മലയാളം എന്നു കേട്ടാൽ ഇന്ന് ഒരു ഭാഷാനാമമായേ ആർക്കും തോന്നുകയുള്ളൂ. എന്നാൽ ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടുവരെ മലയാളം എന്നത് ദേശനാമമായിരുന്നു. മലയാളഭാഷ എന്ന അന്നത്തെ അർത്ഥയോജന മലയാളത്തെ, മലയാളദേശത്തെ (നാട്ടിലെ, രാജ്യത്തെ) ഭാഷ എന്നായിരുന്നു. ക്രമേണ രാജ്യനാമം ഭാഷാനാമമായി.
ഇതുപോലെയാണ് പല ഭാഷകളുടെയും സ്ഥിതി. ഇംഗ്ലീഷ് ജനതയുടെ ഭാഷയായ ഇംഗ്ലീഷ് ഭാഷ, ക്രമേണ ഇംഗ്ലീഷ് എന്ന ഭാഷ എന്ന അർത്ഥത്തിലേക്കു മാറിയല്ലോ. മലയാളരുടെ നാടാണ് മലയാളനാട്. ഈ ജനതയുടെ പേർ മലയാളർ, അവരുടെ നാട് മലയാളം എന്നായിരുന്നു. അതല്ലാതെ കിഴക്കു മലയും അപരദിശയിൽ ആഴം ഉള്ള കടലും ആയതിനാൽ മലയാളം എന്ന പേർ ജനിച്ചതെന്നു കരുതാൻ പ്രയാസമുണ്ട്. സ്വരമധ്യത്തിൽ ഴകാരം ളകാരമായി മലയാള ഭാഷയിൽ സാർവ്വത്രികമല്ല (അപ്പോഴ്, ഇപ്പോഴ് ഒക്കെ അപ്പോൾ, ഇപ്പോൾ ആകായ്കയല്ല. അത് സ്വരം ചേരാത്തപ്പോഴാണ്, പദാന്ത്യത്തിലുമാണ്).
തമിഴ്- മലയാളങ്ങളിൽ കേരം ചേരമായതിനുശേഷം നാം ആ പദം പുനരാദാനം ചെയ്തതാണ് കേരളം. അല്ലാതെ, നാളികേര / നാരികേല വൃക്ഷത്തിന്റെ നാട് എന്ന വിവക്ഷ ആദിയിൽ ഇതിനില്ല.
കേരളം എന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട ഭാഷയാണ് മലയാളം. ഇവിടുത്തെ 97 ശതമാനം ആളുകളുടെയും മാതൃഭാഷയാണത്. മലയാളം സംസാരിക്കുന്നവർ ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ജീവിക്കുന്നുണ്ട്. തമിഴ് നാട്ടിലും കർണ്ണാടക സംസ്ഥാനത്തുമാണ് കൂടുതൽ. ധാരാളം മലയാളഭാഷക്കാർ അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യൂണൈറ്റഡ് കിങ്ഡം, ആസ്ത്രലിയ തുടങ്ങിയ നാടുകളിലും ഉണ്ട്. തമിഴ് നാട്ടിലുൾപ്പെട്ട കന്യാകുമാരി ജില്ലയിൽ കുറഞ്ഞ പക്ഷം 25 ശതമാനമെങ്കിലും മലയാളം മാതൃഭാഷയായിട്ടുള്ളവരാണെന്ന് അറിയുന്നു. കേരളത്തിനു പുറത്തു ജീവിക്കേണ്ടിവരുന്നവർ എല്ലാവരും തങ്ങളുടെ മാതൃഭാഷ നിലനിറുത്തുന്നില്ല.
