണ് വരാറുള്ളത്. കടംകഥകൾ ഒരളവിൽ ജനജീവിതം ചിത്രീകരിക്കുന്നു. മഞ്ഞുകട്ടയെപ്പറ്റി നമുക്കൊരു കടംകഥ ഉണ്ടാകുക വയ്യ, പീടികയിൽ കിട്ടുന്ന ഐസിനെപ്പറ്റി പുതിയ കടംകഥ സാധ്യമാണെങ്കിലും. എഴുത്തുവിദ്യ പരിചയമുള്ള സമുദായത്തിനേ പനങ്കൂമ്പിനെ "മണ്ണിനുള്ളിലെ പൊന്നെഴുത്താണി"യായി രൂപണം ചെയ്യാൻ പറ്റൂ. മൺകലത്തിൽ പെരുമാറുന്ന കടകോലിനെ "മണ്ണമ്പലത്തിൽ മരത്തിൻറെ വെളിച്ചപ്പാട്" എന്നു ചിത്രീകരിക്കണമെങ്കിൽ വെളിച്ചപ്പാടിനെ പരിചയമുണ്ടാകണമല്ലോ.
പണ്ടെന്നോ ഉണ്ടായി ഇന്നും ബാക്കിനിൽക്കുന്ന ഒരു തരം വാങ്മയസംഘാതമാണ് കടംകഥ എന്നു കരുതുന്നത് ശരിയല്ല. കടംകഥയിൽ പഴമ നിലനില്ക്കുന്നു എന്നത് ശരിയാണെങ്കിലും പുതിയ കാലത്തും അവ ഉണ്ടാകുന്നുണ്ട്.
സംസ്കാരങ്ങളുടെ സാദൃശ്യം കടംകഥയിലും പ്രതിഫലിക്കും. നമ്മുടെ "ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട"യും (കടുക്, കുരുമുളക്) "തോട്ടത്തിൽ അമ്മയ്ക്കു തോളോളം വള"യും (കവുങ്ങ്) പണിയർ തുടങ്ങിയ ആദിവാസികൾക്കുമുണ്ട്. ഇത്തരം സാദൃശ്യം തമിഴ്- കന്നഡ കടംകഥകളോടും നമ്മുടെ കടംകഥകൾക്കുണ്ട്. അവയുടെ താളവും പദനിബന്ധനരീതിയും നമുക്ക് അന്യമല്ല. സംസ്‌കാരങ്ങളിൽ അകൽച്ചയുള്ളവരും ഒരേതരം കടംകഥ ഉപയോഗിച്ചു എന്നു വരാം. "ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല" എന്ന് ശവപ്പെട്ടിയെക്കുറിക്കുന്ന കടംകഥയും "ഉറങ്ങാൻ കിടക്കുമ്പോൾ അനാവശ്യമായ ചെരിപ്പി"നെപ്പറ്റിയുള്ള കടംകഥയും നമുക്കുള്ളപോലെ ഇംഗ്ലീഷിലുമുണ്ട്. വസ്‌തുപ്രതിഭാസങ്ങളോടുള്ള മനുഷ്യമനസ്സിന്റെ സമാനപ്രതികരണമാണ് ഈ സമാനതയ്ക്ക് കാരണം.
പണ്ടെന്നോ ഉണ്ടായി ഇന്നും ബാക്കിനിൽക്കുന്ന ഒരു തരം വാങ്മയസംഘാതമാണ് കടംകഥ എന്നു കരുതുന്നത് ശരിയല്ല. കടംകഥയിൽ പഴമ നിലനില്ക്കുന്നു എന്നത് ശരിയാണെങ്കിലും പുതിയ കാലത്തും അവ ഉണ്ടാകുന്നുണ്ട്. കടംകഥയുടെ രചനയ്ക്കു തക്ക മനോഭാവം അവശേഷിക്കുന്ന കാലത്തോളം അവ ഉണ്ടായിക്കൊണ്ടിരിക്കും. താഴെ കൊടുക്കുന്ന കടംകഥകൾ പുതിയവയാണെന്ന് ഉത്ത രങ്ങളുടെ നവീനത സാക്ഷ്യംവഹിക്കുന്നു.
