ChatGPT എഴുതിയ കവിതകൾ വായിച്ചവരാണ് ഇന്നത്തെ മലയാളികൾ. കവിതയെക്കുറിച്ചുള്ള, കവിയുടെ കലാതന്ത്രത്തെക്കുറിച്ചുള്ള മുൻധാരണകളെല്ലാം അവിടെ വിചാരണക്കെടുക്കേണ്ടിവരും. യന്ത്രസരസ്വതിയുടെ തേർവാഴ്ചയായി അതിനെ വിചാരിക്കുന്നതാവും കരണീയം. വിഭ്രാമകമായ ഈയൊരു ഘട്ടത്തിലേയ്ക്ക് പതിയെപ്പതിയെ നടന്നടുത്ത, മാനവകുലത്തെയാകെ ഭീതിയിലാഴ്ത്തുകയും ദിശാപരമായി വ്യതിചലിപ്പിക്കുകയും ചെയ്ത മറ്റൊരു ചരിത്രസന്ധി കൊറോണയുടേതാണ്. അവയും ആദ്യത്തേതിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തി. Covid-19 നു കാരണം അതീവ ലഘുവായ വൈറസായിരുന്നുവെങ്കിൽ സാങ്കേതികവിദ്യയ്ക്കാധാരം അൽഗോരിതമായിരുന്നു. അൽഗോരിതം എല്ലാ വ്യവഹാരങ്ങളുടേയും കടിഞ്ഞാൺ ഏറ്റെടുക്കുന്നതോടുകൂടി നാമിതുവരെ ആദരിച്ചുപോന്ന എല്ലാ ദർശനങ്ങളും മനസ്സിലാക്കലുകളും വ്യതിചലിക്കപ്പെട്ടു. ആന്ത്രപ്പോസെൻട്രിസിസത്തിന്റെ (Antropocentricism) മാനവികതാ ബോധ്യങ്ങൾ തന്നെ തകിടംമറിഞ്ഞു. പോസ്റ്റ് ഹ്യൂമനിസത്തിലേയ്ക്ക് ദാർശനികാന്വേഷണങ്ങൾ എത്തി. ഇവയുടെ പ്രതികരണങ്ങളെ അതേയളവിൽ പ്രതിഫലിപ്പിക്കുവാനുള്ള ശ്രമങ്ങൾ നമ്മുടെ കവിതയിലും നാമമാത്രമായെങ്കിലും ഉണ്ടായിട്ടുണ്ട്.
പ്ലേഗ്, കോളറ മുതലായ മഹാമാരികളെക്കുറിച്ചുള്ള വിപുലസഞ്ചയം ലോകസാഹിത്യത്തിലുണ്ട്. കാഫ്കയുടെ ‘പ്ലേഗും’ മാർകേസിന്റെ ‘കോളറാ കാലത്തെ പ്രണയവും’ ദസ്തയേവ്സ്കിയുടെ ‘Underground Man’- ഉം ജയിൻ ഓസ്റ്റിന്റെ Sense and Sensibility- യുമൊക്കെ ഉദാഹരണങ്ങളാണ്. തോട്ടിയുടെ മകനും (തകഴി) വസൂരിയും (കാക്കനാടൻ) അസുരവിത്തും (എം.ടി) കാലപ്പകർച്ചയു (ദേവകി നിലയംകോട്) മൊക്കെ രോഗത്തെ വിഷയമാക്കിയിട്ടുണ്ട്. എന്നാൽ അവയിൽ പരാമർശിക്കുന്ന രോഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവും വ്യാപകവുമായിരുന്നു കൊറോണ.