മലയാളം എന്ന ദേശനാമത്തിന്റെ മറ്റൊരു രൂപമാണ് മലബാർ എന്നത്. അറബികൾ തൊട്ടുള്ള വിദേശീയരാണ് ഈ പേരിട്ടത്. മദിരാശി പ്രവിശ്യയുടെ മലയാളജില്ല എന്ന അർത്ഥത്തിൽ മലയാം ജില്ല എന്നു പറഞ്ഞിരുന്നതിന്റെ ഇംഗ്ലീഷായി മലബാർ ഡിസ്ട്രിക്റ്റ് എന്നു പ്രയോഗിച്ചുവന്നു. അങ്ങനെയാണ് മലയാളദേശത്തിന് ആകെയുള്ള മലബാർ എന്ന പേർ ഉത്തര കേരളത്തിന്റെ മാത്രം പേരായി പിന്നീട് പരിഗണിക്കാൻ ഇടയായത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറെ തീരത്തിന്റെ തെക്കുഭാഗം, മംഗലാപുരം മുതൽ കന്യാകുമാരിവരെയുള്ള ഭാഗം എന്ന അർത്ഥത്തിൽ ലക്ഷദ്വീപുകാർ ഇന്നും മലയാളം / മലയാളക്കര എന്നു പറയും- ഭാഷാനാമവിവക്ഷയില്ലാതെ. ചുരുക്കി കര എന്നു മാത്രവും പറയും.

മലയാളക്കരയുടെ മറ്റൊരു പേരാണ് കേരളം. ചേരരാജവംശത്തിന്റെ നാട് എന്നാണ് അതിന്റെ അർത്ഥയോജന. ചേരം / ചേരലം എന്നതിന്റെ പൂർവ്വരൂപമാണ് കേരലം. തമിഴ്- മലയാളങ്ങളിൽ പദാദിയിലെ കകാരത്തിന് താലവ്യസ്വരത്തിനു മുമ്പു നിൽക്കുമ്പോൾ ചകാരമായി ആദേശം വരുന്നതിനു മുമ്പുള്ള ഘട്ടത്തിൽത്തന്നെ ഇന്തോ- ആര്യൻ ഭാഷകൾ (സംസ്കൃത- പ്രാകൃതങ്ങൾ) ഈ പദം ആദാനം ചെയ്തു എന്നു കരുതണം. തമിഴ്-മലയാളങ്ങളിൽ കേരം ചേരമായതിനുശേഷം നാം ആ പദം പുനരാദാനം ചെയ്തതാണ് കേരളം. അല്ലാതെ, നാളികേര / നാരികേല വൃക്ഷത്തിന്റെ നാട് എന്ന വിവക്ഷ ആദിയിൽ ഇതിനില്ല. അത് പിന്നടുവന്ന കവിഭാവനയാണ്. സംസ്കൃതത്തിലെ സരല- ലലിത- ലാലനകൾ നാം സരളം, ലളിതം, ലാളന എന്നിങ്ങനെയാണല്ലോ ഗ്രഹിക്കുക. അതേ മാതിരി കേരലം കേരളം ആയി. ചേരനാട് പശ്ചിമതീരത്തു മാത്രമായിരുന്നില്ല. പശ്ചിമഘട്ടത്തിനപ്പുറം കൊങ്കനാടും ചേരനാടായിരുന്നു. ആദ്യഘട്ടത്തിൽ അശോകശാസനത്തിലും മറ്റും കാണുന്ന കേരല / കേരലപുത്തോ (കേരളപുത്രഃ) എന്ന ചേരമാൻ മലയാളദേശത്തെ രാജാവിനെത്തന്നെയാണ് പരാമർശിക്കുന്നത് എന്ന് ഉറപ്പിച്ചുപറയാൻ തെളിവില്ല.
മലയാളം ഒരു ദ്രാവിഡഭാഷയാണ്. ദ്രാവിഡഭാഷകളിൽ മലയാളത്തിന് ഏറ്റവും അടുപ്പം തമിഴിനോടാണ്. പഴന്തമിഴിലും ഇടത്തമിഴിലും വന്ന മാറ്റങ്ങൾ മലയാളഭാഷ പങ്കുപറ്റുന്നുണ്ട്. അതുകൊണ്ട് ഇടത്തമിഴിന്റെ പഴയ ഘട്ടത്തിലെ തമിഴിൽനിന്നാണ് മലയാളം ഉത്ഭവിച്ചത് എന്നു പറയാം. ചിലപ്പതികാരം മുതലായ മഹാകാവ്യങ്ങളും വൈഷ്ണവഭക്തികാവ്യങ്ങളും ഉൾക്കൊള്ളുന്ന ദശയാണ് ഇടത്തമിഴ്. ഈ ഘട്ടത്തിന്റെ ആദിദശ എന്നത് ഏതാണ്ട് പൊതുവർഷഗണനയിൽ അഞ്ചാം നൂറ്റാണ്ടോടെ ആരംഭിച്ചതായി പരിഗണിച്ചുവരുന്നു. ഇതിനർത്ഥം മലയാളത്തിനു പഴമയില്ല എന്നല്ല. ഏതു ഭാഷയുടെയും ചരിത്രം പഴമകൾ നിലനിർത്തുന്നതിന്റെയും പുതുമകൾ സൃഷ്ടിക്കുന്നതിന്റെയും ആണ്.