1. “ഇവിടെ ഞെക്കിയാൽ അവിടെ കറങ്ങും" - ഫാൻ.
2. "ഇലയില്ലാവള്ളിയിൽ പൂപോലെ കായ്"- ബൾബ്.
3. “മണിയടിച്ചാൽ മലമ്പാമ്പോടും"- തീവണ്ടി.
ഇതുപോലെ കൊതുകിന്റെ കുത്തിവെപ്പും പൂവൻകോഴിയുടെ പോലീസന്വേഷണവും കടംകഥയിൽ കണ്ടാൽ അത് പുതുമയുടെ ലക്ഷണമാണ് എന്നുറപ്പിക്കാം.
നാടൻ കടംകഥകളുടെ ഒരു സ്വഭാവം താളബദ്‌ധതയാണ്. പദ്യത്തോടാണ് ഇതിനടുപ്പം. ഗദ്യപ്രായമായവ ചുരുങ്ങും.
മഞ്ജരിക്കു തുല്യമാണ്,
"ആനകേറാമലേലാടുകേറാമലേ-ലായിരം കാന്താരി പൂത്തിറങ്ങി"- (നക്ഷത്രങ്ങൾ) എന്നത്. തരംഗിണിയുടെ താളം തന്നെയാണ്,
"ഇല്ലത്തമ്മ കുളിച്ചുവരുമ്പോൾ
കുഞ്ഞിത്തെയ്യം തുള്ളിത്തുള്ളി"- (അരിതിളയ്ക്കുന്നത്.) എന്ന കടംകഥയ്ക്കുള്ളത്.

"ഓണം വന്നോണം വന്നിയ്യാള്..." എന്ന നാടൻ പാട്ടിന്റെ താളത്തിനൊക്കും ആനയെക്കുറിക്കുന്ന "തക്കം പിത്തക്കം നാലാള് - തപ്പിട്ടു കൊട്ടാൻ രണ്ടാള്...." എന്ന കടംകഥ.
മറ്റൊരു താളം കേൾക്കാം, നെൽച്ചെടിയെ കുറിക്കുന്ന "തലവട്ടിയിൽ, തടിതൊട്ടിയിൽ" എന്നതിൽ.
“പറ പറ പറ പറ പക്ഷിപറ" എന്ന കുട്ടിക്കളിയുടെ വായ്ത്താരിത്താളമാണ് തിരികല്ലെന്നുത്തരമായ "തിരി തിരി തിരി തിരി അമ്മതിരി തിരി തിരി തിരി തിരി മോളു തിരി' എന്ന കടംകഥയ്ക്ക്.
വീശുവല വീശിയെറിയുന്നതിന്റെ പ്രതീതി ജനിപ്പിക്കാനാണ് "തിരിഞ്ഞു തിരിഞ്ഞായിരം കണ്ണൻ - പരന്നു പരന്നാറ്റിൽ വീണു’’ എന്ന കടംകഥയിലെ ശ്രമം.