ആഗോളഗ്രാമമായി കഴിഞ്ഞ ഒരു ലോകക്രമത്തിലേക്കായിരുന്നു അതിന്റെ വരവ്. 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഥനം (Tedros Adhanom) കോവിഡിനെ മഹാവ്യാധിയായി (Pandemic) പ്രഖ്യാപിച്ചു. അപ്പോഴേക്കും 114 രാജ്യങ്ങളിലായി 1,1800 കേസുകളും 4291 മരണവും ഉണ്ടായിക്കഴിഞ്ഞു. ഒരു വർഷം കൊണ്ട് 1000 മടങ്ങായി, 118 ദശലക്ഷം കേസുകളും 2.6 ദശലക്ഷം മരണവും സംഭവിച്ചു. 2020 മാർച്ച് 10 ന് ഗവൺമെന്റ് 14 ദിവസത്തേയ്ക്ക് ക്വാറന്റയ്ൻ പ്രഖ്യാപിച്ചു. തുടർന്ന് Work from Home നടപ്പിലായി. ഏപ്രിൽ വരെ വിസ നിയന്ത്രണം ഏർപ്പെടുത്തി.
ഇക്കാലയളവിൽ ഇന്ത്യയിൽ 60 ശതമാനത്തോളം കേസുകൾ +ve ആയി. കർണാടകയിലെ കൽബുർഗിയിൽ 2020 February 15 ന് ഒരു 76 കാരൻ മരിച്ചതോടെ ഇന്ത്യയിലും കോവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടു. ആകെയുണ്ടായിരുന്ന ഒരേയൊരു virology ഇൻസ്റ്റിറ്റ്യൂട്ട് ജോലിഭാരത്താൽ വിയർത്തു. 2021 മാർച്ച് 11 ആകുമ്പോഴേയ്ക്കും 25.6 ദശലക്ഷം ഇന്ത്യാക്കാർ ആദ്യഗഡു വാക്സിൻ എടുത്തു. അപരിചിതവും അടിയന്തരവുമായ മഹാവിപത്തിന്റെ മുന്നിൽ ലോകമാകെ ഞടുങ്ങി. അമേരിക്കയും ഇറ്റലിയും പോലുള്ള വികസിതരാജ്യങ്ങളും ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യങ്ങളും ഭീതിച്ചുഴിയിൽപെട്ടു. അവിശ്വസനീയമാംവിധം മൂല്യങ്ങൾ, വിശ്വാസങ്ങൾ, നിയമങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു. മരണം അതിന്റെ കങ്കാളകേളിയാടി.
വൈറസിനെ പേടിച്ചു തുടങ്ങിയവർ പരസ്പരം അകലം പാലിക്കാൻ നിർബന്ധിതരായി. എല്ലാവരും പരസ്പരം ഭയന്നു. അച്ഛനും മക്കളും ഭാര്യയും ഭർത്താവും കാമുകനും കാമുകിയുമെല്ലാം രോഗവാഹകരാകുമോ മരണകാരികളാകുമോയെന്ന് പേടിച്ചു. അപരൻ നരകമായി. നരകവാതിലായി. ഒറ്റയൊറ്റയായി ഒരേ വീട്ടിൽ പോലും ജീവിക്കേണ്ടിവന്നു.

ക്വാറന്റെൻ പുതിയ വ്യവസ്ഥ സൃഷ്ടിച്ചു. പൊതുവായതെല്ലാം നിരോധിക്കപ്പെട്ടു. സമ്മേളനങ്ങൾ, ആരാധനാലയങ്ങൾ, ചടങ്ങുകൾ, പ്രകടനങ്ങൾ... ഒക്കെ അപ്രത്യക്ഷമായി. വ്യക്തികളുടെ യാത്രാപഥങ്ങൾ നിരീക്ഷിക്കപ്പെട്ടു. അവരെ തടഞ്ഞുവച്ചു. വഴികളും പണിശാലകളും അടച്ചു. ജാതിമതഭേദമെന്യേ മൃതദേഹങ്ങൾ ദഹിപ്പിച്ചു, കൂട്ടത്തോടെ വെട്ടിമൂടി.