ഇടത്തമിഴിന്റെ പഴയ ഘട്ടത്തിലെ തമിഴിൽനിന്നാണ് മലയാളം ഉത്ഭവിച്ചത് എന്നു പറയാം. ചിലപ്പതികാരം മുതലായ മഹാകാവ്യങ്ങളും വൈഷ്ണവഭക്തികാവ്യങ്ങളും ഉൾക്കൊള്ളുന്ന ദശയാണ് ഇടത്തമിഴ്.
പഴമകൾ പരിശോധിക്കാം.
പിൽക്കാല തമിഴിൽ, വിശേഷിച്ച് വാമൊഴിയിൽ കുറ്റം, കാറ്റ്, ഒറ്റ(യ്) തുടങ്ങിയവയിൽ റ്റ, ത്തയുമായി ലയിച്ചു. എന്നാൽ മലയാളത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല. ഈ ലയനത്തിന്റെ ഫലമായി കുറ്റം എന്നെഴുതിക്കണ്ടാൽ തമിഴർ കുറ്റ്റം എന്നു വായിക്കും. മലയാളത്തിലും ബന്ധപ്പെട്ട ആദിവാസി ഭാഷകളിലും റ്റ എന്നുതന്നെയാണ് വാമൊഴിയിലും (വല്ല അപവാദവും ഉണ്ടാകാമെങ്കിലും) ഉള്ളത്. ഇതുപോലെ ന്റ തമിഴിൽ ണ്ണ ആയി. ഒണ്ണ്, കുണ്ണ് എന്നാണ് തമിഴിൽ വാമൊഴിയിൽ. വരമൊഴി ഒന്റ്, കുന്റ് എന്ന്. അതെഴുതിയതു വായിക്കുന്നതാകട്ടെ ഒന്റ്റ് , കുന്റ്റ് എന്നും. ചിലപ്പോൾ ഒന്റു എന്നെഴുതുയാൽ ഒൺഡ്രു എന്നും ഉച്ചരിച്ചുകേൾക്കാം. ഈ ശീലം മലയാളത്തിലും ബന്ധപ്പെട്ട ആദിവാസിഭാഷകളിലും ഇല്ല. പഴയ ന്റ മലയാളത്തിൽ ദന്ത്യമായ ന്ന ആയിട്ടാണ് മാറുക. എന്നാൽ, എന്റെ, നിന്റെ... എന്ന തരം ഒരു ന്റ പിൽക്കാലത്ത് ഉണ്ടായിവന്നു.
പദാദിയിലെ ചകാരം ശ / സ ആയി ഉച്ചരിക്കുന്ന ശീലം തമിഴിൽ വ്യാപകമാണ്. ഈ ശീലത്തിന്റെ പഴക്കത്തെപ്പറ്റി നമുക്കു വ്യക്തമായ ധാരണയില്ല. എന്നാൽ ഈ ശീലം മലയാളത്തിൽ പ്രായേണ ഇല്ല. ചത്തുപോകലാണ് മലയാളിക്കു പതിവ് - സത്തുപോകൽ അല്ല.