ശബ്ദാവർത്തനം തുടർച്ച കാണിക്കുന്നതിന് സഹായകമാണ്. നിലവിളക്കിനെ "കൊക്കിരിക്കും കുളം വറ്റിവറ്റി" എന്നതിലൂടെയും ചന്ദ്രനെ “തുടച്ചാലും തുടച്ചാലും ചേറുപോകാത്ത കണ്ണാടി''യിലൂടെയും കാണിച്ചുതരുമ്പോൾ ശബ്ദാവർത്തനം, തമിഴരുടെ അടുക്കുത്തൊടർ, ആണ് കാണുന്നത്. ആദിമധ്യാന്തങ്ങളിലായി പാദത്തിന്റെ ഏതുഭാഗത്തും അടുക്കുത്തൊടർ നിബന്ധിക്കുന്ന ശീലം നമ്മുടെ കാവ്യഭാഷയിൽ കണ്ടുവരുന്നു. ഉണ്ണുനീലി സന്ദേശത്തിലെ "വെളവെള വിളയിപ്പിക്കുമക്കീർത്തി", "തുകിത്തുകി തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ", "താങ്ങിത്താങ്ങിത്തദനു മൃദുനാ മാരുതേനാനുയാതോ", "തത്തിത്തത്തിച്ചെറുതിരകളിൽച്ചേർന്ന മുക്താകലാപം കൊത്തിക്കൊത്തിക്കുരികിൽ പരുകച്ചേർന്നതിരാഭിരാമം" എന്നിടത്തൊക്കെ പാദാദിയിലാണ് ആവർത്തനം. കൃഷ്ണഗാഥയിൽ അവസാനഭാഗത്താണ് പൊതുവേ: “നന്ദനൻ തന്നെയും നണ്ണി നണ്ണി”, "ദോഃസ്ഥലം കൊണ്ടങ്ങു താങ്ങിത്താങ്ങി" എന്നിങ്ങനെ. രണ്ടും ചേർന്നും വരാം- “കണ്ടിച്ചുകണ്ടിച്ചു വീഴ്ത്തിവീഴ്ത്തി."
ചിലപ്പോൾ കടംകഥയിലെ പദങ്ങൾ പ്രാസത്തിനും താളത്തിനും നിരക്കുന്ന നിരർഥപദങ്ങളാകും. പക്ഷെ പ്രാസതാളങ്ങളിൽനിന്നൊരു അർഥം ജനിക്കും.
അനുപ്രാസവും പാദാന്ത്യപ്രാസവും കടംകഥയിൽ നടപ്പുണ്ട്.
"കടകത്തിച്ചു, തലകുത്തിച്ചു"- നെൽച്ചെടി
"അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ - അങ്ങോട്ടിങ്ങോട്ടോടുന്നു"- എലി
ചിലപ്പോൾ കടംകഥയിലെ പദങ്ങൾ പ്രാസത്തിനും താളത്തിനും നിരക്കുന്ന നിരർഥപദങ്ങളാകും. പക്ഷെ പ്രാസതാളങ്ങളിൽനിന്നൊരു അർഥം ജനിക്കും. ഉദാഹരണമായി ആനയുടെ നടത്തം: "തത്തക്കം പിത്തക്കം നാലാള്’’.
പാവൽ (കയ്‌പ) വള്ളിയിലെ ഇല: "ഇലകാരകകോരക"
പല കടംകഥകളും നാടൻപാട്ടിൽനിന്ന് വളരെ അകലുന്നില്ല. വൃത്തഗന്ധവും പ്രാസഭംഗിയും മാത്രമല്ല ആഹ്ലാദഭാവവും തിളങ്ങുന്നുണ്ട് താഴെക്കൊടുത്ത കടംകഥയിൽ.
“ആനകേറാമലേലാടുകേറാമലേ
- ലായിരം കാന്താരി പൂത്തിറങ്ങി."

ഈ നക്ഷത്രഗീതി അങ്ങനെതന്നെ കടമ്മനിട്ട "ശാന്ത" എന്ന കവിതയിൽ എടുത്തിരിക്കുന്നു. നിറനിലാവോലുന്ന കവി മനസ്സാണ് നിലാവിനെ, "നാഴൂരിപ്പാലോണ്ട് നാടാകെക്കല്ല്യാണം" എന്നാക്കിയത്. നമ്മുടെ കവികൾ അറിഞ്ഞും അറിയാതെയും കടംകഥകൾ രചിക്കുന്നുമുണ്ട്. ആശാൻ മിന്നാമിനുങ്ങിനെപ്പറ്റി എഴുതുന്നു:
“ചുടുന്നതില്ലിച്ചെറുതീയിതൊന്നുമേ
കെടുന്നതില്ലീ മഴയത്തുപോലുമേ."