മിലാനിൽ പടർന്നുകയറുന്ന മരണത്തെ മുൻനിർത്തി ഇറ്റാലിയൻ ചിന്തകൻ ജോർജിയോ അകമ്പൻ പുതിയ ആലോചനകൾ മുന്നോട്ടുവച്ചു. സ്വന്തം ജീവനെ സംരക്ഷിക്കാനുള്ള ജന്തുസഹമായ ഈ പ്രേരണയുണർത്തുന്ന ചോദ്യമെന്ത്? എന്നയാൾ ആരാഞ്ഞു. നാം സംരക്ഷിക്കുന്ന ഈ പിണ്ഡശരീരം (Bare body / Biological body) മാത്രമാണോ മനുഷ്യൻ? സാംസ്കാരിക അർഥങ്ങൾ നഷ്ടപ്പെടുന്ന മനുഷ്യൻ എന്തുതരം ജീവിയാണ്. അവന്റെ സാംസ്കാരിക ശരീരത്തിന് (Cultural body) എന്തു സംഭവിക്കും. അത് നെയ്തെടുക്കുന്ന സംഘജീവിതത്തിൽ മാത്രമേ കലയ്ക്കും ഇതര വ്യവഹാരങ്ങൾക്കും നിലനില്പുള്ളൂ. അവയെല്ലാം ഉപേക്ഷിച്ച, ഒറ്റയൊറ്റയായ ആകുലികളുടേതായ ഈ ഘട്ടം സംഘജീവിതത്തിലെ ഒരു കാളരാത്രി പോലെ കടന്നുപോയി.
നോക്കണം
ഞാനെമാത്രം
ജന്തുവിന്നു തുടരുന്ന
വാസനാബന്ധമറ്റ
വെറും
ദേഹം മാത്രം
(കീഴ്മേൽക്കീഴ്‌മേ, എൽ. തോമസ് കുട്ടി) എന്നതായി അവസ്ഥ.
എന്നിരുന്നാലും ജാതകകഥകളുടെ മട്ടിൽ,
അതൊക്കെയോർത്ത്
കുട്ടികൾക്ക് അത്താഴം ഇറങ്ങിയില്ല
അവർ എപ്പഴേ ഉറങ്ങിപ്പോയി
(പശുവളർത്തുകാരിയുടേയും പശുക്കളുടേയും കഥ, ബുദ്ധരൂപം - എം.ബി മനോജ്) എന്നും,
പാരിസ്ഥിതിക സൂക്ഷ്മാന്വേഷണ നിമന്ത്രണം പോലെ,
കിണറ്റിനുള്ളിൽ വെള്ളം വരുന്നു
ചന്ദ്രന്റെ തുണ്ട്
വെള്ളത്തിന്റെ വലയങ്ങൾക്കിടയിൽ
പന്നലുകൾ
സൂര്യനെ കൊണ്ടുപോകുന്ന തുമ്പികൾ
ആ പച്ചയിൽ ചെന്നിരിക്കുന്നു
(പിറവെള്ളം -എം.പി. പ്രതീഷ്)
എന്നും,
വിശക്കുന്ന മനുഷ്യാ
ബിരിയാണി ഭക്ഷിക്കൂ
(ബിരിയാണി - ഗോപി) എന്നും
അമ്മൂമ്മ മിനിമലിസ്റ്റായിരുന്നു
അപ്പൂപ്പൻ മരിച്ചപ്പോൾ കരഞ്ഞില്ല
(ഒന്നുമൊന്നമൊന്നല്ല - ബൈജു നടരാജൻ)
എന്നും ഏകാന്ത വിഹ്വലതകൾ വിരിയുന്നുണ്ട്.