മലയാളത്തിൽ പഴയ ദ്രാവിഡത്തിലെ ആറ് അനുനാസിക വ്യഞ്ജനങ്ങളും ഉണ്ട്; ങ ഞ ണ ന (ദന്ത്യം) ന (വർത്സ്യം) മ എന്ന ആറും. തമിഴിൽ ങ മിക്കവാറും കവർഗ്ഗത്തിലെ ഖരം (ശ്വാസിസ്പൃഷ്ടം) ചേർന്നേ വരൂ (അപൂർവ്വമായി ഇങ്ങനം, അങ്ങനം എന്ന തരം ഇരട്ടിപ്പിലും). മലയാളത്തിൽ പഴയ ങ്ക അനുനാസികാതിപ്രസരം വഴി ങ്ങ ആയ ഉദാഹരണങ്ങൾ സുലഭമാകയാൽ ങകാരത്തിനു പ്രാധാന്യം വർദ്ധിച്ചു. ഞ വരുന്നത് ഞ്ച എന്ന ചേരുവയിലും പദാദിയിലുമാണ്. തമിഴിൽ പക്ഷേ, പഴന്തമിഴിൽത്തന്നെ ഞ മാറി ദന്ത്യമായ ന ആകുന്ന പ്രവണത തുടങ്ങി. മലയാളത്തിൽ ഞ അങ്ങനെ മാറുന്നില്ല. ഇന്നത്തെ തമിഴിൽ ഞ ചില ആദത്തപദങ്ങളിലേ (loan words) ഉള്ളൂ (ഞാനം -ജ്ഞാനം- തുടങ്ങിയവ). (അതുകൊണ്ട് ഉത്തമപുരുഷ ഏകവചനമായ ഞാൻ മലയാളത്തിലുള്ളത് അതിപ്രാചീനദശയുടെ തുടർച്ചയാകാം. എന്നാൽ, ഇതിന്റെ അംഗരൂപമായ എൻ പഴന്തമിഴിലെ യാൻ (യൻ) എന്നതുമായി ബന്ധപ്പെടുന്നു. പല ദ്രാവിഡ ഭാഷകളിലും ഉത്തമപുരുഷ ഏകവചന-ബഹുവചനങ്ങൾ അനുനാസികാദിയുണ്ട്. എന്നാലും പല ദ്രാവിഡഭാഷാവിജ്ഞാനികളും ഞാൻ എന്നതിനെ പ്രാക് ദ്രാവിഡത്തിൽ പുനഃസൃഷ്ടി ചെയ്യാൻ തയ്യാറല്ല.
ഇന്നത്തെ തമിഴ് വാമൊഴികൾ മിക്കതിലും ണ, ദന്ത്യ ന, വർത്സ്യ ന എന്നിവ ഒന്നായിരിക്കുന്നു. ഞ, ന, മ എന്നു മൂന്ന് അനുനാസികങ്ങൾ മാത്രമേയുള്ളു. മലയാളത്തിൽ ആറ് അനുനാസികങ്ങൾ വ്യത്യസ്തമായി ഉച്ചരിക്കും (മകാരം, സംവാരം തുടങ്ങിയവയിൽ വകാരത്തിനു മുമ്പ് ദന്ത്യോഷ്ഠ്യമായിട്ടും ഉച്ചരിക്കും).

മലയാളികൾ പ്രായേണ ര - റ വ്യത്യാസവും (കരി- കറി) തമിഴരേക്കാളേറെ ദീക്ഷിക്കുന്നവരാണ്. ഇതേപോലെ തമിഴരേക്കാൾ ല -ള വ്യത്യാസവും മലയാളികൾ ദീക്ഷിക്കുന്നു. ഴ പദാന്ത്യത്തിൽസ്വരം ചേരാത്തപ്പോൾ ചില ഉദാഹരണങ്ങളിൽ ളകാരമാകുമെങ്കിലും (അപ്പോഴ്- അപ്പോൾ) പല വാമൊഴികളിലും യകാരവുമായി ലയനം നടത്തുമെങ്കിലും (പഴം- പയം) മലയാളത്തിൽ വലിയൊരളവിൽ ഴകാരം നിലനിറുത്തുന്നു. തമിഴിൽ ശ്രദ്ധിച്ച് ഉച്ചരിക്കുമ്പോഴല്ലാതെ ഴകാരം കേൾക്കാറില്ല. തമിഴ് എന്നല്ല മാതൃഭാഷക്കാർ മിക്കവരും തമിൾ എന്നേ പറയാറുള്ളു. വാളപ്പളമെന്നാണ്, വാഴ(യ്)പ്പഴമെന്നല്ല ഏറിയതും തമിഴ് നാട്ടിൽ പറഞ്ഞുകേൾക്കുക. ലക്ഷദ്വീപിൽ മാത്രം ഴ കാരം പൂർണ്ണമായും ളകാരവുമായി ഉച്ചാരണത്തിൽ ലയിച്ചു (പ്രക്രിയാപരമായി ഴാന്തധാതുക്കളും ളാന്തധാതുക്കളും വ്യത്യസ്തങ്ങൾതന്നെയാണ്.) തമിഴിലും അങ്ങനെതന്നെ. വീഴ് - വീഴ്ന്തതു, ഉരുൾ - ഉരുണ്ടതു).