പൂങ്കോഴിയുടെ പുഷ്കലകണ്ഠനാദത്തെപ്പറ്റി കുറ്റിപ്പുറത്തു കേശവൻനായർ എഴുതിയ ശ്ലോകാർധം:
“താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനേമുഴങ്ങും വലിയോരലാറം."
എന്നാൽ കവിതയിലെ 'വിത'യും അക്ഷരത്തിലെ 'അര'വും കണ്ട കുഞ്ഞുണ്ണിയാണ് കടംകഥയുടെ താവഴിയിൽ പിറന്ന കവി. അദ്ദേഹത്തിന്റെ ശ്ലേഷ-യമക-വിരോധാഭാസ പ്രതിപത്തി കടംകഥയിൽനിന്നു കിട്ടിയതാണ്. പഴമൊഴിയേയും കടംകഥയേയും ഉരുട്ടിക്കൂട്ടിയപ്പോഴാണ് അദ്ദേഹത്തിന്
"കക്കണം കവി കക്കൊലാ" എന്നും,
"മാനം നോക്കി നടക്കരുതാരും
മാനം നോക്കി നടക്കണമാരും’’ എന്നും കിട്ടിയത്.
കടംകഥ, ജനമനസ്സിലുണ്ടെന്നാണ് ചില മുദ്രാവാക്യങ്ങൾ തെളിയിക്കുന്നത്. ഒരു കുട്ടപ്പൻ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എതിരാളികൾ കൂക്കിയാർത്തു:
"പെട്ടി പെട്ടീ ചിങ്കാരപ്പെട്ടി - പെട്ടി തുറന്നപ്പോൾ കുട്ടപ്പൻ പൊട്ടി."
'ചക്ക'യെക്കുറിക്കുന്ന ഒരു കടംകഥയിൽനിന്ന് ഉരുത്തിരിച്ചതാണിത്.
കടംകഥാഭാഷയുടെ നാടോടിത്തവും ശിശുത്വവും ശ്രദ്ധേയമാണ്. ശിശുമനോഭാവത്തിന്റെ സ്ഫുരണമായതുകൊണ്ടാകാം അമ്മയും അച്ഛനും കടംകഥകളിൽ ധാരാളംവരും. ഉപ്പിന് സൂര്യൻ അച്ഛനും, കടൽ അമ്മയും ആണത്രേ. പതിവിനു വിപരീതമായി അതിന് അമ്മയെയാണത്രെ പേടി. പറ്റം, ഒരമ്മ പെറ്റ മക്കളാണ്. അടയ്ക്കാക്കുലയെപ്പറ്റി "ഒരമ്മപെറ്റ മക്കളെല്ലാം തൊപ്പിക്കാര്." മനുഷ്യത്വാരോപത്തിൽ ആദ്യം വരുന്നത് അമ്മയാണ്. മിക്ക കടംകഥകളും രൂപവിവരണം സാധിക്കുന്നു. വാഴക്കുല, "ആയിരം കിളിക്ക് ഒരു കൊക്ക് "; കന്നഡത്തിൽ "സാവരഗിണിഗെ ഒന്ദേ കൊക്കു."
കടംകഥാഭാഷയുടെ നാടോടിത്തവും ശിശുത്വവും ശ്രദ്ധേയമാണ്. ശിശുമനോഭാവത്തിന്റെ സ്ഫുരണമായതുകൊണ്ടാകാം അമ്മയും അച്ഛനും കടംകഥകളിൽ ധാരാളംവരും.
കടംകഥാവാക്യങ്ങൾക്ക് ചില സാമാന്യലക്ഷണങ്ങളുണ്ട്. ഒരു വിഭാഗം, രണ്ടുനാമങ്ങളോ നാമവാക്യങ്ങളോ തൊടുക്കുന്നു.
"ഇത്തിരിക്കുഞ്ഞൻ ഒരൊറ്റക്കണ്ണൻ"
- കുന്നിക്കുരു.
