ആഖ്യാനശൈലി കൊണ്ട് പുതുമയില്ലാത്തൊരു കലാസൃഷ്ടിയാണ് എസ്. ഹരീഷിന്റെമീശ എന്ന നോവൽ. നോവലിസ്റ്റ് തന്നെ മാജിക്കൽ റിയലിസം എന്ന് പറഞ്ഞുകഴിഞ്ഞു. മാജിക്കൽ റിയലിസത്തിന് മനുഷ്യഭാവനയുടെ ആദ്യസ്ഫുരണങ്ങൾക്കുള്ള അത്ര തന്നെ പഴക്കമുണ്ട്. അതല്ല ലാറ്റിനമേരിക്കൻ ബൂമിനാണെങ്കിലും അരനൂറ്റാണ്ടിന്റെ പ്രായം കഴിഞ്ഞിരിക്കുന്നു. ഗാബൊ പോലും മരിച്ചുപോയിരിക്കുന്നു.
അത്യുക്തികളും ന്യൂനോക്തികളും കൊണ്ടുള്ള കേളിയാണ് മീശ. അതത്രയെ ഉള്ളൂ എന്ന് പറയാനെളുപ്പമാണ്. സർക്കസ് കൂടാരങ്ങളിലെ നിത്യസന്ദർശകർക്ക് ഞാണിന്മേൽ കളി ഒരു പുതുമയല്ല. പക്ഷേ വീണ് പോന്ന നിമിഷം ചത്ത് പോവുന്നതും കിടന്ന് പോവുന്നതും ആ നിമിഷത്തിന്റെ കളിക്കാരനാണ്.
ഇളംകുളം കുഞ്ഞൻപിള്ളയോടും പി. കുഞ്ഞിരാമൻനായരോടുമുള്ള ഭാവനാപരമായൊരു യുദ്ധകാണ്ഡമാണ് മീശ. കേരളത്തിന്റെ
ഭൂതകാലപ്പെരുമകളെ കുട്ടനാടൻ ചതുപ്പുകളിലൂടെ വലിച്ചിഴച്ച് തലയറുക്കാതെ അനാഥമാക്കി വിടുകയാവാം ഈ ഫിക്ഷന്റെ യക്ഷധർമ്മം. ജാതിയും മതവും വൈദേശികാധിപത്യവും കീഴാളജനതയെ എങ്ങനെ ബാധിച്ചു എന്ന മിത്തിക്കലന്വേഷണം ഈ നോവലിന്റെ പ്രധാനപ്പെട്ട ഒരു വായനയാണ്.
അത്യുക്തികളും ന്യൂനോക്തികളും കൊണ്ടുള്ള കേളിയാണ് മീശ. അതത്രയെ ഉള്ളൂ എന്ന് പറയാനെളുപ്പമാണ്. സർക്കസ് കൂടാരങ്ങളിലെ നിത്യസന്ദർശകർക്ക് ഞാണിന്മേൽ കളി ഒരു പുതുമയല്ല
അതാകട്ടെ ആർക്കും പിടികൊടുക്കും വിധം തീർത്തും പ്രത്യക്ഷമാണ് താനും.
പക്ഷേ കീഴാളജനതയുടെ കഥയ്ക്ക് പശ്ചാത്തലമിട്ട് മീശ പറയുന്നതത്രയും ഭൂതകാലകേരളത്തിന്റെ പരമദാരിദ്ര്യത്തെ പറ്റി തന്നെയാണ്. ചൂഷകരും മിക്കവാറും നെറികെട്ടവരും അധികാരത്തിന്റെ പാദസേവകരുമായ പ്രാദേശിക/സവർണസമ്പന്നരും വൈദേശികരായ കുടിയേറ്റക്കാരും വെറും സാംസ്‌കാരിക ദരിദ്രവാസികളായാണ് ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് കാണാം. മിക്കവരും നിർദ്ദയരായ, കുടിലബുദ്ധികളായ കൂട്ടിക്കൊടുപ്പുകാരുമാണ്.
കായലുകളും തുരുത്തുകളും ചതുപ്പുകളും പാടങ്ങളും കരകളും തോടുകളും ചിതറിത്തെറിക്കുന്ന മീശയുടെ ഭാവനാഭൂമി ഹോളിവുഡ് വൈൽഡ് വെസ്റ്റ് ക്ലാസിക്കുകളിലെ മഞ്ഞവെയിൽ തരിശുകൾ പോലെയാണിവിടെ പ്രവർത്തിക്കുന്നത്. ഭാവുകത്വപരമായ അന്തരം മാറ്റിവെച്ചാൽ, ഇവിടെ എന്തുമാവാം എങ്ങനെയുമാവാം എന്ന വിപൽസന്ദേശമാണ് ഇത്തരം ഭൂപ്രകൃതികൾ കൈമാറുന്നത്.
വലതുപക്ഷ വായന ഇത്തരം അപകടങ്ങൾ മുന്നിൽ കണ്ട് തന്നെയാവും ഈ നോവലിനെയും നോവലിസ്റ്റിനെയും കണിശതയോടെ കടന്നാക്രമിച്ചതെന്ന് കരുതാം. ഈ നോവലും തദ്വാരാ നോവലിസ്റ്റും മറ്റെന്തിനെക്കളും അത് അർഹിച്ചിരുന്നു.
ഫിക്ഷനും നോൺ ഫിക്ഷനും മോരും മുതിരയുമായി വായിച്ചിരുന്ന ശീലം ഏതാണ്ട് തിരസ്കൃതമായിരിക്കുന്ന നവകാല അനുശീലനങ്ങളോട് താദാത്മ്യപ്പെട്ട് ഈ നോവലിനൊപ്പം നാല് ആത്മകഥകൾ കൂടി പരാമർശിച്ച് കടന്നുപോവുന്നത് അനുചിതമാവില്ലെന്ന് കരുതുന്നു.