തമിഴിൽ ല്, ള് ഇവ ഖരങ്ങൾക്കു മുമ്പ് റ്, ട് എന്ന് ഖരാദേശം കാണിക്കുന്നു. വിറ്ക്കും, വിറ്പനൈ, ആട്കൾ... എന്ന തരം ആദേശം മലയാളത്തിൽ ഇല്ല. വിൽക്കും, വില്പന, അകൽച്ച, ആളുകൾ എന്നേ ഉള്ളു. ഈ പഴമ ഒരു പക്ഷേ, വാമൊഴിത്തമിഴിൽ നിലനിന്നതുമായിരിക്കാം. മലയാളം ആ പഴയ നില തുടർന്നു. ഉയർ തമിഴ് (വരമൊഴി, വിശേഷവ്യവഹാരം) മാത്രമേ നിർബ്ബന്ധമായും ആദേശം വരുത്തുന്നുള്ളു. ശാസനങ്ങളിലും മറ്റും പല് പുലി (പല പുലികൾ) എന്നു കാണുന്നത് ഈ പഴയ പ്രവണത തുടരുന്നതായിരിക്കണം, മലയാളത്തിന്റെ സ്വഭാവം എന്നുറപ്പിക്കാൻ വയ്യാ. എന്നാൽ തകാരം പിൻവന്നാൽ ആഭ്യന്തരസന്ധിയിൽ മുൻനിൽക്കുന്ന ലകാരത്തിനും പിൻവരുന്ന തകാരത്തിനും ഒന്നാകെ റ്റ് എന്ന് ആദേശം വരുന്നു. വില് തു - വിറ്റു. ളകാരത്തിന് ട്ട് എന്നും ആദേശം. കേൾ തു - കേട്ടു. ഇത് സമസ്തപദത്തിൽ ഒരു കാലത്തു കാണുന്നു. കാല് താളം - കാറ്റാളം. ഇന്ന് ഈ സന്ധി സംഗതമല്ല. ആൽത്തറ, ആൾത്തിരക്ക്... എന്നൊക്കെയേ ഉള്ളൂ.
വർണ്ണങ്ങളുടെ ഉച്ചാരണം, സന്ധി എന്നീ കാര്യങ്ങളിൽ മാത്രമല്ല, മലയാളത്തിനു പഴമയുള്ളത്. പദവ്യാകരണപരമായും പലതരം പഴമകൾ മലയാളത്തിലുണ്ട്. മുതു എന്നതിൽനിന്നുണ്ടാകുന്ന നാമരൂപങ്ങൾ മലയാളത്തിൽ മുതുക്കൻ, മുതുക്കി എന്നാണ്. തമിഴിൽ ഇവ ഇല്ല. എന്നാൽ മറ്റു പല ദ്രാവിഡഭാഷകളിലും ഉണ്ട് (കോത്ത, തോദ, കന്നഡ, കൊടഗു, തുളു, പർജി, ഗദബ, ബ്രാഹുഇ എന്നീ ഭാഷകളിൽ). അതുകൊണ്ട് പഴയ തമിഴിലും പഴയതാണ് മുതുക്കനും മുതുക്കിയും.
പഴയ തമിഴിൽ എരുമ പെൺമൃഗത്തിന്റെയും പോത്ത് ആണിന്റെയും പേരാണ്. ഈ വ്യത്യാസം ഇന്നു മലയാളത്തിലേയുള്ളൂ. കൊമ്പനാന കളിറും, പെണ്ണാന പിടിയുമാണ്. ഇന്നത്തെ മലയാളത്തിൽ പിടി ഉണ്ട്.