"ഒരാൾക്ക് രണ്ടു തലേക്കെട്ട്"
- ഉലക്ക.
ഇത്തരം വാക്യങ്ങൾ ശൃംഖലിതമായും കാണാം.
"അമ്മ കറുത്തത്, മോളു വെളുത്തത് -മോളുടെ മോളൊരു സുന്ദരിക്കോത"
- വെള്ളിലത്താളി.
ആദ്യവാക്യത്തിന്റെ വിവരണമടങ്ങുന്ന രണ്ടാം വാക്യം - ഇങ്ങനെയുള്ള വാക്യത്തുടരും കടംകഥകളുടെ ഒരു വിഭാഗമാണ്.
"കരയില്ലാക്കടലിലെ കച്ചോടം -
തുഴയില്ലാക്കടലിലെ കച്ചോടം"
- ചന്ദ്രക്കല.
ചൂർണികകളോ അവയുടെ ശൃംഖലകളോ ആണ് രൂപം വിവരിക്കുന്നവയിൽ കൂടുതലും. പ്രവൃത്തി വിവരിക്കുന്നവയിൽ കൂടുതലും സങ്കീർണ്ണവാക്യങ്ങളാണ്.
ദണ്ഡിയുടെ കാവ്യാദർശത്തിലും മറ്റും പ്രതിപാദിക്കുന്ന പ്രഹേളികകളുണ്ടല്ലോ. അവ നാടൻ കടംകഥകളുമായി എത്ര അടുത്തുനിൽക്കുന്നു എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും ദണ്ഡി പറയുന്ന പതിനാറു വകുപ്പും നാടൻ കടംകഥകളേക്കാൾ രസികത്തത്തിൽ താഴെയാണെന്ന്. അവയിൽ മിക്കപ്പോഴും പ്രഹേളികാബീജം പദവും വാക്യവും മുറിക്കുന്നതിന്റെ മാതിരി ഭേദമാണ്. ചോദ്യവും ഉത്തരവും ഒക്കുന്ന ഒരു പ്രഹേളിക:
“കംബലവന്തം ന ബാധതേ ശീതഃ."
ചോദ്യമാകുമ്പോൾ കം-ബലവന്തം........' എന്നു മുറിക്കണം.
"ഏതു ബലവാനെ തണുപ്പു വിഷമിപ്പിക്കുന്നില്ല?' എന്നു ചോദ്യം.
ഉത്തരം, "കംബലവന്തം......." എന്ന്. "കമ്പിളിയണിഞ്ഞവനെ തണുപ്പു വിഷമിപ്പിക്കുന്നില്ല" എന്നു സാരം.
"മജ്ജൻമകരഃ" എന്നത് മത്-ജന്മകരഃ" എന്നു മുറിച്ചാൽ എനിക്ക് പിറവി ഏകിയ പിതാവിനെയും “മജ്ജത്-മകരഃ" എന്നെടുത്താൽ മകരങ്ങൾ മുങ്ങിക്കിടക്കുന്ന സമുദ്രത്തെയും കുറിക്കാം. അതുവഴി അച്ഛനും കടലുമൊക്കുമെന്ന പ്രഹേളിക ജനിക്കും. “പൂർണ്ണചന്ദ്രമുഖി'യാണെന്ന ന്യായത്തിന്മേൽ യാമിനിയെയും കാമിനിയേയും തുല്യപ്പെടുത്തും.