(അന്ന് ബലാത്സംഗങ്ങളും മോഷണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഇല്ലായിരുന്നുവെന്നും വായുമലിനീകരണം കുറവായിരുന്നുവെന്നും കണക്കുകളുണ്ട്). രണ്ടുപേർക്ക് അടുത്തു നിൽക്കാനാകാത്ത കാലം ജനതയെ സൈബറിടത്തിലേയ്ക്ക് കൂടുതൽ അടുപ്പിച്ചു. സാജോ പനയംകോടിന്റെ നേതൃത്വത്തിൽ 'കവിത കണ്ണി മുറിയാതെ പോലുള്ള’ online കാവ്യാലാപനശ്രമങ്ങളിലൂടെ അതിജീവനത്തിനായി യത്നിച്ചു. ഒറ്റയാളുകളുടെ നാടകങ്ങളും online-ലൂടെ സംഭവിച്ചു. editing-ന്റെ സഹായത്താൽ പലരെ ഒരുമിച്ചു അണിനിരത്തിയുള്ള നാടകം അവതരിപ്പിക്കാനായി ഞങ്ങൾ (ഞാനും പി. സോമനാഥനും ഞങ്ങളുടെ വിദ്യാർഥികളും) ഒരു Pixel Theatre വിഭാവന ചെയ്തു. പരീക്ഷണം തുടങ്ങിവച്ചു.
സച്ചിദാനന്ദൻ ദശകങ്ങൾക്കുമുമ്പ് എഡിറ്റു ചെയ്ത് അവതരിപ്പിച്ച ‘നാലാമിടം’ എന്ന സമാഹാരമായിരുന്നു സൈബർ കവിത എന്ന നിലയിൽ ഇവിടെ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ അവ സൈബർ പ്രതലത്തിൽ അച്ചടിച്ചുവെന്നതിനപ്പുറം സൈബർ സംസ്കാരവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. കുഴൂർ വിത്സന്റെ കവിതകളായിരുന്നു അമ്മട്ടിൽ സൈബറിടത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ടവ എന്നതും പ്രസ്താവ്യമാണ്. ജയൻ കെ. സി.യുടെ www താമര. കോം, ടി. കെ. സന്തോഷ് കുമാറിന്റെ കാമറ തുടങ്ങിയ ആദ്യകാല കവിതകളിൽ അത്തരം സംജ്ഞകൾ കടന്നുവരുന്നുണ്ട്. എന്നിരുന്നാലും കെ. എം. പ്രമോദ്, ഡോണ മയൂര, കവിത ബാലകൃഷ്ണൻ തുടങ്ങിയവരാണ് Virtual Space- ന്റെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തി ചലിത ബിംബങ്ങളുള്ള പ്രതല വിന്യാസമൊരുക്കിയത്. (സിലിക്കൻ വാലിക്കുശേഷമുള്ള സാംസ്കാരിക ഭൂമികയാണ് എന്റെ 'ഇൻസിലിക്ക" എന്ന സമാഹാരത്തിന്റെ കാവ്യപരിസരം)

സിലിക്കൺവാലിയിലൂടെ വന്ന സാങ്കേതിക വിപ്ലവം അടിസ്ഥാനപ്പെടുത്തിയത് Algorithm ആയിരുന്നു. ഗണിതം അതിന്റെ ഭാഷയാകുന്നു. മനുഷ്യ മസ്തിഷ്കമെന്നപോലെ NEURAL NETWORK ഉപയോഗിച്ച് AI പ്രവർത്തിക്കുന്നു. ലഭ്യമായ Data- കളിൽ നിന്ന് സ്വന്തവും സ്വതന്ത്രവുമായവ Open Al നിർമ്മിക്കുന്നു. പുതിയതരം ബോട്ടുകൾ Artificial intelligence എന്ന നിലവിട്ട് Alien Intelligence എന്ന നിലയിലേയ്ക്ക് Super Al- യിലേയ്ക്ക് അതിവേഗം വളരുന്നു. വിവരങ്ങൾ പരസ്പരം കൈമാറുന്ന MODE- കൾ മൂലം അവ പ്രവർത്തിക്കുന്നു. Data Colonization- ന്റെയും Digital Dictatorship- ന്റെയും കാലത്തേക്ക് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുന്നു. നമുക്കൊരിക്കലും ഗ്രാഹ്യമല്ലാത്ത IQ മൂല്യവുമായി Al മുന്നേറുന്നു. എന്നിരുന്നാലും മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണ പ്രവർത്തനം പഞ്ചേന്ദ്രിയങ്ങളാൽ നിയന്ത്രിതമാകുകയാൽ അവയുടെ വിവര- വികാര വിനിമയ സന്നിവേശത്തിന്റെ complexity യന്ത്രങ്ങളിലിതുവരെ സാധ്യമായിട്ടില്ല. വികാരം, സർഗാത്മകത, വിവേകം എന്നിവ പരിശീലിപ്പിച്ചെടുക്കുവാൻ നിലവിലുള്ള അൽഗോരിതം പ്രാപ്തമായിട്ടുമില്ല.