പഴന്തമിഴിൽ മധ്യമബഹുവചനം നീം എന്നാണ്. അതിന്റെ അംഗരൂപം നിം എന്നും. ഇതു പഴന്തമിഴിൽത്തന്നെ നും എന്നായി. അതിൽനിന്നാണ് ഉങ്കൾ ഉണ്ടായത്. മലയാളത്തിൽ പഴയ നിം - നോട് കൾ ചേർന്ന് നിങ്ങൾ ആയി. പഴന്തമിഴിലെ നും മലയാളത്തിൽ ഇല്ല. എന്നാൽ ഇരട്ടിപ്പടിയായി കൾ ചേരുന്ന ഇടത്തമിഴ് പ്രവണത മലയാളവും പങ്കുപറ്റി. നും പിന്നെ ഉം എന്നു ചുരുങ്ങി. അതിനൊപ്പിച്ച് ഏകവചനം സൃഷ്ടിച്ചാണ് ഉൻ ഉണ്ടായത്. അതും മലയാളത്തിൽ ഇല്ല. നമുക്ക് നിൻ ആണ് പണ്ടേ മുതൽ.
വരുവിൻ, കാണ്മിൻ, നടപ്പിൻ എന്നിവയിൽ കാണുന്ന നിയോജകബഹുക്കുറിയായ വിൻ/ മിൻ/ പിൻ എന്നിവ തമിഴിലില്ല. പഴന്തമിഴിൽ വരുമിൻ എന്ന്, മിൻ എന്നു കാണാം. അതു പണ്ടേ നിലച്ചും പോയി. മലയാളത്തിലെ വിൻ / മിൻ / പിൻ പഴന്തമിഴിനേക്കാൾ പഴയ ഘട്ടത്തിന്റെ പ്രതിനിധിയാകാം.
ആ, ഈ (ആ മരം, ഈ നാട്) എന്ന ദീർഘസ്വരഘടിതമായ ചുട്ടെഴുത്തുകൾ പഴന്തമിഴിൽത്തന്നെ നഷ്ടമായവയാണ്. അവയിൽ ആ എന്നതിനെ മാത്രം തൊൽകാപ്പിയം കാവ്യഭാഷയിലെ പഴമ എന്നു കുറിക്കുന്നു. മറ്റു ദ്രാവിഡഭാഷകളിൽ ഉള്ള ആ, ഈ ഇവ മലയാളം നിലനിർത്തുന്നു. പഴന്തമിഴിൽത്തന്നെ നഷ്ടപ്രായമായിരുന്നു.
തൊൽകാപ്പിയം എഴുത്തതികാരം (സൂത്രം 242, 243) പനിയത്ത് (മഞ്ഞത്ത്), വളിയത്ത് (കാറ്റത്ത്) എന്ന തരം രൂപങ്ങൾ അനുവദിക്കുന്നു. അന്നേതന്നെ തമിഴിൽ - അത്തിൽ അവസാനിക്കുന്ന അധികരണാർത്ഥ രൂപങ്ങൾ വിരളമായിരുന്നിരിക്കണം. പക്ഷേ മലയാളത്തിൽ ഇന്നും ഇരുട്ടത്ത്, കാറ്റത്ത്, വയറ്റത്ത്, കവിളത്ത്, വെയിലത്ത്... എന്ന തരം രൂപങ്ങൾ ധാരാളം ഉണ്ട്. മലയാളത്തിലെ ഈ സ്ഥിതി പഴമയുടെ തുടർച്ചയാണ്.
അപാദാനാർത്ഥം സൂചിപ്പിക്കാൻ തമിഴിൽ “പട്ടണത്തിൽ -ഇരുന്ത്” എന്ന തരം രൂപങ്ങളാണ്. എന്നാൽ, നിന്റ് (നിന്ന്) എന്ന രൂപവും പഴന്തമിഴിൽ ഉണ്ടായിരുന്നു. നീർ നിന്റു (വെള്ളത്തിൽനിന്ന്). ഇത്തരം രൂപങ്ങൾ മലയാളത്തിൽ ശേഷിക്കുന്നു. ഉദാഹരണം പട്ടണത്തിൽനിന്ന്.

ചെയ്യാൻ (ചെയ്യാൻ), നടപ്പാൻ (നടപ്പാൻ) എന്ന തരം പിൻവിനയെച്ചങ്ങൾ പഴന്തമിഴിന്റെ അന്ത്യദശയിൽ പ്രത്യക്ഷപ്പെടുന്നു. ഇതു തമിഴിൽ നഷ്ടപ്പെട്ടു. മലയാളത്തിൽ തുടരുന്നു.