സാദ്യശ്യനിബന്ധനം വഴി പ്രഹേളികയുണ്ടാക്കുന്ന "സമാനരൂപ''ക്കും മറ്റും നാടൻ കടംകഥയുടെ മുഖച്ഛായയും ഒരു ഇമ്പവും ഉണ്ട്. കയ്യും വിരലും നഖവും വള്ളിയിലെ അഞ്ചു തളിരും തളിരിന്മേൽ വിരിഞ്ഞ പൂവും ആയി കല്പിക്കുന്ന ഉദാഹരണം നോക്കുക. ഉത്തരം തെറ്റിക്കാൻ ശ്രദ്ധവെക്കുന്ന, "തോളിൽ തൂങ്ങും തല്ലുംകൊള്ളും" (ചെണ്ട) എന്ന തരം പ്രഹേളികയാണ് "നാമാന്തരിത". നാടൻകഥയ്ക്ക് സദൃശമായ ഇതിനും ഒരു ഭംഗിയുണ്ട്. ഒരു കൊച്ചു തല്ലുകൊള്ളിയുടെ ചിത്രം കിട്ടുന്നു എന്നതാണ് ഇവിടത്തെ ചമൽകാരകാരിത്വം. അതുപോലെ പെൺകിടാങ്ങളുടെ അരക്കെട്ടിൽ കേറിയിരിക്കുന്നവനായി കുടത്തെ ചിത്രീകരിക്കുന്നു.
കടംകഥകളുടെ പാരമ്പര്യത്തിന് അതിപ്രാചീന സംസ്കാരങ്ങളോളം പഴക്കമുണ്ട്. ഈജിപ്‌തിലെ പുരോഹിതന്മാർ പ്രഹേളികാപടുക്കളായിരുന്നു. അവരുടെ മതം തന്നെ ദുരൂഹതയിൽ പടുത്തതായിരുന്നു. പ്രഹേളികയുടെ അധിദേവതയായിരുന്നു സ്ഫിങ്ക്സ്. മനുഷ്യജീവിതത്തെപ്പറ്റി സ്‌ഫിങ്ക്‌സ് ചോദിച്ച കടംകഥയ്ക്ക് ഉത്തരം പറഞ്ഞ് ഈഡിപ്പസ് സ്ഫിങ്ക്സിനെ ജയിച്ചെന്ന് യവനപുരാണങ്ങൾ ഉദ്ഘോഷിക്കുന്നു.

ഭാരതീയരുടെ വേദോപനിഷത്തുകളിലെ ഗ്രന്ഥികളും പ്രഹേളികാപ്രായങ്ങൾ തന്നെ. രാജാക്കന്മാരോട് ഋത്വിക്കുകൾ ഗൂഢപ്രശ്‌നങ്ങൾ ചോദിക്കുന്ന ചടങ്ങ് ഋഗ്വേദത്തിൽ പരാമർശിക്കുന്നു. ഇത്തരം ആധ്യത്മിക പ്രഹേളികകളുടെ പാരമ്പര്യം ഉപനിഷത്തുക്കളിൽ തുടരുന്നു. മുണ്ഡകോപനിഷത്ത് ജീവാത്മ- പരമാത്മാക്കളെയാണത്രേ, ഒരേ വൃക്ഷത്തിൽ ഇരിക്കുന്ന രണ്ടു പക്ഷികളായി ചിത്രീകരിക്കുന്നു. ഇവയിൽ സ്വാദുഫലം (ലൗകികസുഖം) ആസ്വദിക്കുന്നതിനേക്കാൾ തേജസ്വി തിന്നാതിരിക്കുന്ന മറ്റതാണത്രെ. മഹാഭാരതത്തിലെ യക്ഷപ്രശ്‌നത്തിലും കടംകഥാപ്രായമായ ഭാഗങ്ങളുണ്ട്. ഇതര സന്ദർഭങ്ങളിൽ ഭാരതത്തിൽ ‘ഗ്രന്ഥികൾ’ വിതറിയിട്ടുണ്ട്. യുദ്ധത്തിൽ വീണുപോയ ഭീഷ്‌മർ തനിക്കേറ്റത് അർജ്ജുനചാപമാണെന്നറിഞ്ഞ് പറയുന്നു, തള്ളയുടെ ഉടൽ പിളർന്നു പിറക്കുന്ന (എന്നു വിശ്വാസം) ഞണ്ടിൻകുഞ്ഞിന്റെ പ്രവൃത്തിപോലെയായി ഇതെന്ന്. എന്നാൽ ഈ ആശയമല്ല പ്രത്യക്ഷത്തിൽ തോന്നുക - മാഘമാസത്തിൽ പശുവിന്റേതെന്ന വണ്ണം എന്റെ അംഗങ്ങൾ പിളരുന്നു എന്നാണ്. "മാഘമാസേ ഗവാമിവ"- അത് "മാഘമാസേ-ഗവാമിവ" എന്നു പിരിക്കാതെ "മാഘമാ- സേഗവാമിവ" എന്നു പിരിച്ചാൽ "ഞണ്ടിൻകുഞ്ഞമ്മയെപ്പോലെന്നംഗങ്ങൾ പിളരുന്നിതേ" എന്നു കിട്ടുമത്രേ.