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറബിക് ഗണിത- വാന ശാസ്ത്രജ്ഞനായ Muhammad ibn Musaal Kwarizmi യിൽ നിന്നു തുടങ്ങുന്ന അൽഗരിത പ്രയോഗം ചാൾസ് ബാർബേജിലൂടെ, Ada Lovelace പ്രഭ്വിയിലൂടെ ആധുനിക കംപ്യട്ടറിന്റെ പിതാവെന്നറിയപ്പെടുന്ന Alan Mathison Turing (1912-54)ലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെത്തുമ്പോഴേക്കും യന്ത്രം ചിന്തിച്ചുതുടങ്ങി. വിഷംകുത്തിവച്ച ആപ്പിളിൽ ഒറ്റക്കടികടിച്ച് ടൂറിങ്ങിന് ആത്മഹത്യ ചെയ്യേണ്ടിവന്നു. ആ മുറിഞ്ഞ ആപ്പിൾ ഇന്ന് ലോകത്തെ കാൽച്ചുവട്ടിലാക്കി. ഡീപ്പ് ബ്ലൂ ചെസിന്റെ അൽഗോരിത വിജയം നേടിയതോടെ സിസ്റ്റം ബുദ്ധിമാനായി സ്വീകരിക്കപ്പെട്ടു. നിങ്ങളേക്കാൾ നന്നായി നിങ്ങളെ അറിയുന്നതായി. എല്ലാം അറിയുന്ന ദൈവസങ്കല്പത്തിനു മുകളിലുള്ള Cloud ആയി. പുതിയ ഡേറ്റാ കോളനീകരണത്തിലൂടെ അതിവേഗം അത് മുന്നേറുന്നു.
നരവംശപരിണാമത്തിലെ അടുത്ത ഘട്ടമായി ഹോമോഡിയസ് (Homo Deus) ആയി നമ്മൾ പരിണമിക്കുവാൻ പോകുന്നു. ഇത് അഭിസംബോധന ചെയ്യാനുള്ള തികച്ചും അപരിചിതവും അന്യവുമായ ഒരു കാലത്തെക്കുറിച്ചുള്ള ജാഗ്രതയുടെ കുഴലൂത്തുകളാവണം പുതിയ സാഹിത്യ- കലാ വ്യവഹാരങ്ങളിലുണ്ടാവേണ്ടത്.