എൻ.എൻ. പിള്ളയുടെ ഞാൻ
ഈ നോവലും ആ ആത്മകഥയും തമ്മിലുള്ള റഫറൻസ് സംബന്ധം നോവൽ വായിച്ചവർക്ക് ഊഹിക്കേണ്ട പാട് തന്നെയില്ല. വാവച്ചനെത്തിപ്പെടാൻ കഴിയാഞ്ഞ മലയായിൽ എന്ത് സംഭവിച്ചുവെന്നറിയാനും അത് ഐക്യകേരളമലയാളത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഊഹിച്ചറിയാനും എൻ.എൻ. പിള്ളയുടെ ആത്മകഥ വായിക്കുന്നത് രസകരമായിരിക്കും. ഏതാണ്ടൊരേ ദേശസംസ്‌കൃതിയും സർഗ്ഗാത്മകമായ ചൊരുക്കും പങ്കുവെക്കുന്ന രണ്ട് എഴുത്തുകാർ വ്യത്യസ്ത രാഷ്ട്രീയകാലങ്ങളിൽ ഏറ്റുവാങ്ങേണ്ടി വന്ന ഭിന്നസ്വീകാര്യതകളും ശ്രദ്ധേയമാണ്.
കെ.പി.എസ്. മേനോന്റെ ആത്മകഥ (എന്നുതന്നെ പേരുള്ള ആത്മകഥ)
കെ.പി.എസ്. മേനോന്റെ ആത്മകഥയിൽ നിന്ന് ഒരു കഥാഭാഗം അതേപോലെ നോവലിൽ ചേർത്തിട്ടുണ്ട്. അത് യാദൃശ്ചികതയാവാനും മതി. മിത്തുകൾക്കങ്ങനെയൊരു അവകാശപ്രശ്‌നമൊന്നുമില്ലല്ലൊ. താനൊരു മാജിക്കൽ റിയലിസ്റ്റ് മാത്രമല്ല, മോഷ്ടാവ് കൂടിയാണെന്ന് നോവലിസ്റ്റ് ആണയിടുന്നതുകൊണ്ട് അതിനെ ഇനിയൊരു ആരോപണമാക്കി തീർക്കാനും നിവൃത്തിയില്ല. കൊളോണിയൽ കോട്ടയത്തിന്റെ
മേലാളജീവിതസാധ്യതകളുടെ അത്ഭുതവിസ്തൃതി ഈ ആത്മകഥയിൽ വായിച്ചനുഭവിക്കാം. സാഹചര്യങ്ങൾ കൊണ്ടും പ്രതിഭ കൊണ്ടും അദ്ധ്വാനം കൊണ്ടും അനുഭവപ്രതാപിയായ കെ.പി.എസ്. മേനോൻ ചൈനയിലും സോവിയറ്റ് യൂണിയനിലും ഇന്ത്യൻ അംബാസിഡറായിരുന്ന ഒരു കോട്ടയം സ്വദേശിയായിരുന്നു.
കെ.എം. മാത്യുവിന്റെ എട്ടാം മോതിരം
നെൽപ്പാടങ്ങളുടെ നാടൻ ദാരിദ്യത്തിൽ നിന്ന് തോട്ടം വിളകളുടെ നാഗരികസമ്പന്നതയിലേക്കും തുടർന്ന് ഭാവനകളുടെ തന്നെ വിളവെടുപ്പുകളിലേക്കും അധികാരത്തിന്റെ നവരൂപങ്ങളിലേക്കും കോട്ടയം പട്ടണം നടന്ന് കയറിയ ഒരു വലിയ കാലഘട്ടത്തിന്റെ
കഥയാണ് കെ.എം. മാത്യുവിന്റെ ആത്മകഥ. വാർത്തകളുണ്ടാവുന്നതെങ്ങനെ എന്നതിനെ കുറിച്ച് മീശയും എട്ടാം മോതിരവും നൽകുന്ന വിശദീകരണങ്ങളിൽ വിരുദ്ധദിശകളിൽ ചീറിപ്പായുന്ന സമാന്തരരേഖകളുമുണ്ട്.
കെ.കെ. കൊച്ചിന്റെ ദളിതൻ
മീശയിലെ കേന്ദ്രകഥാപാത്രമായ വാവച്ചന് പിന്നീട് എന്ത് സംഭവിച്ചു എന്നതിന്റെ യഥാതഥ വിവരണമായി വായിച്ചെടുക്കാവുന്ന ഒന്നാണ് ദളിതൻ. അതിന് കെ.കെ. കൊച്ചിന്റെയോ എസ്. ഹരീഷിന്റെയോ അനുവാദം കാത്ത് നിൽക്കേണ്ടതില്ലല്ലോ. അത്യുക്തികളും ന്യൂനോക്തികളുമില്ലാതെ, മിതത്വം അലങ്കാരമായി തീരുന്ന കലാസൃഷ്ടി കൂടിയാണ് ദളിതൻ. മധുരവേലിയും വയനാടും വൈപ്പിനും വഴി കൊച്ചിനൊപ്പം സഞ്ചരിക്കുന്ന ഒരു വാവച്ചനെയും വാവച്ചനൊപ്പം സഞ്ചരിക്കുന്ന കൊച്ചിനെയും ഇവരെ രണ്ട് പേരെയും തമ്മിൽ മാറ്റിമറിക്കയും കൂട്ടിച്ചേർക്കയും ചെയ്യുന്ന ഒരു മീശയെയും ഈ ആത്മകഥയിൽ ഏറെക്കുറെ സ്പഷ്ടമായി കാണാം.