പുരാതന ബാബിലോണിയയിലെ ശിശുപാഠഗ്രന്ഥത്തിലുള്ള കടംകഥയാണത്രെ രേഖപ്പെടുത്തിയതിൽ ആദ്യത്തേത്. മേഘത്തെക്കുറിച്ചുള്ളതാണത്: "തിന്നാതെ തടിക്കുന്നതേത്? കുഞ്ഞില്ലാതെ ചിന വരുന്നതെന്തിന്?"
ബൈബിളിലെ ശലോമോൻ രാജാവിന്റേയും ഷീബാറാണിയുടേയും കടംകഥാമത്സരകഥകൾ പ്രസിദ്ധമാണ്.
കടംകഥ ഇന്ന സമയത്തു പറയേണ്ടതാണ് എന്നൊരു സമയക്ലിപ്തി കേരളീയ പാരമ്പര്യത്തിൽ ഇല്ല. എന്നാൽ കർണാടകത്തിൽ വിവാഹം തുടങ്ങിയ ആഘോഷങ്ങളുടെ അവസരങ്ങളിൽ കടംപറഞ്ഞു കളിക്കുക പതിവാണത്രെ. സാധാരണ ദിവസങ്ങളിൽ ഈ വിനോദം പതിവുമില്ല. നിലാവത്ത് ഉല്ലസിക്കുമ്പോഴും കമനീകമനൻമാരുടെ വിലാസവേളകളിലും ഈ വിനോദം പതിവാണത്രെ. തുളുവന്മാരുടെ ഗ്രാമീണ വീരഗാഥകളിൽ നായകന്മാരുടെ ബുദ്ധിവൈഭവം പ്രകടിപ്പിക്കാൻ അവർ കടംകഥാ മത്സരവിജയികളാകുന്ന വൃത്താന്തം വിസ്തരിക്കുന്നു. കേരളീയ പാരമ്പര്യത്തിൽ മുതിർന്നവരുടെ വിനോദമായി കടംകഥയെ എണ്ണാറില്ല.
മലയാളത്തിൽ കടംകഥാപഠനങ്ങൾ എന്നല്ല സമാഹാരങ്ങൾതന്നെ കുറവാണ്. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ഏതാനും ചിലത് ഉദ്ധരിക്കുന്നു. വേലായുധൻ പണിക്കശ്ശേരിയുടെ ഒരു സമാഹാരമുണ്ട്. കുഞ്ഞുണ്ണിയുടേത് രണ്ടെണ്ണമുണ്ട്. ഒന്നിൽ പഠനം കൊടുത്തിരിക്കുന്നു. കുഞ്ഞുണ്ണിയുടെ പട്ടികയിൽ ഉള്ളൂർ നല്‌കുന്ന ചിലതെല്ലാം കാണുന്നില്ല. പ്രസിദ്ധീകരിച്ച പട്ടികകളിൽ സ്വീകരിച്ചവയിൽത്തന്നെ പാഠഭേദങ്ങളും കാണാം.
"ഞെട്ടില്ലാ വട്ടയില" (പപ്പടം) കുഞ്ഞുണ്ണിയുടെ പട്ടികയിൽ പരന്നു വരുന്നു:
"അകമില്ലാത്തില, പുറമില്ലാത്തില ഞെട്ടില്ലാത്തില വട്ടത്തിൽ."
