കൽപ്പറ്റ നാരായണനും ഹരിത സാവിത്രിയ്ക്കും എൻ രാജനും കേരള സാഹിത്യ അക്കാദമി പുരസ്കാരം

കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. കവിതയ്ക്ക് കൽപ്പറ്റ നാരായണനും ചെറുകഥയ്ക്ക് എൻ. രാജനുമാണ് പുരസ്കാരം

News Desk

2023-ലെ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് നോവലിനുള്ള പുരസ്കാരം. കൽപ്പറ്റ നാരായണൻെറ തെരഞ്ഞെടുത്ത കവിതകൾ (കവിത), എൻ. രാജൻെറ ഉദയ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് (ചെറുകഥ), ഗ്രേസിയുടെ പെൺകുട്ടിയും കൂട്ടരും (ബാലസാഹിത്യം) എന്നിവയും പുരസ്കാരങ്ങൾ നേടി.

ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ കെ. വേണുവിന്റെ ഒരന്വേഷണത്തിൻെറ കഥയും വൈജ്ഞാനിക സാഹിത്യത്തിൽ ബി. രാജീവന്റെ ഇന്ത്യയെ വീണ്ടെടുക്കലും അവർഡിനർഹമായി.

എം.ആർ രാഘവവാരിയർ, സി.എൽ. ജോസ് എന്നിവർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമഗ്ര സംഭാവന പുരസ്കാരം.

മറ്റ് പുരസ്കാരങ്ങൾ:

നാടകം - ഗിരീഷ് പി.സി പാലം (ഇ ഫോർ ഈഡിപസ്).
സാഹിത്യ വിമർശനം - പി. പവിത്രൻ (ഭൂപടം തല തിരിയ്ക്കുമ്പോൾ).
യാത്രാവിവരണം - നന്ദിനി മേനോൻ (ആംചോ ബസ്തർ).
വിവർത്തനം - എ.എം. ശ്രീധരൻ (കഥാകദികെ).
ഹാസസാഹിത്യം - സുനീഷ് വാരനാട് (വാരനാടൻ കഥകൾ).

എൻഡോവ്മെൻറ് പുരസ്കാരങ്ങൾ:

സി.ബി. കുമാർ അവാർഡ് - കെ.സി. നാരായണൻ (മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും - ഉപന്യാസം).
കെ.ആർ. നമ്പൂതിരി അവാർഡ് - കെ.എൻ. ഗണേശ് (തഥാഗതൻ - വൈദിക സാഹിത്യം).
ജി.എൻ. പിള്ള അവാർഡ് - ഉമ്മുൽ ഫായിസ (ഇസ്ലാമിക ഫെമിനിസം - വൈജ്ഞാനിക സാഹിത്യം).
ഗീത ഹിരണ്യൻ അവാർഡ് - സുനു എ.വി (ഇന്ത്യൻ പൂച്ച - ചെറുകഥ).
യുവ കവിതാ അവാർഡ് - ആദി (പെണ്ണപ്പൻ - കവിത).
പ്രൊഫ. എം. അച്യുതൻ എൻഡോവ്മെൻറ് അവാർഡ് - ഒ.കെ. സന്തോഷ് (അനുഭവങ്ങൾ അടയാളങ്ങൾ - സാഹിത്യ വിമർശനം).
തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - പ്രവീൺ കെ.ടി.

Comments