നരവംശപരിണാമത്തിലെ അടുത്ത ഘട്ടമായി ജുവാൻ നോഹ ഹരാരി വിശേഷിപ്പിക്കുന്ന ഹോമോഡിയസ് (Homo Deus) ആയി നമ്മൾ പരിണമിക്കുവാൻ പോകുന്നു. ഹ്യൂമനിസത്തിന്റെയും സൈബോർഗിന്റെയും ഘട്ടങ്ങൾ താണ്ടിക്കൊണ്ടേയിരിക്കുന്നു. ഇത് അഭിസംബോധന ചെയ്യാനുള്ള തികച്ചും അപരിചിതവും അന്യവുമായ ഒരു കാലത്തെക്കുറിച്ചുള്ള ജാഗ്രതയുടെ കുഴലൂത്തുകളാവണം (Whistle Blower) പുതിയ സാഹിത്യ- കലാ വ്യവഹാരങ്ങളിലുണ്ടാവേണ്ടത്. സ്ഥല-കാലങ്ങളെക്കുറിച്ചുണ്ടായിരുന്ന ക്ലാസിക്കൽ ബോധ്യങ്ങൾ നിലംപരിശായി. വസ്തുവിന്റെ അർഥം അത് നിലനിൽക്കുന്ന സ്ഥലവും കാലവുമായി ബന്ധിതമായിരുന്നു, മുമ്പ്. ഇന്ന് വിദൂരസ്ഥമായ ഇടങ്ങളിലിരുന്ന് തത്സമയം സംവദിക്കാനാവും. ഭൂഖണ്ഡാന്തരങ്ങളിലാണെങ്കിൽ ഒരേ സമയം ഭിന്നകാലങ്ങളിലായിരിക്കും വിനിമയം. അതായത് ഇന്നിപ്പോൾ അമേരിക്കയിലെ ഒരാൾക്ക് E-mail വിട്ടാൽ അയാളുടെ മറുപടി ഇന്നലത്തെ തീയതിയിലായിരിക്കും ലഭിക്കുക. മാത്രമല്ല Function ഉള്ളപ്പോഴും അവയ്ക്ക് ഭൗതികനിലയില്ല. ആ സന്ദേശം സൂക്ഷിക്കപ്പെടുന്നത് ഭൗതിക ഇടത്തിലല്ല. അൽഗോരിതങ്ങളുടെ ക്ലൗഡിലാണ്. വിവിധ പാളികളിലൂടെ പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ വാസ്തവമെന്നത് അതിൽ ഫീഡ് ചെയ്തിരിക്കുന്ന Data- യെയും അത് നിവർത്തിക്കുന്ന Deep Fake പ്രോഗ്രാമുകളെയും പ്രോസസുകളെയും ആസ്പദിച്ചാണിരിക്കുക എന്നതും പ്രസ്താവ്യമാണ്. ചുരുക്കത്തിൽ ലോകമാകെ ചുരുങ്ങുകയും നമ്മളാകെ വലയിൽ കുടുങ്ങിയിരിക്കുകയും ചെയ്യുന്ന സാംസ്കാരിക പരിസരമാണ് ഇന്നത്തേത്. അതിനെ ആവിഷ്കരിക്കാൻ കരുത്തുള്ള വഴികൾ ഇനിയും തെളിഞ്ഞു വരേണ്ടിയിരിക്കുന്നു.
സോഷ്യൽ മീഡിയ എഴുത്തുകാരുടെ സ്വാതന്ത്ര്യമാണെന്നും എഡിറ്ററുടെ അപ്രമാദിത്തം ഇല്ലാതാക്കിയെന്നും വിചാരിച്ചവർ, എൻവിഡിയ കോർപ്പറേഷനെക്കുറിച്ച് അജ്ഞരായിരുന്നു. ബാലിശ യുക്തികളുടെയും ശീലവഴക്കങ്ങളുടെയും പൊതുസ്വീകാര്യതയുടെയും പ്രലോഭനത്താൽ വിലോഭിതമായ നമ്മുടെ മുഖ്യധാരാ പ്രതിഷ്ഠാപനങ്ങളുടെ പൊള്ള ബഹളിമയിൽ അത്തരം മുന്നിട്ടിറങ്ങലുകൾ പിന്തള്ളപ്പെടുന്നു. എങ്കിലും പുത്തനെഴുത്തിന്റെ ബോധങ്ങളായി അപൂർവ്വമായെങ്കിലും അത്തരം കൺപാർപ്പുകൾ കാണാനാവും.

അതുൽ പൂതാടിയെന്ന യുവകവിയുടെ, ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച CL7 1968 19166 IN എന്ന കവിതയുടെ ഡിക്ഷൻ ഭിന്നമാകുന്നത് ഇതിനാലാവാമെന്ന് ഇത്തരുണത്തിൽ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ ദൂരം അച്ചടി
36 രൂപ
196 gms സ്നേഹമാണ്
ഇന്നുച്ചയ്ക്ക് 2 മണിക്ക്
വണ്ടി കയറുന്നത്
ഒരു വരണ്ട കാശിത്തെറ്റി സഹിതം…