താക്കോൽ ഉത്തരമായ, "കിലുകിലുക്കം കിക്കിലുക്കും ഉത്തരത്തിൽ ചത്തിരിക്കും" എന്നതിന് ".......ഒളിച്ചിരിക്കും" എന്നും പാഠമുണ്ട്. ഇതൊന്നും ബോധപൂർവം പാഠപരിഷ്കരണം നടത്തിയതാകണമെന്നില്ല. വാമൊഴി പാരമ്പര്യത്തിന്റെ സാധാരണസ്ഥിതി മൂലവുമാകാം. എന്നാൽ ചിലതെല്ലാം സമാഹർത്താക്കളുടെ ശ്രമംകൊണ്ട് മിനുസപ്പെട്ടതുമാകാം. നാടൻ കടംകഥകളുടെ "വ്യാകരണ"ത്തിനു നിരന്നു വന്നാൽ തിരിച്ചറിയുകയില്ല. ഉദാഹരണമായി ഈ ലേഖകൻ "സൃഷ്ടിച്ച" കടംകഥകൾ ചിലതു പരിശോധിക്കുക.
1. "അച്ചില്ലാച്ചക്രം അലങ്കാരച്ചക്രം"- വള.
2. “അടച്ചു പൂട്ടിയ വെളുത്തകൊട്ടാരം"- മുട്ട.
3. "എല്ലാടോം നക്കും മൂലയ്ക്കു നിക്കും"- ചൂല്.
4. "കൂട്ടുവരും വീട്ടിൽ കേറില്ല"- ചെരുപ്പ്.
▮
സഹായക ഗ്രന്ഥങ്ങൾ:
-കുഞ്ഞുണ്ണി, 1973, തിരഞ്ഞെടുത്ത കടംകഥകൾ. റാണി ബുക്ക്സ്റ്റാൾ, കോഴിക്കോട്.
-1981, കടംകഥകൾ, കേരള സാഹിത്യ അക്കാദമി.
-പരമേശ്വരയ്യർ, ഉള്ളൂർ എസ്. 1974. കേരളസാഹിത്യചരിത്രം (വാള്യം-1). നാലാം പതിപ്പ്. കേരള സർവകലാശാല.
-വേലായുധൻ, പണിക്കശ്ശേരി. 1969. ആയിരം കടങ്കഥകൾ. നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം.
-ശങ്കുണ്ണിനായർ, എം.പി. 1986. 'കോതി ബൈദ്യയും ചെന്ന ബൈദ്യയും' കത്തുന്ന ചക്രം. മാതൃഭൂമി, കോഴിക്കോട്.
-സോമശേഖരൻനായർ, പി. 1976. പണിയർ. നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം.
-ഇരാമനാതൻ, ആറു. 1978. തമിഴിൽ പുതിർകൾ- ഓര് ആയ്. സമുദായ ചിറ്പികൾ വെളിയീട്ടകം, മഞ്ചക്കൊല്ലെ.
-സുബ്രമണിയൻ, സ. വേ. 1977. തമിഴിൽ വിടുകതൈകൾ (രണ്ടാം പതിപ്പ്) ഉലകത്തമിഴാരായ്ച്ചി നിറുവനം, മദ്രാസ്.
-രംഗനാഥറെഡ്ഢി ശാസ്ത്രി. 1970. 'തൃതീയ പരിച്ഛേദഃ', കാവ്യാദർശഃ (സവ്യാഖ്യാനം) ഭണ്ഡാർകർ ഓറിയെൻറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൂന.
Kamalanath Gha. 1975. Figurative Poetry in Sanskrit Literature. Delhi: Motital Banarasidas.
Panditaraya. M.N.V. 1976. Kannada Riddles' Proceedings of Third All India Conference of Dravidian Linguists. Dharwar: Karnatak University.