ലാസ്ലോ ക്രസ്നഹോർകൈ, എഴുത്തിലെ ദാർശനിക സൗന്ദര്യത്തിന് സാഹിത്യനൊബേൽ

2025-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കി ഹംഗേറിയൻ നോവലിസ്റ്റ് ലാസ്ലോ ക്രസ്നഹോർകൈ.

News Desk

ഹംഗേറിയൻ നോവലിസ്റ്റ് ലാസ്ലോ ക്രസ്നഹോർകൈ 2025-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കി. 1954-ൽ ഹങ്കറിയിലെ ചെറുനഗരമായ ഗ്യുയുലയിലാണ് ലാസ്ലോയുടെ ജനനം. ലോകത്ത് ഭീകരത നടമാടുന്ന കാലത്ത് ശക്തവും ദാർശനികവുമായ എഴുത്തിലൂടെ കലയുടെ ശക്തി ബോധ്യപ്പെടുത്തിയ നോവലിസ്റ്റാണ് ക്രസ്നഹോർകൈയെന്ന് നൊബേൽ പുരസ്കാര കമ്മിറ്റി വിലയിരുത്തി. Satantango എന്ന അദ്ദേഹത്തിൻെറ ആദ്യനോവൽ പുറത്തുവരുന്നത് 1985-ലാണ്. 1994-ൽ ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല ടാർ ഈ നോവലിന് ചലച്ചിത്രഭാഷ്യം നൽകി. ക്രസ്നഹോർകൈ തന്നെയാണ് ഇതിൻെറ തിരക്കഥ രചിച്ചത്.

ഹങ്കറിയുടെ സാഹിത്യചരിത്രത്തിലെ തന്നെ വിപ്ലവകരമായ നോവലായാണ് പുസ്തകം വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ തന്നെ ക്രസ്നഹോർകൈ ആഗോളതലത്തിൽ പ്രശസ്തിയിലേക്ക് ഉയർന്നു. 1998-ൽ പുറത്തിറങ്ങിയ ‘Melancholy of Resistance’ ആണ് മറ്റൊരു പ്രധാന നോവൽ. ഇതൊരു ഹൊറർ ഫാൻറസി നോവലാണ്. Seiobo There Below, War & War, Herscht 07769 തുടങ്ങിയവയാണ് മറ്റ് പ്രധാന നോവലുകൾ. നോവലിസ്റ്റ് എന്നതിന് പുറമെ ഹങ്കറിയിലെ അറിയപ്പെടുന്ന തിരക്കഥാകൃത്ത് കൂടിയാണ് ലാസ്ലോ. കാഫ്കയും ദസ്തയോവസ്കിയുമടക്കമുള്ള എഴുത്തുകാർ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സാഹിത്യത്തിന് പുറമെ ചരിത്രത്തോടും ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്നു. ആധുനിക സാഹിത്യത്തിലെ ‘മാസ്റ്റർ ഓഫ് അപ്പോകാലിപ്സ്’ എന്നാണ് അമേരിക്കൻ എഴുത്തുകാരിയും നിരൂപകയുമായ സൂസൻ സൊൻറാഗ് ലാസ്ലോയെ വിശേഷിപ്പിച്ചിട്ടുള്ളത്.

2024-ൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനാണ് സാഹിത്യനൊബേൽ ലഭിച്ചിരുന്നത്.

Comments