പഴന്തമിഴിൽ ഉള്ള തായ്-മാർ എന്ന തരം ബഹുവചനപ്രത്യയം തമിഴിൽ ഇന്നു വിരളമായിരിക്കുന്നു. മലയാളത്തിൽ സുലഭമാണ് - ചേച്ചിമാർ, അമ്മമാർ, അച്ഛന്മാർ. തമിഴിൽ പണ്ടുണ്ടായിരുന്ന എത്രയോ പദങ്ങൾ മലയാളത്തിലാണ് അവശേഷിക്കുന്നത്. അവയിൽ ഒരു പങ്ക് പഴയ സംസ്കൃത-പ്രാകൃതപദങ്ങളുടെ തത്ഭവങ്ങളാണ്. ആശാൻ (സംസ്കൃതം-ആചാര്യ), അച്ഛൻ (പ്രാകൃതം- അജ്ജ, സംസ്കൃതം -ആര്യ) അങ്ങാടി (പ്രാകൃതം- സംഗാഡി = “കൂട്ടുവഴി”), പീടിക (സംസ്കൃതം -പീഠികാ).
മറ്റൊരു പങ്ക് പഴയ സമുദായപ്പേരുകളാണ്.
വേട്ടുവർ, പാണർ, പുള്ളുവർ, പരവർ... തുടങ്ങിയവ.
തൊൽകാപ്പിയം പൊരുളതികാരത്തിൽ അന്തണരും അരചരും (ബ്രാഹ്മണരും ക്ഷത്രിയരും) ഓത്തു പഠിക്കുന്നതിനെപ്പറ്റി പറയുന്നു (സൂത്രം -33). ഓതിപ്പഠിക്കുന്നതാണ് ഓത്ത്. കേരളത്തിൽ ജൂതന്മാർ അവരുടെ വേദഗ്രന്ഥം പഠിക്കുന്നതിനെപ്പറ്റി ഓതുക എന്നു പറഞ്ഞിരുന്നു. വേദപാഠശാലയാണ് അവർക്ക് ഓത്തുപുരം. മുസ്ലിംകൾക്കും ഖുർ-ആൻ അഭ്യസിക്കുന്നത് ഓതലാണ്; പാഠശാല ഓത്തുപള്ളി.
പഴയ തമിഴിൽ എരുമ പെൺമൃഗത്തിന്റെയും പോത്ത് ആണിന്റെയും പേരാണ്. ഈ വ്യത്യാസം ഇന്നു മലയാളത്തിലേയുള്ളൂ. കൊമ്പനാന കളിറും, പെണ്ണാന പിടിയുമാണ്. ഇന്നത്തെ മലയാളത്തിൽ പിടി ഉണ്ട്. കളിറ് രാമചരിതത്തിൽ കാണാം. പിടക്കോഴി, പേടമാൻ, മറിമാൻ തുടങ്ങിയ സ്ത്രീജീവികളുടെ പേരുകൾ മലയാളത്തിലേ ശേഷിക്കുന്നുള്ളു. മലയാളത്തിൽ ചില പ്രാദേശികഭേദങ്ങളിൽ അമ്മിപ്പിള്ള (അമ്മിക്കുട്ടി) എന്നതിന് പകരംഅമ്മിക്കുഴ, അമ്മിക്കുഴവി എന്നു പറയും. കുഴവി ശിശു-വിനുള്ള പഴന്തമിഴ് പദമാണ്.
ഉത്തമമധ്യപുരുഷന്മാർക്ക് തരുക, പ്രഥമപുരുഷനു കൊടുക്കുക എന്ന തരം വ്യാവർത്തനം മലയാളത്തിൽ ഉണ്ട്. എനിക്കും നിനക്കും തനിക്കും തരും. അവൾക്കു കൊടുക്കും. ഇത് പഴയ സ്ഥിതിയുടെ തുടർച്ചയാണ്. തമിഴിൽ ഈ വ്യത്യാസം ഇല്ല. എനക്കു കൊടുക്കലാം, അവനുക്കു തരലാം എന്നും ആകാം. ഇങ്ങനെ പര്യായപദങ്ങളുടെ വാക്യരചനാപരവും അർത്ഥപരവുമായ വ്യത്യാസത്തിൽ മലയാളം പഴമ തുടരുന്നു.